നാഗചൈതന്യം: ഭാഗം 3

നാഗചൈതന്യം:  ഭാഗം 3

എഴുത്തുകാരി: ശിവ എസ് നായർ

ഇരുപത്തിനാലു വർഷങ്ങൾക്കിപ്പുറം വാസുദേവ ഭട്ടത്തിരിയുടെ മാന്ത്രിക ബന്ധനത്തിൽ നിന്നും രോഹിണി പുറത്തു കടന്നിരിക്കുന്നു… എങ്ങനെയാവാം അവൾ അതിശക്തമായ ആ ബന്ധനം തകർത്തെറിഞ്ഞിട്ടുണ്ടാവുക…. നാനാവിധ ചിന്തകൾ അയാളുടെ മനസിലൂടെ കടന്നു പോയി. പാലത്തിടത് തറവാടിന്റെ ഉമ്മറ കോലായിൽ കൂടി നാരായണൻ തലങ്ങും വിലങ്ങും നടന്നു. അയാളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഭിത്തിയിൽ മാലയിട്ട് അലങ്കരിച്ചിരുന്ന അതിസുന്ദരിയായൊരു പെൺകുട്ടിയുടെ ഛായ ചിത്രത്തിലേക്ക് നാരായണന്റെ കണ്ണുകൾ ഉടക്കി. “ആരോടുള്ള പക വീട്ടാനാണ് മോളെ നിന്റെയീ തിരിച്ചു വരവ്.

ആരാണ് നിന്നോട് പൊറുക്കാൻ പറ്റാത്ത ദ്രോഹം ചെയ്തത്. ഈ നാടിന്റെ നാശം കണ്ടാലേ നീ അടങ്ങു എന്നുണ്ടോ…. ” അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു. അതേസമയം ഒരു കരിനാഗം നാരായണനെ ലക്ഷ്യമിട്ട് പടിപ്പുര കടന്നു ഇഴഞ്ഞു വരുന്നുണ്ടായിരുന്നു. മുറ്റത്തു നിൽക്കുന്ന ശങ്കരൻ പോലും ഉമ്മറകോലായിലേക്ക് ഇഴഞ്ഞു കയറിയ കരി നാഗത്തെ കണ്ടിരുന്നില്ല. പൂമുഖത്തേക്ക് പ്രവേശിച്ച കരിനാഗം പതിയെ രോഹിണിയായി മാറി. അൽപ്പ നേരം നാരായണനെ തന്നെ നോക്കി നിന്ന ശേഷം ആരെയോ കാണാനായി അവൾ അകത്തേക്ക് കയറി പോയി. നാരായണൻ ശങ്കരന് നേരെ തിരിഞ്ഞു.

“എങ്ങനെയാ ശങ്കരാ രോഹിണി പുറത്തു വന്നത്. അങ്ങനെ സംഭവിക്കാൻ വിദൂര സാധ്യത പോലുമുണ്ടായിരുന്നതല്ലല്ലോ… ” “മേലാറ്റൂർ വനത്തിനുള്ളിൽ പോയി നാഗത്തറ കണ്ടു വന്നവരാണ് തിരുമേനി ഇക്കാര്യം എന്നോട് പറഞ്ഞത്…., ” ശങ്കരൻ പറഞ്ഞു. “എന്ത് കാര്യമാ… ” ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു. “രോഹിണിയുടെ ആത്മാവിനെ ആവാഹിച്ചു വച്ചിരുന്ന നാഗയക്ഷിയുടെ സ്വർണശിലയും അതിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ആവാഹന മന്ത്രങ്ങളെഴുതിയ സ്വർണ എലസുകളും നാഗത്തറയിൽ നിന്നും അപഹരിക്കപ്പെട്ടിരിക്കുന്നു….” “എന്റെ ഭഗവതി ഞാനെന്തായി കേക്കണത്…. ” നാരായണൻ നെഞ്ചത്ത് കൈവച്ചു നിലത്തേക്കിരുന്നു പോയി. “തിരുമേനി…” ശങ്കരൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി വന്നു. “ശങ്കരാ കുറച്ചു വെള്ളം വേണം… ”

