നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 8

Share with your friends

സൂര്യകാന്തി

പെട്ടെന്ന് പ്രതീക്ഷിക്കാതെ ആ ശബ്ദം കേട്ടപ്പോൾ ഭദ്ര ശരിക്കും ഞെട്ടി.. അവളുടെ വിരലുകൾ ചാരുപടിയിൽ മുറുകിയിരുന്നു.. ശ്വാസഗതി നേരെയാക്കാൻ ശ്രെമിച്ചു കൊണ്ടാണ് ഭദ്ര തിരിഞ്ഞത്.. “താനെന്താ ഇവിടെ….?” ആദിത്യൻ… ദേഷ്യം നിറഞ്ഞ മുഖം… “ചോദിച്ചത് കേട്ടില്ല്യാന്നുണ്ടോ..താൻ എന്താ ഇവിടേന്ന് ..” “അത്.. ഞാൻ.. ഞാൻ ഇവിടെ നിന്നും എന്തോ ശബ്ദം കേട്ടിട്ട് കയറി വന്നതാ..” “ശബ്ദമോ..?” ആദിത്യൻ സംശയം നിറഞ്ഞ മുഖത്തോടെ അവളെ ചൂഴ്ന്ന് നോക്കി.. “അത്.. അത്.ആരോ പാടുന്ന പോലെ…” “അതേടി.. ഞാനിവിടെ ഒരു ഗാനമേള ട്രൂപ്പ് നടത്തുന്നുണ്ട് .. നട്ടപ്പാതിരയ്ക്ക് ഓരോ ഉഡായിപ്പും കൊണ്ട് ഇറങ്ങിയിരിക്കുവാണ്..” പറഞ്ഞു കൊണ്ട് ആദിത്യൻ ഭദ്രയുടെ കൈ പിടിച്ചു വലിച്ചു..

“വാടി ഇവിടെ.. ഇനി മേലാൽ ഇമ്മാതിരി നമ്പറുമായിട്ട് ഇങ്ങോട്ട് കയറി വന്നാൽ തൂക്കിയെടുത്ത് വെളിയിൽ കളയും ഞാൻ..” “തൂക്കിയെടുത്ത് വെളിയിൽ കളയാൻ ഞാനെന്താ പൂച്ചക്കുഞ്ഞോ..” ഭദ്ര പിറുപിറുത്തു കൊണ്ട് കൈയിലെ പിടുത്തം വിടുവിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.. ആദിത്യൻ വിട്ടില്ല.. “അതേയ് ഞാൻ ഇവിടെ നിന്നും ഒരു പെണ്ണിന്റെ പാട്ടാ കേട്ടത്..” ഭദ്ര പറഞ്ഞതും ആദിത്യൻ അവളുടെ കൈയിലെ പിടുത്തം വിട്ടു രണ്ടു കയ്യും എളിയിൽ കുത്തി നിന്ന് ഭദ്രയെ അടിമുടി നോക്കി.. “ഓഹോ അപ്പോൾ മോള് പാതിരാത്രിയ്ക്ക് ചേട്ടന്റെ സെറ്റപ്പും തപ്പി ഇറങ്ങീതാല്ലേ.. ” ആദിത്യന്റെ മുഖത്തെ പരിഹാസം കണ്ടതും ഭദ്ര വീറോടെ പറഞ്ഞു.. “ആരാണ്ടൊക്കെയോ മനസ്സിൽ ഉണ്ടെന്ന് പറഞ്ഞില്ലേ..

