നിലാവിനായ് : ഭാഗം 29- അവസാനിച്ചു

Share with your friends

എഴുത്തുകാരി: സേഷ്മ ധനേഷ്‌

കൃഷ്ണന്റെ കയ്യിലെ ഇരുമ്പു വായുവിൽ ഉയർന്നു പൊങ്ങി താണ് വന്നതും ചോര ചിതറിയിരുന്നു… ഒരലർച്ചയോടെ ശീതൾ നിലത്തേക്ക് വീണു. ഗൗതം ദേവ്നിയെ തന്നോടു കൂടുതൽ ചേർത്തണച്ചു അവളുടെ കണ്ണുകൾ പൊത്തി ആ കാഴ്ചയെ മറച്ചു. ഗായത്രിയെ മുഖം തന്റെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചു ജീവനും നിന്നു. മറ്റുള്ളവർ ആ കാഴ്ച കാണാനാകാതെ ഇറുകെ കണ്ണുകൾ പൂട്ടി നിന്നു. ശീതളിന്റെ തല പിണർന്നു രക്തം പടർന്നൊഴുകി. കൃഷ്ണൻ ഒരു അലർച്ചയോടെ മകളുടെ ശരീരം പൊതിഞ്ഞു പിടിച്ചു കരഞ്ഞു.

“നീ ചോദിച്ചു വാങ്ങിയ വിധിയാണിത്. ഇതാണ് നീതി. എന്തു നേടി… സ്വന്തം സഹോദരിയെ ചതിച്ചും കപട സ്നേഹം നടിച്ചും നീ നേടിയെടുത്തതൊക്കെ എവിടെയാണിപ്പോ… നീ നശിപ്പിച്ചത് സ്വന്തം സഹോദരിയുടെ നല്ലൊരു കുടുംബജീവിതമാണ്… ഒരു മകന്റെ ബാല്യവും കൗമാരവും ഒറ്റപെടലിൽ തീർത്തു… ഒരു പുരുഷനെ ജീവിതകാലം മുഴുവൻ നീറി നീറി ജീവിക്കാൻ വിട്ടു… ഇതിൽ നിന്നൊക്കെ നീ കെട്ടിപ്പടുത്ത നിന്റെ ജീവിതമാണ് ഇപ്പൊ ശവമായി നിന്റെ കൈകളിൽ കിടക്കുന്നത്… ബാക്കിയുള്ള നിന്റെ ജീവിതം നീ ഇനി അഴികളെണ്ണി തീർത്തോളൂ….

എത്രയൊക്കെ ചതിയും വഞ്ചനയും കാണിച്ചാലും നൂറു കള്ളങ്ങൾക്ക് മുകളിൽ സത്യത്തെ മറയ്ക്കാൻ ശ്രമിച്ചാലും… മരണത്തിനു മുൻപ് ഒരിക്കൽ കാലം മറുപടി തന്നിരിക്കുമെന്നു ഇപ്പോൾ നിനക്ക് മനസിലായില്ലേ….” മാധവൻ പറഞ്ഞു നിർത്തുമ്പോൾ കിതച്ചു പോയിരുന്നു. അവർ ആ മുറി വിട്ടു പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും പോലീസ് ജീപ്പുകൾ ആ തറവാട് മുറ്റത്തു നിറന്നിരുന്നു. ജീവിതത്തിലെ കാറും കോളുമൊഴിഞ്ഞു ഗൗതവും ദേവ്നിയും പുതിയ ജീവിതത്തിലേക്ക് കടന്നു. മുന്നേ തീരുമാനിച്ചതുപോലെ കുടുംബക്ഷേത്രത്തിൽ വച്ചു താലി കെട്ടുകയും അന്ന് തന്നെ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു.

