മഴയേ : ഭാഗം 4

മഴയേ : ഭാഗം 4

എഴുത്തുകാരി: ശക്തി കല ജി

എന്താ സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് മുന്നേ വിഷ്ണു എൻ്റെ കൈയ്യും പിടിച്ച് പ്രിൻസിപ്പാൾ കാബിനിനു മുൻപിൽ എത്തിയിരുന്നു…. ഈ സമയം കിരൺ ബൈക്കുമെടുത്തു പാഞ്ഞു… എതിരെ വന്ന കാറിൽ എങ്ങ് നിന്നോ താമരപ്പൂവിതൾ കാറിനു മുകളിൽ പതിച്ചു…. കാറിൻ്റെ നിയന്ത്രണം വിട്ട് കിരണിൻ്റെ ബൈക്കിൽ തട്ടി….. അലർച്ചയോടെ കിരൺ റോഡരുകിൽ തലയിടിച്ച് വീണു…. ആളുകൾ ഓടി കൂടി….. ബോധമില്ലാതെ കിടന്ന കിരണിനെ ചുറ്റുo കൂടിയവർ ഉറ്റുനോക്കി കൊണ്ടു നിന്നതേയുള്ളു…. കുടി നിന്ന ആരോ ആംബുലൻസ് വിളിച്ചു… കുറച്ച് നിമിഷങ്ങൾക്കകം ആംബുലൻസ് വന്നു കിരണിനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു…..

കാബിനിൽ പുറത്ത് പ്യൂണിനോട് അവർ അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചു… പ്യൂൺ കാബിനിനകത്തേക്ക് പോയി… വിഷ്ണു എൻ്റെ കൈയ്യിലെ പിടി വിട്ടു കിരണിൻ്റെ ഫോൺ വാങ്ങി… കിരണെടുത്ത വീഡിയോസ് അവളെ കാണിച്ചു… അവൾ ഞെട്ടിത്തരിച്ചു നിന്നുപോയി… തൻ്റെ മാത്രമല്ല ക്ലാസ്സിലെ മറ്റു പെൺകുട്ടികളുടെയും മറയില്ലാത്ത ഭാഗം ഫോട്ടോയും വീഡിയോയും കണ്ടു… പക്ഷേ എൻ്റെ മാലയുടെ മാത്രം ഫോട്ടോസ് ആണ് കുടുതൽ..അതും ഇന്ന് എടുത്തത്… ലോക്കറ്റിലെ കുഞ്ഞു ദേവിയുടെ രൂപവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്… . ” മിസ്സേ കണ്ടില്ലേ ഇത്… ഉറപ്പായും പരാതി കൊടുക്കണം” വിഷ്ണു വീറോടെ പറഞ്ഞു… ഞാൻ എന്ത് പറയണമെന്നറിയാതെ നിന്നു..

പ്രിൻസിപ്പാളിൻ്റെ കാബിൻ തുറക്കപ്പെട്ടതുo വിഷ്ണു എന്നെയും കൂട്ടി അകത്തേക്ക് കയറി… വിഷ്ണുവാണ് പ്രിൻസിപ്പാളിനോട് കാര്യങ്ങൾ വിശദീകരിച്ചത്…. കൈയ്യോടെ ഒരു പരാതിയും എഴുതി കൊടുത്തിട്ടാണ് വിഷ്ണു എന്നെയും കൂട്ടി കാബിനിൽ നിന്നിറങ്ങിയത്…. അന്നത്തെ ദിവസം കിരണിൻ്റെ പ്രശ്നത്തിൽ മുങ്ങി.. കോളേജിലെ എല്ലാവരും ഉത്തരയുടെ പക്ഷത്താണെങ്കിലും കുറച്ച് പേർ കിരൺ പേര് കേട്ട നേതാവിൻ്റെ മകനാണ് എന്ന് പറഞ്ഞ് ഭയപ്പെടുത്താനും മറന്നില്ല… വിഷ്ണു വൈകുന്നേരം ബസിൽ കയറി സ്റ്റോപ്പിൽ ഇറങ്ങി വിഷ്ണുവിൻ്റെ വീട് വരെ കൂടെയുണ്ടായിരുന്നു… . “മിസ്സേ വരുന്നോ വീട്ടിലേക്ക്… അമ്മ മാത്രമേ കാണു.. . ഏട്ടൻ വീട് വരെ പോയിരിക്കുവാ… വൈകിട്ടേ വരു…

