ക്ഷണപത്രം : ഭാഗം 18

ക്ഷണപത്രം : ഭാഗം 18

എഴുത്തുകാരി: RASNA RASU

“”എന്റെ ഉടുപ്പ് കണ്ടോ മുത്തച്ഛാ…? അച്ഛ വാങ്ങി തന്നതാ.. ഇട്ടായോ? നോക്കിയേ…””” മധുസൂദനന്റെ മാലയിട്ട ഫോട്ടോയിൽ നോക്കി കൊണ്ടാ കൊച്ച് കുറുമ്പി മൊഴിഞ്ഞു. “””” നന്ദൂസേ…….!!!”””” പിറകിൽ നിന്നാരുടെയോ ശബ്ദം കേട്ടതും ആ കുറുമ്പി പെണ്ണ് തന്റെ കിലുങ്ങുന്ന കൊല്ലുസ്സ് ന്റെ ശബ്ദത്തോടെ കോണിയിൽ നിന്ന് താഴേക്കിറങ്ങി ഓടി….!! “”” ആാാാ… പിടിച്ചേ….!!!””” മുന്നിൽ നിന്നാരോ അവളെ എടുത്തുയർത്തി തോളിലിട്ടതും കുലുങ്ങിചിരിച്ച് കൊണ്ട് കുറുമ്പി അവന്റെ മുടി പിടിച്ച് കളിച്ചു. “”” ചേട്ടച്ഛാ…. ബാ പോകാം… പീ പീ കളിക്കാം”””

“”” അയ്യോടാ… ചേട്ടച്ഛന്റെ നന്ദൂട്ടീക്ക് റ്റാറ്റാ പോവണോ..? ചേട്ടച്ഛൻ കൊണ്ട് പോവാല്ലോ.. അതിനു മുമ്പ് ആദ്യം ചേട്ടച്ഛൻ ഒന്ന് കല്യാണം കഴിക്കട്ടെ…””” “””” വേണ്ട… ഇപ്പം പോണം. ചേട്ടച്ഛൻ എന്നെ കഴിച്ചോ..!!””” ചുണ്ട് പിളർത്തി കൊണ്ട് പറയുന്ന അവളെ നോക്കി അർഥവ് പൊട്ടിചിരിച്ചു. “”” അയ്യോ.. ചേട്ടച്ഛന്റെ സുന്ദരി കോതക്ക് ചേട്ടച്ഛൻ ഒരടിപൊളി ചുന്ദര കുട്ടപ്പനെ കൊണ്ട് തരും കല്യാണം കഴിക്കാൻ.. ബാ.. നമുക്കാദ്യം സുന്ദരിക്കുട്ടിയാവാം””” അവളുടെ മുടി രണ്ട് ഭാഗത്തേക്കായി കെട്ടി ഒതുക്കി കൊണ്ടവൻ നടന്നു. “”” ദേ… നോക്കിയേ… മോളുടെ അച്ഛ…””” ദൂരെയായി ആരോടോ കുശലം ചോദിക്കുന്ന നന്ദനെ ചൂണ്ടി കാണിച്ച് കൊണ്ട് അർഥവ് പറഞ്ഞതും മുഖം ചുളുക്കി കൊണ്ട് നന്ദൂട്ടി മുഖം കൈയ്യാൽ പൊത്തിപിടിച്ചു.

“””പോന്ത… അച്ഛ ചീത്തയാ….!!!””” വിതുമ്പി കൊണ്ട് പറയുന്ന നന്ദുവിനെ എടുത്ത് കൊണ്ട് അർഥവ് ആ കുഞ്ഞികണ്ണ് തുടച്ച് കൊടുത്തു. “””വാവയെ അച്ഛ ചീത്ത പറഞ്ഞോടാ.. ബാ നമുക്ക് ചോദിക്കാമേ….””” നന്ദനെ ഒന്നു തോണ്ടി കൊണ്ട് അർഥവ് വിളിച്ചതും അവൻ ചിരിച്ച് കൊണ്ട് നന്ദുവിനെ നോക്കി. മുഖം വീർപ്പിച്ച് നോക്കുന്ന നന്ദുവിനെ കണ്ണുരുട്ടി കാണിച്ചതും കുറുമ്പി കാറി പൊളിച്ചു കരയാൻ തുടങ്ങി. “”” രണ്ടും കൂടി കണ്ടാൽ അടിയാണല്ലോ.. ഇന്ന് എന്തിനാ രണ്ടും പിണങ്ങിയത്?””” “”” ദേ അവളോട് ചോദിക്ക്.. മുല്ലപ്പൂ വേണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരഞ്ഞപ്പോൾ ഓടി പിടിച്ച് വാങ്ങി കൊണ്ട് വന്നപ്പോൾ പറയുവാ നീളം കുറഞ്ഞ് പോയെന്ന്. ആകെ ഇത്തിരി പോണ മുടിയെ ഉള്ളൂ..”””