നാരായണൻ തിരുമേനി തളർച്ചയോടെ അയാളോട് പറഞ്ഞു. തിരുമേനിയെ പിടിച്ചെഴുന്നേൽപ്പിച്ചു ചാരുകസേരയിലേക്ക് ഇരുത്തിയ ശേഷം ശങ്കരൻ അകത്തേക്ക് നോക്കി കുറച്ചു വെള്ളം കൊണ്ട് വരാൻ വിളിച്ചു പറഞ്ഞു. നാരായണൻ തിരുമേനി നന്നായി വിയർക്കുന്നുണ്ടായിരുന്നു….എഴുപത്തിയഞ്ചു വയസ്സുണ്ടാകും അദ്ദേഹത്തിനു.മനസിനേറ്റ ആഘാതത്താൽ തിരുമേനി നന്നേ ക്ഷീണിതനായി കാണപ്പെട്ടു. നിലത്തു കിടന്ന വിശറി എടുത്തു ശങ്കരൻ പതിയെ വീശി കൊടുത്തു കൊണ്ടിരുന്നു. അപ്പോഴേക്കും അകത്തു നിന്നും ഒരു ഓട്ടു കിണ്ണത്തിൽ സംഭാരവുമായി ഭാനുപ്രിയ ഇറങ്ങി വന്നു. നാരായണൻ തിരുമേനിയുടെ ഭാര്യയാണ് ഭാനുപ്രിയ.പ്രായം അറുപത്തിയഞ്ചു കഴിഞ്ഞെങ്കിലും കണ്ടാൽ ഒരു അറുപതിനോടടുത്തേ തോന്നു.

പാലത്തിടത് തറവാടിന്റെ ഭരണവും അവരുടെ കയ്യിലാണ്. “എന്താടാ ശങ്കരാ… ഇങ്ങേർക്ക് പെട്ടെന്നിതെന്തു പറ്റി…?? ” ഭാനുപ്രിയ തെല്ലു പരിഹാസത്തോടെ ചോദിച്ചു. ഭർത്താവിനെ തെല്ലും വക വയ്ക്കാത്തൊരു പ്രകൃതക്കാരിയാണ് ഭാനുപ്രിയ.അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹത്തെ താഴ്ത്തി കെട്ടാനെ അവർ ശ്രമിച്ചിട്ടുള്ളു. “അത് പിന്നെ തമ്പുരാട്ടി…. ” ശങ്കരൻ നിന്ന് വിയർത്തു. “നീ കാര്യം പറയ്യ് ശങ്കരാ…” അവർ തിടുക്കപ്പെട്ടു. “രോഹിണിയുടെ ആത്മാവ് മോചിതയായിരിക്കുന്നു തമ്പ്രാട്ടി. ഇന്നലെ രാത്രി രണ്ടുപേരെ വകവരുത്തുകയും ചെയ്തു. കുമാരനെയും മല്ലികയെയും…. ” ശങ്കരന്റെ വാക്കുകൾ ഇടിത്തീ പോലെയാണ് അവരുടെ കാതുകളിൽ ചെന്ന് പതിഞ്ഞത്.

“നേരാണോ ശങ്കരാ… ” വിശ്വാസം വരാതെ അവർ ചോദിച്ചു. “അവൻ പറഞ്ഞത് നേര് തന്നെയാ… അവളുടെ മരണത്തിൽ നിനക്കെന്തെങ്കിലും പങ്കുണ്ടെങ്കിൽ ഭാനു നീ സൂക്ഷിച്ചോ…. അവളെ ഇല്ലാതാക്കിയവരുടെ കുലം മുച്ചൂടും മുടുപ്പിച്ചിട്ടേ രോഹിണിയുടെ ആത്മാവ് അടങ്ങു… ” ക്ഷീണിച്ചതെങ്കിലും ഉറച്ച സ്വരത്തിൽ നാരായണൻ ഭാര്യയോട് പറഞ്ഞു. ഇരുവരെയും ഒന്ന് നോക്കിയ ശേഷം ഭാനുപ്രിയ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി. അവിടെ നടന്ന സംഭാഷണങ്ങളെല്ലാം കേട്ടു കൊണ്ട് നിന്ന രേവതി പതിയെ നാരായണന്റെ അടുത്തേക്ക് ചെന്നു.നാരായണന്റെ മൂത്ത മകൻ ഗണേശന്റെ ഒരേയൊരു മകളാണ് രേവതി. “മുത്തശ്ശാ… ” “എന്താ മോളെ..എന്ത് പറ്റി… ”

