അനു : ഭാഗം 49

അനു : ഭാഗം 49

എഴുത്തുകാരി: അപർണ രാജൻ

അനുമോദിനെ ഹോസ്പിറ്റലിൽ ചെന്നാക്കിക്കൊണ്ടാണ് ഷാന പിന്നെ ഫ്ലാറ്റിലേക്ക് തിരിച്ചത് . ഇന്ന് തന്നെ കാണാൻ ധീരജ് വരുമെന്ന് സൗപർണിക നേരത്തെ തന്നെ വിളിച്ചു പറഞ്ഞതുകൊണ്ട് ഷാന , അവളെ നോക്കി നിൽക്കാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു . നിശ്ചയം കഴിഞ്ഞതിൽ പിന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വച്ചു ധീരജ് അവളെ കാണാൻ വരുന്നുണ്ട്…… ഇവിടെ ഉണ്ട് ഒരുത്തൻ…..!!!! നാട്ടിൽ വന്നിട്ട് മാസങ്ങളായി…. ഒന്ന് വന്നു കണ്ടു പോകാൻ പാടില്ലേ???? ഒരുതവണ പോലും തന്നെ കാണാൻ വരാത്ത , തന്റെ അഞ്ചാറു വർഷത്തെ പ്രണയത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ഷാന തന്റെ ഫ്ലാറ്റിലേക്ക് കയറി .

അനുവും സൗപർണികയും പലവഴി പോയത് കൊണ്ട് , അടുക്കളയിലേക്കുള്ള സാധനങ്ങൾ വാങ്ങേണ്ട ഊഴം അനുവിന്റതായിട്ട് കൂടി , ഷാനയാണ് എല്ലാം വാങ്ങിച്ചു കൊണ്ട് വന്നത് . അടുക്കളയിൽ വാങ്ങിച്ച സാധനങ്ങളെല്ലാം കൊണ്ട് വച്ചു , തന്റെ റൂമിലേക്ക് കടക്കാനൊരുങ്ങിയപ്പോഴാണ് , അനുവിന്റെ മുറിയിൽ നിന്നും വരുന്ന മൂളലും , ഞരങ്ങലും , അവളുടെ കാതിൽ പതിച്ചത് . ആദ്യം അവളത് കാര്യമാക്കിയില്ലയെങ്കിലും ഉയർന്നു വരുന്ന കിതപ്പിന്റെ ശബ്ദവും , ഒപ്പം അനു ഹോസ്പിറ്റലിൽ നിന്നിറങ്ങി പോയത് വിശ്വയുടെ ഒപ്പമാണെന്ന വിചാരം കൂടിയായതും അവളുടെ കണ്ണുകൾ വിടർന്നു .

പടച്ചോനെ…..!!!!! മനുഷ്യനെ വഴി തെറ്റിക്കാനായിട്ട് ……. തന്റെ കന്യകയായ ചെവിക്ക് ഇതൊന്നും കേൾക്കാൻ വയ്യെന്റെ റബ്ബേ , എന്ന രീതിയിൽ ചെവിയും പൊത്തി കൊണ്ടവൾ തിരിഞ്ഞതും അനു വാതിൽ തുറന്നു പുറത്തേക്കിറങ്ങിയതും ഒപ്പമായിരുന്നു . ഇന്ന് രാവിലെ എന്ത് കോലത്തിലാണോ ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങിയത് , അതെ കോലത്തിൽ തന്നെ ഇപ്പോഴും നിൽക്കുന്ന അനുവിനെ കണ്ടതും , അവളുടെ നെറ്റി ചുളിഞ്ഞു . “എന്താ????? ” തന്നെ കണ്ടു അന്ധാളിച്ചു നിൽക്കുന്ന ഷാനയെ കണ്ടു , അനു നെറ്റി ചുളിച്ചുക്കൊണ്ട് ചോദിച്ചു .

