ഭാര്യ-2 : ഭാഗം 17

ഭാര്യ-2 : ഭാഗം 17

എഴുത്തുകാരി: ആഷ ബിനിൽ

“ഞാൻ അപ്പഴേ പറഞ്ഞതല്ലേടാ, പള്ളീൽ വച്ചു കെട്ട് നടത്താൻ അച്ചൻ സമ്മതിക്കത്തില്ലന്ന്. ഇപ്പോ എങ്ങനെ ഉണ്ട്” ചാച്ചൻ ചോദിച്ചു. “അതെനിക്കും അറിയാവാരുന്നു ചാച്ചാ. നാളെ നമ്മള് രജിസ്റ്റർ ചെയ്തു കഴിയുമ്പോ നീ ഒന്ന് ചോദിച്ചിരുന്നേൽ ഞാൻ അങ്ങു മറിച്ചേനെ എന്ന് പുള്ളി പറയല്ല്. അതിനാ പോയി ചോദിച്ചത്” “എന്നിട്ട് എന്നാ നിന്റെ പ്ലാൻ?” വർഗീസ് ആണ്. “അടുത്തയാഴ്ച പപ്പക്ക് ആശുപത്രിയിൽ പോണോലോ. ആ കൂടെ അവരടെ വീട്ടിലും പോകാം. അവിടെ തീരുമാനം എന്നതാന്ന് നോക്കീട്ട് ബാക്കി തീരുമാനിക്കാം” അനീഷ് പറഞ്ഞു. അവന്റെ സന്തോഷവും അവനൊരു ജീവിതം കിട്ടുന്നതിലെ ആനന്ദവും വർഗീസിനെ വേഗം തന്നെ ഊർജസ്വലനാക്കി.

അല്ലെങ്കിൽ തന്നെ കാടിനോടും മണ്ണിനോടും പടവെട്ടി ജീവിച്ച ആ അറുപതുകാരൻ കർഷകൻ അങ്ങാനൊന്നും തളരില്ലല്ലോ. “ഓ, അതൊരു കുഞ്ഞു ആക്സിഡന്റ് ആടാ ഉവ്വേ” ആരെങ്കിലും ചോദിച്ചാൽ പുള്ളി പറയും. “അപ്പോ രണ്ടു ദിവസം ICUവിൽ കിടന്നതോ?” “ഓ. അതോ.. അതെനിക്ക് ഈ ഇൻജക്ഷൻ പേടി ആയതുകൊണ്ട് അവര് മയക്കി കെടത്തിയതാ. പിന്നെ ആശുപത്രിക്കാർക്ക് കാശ് വേണ്ടേടാ” പപ്പാ ഉഷാർ ആയതോടെ നേരത്തെ തീരുമാനിച്ച പ്രകാരം നാളെ തൃശ്ശൂര്ക്ക് പോകാൻ നിശ്ചയിച്ചു. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ഒരാഴ്ചയായിട്ടും അനീഷിന്റെ ഒരു ഫോൺ കോൾ പോലും നീലുവിന് വന്നിട്ടില്ല. അവൾ ആകെ അസ്വസ്ഥയായിരുന്നു. അവിടെ വരെ പോയി, അവനെ കണ്ടില്ലായിരുന്നു എങ്കിൽ ഇത്ര വേദന ഉണ്ടാകില്ല. ഇതിപ്പോ അവനെ കണ്ടു, വിവാഹം മുടങ്ങിയ കാര്യം അറിയിച്ചു, വീട്ടിലേക്ക് വരാൻ പറയുകയും ചെയ്തു. എന്നിട്ടും..? “അവന് ചെറിയ കുട്ടികളെ വിവാഹം കഴിക്കാലോ. അതും അവരുടെ നാട്ടിൽ നിന്നു തന്നെ. അപ്പോ പിന്നെ എന്നെ എന്തിനാണ് അല്ലെ..? അതല്ലെങ്കിൽ പിന്നെ വീട്ടുകാർ സമ്മതിച്ചു കാണില്ല.” “എന്റെ നീലു. നീ ഇങ്ങനെ ഒരൊന്നൊക്കെ ആലോചിച്ചു കൂട്ടാതെ. അവന്റെ അച്ഛന് ആക്സിഡന്റ് കഴിഞ്ഞ് അധികം ആയില്ലല്ലോ.

