നാഗചൈതന്യം: ഭാഗം 4

നാഗചൈതന്യം:  ഭാഗം 4

എഴുത്തുകാരി: ശിവ എസ് നായർ

തന്നെ പിന്തുടർന്ന് വന്ന അപകടമറിയാതെ രേവതി രണ്ടും കല്പ്പിച്ചു മുന്നോട്ടു നടങ്ങാൻ ഒരുങ്ങിയതും പിന്നിലൂടെ വന്ന രണ്ടു കരങ്ങൾ അവളെ വരിഞ്ഞു മുറുക്കി. അവളുടെ കയ്യിലിരുന്ന ചൂട്ടു നിലത്തേക്ക് വീണു. വായ പൊത്തി പിടിച്ചിരുന്നതിനാൽ രേവതിക്ക് ഒന്ന് ഒച്ച വയ്ക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ആ അജ്ഞാതന്റെ കരവലയത്തിനുള്ളിൽക്കിടന്നവൾ കുതറി പ്പിടഞ്ഞു.രേവതിയെ തന്നിലേക്ക് ഇറുക്കെ ചേർത്ത് പിടിച്ചു കൊണ്ട് അപരിചിതൻ ഇലഞ്ഞി മരത്തിന്റെ മറവിലേക്ക് മറഞ്ഞു നിന്നു. രേവതി അടിമുടി വിറച്ചു. അത്രയും സമയം സംഭരിച്ചു വച്ചിരുന്ന ധൈര്യം ചോർന്നു പോകുന്നത് അവളറിഞ്ഞു. അടിവയറ്റിൽ നിന്നൊരു വിറയൽ ശരീരത്തിലേക്ക് പടർന്നു.

ഓടിക്കിതച്ചു തളർന്നത് പോലെ രേവതി അവശയായി.കണ്ണുകളിൽ നീർക്കണങ്ങൾ വന്നു മൂടുന്നത് അവളറിഞ്ഞു. “രേവതി…. പേടിക്കണ്ട ഞാനാ…. ” നാളുകളായി കേൾക്കാൻ കൊതിച്ചിരുന്ന സ്വരം അപ്രതീക്ഷിതമായി കാതിനരികിൽ കേട്ടപ്പോൾ അവൾ പുളകം കൊണ്ട്. മനസിലെക്കൊരു കുളിർമഴ പെയ്തിറങ്ങിയ അനുഭൂതിയായിരുന്നു അവൾക്കപ്പോൾ. “ദേവേട്ടാ… ” അവളുടെ അധരങ്ങൾ അവന്റെ പേര് മന്ത്രിച്ചു. പതിയെ രേവതിയുടെ ശരീരത്തിലെ പിടിയയഞ്ഞു.രേവതി വെട്ടിതിരിഞ്ഞു. കണ്ണുകളിൽ കുസൃതിയൊളിപ്പിച്ചു അവളെ തന്നെ നോക്കി നിൽക്കുന്ന ദേവനെ കണ്ടപ്പോൾ ഒരേ സമയം അവൾക്ക് ദേഷ്യവും സങ്കടവും വന്നു. പട്ടണത്തിലെ കോളേജിൽ രേവതിയുടെ സീനിയറായിരുന്നു മഹാദേവനെന്ന ദേവൻ.

ഇരുവരും വർഷങ്ങളായി അഗാധമായ പ്രണയത്തിലുമാണ്. പഠിത്തം കഴിഞ്ഞു തിരിച്ചെത്തിയ ശേഷം രേവതിയും ദേവനും തമ്മിൽ കണ്ടിട്ടേയില്ല. കാതുകളിലൂടെയാണ് മൂന്നു വർഷത്തോളമായി അവരുടെ സംസാരം. രേവതി അവനെ വഴക്കു പറയാനായി നാവുയർത്തിയതും മഹാദേവനവളുടെ വായ പൊത്തി മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. “ഞാൻ പറയുന്നത് വരെ നീ ശബ്ദമൊന്നുമുണ്ടാക്കരുത്… ” “എന്താ കാര്യം… ” അവൾ പതിയെ ചോദിച്ചു. “പറയാം… ” അടക്കി പിടിച്ച സ്വരത്തിൽ ദേവനത് പറഞ്ഞു കൊണ്ട് രേവതിയുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു. അവന്റെ അധരങ്ങൾ അവളുടെ ശിരസിൽ അങ്ങിങ്ങോളം സ്നേഹ മുദ്രകൾ പതിപ്പിച്ചു കൊണ്ടേയിരുന്നു.

