ഋതുസംക്രമം : ഭാഗം 1

ഋതുസംക്രമം : ഭാഗം 1

എഴുത്തുകാരി: അമൃത അജയൻ

ഇലക്കീറിൽ പടർന്നിരുന്ന നനുത്ത ചന്ദനം തൊട്ടു തൂനെറ്റിമേൽ വരഞ്ഞ് ഒരിക്കൽ കൂടി ശ്രീകോവിലിലേക്ക് നോക്കി കൈകൾ കൂപ്പി , പിന്തിരിഞ്ഞു.. കരിമഷിയെഴുതിയ ആ പെൺകുട്ടിയുടെ വിടർന്ന കണ്ണുകളിൽ അനിർവചനീയമായൊരു കഥയുണ്ട് … ഇളം മഞ്ഞ പട്ട് പാവാട രണ്ടു കൈകൊണ്ടും ഉയർത്തിപ്പിടിച്ച് ഒരു കുഞ്ഞാടിൻ്റെ മെയ് വഴക്കത്തോടെ ക്ഷേത്രപ്പടവുകൾ അവൾ ചാടിയിറങ്ങി തീർത്തു … പ്രഭാതത്തിൻ്റെ ആദ്യകിരണങ്ങൾ അമ്പലക്കുളത്തിൽ മുങ്ങാംകുഴിയിട്ടു …. മതിൽക്കെട്ട് കടന്ന് പാതയോരത്തുകൂടി നടന്നു നീങ്ങുന്ന സുന്ദരിക്കുട്ടിയുടെ വെളുത്തുയർന്ന നാസികത്തുമ്പിൽ ഒന്നോ രണ്ടോ വേർപ്പു മണികൾ മൊട്ടിട്ടിരുന്നു …

ടൗണിൽ നിന്ന് ആദ്യത്തെ പോക്കറ്റ് റോഡ് കയറി ചെല്ലുന്ന വഴിയിലെ മൂന്നാമത്തെ ബഹുനില ഭവനം അവളുടേതാണ് . . നാട്ടിലെ പേര് കേട്ട തറവാട് … പത്മതീർത്ഥം എന്ന് തങ്കലിപികളാൽ എഴുതപ്പെട്ട വലിയ ഇരുമ്പ് ഗേറ്റിൻ്റെ ഒരു പാളി അവൾക്കായി തുറക്കപ്പെട്ടു .. വാച്ചർ കൃഷ്ണൻ കുട്ടിയെ നോക്കി മന്ദഹസിച്ചു കൊണ്ടവൾ ഉള്ളിലേക്ക് നടന്നു … പൂന്തോട്ടത്തിനു ചുറ്റും വിരിച്ച ഭംഗിയുള്ള വെള്ളാരം കല്ലുകൾ സൂര്യപ്രഭയിൽ വൈഡൂര്യം പോലെ തിളങ്ങി … മുറ്റത്തിൻ്റെ ഇരുവശങ്ങളിലും സിമൻറു കൊണ്ടുള്ള പാതയാണ് … അവ കൂട്ടിമുട്ടുന്നത് പത്മതീർത്ഥമെന്ന സൗധത്തിന് മുന്നിൽ ..

പോർച്ചിൽ ഒരു ബെൻസും രണ്ട് ഇന്നോവയും വിശ്രമിക്കുന്നു .. ഇന്നോവകളിലൊന്നിൽ പത്മ ഗ്രൂപ്പ്സ് എന്ന് താമരയിതളിൻ്റെ എംബ്ലത്തോടെ ആലേഖനം ചെയ്തിരുന്നു .. ചെരുപ്പ് റാക്കിൽ അഴിച്ചു വച്ച് അവൾ പത്മതീർത്ഥത്തിൻ്റെ പടവുകൾ കയറി …. ഇത് മൈത്രേയി … മൈത്രേയി പത്മരാജൻ പത്മതീർത്ഥത്തിൽ പത്മരാജൻ്റെയും അഞ്ജനയുടെയും ഏക മകൾ … ഹാളിലെ ദിവാൻ കോട്ടിൽ എന്തോ ബിസിനസ് മാഗസിൻ മറിച്ചു നോക്കിക്കൊണ്ടിരുന്ന മാനേജർ ജയകൃഷ്ണൻ മൈത്രേയിയെ കണ്ട് ഒന്നിളകിയിരുന്നു നിർമലമായി പുഞ്ചിരിച്ചു … ” മോൾ ക്ഷേത്രത്തിൽ പോയിരുന്നോ …? ” ” ഉവ്വ് …