അവർക്ക് ഒന്ന് റിക്കവർ ആകാനുള്ള സമയം എങ്കിലും കൊടുക്ക് നീ” തനു അവളെ ആശ്വസിപ്പിച്ചു. “അത് തന്നെ. അല്ലെങ്കിൽ എല്ലാ പ്രശ്നങ്ങളെയും നേരിടുന്നവൾ ആണ്. ഇപ്പോ ദേ ജോലിക്കും പോകാതെ ആരെയും ഫേസ് ചെയ്യാൻ വയ്യെന്നും പറഞ്ഞു വീട്ടിൽ അടച്ചുകെട്ടി ഇരിക്കുന്നു” മീനാക്ഷി പറഞ്ഞു. ഗീതയും സുമിത്രയുമെല്ലാം അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ നീലുവിന്റെ മനസ് അശാന്തമായി തുടർന്നു. “ഇനിയും ഒളിച്ചിരിക്കാൻ വയ്യ.. നാളെ മുതൽ എന്തായാലും ജോലിക്ക് പോയി തുടങ്ങും.” നീലു ഉറപ്പിച്ചു. അന്ന് വൈകുന്നേരം അനീഷ് തനയ്യെ വിളിച്ചു നാളെ അവർ എത്തുന്ന കാര്യം അറിയിച്ചു.

ആദ്യം സർപ്രൈസ് ആക്കി വയ്ക്കാൻ തീരുമാനിച്ചെങ്കിലും നീലുവിന്റെ വേദന നിറഞ്ഞ മുഖവും ഒന്നിലും ശ്രദ്ധയില്ലാത്ത നടപ്പും കണ്ടപ്പോൾ എല്ലാം പറഞ്ഞു. അതോടെ അവൾക്ക് ശ്വാസം നേരെ വീണു. ഉച്ചയോടെയാണ് അനീഷും കുടുംബവും ചെമ്പമംഗലത്ത് എത്തിയത്. നല്ല സ്വീകരണം തന്നെ അവർക്ക് ലഭിച്ചു. “ഗമണ്ടൻ വീടാണല്ലോടാ മോനെ. നമ്മക്ക് കൊക്കിൽ ഒതുങ്ങുന്നതാണോ?” ശോശാമ്മ ആരും കേൾക്കാതെ അനീഷിനോട് ചോദിച്ചു. “അതിന് നമ്മള് വീട് വാങ്ങാൻ അല്ല അമ്മേ വന്നേക്കുന്നത്” അവൻ പറഞ്ഞു. “ഞങ്ങള് അവിടെ പള്ളിയിൽ അന്വേഷിച്ചാരുന്നു. കൊച്ചിനെ മാമോദീസാ മുക്കതെ പള്ളിയിൽ വച്ചു കെട്ട് നടത്തി തരില്ലന്നാ അച്ഛൻ പറയുന്നേ.

അങ്ങനെയപ്പോ കൊച്ചിനെ മതം മാറ്റിയിട്ട് പള്ളിയിൽ വച്ചു കെട്ടണ്ട എന്നു ഞങ്ങളും പറഞ്ഞു.” വർഗീസ് തള്ളി മറിക്കുകയാണ്. നീലുവിനെ മാമോദീസാ മുക്കാൻ മുന്നിൽ നിന്ന മനുഷ്യനാണ്. അനീഷ് അപ്പനേ നോക്കി. അയാൾ അവനെ ഒന്ന് ഇളിച്ചു കാണിച്ചു. “അമ്പലത്തിൽ വച്ചു കെട്ടാൻ ഇങ്ങനെ വല്ല തടസവും ഉണ്ടോ?” അയാൾ ചോദിച്ചു. “ഹേയ്. അതില്ല. അവിടെ ചെക്കനും പെണ്ണും താലി എടുത്തു കൊടുക്കാൻ ഒരാളും മാത്രം മതി. കുടുംബക്കാരോ നാട്ടുകാരോ അറിയണം എന്നുപോലും ഇല്ല. അതല്ലേ പത്തും പതിനേഴും വയസുള്ള കുട്ടികൾ ഇപ്പോ ഓരോ കോപ്രായങ്ങൾ കാണിക്കുന്നത്.

