ഭാര്യ-2 : ഭാഗം 6

ഭാര്യ-2 : ഭാഗം 6

എഴുത്തുകാരി: ആഷ ബിനിൽ

“അനീഷ്…!” ആ വിളി കേട്ട് അനീഷ് മാത്രമല്ല, തട്ടുകടയിലെ ചേട്ടനും അവരോട് സംസാരിച്ചുകൊണ്ട് തൊട്ടടുത്തു നിന്ന സ്ത്രീയും അതിനപ്പുറത്ത് നിന്ന യുവാവും കുട്ടിയും വരെ തിരിഞ്ഞു നോക്കി. “എന്നെ മനസിലായോ? കഴിഞ്ഞ ദിവസം വണ്ടി ഓഫ് ആയപ്പോൾ എന്നെ വീട്ടില് കൊണ്ടുപോയി വിട്ടിരുന്നു.” “അയ്യോ അത് പെങ്ങൾ ആയിരുന്നോ.. കണ്ടിട്ട് മനസിലായില്ല കേട്ടോ. അന്ന് വല്യ സാരിയും മാലയും ഒക്കെ ആയിരുന്നല്ലോ?” നീലു ചിരിച്ചു. “അന്ന് ഞാനൊരു പ്രോഗ്രാമിന് പോയി വരുന്ന വഴി ആയിരുന്നു.

അതാണ്” അപ്പോഴാണ് അനീഷിന്റെ അടുത്ത് നിന്ന സ്ത്രീയെ അവൾ കണ്ടത്. നീലുവിൽ ഒരു ഞെട്ടൽ പ്രകടമായി. രാഹുലിന്റെ അമ്മ..! ആഢ്യയായ പടിപ്പുര മഠത്തിലെ പദ്മാവതിയമ്മ ആണോ ഇത്? അവരുടെ പ്രേതം പോലെ മെലിഞ്ഞുണങ്ങിയ ഓജസ് വറ്റിയ ഒരു രൂപം. അവർക്ക് അവളെ മനസിലായിട്ടില്ല എന്ന് മനസിലായപ്പോൾ സമാധാനം തോന്നി. “പെങ്ങളെന്താ ഇവിടെ..?” “ഞാനിവിടെ KSEBയിൽ ആണ് വർക്ക് ചെയ്യുന്നത്. സീനിയർ എൻജിനീയർ.” “ആഹാ.. അപ്പോ നമ്മൾ അയലോക്കം ആണ്.

ഞാൻ ഇവിടെ സെൻട്രൽ ജയിലിലെ പുതിയ ബില്ഡിങ്ങിന്റെ സൂപ്പർവൈസർ ആണ്. ചായ കുടിക്കാം?” “അയ്യോ വേണ്ട. വണ്ടി ഓഫ് ആയതുകൊണ്ട് ഞാൻ ബസിന് പോകാൻ വേണ്ടി ഇറങ്ങിയതാണ്. ഇപ്പോ അനീഷിനെ കണ്ടപ്പോ വന്നു എന്നേയുള്ളു” “അത് പിന്നേം ഓഫ് ആയോ? കാശ് കൊടുത്തു വണ്ടി വാങ്ങണം പെങ്ങളെ” അത് കേട്ട് നീലു ചുണ്ട് കൂർപ്പിച്ചു. “ക്യാഷ് കൊടുത്തു തന്നെയാ വാങ്ങിയത്.. പിന്നെ പെങ്ങൾ എന്നല്ല.. എന്റെ പേര് നീലിമ. നീലിമ ശിവപ്രസാദ്” അനീഷിന്റെ അടുത്ത് നിന്ന സ്ത്രീയുടെ മുഖത്ത് നോക്കിയാണ് അവൾ അത് പറഞ്ഞത്.

