അഗസ്ത്യ : ഭാഗം 7

Share with your friends

എഴുത്തുകാരി: ശ്രീക്കുട്ടി

” മോളിതുവരെ കിടന്നില്ലേ ??? ” ശൂന്യമായ ചുവരിലേക്ക് മിഴിയൂന്നിയിരുന്നിരുന്ന അഗസ്ത്യയുടെ അരികിലേക്ക് ചെന്നുകൊണ്ട് വേണു ചോദിച്ചു. ” ഇല്ലച്ഛാ ഉറക്കം വന്നില്ല…. ” വളരെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. ” ഒന്നുമോർത്തിനി വിഷമിക്കണ്ട. ഇത്രയും നാൾ ആരെയും ഒന്നുമറിയിക്കാതെ എല്ലാം ഒറ്റയ്ക്ക് തന്നെ സഹിച്ചില്ലേ ഇനി മതി. ” അവളുടെ അരികിൽ ബെഡിലേക്കിരുന്നുകൊണ്ട് അയാൾ പറഞ്ഞു. പെട്ടന്ന് നിറഞ്ഞ മിഴികളെ ഒളിപ്പിക്കാനെന്നവണ്ണം അവളയായുടെ മടിയിലേക്ക് കിടന്നു.

ആ വിരലുകൾ വാത്സല്യത്തോടെ അവളുടെ മുടിയിഴകളെ തലോടിക്കോണ്ടിരുന്നു. അപ്പോഴാണ് മുറ്റത്തൊരു കാർ വന്ന് സഡൻ ബ്രേക്കിട്ട ശബ്ദം കേട്ടത്. വേണു വേഗമെണീറ്റ് ഉമ്മറത്തേക്ക് നടന്നു. പിന്നാലെ ഇന്ദിരയും അഗസ്ത്യയും. വേണു ചെന്ന് വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളിനെക്കണ്ട് അഗസ്ത്യയുടെ സപ്തനാഡികളും തളർന്നു. ” ഋഷിയേട്ടൻ…. ” മദ്യപിച്ച് ലക്ക് കെട്ട് ഉമ്മറത്തെ തൂണിൽ ചാരി നിന്നിരുന്നവനെ നോക്കി അറിയാതെയവളുടെ അധരങ്ങൾ മൊഴിഞ്ഞു. ” വന്ന് വണ്ടിയിൽ കയറെഡീ… ” പെട്ടന്നവന്റെ സ്വരമുയർന്നു. ” എങ്ങോട്ട് ??? ” ” നീയെവിടുന്നാണോ ഇറങ്ങി വന്നത് അങ്ങോട്ട്‌ തന്നെ.

എന്റെ ഭാര്യ ജീവിക്കേണ്ടതവിടെയാണല്ലോ ” അവളുടെ ചോദ്യത്തിന് മറുപടിയായി ഋഷി പറഞ്ഞു. ” അവിടുത്തെ താമസവും പിന്നിപ്പോ പറഞ്ഞ നിങ്ങളുടെ ഭാര്യാപദവിയും എന്നന്നേക്കുമായി ഉപേക്ഷിച്ചിട്ട്‌ തന്നെയാ ഞാനാ വീടിന്റെ പടിയിറങ്ങിയത്. അതുകൊണ്ട് ഇനിയാ അവകാശത്തിന്റെ പേരിലും എന്നെത്തേടി വരണ്ട. ” അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞിട്ട് അവൾ അകത്തേക്ക് നടന്നു. ” ഡീ….. നിക്കെടീയവിടെ ” ” ഋഷീ…. അവൾക്ക് പറയാനുള്ളതവൾ പറഞ്ഞല്ലോ. നിന്റെ കൂടെ വരാൻ താല്പര്യമില്ലെന്നെന്റെ മകൾ പറഞ്ഞ സ്ഥിതിക്ക് അവളുടെ സമ്മതമില്ലാതെ അവളെയിവിടുന്ന് കൊണ്ടുപോകാമെന്ന് നീ കരുതണ്ട. അതുകൊണ്ട് നിന്ന് സമയം കളയാതെ ഋഷി പോകാൻ നോക്ക്…. ”