അവൾ തന്നെയാണോ നിങ്ങളെ താരാട്ട് പാടിയുറക്കുന്നേന്ന് നോക്കാൻ വന്നതാ..” “നിന്നെയിന്ന് ഞാൻ..” പറഞ്ഞു കൊണ്ടു ആദിത്യൻ തിരിഞ്ഞു ആട്ടുകട്ടിലിൽ കിടക്കുന്ന പില്ലോ എടുക്കുന്നതിനു മുൻപേ ഭദ്ര ഓടിയിരുന്നു.. പക്ഷെ വാതിൽ കടക്കുന്നതിനു മുൻപേ പില്ലോ ശക്തിയിൽ ഭദ്രയുടെ നടുപ്പുറത്ത് തന്നെ വന്നു വീണു.. പില്ലോ അത്യാവശ്യം നല്ല വെയിറ്റ് ഉണ്ടായിരുന്നു.. പുറം തിരുമ്മി കൊണ്ട് നിലത്ത് കിടക്കുന്ന പില്ലോ എടുക്കുന്നതിനിടെ ഭദ്ര പല്ലിറുമ്മി.. അടുത്ത നിമിഷം, വിജയച്ചിരിയോടെ നിൽക്കുന്ന ആദിത്യന്റെ മുഖത്താണ് ആ പില്ലോ വന്നു പതിച്ചത്.. “എടി..” “അല്ല പിന്നെ.. ഭദ്രയോടാ കളി..” ആദിത്യൻ അവൾക്ക് നേരെ തിരിഞ്ഞതും ഭദ്ര ഓടിയിരുന്നു..

ആദിത്യൻ ഗോവണിപ്പടികൾക്ക് മുകളിൽ എത്തിയപ്പോഴേക്കും ഭദ്ര പൊട്ടിച്ചിരിയോടെ പടികൾ ഓടിയിറങ്ങി താഴെ എത്തിയിരുന്നു.. തിരിഞ്ഞു നോക്കി അവന് നേരേ കണ്ണിറുക്കി കാട്ടി ചിരിയോടെ തന്നെ അവൾ റൂമിലേക്ക് കയറി.. വാതിൽ അടയുന്ന ശബ്ദം ആദിത്യൻ കേട്ടു… സ്വയമറിയാതെ അയാളുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു.. തെല്ലപ്പുറത്തെ മുറിയുടെ വാതിൽക്കൽ നിന്നിരുന്ന ശ്രീദേവിയമ്മ ഒരു ദീർഘനിശ്വാസത്തോടെ തിരികെ അകത്തേക്ക് കയറി.. തിരികെ മട്ടുപ്പാവിലേയ്ക്ക് നടക്കുമ്പോൾ ഭദ്രയുടെ വാക്കുകളായിരുന്നു ആദിത്യന്റെ മനസ്സിൽ..

അവൾ പറഞ്ഞതൊക്കെ സത്യം തന്നെയാണ്.. അറിയാം..പക്ഷെ… അയാൾ ചുറ്റും നോക്കി.. ആരെയും കണ്ടില്ലെങ്കിലും അവിടമാകെ നിറഞ്ഞിരുന്ന പാലപ്പൂവിന്റെ മണം അയാൾ അറിയുന്നുണ്ടായിരുന്നു.. മട്ടുപ്പാവിലെ വലിയ ഉരുളൻ തൂണിനും കൈവരിക്കും ഇടയിൽ നിന്നും പുകച്ചുരുളുകൾ പുറത്തേക്ക് ഒഴുകിയിറങ്ങുന്നത് ആദിത്യൻ കണ്ടില്ല.. നാഗത്താൻ കാവിലേക്കായിരുന്നു അതിന്റെ സഞ്ചാരദിശ.. കാവിലെ ഏഴിലം പാലയെ പൊതിഞ്ഞു നിന്നിരുന്ന മിന്നാമിനുങ്ങുകൾ കൂട്ടത്തോടെ മുകളിലേക്കുയർന്നു..ഏഴിലം പാല ആടിയുലയുന്നുണ്ടായിരുന്നു..