എന്നാൽ അനുവിന്റെ ചോദ്യത്തെ അവഗണിച്ചുക്കൊണ്ട് ഷാന നേരെ മുറിക്കകത്തേക്ക് എത്തി നോക്കുകയാണ് ചെയ്തത് . “അകത്തു ആരും ഇല്ലേ????? ” അനുവിന്റെ ഒപ്പം ആരും വരുന്നില്ലന്ന് കണ്ടതും , ഷാന മുറിയിലേക്ക് എത്തി നോക്കി കൊണ്ട് ചോദിച്ചു . “ആര് ????? നിനക്ക് ആരെയാ വേണ്ടത്????? ” വിയർപ്പിൽ കുതിർന്നു തന്റെ നെറ്റിയിലേക്ക് ഒട്ടി കിടക്കുന്ന മുടിയിഴകൾ വകഞ്ഞു മാറ്റി കൊണ്ട് അനു ചോദിച്ചതും ഷാന പതിയെ ചിരിച്ചു . “നീ എന്തെടുക്കുവായിരുന്നു അകത്തു????? ” “വർക്കൗട്ട് !!! ” ഇതുവരെ ഇല്ലാത്ത ഒരു ചോദ്യമൊക്കെയാണല്ലോ ഇപ്പോൾ എന്ന ഭാവത്തിലുള്ള അനുവിന്റെ മറുപടി കേട്ടതും , ഷാനയുടെ മുഖത്തു ഒരളിഞ്ഞ ഭാവം പതിയെ പടരാൻ തുടങ്ങി . “വർക്കൗട്ടായിരുന്നല്ലേ???? ”

“പിന്നെ നീ എന്ത് വിചാരിച്ചു????? ” ഷാനയുടെ മുഖത്തെ ഭാവം കണ്ടതും അനു പുരികം പൊക്കിക്കൊണ്ട് ചോദിച്ചു . “അപശബ്ദങ്ങൾ ഒക്കെ കേട്ടപ്പോൾ ഞാൻ വിചാരിച്ചു …….. നിന്റെ ഒപ്പം ……. റൂമിൽ …….. പോലീസും ഉണ്ടാകുമെന്ന് ……. ” തന്റെ മുഖത്തേക്ക് നോക്കാതെ കഴുത്തു തടവി കൊണ്ട് പറയുന്ന ഷാനയെ കണ്ടതും , അനു ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു . “ഞാൻ അറിഞ്ഞോണ്ട് ചോദിച്ചതല്ല…… നീ സാറിന്റെ ഒപ്പമാണല്ലോ ഹോസ്പിറ്റലിൽ നിന്ന് വന്നത് , അതിന്റെ ഒപ്പം കുറച്ചു ശബ്ദം കൂടെ കേട്ടപ്പോൾ ……. ആരായാലും തെറ്റിദ്ധരിക്കില്ലേ???? ”

ഈയൊരു ചിന്ത മാത്രം തലയിലിട്ടുക്കൊണ്ട് നടക്കുന്ന ഇതിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന ഭാവത്തിൽ അടുക്കളയിലേക്ക് പോകുന്ന അനുവിനെ കണ്ടതും , അതൊന്നും ഞാൻ മനഃപൂർവം വിചാരിച്ചതല്ല , പലതും കൂട്ടി ചേർത്തപ്പോൾ കിട്ടിയ തെറ്റിദ്ധാരണയാണത് എന്ന രീതിയിൽ തന്നെ തന്നെ ന്യായീകരിച്ചുക്കൊണ്ട് ഷാന അനുവിന്റെ പുറകെ ചെന്നു . “അത് മനസ്സിലായത് കൊണ്ടാണ് ഞാൻ ഒന്നും പറയാത്തത്???? ” മുഖത്തു യാതൊരു വിധ ഭാവഭേദവും ഇല്ലാതെ അനു പറയുന്നത് കേട്ടതും , ഷാന പിന്നെ ഒന്നും തന്നെ മിണ്ടിയില്ല . “അല്ല സാർ നിന്നെയും കൊണ്ട് എങ്ങോട്ടാ പോയത്???? ”