അഗസ്ത്യയുടെ നേർക്ക് പാഞ്ഞടുക്കാൻ തുനിഞ്ഞ അവന്റെ മുന്നിലൊരു തടസ്സമായി നിന്നുകൊണ്ടാണ് വേണുഗോപാലത് പറഞ്ഞത്. ” അവളെന്റെ ഭാര്യയാണ്… ” ചീറിക്കൊണ്ടവൻ പറഞ്ഞു. ” ആയിരുന്നു ഇന്ന് രാവിലെ മനസ്സ് മടുത്ത് അവൾ നിന്റെ വീടിന്റെ പടിയിറങ്ങുന്നത് വരെ. ഇന്നിപ്പോ അവളെന്റെ മകൾ മാത്രമാണ്. നിന്റെകൂടെയുള്ള രണ്ട് മാസങ്ങൾ അനുഭവിക്കാവുന്നത്തിന്റെ പരമാവധി അനുഭവിച്ച് തീർത്ത എന്റെ കുഞ്ഞവസാനം ജീവിതം തന്നെ അവസാനിപ്പിക്കാനൊരുങ്ങി. പക്ഷേ ഞങ്ങളുടെ പ്രാർത്ഥനകളുടെ ഫലമാകാം അവളെ ഞങ്ങൾക്ക് തിരികെ കിട്ടിയത്. എന്നിട്ടും വീണ്ടുമിനി എന്റെ മോളുടെ ജീവൻ വച്ച് കളിക്കാൻ ഞാൻ തയാറല്ല. ഋഷീ….

ഒന്ന് നീ മനസ്സിലാക്കണം. ഭാര്യക്ക് ഭർത്താവിനോടൊരുപക്ഷേ ക്ഷമിക്കാൻ കഴിഞ്ഞെന്നുവരാം. പക്ഷേ , പത്തുമാസം അവളെ ഉദരത്തിൽ പേറിയ എന്റെ ഭാര്യക്കോ ജീവിതകാലം മുഴുവൻ അവളെ ഹൃദയത്തിൽ പേറുന്ന അച്ഛനായ എനിക്കോ ഒരിക്കലും നിന്നോട് ക്ഷമിക്കാൻ കഴിയില്ല. ഇനി മേലിൽ എന്റെ മകളുടെ ഭർത്താവാണെന്ന അധികാരത്തിൽ നീയീ പടി ചവിട്ടിപ്പോകരുത്. ” തന്നെത്തന്നെ നോക്കി നിൽക്കുന്ന അവനെ നോക്കി പറഞ്ഞതും അയാൾ അകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു. അപ്പോഴും തൊട്ടുമുന്നിൽ കൊട്ടിയടക്കപ്പെട്ട വാതിലിനുമുന്നിൽ പകച്ചുനിൽക്കുകയായിരുന്നു ഋഷി

. അല്പസമയത്തിന് ശേഷം മുറ്റത്തുനിന്നും അവന്റെവണ്ടിയകന്ന് പോകുന്ന ശബ്ദം കേട്ടതും അതുവരെ വാതിലിന് പിന്നിൽ മറഞ്ഞുനിന്ന് സാരിത്തുമ്പ് വായിലമർത്തിപ്പിടിച്ച് തേങ്ങിക്കോണ്ടിരുന്നിരുന്ന അഗസ്ത്യ സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് നെഞ്ചുപൊട്ടിക്കരഞ്ഞു. ” മോളേ….. ഈ അനുഭവിച്ചതൊന്നും പോരാഞ്ഞിട്ടാണോ നീ വീണ്ടും അവനുവേണ്ടി കരയുന്നത് ??? ” തറയിലിരുന്ന് കാൽമുട്ടിലേക്ക് മുഖമമർത്തി വച്ച് പൊട്ടിക്കരയുന്ന അവളുടെ അരികിലേക്കിരുന്ന് വേദനയോടെ ഇന്ദിര ചോദിച്ചു. ” എത്രയൊക്കെ ദുഷ്ടനായാലും എന്റെ കഴുത്തിലീ താലി കെട്ടിയ ആളല്ലേയമ്മേ…. ” സകലതും നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന മകളെനോക്കി ആ മാതാപിതാക്കൾ നിസ്സഹായരായി നിന്നു. ” മോളെ നീ പറയുന്നത് അച്ഛൻ ചെയ്തത് തെറ്റായിപ്പോയി എന്നാണോ ?? ”