ആ പേര് കേട്ടപ്പോൾ അവരിലും ഒരു ഞെട്ടൽ ഉണ്ടായി. “നീലിമ എങ്കിൽ നീലിമ. എന്തായാലും പരിചയപ്പെട്ട സ്ഥിതിക്ക് ഒരു ചായ കുടിച്ചിട്ട് പോകാം. മുട്ട കഴിക്കുമല്ലോ അല്ലെ..?” നീലു ചിരിയോടെ തലയാട്ടി. തന്നിൽ തറഞ്ഞുനില്കുന്ന ആ സ്ത്രീയുടെ കണ്ണുകളെ അവൾ അവഗണിച്ചു. തട്ടുകടയിലെ ചൂട് ചായയും മുട്ട ബജിയും ലൂസ് ഉള്ളി-മുളക് ചമ്മന്തിയും എല്ലാം കൂടി നല്ല രുചി ആയിരുന്നു. കഴിക്കുന്നതിനിടയിൽ അനീഷിന്റെ കണ്ണുകൾ നീലുവിനെ തേടി ചെന്നു. അപ്പോഴാണ് അവൻ അവളെ ഒന്ന് ശ്രദ്ധിച്ചത്.

ആ മുഖം തന്റെ ഹൃദയതിനോട് വളരെ അടുപ്പം ഉള്ളതായി അവന് തോന്നി. “ഛെ.. എന്തൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്” അവൻ മനസിൽ പറഞ്ഞുകൊണ്ട് നോട്ടം മാറ്റി. “എന്നാൽ ഞാൻ പോകുകയാണ് മോനെ..” അവിടെ നിന്ന സ്ത്രീ നീലുവിനെ നോക്കാതെ അനീഷിനോടായി പറഞ്ഞു. അവരോടൊന്ന് സംസാരിക്കണം എന്ന് നീലുവിന് തോന്നി. “പദ്മാവതിയമ്മ അല്ലെ..?” അവർ ബദ്ധപ്പെട്ട് തലയാട്ടി. “എന്നെ മനസിലായില്ലേ..? ഞാൻ നീലിമ. ആന്റി എന്താ ഇവിടെ..?” “അത്.. അതു പിന്നെ.. എനിക്കിതിരി തിരക്കുണ്ട് മോളെ.. ദേ ബസ് വന്നു. പിന്നെ കാണാം.”

കോടീശ്വരിയായ പദ്മാവതിയമ്മ ബസിൽ കയറി പോകുന്ന കാഴ്ച നീലു കൗതുകത്തോടെ നോക്കി നിന്നു. വിലകൂടിയ സാരിയും ആഭരണങ്ങളും ധരിച്ചു കോടികളുടെ വാഹനകളിൽ യാത്ര ചെയ്തിരുന്ന പദ്മാവതിയെ നീലുവിന് ഓർമ വന്നു. അനീഷ് ചായയുടെ പണം കൊടുത്തു നീലുവിനരികിലേക്ക് ചെന്നു. “നീലിമക്ക് അറിയാമോ അവരെ..?” “അറിയാം.. അവരെന്താ ഇവിടെ?” “അതൊരു വിഷമം ആണ്. ഒരുപാട് പൈസയൊക്കെ ഉണ്ടായിരുന്നവർ ആണ്. അവരുടെ മകന് ചെറിയ എന്തോ മാനസിക പ്രശ്നം ഉണ്ടായിരുന്നു. അവന്റെ അച്ഛൻ മരിച്ചതോടെ അത് കൂടി. ബിസിനസ് ഒക്കെ ആരും നോക്കി നടത്താൻ ഇല്ലാതെ അന്യാധീനപ്പെട്ടു.

കുറെ കടം കയറി. ഒടുവിൽ ഈ പയ്യൻ എന്തോ ദേഷ്യത്തിൽ അവന്റെ ഭാര്യയെ പിടിച്ചു തള്ളിയതാണ്. അത് ബാൽക്കണിയിൽ നിന്ന് താഴെ വീണ് മരിച്ചു. ഇവർക്ക് ആ സമയത്തു കേസ് നടത്താൻ ഒന്നും ഉള്ള കെൽപ് ഇല്ലാതെ പോയി. ആ പെണ്കുട്ടിയുടെ വീട്ടുകാർ ഇവന്റെ വട്ട് ഒക്കെ നാടകം ആണെന്ന് വാദിച്ചു. കോടതി അവനെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. ഇപ്പോ ഒന്നൊന്നര വർഷം ആയി ഇവിടെ. ഈ അമ്മ മകളുടെ കൂടെ ആണ് ഇപ്പോൾ.” കാര്യങ്ങൾ വാർത്തകൾ വഴിയും പലരും പറഞ്ഞും അറിഞ്ഞിരുന്നു എങ്കിലും കേട്ടപ്പോൾ അവൾക്ക് വേദന തോന്നി.