മീഡിയ അറിയാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു… റിസപ്ഷൻ രണ്ടു ദിവസം കഴിഞ്ഞായിരുന്നു തീരുമാനിച്ചത്. വിവാഹത്തിന് വളരെ ചുരുക്കം ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഗൗതമിന്റെ കൈകളിൽ പ്രകാശ് തന്നെ ദേവ്നിയുടെ കൈ പിടിച്ചു ചേർത്തു വച്ചിരുന്നു. ജീവനും അച്ചുവും അവളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. ഗായത്രി പെങ്ങൾ സ്ഥാനം അലങ്കരിച്ചും ഗൗതമിന്റെ കൈകളിൽ തൂങ്ങി നടന്നു. ഗൗതമിന്റെ വീട്ടിൽ ദേവ്നിയെ ആക്കിയതിനു ശേഷം സംസാരിച്ചു നിൽക്കുകയായിരുന്നു ജീവനും ഗായത്രിയും…

ഗായത്രി അച്ചുവിനെയും കൂട്ടി അടുക്കളയിലേക്ക് പോയപ്പോൾ ജീവൻ ബൽക്കാണിയിലേക്ക് ഇറങ്ങി നിന്നു ദൂര കാഴ്ചയിലേക്ക് മിഴികൾ നട്ടു. “മോനെ…” പരിചിതമായ ശബ്ദം… മനസിൽ അമ്മ എന്നു മന്ത്രിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നിരുന്നില്ല… അവൻ തല ചെരിച്ചു നോക്കി… “എനിക്ക്… എനിക്ക് മോനോടൊന്നു സംസാരിക്കണം” ജീവൻ കൈകളുയർത്തി അവരുടെ വാക്കുകൾ തടഞ്ഞു. “നിങ്ങളുടെ വാക്കുകൾ കേൾക്കാൻ കൊതിച്ചിരുന്നൊരു ജീവൻ ഉണ്ടായിരുന്നു. ആ ജീവൻ ഇപ്പോൾ ഇല്ല… ഒറ്റപ്പെടലും അവഗണനയും മറ്റാര് തന്നാലും സഹിക്കാൻ കഴിയുമായിരുന്നു…

അതിനുള്ളൊരു ഊർജം പെറ്റമ്മയുടെ ഒരു തലോടൽ കൊണ്ടു മാത്രം ഞാൻ നേടിയേനെ. പക്ഷെ ആരെക്കാളും മുന്നിൽ പെറ്റമ്മ തന്നെയായിരുന്നു അവഗണിച്ചത്… എനിക്ക് ഞാനും എന്റെ നിഴലും മാത്രമേ ഉണ്ടായിരുന്നുള്ളു… പലപ്പോഴും വാതിലിൽ വന്നു നിമിഷങ്ങളോളം നിൽക്കുന്ന നിങ്ങളുടെ നിഴൽ നോക്കി മാത്രം എത്ര പരിഭവങ്ങൾ ഞാനൊഴുക്കിയിട്ടുണ്ടെന്നോ…” അവന്റെ വാക്കുകളിൽ മറുപടിയില്ലാത്ത കുനിഞ്ഞ ശിരസോടെ കണ്ണുനീർ വാർക്കാൻ മാത്രമേ അവർക്കായുള്ളൂ. “ഒന്നു ചോദിച്ചോട്ടെ… നൊന്തു പ്രസവിച്ചതല്ലേ എന്നെ… എന്തിന്റെ പേരിലുള്ള വൈരാഗ്യമായിരുന്നു നിങ്ങൾക്കെന്നോട്… ”

ചങ്കിൽ സങ്കടങ്ങൾ വിങ്ങി നിറഞ്ഞപ്പോൾ അവൻ പതിയെ ശ്വാസം ആഞ്ഞു വലിച്ചു… “എനിക്ക് നിങ്ങളോടു സ്നേഹവുമില്ല… പരിഭവവുമില്ല… മനസിൽ അമ്മ എന്നു നൂറാവർത്തി വിളിക്കുന്നുണ്ട്… നാവിൽ വരുന്നില്ല… തൊണ്ടയിൽ കിടന്നു വിങ്ങുകയാണ് അമ്മ എന്നൊരു വിളി… മോനെ എന്നൊരു വിളി എനിക്കും കേട്ടു ശീലമില്ല, അമ്മ എന്നു വിളിചും… എന്തും എന്നോട് ചോദിക്കാം… സംസാരിക്കാം അതൊരിക്കലും സ്വന്തം മകൻ എന്ന ചിന്തയിലാകരുത്. നിങ്ങളുടെ മനസ്സിൽ അങ്ങനെ ഒരു ചിന്ത… ഞാൻ മകൻ ആണെന്നൊരു ചിന്ത വേണ്ട… അതെനിക്ക് ഇഷ്ടമല്ല”.

