മഴമുകിൽ: ഭാഗം 5

മഴമുകിൽ:  ഭാഗം 5

എഴുത്തുകാരി: അമ്മു അമ്മൂസ്

എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ദേവ….””. രണ്ടു ദിവസത്തെ പരിചയം വച്ചിട്ടാ നല്ല പോലീഷാ അമ്മേ പറഞ്ഞു വരുന്നത്… “”അവൾ ചുണ്ട് കോട്ടിക്കൊണ്ട് പിറുപിറുത്തു…. “”മോള് ബാ…. അമ്മ കുളിപ്പിച്ചിട്ട് പുതിയ ഉടുപ്പിട്ട് തരാല്ലോ…””.. കൈ നീട്ടിയപ്പോൾ അവൾ ഋഷിയുടെ മേൽ നിന്ന് കൈയിലേക്ക് ചാഞ്ഞു…. “”ഇപ്പൊ വരാമേ….. പോവല്ലേ.പോലീഷേ …”” ഋഷിയോട് ഗൗരവത്തിൽ പറയുന്ന അല്ലു മോളെ നോക്കേ ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ദേവ…

“”പോവില്ലാട്ടോ… “”ഋഷി മോളുടെ കവിളിൽ പതിയെ പിടിച്ചു കൊഞ്ചിച്ചോണ്ട് പറഞ്ഞു.. അപ്പോഴേക്കും അച്ഛനും അങ്ങോട്ട്‌ വരുന്നത് കണ്ടു ദേവ അല്ലുമോളെയും എടുത്തു അകത്തേക്ക് നടന്നു.. “”ബേം… കുളിപ്പിച്ചമ്മേ… പോലീഷിന്റെ കൂടെ കളിച്ചനം….”” ദേഹത്തു പറ്റിയ കളർ ഒക്കെ പതിയെ വെള്ളമൊഴിച്ചു തേച്ചു കളഞ്ഞു കുളിപ്പിക്കുന്നതിനിടക്ക് അല്ലു മോൾ കൊഞ്ചലോടെ പറഞ്ഞു… കണ്ണുരുട്ടി നോക്കിയപ്പോളേക്കും ഒരു കൈ എടുത്തു വാ പൊത്തിപ്പിടിച്ചു താഴേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു.. “”ഇനി മേലിൽ ദേഹം മുഴുവൻ ഇങ്ങനെ കളർ ആക്കുമ്പോൾ ആകട്ടെ….

വൈദു ഇല്ലാത്ത നേരത്തിനു അവന്റെ കളർ മുഴുവൻ ചീത്തയാക്കിയിരിക്കുന്നോ…”” ദേവ ഇത്തിരി ഗൗരവം മുഖത്ത് വരുത്തി പറഞ്ഞു. എങ്കിൽ മാത്രമേ അനുസരിക്കൂ എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു… മിണ്ടാതെ തലയാട്ടി നിന്ന് കേൾക്കുന്നത് കണ്ടു… കുളിപ്പിച്ചിട്ട് ഇറക്കിയപ്പോഴേക്കും ഓടി ചെന്ന് ഉടുപ്പെടുത്തു നിൽക്കുന്നത് കണ്ടു. അയാളുടെ കൂടെ കളിക്കാൻ പോവാനാണെന്ന് തോന്നുന്നു.. അല്ലെങ്കിൽ വലിയ ആളുകളെ പോലെ തോർത്ത്‌ ഒക്കെ ഉടുത്തു തലയിൽ ഒരു കെട്ടും ഒക്കെ കെട്ടി ഇവിടെ ഫാഷൻ ഷോ നടത്തേണ്ട സമയം ആയിരുന്നു..

ഇന്ന് പതിവിന് വിപരീതമായി ആദ്യം എടുത്ത ഉടുപ്പ് തന്നെ ഉത്സാഹത്തോടെ ഇടാൻ സമ്മതിച്ചു…. ഉടുപ്പിട്ട് തീർന്ന ഉടനേ പൗഡർ പോലും ഇടാൻ സമ്മതിക്കാതെ ഓരോട്ടമായിരുന്നു… “”എന്ത് മായാജാലം കാട്ടിയിട്ടാവോ കൊച്ചിനെ മയക്കി വച്ചിരിക്കുന്നത്… “”പിറുപിറുത്തു കൊണ്ട് ഹാളിലേക്ക് ചെന്നപ്പോൾ ഋഷിയുടെ മടിയിൽ കയറി ഇരുന്ന് അവനോടു എന്തൊക്കെയോ കൊഞ്ചലോടെ സംസാരിക്കുന്ന അല്ലുമോളെയാണ് കണ്ടത്…. അവൾ ചോദിക്കുന്ന ചോദ്യത്തിനെല്ലാം അതേ താളത്തിൽ തന്നെ മറുപടി പറയുന്നുണ്ട്… അടുത്തേക്ക് പോയില്ല… കുറച്ചു ദൂരെ നിന്ന് രണ്ടാളെയും കണ്ടു…. ഇടക്കിടക്ക് അച്ഛനോടും അമ്മയോടും ഒക്കെ കാര്യം പറയുന്നുണ്ട്…