നിങ്ങൾക്ക് പള്ളിയിൽ വിളിച്ചു ചൊല്ലുന്ന ചടങ്ങ് ഉണ്ടല്ലോ. ചെക്കനോ പെണ്ണിനോ വേറെ കല്യാണമോ കുട്ടികളോ ഒക്കെ ഉണ്ടെങ്കിൽ അത് അറിയാൻ ഒരു ചാൻസ് ആണല്ലോ അത്. ഇവിടെ അതൊന്നും ഇല്ല. ആർക്കും വന്ന് കെട്ടി പോകാം” ഹരിപ്രസാദ് പറഞ്ഞു. “എല്ലാത്തിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്. അല്ലേടോ..” ശിവനും പറഞ്ഞു. “വിവാഹം രെജിസ്റ്റർ ചെയ്താലും ഒരു മാസം എടുക്കും നിയമ സാധുത കിട്ടാൻ. ഇന്ന് എന്തായാലും നിങ്ങളെല്ലാം വന്ന നാളെ സ്ഥിതിക്ക് നമുക്കങ് രെജിസ്റ്റർ ചെയ്തു വച്ചാലോ? ഒരു മാസം കഴിയുമ്പോ എല്ലാവരെയും അറിയിച്ചു കല്യാണം നടത്താം. അല്ലെങ്കിൽ ഇനിയും നിങ്ങൾ അതിന് വേണ്ടി വരണ്ടേ, അല്ലെങ്കിൽ ഞങ്ങൾ അവിടേക്ക് വരണം.”

തരുൺ ഒരു നിർദേശം മുന്നോട്ട് വച്ചു. അത് ശരിയാണെന്ന് എല്ലാവർക്കും തോന്നി. അതിഥികളെ സൽക്കാരിക്കാൻ രണ്ടുകൂട്ടം പായസം അടക്കം അടിപൊളി തൃശൂർ സദ്യ ഉണ്ടാക്കിയിരുന്നു. അന്ന് അനീഷും അച്ഛനും അമ്മയും അവിടെ തങ്ങി. ആഷിമോളും ഭർത്താവ് കെവിനും ഉച്ചക്ക് ശേഷം തിരികെ പോയിരുന്നു. ആ ദിവസം അവിടെ ഉത്സവം ആയിരുന്നു. രണ്ടു കുടുംബങ്ങൾക്കും പരസ്പരം അറിയാൻ കഴിഞ്ഞു. നീലുവിനോട് ശോശാമ്മക്ക് ഉണ്ടായിരുന്ന കുഞ്ഞു ഇഷ്ടക്കേട് മാറി. ഇരുപക്ഷത്തിന്റെയും ഗുണവും ദോഷവും അറിഞ്ഞു വേണമല്ലോ അംഗീകരിക്കാൻ. ഒരു ദിവസം കൊണ്ട് പരസ്പരം അറിയുന്നതിന് പരിമിതി ഉണ്ടെങ്കിലും തീരെ അറിയാത്തിലും മെച്ചം ഇതാണ്.

അങ്ങനെ രണ്ടു തവണ വിവാഹം മുടങ്ങിയ നീലുവിന്റെ വിവാഹം മൂന്നാം തവണ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തീരുമാനിച്ചു നടപ്പിലാക്കി. ഇന്ന് ഏപ്രിൽ 23. അടുത്ത മാസം 24ന് അമ്പലത്തിൽ വച്ചു താലി കെട്ടി റിസപ്‌ഷനും നടത്തി അനീഷ് നീലുവിനെ കൂടെ കൂട്ടും. അതുവരെ ആരും കാര്യങ്ങൾ അറിയേണ്ട എന്നും തീരുമാനിച്ചു. രജിസ്റ്റർ കഴിഞ്ഞു അനീഷും കുടുംബവും നാട്ടിലേക്ക് മടങ്ങി. അന്ന് ആദ്യമായി രണ്ടാൾക്കും പരസ്പരം പിരിഞ്ഞപ്പോൾ ചങ്ക് പറിയുന്ന വേദന തോന്നി. 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 പിറ്റേന്ന് നീലു ഓഫീസിൽ പോയി. കല്യാണം മുടങ്ങിയ വാർത്ത അവിടെ എല്ലാവരും അറിഞ്ഞിരുന്നു.