അമ്മയുടെ കുമ്പസാരം കേൾക്കാൻ താൽപര്യമില്ലാത്ത കണക്കെ ജീവൻ വെട്ടി തിരിഞ്ഞു നടന്നു… അവരുടെ സംഭാഷണങ്ങൾ വീക്ഷിച്ചു കൊണ്ടു പ്രകാശും അച്ചുവും ഗായത്രിയും അവർക്ക് പുറകിലായി മാധവനും ഗൗതവും ദേവ്നിയും ഉണ്ടായിരുന്നു. പ്രകാശ് ജീവനെ തോളോട്‌ ചേർത്തു പിടിച്ചു നടന്നു… ഗൗതമിനു മുന്നിൽ ജീവൻ നിന്നു അവന്റെ തോളിൽ പിടിച്ചു.. “ഇവൾ എന്റെ പ്രാണൻ ആണ്… പ്രണയമാണ് ജീവ.. എന്റെ മരണത്തോടെയല്ലാതെ ഞാൻ കൈവിടില്ല…” ഒരു കൈ കൊണ്ട് ദേവ്നിയെ തന്നോടു ചേർത്തു നിർത്തി ഗൗതം പറഞ്ഞു…

എന്നിട്ടും ജീവൻ തന്റെ കണ്ണുകളിൽ ഉറ്റു നോക്കുന്നത് കണ്ടു ഗൗതമിന്റെ കണ്ണുകൾ സുഭദ്രയുടെ നേർക്ക് നീണ്ടു… “അമ്മയെ ഒരിക്കലും ഞാൻ തള്ളി പറയില്ല… കൂടെയുണ്ടാകും… എന്റെ അമ്മയായി തന്നെ ഞാൻ ഇതുവരെ കണ്ടിട്ടുള്ളു.. എനിക്ക് വേണ്ടിയാണ് സ്വന്തം മകന് പോലും സ്നേഹം നിഷേധിച്ചത്… ആ സ്നേഹം കൂടി എനിക്കായാണ് പകർന്നു തന്നത്… ഒരിക്കലും ഞാൻ കൈ വിടില്ല.” ജീവൻ ഒരു പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി… ദേവ്നിയുടെ മുഖം പിടിച്ചു ഇരു കവിളിലും അമർത്തി ചുംബിച്ചു നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ മുഖം വെട്ടിച്ചു നടന്നകന്നു… പുറകെ പ്രകാശും അച്ചുവും.

സുഭദ്രയുടെ തേങ്ങലുകൾ നിശബ്ദതയെ ഭേദിക്കാൻ തുടങ്ങിയപ്പോൾ മാധവൻ അവരെ ചേർത്തു പിടിച്ചിരുന്നു. ആ നിമിഷം അവർക്കൊരു കൈതാങ്ങാവാൻ അയാൾക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. രാത്രിയിൽ പതിവ് ചടങ്ങു കണക്കെ കയ്യിലൊരു ഗ്ലാസ് പാലുമായി ഗായത്രി തന്നെ ദേവ്നിയെ ഗൗതമിന്റെ മുറിയിലാക്കി. പക്ഷെ ഒരു വ്യത്യസമുണ്ടായിരുന്നു… പതിവ് കസവു സെറ്റ് സാരിയും മുടിയിൽ മുല്ലപ്പൂവും ഇല്ലായിരുന്നു. സാധാരണ വീട്ടിലിടുന്ന ഒരു ഡ്രെസ് മാത്രം.

റൂമിനോട് ചേർന്ന ബാൽക്കണിയിൽ ഇറങ്ങി നിൽക്കുകയായിരുന്നു ഗൗതം. ഫോണിൽ ആരോടോ സംസാരിക്കുകയാണ്. കല്യാണം കഴിഞ്ഞ വിവരമറിഞ്ഞു പല പ്രമുഖരും വിളിച്ചു ആശംസകൾ അറിയിച്ചിരുന്നു. ചിന്തയോടെ ഇരുന്ന ദേവ്നിക്ക് അരികിലേക്ക് മൂടിക്കെട്ടിയ മുഖഭാവവുമായി ഗൗതം വന്നു. ദേവ്നിക്ക് അന്യമായിരുന്നു ഗൗതമിന്റെ ആ മുഖം… ദേഷ്യമാണോ… ഗൗരവമാണോ… തന്നോടു പുച്ഛമാണോ… മനസിലാകുന്നില്ല “എന്താ… എന്താ ഗൗതം” കൈകൾ നീട്ടി ഗൗതമിന്റെ തോളിൽ പിടിക്കാനാഞ്ഞ അവളുടെ കൈകൾ അവൻ തട്ടി മാറ്റി. ദേവ്നി ഒരു ഞെട്ടലോടെ അവനെ നോക്കി.