കാര്യം മാറ്റാൻ ശ്രമിച്ചുക്കൊണ്ടുള്ള ഷാനയുടെ ചോദ്യം കേട്ടതും അനുവിന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു . “എങ്ങും പോയില്ല ……. നേരെ ഒരു കടയിൽ പോയി , ഒരു മിനറൽ വാട്ടറും വാങ്ങി കവിളത്തു വച്ചുക്കൊണ്ട് കുറച്ചു നേരം ഇരുന്നു , പിന്നെ എന്നെ ഇവിടെ കൊണ്ട് വന്നിറക്കി വിട്ടു ……. ഇനി ആരെങ്കിലും തരുന്നത് ഒന്നും മിണ്ടാതെ വാങ്ങിക്കൊണ്ട് വന്നാൽ നിന്റെ മൂക്ക് ഞാനായിരിക്കും ഇടിച്ചു പരത്തുന്നത് എന്നൊരു ഡയലോഗ് കൂടി പറഞ്ഞിട്ട് പോയി….. ” പിറ്റേന്ന് ഹോസ്പിറ്റലിൽ ചെന്നപ്പോൾ അനു വിചാരിച്ചപ്പോലെ തന്നെ മുകളിൽ നിന്നും വിളി വന്നു .

എം ഡിയുടെയും സൂപ്രണ്ടിന്റെയും ഒക്കെ വക കുറച്ചു ലെക്ച്ചേഴ്സുമൊക്കെ കേട്ടതിനു ശേഷമാണ് അനു പിന്നെ ഡിപ്പാർട്മെന്റിലേക്ക് ചെന്നത് . ഒരുവിധം എല്ലാവർക്കും നല്ല അഭിപ്രായമുള്ള ഒരു ഡോക്ടറായത് കൊണ്ടും അനുവിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു പ്രവൃത്തി ആദ്യമായത് കൊണ്ടും പിന്നെ കടുവ ഒപ്പം നിന്നത് കൊണ്ടും എല്ലാം ചേർന്നു അനു എങ്ങനെ ഒക്കെയോ ആ പ്രശ്നത്തിൽ നിന്നും അവസാനം തലയൂരി . വിശ്വയ്ക്ക് ട്രാൻസ്ഫരൊന്നും ആകാത്തത് കൊണ്ടും അനുവിന് ജോലി തിരക്കുകൾ കാരണവും മറ്റും അവരിരുവരും പരസ്പരം കാണാറില്ലായിരുന്നു .

വല്ലപ്പോഴും വിശ്വ അവളെ കാണാൻ വരുമെന്നതൊഴിച്ചാൽ അവർ തമ്മിൽ കാണുന്നതും സംസാരിക്കുന്നതുമെല്ലാം തന്നെ കുറവായിരുന്നു . വിശ്വയുടെ തിരക്ക് അനുവിനും , അനുവിന്റെ തിരക്ക് വിശ്വയ്ക്കും അറിയാവുന്നത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അവരുടെ ബന്ധം അങ്ങനെ പത്തു മാസം കടന്നു . എല്ലാം ഞായറാഴ്ചയെയും പോലെ അന്നും പതിവ് തെറ്റിക്കാതെ തന്നെ അനു വീട്ടിലേക്ക് പോയത് . തിരക്കുകളില്ലാത്ത ഞായറാഴ്ചകളിൽ വീട്ടിലേക്ക് പോകുക എന്നത് അനുവിന്റെ ദിനചര്യകളിൽ ഒന്നായ് മാറി . ചെന്നു കയറിയതും , ശങ്കറിന് ചോദിക്കാനുണ്ടായത് വിശ്വയെ പറ്റിയാണ് .

ചെന്നു കയറിയപ്പോൾ തൊട്ട് വിശ്വയ്ക്ക് സുഖമാണോ , വിശ്വ സംസാരിച്ചോ , ചോറുണ്ടോ , ചായകുടിച്ചോ , എഴുന്നേറ്റോ , ജോലി തിരക്കുകൾ മാറിയോ , നിങ്ങൾ തമ്മിൽ കാണാറുണ്ടോ , എന്നൊക്കെ ചോദിച്ചു തന്റെ പുറകെ നടക്കുന്ന ശങ്കറിനെ കണ്ടു അനുവിന്റെ നെറ്റി ചുളിഞ്ഞു . ഞാനാണോ , കാക്കിയാണോ ഇപ്പോൾ നിങ്ങളുടെ മോളെന്ന് ചോദിക്കാൻ അവളുടെ നാവ് പൊന്തിയെങ്കിലും , ശങ്കറിന്റെ വായിൽ നിന്നും വരുന്ന മറുപടി എന്താകുമെന്നൂഹിക്കാവുന്നത് കൊണ്ട് പിന്നെ അവൾ ഒന്നും മിണ്ടാതെ തന്റെ മുറിയിൽ കയറി കതകടച്ചു . “ഡ്രസ്സ്‌ മാറി വേഗം താഴേക്ക് വാ…….. കഴിക്കാൻ എടുത്തു വയ്ക്കാം…… ”

