മഴമുകിൽ: ഭാഗം 1

മഴമുകിൽ:  ഭാഗം 1

എഴുത്തുകാരി: അമ്മു അമ്മൂസ്

“”നിന്നെ പോലെ ഒരു പെണ്ണിനെ ഇനി എനിക്ക് ആവശ്യമില്ല ദേവ…..എനിക്കിപ്പോൾ നിന്നോട് മടുപ്പാണ് തോന്നുന്നത്.. .. മടുപ്പ് മാത്രം…. “” കാതടപ്പിക്കുന്ന ശബ്ദത്തിൽ ഭൂമിയുടെ മാറിനെ പിളർക്കും വിധം ഇടി മുഴങ്ങിയപ്പോളാണ് അവൾ ഞെട്ടലോടെ കണ്ണ് തുറക്കുന്നത്…. എല്ലാം ഇന്നലേ കഴിഞ്ഞ ഒരു സ്വപ്നം പോലെ… അല്ലെങ്കിൽ തന്നെ എന്നും ഉറക്കം കെടുത്തുന്ന ആ ദിവസങ്ങൾ എങ്ങനെ മറക്കാനാണ്… മുറിയിലാകെ ഇരുട്ടായിരുന്നു…. ഇരുട്ട് മാത്രം…. വീണ്ടും ഭയം നെഞ്ചിനെ വരിഞ്ഞു മുറുക്കാൻ തുടങ്ങി… ഭൂതകാലത്തിന്റെ ഇരുട്ട് വീണ്ടും ഒരിക്കൽ കൂടി വിഴുങ്ങാൻ തയ്യാറെടുക്കും പോലെ…

കൈകൾ കൊണ്ട് വെപ്രാളത്തോടെ ഫോൺ കിടക്കയിലാകെ പരതി… പുറത്ത് ആർത്തലച്ചു മഴ പെയ്യുന്നുണ്ടായിരുന്നു…. മഴ.. എന്നും ഓർമ്മകളാണ്…. വേദന മാത്രം സമ്മാനിക്കുന്ന ഓർമ്മകൾ.. കൈയിൽ ഫോൺ തടഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം തോന്നി… വേഗം തന്നെ ടോർച്ച് ഓൺ ആക്കി…. ചേർന്നു കിടന്നുറങ്ങുന്ന അല്ലു മോൾക്ക് നേരെയാണ് ആദ്യം വെട്ടം തെളിച്ചത്… മോളുടെ മുഖം കണ്ടപ്പോൾ ചെറിയ ആശ്വാസം തോന്നി…. കറന്റ്‌ പോയതിനാലാക്കണം വിയർക്കാൻ തുടങ്ങിയിട്ടുണ്ട്… കുഞ്ഞ് നെറ്റിയിലും കഴുത്തിലും ഒക്കെ വിയർപ്പ് തുള്ളികൾ പറ്റിപ്പിടിച്ചു ഇരിക്കുന്നു….

സാരിയുടെ മുന്താണി വച്ചു പതിയെ അതൊക്കെ ഒപ്പി എടുത്തു… ചൂടെടുത്തിട്ടാകണം മോള്‌ ഇടയ്ക്കിടെ തലയും കാലും ഒക്കെ വെട്ടിച്ചു മാറ്റുന്നുണ്ട്… ശബ്ദമുണ്ടാക്കാതെ പതിയെ എഴുന്നേറ്റു…. ജനാല തുറന്നിട്ടപ്പോളേക്കും പതിയെ തണുപ്പ് മുറിയിലേക്ക് കടന്നു വരും പോലെ തോന്നി… കുറച്ചു നേരം വെറുതെ ആ മഴ നോക്കി നിന്നു… ഇടയ്ക്കിടെയുള്ള മിന്നലിന്റെ വെളിച്ചത്തിൽ മുറ്റത്തു കൂടി കുതിച്ചൊഴുകുന്ന വെള്ളം കാണാമായിരുന്നു…. തിരിച്ചു അല്ലുമോളുടെ അടുത്തേക്ക് ചെന്ന് കിടന്നപ്പോളേക്കും ചൂടൊക്കെ മാറി മുറിയിൽ തണുപ്പ് പടർന്നിരുന്നു…