അങ്കിളെന്താ രാവിലെ തന്നെ … ” ” വളരെ ഇമ്പോർട്ടൻ്റായ …..” ” ബിസിനസ് മീറ്റിംഗ് ഇന്നുണ്ട് … ക്ലയൻ്റ്സ് വെയിറ്റിംഗാണ് … ഈ കരാർ കിട്ടിയാൽ കോടികളാണ് ടേൺ ഓവർ…..” ഒരു കുസൃതി ചിരിയോടെ ബാക്കിയവൾ പറഞ്ഞു തീർത്തു … അയാളൊരു ചമ്മലോടെ തല കുലുക്കി സമ്മതിച്ചു … ആ മുഖത്തിരുന്ന് സ്വർണ കണ്ണട തിളങ്ങി … അവൾ മറ്റെന്തോ കൂടി പറയാൻ തുടങ്ങിയതും അകത്തെവിടെയോ പട്ടുസാരിയുലയുന്ന ശബ്ദം കേട്ടു .. പറയാൻ വന്നത് പാതിയിൽ നിർത്തി മൈത്രേയി സാവധാനം അകത്തേക്ക് നീങ്ങി … നിമിഷങ്ങൾക്കുള്ളിൽ ഹാളിനോടു ചേർന്ന മാസ്റ്റർ ബെഡ് റൂം തുറക്കപ്പെട്ടു ..

പ്രൗഡയായ ഒരു സ്ത്രീ വാതിൽ കടന്ന് പുറത്തേക്ക് വന്നു .. കാഴ്ചയിൽ മുപ്പത് മതിക്കില്ല … ഒതുക്കത്തിൽ ഞൊറിഞ്ഞുടുത്ത ചെങ്കൽ നിറത്തിലെ സിൽക്ക് സാരി അവരുടെ സ്വർണ നിറത്തിന് നന്നായി ഇണങ്ങിയിരുന്നു … തോളൊപ്പം മുറിച്ചിട്ട സെട്രയിറ്റ് മുടിയുടെ ഒരു ഭാഗം അവരുടെ മാറിടത്തിലേക്ക് വീണു കിടന്നു .. ആ നീണ്ട നാസികയിലണിഞ്ഞിരുന്ന രത്നക്കല്ല് പ്രകാശമേറ്റ് തിളങ്ങി .. അതേ നാസികയാണ് മൈത്രേയിക്കും കിട്ടിയിരിക്കുന്നത് .. പത്മതീർത്ഥത്തിൽ അഞ്ജന ദേവി ..

വെളുത്തു മെലിഞ്ഞു മുപ്പത് കാരിയുടെ മെയ്തിളക്കത്തോടെ കടന്നു വന്ന ആ സ്ത്രീക്ക് പ്രായം നാൽപ്പതാണ് … അഞ്ജനയെ വാർത്തു വച്ചിരിക്കുന്നതാണ് മൈത്രേയി എന്ന് എല്ലാവരും പറയുമെങ്കിലും അവരുടെ കണ്ണുകളിലെ ആജ്ഞാശക്തി മൈത്രേയിക്കില്ല …. അഞ്ജനയുടേത് പോലെ ചുവന്ന് തുടുത്ത തിളക്കമുള്ള ചുണ്ടുകൾ അതേപടി മൈത്രേയിക്ക് കിട്ടിയിട്ടുണ്ടെങ്കിലും ആ കീഴ് ചുണ്ടിനും താടിക്കുമിടയിലെ കറുത്ത ചെറിയ മറുകാണ് അമ്മയുടെ സൗന്ദര്യക്കൂടുതലും അതിൻ്റെ അഭാവമാണ് മകളുടെ സൗന്ദര്യക്കുറവുമെന്ന് ആളുകൾ പറയും … അഞ്ജനയുടെ സാനിധ്യം ഹാളിൽ ചെമ്പകപ്പൂവിൻ്റെ പരിമളം നിറച്ചു .. ”