താഴെ നിന്നും ശങ്കറിന്റെ ശബ്ദം കേട്ടതും അനു തലയാട്ടിക്കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു . വേഗം കുളിച്ചു , ശങ്കർ കിടക്കയിൽ വച്ചിരിക്കുന്ന ഒരു പാവാടയും ഷർട്ടും എടുത്തിട്ടുക്കൊണ്ട് അനു താഴേക്ക് നടന്നു . വീട്ടിലേക്ക് വരുന്നത് കൊണ്ട് ഒന്നും കഴിക്കാതെയാണവൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത് . അടുക്കളയിലേക്ക് കടക്കാൻ ഒരുങ്ങിയപ്പോഴാണ് സോഫയിലിരിക്കുന്ന രൂപത്തിലേക്ക് അനുവിന്റെ കണ്ണുകൾ ഉടക്കിയത് ….. രാഗ….!!!!! ഇവൾക്കെന്താ ഇവിടെ കാര്യം???? ആരോ തന്നെ തന്നെ നോക്കി നിൽക്കുന്നപ്പോലെ തോന്നിയപ്പോഴാണ് രാഗ പുറകിലേക്ക് തിരിഞ്ഞു നോക്കിയത് .

യാതൊരു ഭാവഭേദവും കൂടാതെയാണ് തന്നെ നോക്കി കൊണ്ടുള്ള അനുവിന്റെ നിൽപ്പെങ്കിലും , അവളുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന അന്ധാളിപ്പ് രാഗയ്ക്ക് ഊഹിക്കാമായിരുന്നു . എല്ലാം തുറന്നു പറയുന്ന കൂട്ടത്തിലാണ് അനുവെങ്കിലും , തന്റെ വികാരങ്ങളുടെ കാര്യത്തിൽ പലപ്പോഴും അവൾ ഒരു തുറക്കാത്ത പുസ്തകമാണെന്ന് രാഗയ്ക്ക് നന്നായിയറിയാം . അത് കാരണമാണ് അനിയെ തനിക്ക് മാത്രമായി കിട്ടാൻ പ്രധാന കാരണവും . “കൺഗ്രാറ്റ്സ്….!!! ” തന്നെ കാണുമ്പോൾ മാത്രം അവളുടെ ചുണ്ടിൽ സ്ഥാനം പിടിക്കുന്ന അതെ പുച്ഛച്ചിരിയോട് കൂടെ തന്നെ , തന്നെ നോക്കി നടന്നു വരുന്ന രാഗയെ കണ്ടതും അനുവിന്റെ നെറ്റി ചുളിഞ്ഞു . “ഓ …… ഞാനെന്താ ഇവിടെ എന്നാണോ???? ”

തന്നെ ഉറ്റു നോക്കുന്ന അനുവിനെ നോക്കി താടിയിൽ കൈ വച്ചുക്കൊണ്ടവൾ ചോദിച്ചതും , അനു പുച്ഛത്തിൽ തന്റെ തല വെട്ടിച്ചു . “ഇത് ചിത്രകൂടം ഒന്നും അല്ല …… ഇവിടെ കാലു കുത്തുന്ന അപ്പോൾ തന്നെ നിന്റെ തല പൊട്ടി തെറിക്കാൻ …… നിനക്ക് വരോ പോകോ എന്താണെന്നു വച്ചാൽ ചെയ്യാം ….. ” തല വെട്ടിച്ചുക്കൊണ്ടുള്ള അവളുടെ മറുപടി കേട്ടതും , രാഗ പതിയെ ചിരിച്ചു . “ഇങ്ങോട്ടേക്കുള്ള എന്റെ അവസാനത്തെ വരവായിരിക്കും ഇത്….. ” ചുറ്റും കണ്ണോടിച്ചുക്കൊണ്ട് രാഗ പറഞ്ഞു . “അങ്ങനെയാണെങ്കിൽ നിനക്ക് നല്ലത്….. ”