ചാരുകസേരയിൽ അൽപ്പം നിവർന്നിരുന്നു കൊണ്ട് അദ്ദേഹം അവളെ നോക്കി ചോദിച്ചു. “ആരാ ഈ രോഹിണി… എന്താ അവർക്ക് സംഭവിച്ചത്. ഇവിടുത്തെ ആരായിരുന്നു രോഹിണി. ഓർമ്മ വച്ച നാൾ മുതൽ ഈ ചിത്രം ഞാനിവിടെ കാണുന്നതാ…. ഇനിയെങ്കിലും അവരാരായിരുന്നുവെന്നും എന്താ അവർക്ക് സംഭവിച്ചതെന്നും പറയ്യ് മുത്തശ്ശാ… എനിക്കതറിയണം…. ” അദ്ദേഹം ദീർഘമായൊന്നു നിശ്വസിച്ചു. ശേഷം പറഞ്ഞു തുടങ്ങി. “രോഹിണി ഈ പാലത്തിടത് തറവാട്ട് മുറ്റത്തു കളിച്ചു വളർന്ന കുട്ടിയായിരുന്നു.മേലാറ്റൂർ വനത്തിനുള്ളിൽ അവകാശികളില്ലാതെ അന്യം നിന്നു പോയൊരു കോവിലകമുണ്ട്. മേലാറ്റൂർ കോവിലകം.അതിന്റെ ഏക അവകാശിയായിരുന്നു അവൾ.

രോഹിണിയുടെ മരണകാരണമെന്തെന്ന് എനിക്കും അറിയില്ല മോളെ…അതറിയാവുന്ന ഏകയാൾ അകത്തെ മുറിയിൽ വർഷങ്ങളായി മിണ്ടാനാകാതെ തളർന്നു കിടക്കുന്ന നിന്റച്ഛനു മാത്രമാണ്…. ” “പക്ഷേ മുത്തശ്ശാ കോവിലകത്തു ജനിച്ചു വളരേണ്ട രോഹിണി എങ്ങനെ പാലത്തിടത് തറവാട്ടിൽ എത്തിപ്പെട്ടു. കോവിലകത്തുള്ളവർക്ക് എന്താണ് സംഭവിച്ചത്…” രേവതി തന്റെ സംശയങ്ങൾ നാരായണനോട്‌ ചോദിച്ചു. അദ്ദേഹം എന്തോ പറയാനായി തുടങ്ങിയപ്പോഴാണ് നെഞ്ചിലൊരു പിടച്ചിൽ അനുഭവപ്പെട്ടത്. നാരായണൻ തിരുമേനി ഇരു കൈകളും ഇടത് നെഞ്ചിലേക്കമർത്തി. “ആഹ്… അമ്മേ… ” ഒരു നിലവിളി അദ്ദേഹത്തിന്റെ തൊണ്ടയിൽ കുരുങ്ങി നിന്നു.