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു. “നമ്മൾ തമ്മിലൊരു പഴയ കണക്കുണ്ട്… അതു ആദ്യം തീർത്തിട്ടു ജീവിതം തുടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാം… ” അവൻ പറഞ്ഞതു മനസിലാകാത്തപോലെ അവൾ ഒഴുകിയിറങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ടു അവനെ നോക്കി. ഗൗതം തന്റെ കവിൾ കൈ വെള്ള ചേർത്തു തടവി… ഒരിക്കൽ കൈ നീട്ടി അടിച്ചതാണ് അവൾക്കോർമ്മ വന്നത്… “ഇപ്പൊ മനസിലായോ….. അന്നേ ഞാൻ മനസ്സിൽ കുറിച്ചതാണ്… ഈ ഒരു നിമിഷം” ഗൗതം അവളിലേക്ക് നടന്നടുത്തു കൊണ്ടു പറഞ്ഞു… അവന്റെ ശബ്ദത്തിൽ വല്ലാത്ത ഗൗരവം നിറഞ്ഞിരുന്നു…

ദേവ്നി തല കുനിച്ചു പിടിച്ചു… ഒഴുകിയിറങ്ങിയ മിഴിനീരിനെ പുറം കയ്യാൽ തുടച്ചു കൊണ്ടു നിന്നു. നാസികയിലേറ്റ ചുടു നിശ്വാസത്തിൽ നിന്നും ഗൗതം തനിക്ക് തൊട്ടരുകിൽ നില്പുണ്ടെന്നു അവൾക്ക് മനസിലായി… ഗൗതം മുഖം കുനിച്ചു അവളുടെ മിഴികളിലേക്ക് നോക്കി… അതേ നിമിഷത്തിൽ അവളുടെ മിഴികളും അവനിൽ ഉടക്കി… സങ്കടഭാവത്തിൽ നിന്നു കൊണ്ടു തന്നെ അവൾ ചോദിച്ചു…” ഈ എസ്പ്രെഷൻ കറക്റ്റ് ആണോ ചേട്ടാ” ഗൗതം ചമ്മിയ പോലെ ഇരുക്കണ്ണുകളും ഇറുക്കെ അടച്ചു തുറന്നു… “ഏറ്റില്ല … അല്ലെ” “തന്നെയൊക്കെ പിടിച്ചു ആരാണ് ഹേ ഒരു നടനാക്കിയത്…

കഷ്ടം…. ഡയലോഗ് അടിക്കുമ്പോൾ ഒന്നുമില്ലെങ്കിലും ആ കണ്ണിൽ നിന്നും എന്നോടുള്ള പ്രണയഭാവം മാറ്റണമായിരുന്നു… ജാംഭവന്റെ കാലത്തെ ഐഡിയ കൊണ്ടു വന്നേക്കുവാ…. അവൾ നന്നായി പുച്ഛിച്ചു ചുണ്ട് കോട്ടി. ഒരു നിമിഷത്തിൽ ഗൗരവത്തിൽ നിന്ന ഗൗതമിന്റെ മുഖം അവളുടെ ഒരൊറ്റ ഡയലോഗിൽ പൊട്ടി ചിരിച്ചു…അവളെ ഇറുകെ പുണർന്നു മൂർധാവിൽ ചുംബിച്ചു… അവന്റെ സ്നേഹ ചുംബനം ഏറ്റു വാങ്ങി അവൾ ഇരു കണ്ണുകളുമടച്ചു അവനെ ഇറുക്കെ പുണർന്നു നിന്നു…… നിന്നോടുള്ള പ്രണയഭാവം … എന്റെ പ്രണയം ഒരിക്കലും മാറില്ല… അങ്ങനെ സംഭവിച്ചാൽ ഗൗതമില്ല…