പത്തി വിടർത്തിയാടുന്ന പ്രതികാരദാഹിയായ നാഗത്തെ പോലെ… മുറിയിൽ കയറി കട്ടിലിൽ കിടക്കുമ്പോഴും ഭദ്രയുടെ മനസ്സിന്റെ ഏതോ കോണിൽപൊടിഞ്ഞു വന്ന ഭയത്തിന്റെ കണികകൾ മാഞ്ഞിരുന്നില്ല… “ആ പാട്ട് താൻ കേട്ടതാണ്.. അതിലെ നോവ് അറിഞ്ഞതാണ്.. തന്റെ സാന്നിധ്യം അറിഞ്ഞ നിമിഷമാണ് ആ സ്വരവീചികൾ നിലച്ചത്.. കൊലുസിന്റെ ശബ്ദം.. പാലപ്പൂമണം.. എല്ലാം താൻ അനുഭവിച്ചതാണ്..അറിഞ്ഞതാണ്.. അതിലുപരി മട്ടുപ്പാവിൽ നിന്നും നാഗക്കാവിലേക്ക് നോക്കി നിന്നപ്പോൾ തന്റെ തൊട്ടു പിറകിൽ ആരോ ഉണ്ടായിരുന്നു..ആ നിശ്വാസം ദേഹത്തടിച്ചത് പോലെ തോന്നിയിരുന്നു..

അത് പക്ഷെ ആദിത്യൻ ആയിരുന്നില്ല.. തൊട്ടടുത്ത നിമിഷം ആദിത്യന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആദിത്യൻ തന്റെ അത്ര അടുത്തൊന്നും ആയിരുന്നില്ല നിന്നിരുന്നത്.. മറ്റാരോ.. ആരോ ഒരാൾ.. ആ കണ്ണുകൾ.. അതിന്റെ ഉടമയാണോ ഇനി.. പക്ഷെ ആ മിഴികൾ തന്നോട് ദേഷ്യം മാത്രമാണ് പങ്കു വെച്ചിട്ടുള്ളത്.. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമായി ഭദ്ര ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ മുറിയിലെ ജാലകക്കൊളുത്തുകൾ ഇളകുന്നുണ്ടായിരുന്നു.. രാവിലെ ഭദ്ര കുളിയൊക്കെ കഴിഞ്ഞു പൂമുഖത്തെത്തിയപ്പോൾ ആദിത്യൻ ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുന്നുണ്ടായിരുന്നു..

അവളെ കണ്ടതും അവന്റെ മുഖത്തൊരു പരിഹാസച്ചിരി തെളിഞ്ഞു.. “ഇൻവെസ്റ്റിഗേഷൻ ഒക്കെ കഴിഞ്ഞു മാഡം ഉറങ്ങാൻ വൈകിയെന്ന് തോന്നുന്നു..” ഭദ്ര നോക്കിയപ്പോൾ ആളുടെ നോട്ടം പത്രത്തിലേക്ക് തന്നെയായിരുന്നു.. “ഇൻവെസ്റ്റിഗേഷൻ നടത്തി ഇവിടെ കുടിയിരിപ്പിച്ചിരിക്കുന്നവളെ ഞാൻ കണ്ടെത്തുകയും ചെയ്യും ഇവിടുന്ന് ഇറക്കി വിടുകേം ചെയ്യും..” “ദേ പെണ്ണേ..കൂടുതൽ കളിച്ചാൽ ആ പടിപ്പുരയ്ക്ക് പുറത്താകും സ്ഥാനം.. കേട്ടല്ലോ ” ഭദ്രയ്ക്ക് നേരേ വിരൽ ചൂണ്ടിയാണ് ആദിത്യൻ പറഞ്ഞത്.. “ഞാൻ പക്ഷെ ആ മുകളിലെ മുറിയിലേക്ക് സ്ഥാനക്കയറ്റം കിട്ടാനുള്ള പരിശ്രമത്തിലാണെന്റെ ആദിത്യൻ മാഷേ.. ഇങ്ങനെ നിരുത്സാഹപ്പെടുത്താതെ..”