മകളുടെ അവസ്ഥ കണ്ട് ഉള്ളിലെ തേങ്ങലടക്കിക്കൊണ്ട് അയാൾ ചോദിച്ചു. ” അല്ലച്ഛാ…. അച്ഛൻ ചെയ്തതാണ് ശരി. ഋഷിയേട്ടനൊപ്പമൊരു ജീവിതത്തിനിനി ഞാനൊരുക്കമല്ല. അത്രയേറെ ഞാൻ സഹിച്ചു. ഇനിയൊരിക്കൽക്കൂടി വയ്യ. ” കവിൾത്തടങ്ങളമർത്തിത്തുടച്ചുകൊണ്ട് അവൾ പറഞ്ഞു. ” പിന്നെന്തിനാ മോളെ നീയിങ്ങനെ കരയുന്നത് ??? ” ” അത്…. അതെനിക്കറിയില്ലമ്മേ…. എനിക്കൊന്നുമറിയില്ല…. ” ഇന്ദിരയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞുകൊണ്ട് അവളവരുടെ നെഞ്ചിലേക്ക് വീണ് തേങ്ങിക്കരഞ്ഞു.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അടച്ചിരുന്ന ഗേറ്റിലേക്ക് വണ്ടി വന്നിടിക്കുന്ന ശബ്ദം കേട്ടാണ് ഹാളിൽ ടീവി കണ്ടുകൊണ്ടിരുന്ന ശബരിയങ്ങോട്ടോടി വന്നത്. ഋഷിയുടെ വണ്ടി കണ്ടതും അവൻ വേഗം ഗേറ്റ് മലർക്കെത്തുറന്നു. ഗേറ്റ് തുറന്നതും വണ്ടി പോർച്ചിലേക്കിരച്ചുകയറി. ” എന്താ ഏട്ടാ ഈ കാണിക്കുന്നത് പാതിരാത്രി ഗേറ്റിടിച്ചുപൊളിച്ചാണോ അകത്തേക്ക് കയറുന്നത് ??? ” വണ്ടി നിർത്തി ആടിയാടി പുറത്തേക്കിറങ്ങിയ അവനരികിലേക്കോടിച്ചെന്നുകൊണ്ട് ശബരി ചോദിച്ചു. ” ഓഹോ നീയുമിപ്പോ എന്റെ കുറ്റങ്ങൾ മാത്രം കണ്ടെത്തിത്തുടങ്ങിയല്ലേ??? അല്ലേലും ഋഷിയെന്നും തെറ്റുകാരനാ… ഋഷിക്കിനി ആരും വേണ്ട. ”

കുഴയുന്ന സ്വരത്തിൽ പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് നടന്നു. ” എന്നാണോ ഞാൻ പറഞ്ഞത്??? ഏട്ടനീ രാത്രി എവിടെപ്പോയിരുന്നു ?? ” മദ്യലഹരിയിൽ വഴുതി വീഴാൻ പോയവനെ സ്വന്തം ശരീരത്തിലേക്ക് ചേർത്ത് താങ്ങിപ്പിടിച്ചുകൊണ്ട് ശബരി ചോദിച്ചു. ” ഞാനവളെ വിളിച്ചോണ്ടുവരാൻ പോയതാ…. ” ” ആരെ ഏട്ടത്തിയേയോ ??? ” ” ആഹ് അവളേത്തന്നെ നിന്റേട്ടത്തിയേ… ” ” എന്നിട്ടേട്ടത്തിയെവിടെ ??? ” അവന്റെ വാക്കുകൾ കേട്ട് ആകാംഷയോടെ പിന്തിരിഞ്ഞ് കാറിനുള്ളിലേക്ക് നോക്കിക്കോണ്ടാണ് ശബരിയത് ചോദിച്ചത്. ” നോക്കണ്ടഡാ അവൾ വന്നില്ല ഇനി വരാനും പോകുന്നില്ല.

അവൾക്കും എന്റെകൂടെ ജീവിച്ച് മടുത്തെന്ന്. എനിക്കിനിയൊരവകാശവും അവളുടെ മേലില്ലെന്ന് അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു. വേണ്ട ഋഷിക്കാരും വേണ്ട….. നീയും വേണ്ട…. വിടെടാ എന്നെ ….. ഋഷിയെന്നും ഒറ്റയ്ക്കായിരുന്നു. ഇനിയും അത് മതി….. ” പറഞ്ഞിട്ട് തന്നെയും തള്ളിമാറ്റി പിന്നെയുമെന്തൊക്കെയോ പുലമ്പിക്കൊണ്ട് ആടിയാടി സ്റ്റെപ്പുകൾ കയറുന്നവനെ ആദ്യം കാണുന്നത് പോലെ ശബരി നോക്കി നിന്നു. വീണുപോയേക്കുമോ എന്ന ഭയം കൊണ്ട് റൂമിലെത്തും വരെ ശബരിയും അവന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. ” സത്യാ…. ഡീ സത്യാ…. ” ഉള്ളിലേക്ക് കയറി ബെഡിലേക്ക് വീണവളുടെ പേരുവിളിച്ച് ഇരുകൈകൊണ്ടും കിടക്കയിലാകെ പരതുന്ന അവനെ നോക്കിയപ്പോഴും വാതിലിൽ തന്നെ നിൽക്കുകയായിരുന്നു ശബരി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

