അഗസ്ത്യ : ഭാഗം 14

അഗസ്ത്യ : ഭാഗം 14

എഴുത്തുകാരി: ശ്രീക്കുട്ടി

വീണ്ടും ഒരു മാസം കൂടി കടന്നുപോയി. അപ്പോഴേക്കും ഋതികയേയും കിച്ചുവിനേയും കാവുവിളയിൽ തിരികെക്കൊണ്ടാക്കിയിട്ട് മഹേഷ്‌ വിദേശത്തേക്ക് പറന്നിരുന്നു. ” ഡീ പെണ്ണേ എന്റനിയൻ കുട്ടനിപ്പോ ഒത്തിരി മാറിയല്ലേ ??? ” ഒരുദിവസം രാവിലത്തെ ഇളവെയിലും കൊണ്ട് ലോണിൽ വെറുതെയിരിക്കുമ്പോഴായിരുന്നു ഋതികയുടെ ആ ചോദ്യം. മറുപടിയായി അഗസ്ത്യ മനോഹരമായൊന്ന് പുഞ്ചിരിച്ചു. പിന്നെ പതിയെ മൂളി. ” ആഹാ അവന്റെ കാര്യം പറഞ്ഞപ്പഴേ പെണ്ണടിമുടിയങ്ങ് പൂത്തുലഞ്ഞല്ലോ ” അഗസ്ത്യയുടെ ചുവന്ന കവിളിൽ പതിയെ നുള്ളിക്കൊണ്ട് ഋതു കളിയാക്കി.

” ശരിയാണ് ഒരിക്കൽ ഏറ്റവും കൂടുതൽ വെറുത്ത , ഭയന്ന ആ പേരിനോട്‌ പോലും ഇന്നെനിക്ക് പ്രണയമാണ്. ഒരിക്കൽ ജീവിതം മടുത്ത് മരിക്കാൻ പോലും ശ്രമിച്ച ഞാനിന്ന് മുപ്പത്തിമുക്കോടി ദൈവങ്ങളോടും പ്രാർത്ഥിക്കുന്നത് ഈ ജീവിതം ഒരിക്കലും അവസാനിക്കരുതേയെന്ന് മാത്രമാണ്. അത്രയേറെ ഋഷിയേട്ടനിൽ ഞാനലിഞ്ഞ് ചേർന്നിരിക്കുന്നു. ” ഒരു സ്വപ്നത്തിലെന്നപോലെ അവൾ പറഞ്ഞുകൊണ്ടിരുന്നു. ആ സമയം ഋതികയും മറ്റേതോ ഒരു ലോകത്തായിരുന്നു. ” ഹലോ എന്താ ഒരാലോചന ??? ” ഒരു കുസൃതിച്ചിരിയോടവളെ തട്ടി വിളിച്ചുകൊണ്ട് അഗസ്ത്യ ചോദിച്ചു.

” ഞാൻ വെറുതെ ഞങ്ങളുടെ കോളേജ് കാലമൊക്കെയൊന്നോർക്കുവായിരുന്നു ” ” ഏഹ് നിങ്ങളൊരുമിച്ച് പഠിച്ചതാണോ ??? അതൊരു പുതിയ അറിവാണല്ലോ ” അവളുടെ ചോദ്യത്തിന് ഋതുവൊന്ന് പുഞ്ചിരിച്ചു. ” മ്മ്ഹ് എന്റെ സൂപ്പർ സീനിയർ ആയിരുന്നു. ചുവന്ന കൊടിയോടും സഖാക്കൻമാരോടും വല്ലാത്ത ഒരു ആവേശം തോന്നിയിരുന്ന സമയം. ഒരു ഇലക്ഷൻ ടൈമിൽ വിപ്ലവനായകൻമാർക്ക് വേണ്ടി വോട്ട് പിടിച്ചുനടക്കുന്ന സമയത്തായിരുന്നു നീല ഷർട്ടും നീലക്കര മുണ്ടുമുടുത്ത് വലതുകയ്യിൽ ഉയർത്തിപ്പിടിച്ച നീലക്കൊടിയുമേന്തി എതിരെ വന്ന ആ ആളിനെ ഞാനാദ്യമായി കണ്ടത്.

