സുൽത്താൻ : ഭാഗം 28

സുൽത്താൻ : ഭാഗം 28

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

മുകളിലേക്ക് വരുന്ന കാലൊച്ച കേട്ട് ഫിദ കണ്ണുകൾ ഇറുകെയടച്ചു കിടന്നു…അവൾക്ക് നന്നായി തല വേദനിക്കുന്നുണ്ടായിരുന്നു… നല്ല കുളിരു തോന്നിയത് കൊണ്ടു ഒരു ബ്ളാങ്കെറ്റ് എടുത്തു മൂടിപ്പുതച്ചിരുന്നു അവൾ.. ഒരു കൈ എടുത്തു കണ്ണിനു മീതേയ്ക്ക് മടക്കി വെച്ചു അവൾ… ഒരു വേള ആദിയുടെ കണ്ണുകളിലേക്ക് നോട്ടം ചെന്നാൽ താൻ വിതുമ്മി പോകുമെന്ന് അവൾക്കറിയാമായിരുന്നു… ചാരിയിട്ടിരുന്ന വാതിൽ തുറന്നു ആദി അകത്തേക്ക് കടന്നത് അവൾ അറിഞ്ഞു… ലൈറ്റ് ഇട്ടിട്ടില്ലായിരുന്നു… സ്വിച്ച് ഓൺ ചെയ്ത ആദി കണ്ടത് മൂടി പുതച്ചു കിടക്കുന്ന ഫിദയെ ആണ്… “ഫിദ…

“അവൻ പതിയെ വിളിച്ചു.. അവൾ മിണ്ടിയില്ല… ഒരിക്കൽ കൂടി അവളെ വിളിച്ചു നോക്കിയിട്ടും അനക്കമൊന്നുമില്ലാത്തത് കണ്ട് ആദി മെല്ലെ അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി… “പനിക്കുന്നുണ്ടല്ലോ..”അവൻ ആത്മഗതം എന്നവണ്ണം പറയുന്നത് ഫിദ വ്യക്തമായി കേട്ടു… അലമാര തുറക്കുന്ന ശബ്ദം കേട്ട് ഫിദ പതിയെ തല ചരിച്ചു നോക്കി.. അലമാരയിൽ നിന്നും ഡ്രോയറിന്റെ താക്കോൽ എടുത്തു ഡ്രോയർ തുറന്നു ആദി ടാബ്‌ലെറ്റ് എടുക്കുന്നത് അവൾ കണ്ടു…അവൾ വീണ്ടും മിഴികൾ ഇറുക്കെ പൂട്ടി കിടന്നു… “ഫിദ… “വീണ്ടും ആദിയുടെ വിളി അവൾ കേട്ടു… എന്നിട്ടും അനങ്ങാതെ തന്നെ കിടന്നു അവൾ… ആദി ബെഡിൽ അടുത്തേക്കിരിക്കുന്നത് അവളറിഞ്ഞു…

കയ്യിലിരുന്ന വെള്ളം നിറച്ച ഗ്ലാസ്സ് സമീപത്തെ മേശ പുറത്തേക്ക് വെച്ചു അവൻ ഫിദയെ മെല്ലെ കുലുക്കി വിളിച്ചു… അവൾ കണ്ണ് തുറന്നു ആദിയെ നോക്കാതെ എഴുന്നേറ്റിരുന്നു…. “ദാ… ഈ ടാബ്ലറ്റ് കഴിക്ക്… ടെമ്പറേച്ചർ ഉണ്ട് നിനക്ക്… ” അവൾ ഒന്നും മിണ്ടാതെ അത്‌ വാങ്ങി കഴിച്ചു… “റെസ്റ്റ് എടുക്ക്… ഞാനൊന്ന് കുളിക്കട്ടെ..”ആദി ബാത്റൂമിലേക് കയറി… കുളികഴിഞ്ഞു ആദി ഇറങ്ങുന്നത് കണ്ട അവൾ വേഗം നോട്ടം മാറ്റി.. ആദിയുടെ നോട്ടം ഇവിടേക്ക് വരുമെന്ന് അവൾക്കറിയാമായിരുന്നു… ആദി അടുത്ത് വന്നു വീണ്ടും നെറ്റിയിന്മേൽ തൊട്ട് നോക്കുന്നത് അവളറിഞ്ഞു… പുതച്ചിരുന്ന പുതപ്പ് ഒന്നുകൂടി നന്നായി പുതപ്പിച്ച ശേഷം അവൻ താഴെക്കിറങ്ങി പോയി… ഫിദയുടെ കണ്ണ് നിറഞ്ഞു…