” ഏട്ടത്തീ…. കേൾക്കുന്നില്ലേ ??? ” തലേദിവസം രാത്രിയിലെ കാര്യങ്ങളൊക്കെ അഗസ്ത്യയെ വിളിച്ചറിയിക്കുന്നതിനിടയിൽ അവളിൽ നിന്നും മറുപടിയൊന്നുമില്ലാതെ വന്നപ്പോൾ ശബരി ചോദിച്ചു. മറുവശത്ത് നിന്നുമൊരു തേങ്ങലായിരുന്നു അതിനുള്ള മറുപടി. ” ഏട്ടത്തീ എന്തൊക്കെ ചെയ്താലും ആ മനസ്സിൽ ഏട്ടത്തിയുണ്ടായിരുന്നുവെന്നതിന്റെ തെളിവല്ലേ ഇതൊക്കെ തിരിച്ചുവന്നൂടെ ഏട്ടത്തിക്ക് ??? തനിയെ വരാൻ വയ്യെങ്കിൽ ഞാൻ വന്ന് കൂട്ടിക്കൊണ്ട് വരാം ” ” വേണ്ട ശബരീ…. തിരിച്ചുവരാൻ ഒരു സൗന്ദര്യപ്പിണക്കത്തിന്റെ പേരിലാ വീടുവിട്ടിറങ്ങിയതല്ല ഞാൻ .

എല്ലാം കൊണ്ടും മടുത്ത് എന്നന്നേക്കുമായി ഇറങ്ങിയതാണ്. ഇനിയും നിന്റേട്ടന്റെ ഒപ്പമൊരു ജീവിതം എനിക്ക് കഴിയില്ല. ” ” സത്യാ…. മോളേ…. ഇതെന്തൊരു കുളിയാ ??? ” ബാത്‌റൂമിന്റെ ഡോറിൽ തട്ടിയുള്ള ഇന്ദിരയുടെ വിളിയാണ് അവളെ മാസങ്ങൾക്ക് മുൻപുള്ള ആ ദിവസത്തിൽ നിന്നും തിരികെ കൊണ്ടുവന്നത്. പെട്ടന്ന് ചുറ്റുപാടും കണ്ണോടിക്കുമ്പോൾ താനിതുവരെ തുറന്നിട്ട ഷവറിനടിയിൽ തന്നെ നിൽക്കുകയായിരുന്നുവോ എന്നവൾ അത്ഭൂതത്തോടെ ഓർത്തു. ” സത്യാ… ” ” ആഹ്… ദാ വരുന്നമ്മേ… ” വീണ്ടും പുറത്തുനിന്നും ഇന്ദിരയുടെ സ്വരം കേട്ടതും പറഞ്ഞിട്ടവൾ വേഗം തല തുവർത്തി വസ്ത്രം മാറ്റി പുറത്തേക്കിറങ്ങിച്ചെന്നു. ” നിനക്കെന്താ ബോധമൊന്നുമില്ലേ നേരമെത്രയായി കുളിക്കാൻ കയറിയിട്ട് ??? ”

പുറത്തേക്ക് വന്ന അവളെ നോക്കി ശാസനയുടെ സ്വരത്തിൽ അവർ ചോദിച്ചു. മറുപടിയായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് നടന്നു. രാത്രിയിൽ അത്താഴമൊക്കെ കഴിഞ്ഞ് തന്നോട് ചേർന്നുകിടന്നുറങ്ങിയ അഗസ്ത്യ രാവിലെ ഏഴുമണി കഴിഞ്ഞിട്ടും എണീക്കാതെ കിടക്കുന്നത് കണ്ടാണ് ഇന്ദിര മുറിയിലേക്ക് കയറി വന്നത്. ” മോളേ…. എന്തുറക്കമാ ഇത് നിനക്കിന്ന് ഓഫീസിൽ പോണ്ടേ ??? ” അവളെ കുലുക്കി വിളിച്ചുകൊണ്ട് അവർ ചോദിച്ചു. പക്ഷേ അപ്പോഴുമവളിൽ നിന്നും അനക്കമൊന്നുമുണ്ടാവാതെ വന്നപ്പോഴാണ് പുതപ്പ് നീക്കിയവരുടെ കൈകൾ അവളുടെ കവിളിലേക്ക് നീണ്ടത്. ”