സഖാക്കൻമാരുടെ വിപ്ലവവീര്യം മാത്രം ആവേശത്തോടെ നോക്കിക്കണ്ടിരുന്ന ഞാൻ അന്നാദ്യമായി എതിർ പാർട്ടി സ്ഥാനാർഥിയെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. എന്തോ അലക്ഷ്യമായ നോട്ടത്തോടെ ഉറച്ച ചുവടുകളുമായി നടന്നുപോകുന്ന ആ ആളിൽ നിന്നും നോട്ടം പിൻവലിക്കാനെനിക്ക് കഴിഞ്ഞില്ല. പിന്നീടതുവരെയുണ്ടായിരുന്ന ആവേശമൊന്നും എനിക്കുണ്ടായിരുന്നില്ല. ഓരോ നിമിഷവും എന്റെ കണ്ണുകൾ അയാളെ മാത്രം തിരഞ്ഞുനടന്നു. ആളെപ്പറ്റി ഒന്നുമറിയില്ലെങ്കിലും ചുവരെഴുത്തുകളിൽ നിന്നും മഹേഷ്‌ സത്യമൂർത്തിയെന്ന പേര് ഞാൻ മനസ്സിലാക്കി. പിന്നീടോരോ നിമിഷവും എന്റെ കാലുകളും കണ്ണുകളും പുള്ളിക്കാരനെ മാത്രം പിൻതുടർന്നു.

പോകുന്നിടത്തെല്ലാം ഒരകലം വിട്ട് നിഴല് പോലെ ഞാനുണ്ടാകാറുണ്ടായിരുന്നത് കൊണ്ടാവും എന്റെയസുഖം വളരെ പെട്ടന്ന് തന്നെ കക്ഷി മനസ്സിലാക്കി. കാര്യമറിഞ്ഞപ്പോൾ രാഷ്ട്രീയ പരമായി ഞങ്ങൾ അക്കരെയിക്കരെയായിരുന്നത് കൊണ്ട് തന്നെ എന്നെ പരമാവധി ഒഴിവാക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ പിന്നീടെപ്പോഴോ ആ ചുണ്ടുകളിൽ എനിക്കായി ചെറുപുഞ്ചിരികൾ തെളിഞ്ഞുതുടങ്ങി. ചാരനിറമുള്ള ആ കണ്ണുകൾ എന്നെത്തേടി വന്നുകൊണ്ടിരുന്നു. അങ്ങനെയൊടുവിൽ ചെങ്കൊടിയേന്തിയ സഖാവിന്റെ മറുകരം പിടിക്കാൻ മോഹിച്ച ഈ ഞാൻ നീലക്കൊടിയേന്തിയവന്റെ ഇടതുകരം പിടിച്ച് അവന്റെ ജീവിതസഖിയായി. ”

അപ്പോഴും കൗതുകത്തോടെ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു അഗസ്ത്യ. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രി അഗസ്ത്യ മുറിയിലെത്തുമ്പോൾ കിച്ചുവിനെ നെഞ്ചിലിരുത്തി കളിപ്പിച്ചുകൊണ്ട് ബെഡിൽ കിടക്കുകയായിരുന്നു ഋഷി. ” ആഹാ കീരിയും പാമ്പും വീണ്ടും കൂട്ടായോ ??? ” അവരുടെ അരികിലേക്ക് വന്നിരുന്നുകൊണ്ട് അവൾ ചോദിച്ചു. ” പിന്നെ നീയെന്താഡീ വെള്ളപ്പാറ്റേ വിചാരിച്ചത് എന്നും ഞങ്ങളെ തമ്മിലടിപ്പിക്കാമെന്നാണോ ??? ” കിച്ചുവിനെ നെഞ്ചോട് ചേർത്തുകൊണ്ട് ഋഷി ചോദിച്ചു. ” അതുകൊള്ളാം ഇപ്പൊ ഞാനാണോ തമ്മിലടിപ്പിച്ചത് ??? ”