“”” ചേട്ടച്ഛാ…….!!!!!”””” നന്ദു വാവിട്ട് കരഞ്ഞതും അർഥവ് നന്ദനെ തല്ലുന്നത് പോലെ ആംഗ്യം കാണിച്ചു. “”” കണ്ടോ വാവേ.. ദാ ചേട്ടച്ഛൻ അച്ഛനെ തല്ലിയിട്ടുണ്ട്.. ഇനി വാവയെ അച്ഛ കളിയാക്കില്ല ട്ടോ..””” കവിളിൽ തലോടി കൊണ്ട് പറഞ്ഞതും നന്ദു കരച്ചിലിന്റെ ശബ്ദം കൂട്ടി. “”” എന്റെ അച്ഛയെ തല്ലിയെ….””” അർഥവിനെ തല്ലികൊണ്ടവൾ അലറി പൊളിച്ചതും നന്ദൻ അവളെ അവന്റെ കൈയ്യിൽ നിന്നും വാങ്ങി. “”” കാന്താരി….””” “””നീയല്ലാതെ വെറേ ആരെങ്കിലും ഇവളുടെ കോപ്രായത്തിന് കൂട്ട് നിൽക്കോ…””” ഒന്നും മനസിലായില്ലെങ്കിലും നന്ദന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് നന്ദൂട്ടി കൈ കൊട്ടിചിരിച്ചു.

“”” അച്ഛനും മോളും കൂട്ടായപ്പോൾ ചേട്ടച്ഛനെ വേണ്ട.. നീ വാ ട്ടോ. റ്റാറ്റാ പോവാൻ.. ഞാൻ കൊണ്ട് പോകാമേ””” അതിന് മറുപടിയായി അവൾ വായ കൊണ്ട് കോക്രി കാണിച്ചു. തിരിച്ച് അർഥവും അത് പോലെ കാണിച്ച് കൊടുത്തു. “””” അച്ചു… ഇറങ്ങാം നമുക്ക്. ഇനിയും വൈകിക്കണ്ട””” പുറത്തേക്ക് വന്ന് കൊണ്ട് നന്ദന്റെ അമ്മ ചോദിച്ചു. “”” അച്ഛമ്മേ….!!!””” നന്ദന്റെ അമ്മയെ കണ്ടതും കുറുമ്പി രണ്ടും കൈയും നീട്ടി വിളിച്ചു. വാത്സല്യത്തോടെ അവർ അവളെ വാങ്ങി. “”” അയ്യ്സ്… അച്ഛമ്മേടെ മോള് സുന്ദരി ആയല്ലോ.. നമുക്ക് റ്റാറ്റാ പോവണ്ടേ.. ഇപ്പോ പോവാമേ…””” “”” അമ്മ…!!””” ചുറ്റും കണ്ണോടിച്ച് കൊണ്ട് കുറുമ്പി കണ്ണ് നിറച്ചു. “”” അയ്യോടാ വാവ കരയണ്ടട്ടോ..അമ്മ അവിടെ ഉണ്ടാവുമല്ലോ.. നന്ദാ നീ അച്ചുവിനെയും കൂട്ടി വാ..ഞാനും മോളും അച്ഛനും പോവാണേ…