എന്തോ ഒരു ഫോൺ വന്നിട്ട് എഴുന്നേൽക്കുന്നത് കണ്ടു… “”പോലീഷ് പോയിട്ട് പിന്നെ വരാട്ടോ… “”ഋഷി അല്ലുമോളുടെ കവിളിൽ ഉമ്മ കൊടുത്തു പറഞ്ഞു… ആ കുഞ്ഞ് മുഖത്ത് സങ്കടം നിറയുന്നത് കണ്ടു…. ഏത് നിമിഷവും ഒരു കരച്ചിൽ പ്രതീക്ഷിക്കാം എന്ന പോലെ ചുണ്ട് കൂർപ്പിച്ചു കണ്ണ് നിറയ്ക്കുന്നത് കണ്ടപ്പോൾ ഋഷി ഒന്നൂടെ വാരി എടുത്തു.. “”പോലീഷ് അല്ലു മോൾക്ക് മുട്ടായി വാങ്ങാൻ പോവാണല്ലോ…. തിരിച്ചു വരുമ്പോൾ നിറയെ തരാല്ലോ…”” ഒന്നെടുത്തു പൊക്കിയിട്ട് പതിയെ ചിരിയോടെ പറഞ്ഞു… “”ശെരിക്കും വര്വോ … “”അല്ലു മോള് ചുണ്ട് പിളർത്തി സങ്കടത്തോടെ ചോദിച്ചു….

“”ശെരിക്കും വരൂല്ലോ…. ദാ ഇപ്പൊ വരും…..””മോൾടെ മൂക്കിൻ തുമ്പിൽ ഒരുമ്മ കൊടുത്തു ഋഷി മോളെ വീണ്ടും അച്ഛന്റെ കൈയിലേക്ക് കൊടുത്തു.. ഇറങ്ങാൻ തുടങ്ങുമ്പോൾ അവന്റെ കണ്ണുകൾ തനിക്ക് നേരെ വരുന്നത് കണ്ടു ദേവ വേഗം അകത്തേക്ക് നടന്നു…..വെട്ടിതിരിഞ്ഞു വേഗത്തിൽ നടന്നു പോകുന്ന അവളുടെ ആ പോക്ക് കാൺകെ അവന്റെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു…. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഋഷി തിരികെ എത്തിയപ്പോളേക്കും രാത്രി ആയിരുന്നു… പതിവിലും കൂടുതൽ സമയം എടുത്തിരുന്നു കൊല്ലപ്പെട്ട സ്ത്രീയുടെ വിവരങ്ങൾ ശേഖരിക്കാൻ….

വീട്ടിൽ എത്തിയപ്പോളേ കണ്ണുകൾ ആദ്യം എതിർവശത്തുള്ള വീട്ടിലേക്കാണ് പോയത്… അവന്റെ കണ്ണുകൾ ചുറ്റിനും മോളെ തിരഞ്ഞു എങ്കിലും കണ്ടിരുന്നില്ല… നിരാശയോടെ അകത്തേക്ക് കയറി…. വേഗം തന്നെ കുളിച്ചിറങ്ങി അവൾക്കായി വാങ്ങിയ മിട്ടായിപ്പൊതിയുമെടുത്തു ദേവയുടെ വീട്ടിലേക്ക് നടന്നു… ഗേറ്റ് കടന്നു അകത്തേക്ക് ചെന്നപ്പോഴേ കണ്ടു ഒരു കുഞ്ഞിത്തല വാതിലിന്റെ സൈഡിലൂടെ ഒളിഞ്ഞു നോക്കുന്നത്….. അവൻ കണ്ടു എന്നാകുമ്പോൾ വീണ്ടും തല അകത്തേക്ക് വലിക്കും… തൊട്ട് മുൻപിൽ എത്തിയപ്പോൾ ഋഷി വേഗം ഭിത്തിയുടെ മറവിലേക്ക് മാറി നിന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ആ കുഞ്ഞിത്തല വീണ്ടും ഒളിഞ്ഞു നോക്കുന്നത് പോലെ പുറത്തേക്ക് തലനീട്ടി…. പെട്ടെന്ന് തന്നെ പൊക്കി എടുക്കുമ്പോൾ കുലുങ്ങിചിരിച്ചുകൊണ്ട് ഋഷിയുടെ മുടിയിൽ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു അവൾ.. “”എന്റെ അല്ലൂസിന് നാണമാണോ…. “”അതും പറഞ്ഞു അകത്തേക്ക് നടക്കുമ്പോൾ കൈയിലെ മിട്ടായിപ്പൊതിയിലേക്കായിരുന്നു അവളുടെ നോട്ടം… ഋഷി വീണ്ടും കയറി വരുന്നത് കണ്ടു ദേവ കണ്ണും തള്ളി നിന്ന് പോയി. അവൻ അല്ലു മോളോട് വെറുതെ പറഞ്ഞതാണെന്നായിരുന്നു വിചാരിച്ചിരുന്നത്…. “”ഇയാൾക്ക് സ്വന്തമായി അപ്പുറത്തു ഒരു വീടില്ലേ…