കണ്ണുരുട്ടിക്കൊണ്ട് അവൾ ചോദിച്ചു. ” അതേഡീ നീ തന്നെ … ” ” ആഹാ അങ്ങനാണോന്നൊന്നറിയണമല്ലോ കിച്ചൂസേ ആരാ ഇവിടുത്തെ വഴക്കാളി സത്യാന്റിയാണോ അതോ ഈ കിഷിയാന്നോ ??? കുഞ്ഞ് പറഞ്ഞേ…. ” കിച്ചുവിന്റെ മുഖം തന്റെ നേർക്ക് പിടിച്ചുതിരിച്ചുകൊണ്ടാണ് അവൾ ചോദിച്ചത്. ” കിഷി…… ” ഒട്ടുമാലോചിക്കാതെ ഋഷിയുടെ നേർക്ക് വിരൽചൂണ്ടി പൊട്ടിച്ചിരിച്ചുകൊണ്ട് കിച്ചു പറഞ്ഞു. ” അതാണ്….. ഇതാ പറയുന്നത് പിള്ള മനസ്സിൽ കള്ളമില്ലെന്ന് മനസ്സിലായോ ??? ” ചിരിയോടെ ഋഷിയുടെ കവിളിലൊരു കുത്ത് കൊടുത്തുകൊണ്ട് അഗസ്ത്യ പറഞ്ഞു. ” എടീ കുഞ്ഞിക്കുരുപ്പേ ഇത്രേം നേരം എന്റെ നെഞ്ചത്ത് ചെണ്ടകൊട്ടിക്കോണ്ടിരുന്നിട്ട് നീ സായിപ്പിനെ കണ്ടപ്പോ ഏതാണ്ടോ മറന്നോഡീ ??? ”

കിച്ചുവിന്റെ ഇരുകവിളിലും പിടിച്ചുവലിച്ചുകൊണ്ട് അവൻ ചോദിച്ചു. അപ്പോഴും അവൾ കുഞ്ഞിപ്പല്ലുകൾ മുഴുവൻ കാണിച്ച് ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ” അല്ല അതിനിവിടിപ്പോ എവിടാ സായിപ്പ് ??? ” ” സായിപ്പ് നിന്റെ….. ” ചിരി കടിച്ചമർത്തി തന്നെ കളിയാക്കി ചോദിച്ച അവളെ നോക്കിയെന്തോ പറയാൻ വന്നത് കിച്ചുവിന്റെ നോട്ടം കണ്ടതും അവൻ വിഴുങ്ങി. ” നീയീ കുരുപ്പിനെ കൊണ്ടുകളഞ്ഞിട്ട് വന്നേ. ഇനി ഇവളുമായിട്ടൊരു സന്ധിയില്ല ” കൃത്രിമ ദേഷ്യം നടിച്ച് കിച്ചുവിനെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് ഋഷി പറഞ്ഞു. ” നമുക്ക് പോകാം കുട്ടാ…. ”

സത്യ ചോദിച്ചതും കുഞ്ഞ് ചാടിയെണീറ്റവളുടെ ഇടുപ്പിലേക്ക് കയറി. ” കിഷീ പോവാന്ന് പറഞ്ഞേ…. ” ഋഷിയെ ചൂണ്ടി കുഞ്ഞിനോടായി അവൾ പറഞ്ഞു. അപ്പോഴും അവരെ ഏറുകണ്ണിട്ട് നോക്കിക്കൊണ്ട് ദേഷ്യമഭിനയിച്ച് തന്നെ കിടക്കുകയായിരുന്നു അവൻ. ” കിഷീ….. ” ” നീ പോടീ പല്ലില്ലാത്ത കിളവീ ഇനി എന്റടുത്തോട്ട് കൊഞ്ചിക്കൊണ്ട് വന്നാലുണ്ടല്ലോ നിന്റെ മൂക്ക് ഞാൻ പരത്തിക്കളയും കേട്ടോഡീ…. ” കിച്ചുവിന്റെ ഈണത്തിലുള്ള വിളി കേട്ടതും അവൻ പറഞ്ഞു. ” പോദാ കിഷീ…. ഈയാ ബയക്കാളി തത്യാന്റിയല്ല…. ” അവന്റെ നേരെ നോക്കി പിണങ്ങി മുഖം വീർപ്പിച്ച് പറഞ്ഞിട്ട് അവൾ അഗസ്ത്യയുടെ ചുമലിലേക്ക് മുഖം പൂഴ്ത്തി. ” അച്ചോടാ ചക്കര പിണങ്ങിയോ ??? ഇനി കിഷിയോട് മിണ്ടണ്ടാട്ടോ ”