“”” കാറിൽ കയറി കൊണ്ട് പോവുന്ന അവരെ നോക്കി കൊണ്ട് നന്ദൻ അർഥവിനെ നോക്കി. “”” നിന്റെ വടി എവിടെ അച്ചു? കാല് വയ്യാത്തതല്ലേ… ഇത് വരെയായിട്ടും ശരിയായിട്ടിലല്ലോ.. പറഞ്ഞാൽ കേൾക്കില്ല. അതെങ്ങനെയാ മോളെ കണ്ടാൽ അവളുടെ പിന്നാലെ പായില്ലേ..?””” “”” എന്റെ ചേട്ടാ ഒരു കുഴപ്പവുമില്ല. നോക്കിക്കേ.. ഇപ്പോൾ നന്നായി നടക്കാൻ പറ്റുന്നുണ്ട്.””” “”” എന്നാലും ശരി.. ഞാൻ പോയി വടി എടുത്ത് വരാം.. എല്ലാരും പെണ്ണ് വീട്ടിലേക്ക് വിട്ടു. കല്യാണ ചെക്കൻ ലേറ്റാവാതിരുന്നാൽ മതി.””” അവനെ നോക്കി കളിയാക്കി ചിരിച്ച് കൊണ്ട് നടരാഷ് അകത്തേക്ക് വലിഞ്ഞു. 3 വർഷം എത്ര പെട്ടെന്നാ പോയത്. എന്തെല്ലാം മാറ്റങ്ങൾ. ഒരു കാല് തളർന്ന് കിടപ്പിലായത് തൊട്ട് ഞങ്ങളുടെ കാന്താരി നന്ദൂട്ടിയുടെ വരവ് വരെ.. പഴയ കാല ഓർമകൾ മനസിലേക്ക് വന്നതും അർഥവിന്റെ കണ്ണ് നിറഞ്ഞു. 🌼🌼🌼🌼🌼

“””നീയെന്തിനാ ഇങ്ങനെ ഒളിക്കുന്നത് വർഷേ? 3 വർഷം കഴിഞ്ഞു. അർഥവ് അതൊക്കെ മറന്നു. പിന്നെന്താ?””” വർഷയുടെ സമീപമായി ഇരുന്ന് കൊണ്ട് നയന ചോദിച്ചു. “”” അറിയില്ല ചേച്ചി.. പക്ഷേ വല്ലാത്ത കുറ്റബോധം തോന്നുവാ..ഞാൻ കാരണം ആ മനുഷ്യൻ വല്ലാതെ അനുഭവിച്ചു. 3 വർഷം കിടപ്പിലായപ്പോൾ പോലും തിരിഞ്ഞ് നോക്കാൻ എന്റെ പേടി സമതിച്ചില്ല. എല്ലാം ഉപേക്ഷിച്ച് പുതിയ ജീവിതം തുടങ്ങി. ഒരിക്കൽ പോലും ആ മനുഷ്യനോട് മാപ്പ് ചോദിക്കാൻ സാധിച്ചിലല്ലോ എന്നോർക്കുമ്പോൾ..””” “”” അതൊക്കെ കഴിഞ്ഞ കാര്യമല്ലേ വർഷേ..ഇപ്പോൾ എന്തിനാ അതിനെ പറ്റി ഓർത്ത് കരയുന്നത്.

നിനക്ക് ഒരു നല്ല ജീവിതം ഉണ്ടാവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ചേട്ടനാ.. ആ മനുഷ്യനെ കാത്ത് നീ നിന്റെ ജീവിതം നശിപ്പിക്കുമോ എന്ന ഭയമായിരുന്നു. ഈ കല്യാണത്തിന് നീ ഉണ്ടാവണമെന്ന് അച്ചേട്ടന്റെ നിർബന്ധമായിരുന്നു. ഒരിക്കൽ പോലും നിന്നിൽ തെറ്റ് കാരി എന്ന് ധാരണ ഉണ്ടാക്കാൻ പാടില്ല എന്നതിന് വേണ്ടി. എന്തായാലും നീ വന്നല്ലോ അത് മതി.. ആട്ടെ ഇത് എത്രാം മാസമാ…””” “”” നാലാം മാസം….”””” ചെറിയ നാണത്തോടെയവൾ പറഞ്ഞു. “”” എന്നാലും എന്റെ ചേട്ടൻ ഇത്ര പെട്ടെന്ന് പണി ഒപ്പിക്കും എന്ന് ഞാൻ കരുതിയില്ല.”””” “”” എന്താണ് പെങ്ങളും നാത്തൂനും കൂടി ഇവിടെ ഒരു രഹസ്യം പറച്ചിൽ?””” വാതിലിലായി കൈകൾ മാറിൽ കെട്ടി കൊണ്ട് ശരത്ത് ചിരിയോടെ ചോദിച്ചു.