തന്റെ മുന്നിലായി വഴി തടഞ്ഞു നിൽക്കുന്ന രാഗയെ തന്റെ തോള് കൊണ്ട് തട്ടി മാറ്റിക്കൊണ്ട് അകത്തേക്ക് തിരിഞ്ഞപ്പോഴാണ് ആരൊക്കെയോ വന്നുവെന്ന് പറഞ്ഞുക്കൊണ്ട് പടി കടന്നു വരുന്ന നിർമലയേയും ശേഖരനെയും അനു കണ്ടത് . എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുൻപ് തന്നെ ആരോ വന്നവളുടെ കൈയിൽ പിടിച്ചു വലിച്ചുക്കൊണ്ടകത്തേക്ക് നടന്നു . ആരെന്നറിയാൻ തന്റെ തല വെട്ടിക്കുന്നതിന് മുൻപ് തന്നെ പടി കയറി വരുന്ന വിശ്വയുടെ രൂപം അനുവിന്റെ കണ്ണുകളിൽ പതിഞ്ഞു .

പെണ്ണ് കാണലോ????? അപ്പോൾ മാത്രമാണ് രാഗയുടെ മുഖത്തു കണ്ട ചിരിയുടെ അർത്ഥം അവൾക്ക് മനസ്സിലായത് . “ഇന്നിവിടെ എന്തെങ്കിലും ഒക്കെ നടക്കും….. “അല്ലച്ഛേ…… എന്നെ കെട്ടിച്ചു വിടാൻ അച്ഛക്ക് ശരിക്കും ഭയങ്കര തിടുക്കമാണോ????? ” താടയിൽ കൈ വച്ചുക്കൊണ്ട് അനു ചോദിച്ചത് കേട്ടതും അത്രയും നേരം അനുവിനെയും വലിച്ചുക്കൊണ്ട് അടുക്കളപ്പുറത്തേക്ക് നടന്നുക്കൊണ്ടിരുന്ന ശങ്കർ വേഗം നിന്നു . അതേന്ത്യേ നീ അങ്ങനെ ചോദിച്ചത് , എന്ന ഭാവത്തിൽ നിൽക്കുന്ന ശങ്കറിനെ കണ്ടതും അവൾ പതിയെ ചിരിച്ചു .

“എങ്കിൽ പിന്നെ അവരെ രണ്ടെണ്ണത്തിനെ ഇവിടെ വിളിച്ചു കയറ്റോ????? ” പകുതി കാര്യമായും പകുതി തമാശയായും അനു ചോദിച്ചതും ശങ്കർ ചിരിച്ചു . “ഇപ്പോഴേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം…… കല്യാണം നടക്കോ ഇല്ലയോ ……. അതൊക്കെ പിന്നെ ……. പക്ഷേ എന്നെ ചൊറിയാൻ വന്നാൽ അച്ഛന്റെ പെങ്ങളാണ് , പെങ്ങളുടെ മോളാണ് എന്നൊന്നും നോക്കില്ല ……. ഒക്കെണ്ണത്തിനെയും എടുത്തിട്ട് ചവിട്ടും ……. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും…… ” ശങ്കറിന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് അനു പറഞ്ഞതും അവളെന്താണ് ഉദേശിച്ചതെന്ന് മനസ്സിലായെന്നപ്പോലെ അയാൾ തന്റെ തലയാട്ടി . ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