കുഞ്ഞിനെ സമാധാനിപ്പിച്ചുകൊണ്ട് അവൾ മുറിക്ക് പുറത്തേക്കിറങ്ങി. അപ്പോഴെല്ലാം ആ രംഗമെല്ലാം കണ്ട് ഒരു നനുത്ത പുഞ്ചിരിയോടെ കിടക്കുകയായിരുന്നു ഋഷി. കിച്ചുവിനെയും കൊണ്ട് അഗസ്ത്യ ചെല്ലുമ്പോൾ സ്കൈപ്പിൽ മഹേഷിനോട്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഋതിക. അത് കണ്ട് അവളെ ശല്യം ചെയ്യാതെ അഗസ്ത്യ തന്നെ കുഞ്ഞിനെ ബെഡിൽ കിടത്തി പുതപ്പെടുത്ത് പുതപ്പിച്ചു. കുഞ്ഞ് കണ്ണുകളടച്ചതും ആ കുഞ്ഞിക്കവിളിൽ അരുമയായൊരു മുത്തം കൂടി കൊടുത്തിട്ടവൾ സംസാരിക്കുന്നതിനിടയിൽ ഇതൊക്കെ ശ്രദ്ധിച്ചിരുന്ന ഋതുവിനൊരു പുഞ്ചിരി കൂടി സമ്മാനിച്ചിട്ട് പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി. അപ്പോഴേക്കും കിച്ചു ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

തിരികെ റൂമിലെത്തി ഡോറടച്ചിട്ടവൾ ഋഷിയുടെ അരികിലേക്ക് ചേർന്ന് കിടന്നു. ” ഡീ പെണ്ണേ…. നമുക്കും വേണ്ടേഡീ കിച്ചൂസിനെപ്പോലൊരു കുഞ്ഞി സത്യ ??? ” അരികിൽ ചേർന്നുകിടന്നവളെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർത്ത് കിടത്തിക്കൊണ്ട് അവൻ ചോദിച്ചു. ” ഇപ്പോഴെയോ ??? ” തെല്ലൊരമ്പരപ്പോടെ അവൾ ചോദിച്ചു. ” ഇപ്പൊ എന്താ കുഴപ്പം ??? ” പുരികമൽപ്പം ഉയർത്തി അവളെ നോക്കി അവൻ ചോദിച്ചു. ” ഒന്നുല്ല എന്നാലും…….. ” ” എന്താടി പെണ്ണേ ഒരെന്നാലും ??? ” ” ഒന്നുല്ല വെറുതെ ചോദിച്ചതാ ” ” ഇനി കൂടുതലൊന്നും ആലോചിച്ചു കൂട്ടണ്ടാട്ടോ എന്റെയീ പൊട്ടിപ്പെണ്ണ്. ഇതുപോലൊരു ചുന്ദരിക്കുട്ടിയെ തരില്ലേ നീയെനിക്ക് ??? ”

ചോദിക്കുമ്പോൾ അവന്റെ സ്വരം ആർദ്രമായിരുന്നു. പിന്നീടൊരു തടസ്സങ്ങളും പറയാൻ കഴിയാത്തത് പോലെ സമ്മതഭാവത്തിൽ മൂളുമ്പോൾ അവളുടെ സ്വരവും വല്ലാതെ നേർത്തുന്നു. തന്റെ മാറോടൊട്ടിക്കിടന്നിരുന്ന ആ പെണ്ണിനെയൊരിക്കൽ കൂടി ചേർത്ത് പിടിക്കുമ്പോഴെല്ലാം അവന്റെ നെഞ്ചകം ആ ധന്യ നിമിഷങ്ങളുടെ നിർവൃതിയിലേക്കൂളിയിടുകയായിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മാസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി. ഋതു ഒരാൺകുഞ്ഞിന് ജന്മം നൽകിയപ്പോഴേക്കും ഋഷിയുടെ ജീവൻ അഗസ്ത്യയുടെ ഉള്ളിൽ തുടിച്ച് തുടങ്ങിയിരുന്നു. ”