കൃഷ്ണമണികൾ മേലോട്ടുയർന്നു. ഒരു ഞരക്കത്തോടെ തിരുമേനി ഒരു വശത്തേക്ക് മറിഞ്ഞു വീണു. അദ്ദേഹം താഴെ വീഴും മുൻപേ ശങ്കരനും രേവതിയും ചേർന്ന് നാരായണൻ തിരുമേനിയെ താങ്ങിപിടിച്ചു.തിരുമേനിയുടെ കണ്ണുകൾ സാവധാനം അടഞ്ഞു. “മോളെ… “പരിഭ്രമത്തോടെ ശങ്കരൻ രേവതിയെ നോക്കി. “ശങ്കരമ്മാവൻ വേഗം പോയി വൈദ്യരെ കൂട്ടികൊണ്ട് വരൂ. മുത്തശ്ശനു നെഞ്ച് വേദന വന്നതാകും… വേഗം പോയി വൈദ്യരെ വിളിക്കു.. ” രേവതി തിടുക്കത്തിൽ പറഞ്ഞു. ശങ്കരനും മറ്റു രണ്ടുപേരും ചേർന്ന് തിരുമേനിയെ അകത്തു മുറിയിലേക്ക് കിടത്തി. ശേഷം അയാൾ വേഗം തന്നെ വൈദ്യരെ വിളിക്കാനായി പോയി. കുറച്ചു സമയത്തേക്ക് എന്ത് ചെയ്യണമെന്നറിയാതെ നിന്നെങ്കിലും രേവതി സമചിത്തത വീണ്ടെടുത്തു. രേവതി നേരെ ഭാനുപ്രിയയുടെ അടുത്തേക്ക് ചെന്നു.

അവൾ ചെല്ലുമ്പോൾ അവർ എന്തോ തിരക്കിട്ട പണിയിലായിരുന്നു. “മുത്തശ്ശി…. മുത്തശ്ശനു പെട്ടെന്നൊരു നെഞ്ചുവേദന വന്നു…. ” ഒരു നടുക്കത്തോടെ ഭാനുപ്രിയ അവളുടെ മുഖത്തേക്ക് നോക്കി. “ശങ്കരനമ്മാവൻ വൈദ്യരെ വിളിക്കാൻ പോയേക്കുവാ. മുത്തശ്ശൻ മയക്കത്തിലാണ്… എനിക്കെന്തോ പേടിയാകുന്നു… ” ഭാനുപ്രിയയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. “മോൾ പോയി വേഗം അമ്മയോടും ചെറിയമ്മയോടും ചെറിയച്ഛനോടും വിവരം പറയ്യ്… ” രേവതിയെ നോക്കി അത്രയും പറഞ്ഞിട്ട് ഭാനുപ്രിയ തിരുമേനിയെ കിടത്തിയിരുന്ന മുറിയിലേക്ക് നടന്നു. രേവതി വേഗം ചെന്ന് തന്റെ അമ്മയോടും ചെറിയമ്മയോടും മുത്തശ്ശനു പെട്ടന്ന് വയ്യാണ്ടായ വിവരം അറിയിച്ച ശേഷം മുത്തശ്ശന്റെ അരികിലേക്ക് ഓടി.

തന്റെ മുത്തശ്ശനു ഒന്നും വരുത്തരുതേയെന്നവൾ മനമുരുകി പ്രാർത്ഥിച്ചു. അതേസമയം നാരായണന് സമീപം നിറമിഴികളോടെ ഇരിക്കുകയായിരുന്നു ഭാനു. ആദ്യമായിട്ടാണ് തന്റെ ഭർത്താവിനെ ഓർത്ത് ഭാനുപ്രിയയുടെ കണ്ണുകൾ നിറയുന്നത്.കട്ടിലിൽ തളർന്നു കിടക്കുന്ന തിരുമേനിക്കരുകിൽ വിലാപത്തോടെ അവരിരുന്നു. കുറ്റബോധത്താൽ അയാളുടെ കാൽക്കൽ വീണ് ആ വൃദ്ധ തേങ്ങികരഞ്ഞു. “അവളെ ഞാനല്ല കൊന്നത്… എന്റെ കൈ കൊണ്ട് അങ്ങനെയൊരു തെറ്റ് ഞാൻ ചെയ്തിട്ടില്ല നാരായണേട്ടാ…ഇത്രയും വർഷക്കാലം നിങ്ങളെ ഞാൻ വെറുത്തിരുന്നത് എന്നെ ചതിച്ചതിനാലായിരുന്നു… ” ഭാനുപ്രിയയുടെ തേങ്ങലുകൾ തിരുമേനിയുടെ കാതുകളിൽ വന്നു പതിച്ചു.