ഇതുവരെയില്ലാത്ത സന്തോഷമായിരുന്നു വിശ്വയ്ക്ക് തന്റെ മുന്നിൽ ചായയുമായി നിൽക്കുന്ന അനുവിനെ കണ്ടപ്പോൾ . അനുവിന്റെ സ്വഭാവമെല്ലാം നന്നായി അറിയാവുന്നത് കൊണ്ട് ജീൻസും ഷർട്ടും പ്രതീക്ഷിച്ചിരുന്ന വിശ്വ , പാവാടയും ഷർട്ടും ഇട്ടുക്കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ടതും അവൻ ചെറുതായി ഞെട്ടി . ആഹാ ……. ഇതൊക്കെ ഇടുവോ????? വിശ്വയുടെ കണ്ണും മിഴിച്ചുള്ള നോട്ടത്തിനു തന്റെ കണ്ണ് രണ്ടും ചെറുതായി ചിമ്മുകയാണവൾ ചെയ്തത് . പ്രഭാവതിയുടെ നോട്ടം മുഴുവനും അനുവിന്റെ മേലിൽ തന്നെയായിരുന്നു .

തന്റെ മകൻ ഒരു പ്രണയ വിവാഹം കഴിക്കുന്നതിൽ അവർക്ക് തീരേ താല്പര്യമില്ലായിരുന്നുവെങ്കിലും , ഇതുവരെ വിശ്വയുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടു നിന്ന പ്രഭാവതിക്ക് ഇതും സമ്മതിക്കേണ്ടി വന്നു . വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞു ഈ പെണ്ണുകാണൽ വേണ്ടെന്ന് പറയാൻ വന്നതും പെണ്ണ് ഡോക്ടറാണെന്ന് പറഞ്ഞു ഈശ്വർ അവരുടെ വായയടപ്പിച്ചു . സൗന്ദര്യമില്ലന്ന് പറയാൻ വന്നതും , അനുവിന്റെ ഏതോ ഒരു മോഡലായി നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തു വിശ്വ ആ വഴിയും അടച്ചു . അവസാനം അവരുടെ മുന്നിൽ തെളിഞ്ഞു വന്ന ഒരേയൊരു വഴിയാണ് തറവാടും കുടുംബവും .

ആ പ്രതീക്ഷയും മാളികത്തേഴ് കാണുന്നത് വരെയെ അവരുടെ ഒപ്പം ഉണ്ടായുള്ളൂ . സ്ഥിരം കലാപരിപാടികൾ ഒക്കെ തന്നെയാണ് അവിടെയും അരങ്ങേറിയത് . ചായ കൊടുക്കൽ , മുതിർന്നവരുടെ സംസാരം …… ചെക്കനും പെണ്ണിനും ആദ്യമേ ഇഷ്ടത്തിലായത് കൊണ്ട് നേരെ നിശ്ചയത്തിലേക്ക് കടക്കുകയാണ് എല്ലാവരും ചെയ്തത് . കാര്യം പ്രണയ വിവാഹം എന്നൊക്കെ പറഞ്ഞെങ്കിലും പ്രഭാവതിക്ക് സ്ത്രീധനം വേണമെന്നത് വളരെ നിർബന്ധമായിരുന്നു . അതവർ തുറന്നു പറയുകയും ചെയ്തു . പ്രഭാവതിയുടെ വായിൽ നിന്നും സ്ത്രീധനമെന്ന വാക്ക് കേട്ടതും ജനാല വഴി ഇറങ്ങി ഓടാനാണ് ഈശ്വറിനും വിശ്വയ്ക്കും തോന്നിയത് .

ഞാൻ ഇനി അവളെ കാശ് കണ്ടിട്ടാ കെട്ടുന്നതെന്ന് നീലിക്ക് തോന്നില്ലേ???? അത്രയും നേരം നിറഞ്ഞ ചിരിയോട് കൂടി തന്നെ നോക്കിയിരുന്ന വിശ്വയുടെ മുഖം പെട്ടെന്ന് അസ്വസ്ഥമാകുന്നത് കണ്ടതും അനു പതിയെ പുഞ്ചിരിച്ചു . അവസരം കാത്തു നിന്നപ്പോലെയാണ് നിർമല തന്റെ വായ തുറന്നത് . “ആ കാര്യത്തിൽ നിങ്ങൾ വേവലാതിപ്പെടുകയൊന്നും വേണ്ട…… കാര്യം എടുത്തു വളർത്തിയ കുട്ടിയാണെങ്കിലും കൊടുക്കാനുള്ളതൊക്കെ കൊടുത്തിട്ടേ അവളെ കെട്ടിക്കൂ…… അല്ലെ ശങ്കരേട്ടാ……???? ” നിർമലയുടെ ചോദ്യം കേട്ടതും പ്രഭാവതിയുടെയും ഈശ്വറിന്റെയും നെറ്റി ചുളിഞ്ഞു .