ഈ അവസ്ഥയിലിരിക്കുന്ന നിന്റനിയത്തിയെ കാണാൻ പോകുമ്പോൾ നീ കൂടി വരേണ്ടതല്ലേ മൈഥിലി ??? ” അഗസ്ത്യയെ കാണാൻ കാവുവിളയ്ക്ക് പോകാൻ തീരുമാനിച്ചിരുന്നതിന്റെ തലേദിവസം രാത്രി മൈഥിലിയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതിനിടയിൽ ഇന്ദിര ചോദിച്ചു. ” ഞാനെന്തിനാ വരുന്നത് അവളുടെയും അവളുടെ ഭർത്താവിന്റെയും പ്രേമനാടകം കാണാനോ ??? അതോ ഇതുവരെ ഒരു കുഞ്ഞിനെ തന്ന് ഈശ്വരനനുഗ്രഹിക്കാത്ത എന്റെ മുന്നിൽ വച്ച് അവളഹങ്കരിക്കുന്നത് കാണാനോ ??? ” അത് പറയുമ്പോൾ അവളുടെ സ്വരത്തിൽ വല്ലാത്ത നീരസം കലർന്നിരുന്നു. ” നീയെന്തൊക്കെ ഭ്രാന്താ മൈഥിലിയീ പറയുന്നത് ??? ഇത്രയ്ക്കൊക്കെ വെറുക്കാൻ മാത്രം സത്യ നിന്നോടെന്ത് തെറ്റാ ചെയ്തത് ???

നിന്റെ ജീവിതം നീ സ്വയം എടുത്തുചാടി നശിപ്പിച്ചതിന് അവളെന്ത് പിഴച്ചു ??? ” ” അവളൊന്നും പിഴച്ചില്ലമ്മേ എന്നും എവിടെയും തെറ്റുകാരി ഞാൻ മാത്രമാണ്. എന്റെയീ ജീവിതത്തിന്റെ കാര്യത്തിൽ പോലും എനിക്ക് തെറ്റിപ്പോയമ്മേ അതുകൊണ്ടിനി എല്ലാകണക്കുകൂട്ടലുകളും തെറ്റിപ്പോയ ഞാൻ നിങ്ങളുടെ ആരുടെയും ഇടയിലേക്ക് വരുന്നില്ല. എന്നും അവൾ നല്ലവളായിരുന്നു. അതുകൊണ്ട് തന്നെ അവൾക്കെന്നും നന്മകളെ ഉണ്ടായിട്ടുമുള്ളു. ഇനിയും അങ്ങനെ തന്നെ ആവട്ടെ. ആ സന്തോഷങ്ങൾക്കിടയിലൊരു കരിവിളക്കായി ഞാൻ വരുന്നില്ലമ്മേ ” പറഞ്ഞുതീർന്നതും അവൾ കാൾ കട്ടാക്കിയതും ഒരുമിച്ചായിരുന്നു. ഫോൺ പിന്നിലെ പഴകിയ മേശമേലേക്ക് വച്ച് അവൾ നിലത്തേക്ക് തന്നെ ഇരുന്നു.

” എന്താടീ മൂധേവീ ഈ ജീവിതത്തിൽ നിനക്കിത്ര പിഴച്ചുപോയത് ??? ” പെട്ടന്നുണ്ടായ ആ ചോദ്യം കേട്ട് അവൾ വെട്ടിത്തിരിയുമ്പോഴേ കണ്ടു മുറിയുടെ വാതിൽക്കൽ കലി തുള്ളി നിൽക്കുന്ന ആദർശിന്റെ അമ്മ വിശാലത്തിനെ. ” അതമ്മേ ഞാൻ…. ” ” കതമ്മേ…. എങ്ങോട്ടെഴുന്നെള്ളാനാടി മൂധേവീ നിന്റെ തള്ള വിളിച്ചത് ??? ” അകത്തേക്ക് വന്നുകൊണ്ട് അവർ ചോദിച്ചു. ” അത് സത്യയുടെ വീട്ടിലേക്ക് പോകാൻ … ” ” ഓ നിന്റെയാ തലതെറിച്ച അനിയത്തിയെ കാണാനോ അതിനിപ്പോ അവളെന്താടി ചാവാൻ കിടക്കുന്നോ ??? ” ” അവൾക്ക് വിശേഷമുണ്ടെന്ന് അതിനാ പോകുന്നത് ” വല്യ താല്പര്യമില്ലാതെ പറഞ്ഞിട്ടവൾ അടുക്കളയിലേക്കിറങ്ങി നടന്നു. ” കേട്ടോടാ കിഴങ്ങാ നിന്നോടപ്പഴേ ഞാൻ പറഞ്ഞതാ ഈ മച്ചിയെ കൊണ്ട്ക്കളയാൻ.