ആദിത്യൻ എന്തോ പറയാൻ തുടങ്ങുമ്പോഴാണ് പടിപ്പുര കടന്നു പാൽപാത്രവുമായി പാറൂട്ടി വരുന്നത് കണ്ടത്.. അയാളുടെ നോട്ടം പിന്തുടർന്നാണ് ഭദ്രയുടെ മിഴികളും പാർവതിയിൽ എത്തിയത്.. അടുത്ത നിമിഷം ആദിത്യന്റെ താടിയിൽ പതിയെ പിടിച്ചു വലിച്ചു കാൽ വിരൽ കൊണ്ട് ചിത്രം വരയ്ക്കുന്നത് പോലെ കാണിച്ചു നാണത്തോടെ ഭദ്ര പറഞ്ഞു.. “ഈ ആദിയേട്ടന്റെ ഒരു കാര്യം.. എന്തൊക്കെയാ ഈ പറയുന്നേ. ശോ നിക്ക് നാണാവുന്നു..” പതിയെ തിരിഞ്ഞു അകത്തേക്ക് നടക്കുന്നതിനിടെ ഇടി വെട്ടേറ്റ പോലെ ഇരിക്കുന്ന ആദിത്യനോടായി അവൾ പിറുപിറുത്തു.. “വാദ്ധ്യാർ ആ വായ ഒന്നടച്ചു വെച്ചേരെ..”

പാറൂട്ടിയെ കണ്ടു ചിരിക്കാൻ ഒരു വിഫലശ്രമം നടത്തിയ ആദിത്യനെ മൈൻഡ് ചെയ്യാതെ പാവാടത്തുമ്പിൽ പിടിച്ചു മുഖം വീർപ്പിച്ചു ചവിട്ടിത്തുള്ളി അകത്തേക്ക് നടക്കുന്നവളെ കണ്ടു ആദിത്യൻ പിറുപിറുത്തു.. “ഇതുങ്ങൾക്കെല്ലാം ഒരുമിച്ച് വട്ടായോ…” തലയൊന്നാട്ടി അയാൾ പിന്നെയും വാർത്തകളിലേക്ക് മുഖം പൂഴ്ത്തി.. ആഹാരം കഴിക്കാൻ ചെന്നപ്പോൾ പാർവതിയെ കാണാഞ്ഞിട്ടാണ് ഭദ്ര ദേവിയമ്മയോട് തിരക്കിയത്. “ആ കുട്ടിയ്ക്കിന്ന് ന്താ പറ്റിയെന്നറിയില്ല്യാ .. മുഖം ഒരു കൊട്ടക്ക് ണ്ടായിരുന്നു.. ചോദിച്ചിട്ടും ഒന്നും മിണ്ടീല്ല്യാ.. വാരസ്യാരോട് വഴക്കിട്ടു കാണും.. കുറുമ്പ് ഇച്ചിരി കൂടുതലാണ് ചെലപ്പോ..”

“നേരം തെറ്റി ണ്ടായേനെ ചില്ലറയൊന്നുമല്ലാലോ വാര്യത്തുള്ളോര് കൊഞ്ചിക്കുന്നെ.. അതിന്റെ കുറുമ്പാ പെണ്ണിന്..” ഉഷയുടെ വാക്കുകളിൽ തെല്ലും കാലുഷ്യമില്ലായിരുന്നു.. വാത്സല്യമേ ഉണ്ടായിരുന്നുള്ളൂ.. പാറൂട്ടി അവർക്കെല്ലാം എത്ര മാത്രം പ്രിയപ്പെട്ടവളാണെന്ന് ഭദ്ര അറിയുകയായിരുന്നു.. കഴിക്കുന്നതിനിടെ പലവട്ടം കണ്ണുകൾ കൊരുത്തെങ്കിലും ആദിത്യനോ ഭദ്രയോ സംസാരിക്കാൻ തുനിഞ്ഞില്ല.. ദേവിയമ്മയുടെ കണ്ണുകൾ തങ്ങളെ വലയം ചെയ്യുന്നത് ഭദ്ര അറിഞ്ഞു.. ആദിത്യൻ പൊയ്ക്കഴിഞ്ഞാണ് അവൾ ലാപ്ടോപ്പുമായി ഇരുന്നത്.. നോട്സ് ടൈപ്പ് ചെയ്തും രുദ്രയെ വിളിച്ചു സംസാരിച്ചുമൊക്കെ സമയം പോയി..