അവന്റെ ചൂട് നിശ്വാസം പിൻകഴുത്തിൽ പതിച്ചപ്പോൾ രേവതിക്ക് എന്തെന്നില്ലാത്ത ഒരനുഭൂതി തോന്നി. ഒരു നേർത്ത തേങ്ങലോടെ അവളവന്റെ വിരിമാറിലേക്ക് തല ചായ്ച്ചു. ദേവനവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുണ്ടമർത്തി. അപ്പോഴാണ് രണ്ടു പേരുടെ കാലടി ശബ്ദം അവിടെ കേട്ടത്. രണ്ടാളുകൾ ഇരുട്ടിൽ തപ്പി തടഞ്ഞു അവിടേക്ക് വരുന്നത് അരണ്ട വെളിച്ചത്തിൽ ഇരുവരും കണ്ടു. ദേവൻ രേവതിയെയും കൊണ്ട് ഇലഞ്ഞി മരത്തിന്റെ നിഴലു പറ്റി മറഞ്ഞു നിന്ന് അവരുടെ ചെയ്തികൾ വീക്ഷിച്ചു. “എടാ അവളെ ഇവിടെയെങ്ങും കാണുന്നില്ലല്ലോ… ഇവിടെ എത്തിയ ശേഷം അവളെങ്ങോട്ട് മറഞ്ഞു… ” ഒന്നാമൻ രണ്ടാമനോട് പറഞ്ഞു. “എനിക്ക് തോന്നുന്നു അവള് നമ്മളെ കണ്ടിട്ട് എങ്ങോട്ടെങ്കിലും മറഞ്ഞു കാണുമെന്നാ…

അല്ലെങ്കിൽ വനത്തിനുള്ളിലേക്ക് പോയിട്ടുണ്ടാവും. നമ്മുക്കെന്തായാലും പോയി നോക്കാം. കൈവന്ന മുതലിനെ അങ്ങനെ വിട്ടു കളഞ്ഞാൽ ശരിയാവില്ലല്ലോ… ” “അത് ശരിയാ… ഏതായാലും ഇന്നിനി പാലത്തിടത്ത്‌ തറവാട്ടിലെ പരിപാടി വേണ്ട. നമുക്ക് നാളെ കയറാം അതിനകത്തു. തല്ക്കാലം ഇന്നിനി ആ പെണ്ണിനെ കണ്ടു പിടിച്ചു വനത്തിനുള്ളിലെവിടെയെങ്കിലും കൂടാം നമുക്ക്… നീ വാ… ” രണ്ടു പേരും വനത്തിനുള്ളിലേക്ക് നടന്നു മറഞ്ഞു. അവര് പോയ ശേഷമാണ് ദേവനും രേവതിയും മരത്തിനു പിന്നിൽ നിന്നും പുറത്തു വന്നത്. “ആരാ ദേവേട്ടാ അവർ… ” അൽപ്പം ഭയത്തോടെ രേവതി ചോദിച്ചു. “നിന്റെ പുറകെ വന്നവരാണ് അവർ… ” “എന്റെ പുറകെയോ… ”

ഞെട്ടലോടെ രേവതി മഹാദേവന്റെ മുഖത്തേക്ക് നോക്കി. “ആഹ്. ഞാൻ ഇവിടെ എത്തിയപ്പോഴേക്കും ഇരുട്ട് വീണു കഴിഞ്ഞിരുന്നു. നിന്നെ വന്നു കാണാനായി പാലത്തിടത്തേക്ക് വരുന്ന സമയത്താണ് അവിടെ ചുറ്റിപറ്റി നിൽക്കുന്ന രണ്ടുപേരെ കണ്ടത്. അവരുടെ സംഭാഷണത്തിൽ നിന്നും എനിക്കൊരു കാര്യം മനസിലായി.ഇന്ന് രാത്രി അവിടെ മോഷണത്തിന് കയറാനായിരുന്നു അവരുടെ ഉദ്ദേശമെന്ന്. മാത്രമല്ല വനത്തിനുള്ളിലെ നാഗത്തറയിൽ ഉണ്ടായിരുന്ന സ്വർണ വിഗ്രഹം അപഹരിച്ചതും അവര് തന്നെയാ. രാത്രി എല്ലാരും ഉറങ്ങിയ ശേഷം അവിടെ കയറാനിരിക്കവേയാണ് അവർ നീ പുറത്തേക്കു ഇറങ്ങി വരുന്നത് കണ്ടത്. അപ്പോൾ തന്നെ എനിക്ക് അപകടം മനസിലായി.