ഇത്രയേറെ അവഗണിച്ചിട്ടും ഇവന് തന്നോട് ഒരു പരിഭവവും ഇല്ലേ… ഇത്രയ്ക്കും പ്രാണനാണോ താൻ ഇവന്…. എന്തൊക്കെയോ ആലോചിച്ചു അവൾ കിടന്നു… ആലോചനയിൽ ഉടനീളം ആദി മാത്രമായിരുന്നു… ക്ഷീണം കാരണം അവൾ വേഗം ഉറങ്ങി പോയി… രാത്രിയിൽ എപ്പോഴോ കണ്ണ് തുറക്കുമ്പോൾ ആദി അടുത്ത് കിടപ്പുണ്ടായിരുന്നു… ബെഡ്‌റൂം ലാമ്പിന്റെ ഇളം നീല വെളിച്ചത്തിൽ ഫിദ ആ മുഖത്തേക്ക് ഉറ്റു നോക്കി… തന്റെ വശത്തേക്ക് നോക്കിയാണ് കിടപ്പ്… നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകൾ ഫാനിന്റെ ചെറിയ കാറ്റിൽ പറക്കുന്നുണ്ട്… ഫിദ അവന് അഭിമുഖമായി തിരിഞ്ഞു കിടന്നു… അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി മിന്നി… മെല്ലെ വിരലുകൾ നീട്ടി ആ മീശത്തുമ്പത്ത് ഒന്ന് തൊട്ടു..

ആദി ഒന്നനങ്ങിയ പോലെ തോന്നിയ അവൾ വേഗം കൈ പിൻവലിച്ചു… വീണ്ടും അവൻ നിദ്രയിലേക്ക് അമർന്നു എന്ന് തോന്നിയപ്പോൾ ഫിദ അവനടുത്തേക്ക് കുറച്ചു കൂടി നീങ്ങി കിടന്നു… ഇത്തവണ അവന്റെ കവിളിൽ വളരെ പതിയെ ഒന്ന് തലോടി അവൾ… പതുക്കെ തല ഉയർത്തി കൊണ്ടു ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി… നിഷ്കളങ്കമായ അവന്റെ ഉറക്കം നോക്കി കുറെ നേരം അവൾ കിടന്നു… ഉറക്കം തന്റെ കണ്ണുകളിലേക്കും വന്നു ചേരുന്നതറിഞ്ഞവൾ മുഖം താഴ്ത്തി ആദിയുടെ നെറ്റിയിൽ നനുത്ത ഒരു ചുംബനം നൽകി… അറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു അപ്പോൾ..

ഒരു നീർതുള്ളി ആദിയുടെ കവിളിൽ പതിക്കുകയും ചെയ്തു…. ഞെട്ടലോടെ ആദി മിഴികൾ തുറന്നു… ഫിദ അപ്പോഴേക്കും നേരെ കിടന്നിരുന്നു…ചെറിയൊരു നനവ് തോന്നിയത് കൊണ്ടു ആദി തന്റെ കവിളിൽ തൊട്ട് നോക്കി.. അവന് ഒന്നും മനസിലായില്ല.. അപ്പോഴും കൈ നീട്ടി ഫിദയുടെ നെറ്റിയിൽ ചൂട് നോക്കി… ആ കയ്യുടെ ഇളം ചൂട് അറിഞ്ഞു… ആ കരുതൽ വീണ്ടും അനുഭവിച്ചു…. ഒഴുകിയിറങ്ങുന്ന കണ്ണീർ തുടക്കാൻ മെനക്കെടാതെ ഫിദ കിടന്നു…..തന്റെ പ്രാണനെ ഓർത്ത്……. ❣ ………………………….❣