പദ്മാവതിയമ്മയെ കൂടുതൽ സംസാരിച്ചു വിഷമിപ്പിക്കാതെ ഇരുന്നത് നന്നായി. “അല്ല.. നീലിമക്ക് എങ്ങനെയാ അവരെ പരിചയം?” “അവരുടെ മകൻ കൊന്ന കുട്ടിയുടെ സ്ഥാനത്തേക്ക് ആദ്യം നോമിനേഷൻ വന്നത് എനിക്കായിരുന്നു.” അനീഷ് ഒന്നും മനസിലാകാതെ അവളെ നോക്കി. “അയാളുടെ ആലോചന ആദ്യം വന്നത് എനിക്കായിരുന്നു. മാനസിക പ്രശ്നം അറിഞ്ഞപ്പോൾ ഞങ്ങൾ അന്വേഷിച്ചു. അന്ന് ഇവരെല്ലാം കുടുംബത്തിന്റെ അന്തസ് നോക്കി അവന് ട്രീറ്റ്‌മെന്റ് നിഷേധിച്ചു. ഞാൻ ആ വിവാഹം വേണ്ടെന്ന് വച്ചതിന്റെ പേരിൽ എന്റെ നല്ല പ്രായത്തിൽ വന്ന ആലോചനകൾ എല്ലാം ഇവർ മുടക്കി.”

“ഓ.. അപ്പോ കാണുന്ന പോലെ അല്ല അല്ലെ ആള്” “ഹേയ്.. ഇപ്പോ അവർ ഒരുപാട് മാറി. ഈ ചിന്തകൾ ഒക്കെ ഒരു പത്ത് പന്ത്രണ്ടു കൊല്ലം മുന്നേ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് ജീവിതങ്ങൾ രക്ഷപെട്ടേനെ” അനീഷും അത് കേട്ട് ആലോചനയോടെ നിന്നു. നീലു അവനോട് യാത്രപറഞ്ഞു ബസിൽ കയറിപോയി. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 “മോളെ… എന്റെയൊരു പഴയ സുഹൃത്തിന്റെ മകന്റെ ആലോചന വന്നിട്ടുണ്ട് നിനക്കു. നമുക്കൊന്ന് നോക്കിയാലോ” അത്താഴം കഴിക്കുന്നതിനിടയിൽ ഹരിപ്രസാദ് ചോദിച്ചു. “അതു വേണോ വല്യച്ചാ..? വേഷം കെട്ടി നിന്നു നിന്ന് എനിക്ക് മതിയായി.

ഇപ്പോഴുള്ള ജീവിതത്തിൽ ഞാൻ ശരിക്കും ഹാപ്പി ആണ്. പിന്നെ ഇനിയും ഒരു പരീക്ഷണം.. അത് വേണോ?” “അങ്ങനല്ല. നിന്നെ ഒരു കൈപിടിച്ചു കൊടുക്കാതെ ഞങ്ങൾക്ക് എങ്ങനെയാ സമാധാനം ആകുന്നത്..?” “കല്യാണം മാത്രമാണോ ജീവിതത്തിന്റെ ലക്ഷ്യം?” ശിവന്റെ ചോദ്യത്തിന് അവൾ മറുപടി കൊടുത്തു. “അവൾ അങ്ങനെ പലതും പറയും. ഏട്ടൻ അവരോട് വരാൻ പറഞ്ഞോളൂ” ഗീത പറഞ്ഞു. നീലുവിന് പെട്ടന്ന് ദേഷ്യം ഇരച്ചുകയറി. “എന്റെ അനുവാദം ഇല്ലാതെ ഇവിടെ ആരും വന്ന് കണ്ടിട്ടു പോകില്ല.