അടുത്ത് ചെന്ന് കിടന്നപ്പോളേക്കും മോള് നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… അവളെയും ചേർത്ത് പിടിച്ചു കിടക്കുമ്പോൾ കുറച്ചു മുൻപ് കണ്ട ആ വേദനിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും മനസ്സ് ശാന്തമായിരുന്നു… രാവിലെ എണീക്കുമ്പോഴേക്കും കറന്റ്‌ വന്നിരുന്നു… മോളുണരും മുൻപ് വേഗം അലാറം ഓഫ് ആക്കി… കമിഴ്ന്നു കിടന്നുറങ്ങുന്നുണ്ട്… എത്ര നേരെ കിടത്തിയാലും വീണ്ടും അങ്ങനെയേ കിടക്കൂ…. മുടിയൊന്ന് മാടി ഒതുക്കി ആ നെറ്റിയിൽ ചുണ്ട് ചേർത്തു.. നേരം പുലർന്ന് വരുന്നതേ ഉള്ളു. പക്ഷേ ഇപ്പോൾ എഴുന്നേറ്റാലെ ജോലിയൊക്കെ തീർത്തു സമയത്തിന് ഓഫീസിൽ എത്താൻ കഴിയൂ…

അല്ലെങ്കിൽ ഇന്നും വഴക്ക് കേൾക്കേണ്ടി വരും… അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു…. പതിവ് പോലെ ഒരു പുഞ്ചിരി നൽകി… രാത്രിയിലെ മഴയെക്കുറിച്ചും ചൂടിനെക്കുറിച്ചും എല്ലാം പറഞ്ഞുകൊണ്ടിരുന്നു.. അമ്മ ദോശ ചുടുമ്പോളേക്കും ചമ്മന്തിക്കുള്ളത് അരച്ചു വച്ചു…. നേരത്തെ ഇട്ടു വച്ച ചായ ഒരു ഗ്ലാസിൽ ആക്കി പുറത്തേക്ക് നടക്കുമ്പോളായിരുന്നു ലച്ചുവേട്ടത്തി അടുക്കളയിലേക്ക് എത്തിയത്.. അധികം തെളിച്ചമില്ലാത്ത ഒരു ചിരി എനിക്കായി ആ മുഖത്ത് വിടരുന്നത് കണ്ടു… മറുപടിയായി എന്തെങ്കിലും പറയും മുൻപേ അകത്തേക്ക് നടന്നിരുന്നു…

എത്രയൊക്കെ കണ്ടില്ല എന്ന് വച്ചാലും ഏട്ടത്തിയുടെ ഗൗരവം മുറ്റിയ മുഖം നെഞ്ചിൽ വല്ലാത്ത ഭാരമാണ്…. അപ്പോളൊക്കെ ഏട്ടൻ വിവാഹം കഴിച്ചു കൊണ്ട് വന്ന ദിവസത്തിലേക്ക് മനസ്സ് സഞ്ചരിക്കും… അഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു…. അന്ന് താനായിരുന്നു എപ്പോഴും കൂടെ ഉണ്ടായിരുന്നത്… തന്നോടായിരുന്നു ഏട്ടത്തി എല്ലാ പരിഭവങ്ങളും പേടികളും പങ്കു വച്ചത്….. അല്ലു മോളുമായി ഈ പടി കയറും മുൻപ് വരെയും അങ്ങനെ തന്നെ ആയിരുന്നു… വീണ്ടും ഒരു വിവാഹത്തിന് നിർബന്ധിക്കും വരെയും സ്നേഹം തന്നെ ആയിരിക്കണം…. ഇനിയും ഒരാളെ കൂടി സ്വീകരിക്കാൻ ഒരുക്കം അല്ലായിരുന്നു മനസ്സും ശരീരവും….. പറ്റില്ല എന്ന് തന്നെ തീർത്തു പറഞ്ഞു.. അല്ലു മോൾ മാത്രമേ ഉണ്ടായിരുന്നുള്ളു മനസ്സിൽ…

ഇനിയും ഒരു പരീക്ഷണത്തിലേക്ക് മോളെ കൂടെ കൂട്ടാൻ വയ്യാ… ഓരോന്നാലോചിച്ചു ഉമ്മറത്തു എത്തിയത് അറിഞ്ഞില്ല…. അച്ഛനെ അവിടെ എങ്ങും കണ്ടില്ല… അല്ലെങ്കിൽ സാധാരണ ചായയും കുടിച്ചു ഇവിടെ ഇരിക്കുന്നത് കാണാം.. വെറുതെ പത്രം എടുത്തു മറിച്ചു നോക്കി…. ഏറ്റവും മുകളിലായി കൊടുത്തിരിക്കുന്ന വാർത്തയിലേക്ക് കണ്ണുകൾ ചെന്നു… “” നഗരത്തിലെ ഫ്ലാറ്റിൽ വീണ്ടും കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം….ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ കണ്ടെത്തുന്നത്… അന്വേഷണം ACP ഋഷികേശിന്റെ ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് “”…