രാവിലെ ആദി എഴുന്നേൽക്കുമ്പോൾ ഫിദ അടുത്തുണ്ടായിരുന്നില്ല… അവൻ കുളി കഴിഞ്ഞിട്ടാണ് താഴേക്ക് ഇറങ്ങി ചെല്ലാറ്… കുളി കഴിഞ്ഞു താഴെക്കിറങ്ങി വരുന്ന ആദിയെ കിച്ചണിൽ നിന്നു തന്നെ ഫിദ കാണുന്നുണ്ടായിരുന്നു… മുൻവശത്തേക്ക് പത്രം വായിക്കാൻ പോകാതെ ഡൈനിങ് റൂം വഴി ആള് കിച്ചനിലേക്ക് വരുന്നത് കണ്ടപ്പോഴേ അവൾക്ക് മനസിലായി അത്‌ തന്നെ തേടിയുള്ള വരവാണെന്ന്… പനി കുറഞ്ഞോന്നറിയാൻ… അവൾ ഉമ്മച്ചി കാണാതെ മെല്ലെ ഒന്ന് വാതിലിന്റെ പുറകിലേക്ക് മാറി നിന്നു… ആദി വന്നു അടുക്കളയിൽ തന്നെ പരതുന്നത് അവൾ മറഞ്ഞു നിന്നു കണ്ടു…

ചുണ്ടിൽ ഊറി വന്ന പുഞ്ചിരി കടിച്ചമർത്തിക്കൊണ്ട് അവിടെ തന്നെ നിന്നു അവൾ… അവൻ തിരികെ മുൻവശത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഇപ്പുറത്തെ വശത്തു കൂടെ അവളും അങ്ങോട്ട് ചെന്നു… തന്റെ കൺസൽറ്റിങ് റൂമിലും പിന്നെ സിറ്റ് ഔട്ടിൽ പോയി നിന്നു ഗാർഡനിലേക്കും ആദി നോക്കുന്നതവൾ കണ്ടു… എന്തിനോ മനസ് നിറയുന്നത് പോലെ തോന്നി.. ഇനിയും അവനെ പറ്റിച്ചു ഒളിച്ചു നിൽക്കാൻ തോന്നാത്തത് കൊണ്ടു അവൻ കാണാനായി വെറുതെ ഒന്ന് പത്രമെടുത്തു നിവർത്തി കൊണ്ടു വായിക്കുന്നത് പോലെ നിന്നു അവൾ… സിറ്റ് ഔട്ടിൽ നിന്നും തിരിഞ്ഞ ആദി കാണുന്നത് ഹാളിൽ നിന്നു പത്രം നോക്കുന്ന ഫിദയെ ആണ്.. അവൻ കണ്ടെന്നു ഉറപ്പായപ്പോൾ അവൾ നേരെ അടുക്കളയിലേക്ക് നടന്നു.. അടുക്കളയിലേക്ക് ചെന്ന ഫിദ കണ്ടത് ഉമ്മച്ചി ചായയ്ക്കുള്ള പാൽ അടുപ്പത്തു വെക്കുന്നതാണ്..

അത്‌ തിളച്ചു കഴിഞ്ഞപ്പോൾ ഉമ്മച്ചിയെ ശ്രദ്ധിക്കാതെ അവൾ തന്നെ ചായപ്പൊടിയും പഞ്ചസാരയും ഇട്ട് ചായയാക്കി.. എന്നിട്ട് ഒരു കപ്പ് ചായയും എടുത്തു കൊണ്ടു മുൻവശത്തേക്ക് ചെന്നു.. ഉമ്മച്ചി അന്തം വിട്ട് നോക്കി നിൽപ്പുണ്ടായിരുന്നു… ആദി പത്രം വായനയിൽ ആയിരുന്നു… തോളിനു മീതെ കൂടെ നീണ്ടു വന്ന ചായ കപ്പ് അവൻ പത്രം വായനയിൽ ആയിരുന്നെങ്കിലും ശ്രദ്ധയോടെ വാങ്ങി.. നീണ്ട വിരലുകളിൽ അറിയാതെ തന്റെ കൈ മുട്ടിയപ്പോഴാണ് അവൻ വിസ്മയത്തോടെ തിരിഞ്ഞു നോക്കിയത്.. അപ്പോഴേക്കും ഫിദ തിരിഞ്ഞു നടന്നിരുന്നു… എങ്കിലും ആദി തിരിഞ്ഞിരുന്ന് തന്നെ തന്നെ നോക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…