നിന്നെ ഉപദ്രവിക്കുകയാണ് അവരുടെ ലക്ഷ്യമെന്ന്.ഞാൻ ഇടപെട്ട് ഒരു ഒച്ചയും ബഹളവും പ്രശ്നവുമുണ്ടായി നാട്ടുകാർ ഓടിക്കൂടി രംഗം വഷളാക്കണ്ടായെന്ന് കരുതിയാണ് അവരുടെ കണ്ണിൽ പെടാതെ നിന്നെ പിടിച്ചു മാറ്റിയത്… ” “ദേവട്ടൻ തക്ക സമയത്തു വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു… ” രേവതി നെഞ്ചത്ത് കൈവച്ചു. “അല്ല നീയെന്തിനാ ഈ രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങിയത്. എന്ത് ധൈര്യത്തിലാ നീ അവിടുന്ന് ഇറങ്ങി പോന്നത് വല്ലോം സംഭവിച്ചിരുന്നെങ്കിലോ… ” ദേഷ്യത്തോടെ അവനവളെ ഉറ്റു നോക്കി. ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കിയിട്ട് രേവതി പൊട്ടിക്കരഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ കരച്ചിൽ കണ്ടപ്പോൾ ദേവനും വിഷമമായി. “ഹേയ് രേവു എന്തായിത് കൊച്ചു കുട്ടികളെ പോലെ… ഈ രാത്രി ഇത്രയും സാഹസപ്പെട്ടു ഇറങ്ങിത്തിരിക്കേണ്ട എന്ത് കാര്യമാ നിനക്കുള്ളത്… ” അവനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. “ദേവേട്ടനോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ തറവാട്ടിലെ കാര്യങ്ങളെല്ലാം. ഞാൻ അറിയാത്ത എന്തൊക്കെയോ ദുരൂഹ രഹസ്യങ്ങളുണ്ട്. രോഹിണി എന്നൊരു സ്ത്രീയെ പറ്റി ഞാൻ പറഞ്ഞത് ദേവേട്ടൻ ഓർക്കുന്നില്ലേ…. അവരുടെ മരണത്തിൽ എന്റെ അച്ഛന് എന്തെങ്കിലും പങ്കുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. ഞങ്ങളുടെ തറവാട്ടുമായി യാതൊരു രക്ത ബന്ധവുമില്ലാത്ത അവരെങ്ങനെ എന്റെ തറവാട്ടിൽ വളർന്നുവെന്ന് എനിക്കറിയില്ല.

മേലാറ്റൂർ കോവിലകം അന്യം നിന്നു പോകാൻ മാത്രം എന്താണ് സംഭവിച്ചതെന്നും എനിക്കറിയില്ല. അതേപറ്റി ആരും എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ വർഷങ്ങളായി മനസ്സിൽ കിടന്നുരുകുകയാണ്. രോഹിണി എന്ന സ്ത്രീ വർഷങ്ങൾക്ക് മുൻപ് നാഗത്തറയിൽ വച്ചു ക്രൂരമായി വധിക്കപ്പെട്ടുവെന്നും മാത്രമേ എനിക്കറിയൂ. ആരാണ് അവരെ കൊന്നതെന്നോ എന്താണ് അവർക്ക് അന്നവിടെ സംഭവിച്ചതെന്നോ എനിക്ക് അറിയില്ല. ഇന്ന് രണ്ടും കല്പിച്ചു മുത്തശ്ശനോട് ഞാൻ അതേപ്പറ്റി ചോദിച്ചപ്പോൾ രോഹിണി എങ്ങനെ കൊല്ലപ്പെട്ടെന്ന് മുത്തശ്ശനുമറിയില്ല. അതറിയുന്ന ആൾ എന്റെ അച്ഛനാണെന്നും പറഞ്ഞു.