അവളുടെ ഉള്ളിൽ വല്ലാത്ത പേടി തോന്നി…. ആരെന്നോ എന്തെന്നോ അറിയാത്ത മൂന്ന് സ്ത്രീകൾ…. എന്തിന് വേണ്ടി ആയിരിക്കും ഇങ്ങനെ ചെയ്യുന്നത്…… മനസ്സ് വല്ലാതെ മടുത്തിരുന്നു… വീണ്ടും വായിക്കാൻ തോന്നാത്തത് കൊണ്ട് പത്രം മടക്കി തിരികെ വച്ചു… ചായ കുടിച്ചു തീരാറായപ്പോളാണ് അച്ഛൻ അകത്തേക്ക് വന്നത്….. “”അല്ലു മോള് എഴുന്നേറ്റില്ലേ മോളെ…. “”കൈയിൽ ഉണ്ടായിരുന്ന മീനിന്റെ കവർ അവളുടേ കൈയിലേക്ക് കൊടുത്തുകൊണ്ട് രവി ചോദിച്ചു.. “”ഏയ്യ്… എവിടുന്ന്…. അതിനി ഞാനുമായി ഒരു യുദ്ധം കഴിയാതെ എണീക്കും എന്ന് തോന്നുന്നില്ല…… “”

പറഞ്ഞുകൊണ്ടിരിക്കുമ്പോളാണ് നേരെ മുൻപിലുള്ള വീട്ടിൽ ബഹളം കേൾക്കുന്നത്… ദേവയുടെ നോട്ടം കണ്ടിട്ടാകാം… “”നമ്മുടെ ഭാനു ന്റെ മോൻ തിരികെ വരുന്നെന്നു…. അവനാണത്രെ പുതിയ കേസിന്റെ ചുമതല… എന്നേ ഇന്നലെ മദർ വിളിച്ചപ്പോൾ പറഞ്ഞതാ… “”പറയുമ്പോൾ അച്ഛന്റെ കണ്ണ് ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു… പറഞ്ഞു കെട്ട അറിവുകളെ ഉള്ളു എങ്കിലും അച്ഛൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസങ്ങളാണ് അതെന്ന് നന്നായി അറിയാമായിരുന്നു…. ഇന്നും ആ മുഖത്ത് നിസ്സഹായതയാണ്.. ഉറ്റ സുഹൃത്തും ഭാര്യയും അപകടത്തിൽ പെട്ടിട്ടും സഹായിക്കാൻ കഴിയാതെ വന്ന അതേ നിസ്സഹായത… “”ഞാനിത് അകത്തേക്ക് വച്ചു വരാം അച്ഛാ… മോളെ ഉണർത്താൻ സമയമായി…””.

ഇനിയും നിന്നാൽ ഓരോന്ന് പറഞ്ഞു വിഷമങ്ങൾ കൂടുകയേ ഉള്ളു എന്ന് അറിയാമായിരുന്നു … മുറിയിൽ എത്തിയപ്പോഴും മോള് കമിഴ്ന്നു കിടന്നു ഉറക്കം തന്നെ…””. അമ്മേടെ അല്ലിക്കുട്ടി ഇതുവരെ എണീറ്റില്ലേ…. ഹ്മ്മ്…”” പതിയെ കൈകളിൽ വാരി എടുത്തു മടിയിലേക്ക് ഇരുത്തി ചോദിച്ചു… പിണക്കം കൊണ്ട് ചുണ്ടും പിളർത്തി അല്ലു മോള് വീണ്ടും അവളെ ചുറ്റിപ്പിടിച്ചു കിടന്നു… “”എണീറ്റെ…. എണീറ്റെ…. പല്ല് തേച്ചിട്ട് മാമുണ്ണണ്ടേ നമുക്ക്…. അത് കഴിഞ്ഞു വേണം അമ്മക്ക് ജോലിക്ക് പോകാൻ… “”പിന്നെയും പറഞ്ഞിട്ടും മുഖമുയർത്താതെ തോളിലെ പിടി ഒന്ന് കൂടി മുറുക്കി കിടന്നതേ ഉള്ളു അവൾ…. “”ഹ്മ്മ്മ്….””