എടുത്തു വളർത്തിയ കുട്ടിയോ????? പ്രഭാവതിയുടെ നോട്ടം നേരെ ചെന്നത് തന്റെ മകനിലേക്കാണ് . എന്നാൽ അവിടെയും തന്റെ അതെ മുഖഭാവമാണെന്നറിഞ്ഞതും അവർ തിരിഞ്ഞു ശങ്കറിനെ നോക്കി . നിർമലയുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പ്രവൃത്തി ശങ്കർ ഊഹിച്ചിരുന്നെങ്കിലും , അയാളുടെ മനസ്സ് അനുവിനെയോർത്ത് നീറി . ഇപ്പോൾ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന രാഗയെ കണ്ടതും അനുവിന് ചിരിയാണ് വന്നത് . തള്ളയും മോളും കെട്ടി എഴുന്നള്ളി വന്നപ്പോഴെ വിചാരിച്ചതാ , എനിക്കിട്ട് കൊട്ടാനാണെന്ന് ……. സാരോല്ല …….. ഇപ്പോൾ തന്നെ ആ ക്രെഡിറ്റങ്ങു തിരിച്ചു തന്നേക്കാം ……. “മിസ്റ്റർ ശങ്കർ …….. ഇവർ പറഞ്ഞത് ശരിയാണോ????

ഈ നിൽക്കുന്ന അനസ്വല ശങ്കർ താങ്കളുടെ അഡോപ്റ്റഡ് ചൈൽഡാണോ????? ” ഗർവ് നിറഞ്ഞ പ്രഭാവതിയുടെ ചോദ്യം കേട്ടതും , കോടതി മുറിയിൽ ചോദ്യം ചെയ്യാൻ നിൽക്കുന്ന വക്കിലിനെയാണ് അനുവിന് ഓർമ വന്നത് . “യെസ്…… ഐ ആം…… ” അഭിമാനം നിറഞ്ഞു നിൽക്കുന്ന അനുവിന്റെ ശബ്ദം കേട്ടതും വിശ്വയ്ക്ക് തന്റെ മനസ്സിലാരോ ഒരാണി അടിച്ചു കയറ്റിയപ്പോലെയാണ് അവനു തോന്നിയത് . അത് അവൾ ഒരനാഥയാണെന്നറിഞ്ഞതുക്കൊണ്ടല്ല , പകരം അതിനെ പറ്റി ഒരു വാക്ക് പോലും തന്നോടവൾ പറഞ്ഞില്ലല്ലോ എന്നോർത്തതും വിശ്വ തലയുയർത്തി അനുവിനെ നോക്കി .

ഈ കഴിഞ്ഞുപ്പോയ മാസങ്ങളിൽ താൻ അവളുമായി ഇത്തിരിയെങ്കിലും അടുത്തുവന്നാണ് താൻ കരുതിയത് . എന്നാൽ , ഇപ്പോൾ…… “നിനക്കീ കാര്യം അറിയാമായിരുന്നോ വിശ്വ????? ” പ്രഭാവതിയുടെ ചോദ്യം കേട്ടതും വിശ്വ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല . അറിയില്ലന്ന് പറഞ്ഞാൽ അവളെ എന്നന്നേക്കുമായി നഷ്ടപ്പെടും ……. പക്ഷേ , അവൾ തന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ ???? അതെന്നെ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ???? “അറിയാം ……. ” അനുവിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടവൻ പറഞ്ഞതും , അനു ചെറുതായി ഞെട്ടി . അങ്ങനെയൊരു മറുപടി അവൾ പ്രതീക്ഷിച്ചില്ല…… അവളെന്നല്ല ശങ്കറും , രാഗയും , പ്രഭാവതിയും ഉൾപ്പെടെ എല്ലാവരും വിശ്വയെ നോക്കി .