കുസൃതി ചിരി മിന്നിയ ചുണ്ടുകളുമായി ഉമ്മച്ചിയോടൊപ്പം അവൾ ദോശ ചുടാനും ചട്ണി ഉണ്ടാക്കാനും കൂടി… ആദി ചായ രുചിച്ചിറക്കുകയായിരുന്നു അപ്പോൾ… അതിനൊരു രുചി വ്യത്യാസം അവന് അനുഭവപ്പെട്ടു… രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇരുന്നപ്പോൾ കൺസൽറ്റിങ് റൂമിലേക്ക്‌ പോകാതെ ആദിക്കായി ദോശയും ചട്ണി യും വിളമ്പി കൊടുത്തു അവൾ… ഒന്നും മിണ്ടിയില്ലെങ്കിലും അവന്റെ എതിർവശത്തു ഇരുന്നു അവളും രണ്ടു ദോശ കഴിച്ചു… ആദിക്ക് പ്രാതൽ എടുത്തു കൊടുക്കാനായി ഉമ്മച്ചി വന്നപ്പോഴേക്കും അവർ രണ്ടാളും കൂടിയിരുന്നു കഴിക്കുന്നതാണ് കണ്ടത്… എന്നും ആദി ഒറ്റക്കിരുന്നാണ് കഴിച്ചു കൊണ്ടിരുന്നത്.. ഫിദ നേരത്തെ കൺസൽറ്റിംഗിന് കയറുമായിരുന്നു..

ആദി പോയിക്കഴിഞ്ഞു നിദയുമായി ഇരുന്നാണ് ഉമ്മച്ചി കഴിക്കാറ്.. ഫിദ എപ്പോഴെങ്കുലും ഫ്രീ ആകുന്ന സമയത്തും… എന്തൊക്കെയോ മാറ്റങ്ങൾ വന്നണഞ്ഞു എന്ന് ഉമ്മച്ചിക്കും മനസിലായി.. സന്തോഷത്തോടെ ഇരുവരെയും നോക്കിയിട്ട് ഉമ്മച്ചി അപ്പുറത്തേക്ക് പോയി.. തനിക്ക് നേരെ ഇടക്കിടക്ക് പാളി വീഴുന്ന അവന്റെ നോട്ടങ്ങൾ ഫിദ അറിയുന്നുണ്ടായിരുന്നു… ചിരി കടിച്ചു പിടിച്ചു ആദിക്ക് നോട്ടം കൊടുക്കാതെ അവൾ ഇരുന്നു… കഴിച്ചു കഴിഞ്ഞു ചായ കുടിച്ചുകൊണ്ടിരുന്ന ആദിയുടെ അനുവാദം ചോദിക്കാതെ അവൻ കഴിച്ചു തീർത്ത പ്ളേറ്റുമെടുത്ത് അവൾ അകത്തേക്ക് പോയി… അവന്റെ മുന്നിലൂടെ തന്നെ കൺസൽറ്റിങ് റൂമിലേക്ക് കയറി അവൾ..

ആദിക്ക് മനസിലാവാതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോഴും ആ കണ്ണുകൾ തന്നിൽ തന്നെയാണ് എന്നവൾ അറിഞ്ഞു.. ഡ്രസ്സ്‌ ചെയ്യാനായി ആദി മുകളിൽ ചെന്നപ്പോൾ അവനിടേണ്ട ഡ്രസ്സ്‌ അവൾ അയൺ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.. കൊണ്ടുപോകേണ്ട ബാഗും എടുത്തു വെച്ചിരുന്നു… പനിയുമായി വന്ന ഒരു കുഞ്ഞുവാവയെ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദിയുടെ കാർ ഗേറ്റ് കടന്നു പോകുന്നത് അവൾ കണ്ടത്… എന്തിനോ മനസ് വിങ്ങുന്നത് അവൾ അറിഞ്ഞു… രാത്രി അവൻ വരും വരെ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു അവൾക്ക്… ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി..