പക്ഷേ വർഷങ്ങളായി മിണ്ടാനാവാതെ തളർന്നു കിടക്കുന്ന അച്ഛനിൽ നിന്ന് സത്യങ്ങൾ എങ്ങനെ അറിയാനാണ്. മേലാറ്റൂർ കോവിലകത്തെ പറ്റി സംസാരിക്കുന്നതിനിടയിൽ മുത്തശ്ശൻ നെഞ്ച് വേദനയായിട്ട് കുഴഞ്ഞു വീണു. അതേസമയം അച്ഛന്റെ മുറിയിലേക്ക് പോയ ഞാൻ കാണുന്നത് അച്ഛനെ ചുറ്റിവരിയുന്ന ഒരു വലിയ കരിനാഗത്തെയാണ്. ഇതിന്റെയെല്ലാം അർത്ഥമെന്താണ് ദേവേട്ടാ. തന്റെ കൊലയ്ക്ക് കാരണക്കാരനായ അച്ഛനെ ബന്ധന വിമുക്തയായ രോഹിണിയുടെ ആത്മാവ് കൊല്ലാനായി വന്നതായിരുന്നോ…. ഇതിനൊക്കെയുള്ള ഉത്തരം എനിക്ക് മേലാറ്റൂർ കോവിലകത്തു നിന്നും കിട്ടുമെന്ന് എന്റെ മനസ് പറയുന്നു. അതുകൊണ്ടാണ് രാത്രിക്ക് രാത്രി ആരും കാണാതെ അങ്ങോട്ടേക്ക് ഇറങ്ങി തിരിച്ചത്.

എങ്ങനെയെങ്കിലും ഈ ഗ്രാമത്തെ ബാധിച്ചിരിക്കുന്ന ശാപം ഒഴിഞ്ഞു പോകട്ടെയെന്ന് കരുതിയാ.രോഹിണി പുറത്തു വന്ന രാത്രി രണ്ടുപേരെയാണ് മൃഗീയമായി കൊന്നു കളഞ്ഞത്…ഇനിയും ആരെയൊക്കെ ആ ദുഷ്ടത്മാവ് കൊന്നു കളയുമെന്ന് അറിയില്ല… അതിനുമുൻപ് ഇതിനൊരു പരിഹാര മാർഗം കണ്ടെത്തിയെ മതിയാകു…. ഇക്കാര്യത്തിൽ ദേവേട്ടൻ എന്നെ സഹായിക്കില്ലേ… ” നിറകണ്ണുകളോടെ രേവതി അവനെ നോക്കി. “നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും രേവതി. നിന്നെ സഹായിക്കാൻ വേണ്ടിയാണ് ഇത്രയും ദൂരം സഞ്ചരിച്ചു ഞാൻ ഇവിടെ എത്തിയത്.

നാഗത്തറയിൽ ബന്ധിച്ചു വച്ചിരിക്കുന്ന രോഹിണിയുടെ ആത്മാവിനെ പറ്റിയും നിന്റെ തറവാടിനെ പറ്റിയുമൊക്കെ നിന്നിൽ നിന്നും ഞാനൊരുപാട് കേട്ടിട്ടുണ്ട്. അങ്ങനെയാണ് ഞാൻ അവകാശികളില്ലാതെ അന്യം നിന്നു പോയ മേലാറ്റൂർ കോവിലകത്തെ പറ്റി ഒരാളിൽ നിന്നുമറിയുന്നത്.ആ കോവിലകത്തിനൊരു അവകാശിയുണ്ട് രേവതി. രോഹിണിയുടെ മകൻ…. അദ്ദേഹത്തിൽ നിന്നും കുറെയേറെ കാര്യങ്ങൾ ഞാനറിഞ്ഞിരുന്നു… ” ദേവന്റെ വാക്കുകൾ കേട്ട് രേവതി ശക്തിയായി ഞെട്ടി. “മേലാറ്റൂർ കോവിലകത്തിനൊരു അവകാശിയുണ്ടെന്നോ… രോഹിണിയുടെ മകൻ.