അർദ്ധ ബോധാവസ്ഥയിലും തിരുമേനി എന്തോ പറയാനായി ശ്രമിച്ചു കൊണ്ടിരുന്നു. അതെല്ലാം കണ്ടു കൊണ്ട് വാതിലിനരികിൽ നിന്നിരുന്ന രേവതിയുടെ മനസിലേക്ക് ഒരായിരം ചോദ്യങ്ങൾ കടന്നു വന്നു. രോഹിണിയുടെ മരണവുമായി പാലത്തിടത്ത്‌ തറവാടിന് എന്തോ ബന്ധമുണ്ടെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. രോഹിണിയെ പറ്റി കൂടുതലറിയാൻ അവളുടെ മനസ്സ് വെമ്പി. രേവതി നേരെ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് ചെന്നു.ഇരുപത്തി നാല് വർഷമായി ഒരേ കിടപ്പാണ് ഗണേശൻ.മറ്റുള്ളവർ പറയുന്നതെല്ലാം അയാൾ കേൾക്കാറുണ്ട്.പക്ഷേ കിടന്നിടത്തു നിന്നൊന്ന് എഴുന്നേൽക്കാനോ എന്തെങ്കിലുമൊന്ന് ഉരിയാടാനോ ഗണേശനു കഴിയില്ല. ശരീരം മുഴുവനും മരവിച്ച അവസ്ഥയിലാണ്.

രോഹിണി മരിച്ചു കിടന്ന നാഗത്തറയ്ക്ക് സമീപത്തു നിന്നാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ഗണേശനെ നാട്ടുകാർ കാണുന്നത്. രോഹിണി എങ്ങനെ മരിച്ചുവെന്നോ ഗണേശൻ ഇങ്ങനെയാകാൻ മാത്രം എന്താണ് അന്നവിടെ സംഭവിച്ചതെന്നോ ആർക്കുമറിയില്ല. ആ രഹസ്യം ഇന്നും നിഗൂഢമായി തന്നെ തുടരുന്നു. രേവതി ഗണേശന്റെ മുറിവാതിൽക്കൽ എത്തിയതും അത് അകത്തു നിന്നും അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിഫലമായി.അകത്തു അമ്മയെങ്ങാനും കയറി കതകടച്ചതാണോയെന്ന് അവൾ ചിന്തിച്ചു നിൽക്കവേയാണ് മുത്തശ്ശന്റെ മുറിയിലേക്ക് പോകുന്ന ചെറിയച്ഛനെയും ചെറിയമ്മയെയും അമ്മയെയും അവൾ കണ്ടത്. രേവതി ഒരു നിമിഷം ഞെട്ടി.

അവരെ കൂടാതെ തറവാട്ടിൽ മാറ്റാരുമില്ല. ചെറിയച്ഛന്റെ മകൻ ഒരാഴ്ചയായി എന്തോ യാത്രയിലുമാണ്. പിന്നെയാരാവാം മുറിക്കുള്ളിൽ എന്നവൾ ചിന്തിച്ചു. അച്ഛനെന്തായാലും ഒറ്റയ്ക്ക് എഴുന്നേറ്റു വന്നു വാതിലടയ്ക്കാൻ സാധിക്കില്ല.എന്തോ പന്തികേട് ഉണ്ടെന്ന് രേവതിക്കുറപ്പായി. വാതിൽ പഴുതിലൂടെ രേവതി മുറിക്കുള്ളിൽ എന്താണെന്നു അറിയാൻ ശ്രമിച്ചു.അകത്തെ കാഴ്ച കണ്ട് അവളുടെ ശ്വാസം നിലച്ചു പോയി. അച്ഛന്റെ മുറിയിൽ അതാ പത്തി വിടർത്തി നിൽക്കുന്നു ഒരു വലിയ കരിനാഗം. അത് പതിയെ ഗണേശന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു.അയാൾ അതൊന്നുമറിയാതെ ഗാഢമായ മയക്കത്തിലായിരുന്നു.