എട്ടര ആവാൻ കാത്തിരിക്കുകയായിരുന്നു അവൾ… ഗേറ്റിങ്കൽ ആദിയുടെ കാറിന്റെ വെട്ടം കണ്ടപ്പോൾ പ്രാണൻ പിടിച്ചാണവൾ ഹാളിന്റെ വാതിൽക്കലേക്ക് ഓടിയെത്തിയത്… ഉമ്മച്ചി വാതിൽ തുറന്നു സിറ്റ് ഔട്ടിലേക്ക് ഇറങ്ങുന്നതവൾ നോക്കി നിന്നു.. കാറിന്റെ ഡോർ തുറന്നു കോട്ടും സ്റ്റെത്തും ആയി പുറത്തേക്കിറങ്ങിയ ആദിയെ വാതിലിൻ മറവിൽ നിന്നു കണ്ണ് നിറച്ചു കണ്ടപ്പോൾ എന്തോ തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു അവൾക്ക്… മനസ്സിൽ പ്രണയം അതിന്റെ എല്ലാ തീവ്രതയിലും കുമിഞ്ഞുകൂടുന്നത് അറിഞ്ഞു തുടങ്ങുകയായിരുന്നു ഫിദ… പ്രണയത്തിനു മാത്രമേ വിരഹത്തിൽ വേദന നൽകാൻ കഴിയൂ എന്ന സത്യവും അവളറിഞ്ഞു..

അവൻ വരാൻ കാത്തിരുന്ന ഓരോ നിമിഷങ്ങളും അവളെ അതാണ്‌ ഓർമിപ്പിച്ചു കൊണ്ടിരുന്നത്… …… ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു ആദി… കണ്ണിൽ പ്രണയം നിറച്ചു ഒരായിരം തവണ ഫിദ അത് മനസ്സിൽ പറഞ്ഞു… തന്റെ പ്രിയപ്പെട്ടവനോട്…. കുളി കഴിഞ്ഞു ആദി താഴേക്ക് വന്നപ്പോൾ ആദിക്ക് ഏറ്റവും ഇഷ്ടമുള്ള കറികൾ തയ്യാറാക്കി വെച്ചിരുന്നു അവൾ… രാവിലത്തെ പോലെ തന്നെ അവന്റെ കണ്ണിലേക്കു നോക്കാതെ അവനായി വിളമ്പി കൊടുത്തിട്ട് അവനരികിലായി ഒരു പ്ളേറ്റുമായി അവളും ഇരുന്നു… പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും എന്തൊക്കെയോ നിറഞ്ഞു തുളുമ്പിയ അനുഭൂതിയിൽ ഫിദയും അവളിലെ മാറ്റം അറിഞ്ഞു തുടങ്ങിയ വിസ്മയത്തിൽ ആദിയും ഇരുന്നു…

ഭക്ഷണം കഴിഞ്ഞു ടീവി യും കണ്ടു വാവയെയും കളിപ്പിച്ചു കുറച്ചു നേരം കൂടി ആദിയിരുന്നു.. വാവക്ക് ഉറക്കം വന്നു തുടങ്ങിയപ്പോൾ നിദ വന്നു അവനെ കൂട്ടി കൊണ്ടു മുറിയിലേക്ക് പോയി… ഈ നേരമത്രയും അകമുറിയിൽ നിന്നു മിഴികളിൽ പ്രണയം നിറച്ച്‌ ഫിദ തന്റെ പ്രാണനെ നോക്കി കാണുകയായിരുന്നു… കിടക്കാനായി ആദി മുകളിലേക്ക് കയറി പോകുന്നതും തന്നെ മുറിയിൽ കാണാഞ്ഞ് മുകളിലെ കൈവരിയിൽ പിടിച്ചു താഴേക്ക് നോക്കുന്നതും സ്റ്റെയർകെസിനടുത്തു നിന്നു അവൾ കാണുന്നുണ്ടായിരുന്നു… ആദിക്ക് തന്നിലുള്ള മാറ്റം മനസിലായി തുടങ്ങിയിരിക്കുന്നു എന്ന് ഫിദ മനസിലാക്കി..