ഊണ് കഴിഞ്ഞു ദേവിയമ്മ മയങ്ങാനായി പോയപ്പോൾ ഭദ്ര പൂമുഖത്തേക്ക് നടന്നു.. ഇടനാഴിയിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് തൊട്ടുമുൻപിൽ ആ വീർത്തു കെട്ടിയ മുഖവും ഉണ്ടക്കണ്ണുകളും വീണ്ടും പ്രത്യക്ഷപ്പെട്ടത്.. “ആദിയേട്ടനെ പരിചയമുണ്ടോ..?” ചോദ്യവും ഗൗരവത്തിലായിരുന്നു.. “ഉണ്ടല്ലോ..” “എങ്ങിനെ…?” ഇത്തവണ ചോദ്യത്തിൽ തെല്ലതിശയം കലർന്നിരുന്നു.. “ഇവിടത്തെ ദേവിയമ്മയുടെ മോനല്ലേ.. ശേ ന്താ പാറൂട്ടീ ഇത്.. ഇവടെ താമസിക്കുമ്പോൾ മിനിമം ഇവിടുത്തെ ആളോളെങ്കിലും അറിഞ്ഞിരിക്കണ്ടേ..” ഒരു നിമിഷം ആള് ആലോചനയിലാണ്ടു.. പിന്നെ വീണ്ടും.. “അങ്ങനെയല്ല..

ഇവിടെ വരന്നേനു മുന്നേ അറിയാമോന്നാ ചോദിച്ചേ ..” ഭദ്ര ചിരിച്ചു.. “ആഹാ ന്തൊക്കെയാ അറിയേണ്ടേ.. ഞാൻ പറയാം.. പക്ഷെ എനിക്കൊരു സഹായം വേണം പാറൂട്ടിയുടെ..” “സഹായോ…?” “ഉം ഞാൻ പറയണപോലെ ചെയ്താൽ ഞാൻ പാറൂട്ടിയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാം..” “ഞാൻ.. ഞാൻ എന്താ ചെയ്യേണ്ടേ..?” സംശയഭാവത്തോടെ ഭദ്രയെ നോക്കി പാർവതി ചോദിച്ചു.. “എന്നെ ഇവിടുത്തെ നാഗത്താൻ കാവിൽ കൊണ്ടോവോ…?” നിമിഷനേരം കൊണ്ടാണ് പാർവതിയുടെ കണ്ണിൽ പല ഭാവങ്ങൾ മിന്നി മാഞ്ഞത്.. “ന്റെ ദേവീ ന്താ ഈ പറയണേ.. കാവിൽ പോവാനോ…

ദേവിയമ്മയും ആദിയേട്ടനും കേൾക്കണ്ടാ ട്ടൊ..” “അതെന്താ അവിടെ പോയാൽ..?എങ്കിൽ പാറൂട്ടി എനിക്ക് കാവിനുള്ളിലെ വഴി പറഞ്ഞു തന്നാൽ മതി.. ഗന്ധർവ്വൻകാവിലേക്കും ഏഴിലം പാലയ്ക്ക് അരികിലേക്കും..” പാറൂട്ടിയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു.. അവൾ എന്തോ പറയാനായി തുടങ്ങിയതും പെട്ടെന്നൊരു വലിയ ഗൗളി ചിലച്ചു കൊണ്ടു അവർക്കിടയിൽ നിലത്തേക്ക് വീണു.. പാറൂട്ടി അയ്യോ എന്ന് പറഞ്ഞു ചാടിയതും അത്‌ നിലത്തൂടെ തന്നെ ഗോവണി ചുവട്ടിലേക്ക് ഓടിപ്പോയി.. “ഞാൻ പോണൂ…” പാറൂട്ടി പെട്ടെന്ന് തിരിഞ്ഞു പുറത്തേക്ക് നടന്നു..ഭദ്ര തെല്ല് നേരം ആലോചനയിലാണ്ടു നിന്നു..