എന്നിട്ട് നീ കേട്ടോ ഇപ്പൊ കണ്ടോ കെട്ടിയോനേം കളഞ്ഞിട്ട് വീട്ടിൽ വന്നുനിന്ന അവൾടെ അനിയത്തിക്ക് വയറ്റിലുണ്ടെന്ന്. എന്നിട്ടും ഈ നശിച്ചവൾക്കിതുവരെ വല്ല അനക്കവുമുണ്ടോ ??? ” മൂക്കറ്റം കുടിച്ച് ലെവലില്ലാതെ ഇറയത്ത് കിടന്നുറങ്ങുകയായിരുന്ന ആദർശിനെ വിളിച്ചുണർത്തി വിശാലം പറഞ്ഞു. ” ദേ തള്ളേ നിങ്ങടെ മോന്റെ കുറ്റം കൊണ്ടാ ഈശ്വരനെനിക്കിതുവരെ ഒരു കുഞ്ഞിനെപ്പോലും തരാത്തത്. കഴിഞ്ഞ മാസം ചെന്നപ്പോഴും ഡോക്ടറ് പറഞ്ഞതാ ഇയാടെ ഈ ഒടുക്കത്തെ കുടി നിർത്തണമെന്ന്. അത് ചെയ്യാതെ കുറ്റം മുഴുവൻ എനിക്ക്. ” പറഞ്ഞുനാവ് വായിലേക്കിടും മുൻപ് ആദർശിന്റെ കയ്യവളുടെ മുഖത്ത് പതിച്ചിരുന്നു. ” ഛീ നാവടക്കെഡീ….

ഞാൻ വെറുതെയൊരു തമാശക്കൊന്ന് ചിരിച്ചുകാണിച്ചപ്പോൾ ജനിപ്പിച്ച തന്തേം തള്ളേം വരെ കളഞ്ഞിട്ടെന്റെ കൂടിറങ്ങി വന്നവളല്ലേഡീ നീ. ആ നീ എന്റമ്മയോട് ചിലക്കുന്നോ ???? നീയെന്നെന്റെ തോളിൽ തൂങ്ങിയോ അന്ന് തുടങ്ങിയതാ എന്റെയീ നരകം. പോയി ചത്തൂടേഡീ നിനക്ക് ???? ” മൈഥിലിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലേക്ക് ഇടിച്ചുകൊണ്ട് അവൻ പറഞ്ഞു. എന്നിട്ട് മുറ്റത്ത്‌ കിടന്ന ഓട്ടോയിൽ കയറി അവനെങ്ങോട്ടോ പോയി. അവളെ നോക്കിയൊന്ന് പല്ലിറുമ്മിയിട്ട് വിശാലം അകത്തെക്കും പോയി. അപ്പോഴും അവൻ പറഞ്ഞിട്ട് പോയ വാക്കുകളുടെ ആഘാതത്തിൽ തന്നെയായിരുന്നു മൈഥിലി. അല്പനേരം കൂടി ഒരു ശിലപോലെ നിന്നിട്ട് ഭിത്തിയിലൂടെ ഊർന്നവൾ താഴേക്കിരുന്നു. അപ്പോഴെല്ലാം ഒരു നിമിഷത്തെ എടുത്തുചാട്ടത്തിൽ പറ്റിപ്പോയ അബദ്ധത്തെയോർത്ത് സ്വയം തേങ്ങുകയായിരുന്നു അവളുടെ ഉള്ളം. തുടരും…..

അഗസ്ത്യ : ഭാഗം 13

Share this story