അച്ഛൻ തറവാട്ടിലുണ്ട്… ഏട്ടൻ്റെ ജോലിക്ക് വേണ്ടിയാ ഞാനും അമ്മയും ഇവിടെ വന്നത്… ഈ വീട് വാടകയ്ക്ക് താമസിക്കാൻ എടുത്തതാ…”.. അമ്മയ്ക്ക് സന്തോഷാവും മിസ്സിനെ കണ്ടാൽ “എന്ന് പറഞ്ഞു വിഷ്ണു അവൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു.. “വേറൊരു ദിവസമാകട്ടെ… “ഉത്തര പുഞ്ചിരിയോടെ പറഞ്ഞു… “എന്ത് പ്രശ്നമുണ്ടാവുകയാണെങ്കിലും എന്നോട് പറഞ്ഞാൽ മതി… തൽക്കാലം കിരണിൻ്റെ ഫോൺ ഏട്ടൻ്റെ കൈയ്യിൽ കൊടുത്തേക്കാം”. അവനെ വെറുതെ വിടാൻ പാടില്ല… കുടെ പഠിക്കുന്ന പെൺകുട്ടികളുടെ വീഡിയോസും അവൻ്റെ ഫോണിലുണ്ടു്…..ഏട്ടൻ വന്നിട്ട് എന്താ പറയുന്നത് എന്ന് നോക്കാം “വിഷ്ണു ഗൗരവത്തിൽ പറഞ്ഞു… “ശരി നോക്കാം… ഞാൻ പരാതി കൊടുക്കാൻ തയ്യാറാണ്…

ഇനി ഒരു പെണ്ണിനോടും അവൻ ഇങ്ങനെ പെരുമാറാൻ പാടില്ല…. ഈ ഭാഗത്തെ ഏതോ നേതാവിൻ്റെ മകനാണ് എന്നാ പറഞ്ഞത്… കാശിൻ്റെ അഹങ്കാരം അല്ലാതെന്ത് പറയാൻ ” ഉത്തര വീറോടെ പറഞ്ഞു… ” അപ്പോൾ നാളെ രാവിലെ സ്റ്റേഷനിൽ പോയി പരാതി നേരിട്ട് കൊടുക്കാം “.. ഫോൺ മിസ്സിൻ്റെ കൈയ്യിൽ തന്നെയിരിക്കട്ടെ ” വിഷ്ണു ഫോൺ തിരിച്ച് ഉത്തരയുടെ കൈയ്യിൽ കൊടുത്തു… “ശരി വിഷ്ണു ഞാൻ രാവിലെ ഇവിടെ വരാം നമ്മുക്ക് ഒരുമിച്ച് പോവാം സ്റ്റേഷനിലേക്ക് ” എന്ന് പറഞ്ഞ് ഉത്തര നടന്നു… മെയിൻ റോഡ് കഴിഞ്ഞ് ഇടവഴിയിലേക്ക് കയറി… നേരെ എതിരെ വരുന്ന ആളെ കണ്ടതും മനസ്സിൽ വല്ലാത്തൊരു ഭയം ഉടലെടുത്തു… .