കഴിഞ്ഞോ ക്ഷേത്ര ദർശനം …..” വെങ്കല പാത്രം നിലത്തു വീണാലെന്ന പോലെ അഞ്ജനയുടെ ശബ്ദം മുഴങ്ങി … ” ഉവ്വമ്മേ …….” ” ങും …. കോളേജിൽ പോകണ്ടല്ലോ ഇന്ന് … ഇരുന്ന് പഠിച്ചോണം .. ചുറ്റിത്തിരിഞ്ഞ് നടക്കരുത് … മനസിലായോ ……” അവൾ ഒന്നും മിണ്ടാതെ കലണ്ടറിലേക്ക് പാളി നോക്കി … ഇന്ന് ഫെബ്രുവരി 14 … പ്രണയദിനം … കലാലയങ്ങളിൽ യുവത്വത്തിൻ്റെ വസന്തമിന്നാണ് … ഒരുപാട് പ്രണയ വല്ലരികൾ പൂത്തുലഞ്ഞ് പ്രണയോപഹാരം തീർക്കുന്ന സുദിനം … തനിക്കു മാത്രം ഇന്നവധിയാണ് .. . അമ്മ കൽപ്പിച്ച അവധി … ” മൈത്രി കേട്ടോ ഞാൻ പറഞ്ഞത് …..?” അഞ്ജനയുടെ ഒച്ച പൊന്തി … ”

എനിക്ക് പഴയിടത്ത് പോകണം … ” ” എന്തിന് …. ഇന്ന് ഡാൻസ് ക്ലാസില്ലല്ലോ …..” ” അതിനല്ല … കുറച്ച് പ്ലാൻ്റ്സും ഫംഗസും മഷ്റൂംസുമൊക്കെ കളക്ട് ചെയ്യാനുണ്ട് … നാളെ ക്ലാസിൽ കൊണ്ടോവാൻ … ” ” വൈകുന്നേരം പോയാൽ മതി …. കൃഷ്ണനോട് ഞാൻ പറഞ്ഞിട്ടേ പോകു നിന്നെ മൂന്ന് മണി കഴിഞ്ഞിട്ട് പുറത്ത് വിട്ടാൽ മതിയെന്ന് … അനുസരണക്കേട് കാട്ടരുത് …… ഫസ്റ്റ് സെമിൽ തോറ്റ ഫിസിക്സിൻ്റെ സപ്ലി എക്സാം അടുത്തയാഴ്ചയല്ലേ … പോയിരുന്ന് പഠിക്ക് … ഒന്നിനും കൊള്ളാത്ത കഴുത ..” അവസാനം പറഞ്ഞ വാചകം ആത്മഗതം പോലെയായിരുന്നു .. അമ്മയുടെ സ്വരത്തിലെ കാർക്കശ്യവും അമർഷവും അവളെ നിശബ്ദയാക്കി ..

കണ്ണിലെ ഉറവ കവിളിലേക്കടർന്നു … ” എത്ര തവണ പറഞ്ഞിട്ടുണ്ട് പോകാനിറങ്ങുമ്പോൾ മുന്നിൽ വന്നു നിന്ന് മോങ്ങരുതെന്ന് … ” അഞ്ജന പല്ല് കടിച്ചു .. ” ദേവി …… ” അമ്മയും മകളും തമ്മിലുള്ള സംഭാഷണം കണ്ടു കൊണ്ട് ജയകൃഷ്ണൻ സോഫയിൽ നിന്ന് എഴുന്നേറ്റു നിൽപ്പുണ്ടായിരുന്നു … ഇതെല്ലാം പതിവു കാഴ്ചകളാണ് … കാരണങ്ങൾ മാത്രം വ്യത്യസ്ഥമായിരിക്കുമെന്ന് മാത്രം … ജയകൃഷ്ണൻ വിളിച്ചപ്പോൾ അഞ്ജന പെട്ടന്ന് ശാന്തത കൈവരിച്ചു … ” ജയാ. .ഫയലുകളെല്ലാം ചെക്ക് ചെയ്തില്ലേ … ?” ” എവരിതിംഗ് ഈസ് ഫൈൻ … ലെറ്റ്സ് മൂവ് … ”