പിന്നെന്ത് കുന്തത്തിനാണോ ആവോ ഇങ്ങോട്ട് വരുന്നത്…. “”പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു…. അവനുള്ള മുറിയിൽ ഇരിക്കുമ്പോൾ പോലും വല്ലാത്ത ടെൻഷൻ തോന്നിയിരുന്നു… ഏട്ടത്തിയും വൈദുവും കൂടി ഏട്ടത്തിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു…. അത് പതിവാണ്.. എല്ലാ ശനിയും അവിടെ ആയിരിക്കും… നാളെ വൈകുന്നേരം ആകുമ്പോഴേ തിരിച്ചു വരികയുള്ളു. . നേരെ മുറിയിലേക്കാണ് നടന്നത്….. കുറച്ചു നേരം കണ്ണടച്ചു കിടക്കാൻ തോന്നി…. രാവിലെ മുതലുള്ള സംഭവങ്ങൾ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു…. വീണ്ടും വീണ്ടും ആ കമ്പനിയിലേക്ക് തന്നെ പോകുന്ന കാര്യം ആലോചിക്കുമ്പോൾ ഉള്ളിൽ എന്തോ ചുട്ടു നീറ്റും പോലെ…

പക്ഷേ മറ്റാരോടും സഹായം ചോദിക്കാനും കഴിയുമായിരുന്നില്ല… വല്ലാത്ത ഒരു ശൂന്യത ആയിരുന്നു മനസ്സിൽ… മനസ്സാകെ മടുത്തത് പോലെ… ഇടയിൽ എപ്പോഴോ ഒന്ന് ചെറുതായി മയങ്ങി എന്ന് തോന്നി…. ഊണ് കഴിക്കാൻ അമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്…. മുഖമൊക്കെ കഴുകി ഊണ് മുറിയിൽ എത്തിയപ്പോൾ ആദ്യം കണ്ടത് അല്ലു മോളുടെ അടുത്ത് കസേരയിൽ ഇരിക്കുന്ന ഋഷിയെയാണ്… അവൾ അമ്മയെ ദയനീയമായി ഒന്ന് നോക്കി എങ്കിലും അമ്മ കണ്ട ഭാവം കാണിച്ചിരുന്നില്ല… ഒടുവിൽ വേറെ വഴി ഇല്ലാതെ അവന്റെ അടുത്ത് ഇരുന്നു….. ഒന്നും കഴിക്കാൻ തോന്നിയിരുന്നില്ല വെറുതെ പ്ലേറ്റിലേക്ക് നോക്കി വിരലോടിച്ചു അങ്ങനെ ഇരുന്നു…

അച്ഛനും അമ്മയുമൊക്കെ ഋഷിയോട് എന്തൊക്കെയോ ചോദിക്കുന്നോ സംസാരിക്കുന്നോ ഒക്കെ ഉണ്ട്…. അല്ലു മോള് ഇതൊന്നും ശ്രദ്ധിക്കാതെ ചോറ് കൊണ്ട് പൂക്കളം തീർക്കുന്ന തിരക്കിലാണ്… പെട്ടെന്നായിരുന്നു തീരെ വിചാരിക്കാതെ അല്ലുമോള് ഋഷിയുടെ നേരെ വാ തുറന്നു പിടിച്ചത്… “”അല്ലുന് വാരിത്ത പോലീഷേ…. “” വായും തുറന്നു കാട്ടി മോൾ ചോദിക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം തൊണ്ടക്കുഴിയിൽ എന്തോ തടഞ്ഞിരിക്കും പോലെ തോന്നി… ദീപുവേട്ടന്റെ മുഖം ആയിരുന്നു ഓർമ്മയിലേക്ക് വന്നത്….. പിന്നീട് ഒരു വറ്റ് പോലും ഇറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…..