ഗോവണി പടികൾക്ക് മുകളിൽ ഉണ്ടായിരുന്ന ഗൗളിയുടെ കണ്ണുകൾ ചുവന്നിരുന്നു.. അതിന്റെ നോട്ടം ഭദ്രയിലായിരുന്നു.. വൈകുന്നേരം ദേവിയമ്മയുമായി പൂമുഖത്തിരുന്നു സംസാരിക്കുന്നതിനിടെയാണ് ഭദ്ര ചോദിച്ചത്.. “ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേവിയമ്മ പറയുമോ..? “ന്താ കുട്ട്യേ..?” “അത്‌.. കാളിയാർമഠത്തിലെ അശ്വതി തമ്പുരാട്ടി എങ്ങനെ ദാരികയായി..?” ദേവിയമ്മ അവളെ ഒന്ന് നോക്കി.. തെല്ലു നേരം നിലത്തേക്ക് നോക്കിയിരുന്നാണ് അവർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങിയത്.. “ഒരു പാട് കാലം മുൻപാണ്, കാളിയാർമഠത്തിൽ, ചെമ്പകത്തിന്റെ ഗന്ധമുള്ള, ആരും മോഹിക്കുന്ന ഇളമുറത്തമ്പുരാട്ടി പിറന്നത്..

നാഗത്താന്മാർക്ക് പ്രിയപ്പെട്ടവൾ നീലിമലക്കാവിലെ മഹാകാളിയുടെ പ്രിയഭക്ത കൂടിയായിരുന്നു.. ദേവിസ്തുതികൾ പാടി ദേവിയ്ക്ക് തെറ്റിപ്പൂ കൊണ്ട് മാല കെട്ടി അശ്വതി മിക്കപ്പോഴും നീലിമലക്കാവിൽ തന്നെയായിരുന്നു.. വിഷം തീണ്ടിയവരെ ദർശനമാത്രയിൽ സുഖപ്പെടുത്താൻ കഴിവുള്ള നാഗകന്യക കൂടിയായിരുന്നു അശ്വതി.. നാട്ടുകാർക്കും വീട്ടുകാർക്കും ഒരു പോലെ പ്രിയപ്പെട്ടവൾ.. നേരത്തേ പറഞ്ഞു വെച്ചിരുന്ന, മുറച്ചെറുക്കനുമായുള്ള വേളി കാത്തിരുന്നവൾ.. അവളുടെ പ്രണയം മുറച്ചെറുക്കൻ ഹരികൃഷ്ണനായിരുന്നെങ്കിൽ ഹരിയുടെ പ്രണയം സംഗീതമായിരുന്നു.. പരിഭവമോ പരാതിയോ ഇല്ലാതെ അശ്വതി കാത്തിരുന്നു..