മുൻപോട്ട് പോണോ തിരിച്ച് റോഡിലേക്ക് കയറണോ എന്ന് ആശങ്കയിൽ കാലുകൾ നിശ്ചചലമായി…… നാട്ടിലെ പേര് കേട്ട ചട്ടമ്പി സുമേഷ് ആണ്… കണ്ണുകൾ ചുവന്നിരുന്നു… മദ്യത്തിൻ്റെ രൂക്ഷമായ ഗന്ധം മൂക്കിലേക്കടിച്ചു കയറി… ശരീരo ഭയം കൊണ്ട് വിറയ്ക്കുവാൻ തുടങ്ങി… രണ്ടാഴ്ച മുന്നേ ദിവാകരേട്ടൻ്റെ മകൾ ശാലുനെ അമ്പലത്തിൻ്റെ ഉത്സവത്തിൻ്റെ തിരക്കിനിടയിൽ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ആളെ കൂട്ടി പോലീസിൽ വിവരമറിയിച്ചത് ഞാനാണ്…. പോരാത്തതിന് ഉണ്ണിയും അവനിട്ട് രണ്ട് പൊട്ടിച്ചിരുന്നു.. . ജയിൽ നിന്ന് വരുന്ന വരവാണ് എന്ന് കണ്ടാൽ അറിയാം…. എൻ്റെ ഭഗവാനെ കാത്തോണേ… മനസ്സിൽ എല്ലാ ദൈവങ്ങളേയും ഒരുമിച്ച് വിളിച്ചു….

അയാൾ എന്നെ അടിമുടി നോക്കി… എന്നിട്ട് കൊമ്പൻ മീശ പിരിച്ച് കൊണ്ട് എൻ്റെ അടുത്തേക്ക് നടന്നു വന്നു… ഞാൻ ബാഗും കുടയും നെഞ്ചോട് ചേർത്ത് പിടിച്ചു.. പെട്ടെന്ന് അയാൾ എൻ്റെ കൈയ്യിൽ പിടിത്തമിട്ടു…. മുൻപോട്ടും പുറകോട്ടും തിരിഞ്ഞ് നോക്കി ഒറ്റ മനുഷ്യരെ കാണാനില്ല… ഞാൻ നിന്നു വിയർത്തു… അപ്പോഴാണ് ഒരു ബൈക്കിൻ്റെ ശബ്ദം കേട്ടത്.. .ഞാൻ തിരിഞ്ഞ് നോക്കി.. രാവിലെ അമ്പലത്തിൽ കണ്ട ചെറുപ്പക്കാരനാണ്.. കോളേജിൽ വിഷ്ണുവിനെ കൊണ്ടുവിട്ടതും ഇയാളാണ്.. വിഷ്ണുവിൻ്റെ ഏട്ടനല്ലേ… വിഷ്ണുവിൻ്റെ ഏട്ടനായത് കൊണ്ട് ഒരു സഹായം ചോദിക്കുന്നതിൽ തെറ്റില്ല… അമ്പലത്തിലെ സുഭദ്രാമ്മ ഗൗതം എന്ന് പേര് പറഞ്ഞത് ഓർമ്മ വന്നു…

ബൈക്ക് അവരുടെ അടുത്തെത്തിയതും അവൾ കുറച്ച് മുന്നിലേക്ക് നീങ്ങി നിന്നു…. അപ്പോഴേക്കും ബൈക്ക് സ്പീട് കുറഞ്ഞു. സുമേഷിൻ്റെ കൈ തട്ടിമാറ്റി കൊണ്ട് ഒറ്റ ചാട്ടത്തിന് ബൈക്കിനടുത്തേക്ക് എത്തി .. “ആ ഗൗതമേട്ടാ എങ്ങോട്ടാ വീട്ടിലേക്കാണെങ്കിൽ ഞാനുമുണ്ട് ” എന്ന് പറഞ്ഞ് അനുവാദം കാക്കാതെ ബൈക്കിന് പുറകിൽ വെപ്രാളത്തിൽ അള്ളി പിടിച്ചു കയറി ഇരുന്നു… . “എടി താഴെയിറങ്ങടി ” ഇത് നിൻ്റെ മറ്റവനാണോടി “മദ്യപിച്ച സുമേഷിൻ്റെ നാവു കുഴഞ്ഞിരുന്നു… ഞാൻ ഭീതിയോടെ ഗൗതമിനോട് ചേർന്നിരുന്നു പോയി… പേടി കൊണ്ട് അയാളുടെ ഷർട്ടിൽ പിടിമുറുക്കിയപ്പോൾ ബൈക്ക് മുന്നോട്ടു നിങ്ങിതുടങ്ങി…… വളവ് തിരിയുമ്പോഴും സുമേഷ് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ച് പറയുന്നുണ്ടായിരുന്നു… കണ്ണുമുറുക്കിയടച്ചിരുന്നു..