പത്മ ഗ്രൂപ്പ്സിൻ്റെ ഒഫീഷ്യൽ വാഹനത്തിൽ പിൻസീറ്റിലേക്ക് കടന്നിരുന്നു അഞ്ജന .. ജയകൃഷ്ണൻ ഡ്രൈവർക്കൊപ്പം മുന്നിലും … കാർ ഗേറ്റ് കടന്നു പോകുന്നത് വിൻഡോ ഗ്ലാസിലൂടെ നോക്കി നിന്ന് മൈത്രേയി കവിൾ തുടച്ചു .. ക്ഷേത്രത്തിൽ നിന്ന് വന്നപ്പോഴുണ്ടായിരുന്ന ഉത്സാഹം കെട്ടുപോയെങ്കിലും , അവൾ മുകളിലേക്ക് സ്റ്റെയർകേസ് ഓടി കയറി ഒരു മുറി വാതിൽക്കൽ ചെന്ന് അടിഞ്ഞുകിടക്കുന്ന ഡോർ ഹാൻ്റിൽ പിടിച്ചു തിരിച്ച് തുറന്നു അകത്തേക്ക് തലനീട്ടി … കട്ടിലിൽ തളർന്നു കിടന്ന രണ്ട് കണ്ണുകൾ അവളുടെ നേർക്ക് നീണ്ടു വന്നു … ആ കണ്ണുകൾക്ക് മെല്ലെ ജീവൻ വച്ചു … ” അച്ഛേ ……..”

ഓടി ചെന്ന് ബെഡിൽ കയറിയിരുന്നു അവളൊന്ന് വിതുമ്പി …. ” അമ്മയിന്നും എന്നെ വഴക്കു പറഞ്ഞച്ഛേ … അച്ഛക്കറിയോ ഇന്ന് വാലിൻ്റെൻസ് ഡേയാ .. കോളേജിലെ ഫംങ്ഷനും വിട്ടില്ല … ” അച്ഛയ്ക്കു മുന്നിൽ പരാതിക്കെട്ടഴിക്കുമ്പോൾ ആ തൊണ്ടയിടറി …. സഹാനുഭൂതിയോടെ മകളെ നോക്കിക്കിടക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു … പത്മരാജൻ … പത്മതീർത്ഥത്തിൽ ഉണ്ണി രവിയുടെയും പത്മിനിയുടെയും രണ്ടു മക്കളിൽ രണ്ടാമൻ… മൂത്തത് പത്മജ എന്ന പപ്പിക്കുട്ടി … പിതാവിനാൽ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യത്തിന് ഇടയ്ക്കൊരുലച്ചിൽ വന്നപ്പോൾ മരുഭൂമിയിലേക്ക് വിമാനം കയറി ,

കഠിന പ്രയത്നത്തിനൊടുവിൽ നഷ്ടങ്ങളെല്ലാം നികത്തി കൈമോശം വന്നു തുടങ്ങിയ ജീവിതം തിരിച്ചു പിടിച്ച പോരാളി .. ജീവിതത്തിലെ പോരാളിയെ ആക്സിഡൻ്റിൻ്റെ രൂപത്തിൽ തളർത്തിക്കളഞ്ഞ വില്ലനെ വിധിയെന്ന് ചൊല്ലി വിളിച്ചു എല്ലാവരും .. ” മോളൂട്ടിയെ നോക്കിക്കിടപ്പായിരുന്നു അച്ഛ … ” ഇലക്കീറിൽ നിന്ന് ചന്ദനം തൊട്ട് അച്ഛൻ്റെ നെറ്റിയിൽ ചാർത്തുന്ന മകളോട് കുശലം പറഞ്ഞു കൊണ്ട് ഒരു വൃദ്ധൻ ബാത്ത് റൂമിൽ നിന്നിറങ്ങിവന്നു … നന്നെ മെലിഞ്ഞ് , കഷണ്ടി കയറിയ പ്രകൃതം … ഭാസ്കരൻ … പത്മരാജനെ ശിശ്രൂഷിക്കുന്നത് അദ്ദേഹമാണ് … അവൾ മന്ദഹസിച്ചു … .”