ശ്വാസം മുട്ടും പോലെ… അച്ഛനും അമ്മയും വിളിച്ചിട്ടും കേൾക്കാതെ മുറിയിലേക്ക് നടന്നു.. വാതിൽ അടയും മുൻപ് ഋഷി അല്ലു മോളോട് എന്തോ പറഞ്ഞു സമാധാനിപ്പിച്ചു വാ തുറക്കാൻ പറയുന്നത് ഒരു മങ്ങലോടെ കണ്ടിരുന്നു… അവൻ പോകും വരെ പിന്നീട് മുറിക്ക് പുറത്തേക്ക് ഇറങ്ങിയിരുന്നില്ല… ഓർമ്മകൾ വല്ലാതെ ശ്വാസം മുട്ടിക്കുന്നു…. അല്ലു മോൾ ഋഷിയോട് വാരിത്തരാൻ പറഞ്ഞപ്പോൾ ഒരിക്കൽ പോലും മോളെ ഒന്ന് ചേർത്ത് പിടിക്കാത്ത ദീപുവേട്ടന്റെ മുഖമായിരുന്നു ഓർമ്മയിൽ വന്നത്… അന്നും തന്റെ കുഞ്ഞ് ഇതുപോലെ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ…

കൂടെ കളിക്കാനും വാരിത്തരാനുമെല്ലാം…. ചിന്തകളിൽ മുഴുകി ഇരുന്നു സമയം പോയതറിഞ്ഞില്ല…. അമ്മ വന്നു കതകിൽ തട്ടി വിളിച്ചപ്പോളായിരുന്നു നേരമേറെ വൈകി എന്ന് അറിഞ്ഞത്… വാതിൽ തുറന്നപ്പോൾ അല്ലു മോൾ ഉറക്കം തൂങ്ങി അമ്മയുടെ തോളിൽ കിടക്കുന്നതാണ് കണ്ടത്…. മോളെ കൈ നീട്ടി വാങ്ങിയപ്പോഴും അമ്മയുടെ മുഖത്തേക്ക് നോക്കിയില്ല…. അല്ലാതെ തന്നെ ആ മുഖത്തെ ഭാവം അറിയാൻ കഴിയുന്നുണ്ടായിരുന്നു… വളരെ കഷ്ടപ്പെട്ട് അമ്മക്കായി ഒരു പുഞ്ചിരി വരുത്തി മോളെയും എടുത്തു അകത്തേക്ക് നടന്നു…. ഉറങ്ങി കിടക്കുന്ന മോളെ നോക്കി നിൽക്കെ വീണ്ടും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

ശബ്ദമുണ്ടാക്കാതെ അവളുടെ അരികിൽ നിന്നും എഴുന്നേറ്റു… അലമാരയുടെ അടുത്തേക്ക് നടക്കുമ്പോൾ ക്ഷണിക്കാതെ തന്നെ ഭൂതകാല ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് ഇരച്ചെത്തുന്നുണ്ടായിരുന്നു… ഇന്നും ഭദ്രമായി സൂക്ഷിച്ചു വച്ച ഓർമ്മകൾ…. ആദ്യം കൈകൾ ചെന്നത് ചിലങ്കയിലേക്കാണ്.. നാല് വർഷം…. നാല് വർഷം കഴിഞ്ഞിരിക്കുന്നു എല്ലാം ഉപേക്ഷിച്ചിട്ട്… കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു തൊടുമ്പോൾ.. പതിയെ ഒരു ചിലങ്ക കൈ നീട്ടി എടുത്തു…. നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു…. അവിടവിടായി പൊട്ടി അടർന്ന ചിലങ്കയിലെ മുത്തുകൾ വീണ്ടും ആ കറുത്ത രാത്രിയുടെ ഓർമ്മകൾ ഉണർത്തി…