അവളെ പുണർന്നു നിന്ന അവന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അവളുടെ മുടികെട്ടിലൊളിച്ചു. ദേവ്നിയുടെയും ഗൗതമിന്റേയും റിസപ്ഷൻ വളരെ ഭംഗിയായി കഴിഞ്ഞു… ഒരുമാസത്തെ ഹണിമൂൺ ട്രിപ്പിനായി അവർ പറന്നു… മധു വിധു യാത്രയേക്കാൾ ഒരു ലോകസഞ്ചാരം തന്നെയാണ് അവരുടെ ഉദ്ദേശം… ഉള്ളിലെ പ്രണയം മുഴുവൻ പങ്കുവയ്ക്കാൻ… ഇതുവരെ അവൾക്ക് നഷ്ടമായ സ്നേഹവും വാത്സല്യവും നൽകാൻ… ലോകം മുഴുവൻ കാണിച്ചു കൊടുക്കാൻ… ഇഷ്ടമുള്ളതെല്ലാം വാങ്ങി നൽകാൻ… എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ…

അവർ ജീവിച്ചു… അവൻ അവളാകുന്ന ലോകത്തും അവൾ അവനാകുന്ന ലോകത്തും… “അത്യാവശ്യം കമ്പനി കാര്യങ്ങൾ ഒരുവിധം എല്ലാം ഒതുക്കിയിട്ടുണ്ട് അച്ഛാ… പിന്നെ പുതിയ ടെൻഡർ പ്രോജക്ട് ഒന്നും നോക്കേണ്ട… അതു ഞാൻ വന്നിട്ട് ചെയ്യാം…” ജീവൻ കുറച്ചു ഫയലുകൾ അച്ഛനെ ഏൽപ്പിച്ചു കൊണ്ടു പറഞ്ഞു. “പെട്ടന്ന് എന്താണ് ഒരു യാത്ര” ചെറിയ ഒരു സംശയത്തോടെ അവനെ നോക്കി. “കുറെ നാളുകളായി മനസിലുള്ള ഒരു മോഹമാണ്. അതു കഴിഞ്ഞു വന്നു എന്റെ കല്യാണവും… അച്ഛന് വല്ല ചിന്തയുമുണ്ടോ എന്നെ കെട്ടിച്ചു വിടാൻ” “നിന്നെ കെട്ടിച്ചു വിടുകയോ…

നീയല്ലേ കെട്ടി കൊണ്ടുവരുന്നെ… വിചാരമൊക്കെയുണ്ട്… നീ പോയി വരുമ്പോഴേക്കും കുട്ടി റേഡിയായിരിക്കും” അച്ഛന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം ഞെട്ടി പോയത് അച്ചുവായിരുന്നു… “എന്ന പിന്നെ ലോ ലവൾക്കും ഒരു ചെക്കനെ നോക്കി വച്ചോ” ജീവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. അച്ചു അവനെ കണ്ണുകൾ കുറുക്കി നോക്കി നിന്നു. “അങ്കിളിനോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് ഹിമാലയൻ യാത്രയെന്നു… എന്നെ വിടാത്തത് കൊണ്ടല്ലേ… എന്നു ഞാൻ യാത്ര മുഴുവനാക്കുന്നു അന്നേ ഞാൻ കല്യാണത്തിന് സമ്മതിക്കൂ… ഞാൻ എന്നിലെ എന്നെ തിരിച്ചറിയുന്ന നിമിഷമാകും അതു… ”

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അതുപക്ഷേ പ്രകാശ് കരുതിയത് അവളെ യാത്ര പോകാൻ സമ്മതിക്കാത്തത് കൊണ്ടാണെന്നാണ്… പക്ഷെ ജീവന് അറിയാം അച്ഛൻ കല്യാണ കാര്യം പറഞ്ഞ സങ്കടമാണെന്നു… “അപ്പോഴേ… വണ്ടിയോടിച്ചു ക്ഷീണിക്കുമ്പോൾ കൂടെ ഓടിക്കാനും… മല കയറി ഇറങ്ങി കാലിടറുമ്പോൾ കൂടെ താങ്ങാകാനും… ഒടുവിൽ വെള്ളി പുതച്ച മലനിരകളിൽ സൂര്യന്റെ അരുണാഭശോഭ പതിയുന്ന നിമിഷങ്ങളിൽ എന്റെ നെഞ്ചോടു ചേർന്നു നിന്നു ആ മനോഹര ദൃശ്യം ഒരുപോലെ ഹൃദയത്തിൽ പതിപ്പിക്കാനും എനിക്ക് ഒരു പെണ്ണിനെ വേണം…