നീലുവിനെ കളിയാക്കി വേദനിപ്പിക്കാൻ കഴിയാതെ സ്വയം വിഷമിച്ചിരുന്ന എല്ലാവരും അവളെ കണ്ടതോടെ ഹാപ്പി ആയി. “ആ കല്യാണവും മുടങ്ങി അല്ലെ മേഡം. കഷ്ടമായി പോയല്ലോ” “സരമില്ലന്നെ. ചിലർക്ക് മംഗല്യയോഗം ഇല്ല. അങ്ങനെ ഉള്ളവർ എത്ര നോക്കിയാലും കല്യാണം നടക്കില്ല. പടിക്കൽ എത്തുമ്പോ എന്തെങ്കിലും തടസം വരും” “അല്ലെങ്കിൽ തന്നെ മേഡം അല്ലാതെ ആരെങ്കിലും ഈ പ്രായത്തിൽ കല്യാണം കഴിക്കാൻ നടക്കുമോ..” “കാര്യം കാണാൻ ഒക്കെ ഇപ്പോഴും കൊള്ളാം പക്ഷെ കല്യാണം നോക്കുമ്പോ ചെക്കന്മാരൊന്നും ഇത്ര പ്രായമുള്ള കുട്ടിയെ നോക്കില്ല മോളെ” അങ്ങനെ പലരും പല അഭിപ്രായങ്ങളും പറഞ്ഞു. നീലു എല്ലാം പുഞ്ചിരിയോടെ കേട്ട് നിന്നു. ശാലിനി മാത്രം അതീവ ദുഃഖിതയായിരുന്നു.

നീളുവിന്റെ വിവാഹം നടന്നു കാണാൻ അവൾ അത്രയധികം ആഗ്രഹിച്ചിരുന്നു. “നിന്റെ ആരെങ്കിലും ചത്തോ ഇവിടെ ശോകം അടിച്ചിരിക്കാൻ?” നീലു ചോദിച്ചു. നിറകണ്ണുകളോടെ ശാലു അവളെ നോക്കി. “ഡി. നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. അവരൊക്കെ അങ്ങനെ പറഞ്ഞിട്ടാണോ?” “അത്.. എന്നാലും.. ഈ തവണ ഞാൻ ഒരുപാട് പ്രതീക്ഷിച്ചതാ ഇതൊന്ന് നടന്നു കിട്ടാൻ. എന്നിട്ടും…” “ടി. എന്റെ കല്യാണം ഇന്നലെ കഴിഞ്ഞു” നീലു പറഞ്ഞു. “എഹ്ഹ്..?” അത് കേട്ട് ശാലു ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി. “ടി. ഒന്ന് പയ്യെ. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല” നീലു ചുറ്റിലും നോക്കി.

പിന്നെ കാര്യങ്ങളെല്ലാം അവളെ അറിയിച്ചു. പ്രായം, ദൂരം, ജാതി, മതം, സംസ്കാരം, വിദ്യാഭ്യാസം, ജോലി എനിങ്ങനെ എല്ലാ കാര്യങ്ങളിലും വ്യത്യസ്തരായ അനീഷും നീലുവും വിവാഹം കഴിക്കാൻ പോകുന്നു എന്നും രണ്ടു വീട്ടുകാരും അവരുടെ ബന്ധത്തെ അംഗീകരിച്ചു എന്നതും അവൾക്ക് അതിശയം ആയിരുന്നു. സന്തോഷം കൊണ്ട് അവൾ നീലുവിനെ കെട്ടിപ്പിടിച്ചു. ആ ഒരു മാസത്തിനിടയിൽ അവസരം കിട്ടുമ്പോഴെല്ലാം സഹപ്രവർത്തകർ നീലുവിനെ കുത്തി വേദനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. റിസപ്‌ഷന്റെ കാര്യങ്ങൾ എല്ലാം അച്ചന്മാരും ഏട്ടന്മാരും ഒക്കെയാണ് നോക്കിയത്. താരയും രാജീവും മക്കളും എത്തിയിരുന്നു.

അവർ അധികവും ചെമ്പമംഗലത്ത് തന്നെ താമസിച്ചു. കല്യാണം കഴിഞ്ഞു ഒരു മാസത്തെ ലീവിന് നീലു അപേക്ഷിച്ചിരുന്നു. അതുകൊണ്ട് അതുവരെ ലീവൊന്നും എടുത്തില്ല. കല്യാണത്തിന്റെ തലേന്ന് ആദ്യം തന്നെ ചീഫ് എൻജിനീയറെ കണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു. നിറഞ്ഞ മനസോടെ അയാൾ അവളെ അനുഗ്രഹിച്ചു. അന്ന് ഉച്ചതിരിഞ്ഞു നീലു എല്ലാവരെയും റീസപ്‌ഷൻ ക്ഷണിച്ചു. “ഇതും മുടങ്ങുവോ മേഡം” “മനുഷ്യന്റെ കാര്യം അല്ലെ സതീഷ്. ഞാനോ താനോ നാളത്തെ പുലരി കാണാൻ ഉണ്ടാകുമോ എന്ന് ഭഗവാനല്ലേ അറിയൂ. പ്രാർത്ഥിക്കാം” കിട്ടാനുള്ളത് കിട്ടിയതോടെ അയാൾ അടങ്ങി. അനീഷും അവന്റെ പാപ്പൻ (അപ്പന്റെ അനിയൻ) മാരും അമ്മാവന്മാരും ആന്റിമാരും കസിൻസും എല്ലാം ഇടുക്കിയിൽ നിന്ന് വന്നു.