ഒടുവിൽ അവൾ കാത്തിരുന്നത് പോലെ അവരുടെ വേളിയ്ക്ക് നാൾ കുറിച്ചു.. പക്ഷെ..” ദേവിയമ്മ പൂർത്തിയാക്കാതെ നിർത്തിയതും ഭദ്ര ആവേശത്തോടെ ചോദിച്ചു.. “എന്ത്‌ പറ്റി..” “വേളിയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഒരു രാത്രിയിൽ നീലിമലക്കാവിലെ പൂജാരി മാധവനുണ്ണിയെയും അശ്വതിയെയും, മനയ്ക്കലെ അശ്വതിയുടെ കിടപ്പറയിൽ കണ്ടെത്തി.. വാർത്ത കാട്ടുതീ പോലെ പടർന്നു..വേളി മുടങ്ങി.. അശ്വതിയുടെ യാചനകൾ ആരും ചെവിക്കൊണ്ടില്ല്യ ..അവൾ നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്തവളായി.. വെറുക്കപ്പെട്ടവളായി.. അവൾ പിന്നെ നീലിമലക്കാവ് കണ്ടില്ല്യ ..”

ദേവിയമ്മ നാഗത്താൻ കാവിലേക്ക് നോട്ടമയച്ചു പതിയെ തുടർന്നു.. “ദിവസങ്ങൾ കടന്നു പോകവേ ഒരു രാത്രിയിൽ കാളീശ്വരത്ത് മൂന്ന് മരണങ്ങൾ നടന്നു.. ഹരികൃഷ്ണൻ മനയ്ക്കലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടതെങ്കിൽ മാധവനുണ്ണിയെ കണ്ടെത്തിയത് കാവിലെ കുളത്തിലാണ്.. നേരം കേട്ട നേരത്ത് നീലിമലക്കാവിൽ നിന്നും മണിയൊച്ച കേട്ട് ചെന്നവർ കണ്ടത് കോവിൽ പടികളിൽ തലയടിച്ചു മരിച്ച നിലയിൽ കിടക്കുന്ന അശ്വതിയെയാണ്..” “അന്നത്തെ കാലമല്ലേ വല്യ അന്വേഷണം ഒന്നുമുണ്ടായില്ല്യാ .. പക്ഷെ പിന്നീട് കാവിലും പരിസരത്തുമായി ദുർമരണങ്ങൾ പതിവായി..ഗതികിട്ടാതെ അലയുന്ന അശ്വതി തമ്പുരാട്ടിയുടെ ആത്മാവിനെ പലരും കണ്ടു..

പകയോടെ കാളീശ്വരത്തുകാരെ നിരന്തരം ഭയപ്പെടുത്തുന്ന അവളെ അവര് ദാരികയെന്ന് വിളിച്ചു..പലപ്പോഴായി പലരും അവളെ തളച്ചുവെങ്കിലും ആർക്കും അവളെ പൂർണ്ണമായും ആവാഹിക്കാൻ ആയില്ല്യ…മഹാകാളിയുടെയും നാഗത്താന്മാരുടെയും അനുഗ്രഹം ഉണ്ടായിരുന്ന അവളെ അങ്ങനെ പെട്ടെന്നൊന്നും തളയ്ക്കാൻ പറ്റില്ല്യത്രേ.. അതിന് ശ്രെമിച്ചവരെയൊക്കെ ഒന്നൊന്നായി അവൾ ഇല്ലാതാക്കി..അവൾക്ക് ഏറ്റവും പക അവൾ പിറന്ന ഈ മനയോട് തന്നെയായിരുന്നു..” പിന്നെ ഒന്നും പറയാതെ തല കുനിച്ചിരുന്ന ദേവിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടാണ് ഭദ്ര എഴുന്നേറ്റു അവർക്കരികെ ചെന്നത് ..