പോരുന്നോ” ജീവൻ ചെരിഞ്ഞു നിന്നു തന്റെ ഇടതു കൈ വിടർത്തി അച്ചുവിന് നേരെ നീട്ടി പിടിച്ചു ഒരു പ്രത്യേക താളത്തിൽ ചോദിച്ചു. അച്ചു ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം ചുറ്റിലും ആരൊക്കെയുണ്ടെന്നു ഓർക്കാതെ കാറ്റ് പോലെ പാഞ്ഞു അവനെ ഇറുകെ പുൽകി… അവന്റെ കവിളിൽ കവിൾ ചേർത്തു വിതുമ്പി… സന്തോഷം കൂടുതലായപ്പോൾ അവന്റെ കവിളിൽ നല്ലൊരു കടിയും കൊടുത്തു… “ഈ പട്ടി കടിക്കുമായിരുന്നോ…” അവന്റെ ചോദ്യത്തിന് അവൾ കൂർപ്പിച്ചു നോക്കിയപ്പോൾ അവൻ തിരുത്തി… “പട്ടിയല്ല… കുട്ടി…കുട്ടി അതാ ഉദ്ദേശിച്ചത്… ഇനിയെന്നെ കടിക്കല്ലേ” അവൻ രണ്ടു കവിൾ പൊത്തി നിന്നു…

പ്രകാശും അച്ചുവും അച്ചുവിന്റെ അമ്മയും ചിരിച്ചു പോയി അവന്റെ നിൽപ്പ് കണ്ടു. “മക്കളെന്ന പോയി വായോ… വേഗം ഇങ്ങു വന്നേക്കണം…”അച്ചുവിന്റെ കവിളിൽ തട്ടി പറഞ്ഞു. “അച്ചുവെ പാക്കിങ് ഒന്നും ചെയ്യേണ്ട… അത്യാവശ്യം വേണ്ടുന്നതു ജീപ്പിൽ ഉണ്ട്… പിന്നെ ആവശ്യമുള്ളത് പോകുന്ന വഴിക്ക് വാങ്ങിയ മതി… പിന്നെ അച്ഛാ… രണ്ടു ദിവസം കഴിഞ്ഞ ഗായത്രി വരും നിൽക്കാനായി” “മോൾ എന്നെയും വിളിച്ചിരുന്നു… എനിക്ക് സന്തോഷമല്ലേ അതു… നിങ്ങളൊക്കെ പോയി അടിച്ചു പൊളിക്കുമ്പോൾ ഞങ്ങൾ രണ്ടാളും കൂടി ഒന്നു കറങ്ങി നടക്കട്ടെ”…

ജീവനും അച്ചുവും അവന്റെ ഇഷ്ട സാരഥി ബെൻസ് ജി ക്ലാസിൽ അവരുടെ സ്വപ്ന ലോകത്തേക്ക് സഞ്ചരിച്ചു. വെള്ളി പുതച്ചിരുന്ന മല നിരകളിൽ സൂര്യന്റെ ആദ്യ പൊൻ കിരണങ്ങൾ ഏൽക്കുന്ന മനോഹര ദൃശ്യം ജീവന്റെ നെഞ്ചിൽ ചേർന്നു നിന്നു ഇരുവരുടെയും ഹൃദയത്തിൽ പതിപ്പിച്ചു. അച്ചുവിന്റെ തലയിൽ കവിൾ ചേർത്തു വച്ചു ജീവൻ കണ്ണു ചിമ്മാതെ ആ കാഴ്ചകൾ പകർത്തി വച്ചു. “ഇരുളടഞ്ഞതായിരുന്നു എന്റെ ഇതുവരെയുള്ള ജീവിതം. നിഴലും ഞാനും മാത്രം കൂട്ടിന്. ഇരുൾ നിറഞ്ഞ നിമിഷങ്ങളിൽ നിഴൽ പോലും അകന്നു പോയിരുന്നു… നൊന്തു പ്രസവിച്ച അമ്മയ്ക്ക് പോലും വേണ്ടാത്ത മകൻ…