അപ്പനും അമ്മയും വല്യമ്മച്ചിയും ചാച്ചനും യാത്ര ഒഴിവാക്കി. നീലുവിനെ കെട്ടുന്നതിൽ ഉടക്ക് പറഞ്ഞ ബന്ധുക്കൾ അവളുടെ വീടും ജീവിത നിലവാരവും ഒക്കെ കണ്ടു കണ്ണു തള്ളട്ടെ എന്ന ദുരുദ്ദേശവും എല്ലാത്തിനെയും കെട്ടി പെറുക്കി കൊണ്ടുവരുന്നതിന് പിന്നിൽ ഉണ്ടായിരുന്നു. നീലു വളരെ സിമ്പിളായ ഒരു മജന്ത സിൽക്ക് സാരിയും ചേരുന്ന റൂബിയുടെ ആഭരങ്ങളും ആണ് ധരിച്ചത്. അനീഷും അതേ കളറിലുള്ള കുർത്തയും മുണ്ടും അണിഞ്ഞു. ഒരുങ്ങിയിറങ്ങിയ രണ്ടാളും “മേഡ് ഫോർ ഈച് അദർ” ആയിരുന്നു. “നീലുവിന്റെ ഭാഗ്യം” എന്ന് അവളുടെ നാട്ടുകാരും സഹപ്രവർത്തകരും, “അനീഷിന്റെ ഒരു യോഗം” എന്ന് അവന്റെ ബന്ധുക്കളും പറഞ്ഞു.

താലികെട്ടും റിസപ്‌ഷനും കഴിഞ്ഞു മൂന്നരയോടെ അവർ അനീഷിന്റെ നാട്ടിലേക്ക് തിരിച്ചു. യാത്ര കുറച്ചധികം ഉള്ളതുകൊണ്ട് നീലു സാരിയും ആഭരങ്ങളും എല്ലാം ഒഴിവാക്കി സിമ്പിളായി ഒന്ന് ഒരുങ്ങിയിറങ്ങി. ഇറങ്ങുന്ന സമയം അച്ചന്മാരും അമ്മമാരും ഏട്ടന്മാരും തനുവും കുഞ്ഞുങ്ങളും എല്ലാം കൂടി കൂട്ടകരച്ചിൽ ആയിരുന്നു. ഒരാഴ്ച മുൻപ് മാത്രം നാട്ടിൽ വന്ന, നീലുവുമായി ഇപ്പോ അധികം അടുപ്പം ഇല്ലാത്ത താരയും കുട്ടികളും വരെ കരഞ്ഞു. തൊട്ടു പുറകെ അനീഷിന്റെ വീട്ടിലേക്ക് യാത്ര തിരിക്കുന്നവർ ആണ് ഈ കരയുന്നത് എന്ന് കൂട്ടണം. മരുന്നിനെങ്കിലും ഒരാൾ കരയാതെ മാറി നിന്നിരുന്നെങ്കിൽ എന്ന് അനീഷ് ചുറ്റിലും നോക്കി. ഒടുവിൽ ഒരു തരത്തിൽ നീലുവിനെ പിടിച്ചു വണ്ടിയിൽ കയറ്റി.