ഒരു ദീർഘനിശ്വാസം എടുത്തു എഴുന്നേറ്റു…. ഇത് പതിവാണ്… കുളിമുറിയിൽ കൊണ്ട് പോയി മുഖം കഴുകുമ്പോളും പല്ല് തേപ്പികുമ്പോളും എല്ലാം തോളിൽ ചാരി കിടന്നതേ ഉള്ളു അവൾ…. കുളിപ്പിച്ച് ഒരുക്കി പുറത്തേക്ക് ഇറങ്ങുമ്പോളേക്കും ഒരു ഗ്ലാസ്സിലേക്ക് അമ്മ പാലൊഴിച്ചു വച്ചിരുന്നു…. അത് കിട്ടിയപ്പോളേക്കും ആളൊന്ന് ഉഷാറായി എന്ന് തോന്നി… ദേഹത്തു നിന്ന് വേഗം ഊഴ്ന്നിറങ്ങി പാലും കുടിച്ചു ഉമ്മറത്തേക്ക് നടക്കുന്നത് കണ്ടു…. വൈദവിന്റെ അടുത്തേക്കുള്ള പോക്കാണ്… അവന്റെ സ്കൂൾ ബസ് വരാൻ നേരമായിട്ടുണ്ടാകും… ഏട്ടത്തി അവനെ ബസിൽ കേറ്റാൻ പോകുമ്പോൾ കൂട്ട് പോകും….

തന്നോട് എത്രയൊക്കെ നീരസം കാട്ടിയാലും അല്ലുമോളെ വലിയ ഇഷ്ടമാണ്… ഓഫീസിൽ പോകാനായി ഒരുങ്ങി ഇറങ്ങുമ്പോളാണ് തിരിച്ചു എത്താറു… ഭക്ഷണം ഒക്കെ അമ്മയാണ് കൊടുക്കാറ്…. അമ്മമ്മയെ വഴക്കുണ്ടാക്കാതെ നല്ല കുട്ടിയായി ഇരിക്കണം എന്ന് എന്നും പറയും…. മിണ്ടാതെ നിന്ന് തലയാട്ടും…. പക്ഷേ വൈകിട്ട് തിരിച്ചു വരുമ്പോൾ അനുസരണക്കേടിന്റെ ഒരു നൂറു പരാതികൾ അമ്മക്ക് പറയാൻ ഉണ്ടാകും.. “”വഴക്കുണ്ടാക്കാതെ ഇരുന്നാലേ അമ്മ വരുമ്പോൾ കളിക്കാൻ കൂടുള്ളൂ കേട്ടോ….”” ഇറങ്ങും മുൻപ് ഒരിക്കൽ കൂടി പറഞ്ഞു…. അതിനും തലയാട്ടി അവൾ സമ്മതം മൂളി…. പിന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു…

വേഗത്തിൽ ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങുമ്പോൾ നോട്ടം ആ പൂട്ടികിടന്ന വീട്ടിലേക്ക് ചെന്നു… നെഞ്ചിടിപ്പ് വല്ലാതെ കൂടും പോലെ…. അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല…. എല്ലാവരും വീടിന്റെ ചുറ്റും നിന്ന് വൃത്തിയാക്കൽ ജോലിയിലാണ്… പത്തിരുപതു വർഷം ആയിട്ട് പൂട്ടി കിടക്കുവല്ലേ…. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ അറ്റകുറ്റപ്പണികൾ ചെയ്തിടും എങ്കിലും മുറ്റമാകെ കാട് വളർന്നിരുന്നു… ഇനിയും നോക്കി നിന്നാൽ ബസ് പോകും എന്ന് തോന്നിയപ്പോൾ അവൾ വേഗം മുന്നോട്ട് നടന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോൾ ഋഷിക്ക് ശ്വാസം മുട്ടും പോലെ തോന്നി… ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും….. അലറികരഞ്ഞു കൊണ്ട് ആ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ആ എട്ട് വയസ്സുകാരനിൽ നിന്നും ഇന്ന് ഒരുപാട് മാറിയിരിക്കുന്നു…. ഓർമ്മകൾ കണ്ണുനീരായി രൂപം പ്രാപിച്ചു കാഴ്ചയെ മറച്ചപ്പോൾ അവൻ കണ്ണുകൾ അടച്ചിരുന്നു…. . ഓടിക്കൊണ്ടിരുന്ന വണ്ടി നിന്നപ്പോൾ മനസ്സിലായി വീടെത്തി എന്ന്… മാറ്റമൊന്നും ഉണ്ടായിരുന്നില്ല…. അതുപോലെ തന്നെ… ഇരുപത് വർഷം കൊണ്ട് രൂപമാറ്റം തനിക്ക് മാത്രമാണെന്ന് തോന്നി…. അകത്തേക്ക് നടക്കുമ്പോൾ ശരീരം ചെറുതായി വിറച്ചിരുന്നു… .