സ്വപ്നങ്ങളുടെയും സന്തോഷത്തിന്റെയും പറുദീസയിൽ നിന്നുള്ള ആദ്യത്തെ വീഴ്ച… “”എന്റെ ഭാര്യ അങ്ങനെ കണ്ടവന്മാരുടെ ഒന്നും മുൻപിൽ അഴിഞ്ഞാടി നടക്കുന്നത് എനിക്കിഷ്ടമല്ല…. ‘” കാലുകളെ വേദനിപ്പിച്ചുകൊണ്ട് ദീപുവേട്ടൻ വലിച്ചെറിഞ്ഞ ചിലങ്കയുടെ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങും പോലെ…. ആ വാക്കുകൾ നെഞ്ചിനെ ഇപ്പോഴും വല്ലാതെ ചുട്ടു നീറ്റും പോലെ… കവിളിനെയും നനച്ചു കണ്ണുനീർ തുള്ളികൾ ചിലങ്കയിലേക്ക് വീണപ്പോഴാണ് കരയുകയാണ് എന്ന് തിരിച്ചറിഞ്ഞത്…. എത്ര തടയാൻ ശ്രമിച്ചിട്ടും കഴിയാതെ ആ ചിലങ്ക നെഞ്ചോട് ചേർത്ത് ശബ്ദമുണ്ടാക്കാതെ കരയുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല അവളോടൊപ്പം തന്നെ ഈ ദൃശ്യങ്ങളിൽ മനസ്സ് വേദനിച്ചുകൊണ്ട് മറ്റൊരാൾ കൂടി അരികിൽ ഉണ്ടെന്ന്…

ജനലഴികളിൽ ചാരി നിന്ന് ആ ചിലങ്കയും നെഞ്ചോട് ചേർത്ത് കരയുന്ന ദേവയുടെ രൂപം ഉള്ളിൽ വല്ലാത്ത അസ്വസ്ഥത നിറക്കുന്നതായി തോന്നി ഋഷിക്ക്… കാരണമെന്തെന്നറിയില്ലെങ്കിലും അവളിൽ നിന്നും ഇറ്റ് വീഴുന്ന ഓരോ തുള്ളി കണ്ണുനീരും തന്റെ ഹൃദയത്തെയാണ് വേദനിപ്പിക്കുന്നതെന്ന് തോന്നി അവന്… ഓരോ തവണയും വിഷാദം നിറഞ്ഞ അവളുടേ മുഖം നെഞ്ചിൽ വല്ലാത്ത ഒരു അസ്വസ്ഥത നിറക്കുന്നു…. അല്ലു മോൾക്ക് വാരി കൊടുക്കുമ്പോൾ കണ്ണും നിറച്ചു അകത്തേക്ക് പോകുന്ന അവളെ കണ്ടിരുന്നു…. ആ കണ്ണുകൾ തന്നെ ആയിരുന്നു ഈ നിമിഷം വരെ മനസ്സിൽ…

കേസ് ഫയൽ നോക്കുമ്പോൾ പോലും നിറഞ്ഞു തുളുമ്പിയ ആ കണ്ണുകൾ മുൻപിൽ വന്നപ്പോഴാണ് ഒരല്പം സമാധാനത്തിനു വേണ്ടി പുറത്തേക്ക് ഇറങ്ങിയത്… ജനാലയോട് ചേർന്നുള്ള അലമാരയുടെ അടുത്തേക്ക് അവൾ വരുന്നത് കണ്ടപ്പോൾ നോക്കി നിന്ന് പോയി…. ഇടക്കിടക്ക് ബലത്തിന് വേണ്ടി അവളാ ജനലഴികളിൽ മുറുക്കെ പിടിക്കുന്നത് കണ്ടപ്പോഴാണ് കരയുവാണെന്ന് മനസ്സിലായത്…. ചിലങ്കയും മാറോടു ചേർത്ത് പൊട്ടികരയുന്ന അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കണം എന്ന് തോന്നി അവന്….

അവളുടേ വിഷമങ്ങളുടെ ഭാരമെല്ലാം അവളിൽ നിന്നും എടുത്തുമാറ്റി അവളെ സ്വതന്ത്ര്യ ആക്കണം എന്ന് തോന്നി…..ആ കണ്ണുകളിലെ ഭയം മാറ്റി അവളുടേ മുഖത്ത് വീണ്ടും ഒരു പുഞ്ചിരി വിരിയിക്കണം എന്ന് തോന്നി…. “”ഇതാണോ പ്രണയം….. അറിയില്ല…. പക്ഷേ ഒന്ന് മാത്രം അറിയാം അവളിലേക്ക് ആഴ്ന്നിറങ്ങുന്ന ഓരോ വേദനയും മുറിവേൽപ്പിക്കുന്നത് തന്റെ ഹൃദയത്തെ കൂടി ആണെന്ന്… “” … തുടരും

മഴമുകിൽ: ഭാഗം 4

Share this story