എനിക്കിത്തിരി നേരം അച്ഛേടടുത്തിരിക്കണം ഭാസ്കരേട്ടാ .. ” കേട്ടപാടെ അച്ഛനെയും മകളെയും തനിച്ചു വിട്ട് അയാൾ മുറിവിട്ടിറങ്ങി … അച്ഛൻ്റെ തളർന്ന കൈയെടുത്ത് മടിയിൽ വച്ച് ചുറ്റിപ്പിടിച്ചിരിക്കുന്നത് ഒരാശ്വാസമാണ് .. ആശ്രയമാണ് … ‘ ഒന്നിനും കൊള്ളാത്ത കഴുത ‘ .. ഓരോ തവണ ആ വാചകം മുറിവേൽപ്പിക്കുമ്പോഴും അവൾക്കാശ്രയം അച്ഛൻ്റെയാ തളർന്ന കരതലമാണ് .. ***** *** ബാൽക്കണിയിൽ വന്ന് , അകലേക്ക് മിഴിനട്ട് നിൽക്കുമ്പോൾ അവൾ കോളേജിനെയോർത്തു … മാർത്തോമ കോളേജിൽ ഒന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയാണ് മൈത്രേയി ..

രണ്ടാം സെമസ്റ്റർ ക്ലാസുകളും ഏകദേശം അവസാന ഘട്ടത്തിലാണ് .. ആദ്യ സെമസ്റ്ററിൽ ഒരു സപ്ലിയുണ്ട് … ഫിസിക്സ് .. പഠിക്കാനത്ര കേമിയായിരുന്നില്ല അവൾ .. മാത്സും അതുമായി ബന്ധപ്പെട്ടു വരുന്ന പാഠ്യവിഷയങ്ങളും പണ്ട് മുതൽക്കേ അവൾക്ക് ബാലികേറാമലയാണ് .. എന്നാൽ ബയോളജിയോട് നല്ലയടുപ്പവും … നൃത്തമാണ് പാഷൻ .. മതിലിൽ ചുറ്റി പിണഞ്ഞു കിടന്ന ബൊഗൈൻ വില്ലപ്പൂക്കളിലേക്കവൾ സാകൂതം നോക്കി നിന്നു .. അപ്പുറം റോഡിലൂടെ മൂന്നാലു പെൺകുട്ടികൾ നടന്നു പോകുന്നു .. അവരുടെയെല്ലാം കണ്ണുകളിൽ ഇന്നൊരു നക്ഷത്ര തിളക്കമുണ്ട് … വഴിവക്കിലെങ്ങോ പനിനീർ പൂഷ്പവുമായൊരാൾ കാത്തുനിൽപ്പുണ്ടാവുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടാവും ..

അന്തരംഗം ആഗ്രഹിക്കുന്നുണ്ടാവും .. താനും മോഹിക്കുന്നുണ്ടോ … ആരാലെങ്കിലും പ്രണയിക്കപ്പെടാൻ .. ഇല്ല .. തനിക്കതിനൊന്നും ഭാഗ്യമില്ല .. അമ്മ വരയ്ക്കുന്ന ചിത്രമാണ് തൻ്റെ ജീവിതം .. ആ ചിത്രത്തിൽ ഇഷ്ടമുള്ളൊരു നിറം ചാർത്താൻ പോലും തനിക്കവകാശമില്ല .. ഇതു പോലൊരു പ്രണയദിനമാണ് തൻ്റെ ശേഷിച്ച സന്തോഷങ്ങളും തല്ലിക്കെടുത്തിയത് … അതും താൻ ചെയ്യാത്ത കുറ്റത്തിന് … രണ്ട് വർഷം മുൻപ് , പത്താം ക്ലാസിലെ മോഡൽ പരീക്ഷയുടെ ആദ്യ ദിനം വാലൻ്റൈൻസ് ഡേയായിരുന്നു .. തൊട്ടപ്പുറത്തെ ക്ലാസിലെ പയ്യൻ വച്ചു നീട്ടിയ പനിനീർപ്പൂവും കത്തും ഗ്രീറ്റിംഗ് കാർഡും ഒരു കൗതുകത്തിന് കൈപ്പറ്റിയതാണ് താൻ ചെയ്ത തെറ്റ് ..