ഇനി ഞാനിവിടെ നിൽക്കുന്നതാണ് നിങ്ങളുടെയെല്ലാം ബുദ്ധിമുട്ട് എങ്കിൽ ഞാൻ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറിക്കോളാം” അതും പറഞ്ഞു നീലു എഴുന്നേറ്റ് പോയി. എല്ലാവരും അടി കിട്ടിയപോലെ ഇരുന്നുപോയി. അവളുടെ ദേഷ്യം അന്നുവരെ കണ്ടിട്ടില്ലാത്ത കുട്ടികൾ പേടിച്ചു പരസ്പരം നോക്കി. കുറച്ചു നേരം ഒറ്റക്ക് ഇരുന്നപ്പോഴേക്കും അവളുടെ മനസൊന്നു ശാന്തമായി. അമ്മയോട് ദേഷ്യപ്പെടേണ്ടിയിരുന്നില്ല..! അവൾ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു. അമ്മമാർ രണ്ടാളും സീരിയൽ കാണുന്നുണ്ട്. കണ്ണ് TVയിൽ ആണെങ്കിൽ മനസ് അവിടെയല്ല എന്നു വ്യക്തം. മീനാക്ഷി കുട്ടികളെ പഠിപ്പിക്കുന്നു.

സാധാരണ അത് നീലുവാണ് ചെയ്യാറ്. നീലു പോയി രണ്ടാളുടെയും നടുക്കിരുന്നു. കൈകൾ എടുത്തു തന്റെ മടിയിൽ വച്ചു. “എന്നോട് ദേഷ്യാ..?” അവൾ രണ്ടുപേരെയും മാറി മാറി നോക്കി. “മടുത്തു അമ്മേ.. ഈ പെണ്ണുകാണാൻ ഒരുങ്ങി കെട്ടി നൽകുന്ന പരിപാടി. ഓരോരുത്തരും വന്നു പോകുമ്പോൾ നിങ്ങളുടെയൊക്കെ കണ്ണിലെ പ്രതീക്ഷ കാണുമ്പോൾ എനിക്കും സന്തോഷം തോന്നും. പിന്നെ അത് പോകുമ്പോൾ വേദനയും. എല്ലാം കഴിഞ്ഞു നാട്ടുകാരുടെ ചോദ്യം ഉണ്ട്. ഇന്നലെ വന്നതും നടന്നില്ല അല്ലെ മോളെ എന്ന്.

അതും കൂടി ആകുമ്പോൾ അപമാനം കൊണ്ടു തല താഴ്ന്നു പോകുകയാണ്. ഞാൻ ഇവിടെ നിങ്ങളുടെ കൂടെ നിൽക്കാം അമ്മ. ഇനി അതല്ലെങ്കിൽ, എനിക്ക് ഒരു വിവാഹജീവിതം ഉണ്ടെങ്കിൽ, അതിനുള്ള ആളെ ഞാൻ തന്നെ കണ്ടു പിടിച്ചുകൊള്ളാം.” അമ്മമാരുടെ മുഖത്തെ പ്രസാദം മെല്ലെ തിരിച്ചുവന്നു. നീലു എഴുന്നേറ്റ് മീനാക്ഷിയുടെ അരികിൽ ചെന്നിരുന്നു. “ഹോട്ടൽ മുതലാളി പോയി കണക്ക് നോക്കു. എന്റെ ഉണ്ണികളെ ഞാൻ പടിപ്പിച്ചോളാം” “അതല്ലെങ്കിലും എന്നെക്കാളും ഇവർക്ക് നിന്നെ മതിയല്ലോ. ഇപ്പോ തന്നെ അപ്പച്ചി വന്നിട്ടെ പഠിക്കൂ എന്നും പറഞ്ഞു സീരിയൽ കാണുകയായിരുന്നു.