അവരുടെ വണ്ടി കടന്ന് പോയതും സുമേഷ് എന്നയാളുടെ രൂപം താമര പൂവിതളായി അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങി… കുഞ്ഞ് ദേവിയുടെ രൂപം തെളിഞ്ഞു വന്നു…. അളകാർന്ന അധരങ്ങളിൽ പുഞ്ചിരി വിടർന്നു.. “ഇനിയും കാത്തിരിക്കാൻ വയ്യ….വേഗം എന്നരികിലെത്താനുള്ള വഴി ഞാൻ കാണിച്ചു തന്നു…. ഗൗതമിലൂടെ നീ എന്നിലേക്കെത്തും “….. നീ വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് “….കുഞ്ഞു ദേവിയുടെ സ്വരം പൊട്ടി ചിരിയോടെ കാറ്റിൽ അലിഞ്ഞു ചേർന്നു…… ഉത്തര ഗൗതമിൻ്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു…. കണ്ണുമടച്ചിരുന്നത് കൊണ്ട് വീടിൻ്റെ പടിപ്പുരയെത്തിയത് അറിഞ്ഞില്ല… മഴത്തുള്ളികൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്….

മഴയുടെ തണുപ്പെന്നെ പൊതിഞ്ഞു… ചാറ്റൽ മഴ ഇരുവരെയും നനച്ചു കൊണ്ട് കടന്നു പോയി… ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ ബൈക്ക് പടിപ്പുരയും കടന്ന് പോകുന്നു.. . “യ്യോ ഇതെങ്ങോട്ടാ ഈ പോകുന്നത്… ൻ്റെ വീട് കഴിഞ്ഞു…” വെപ്രാളത്തിൽ ഗൗതമിൻ്റെ പുറത്തിനിട്ട് ഒരിടിയും കൊടുത്ത് കൊണ്ട് പറഞ്ഞു… അവൾ ബഹളവും പുറത്ത് കിട്ടിയ ഇടിയും കുടിയായപ്പോൾ അവൻ ബ്രേക്കിൽ പിടിമുറുക്കി… ബൈക്ക് നിന്നതും ചാടിയിറങ്ങി സാരിയുടെ അറ്റം തട്ടി ദാ കിടക്കുന്നു താഴെ… . കുടയും ബാഗും രണ്ടിടത്തായി വീണു.. അവളുടെ കിടപ്പ് കണ്ട് ഗൗതം പൊട്ടിച്ചിരിച്ച് പോയി.. ഗൗതമിൻ്റെ ചിരി കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു… ”

ഒരാൾ താഴെ വീണ് കിടക്കുന്നത് കണ്ടാൽ ഇത്രമാത്രം ചിരിക്കണ്ട ആവശ്യമൊന്നുമില്ല” ദേഷ്യത്തിൽ അവൾ പറഞ്ഞു . “അയ്യോ പാവം എന്ന് വിചാരിച്ച് ഒന്ന് സഹായിച്ചപ്പോൾ…. കുറച്ച് മുന്നേ ഈ ചാട്ടമൊന്നും കണ്ടില്ലല്ലോ…. ഇപ്പോൾ വാദി പ്രതിയായോ…. നീയല്ലെ കൊച്ചെ എൻ്റെ പുറകിൽ വലിഞ്ഞ് കയറിയത്… അതും പോരാഞ്ഞ് എൻ്റെ പുറത്തിനിട്ട് ഇടിക്കുകയും ചെയ്തു…. എനിക്കിട്ട് ഇടിച്ചതിൻ്റെ ശിക്ഷയാ ഇപ്പോൾ നിനക്ക് കിട്ടിയത്… എനിക്കിഷ്ടപ്പെട്ടു”അവൻ്റെ നോട്ടം തെന്നിമാറി കിടക്കുന്ന സാരിയിലേക്കാണെന്ന് മനസ്സിലായതും അവൾ വേഗം സാരി നേരെയിട്ടു വയറിൻ്റെ ഭാഗം മറച്ചു… ചമ്മൽ പുറത്ത് കാണിക്കാതെ അവൾ പതുക്കെ എഴുന്നേറ്റു… ” അതേയ് ഞാനാരുടെയും കൊച്ചല്ല..