അമ്മയുടെ പിന്നാലെ ഓടുന്ന ഒരെട്ട് വയസ്സുകാരൻ മുന്നിൽ തെളിയും പോലെ… വാതിൽ തുറന്നു അകത്തേക്ക് കയറി… എല്ലാം പഴയത് പോലെ തന്നെ… ഹാളിൽ വലുതായി ഫ്രെയിം ചെയ്തു വച്ച ഫാമിലി ഫോട്ടോയുടെ മുൻപിൽ എത്തിയപ്പോൾ മാത്രം എത്ര ശ്രമിച്ചിട്ടും കണ്ണ്നീരിനെ തടയാൻ കഴിഞ്ഞില്ല.. അച്ഛന്റെയും അമ്മയുടെയും നടുക്കായി ചിരിച്ചു നിൽക്കുന്ന തന്റെ ഫോട്ടോയിലൂടെ വെറുതെ വിരലോടിച്ചു…. മുറിയിലേക്ക് ചെന്നപ്പോൾ പുതപ്പിന് പോലും അമ്മയുടെ ഗന്ധമാണെന്ന് തോന്നി… വെറുതെ ആ കട്ടിലിലേക്ക് കയറി കിടന്നു…. ഈ കട്ടിലിൽ ആയിരുന്നു അന്ന് രാത്രി താൻ ഉറങ്ങി കിടന്നത്….

ഇവിടെ നിന്നുമായിരുന്നു അമ്മയുടെ നിലവിളി കേട്ട് ഞെട്ടി എഴുന്നേറ്റത്…. ഈ വീട്ടിൽ വച്ചായിരുന്നു തനിക്കെല്ലാം നഷ്ടമായത്… ഒടുവിൽ ഇന്ന് വീണ്ടും ഇവിടേക്ക്…. അച്ഛന്റെ സ്വപ്നം നേടി എടുത്തതിനു ശേഷം മാത്രമേ ഈ വീട്ടിലേക്ക് വരൂ എന്ന് വാശി ആയിരുന്നു… പക്ഷേ പേരിലെ മൂന്നക്ഷരം കാണാൻ ഏറ്റവും ആഗ്രഹിച്ച രണ്ടാളുകൾ ഇന്ന് കൂടെയില്ല…. അച്ഛന്റെ തൊപ്പി എടുത്തു വച്ചു കണ്ണാടിയിൽ നോക്കി പൊട്ടിച്ചിരിക്കുന്ന ഒരാറു വയസ്സ്കാരനും….””നീ വലുതാകുമ്പോൾ ഇങ്ങനെ ഒരു തൊപ്പി നേടെടാ “”എന്ന് പറഞ്ഞു ഇക്കിളിയിട്ട് ചിരിപ്പിക്കുന്ന അച്ഛനും മാത്രം ഓർമ്മകളായി അവശേഷിക്കുന്നു…

വേഗം തന്നെ ബാഗ് തുറന്നു യൂണിഫോം എടുത്തിട്ടു… കൈയിലെ തൊപ്പി എടുത്തു വീണ്ടും കണ്ണാടിയുടെ മുൻപിൽ പോയി നിൾക്കുമ്പോൾ കിട്ടിയ സമ്മാനം അച്ഛനെ കാണിക്കുന്ന ഒരു കൊച്ച് കുട്ടിയുടെ മുഖമായിരുന്നു അവന്… ഋഷികേശ് ഭദ്രൻ… അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റിൽ കൂടി വെറുതെ ഒന്ന് വിരലോടിച്ചു… തൊപ്പി എടുത്തു തലയിൽ വച്ചു കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അച്ഛൻ അടുത്തു നിൽക്കും പോലെ തോന്നി അവന്… നിറഞ്ഞ കണ്ണുകൾ അമർത്തിതുടച്ചു…. അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി സല്യൂട്ട് നൽകുമ്പോൾ ഇനിയും ഒരിക്കൽ കൂടി തോൽക്കില്ല എന്ന് ഉറപ്പിക്കുകയായിരുന്നു മനസ്സ്… തുടരും

Share this story