എന്റീശ്വരാ ചുട്ടുപൊള്ളുന്നുണ്ടല്ലോ ഇന്നലെ മണിക്കൂറുകൾ തലയിൽ വെള്ളവുമൊഴിച്ച് നിന്നപ്പോഴേ ഞാൻ കരുതിയതാ ഇതിങ്ങനേ വരൂന്ന്. ” പനികൊണ്ട് ചുട്ടുപൊള്ളുന്ന അവളുടെ ശരീരത്തിൽ തൊട്ടുനോക്കിക്കോണ്ട് ഇന്ദിര സ്വയം പറഞ്ഞു. ഒരുപാട് സമയത്തിന് ശേഷമാണ് അഗസ്ത്യ കണ്ണ് തുറന്നത്. മുറിയിൽ നിറഞ്ഞിരുന്ന മരുന്നുകളുടെ മണവും കയ്യിലെ ഡ്രിപ്പുമൊക്കെകൊണ്ട് താൻ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലാക്കാൻ അവൾക്കധികനേരം വേണ്ടി വന്നില്ല. ”

ആഹാ ഉണർന്നോ എന്തൊരു പനിയാരുന്നെഡോ തനിക് ഇപ്പൊ എങ്ങനെയുണ്ട് ?? ” ചിരിയോടെ അങ്ങോട്ട്‌ വന്ന നേഴ്സിന്റെ ചോദ്യത്തിന് മറുപടിയായി അവൾ വെറുതേയൊന്ന് തലയനക്കി. ” അമ്മ ??? ” വാതിലിന് നേർക്ക് മിഴികളയച്ചുകൊണ്ട് അവൾ ചോദിച്ചു. ” എല്ലാരും പുറത്തുണ്ട് ഞാൻ വിളിക്കാം ” പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവർ പുറത്തേക്ക് നടന്നു. അല്പം സമയം കഴിഞ്ഞപ്പോൾ ഇന്ദിരയും കിച്ചുവിനെയും കൊണ്ട് ഋതികയും അകത്തേക്ക് കയറിവന്നു. ” തത്യാന്റീ…. ” അഗസ്ത്യയേക്കണ്ടപ്പോഴേ ഋതുവിന്റെ കയ്യിലിരുന്നുകൊണ്ട് കിച്ചു വിളിച്ചുകൂവി. കുഞ്ഞിനെ കണ്ടതും അവളുടെ മുഖവും വിടർന്നു. ” ഇപ്പൊ എങ്ങനെയുണ്ട് സത്യാ ??? ”

കിച്ചുവിനെ അഗസ്ത്യയുടെ അരികിൽ ബെഡിലേക്ക് ഇരുത്തിയിട്ട് ഋതിക ചോദിച്ചു. ” കുഴപ്പമില്ല ചേച്ചി… ” കിച്ചുവിൽ നിന്നും നോട്ടം പിൻവലിക്കാതെ തന്നെ അവൾ പറഞ്ഞു. ” ഇന്നലെ മാധവേട്ടൻ അച്ഛനെ വിളിച്ചിരുന്നു. കവലയിൽ നടന്നതൊക്കെ പറഞ്ഞു. ” ഋതിക പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ അവരെ രണ്ടാളെയും മാറി മാറി നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു അപ്പോൾ ഇന്ദിര. ” ഋഷിയേട്ടൻ ??? ” ” മ്മ്ഹ്…. അറിഞ്ഞു. ഫോൺ വച്ചുകഴിഞ്ഞ് അച്ഛനമ്മയോട് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാ അവൻ വന്നത്. മാധവേട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോഴേ അച്ഛനാകെ വിഷമമായിരുന്നു.