ആ തിരിച്ചറിവിൽ എന്നെക്കാൾ ഭാഗ്യം കെട്ട ഒരു ജന്മം കാണില്ലെന്ന് കരുതി…” അച്ചു മൗനമായി ജീവനെ കേട്ടു കൊണ്ടിരുന്നു… ആശ്വാസത്തിനായി അവന്റെ നെഞ്ചിൽ മുറുകെ പറ്റി ചേർന്നു കിടന്നു. വായ്ക്കുകളുടെ സ്വന്തനത്തിനും അപ്പുറം ചില ചേർത്തു പിടിക്കലുകൾക്ക് കഴിയും… “പിന്നെ പഠിച്ചു മുന്നേറാനുള്ള വാശിയായിരുന്നു… നേടിയെടുത്തു എന്നു ഞാൻ വിശ്വസിച്ചു… ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു… എന്റെ തെറ്റുകൾക്ക് ഞാൻ എന്നെത്തന്നെ ശകാരിച്ചു…. എന്നെ ഞാൻ തന്നെ ശിക്ഷിച്ചു… എല്ലാം സ്വയമേ ചെയ്തു… പക്ഷെ എല്ലാത്തിനും ഒടുവിൽ എന്തിനു വേണ്ടി ഈ ജീവിതം എന്നൊരു ചോദ്യം മനസിലിരുന്നു ആരോ എന്നോട് ചോദിച്ചു തളർത്തും…

എന്തു പ്രതീക്ഷിക്കണമായിരുന്നു ജീവിതത്തിൽ… അമ്മയ്ക്ക് വേണ്ട കൂടപിറപ്പുകൾ എന്നുകരുതി മനസിൽ സ്നേഹിച്ചു താലോലിച്ചവർക്ക് വേണ്ട…പിന്നെ ആർക്കു വേണ്ടിയായിരുന്നു… എന്തിനു വേണ്ടിയായിരുന്നു ജീവിതം… എന്നു തോന്നിപോയിരുന്നു… ഒരു പ്രതീക്ഷയുമില്ലാതെ… ആ എന്നിലേക്കാണു ഒരു നറു നിലാവ് പോലെ നീ വന്നത്… നീയെന്ന എന്റെ നിലാവിനയാണ് ഞാൻ കാത്തിരുന്നത്… നിന്നെ കണ്ടപ്പോൾ… ഓർക്കുന്നുണ്ടോ നീ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ ദിവസം…

വിറച്ചു നിന്നിരുന്ന ഒരു പെണ്കുട്ടി… കൈ വിരലുകൾ പോലും വിറച്ചു പോയിരുന്നു… വല്ലാത്ത കുട്ടിത്തം തോന്നിയെനിക്ക്… വാത്സല്യം തോന്നി… അതുവരെ എന്നോട് ദേവ അല്ലാതെ അത്രയും അടുപത്തിൽ സംസാരിച്ചിട്ടുപോലുമില്ലായിരുന്നു. എന്റെ ഇരുളടഞ്ഞ നിഴലിൽ നറു നിലാവ് പൊഴിക്കാനെത്തിയവളാണ് നീ… എന്റെ നിലാവ്…” ജീവന്റെ നെഞ്ചു നനച്ചു അച്ചുവിന്റെ കണ്ണുനീർ പടർന്നപ്പോൾ ആ കണ്ണുനീരിനെ ചുംബനം കൊണ്ടു തടുത്തു… അവളുടെ കണ്ണുകളും ചുണ്ടുകളും അവനായി പുഞ്ചിരി പൊഴിച്ചു കൊണ്ടു അവന്റെ അധരങ്ങളിൽ ആഴ്ന്നിറങ്ങി അവന്റെ ഹൃദയത്തിലും നിലാവ് പൊഴിച്ചു….!! ഇനിയൊരു കാത്തിരിപ്പില്ല… അവർ ജീവിക്കട്ടെ.

നിലാവിനായ് : ഭാഗം 28

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!