എങ്കിൽ… എങ്കിൽ ആ മകനിപ്പോ എവിടെയാണ്. ആരാ ദേവേട്ടനോട് ഇതെല്ലാം പറഞ്ഞു തന്നത്… ” “അതെല്ലാം വഴിയേ ഞാൻ പറയാം… പക്ഷേ അതിനു മുൻപ് നമുക്ക് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ആദ്യം തന്നെ അപഹരിക്കപ്പെട്ട നാഗയക്ഷിയുടെ സ്വർണ ശില കണ്ടെത്തണം.അതവർ സൂക്ഷിച്ചിരിക്കുന്നത് മേലാറ്റൂർ കോവിലകത്തിനുള്ളിലാണ്. ഇന്ന് രാത്രി തന്നെ നമുക്ക് അങ്ങോട്ടേക്ക് പോകണം. ആ ശില കണ്ടെത്തണം… ” മഹാദേവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. നാനാവിധ ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉയർന്നു വന്നു. “അവരാരാണ് ദേവേട്ടാ എന്താ അവരുടെ ലക്ഷ്യം.” “രേവതി അവര് അയൽ ഗ്രാമത്തിൽ നിന്നും ഇവിടേക്ക് ചേക്കേറിയ തസ്കരന്മാരാണ്.ഈ ഗ്രാമത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ വന്നവർ.

ഇവിടെ ധാരാളം പ്രമാണിമാർ ഉള്ളതല്ലേ. സ്വത്തും പണവും മോഷ്ടിച്ചു കൊണ്ട് അവർ അടുത്ത നാട്ടിലേക്കു പോകും….അവരുടെ ശരീര ഭാഷ കണ്ടിട്ട് എന്തിനും പോന്ന കള്ളന്മാരാണെന്ന കാര്യത്തിൽ സംശയം വേണ്ട. നാഗയക്ഷിയുടെ സ്വർണം കൊണ്ടുണ്ടാക്കിയ ശില കണ്ടപ്പോൾ അതവർ ഇളക്കി എടുത്തു കൊണ്ട് പോയി വിറ്റ് കാശാക്കാമെന്ന് കരുതിക്കാണും… ” “പക്ഷേ ദേവേട്ടൻ എങ്ങനെ രോഹിണിക്കൊരു മകനുള്ളത് അറിഞ്ഞു. എനിക്കറിയാത്ത പലതും ദേവേട്ടനറിയാമെന്ന് എന്റെ മനസ്സ് പറയുന്നു… ആ നാഗശില എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് പറഞ്ഞത് എന്തുകൊണ്ടാ. എന്തെങ്കിലും അപകടം.. ” “അതെ… വളരെ വലിയൊരു അപകടമാണ് ഈ ഗ്രാമം നേരിടേണ്ടി വരുക.

അതിനു കാരണഹേതുവായത് വാസുദേവ ഭട്ടത്തിരിയുടെ മാന്ത്രിക ബന്ധനമാണ്. അടുത്ത രണ്ടമാവാസി നാൾ കൂടി കഴിഞ്ഞാൽ ഈ നാട്ടിലെ തെറ്റ് ചെയ്യാത്ത ഓരോ മനുഷ്യ ജീവനും കുരുതി കഴിക്കപ്പെടും. ഒരു ജീവൻ പോലും ഇവിടെ അവശേഷിക്കില്ല…” “അതെന്താ അങ്ങനെ… ഒരു തെറ്റും ചെയ്യാത്തവർ കൊല്ലപ്പെടുക എന്ന് പറയുന്നത് തന്നെ എന്ത് വേദനാജനകമായ കാര്യമാണ്… ” “പണ്ട് ഇവിടുത്തെ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിനു പൂജയ്ക്ക് വന്ന പൂജാരിയല്ലേ അന്ന് രോഹിണിയുടെ ആത്മാവിനെ പിടിച്ചു കെട്ടിയത്. അന്നദ്ദേഹം ചെയ്തു വച്ചത് കൊടിയ പാപമായിരുന്നു.നാഗചൈതന്യം ലഭിച്ച മേലാറ്റൂർ കോവിലകത്തെ ഏക പെൺതരിയായിരുന്നു രോഹിണി. പിൽകാലത്തു ദേവിയായി പൂജിക്കപ്പെടേണ്ടവൾ ആയിരുന്നു.