അറിയാമായിരുന്നുവെങ്കിൽ പിന്നെ അവന്റെ മുഖത്തു നിഴലിച്ചു കാണുന്ന ദേഷ്യം എന്തിനാണെന്നവർക്ക് മനസ്സിലായില്ലെങ്കിലും അനു മാത്രം അതിന്റെ കാരണമറിയാമെന്ന രീതിയിൽ അവന്റെ മുഖത്തേക്ക് നോക്കി . വിശ്വയുടെ മറുപടി കേട്ടതും നിർമലയുടെ മുഖം ചുമന്നു . നീ അല്ലെ പറഞ്ഞത് അവനു അവളെ പറ്റി ഒന്നും അറിയില്ലന്ന്???? തന്റമ്മയുടെ തുറിച്ചു നോട്ടം തന്റെ നേരെ നീളുന്നതറിഞ്ഞതും രാഗ തന്റെ തല കുനിച്ചു . ആ ചെക്കന് ഇതൊന്നുമറിയില്ല എന്നൊരൊറ്റ ഉറപ്പിന്മേലാണ് താനീ സാഹസത്തിനു തുനിഞ്ഞത് . എന്നാൽ ആ ചെറുക്കന്റെ ഒറ്റ മറുപടിയിൽ എല്ലാം തകർന്നല്ലോ????

എങ്ങനെയെങ്കിലും ഇവിടെ നിന്നൊന്ന് പുറത്തു കടന്നാൽ മതിയെന്ന രീതിയിൽ ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ തുനിഞ്ഞ നിർമലയുടെ മുഖം , പ്രഭാവതിയുടെ വാക്കുകൾ കേട്ടതും കാറൊഴിഞ്ഞ വാനം പോലെ തെളിഞ്ഞു . “സോറി മിസ്റ്റർ ശങ്കർ ……. ഈ ബന്ധം വേണമോ വേണ്ടയോയെന്ന് ഞങ്ങൾക്കൊന്ന് ആലോചിക്കണം…… ” ഈ കല്യാണത്തിനു താല്പര്യമില്ലന്ന് ഒറ്റയടിക്ക് പറഞ്ഞു വിശ്വയെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട , പകരം വീട്ടിൽ ചെന്നു അവനെ പതിയെ പറഞ്ഞു മനസ്സിലാക്കാമെന്ന ധാരണയിൽ പ്രഭാവതി എഴുന്നേറ്റതും ബാക്കിയെല്ലാവരും അവരുടെയൊപ്പം എഴുന്നേറ്റു . “എന്റെ മകളെ ദത്തെടുത്തതാനെന്നത് ശരി തന്നെയാണ് ……. പക്ഷേ അവളീ തറവാട്ടിലെ കുട്ടി തന്നെയാണ്……

അത് മതിയാകുമല്ലോ നിങ്ങൾക്ക് ഈ വിവാഹത്തെ പറ്റി ഒന്നുകൂടി പരിഗണിക്കാൻ????? ” ശങ്കറിന്റെ ചോദ്യം കേട്ടതും പ്രഭാവതി ഒന്നും മനസ്സിലാകാത്ത രീതിയിൽ തിരിഞ്ഞു ശങ്കറിനെ നോക്കി . വിശ്വയ്ക്കും ഈശ്വറിനും കാര്യങ്ങൾ ഒന്നും തന്നെ മനസ്സിലായില്ലെങ്കിലും , ശങ്കറിന്റെ വാക്കുകൾ കേട്ട് നിർമലയേയും ശേഖരനെയും മുഖം വിളറി . തന്റെ അച്ഛന്റെ ഭാഗത്തു നിന്നും ഇതുവരെ പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം കണ്ടതും അനുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു . എന്റെ അച്ഛേ…….!!!! (തുടരും ……. ക്ലിഷേ….. !!!, 🙄🙄🙄 കുഴപ്പമില്ല (ട്വിസ്റ്റുകൾ കിട്ടാത്ത ഒരു എഴുത്തുകാരിയുടെ ദാരിദ്ര്യമായി കൂട്ടിയാൽ മതി , ) ഇനി ഒന്നോ രണ്ടോ പാർട്ട്‌. വേഗം ഇടാൻ ശ്രമിക്കാം …..

അനു : ഭാഗം 48

Share this story