ആ കരിനാഗം ഗണേശന്റെ കാലുകളിൽ ചുറ്റി വരിഞ്ഞു തുടങ്ങിയതും രേവതി പേടിച്ചു അലറി കരഞ്ഞു. ഒരു നിമിഷം അവളുടെ ശബ്ദം കേട്ട് തീ പാറുന്ന കണ്ണുകളോടെ കരിനാഗം പിന്തിരിഞ്ഞു നോക്കി. വാതിൽ പഴുതും കടന്നു ഒരു തീഗോളം കണ്ണിൽ വന്നു തറച്ചത് പോലെ രേവതിക്ക് തോന്നി. അവൾ പേടിയോടെ കണ്ണുകൾ പിൻവലിച്ചു. ശ്വാസം വലിച്ചു വിട്ടുകൊണ്ടവൾ വാതിൽ പഴുതിലൂടെ വീണ്ടുമൊന്നു കൂടി നോക്കിയതും അവൾ ഞെട്ടി. ഗണേശനെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയ കരിനാഗം അപ്രത്യക്ഷമായിരിക്കുന്നു.അവൾ വാതിൽ തള്ളി നോക്കിയതും അത് മലർക്കേ തുറന്നു വന്നു. രഒറ്റകുതിപ്പിന് മുറിയിലേക്ക് കയറിയവൾ ചുറ്റും കണ്ണോടിച്ചു. പക്ഷേ അവിടെയെങ്ങും ആ കരിനാഗത്തെ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല.

രേവതി അലിവോടെ തളർന്നു കിടക്കുന്ന ഗണേശനെ നോക്കി. അയാളപ്പോഴും സുഖമായി ഉറങ്ങുകയായിരുന്നു. അവൾ അയാൾക്കടുത്തേക്ക് ചെന്ന് ശിരസിൽ ചുംബിച്ചു. അപ്പോഴാണ് വാതിൽക്കൽ രേവതി അമ്മയെ കണ്ടത്. “എന്താ മോളെ എന്ത് പറ്റി…?? നീയെന്തിനാ നിലവിളിച്ചത്… ” മാലിനി അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. പെട്ടെന്നൊരു ഉത്തരം കിട്ടാതെയവൾ പതറി. “അത് പിന്നെ അമ്മേ…ഇവിടെ ഞാൻ ഒരു കരിനാഗത്തെ കണ്ട് അറിയാതെ നിലവിളിച്ചതാ. എന്റെ ശബ്ദം കേട്ട് അതെങ്ങോട്ടൊ പോയ്‌ മറഞ്ഞു… ” “കരിനാഗമോ…നീ ശരിക്കും കണ്ടതാണോ.. ” മാലിനി വിശ്വാസം വരാതെ അവളുടെ മുഖത്തേക്ക് നോക്കി. “ഞാൻ ശരിക്കും കണ്ടതാ അമ്മേ… ” ആലോചനയോടെ അവൾ മറുപടി പറഞ്ഞു.

മാലിനിയുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ട നടുക്കത്തിന്റെ പൊരുൾ അവൾക്ക് മനസിലായില്ല. എങ്കിലും എല്ലാവരും ഭയക്കുന്ന എന്തോ ദുരൂഹത ഇതിനൊക്കെ പിന്നിലുണ്ടെന്ന് രേവതിക്കുറപ്പായി. തന്റെ മനസിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം കണ്ടെത്തണമെന്ന് അവൾ തീരുമാനിച്ചു. മനസ്സിൽ ചില കാര്യങ്ങൾ ഉറപ്പിച്ചു കൊണ്ട് രേവതി മുറിവിട്ടിറങ്ങി പോയി. മാലിനി ഭയത്തോടെ മുറിയാകമാനം പരിശോധിച്ചു അവിടെയെങ്ങും ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി. ഉള്ളിൽ നുരഞ്ഞു പൊന്തിയ ഭയ കാരണം അവൾ ഗണേശനെ തനിച്ചാക്കി മുറിവിട്ട് പോകാൻ ധൈര്യമില്ലാതെ അയാൾക്ക് കാവലിരുന്നു. അതിനിടയിൽ ശങ്കരൻ പോയി വൈദ്യരെ കൂട്ടികൊണ്ട് വന്നിരുന്നു.