കൈമോശം വന്നു പോയ മേലാറ്റൂർ കോവിലകത്തിന്റെ പ്രൗഡിയും ഐശ്വര്യവും തിരികെ കൊണ്ടുവരാൻ ചുമതലപ്പെട്ടവളായിരുന്നു രോഹിണി.അവരുടെ ജന്മം തന്നെ അതിനു വേണ്ടിയായിരുന്നു. തന്റെ കർമ്മം പൂർത്തിയാക്കിയ ശേഷം മേലാറ്റൂർ കോവിലകത്തിന്റെയും നാടിന്റെയും ഐശ്വര്യമായി നാഗത്തറയിൽ കുടിയിരുത്തപ്പെടേണ്ടതായിരുന്നു. എന്നാൽ ആരൊക്കെയോ ചേർന്ന് അതില്ലാതാക്കി. നാഗത്തറയിൽ വച്ചു അതിക്രൂരമായി കൊല്ലുകയും ചെയ്തു. മരണാനന്തരം പക വീട്ടാനായി ഉയർത്തെഴുന്നേറ്റ രോഹിണിയുടെ ആത്മാവിനെ പണത്തിനു വേണ്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കർമ്മങ്ങൾ ചെയ്താണ് അന്ന് വാസുദേവ ഭട്ടത്തിരി രോഹിണിയുടെ ആത്മാവിനെ ബന്ധിച്ചത്.

ജന്മനാ തന്നെ നാഗചൈതന്യം ലഭിച്ച രോഹിണി ദുർമരണപ്പെട്ടപ്പോൾ ആത്മാവായി മാറി. ആ ആത്മാവിനെ ആരാധിക്കപ്പെടേണ്ടിയിരുന്ന നാഗത്തറയിൽ നാഗയക്ഷിയുടെ ശിലയിൽ ബന്ധനത്തിലാക്കി. അതോടെ നാഗദൈവങ്ങളുടെ ശക്തി പോയി. നാഗദൈവങ്ങൾ രോഹിണിയുടെ ആത്മാവിനു തുണയായി മാറി. മേലാറ്റൂർ കോവിലകത്തു മരണപ്പെട്ടവരുടെ ആത്മാവ് രോഹിണിയിൽ പ്രവേശിച്ചു. അതോടെ രോഹിണിയിലുണ്ടായിരുന്ന നാഗചൈതന്യം സംഹാര ഭാവത്തിലേക്ക് മാറി കഴിഞ്ഞു. ആ ബന്ധനത്തിൽ നിന്നും രോഹിണി പുറത്തു വന്നാൽ ഋഷിനാരധ മംഗലത്തിന്റെ നാശം സംഭവിക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഭട്ടത്തിരി ഇങ്ങനെയൊരു കടുംകൈ ചെയ്തു വച്ചത്.

തന്നെ കൊന്നവരോടുള്ള പക വീട്ടി കഴിഞ്ഞു കലിയടങ്ങി ശാന്തയാകുന്ന രോഹിണിയുടെ ആത്മാവിനെ നാഗത്തറയിലെ ശിലയിലേക്ക് ആവാഹിച്ചു ആ നാഗചൈതന്യത്തെ കെടാതെ ഇവിടുത്തെ ഐശ്വര്യമായി നില നിർത്തുകയായിരുന്നു അന്ന് ചെയ്യേണ്ടിയിരുന്നത്. പകരം കൊടിയ പാപമാണ് അദ്ദേഹം ചെയ്തത്. അയാൾ ചെയ്തതിന്റെ ഫലമായി സർപ്പ ദംശനമേറ്റാണ് ഭട്ടത്തിരിയും അയാളുടെ കുടുംബവും മരണമടഞ്ഞത്. ആരാധിക്കപ്പെടേണ്ട ശക്തിയെ ദുഷ്ട ശക്തിയായി മാറ്റിയത് വാസുദേവ ഭട്ടതിരിയുടെ മാന്ത്രിക ബന്ധനമായിരുന്നു. എല്ലാം പൂർവ്വ സ്ഥിയിലേക്കാക്കിയാൽ കൊടിയ ദുരന്തത്തിൽ നിന്നും ഏവർക്കും രക്ഷ പ്രാപിക്കാം.