അതിന്റെ കൂടെ ഋഷിയേക്കൂടി കണ്ടതും നിയന്ത്രണം നഷ്ടപ്പെട്ട് അച്ഛനെന്തൊക്കെയോ പറഞ്ഞു. തിരിച്ചവനും. അവസാനം ഹാളിലെ ഷോകെയ്സൊക്കെയവനടിച്ച് പൊട്ടിച്ചു. എന്നിട്ടെങ്ങോട്ടോ പോയി. ഞാനിങ്ങോട്ട് വരുന്നത് വരെ തിരികെ വന്നിട്ടില്ല. ” ഋതിക പറഞ്ഞതെല്ലാം കേട്ടിരിക്കുകയായിരുന്ന അഗസ്ത്യയുടെ മിഴികളിൽ കണ്ണീരോളം വെട്ടി. ” സത്യാ…. ഞാനിപ്പോ വന്നത് നിന്നോടൊരു കാര്യം പറയാനാണ്. ” മുഖവുരയോടെ തുടങ്ങിയ അവളുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കിയിരിക്കുകയായിരുന്നു അഗസ്ത്യയപ്പോൾ. ” എന്തൊക്കെയായാലും മനസ്സുകൊണ്ട് ഋഷിയേ ഇതുവരെ വെറുക്കാൻ നിനക്കായിട്ടില്ലെന്നെനിക്കറിയാം. അതിന് തെളിവാണല്ലോ ഇപ്പോഴും നീയണിയുന്ന ഈ സിന്ദൂരവും താലിയും.

അത് മാത്രമല്ല നീയാ വീടുവിട്ട് പോന്നിട്ടും ഇതുവരെയൊരു ഡിവോഴ്സിലേക്കും നീ പോയിട്ടില്ല. ആ വിശ്വാസം കൊണ്ട് നിന്റെ സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് നിന്ന് ഞാൻ പറയുവാ നീ തിരിച്ചുവരണം സത്യാ… ശരിയാണ് അവൻ നിന്നെയൊരുപാട് ദ്രോഹിച്ചിട്ടുണ്ട് ഒന്നുമറിയാഞ്ഞിട്ടല്ല പക്ഷേ മോളെ ഇങ്ങനെ എത്ര നാൾ പോകും ??? ഇന്നലെയുണ്ടായ സംഭവം തന്നെ നീയൊന്നാലോചിച്ച് നോക്ക് നീ ഋഷികേശ് വർമയുടെ ഭാര്യയായിരുന്നപ്പോൾ നിന്റെനേരെയൊന്ന് നോക്കാൻ പോലും ഭയന്നിരുന്ന തെരുവുനായ്ക്കളൊക്കെയാണ് ഇപ്പൊ ഒരവസരം നോക്കി നിന്റെ ചുറ്റുമോടിക്കൂടുന്നത്.

അവന്റെ കാര്യവും മറിച്ചല്ല. പണ്ടും അവനിങ്ങനൊക്കെ തന്നെയായിരുന്നു പക്ഷേ ഇപ്പൊ നീ കൂടെയില്ലാതെ വന്നപ്പോൾ പഴയ ഋഷിയുടെ നിഴൽ പോലുമല്ലവനിപ്പോ. അതുകൊണ്ട് നിന്റെ കാലുപിടിച്ച് ഞാൻ പറയുവാ സത്യാ നീ തിരികെ വരണം. ഇനിയവനെ നേരെയാക്കാൻ നിനക്ക് മാത്രമേ കഴിയൂ. ” ഋതിക പറയുന്നതൊക്കെ കേട്ടിരുന്നിരുന്ന അഗസ്ത്യയുടെ മിഴികൾ പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു അപ്പോഴും. ” പക്ഷേ ചേച്ചി…. ” ” എനിക്ക് മനസ്സിലാവും സത്യാ… നീയിപ്പോ ചിന്തിക്കുന്നുണ്ടാകും വഴിതെറ്റിപ്പോയ ആങ്ങളയെ നന്നാക്കാനൊരു പരീക്ഷണവസ്തുവായിട്ടാണ് ഞാൻ നിന്നെക്കാണുന്നതെന്ന്.

ഒരിക്കലുമല്ല…. നിനക്കറിയാത്ത ഒരു ഋഷിയുണ്ടായിരുന്നു സത്യാ പണ്ട്. എന്റനിയനായതുകൊണ്ട് ഞാനവനെ ന്യായീകരിക്കുകയാണെന്ന് നീയൊരിക്കലും കരുതരുത്. അവന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയ അനുഭവങ്ങളാണ് അവനെയിങ്ങനെയൊക്കെ ആക്കിത്തീർത്തത്. ” അപ്പോഴുമൊന്നും മനസ്സിലാവാതെ അവളെന്താണിനി പറയാൻ പോകുന്നതെന്ന ആകാംഷയോടെ ആ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു അഗസ്ത്യ.  — തുടരും…..

അഗസ്ത്യ : ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!