വിഷമകരമായ എന്തോ വാർത്ത അപ്രതീക്ഷിതമായി കേട്ടതിന്റെ തളർച്ചയിലാണ് തിരുമേനിക്ക് പെട്ടെന്നൊരു നെഞ്ച് വേദന വന്നതെന്ന് വൈദ്യർ പറഞ്ഞു.കുറച്ചു ദിവസത്തേക്ക് അധികം സംസാരിപ്പിക്കരുതെന്നും മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒന്നും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കാൻ വൈദ്യർ നിർദ്ദേശിച്ചു. നാരായണനെ പരിശോധിച്ചു ചില മരുന്നുകൾ കുറിച്ചു നൽകി വൈദ്യർ മടങ്ങിപ്പോയി. ************** രാത്രി എട്ടുമണി കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ഋഷിനാരാദമംഗലം ഗ്രാമത്തിലെ ആളുകളെല്ലാവരും നേരത്തെ തന്നെ വീടെത്തിയിരുന്നു. പലരും അത്താഴം കഴിഞ്ഞു നേരത്തെ ഉറക്കം പിടിച്ചു. പാലത്തിടത്ത്‌ തറവാടും ഇരുൾ മൂടി നിശബ്ദമായി കിടന്നു.

എല്ലാവരും ഉറങ്ങാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു രേവതി.എല്ലാവരും ഉറക്കം പിടിച്ചുവെന്ന് ഉറപ്പായപ്പോൾ അവൾ പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി. അടുക്കള വാതിലിലൂടെ പുറത്തിറങ്ങിയ രേവതി പിന്നാമ്പുറത്തെ ഒഴിഞ്ഞ പറമ്പിലൂടെ അതിവേഗം നടന്നവൾ പ്രധാന വഴിയിലെത്തി. വഴിയിലെങ്ങും ആരുമില്ലെന്ന് അവൾക്ക് മനസിലായി. രേവതി ഇടത് വശത്തെ ആൾസഞ്ചാരമില്ലാത്ത ഇരുട്ട് മൂടി കാടുപിടിച്ചു കിടക്കുന്ന വഴിയിലേക്ക് തിരിഞ്ഞു. അത് വഴി അരനാഴിക നടന്നാൽ ഗ്രാമാതിർത്തി എത്തും. അവിടുന്ന് മേലാറ്റൂർ വനത്തിനുള്ളിൽ കടക്കാനായിരുന്നു അവളുടെ ലക്ഷ്യം. പകൽ എല്ലാവരുടെയും കണ്ണു വെട്ടിച്ചു പുറത്തിറങ്ങുന്നത് സാധ്യമല്ല എന്നുള്ളത് കൊണ്ടാണ് അവൾ ഇരുട്ട് വീഴുന്നതും കാത്തിരിരുന്നത്.

ഇരുളിന്റെ മറവ് പറ്റി അവളെ പിന്തുടർന്ന് വന്ന അപകടമറിയാതെ രേവതി മുന്നോട്ടു നടന്നു. ഒടുവിൽ അവൾ ആ ഇലഞ്ഞി മരച്ചോട്ടിനു മുന്നിലെത്തി. നിശബ്ദത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. കുറ്റാ കൂരീരുട്ട്. രേവതി കയ്യിൽ കരുതിയിരുന്ന ചൂട്ടിലേക്ക് തീ പകർന്നു. എവിടുന്നോ കൈവന്ന അസാമാന്യ ധൈര്യം അവളെ മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചു.ഉള്ളിൽ ചെറിയൊരു ഭയം മുളപൊട്ടിയെങ്കിലും അവൾക്കുള്ളിലെ അടങ്ങാത്ത ആകാംക്ഷ രേവതിയെ മുന്നോട്ടുള്ള പ്രയാണത്തിനു ആക്കം കൂട്ടി. അവൾ രണ്ടും കല്പ്പിച്ചു മുന്നോട്ടു നടങ്ങാൻ ഒരുങ്ങിയതും പിന്നിലൂടെ വന്ന രണ്ടു കരങ്ങൾ അവളെ വരിഞ്ഞു മുറുക്കി. തുടരും

നാഗചൈതന്യം: ഭാഗം 2

Share this story