സ്കൂൾ ഗേറ്റിനു മുന്നിൽ വച്ച് നടന്ന ഈ സംഭവം കാറിൽ തന്നെ പിക്ക് ചെയ്യാൻ വന്ന അമ്മ കണ്ടു … അമ്മ കാണും മുന്നേ ബാഗിൽ ഭദ്രമായി വച്ചു എന്നായിരുന്നു തൻ്റെ വിശ്വാസം .. വീട്ടിലേക്കുള്ള യാത്രയിലും അമ്മ ശാന്തതയോടെയിരുന്നു .. പക്ഷെ പത്മതീർത്ഥത്തിൽ വന്ന് കയറിയ പാടെ അമ്മ തൻ്റെ ബാഗ് വലിച്ചു തുറന്നു കുടഞ്ഞ് നിലത്തിട്ടു … ആ പനിനീർപ്പൂവ് ചവിട്ടിയരച്ചു … പ്രണയ ലേഖനവും ഗ്രീറ്റിംഗ്സും കീറിയെറിഞ്ഞു … തന്നെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചു …. ശരീരത്തിലെ മുറിവുകളെക്കാൾ , ആദ്യ പ്രണയലേഖനം വായിക്കാനാകാതെ പോയതായിരുന്നുവോ തന്നെ വേദനിപ്പിച്ചത് …

പിന്നീടിങ്ങോട്ട് സ്കൂളിലെ എല്ലാ ഫങ്ഷനുകളും തനിക്ക് നിഷേധിക്കപ്പെട്ടു .. കൂട്ടുകെട്ടുകളിൽ പോലും അമ്മ നിയന്ത്രണം വച്ചു .. കോളേജിലെത്തിയിട്ടും അങ്ങനെ തന്നെ … അച്ഛൻ വീണു പോയിട്ട് ആറു വർഷം … പത്മരാജൻ്റെ വീഴ്ചയോടെ പത്മ ഗ്രൂപ്പ്സ് തകരുമെന്ന് പറഞ്ഞവർക്കു മുന്നിൽ പടിപടിയായി വളർന്നു നിന്നത് അമ്മയുടെ മിടുക്കാണ് … അവർക്കൊന്നും നഷ്ടമായില്ലെന്ന് പിന്നീട് ആളുകൾ പറഞ്ഞു .. ശരിയാണ് ഒന്നും നഷ്ടമായില്ല .. പത്മ ഗ്രൂപ്പിന് ഒന്നും നഷ്ടമായില്ല .. പണവും പ്രതാപവും യശ്ശസും വർദ്ധിച്ചതേയുള്ളു … നഷ്ടങ്ങളെല്ലാം മൈത്രേയിക്കാണ് . .. അച്ഛേടെ സ്വന്തം മൈത്രിക്ക് …

അവളുടെ ചുണ്ടുകൾ വിതുമ്പി .. . ദൂരെ കുറിഞ്ഞിപൂക്കൾ പൂത്തുനിൽക്കുന്ന കുന്നിൻ ചെരുവിൽ നിന്നൊരു ശീതക്കാറ്റ് മെല്ലെ വന്നു അവളുടെ കൺപോളകളെ തഴുകി… പിന്തിരിയാൻ നേരം റോഡിലൂടെ രണ്ട് ബൈക്കുകൾ ചീറി പാഞ്ഞു പോയി .. രണ്ട് ബൈക്കിലായി നാല് യുവാക്കൾ .. മുന്നിലെ ബൈക്കിലിരുന്നയാൾ ഇങ്ങോട്ട് തല തിരിച്ചു നോക്കിയെന്ന് അവൾക്ക് തോന്നി … ഹെൽമറ്റുള്ളതിനാൽ മുഖം കണ്ടില്ല .. ആരാണാവോ …. ആരോ … ഏതോ വഴിപോക്കർ … അവൾ തിരിഞ്ഞു നടന്നു … എല്ലാവർക്കുമിന്ന് പ്രണയദിനമാണ് … മൈത്രേയിക്കൊഴിച്ച് … നേർത്തൊരു നിലാവ് പോലെ അവൾ പുഞ്ചിരി പൊഴിച്ചു … ****