അത് കൊണ്ടു തന്നെ അവനുറങ്ങാതെ മുറിയിലേക്ക് പോകാൻ അവൾക്കെന്തോ മടി തോന്നി… ആ കണ്ണുകളിലെ നോട്ടം ഇനിയും താങ്ങാൻ പറ്റില്ല… ഏതു നിമിഷവും അവനിലേക്ക് അലിഞ്ഞു ചേരാൻ മനവും തനുവും ഒരുപോലെ കൊതിക്കുന്നുണ്ട്… ആ നെഞ്ചിൽ പറ്റിച്ചേർന്നൊന്നു കിടക്കാനും അവന്റെ കരങ്ങളിൽ ഒതുങ്ങി കൂടി അവന്റെ ചുംബനങ്ങൾ ഏറ്റ് വാങ്ങാനും അവൾ കൊതിക്കുന്നുണ്ടായിരുന്നു… പക്ഷെ അവനിൽ നിന്നു തന്നെ അവന് തന്നോടുള്ള പ്രണയം ഒന്ന് പറഞ്ഞ് കേൾക്കണമെന്ന് അവൾ ആശിച്ചു… അത് കഴിഞ്ഞു മതി പൂർണ്ണമായും അവന്റേതാകുന്നത്…. എന്നവൾ ഓർത്തു….

ഏറെ നേരത്തിനു ശേഷം മുറിയിലേക്ക് ചെന്നപ്പോൾ ആദി ഉറങ്ങിക്കഴിഞ്ഞിരുന്നു…കൈകൾ വിടർത്തി വെച്ചു നിവർന്നു കിടന്നുറങ്ങുന്ന അവനെ പ്രണയത്തോടെ അവൾ നോക്കി നിന്നു… ഒച്ചയുണ്ടാക്കാതെ അരികിലേക്ക് കിടന്നപ്പോൾ ആ പതിഞ്ഞ ശബ്ദം ചെവികളിലേക്കെത്തി … “പനി കുറഞ്ഞാരുന്നോ നിന്റെ….??? ” ആ കരുതലിൻ ശബ്ദത്തിന് മറുപടിയായി ഒന്ന് മൂളുമ്പോൾ അറിയാതെ നീർക്കണങ്ങൾ പൊടിഞ്ഞിരുന്നു അവളുടെ കണ്ണിൽ… അവന്റെ ശ്വാസഗതിയിൽ നിന്നും അവനുറങ്ങി എന്ന് മനസിലാക്കി അവൾ അവനിലേക്ക് തിരിഞ്ഞു കിടന്നു…

ഇന്നലത്തെ പോലെ കുസൃതിയോടെ മീശയിൽ പിടിച്ചു വലിച്ചു.. കവിളിൽ തലോടി നെറ്റിയിൽ ഒരു മൃദു ചുംബനവും നൽകി… “ആദി…. നീയെന്റെ ജീവനാടാ… “നിശബ്ദം പറഞ്ഞ് കൊണ്ടവൾ വിടർത്തി വെച്ചിരുന്ന അവന്റെ കൈകളിലേക്ക് കവിൾ ചേർത്തു… തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ നുണക്കുഴി തന്റെ കൈവെള്ളയിൽ പറ്റിച്ചേർന്നു കിടക്കുന്നതറിയാതെ ആദി ഗാഡനിദ്രയിൽ ആയിരുന്നു അപ്പോൾ…… ❣ ❣ തുടരും 💕dk….. ©Divya Kashyap

സുൽത്താൻ : ഭാഗം 27

Share this story