കുടുതൽ സംസാരിക്കണ്ട… വേഗം സ്ഥലം വിട്ടേ..” ഞാനാളിത്തിരി പിശകാ ” എന്ന് പറഞ്ഞ് നിലത്ത് കിടന്ന ബാഗും കുടയുമെടുത്ത് തിരിഞ്ഞു നടന്നു… “എത്ര പിശകാണെങ്കിലും മെരുക്കിയെടുക്കാൻ എനിക്കറിയാം” പുക്കാരി പെണ്ണെ.. ” ഗൗതം കുസൃതിയോടെ പാട്ടിൻ്റെ ഇണത്തിൽ പാടി… ഇയാളാരാ എന്നെ മെരുക്കാൻ വരാൻ.. രാവിലെ ഒന്ന് കണ്ടതേയുള്ളു അപ്പോഴേക്കും മെരുക്കാൻ നടക്കുന്നു… ഒന്ന് രക്ഷപ്പെടാൻ വേണ്ടി വണ്ടിയിൽ കയറിയപ്പോഴേക്ക് തലയിൽ കയറി നിരങ്ങാൻ വരുന്നു…. പൂക്കാരി പെണ്ണാണു പോലും. . ഇനി അവസരം വരും ശരിയാക്കി തരാം…. കാട്ടുപോത്ത്…അവളുടെ മനസ്സിൽ ദേഷ്യo നുരഞ്ഞു പൊന്തി…. പതിവ് പോലെ അമ്മ വരാന്തയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു….

ഉണ്ണിയോട് എന്തോ കഥയും പറഞ്ഞ് നിൽപ്പാണ് “എന്ത് പറ്റി… ഇന്നിത്തിരി ചൂടിലാണല്ലോ…” അമ്മ ചിരിയോടെ ചോദിച്ചു…. “ഹേയ് ഒന്നൂല്ലമ്മോ… ഒരു കരിംപൂച്ച കുറുകെ ചാടിയപ്പോൾ രക്ഷപ്പെടാൻ ചെന്ന് പെട്ടത് ഒരു കട്ടുപോത്തിൻ്റെയടുത്താ…” ഒന്നും പറയണ്ട.. ഒരു വിധത്തിൽ രക്ഷപ്പെട്ടു വരുന്ന വരവാ”… എന്ന് പറഞ്ഞ് വേഗം മുറിയിലേക്ക് പോയി… . സാരിയുടെ പുറക് വശം അഴുക്കായിരിക്കുന്നു… അവൾ കുളിച്ച് സാരി മാറി ദാവണിയിട്ടു.മുറിയിൽ നിന്ന് ഹാളിലേക്ക് നടന്നു…. ഉണ്ണിയുടെ മുറിയിൽ എന്തോ ശബ്ദം കേട്ടു…. അങ്ങോട്ടേക്ക് എത്തി നോക്കി… അവൻ ബാഗിൽ ഓരോന്നും എടുത്ത് വയ്ക്കുകയാണ്…. കൂടെ നിന്നു എല്ലാം എടുത്ത് വയ്ക്കാൻ സഹായിച്ചു… ”