രാത്രി വീട്ടിൽ കയറുന്ന പതിവ് ഇല്ലാത്തതിനാലും പിറ്റേന്ന് ഞായറാഴ്ച അനീഷിന്റെ വകയായ റീസപ്‌ഷൻ ഉള്ളതുകൊണ്ടും അന്ന് നീലു അവന്റെ പാപ്പന്റെ വീട്ടിൽ ആണ് താമസിച്ചത്. നീലുവിന്റെ കുടുംബം ഒരു ഹോം സ്റ്റേയിൽ താമസിച്ചു. പിറ്റേന്ന് റിസപ്‌ഷനു വന്നവർക്കും അനീഷിന് കിട്ടിയ ലോട്ടറിയെകുറിച്ചു മാത്രം ആയിരുന്നു പറയാൻ ഉള്ളത്. നാട്ടിൻപുറത്തുകാരുടെ സ്വതവേയുള്ള നിഷ്കളങ്കതയോടെ അവർ നീലുവിന് ചുറ്റിലും കൂടി. അന്ന് വൈകുന്നേരം വീട്ടുകാർ മടങ്ങി പോകുമ്പോഴും കൂട്ടക്കരച്ചിൽ തന്നെ ആയിരുന്നു. രാത്രിയോടെയാണ് ബന്ധുക്കൾ പിരിഞ്ഞു പോയത്.

കസിൻസ് കുറച്ചുപേർ ബാക്കിയുണ്ട്. “ചേച്ചീ.. നിങ്ങടെ ലവ് സ്റ്റോറി പറഞ്ഞു തരുവോ?” ഈ കുരുപ്പൊക്കെ എവിടെ നിന്ന് വരുന്നോ എന്തോ.. നീലു അനീഷിനെ നോക്കി. അവനും അതേ ഭാവത്തിൽ ആണ് ഇരിക്കുന്നത്. “അത്.. ഞങ്ങളുടെ ലവ് സ്റ്റോറി തുടങ്ങാൻ പോകുന്നേ ഉള്ളൂ ജോസൂട്ടാ.” അവൾ പറഞ്ഞു. ആ മറുപടി അത്ര തൃപ്തികരം ആയിരുന്നില്ല എന്ന് ചോദ്യകർത്താവിന്റെ മുഖം കണ്ടാലേ അറിയാം. “പിള്ളേരെ അവര് പോയി കെടന്നുറങ്ങട്ടെ. നേരം എത്രയായി വർത്താനം പറഞ്ഞിരുന്നെ. ബാക്കി നാളെ പറയാം എല്ലാം പോ” ശോശാമ്മ വന്നു പറഞ്ഞു. അവർ ഒരു ഗ്ലാസ് പാലും കൊടുത്തു നീലുവിനെ മുറിയിലേക്ക് പറഞ്ഞു വിട്ടു. പുറകെ അനീഷിനെയും.

നാല് മുറികളുള്ള ഓടിട്ട ഒരു വീടാണ് അനീഷിന്റേത്. ബാത്റൂമും ടോയ്‌ലറ്റും പുറകിലെ വരന്തയോട് ചേർന്ന് കോമൺ ആണ്. വീട്ടിലെ തന്റെ മുറിയുടെ പകുതി വലിപ്പമേ ഇതിനുള്ളൂ. പുതിയ ബെഡും ബെഡ് ഷീറ്റും കർട്ടനും ഒക്കെയാണ് എന്നു കണ്ടാലേ അറിയാം. തന്നെ ഇമ്പ്രസ് ചെയ്യാനുള്ള ആഷിമോളുടെ പരിപാടി ആണെന്ന് അനീഷ് പറഞ്ഞിരുന്നു. ആദ്യമായി അല്ല നീലു ഇത്തരം ഒരു സാഹചര്യത്തിൽ ജീവിക്കുന്നത്. ഹോസ്റ്റലിൽ കുറെ നാൾ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ചെറിയൊരു ബുദ്ധിമുട്ട് തോന്നാതിരുന്നില്ല. ഇന്ന് തന്റെ ആദ്യരാത്രി ആണ്. നീലു പെട്ടന്ന് ഓർത്തു. അതുവരെ ഇല്ലാത്തൊരു ഭയവും വെപ്രാളവും അവളെ വന്നു മൂടി. ഭഗവാനേ. അനീഷ് ആണ് ആള്. സ്ലീവാച്ചന്റെ സിനിമ കണ്ടതുപോലെ ആകുമോ…! ഹേയ്. ഇല്ല.. അവന് ബോധം ഒക്കെയുണ്ട്. ഇനി എങ്ങാനും..? പെട്ടന്നാണ് അനീഷ് മുറിയിൽ കയറി വാതിലടച്ചത്. നീലു ഒന്ന് ഞെട്ടി.  (തുടരും)-  അവസാനഭാഗം നാളെ രാവിലെ 10മണിക്ക്‌

ഭാര്യ-2 : ഭാഗം 16

Share this story