“ദേവിയമ്മ കരയല്ലേ…” അവരുടെ ചുമലിൽ കൈ വെച്ച് പറയുന്നതിനിടെയാണ് പൂമുഖത്തേക്ക് കയറി വന്നയാളെ ഭദ്ര കണ്ടത് .. “എന്ത്‌ പറ്റി അമ്മേ..?” ചോദ്യം ദേവിയമ്മയോടായിരുന്നെങ്കിലും നോട്ടം ഭദ്രയിൽ ആയിരുന്നു.. “ഒന്നുമില്ല ആദീ… ഞാൻ വെറുതെ.. നീ മേലൊക്കെ കഴുകിട്ട് വാ.. ഞാൻ ചായയെടുക്കാം..” ആദിത്യന് മുഖം കൊടുക്കാതെ അവർ പെട്ടെന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു.. പിറകെ ഭദ്രയും.. ഇടനാഴിയിൽ എത്തിയതും ഒരു കൈ അവളെ പിറകോട്ടു പിടിച്ചു വലിച്ചു.. “ഇവിടെ വാടി..” മുറുകിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ആദിത്യൻ അവളുടെ കൈ പിടിച്ചു തിരിച്ചു കൊണ്ട് ചുമരിലേക്ക് ചാരി നിർത്തി..

ആ കണ്ണുകളിൽ തീയാളുന്നുണ്ടായിരുന്നു..ഭദ്രയുടെ ഉള്ള് കിടുങ്ങിയെങ്കിലും അവളത് പുറത്ത് കാണിച്ചില്ല.. “എന്താ നീയെന്റെ അമ്മയോട് പറഞ്ഞത്..?” “ഞാൻ.. ഞാൻ എന്ത്‌ പറയാൻ..” “ഭദ്ര വേണ്ടാ.. ഞാൻ പറഞ്ഞതാണ് നിന്നോട് പല വട്ടം.. വേണ്ടാത്ത കാര്യങ്ങളിൽ തലയിടരുത്.. എൻ്റെ അമ്മയെ വേദനിപ്പിക്കുന്ന കാര്യങ്ങളൊന്നും ചികഞ്ഞെടുക്കാൻ ശ്രെമിക്കരുത്.. നീ.. നീയറിഞ്ഞ ആദിനാരായണനല്ല ഞാനിന്ന്.. തിരിച്ചു പോവണം.. ഇത് എന്റെ അവസാനത്തെ താക്കീതാണ്..” ഭദ്ര ഒന്നും പറഞ്ഞില്ല.. “എന്താടി ഒന്നും മിണ്ടാത്തെ..?” ഭദ്ര ആദിത്യന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..

അവളെ പിടിച്ചു തള്ളികൊണ്ടാണ് അവൻ പറഞ്ഞത്.. “എത്ര പറഞ്ഞാലും നീ അനുസരിക്കില്ല.. കൊണ്ടാലേ പഠിക്കൂ.. അതിനും എനിക്ക് മടിയില്ല..” അവളെ രൂക്ഷമായി നോക്കികൊണ്ട് അയാൾ ഗോവണിപടികൾ കയറി പോയി.. കാളിയാർമഠത്തിൽ അന്ന് ആരും അത്താഴം കഴിച്ചില്ല .. ശങ്കരക്കയ്മൾ മോളുടെ കുട്ടിയുടെ നൂല് കെട്ട് കഴിഞ്ഞു മടങ്ങുമ്പോൾ നേരം വൈകിയിരുന്നു. ഭാര്യയും മോളും ആവത് പറഞ്ഞിട്ടും കേൾക്കാതെയാണ് ഇറങ്ങിയത്…. വിജനമായ വഴിയിലൂടെ നടന്നു തളർന്നപ്പോൾ കൈമളുടെ ധൈര്യം ചോർന്നു തുടങ്ങിയിരുന്നു.. “കൈമളേ ..” കൊഞ്ചലോടെയുള്ള ആ ശബ്ദം കേട്ടാണ് അയാൾ ഞെട്ടലോടെ തിരിഞ്ഞത്.. “ദാ.. ദാരിക..” അയാളുടെ ശബ്ദം വിറച്ചു.. ആരെയും മോഹിപ്പിക്കുന്ന അവൾക്കപ്പോൾ പാലപ്പൂവിന്റെ ഗന്ധമായിരുന്നു.. (തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 7

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!