രോഹിണിയുടെ ആത്മാവ് പോലും സ്വയമറിയാതെ സംഹാരരുദ്രയായി മാറുകയാണ്. നാഗ ദൈവങ്ങളുടെ ശക്തിയും പൂർവികരുടെ ആത്മക്കളും ചേർന്ന മിശ്രിത ശക്തിയാണ് അവരിപ്പോൾ… ” മഹാദേവൻ പറഞ്ഞു നിർത്തി. കേട്ട കാര്യങ്ങളൊന്നുംതന്നെ വിശ്വസിക്കാൻ കഴിയാതെ തരിച്ചു നിൽക്കുകയാണ് രേവതി. “എനിക്ക് പേടിയാകുന്നു ദേവേട്ടാ… എങ്ങനെയും നമ്മുക്കീ ഗ്രാമത്തെ വരാനിരിക്കുന്ന വിപത്തിൽ നിന്നും രക്ഷിക്കണം… ” ” സമയം കളയാതെ നമുക്ക് കോവിലകത്തേക്ക് പോകാം…ഇനിയും ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്ക് ലഭിക്കേണ്ടതുണ്ട്… നിന്റെ മനസിലെ ചോദ്യങ്ങൾക്കുള്ള ഉത്തരവും നിനക്ക് ലഭിക്കും രേവതി.. ”

അവളുടെ കൈ പിടിച്ചു മഹാദേവൻ വനത്തിനുള്ളിലേക്ക് നടന്നു. മേലാറ്റൂർ വനത്തിനുള്ളിലേക്ക് കാലെടുത്തു വച്ചപ്പോഴേ പെരുവിരലിൽ നിന്നൊരു വിറയൽ ശരീരത്തിലേക്ക് പടർന്നതവൾ അറിഞ്ഞു. ദേവൻ കൂടെയുള്ളതായിരുന്നു അവൾക്കാകെയുള്ള ധൈര്യം. ഇരുവരും കൈകൾ കോർത്തു പിടിച്ചു കൊണ്ട് അതിവേഗം ലക്ഷ്യസ്ഥാനത്തേക്ക് എത്താനായി നടന്നു. ഭീകരത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. എങ്ങും നിശബ്ദത മാത്രം. ഒരു ചെറു കാറ്റു പോലുമില്ല. ചീവീടുകളുടെ ഒച്ചയില്ല. അപ്പോഴാണ് ഒരു പക്ഷി അവരുടെ തലയ്ക്കു മുകളിലൂടെ ചിറകടിച്ചു കൊണ്ട് പറന്നു പോയത്.

നാഗത്തറയോട് ചേർന്നു നിൽക്കുന്ന ആൽമരത്തിന്റെ ഉയർന്ന ഒരു കൊമ്പിൽ ചേക്കേറിയ ആ കാലൻ പക്ഷി മരണത്തിന്റെ മുന്നോടിയെന്നവണ്ണം നിലവിളിക്കാൻ തുടങ്ങി. ഇരുണ്ട അന്ധകാരത്തിൽ ആ പക്ഷിയുടെ നിലവിളി അതി ഭീകരമായി മുഴങ്ങി കേട്ടു. ആരുടെയോ മരണം സുനിശ്ചിതമാക്കി കൊണ്ട് കാലൻ പക്ഷി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ആ ശബ്ദം രേവതിയിൽ അസ്വസ്ഥത ഉളവാക്കി. തങ്ങൾ മരണത്തിലേക്കാണോ നടന്നടുക്കുന്നതെന്ന സംശയം അവളിൽ ഉടലെടുത്തു. എന്ത് വന്നാലും നേരിടണമെന്നുറച്ചുകൊണ്ട് രേവതി ദേവന്റെ കയ്യിൽ മുറുകെ പിടിച്ചു.

ഒടുവിൽ ഇരുവരും നാഗത്തറയ്ക്ക് പിന്നിൽ ചന്ദന മരങ്ങളാൽ വേലി തീർക്കപ്പെട്ടു മറഞ്ഞു കിടക്കുന്ന മേലാറ്റൂർ കോവിലകത്തിനു മുന്നിലെത്തിപ്പെട്ടു. ഇരുളിലാണ്ടു കിടക്കുന്ന കോവിലകം പ്രേത ഭവനം പോലെ തോന്നിപ്പിച്ചു. ഒരു നേർത്ത കാറ്റ് അവരെ തഴുകി കടന്നു പോയി. ആ കാറ്റിനു ചന്ദനത്തിന്റെ ഗന്ധമായിരുന്നു. ദേവനും രേവതിയും പരസ്പരം മുഖത്തോട് മുഖം നോക്കി. ഇരുവരും ഒന്നിച്ചു കോവിലകത്തിന്റെ മുറ്റത്തേക്ക് കാലെടുത്തു വച്ചതും ആ കാഴ്ച കണ്ടു നടുങ്ങിത്തരിച്ചു.  തുടരും

നാഗചൈതന്യം: ഭാഗം 3

Share this story