പിന്നെ ഒരു കാര്യം മുത്തശ്ശൻ അവിടെ നിന്ന്തിരുമേനിയെ കണ്ടിറങ്ങയപ്പോൾ മുതൽ എന്തോ വെപ്രാളം… എന്താണെന്ന് ചോദച്ചിട്ട് എന്നോട് ഒന്നുo പറഞ്ഞില്ല…. ചേച്ചി വന്ന ഉടനെ മുറിയിലേക്ക് വരാൻ പറഞ്ഞിരുന്നു” ഉണ്ണി പറഞ്ഞു.. “ശരി ഞാൻ പോയി കണ്ടോളാം” എന്ന് പറഞ്ഞ് ഉത്തര എല്ലാം ഒതുക്കി വച്ചു…. “ഉത്തരേച്ചി ശമ്പളം കിട്ടിയാലുടൻ കുറച്ച് ചുരിദാർ വാങ്ങിക്കണം… ദാവണിയൊക്കെ പഴയ ഫാഷനാ.. ” ഉണ്ണി മുണ്ട് തേക്കുന്നതിനിടയിൽ പറഞ്ഞു… ”ഓ ഒന്ന് പോ ചെറുക്കാ…ദാവണിയാ എനിക്കിഷ്ടം… നിനക്ക് ഞാൻ ഒരു കൂട്ടം വാങ്ങിയിട്ടുണ്ട്… ദാ അലമാരയിൽ ഒരു കവറിൽ വച്ചിട്ടുണ്ട്… എടുത്ത് നോക്കിക്കേ… ഇഷ്ടയോന്ന് “ഉത്തര തുണി മടക്കി ബാഗിൽ വയ്ക്കുന്നതിനിടയിൽ പറഞ്ഞു…

ഉണ്ണി അലമാര തുറന്നു കവർ എടുത്തു നോക്കി… പാൻ്റും ടീഷർട്ടുകളും… ഹോസ്റ്റലിൽ ഇടാൻ പറ്റിയ ഡ്രസ്സുകളുമായിരുന്നു… “എന്തിനാ ഉത്തരേച്ചി ഇത്… എനിക്ക് ആവശ്യത്തിന് ഉണ്ടല്ലോ “… വെറുതെ കാശ് കളഞ്ഞു ” ഉണ്ണി ഓരോന്നായി എടുത്തു നോക്കിയിട്ട് പറഞ്ഞു… “നിനക്ക് ഒരു കുറവും ഉണ്ടാവാൻ പാടില്ലാന്ന് എനിക്ക് നിർബന്ധമുണ്ട്. . ഇത് രാവിലെ പോകുമ്പോൾ ഇടാനുള്ളത്… പിന്നേ അച്ഛൻ്റെ ഫോൺ മുറിയിൽ വെറുതെ ഇരിക്കുകയല്ലേ അത് ഞാനെടുത്തോളാം… എൻ്റെ ഫോൺ ഉണ്ണി കൊണ്ടു പോയ്ക്കോട്ടോ…. “… ഉത്തര അവൻ്റെ കൈയ്യിലുള്ള ഡ്രസ്സിൽ ഒരെണ്ണം മാത്രം വെളിയിൽ വച്ചിട്ട് ബാക്കി ബാഗിനുള്ളിൽ എടുത്ത് വച്ചു… മുറിയിൽ പോയി ഫോൺ എടുത്തു കൊണ്ട് ഉണ്ണിയുടെ കൈയ്യിൽ കൊടുത്തു….

” ഞാൻ വേറെ സ്വിം ഇട്ടോളാം…. ചേച്ചിക്ക് കോളേജിലൊക്കെ ഈ നമ്പറല്ലെ കൊടുത്തിട്ടുള്ളത്.. “.. ഉണ്ണി ഫോണിൽ നിന്ന് സ്വിം എടുത്ത് ഉത്തരയുടെ കൈയ്യിൽ കൊടുത്തു…. ” ശരി ഞാനിത് അച്ഛൻ്റെ ഫോണിലേക്ക് ഇട്ടോളാം”.. എന്ന് പറഞ്ഞ് അവൾ അച്ഛൻ്റെ മുറിയിലേക്ക് നടന്നു… അലമാരയിൽ നിന്ന് ഫോൺ എടുത്തു.. രണ്ട് സ്വിമിടുന്നതായത് കൊണ്ട് പഴയ സ്വിം ഊരിയില്ല… ഫോൺ അഴിച്ച് അവളുടെ സ്വിം രണ്ടാമത്തെ നമ്പറിട്ടിരുന്ന ഭാഗത്ത് ഇട്ട് അടച്ചു.. . ഫോൺ ചാർജിലിട്ടു…. കുറെ വർഷങ്ങൾ അച്ഛൻ്റെ ഹൃദയത്തോട് ചേർന്ന് കിടന്ന ഫോൺ… കുറച്ച് നേരം ആ ഫോണിലേക്ക് തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു….