മൂന്നു മണി കഴിഞ്ഞ് അഞ്ജനയെ വിളിച്ച് പെർമിഷൻ ചോദിച്ചിട്ടേ മൈത്രി പഴയിടത്തേക്ക് പോകാനിറങ്ങിയുള്ളു … അഞ്ചു മണിക്കുള്ളിൽ തിരിച്ചെത്തണമെന്നാണ് അമ്മയുടെ നിർദ്ദേശം … അവൾ നടത്തത്തിന് വേഗത കൂട്ടി … പഴയിടം … പഴയൊരു ഇല്ലമാണ് … പഴയിടത്തെ ശ്രീനന്ദയാണ് അവളെ നൃത്തം പഠിപ്പിക്കുന്നത് .. . കലാമണ്ഡലം ശ്രീനന്ദ … കലാമണ്ഡലത്തിൽ പഠിച്ചു എന്നതൊഴിച്ചാൽ ആ പേരിനോട് കിടപിടിക്കുന്ന പ്രശസ്തിയൊന്നും ശ്രീനന്ദയ്ക്കില്ല …. അവരതാഗ്രഹിച്ചിട്ടില്ല … നാട്ടിലുള്ള കുറച്ചു കുട്ടികളെ ഇല്ലത്തെ ഒഴിഞ്ഞ കളപ്പുരയിൽ വച്ച് നൃത്തം അഭ്യസിപ്പിക്കും ..

അക്കൂട്ടത്തിൽ ശ്രീനന്ദയുടെ ഒരു വിദ്യാർത്ഥിനിയാണ് മെത്രേയിയും … പഴയിടത്ത് ശ്രീനന്ദ അവൾക്ക് നന്ദേമ്മയാണ് .. ശിഷ്യഗണങ്ങളിൽ അങ്ങനെ വിളിക്കാൻ മൈത്രേയിക്ക് മാത്രമേ അനുവാദമുള്ളു … റോഡിറങ്ങിച്ചെന്നാൽ പിന്നെ ഇരു വശത്തും വയലാണ് … കാറ് പോകാനുള്ള വീതിയിൽ ടാറിട്ട റോഡ് വയലിനെ പകുത്ത് ഒരു പെരുമ്പാമ്പ് കണക്കെ നീണ്ടുപോകുന്നു … ദൂരെയായി ഓടിട്ട പഴയ ഇരുനില വീട് കാണാം … പഴയിടത്തില്ലം … തൊടിയും പറമ്പുമെല്ലാമുണ്ടെങ്കിലും പഴയ പ്രൗഡി ഇന്നില്ല … ശ്രീനന്ദയും അവരുടെ സഹോദരൻ ശ്രീനിവാസൻ്റെ വിധവ ,

എല്ലാവരും ആത്തോലെന്ന് വിളിക്കുന്ന രാഗിണിയും അവരുടെ മകൻ സൂര്യനന്ദനും മാത്രമാണ് ഇന്ന് പഴയിടത്തുള്ളത് .. ചരൽ വിരിച്ച മുറ്റത്തു തളർന്നു കിടക്കുന്ന പാരിജാത പൂക്കളിൽ ചവിട്ടാതെ അവൾ നടന്നു ചെന്ന് ഇറയത്ത് കയറി … ” ആഹാ മൈത്രിക്കുട്ടിയോ … കൂട്ടീന്ന് കോളേജിൽ പോയില്ല്യേ ….?” നേരിയതിൻ്റെ തലപ്പിൽ കൈതുടച്ചു കൊണ്ട് അകത്ത് നിന്ന് ഇറങ്ങി വന്ന് രാഗിണി ആരാഞ്ഞു .. ” ഇല്ല …. ഇന്നവിടെ ക്ലാസില്ലാരുന്നു … ആത്തോല് അടുക്കളേലാരുന്നോ ..? നന്ദേമ്മയെവിടെ … ?” അവൾ വിഷയം മാറ്റി …. ” നന്ദയടുക്കളേലിണ്ട് … കുട്ടി വരൂ … ” ” ആത്തോലേ ഞാനൊരു കാര്യത്തിന് വന്നതാ …

എനിക്കീ പറമ്പിലൊക്കെ ഒന്ന് ചുറ്റണം .. കുറച്ച് പ്ലാൻസ് ഒക്കെ കളക്റ്റ് ചെയ്യാൻ .. വേഗം തിരിച്ചു ചെല്ലണന്നാ അമ്മ പറഞ്ഞിരിക്കണേ … ” ” ഉവ്വോ … ന്നാ കുട്ടി പറമ്പിലേക്ക് നടന്നോളു … ഞാൻ നന്ദേക്കൂടി അങ്ങ്ട് വിടാം … ” അവൾ തലയാട്ടി …. ” ആ ,സൂര്യനവിടെണ്ടാവും … ന്തേലും സഹായം വേണച്ചാ ഓനോട് പറഞ്ഞോളു … ” മൈത്രി നടന്നപ്പോൾ ആത്തോല് പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു … ഇല്ലം ചുറ്റി അവൾ പിൻഭാഗത്തേക്ക് നടന്നു .. .. മൂവാണ്ടൻ മാവിനരികിൽ ചെന്ന് അവൾ ആപാദചൂഡം നോക്കി … ട്രീ ഇയറുകളൊന്നും തന്നെയില്ല .. മഴക്കാലത്താണ് ആ ഫംഗസ് കൂടുതലും കാണാറുള്ളത് .. ഇപ്പോൾ മഴക്കാലമല്ലാത്തത് കൊണ്ട് കിട്ടാൻ പാടാണ് … ചിലപ്പോ തൊടിയിലെ വരിക്കപ്ലാവിലോ മറ്റോ ഉണ്ടായേക്കാമെന്നവൾ കണക്കുകൂട്ടി …