ഞാൻ ചൂരൽ എടുത്തപ്പോഴാ ബുക് ഒന്നു തുറന്നത്.” മീനാക്ഷി കള്ളപരിഭാവത്തോടെ പറഞ്ഞു. നീലു അവളുടെ കവിളിൽ ചുംബിച്ചു: “ഏടത്തി ചെല്ലു. വാദ്യാർ അവിടെ കാത്തിരിക്കുന്നുണ്ടാകും. ഇവര് എന്റെ കൂടെ കിടന്നോളും.” “നീയെങ്ങാൻ കല്യാണം കഴിച്ചു പോയാൽ ഇവരെയും കൊണ്ട് പിന്നെ ഞാൻ പെട്ടു പോകും എന്റെ നീലു..” പറഞ്ഞു കഴിഞ്ഞാണ് താൻ പറഞ്ഞു പോയതിലെ അബദ്ധം മീനാക്ഷിക്ക് മനസിലായത്. പക്ഷെ നീലുവിന് അത് മനസിലായില്ല. “ഞാൻ പോകുമ്പോ ഇവരെയും കൊണ്ട് പോകും.

അല്ലെടാ..?” “അപ്പച്ചീനെ ഞങ്ങൾ എങ്ങോട്ടും വിടില്ല…” മനുക്കുട്ടൻ പറഞ്ഞു. കുറേനേരം പഠിച്ചു മെല്ലെ ഉറക്കം വന്നു തുടങ്ങിയപ്പോൾ നീലു കുഞ്ഞുങ്ങളെ തന്റെ റൂമിൽ കൊണ്ടുപോയി കിടത്തി. പതിവുപോലെ അവളെ ഇരുവശത്തുമായി കെട്ടിപ്പിടിച്ചു അവരുറങ്ങി. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 അന്ന് ഞായറാഴ്ച ആയതുകോണ്ട് നീലു വൈകിയാണ് എഴുന്നേറ്റത്. പ്രാതൽ ഒക്കെ കഴിഞ്ഞു ഉമ്മറത്ത് കുട്ടികളുമായി കളിച്ചുകൊണ്ടിരുന്നു. മീനാക്ഷിയും അവർക്കൊപ്പം കൂടി.

പാചകം അവിടെ ഇപ്പോഴും ഗീതയുടേയും സുമിത്രയുടെയും നീലുവിന്റെയും കുത്തകയാണ്. ശിവനും ഹരിയും വിരമിച്ചശേഷമുള്ള ജീവിതം ആനന്ദകരമാക്കാൻ കൃഷിയിലേക്ക് തിരിഞ്ഞു. അവധി കിട്ടുമ്പോൾ തനയ്യും ഒപ്പം കൂടും. മീനാക്ഷി അവധി ദിവസങ്ങളിൽ ഷോപ്പിൽ പോകാറില്ല. അവളും നീലുവും കുട്ടികളുമായി കളിച്ചും ചിരിച്ചും അത്യാവശ്യം പാചകവും ഒക്കെയായി ദിവസം കളയും. അതാണ് ഇപ്പോ കുറച്ചു കാലമായുള്ള പതിവ്. ഗേറ്റ് കടന്നു വരുന്ന മദ്യവയസ് കഴിഞ്ഞ സ്ത്രീയെ നീലുവാണ് ആദ്യം കണ്ടത്. ഒറ്റ നോട്ടത്തിൽ എവിടെയോ കണ്ട പരിചയം തോന്നി.

ഒരു നരച്ച സാരിയാണ് അവർ ഉടുത്തിരുന്നത്. ക്ഷീണവും അവശതയും ദാരിദ്ര്യവും വിളിച്ചോതുന്ന ഭാവം. കഴുത്തിൽ കിടക്കുന്ന സ്വർണ നിറമുള്ള മാലയിൽ ചെമ്പു തെളിഞ്ഞു കാണാം. എവിടെയൊക്കെയോ താനുമായി ഒരു മുഖ സാദൃശ്യം അവൾക്ക് തോന്നി. മീനാക്ഷിയും അത് തന്നെയാണ് ശ്രദ്ധിച്ചത്. നീലുവിനെ കണ്ട അവരുടെ മുഖം തിളങ്ങി. “മോളെ…….!” ആ വിളിയും അവരുമായി തനിക്കുള്ള രൂപ സാദൃശ്യവും നീലുവിലെ സംശയങ്ങൾ ഊട്ടി ഉറപ്പിച്ചു . (തുടരും)-

ഭാര്യ-2 : ഭാഗം 5

Share this story