അവസാനം ആശുപത്രി കിടക്കയിൽ എന്തോക്കൊയൊ പറയാൻ ശ്രമിച്ചിരുന്നു… അറ്റാക്ക് ആയി തീവ്രപരിചരണ വിഭാഗത്തിലാണ് എന്നാണ് പറഞ്ഞിരുന്നത്… പക്ഷേ നേരിട്ട് ചെന്നപ്പോഴാണ് അത് ഒരു അപകടമാണ് എന്നറിയുന്നത്… അച്ഛൻ സഞ്ചരിച്ച കാർ ഇടിച്ച് തെറിപ്പിച്ച ടിപ്പർ നിർത്താതെ പോകുകയായിരുന്നു എന്നാണ് ആശുപത്രിയിൽ നിന്ന് കിട്ടിയ വിവരം… സാമുഹ്യ സേവനത്തിനിടയിൽ ഒരു പാട് ശത്രുക്കളെയും സമ്പാദിച്ചിരുന്നു… അവരാരെങ്കിലും അപായപ്പെടുത്തിയതാവും എന്ന് കാണാൻ വന്നവർ പറഞ്ഞിരുന്നുവെങ്കിലും അപ്പോൾ അതൊന്നും ചിന്തിക്കാൻ ഉള്ള അവസ്ഥയിലായിരുന്നില്ല…. വിവാഹം ഉറപ്പിച്ച വീട്ടുകാർക്കറിയേണ്ടിയിരുന്നത് പറഞ്ഞ് വച്ചിരുന്ന സ്ത്രീധന തുക കുറഞ്ഞു പോകുമോ എന്നായിരുന്നു….

സ്ത്രീധനം ചോദിച്ചതിന് കേസു കൊടുക്കും എന്ന എൻ്റെ മറുപടിക്ക് അഹങ്കാരിയായി മുദ്രകുത്തി അവരും പടിയിറങ്ങി… നാലാം നാൾ അച്ഛൻ മരണത്തിന് കിഴടങ്ങിയപ്പോൾ ആരൊക്കെയോ കാണാൻ വന്നു…. ചിതയിലേക്കെടുക്കുമ്പോൾ നെഞ്ച് പൊട്ടി കരയുന്ന മുത്തശ്ശനെയാണ് കണ്ടത്… അത്രയും നാൾ മകൻ്റെ സ്ഥാനത്ത് എന്തിനു്o കൂടെ നിന്നൊരാൾ നഷ്ട്ടപ്പെടുമ്പോൾ ഉള്ള വേദന വലുതാണ്… വന്നവർ പാഴ് വാഗ്ദാനം നൽകി മടങ്ങി… ദിവാകരേട്ടൻ മാത്രം കൂടെ നിന്നു… രണ്ടു വർഷമായിട്ടും ഇതുവരെ ആ ദുഃഖത്തിൽ നിന്ന് കരകയറാൻ പറ്റിയിട്ടില്ല….

നികത്താനാവാത്ത നഷ്ട്ടം. കുറച്ച് നാൾ കരഞ്ഞ് തീർത്തു… കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റി തുടങ്ങിയപ്പോഴാണ് തൻ്റെ ചുറ്റുമുള്ള മൂന്ന് ജീവനുകളെ കുറിച്ചോർത്ത്…. സ്വയം കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.. … ആരും കാണാതെ അച്ഛൻ്റെ കണ്ണട നെഞ്ചോട് ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു… അവളെ ആശ്വസിക്കാനെന്നപ്പോൾ കുഞ്ഞു ദേവി കാറ്റായ് വന്ന് അവളെ തഴുകി…….. കാറ്റിൻ്റെ ശക്തിയിൽ ജനൽ പാളികൾ തുറന്നു…. മഴ പെയ്യിച്ചു…. ജനലഴിക്കിടയിലൂടെ അവളിലേക്ക് വെള്ള തുള്ളികളെ തെറിപ്പിച്ചു…… മഴത്തുള്ളികളുടെ തണുപ്പ് അവളുടെ മനസ്സിലേക്കും പടർന്നു…. ….തുടരും

മഴയേ : ഭാഗം 3

Share this story