അവൾ തൊടിയിലേക്ക് നടന്നു … അവിടെ നിറയെ വൃക്ഷങ്ങളാണ് .. മാവും പ്ലാവും കശുമാവും മഹാഗണിയും അത്തിയും ശതാവരിയുമെല്ലാം നിറഞ്ഞു ഒരു കാവിൻ്റെ പ്രതീതിയാണ് … പ്രതീതിയല്ല … ഒരു ചെറിയ കാവുണ്ട് ഉള്ളിലേക്കായി … അങ്ങോട്ടാരും പോകാറില്ലാന്ന് മാത്രം … അവൾ തൊടിയിലെമ്പാടും തിരഞ്ഞു നടന്നു .. കുറച്ച് മഷ്റൂംസും ഫംഗസും പ്ലാൻസുമെല്ലാം കിട്ടി … അപ്പോഴാണ് തൻ്റെ വെള്ളയിൽ കറുത്ത പൂക്കൾ നിറഞ്ഞ മിഡിയുടെ ഒരു വശം നിറയെ എന്തോ പായൽ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത് .. അവൾ മുഖം ചുളിച്ചു കൊണ്ട് അത് തൊട്ട് മണത്ത് നോക്കി … ഒരു ദുർഗന്ധമുണ്ട് … അവൾ തോൾ വെട്ടിച്ചു ..

തൊടിയുടെ അങ്ങേയറ്റത്ത് കൈത്തോട് ഒഴുകുന്നുണ്ട് … അവിടുന്ന് വെള്ളമെടുത്ത് കഴുകിക്കളയാമെന്ന് കരുതി മൈത്രേയി നടന്നു .. കളക്ട് ചെയ്ത സാധനങ്ങൾ തോട്ടുകരയിൽ വച്ച് , അവൾ സൂക്ഷിച്ച് വെള്ളത്തിലേക്കിറങ്ങി … വെള്ളം തൊട്ട് മിഡിയിൽ തേയ്ച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിലെവിടെയോ ആരുടെയൊക്കെയോ ചിരി കേട്ടു … അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി … അൽപ്പം മാറിയുള്ള പാറക്കെട്ടിനരികിൽ രണ്ടു മൂന്നു പയ്യൻമാർ അവളെത്തന്നെ നോക്കിയിരിക്കുന്നു …

ബിയർ ബോട്ടിലും കോളകാനും പാറക്കെട്ടിലും താഴെയുമായി ചിതറിക്കിടക്കുന്നു … പെട്ടന്ന് ആക്കൂട്ടത്തിലൊരുവൻ ചാടിയെഴുന്നേറ്റു … മൈത്രേയിയുടെ തലച്ചോറ് ശൂന്യമായി … അവൾ ഇല്ലത്തിന് നേർക്ക് നോക്കി … ഇല്ലം ഒരുപാടകലെ നിൽക്കുന്ന പോലെ .. ഇവിടുന്നു നിലവിളിച്ചാൽ ഇല്ലത്തടുക്കളയിലുള്ളവർ കേൾക്കുമോ … പെട്ടന്നൊരു ശക്തിയിൽ അവൾ കരയിലേക്ക് കയറാൻ ശ്രമിച്ചു … അതിരിൽ പിടിച്ച് ഏന്തി വലിഞ്ഞുകയറുന്നതിനിടയിൽ അവൾ കാൽ വഴുതി തോട്ടിലേക്ക് പതിച്ചു …. ( തുടരും )

Share this story