“”” ഞങ്ങളൊരു കാട്ടു കോഴിയുടെ കഥ പറയുവാ…””” അവനെ ഒന്ന് ആക്കി കൊണ്ട് നയന പറഞ്ഞു. “”” ടീ.. ടീ.. അങ്ങനെ അപമാനിക്കണ്ട എന്നെ..ഞാനിപ്പോൾ ഡീസന്റാ.. എനിക്ക് നോക്കാൻ എന്റെ വർഷ മോളുണ്ട്…””” വർഷയുടെ അരികിലായി ഇരുന്ന് കൊണ്ട് ശരത്തവളെ ചേർത്ത് പിടിച്ചു. “”” അതെനിക്ക് കാണുകയും ചെയ്യാം…””” അവനെ ഒന്ന് ഇരുത്തി കൊണ്ട് നയന പറഞ്ഞു. “”” അല്ല.. കല്യാണ പെണ്ണ് എവിടെ? അവളെ ഒരുക്കാനല്ലേ നിങ്ങൾ ഇവിടെ വന്നത്?””” “”” ആ പണിയൊക്കെ ഞങ്ങൾ എപ്പോഴേ തീർത്തു. അവൾ അനുഗ്രഹം വാങ്ങാൻ പോയിരിക്കുവാ…!!””” എന്നാൽ വാ…നിന്റെ കെട്ട്യോനും മോളും എത്താനായിട്ടുണ്ട്. വർഷയേയും കൈയ്യിൽ പിടിച്ച് കൊണ്ട് നടക്കുന്ന ശരത്തിനെ നയന കണ്ണിമവെട്ടാതെ നോക്കി നിന്നു.

3 വർഷം മുമ്പത്തെ ഓർമകൾ അവളിലേക്ക് കടന്ന് വന്നു…. അർഥവ് താഴേക്ക് ഇറങ്ങി വന്നതും താഴെ അവനെ കാത്തെന്നപോലെ ഇരിക്കുവായിരുന്നു നയനയും നന്ദനും. “”” എനിക്കൊരു കാര്യം പറയാനുണ്ട് ചേട്ടാ…””” “”” ഞങ്ങൾക്കും ഉണ്ട്…! നീ ഇവിടിരിക്ക്””” അർഥവ് ഇരുന്നതും അവനരികിലായി നയനയും നന്ദനും ഇരിപ്പുറപ്പിച്ചു. “”” അത്… ചേട്ടാ… ഞാൻ…!!!””” “”” എപ്പോഴാ പെണ്ണ് ചോദിക്കാൻ പോവേണ്ടത്?””” ഒരു കൂസലുമില്ലാതെയുള്ള നയനയുടെ ചോദ്യം കേട്ടവൻ അന്തം വിട്ടിരുന്ന് പോയി. നന്ദനും നയനയും പരസ്പരം ഒന്ന് നോക്കി പൊട്ടിചിരിച്ചു.. “”” അപ്പോ എല്ലാം അറിയായിരുന്നല്ലേ…?””” ഒരു ചമ്മിയ ചിരിയോടെ അവൻ ചോദിച്ചു. “”” എന്നാലും കല്യാണം ഉറപ്പിച്ച പെണ്ണിനെ പോയി പെണ്ണ് കാണുക എന്ന് പറഞ്ഞാൽ…”””

“”” അതാ പ്രശ്നം..അവളുടെ മുത്തശ്ശി ഇത് ഉറപ്പിച്ച മട്ടാ..ഞാനെങ്ങനെ ചോദിക്കും എന്നാ… മുത്തശ്ശിക്ക് ആ ചെക്കനെ വളരെ ഇഷ്ടാണ്..””” “”” അത് കുഴപ്പമില്ലടാ..ഞങ്ങൾ സംസാരിക്കാം.. നീയത് ഓർത്ത് ടെൻഷനാവണ്ട. ഈ ചെറിയ കാര്യത്തിനായിരുന്നോ നീ ഇത്രയും ദിവസം ഓരോന്ന് കാട്ടി കൂട്ടിയത്?””” നന്ദൻ ചോദിച്ചതും അർഥവ് ഒന്ന് ചിരിച്ചു. “”” ഞാൻ ഒരു അനാഥനല്ലേ ചേട്ടാ… എത്രയായാലും.. അവർക്ക് അത് ഒരു പ്രശ്നമാണ് എന്ന് അറിയാം. വർഷ പറഞ്ഞില്ലെങ്കിലും അവളുടെ രീതിയിൽ നിന്നത് മനസിലാവും.””” “”” നിന്നോട് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്. ഈ കാര്യം ഇവിടെ പറയരുതെന്ന്…പിന്നെ ഞാനൊക്കെ നിനക്ക് ആരുമല്ലേ? നീ എന്റെ അനിയനാ.. അതിലൊരു മാറ്റവുമില്ല”””

“”” എനിക്കും സ്വന്തമായി ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ അനാഥൻ എന്ന് കേൾക്കേണ്ടി വരില്ലായിരുന്നു. അല്ലേ ചേട്ടാ…!!!””” നന്ദൻ ഒന്നും മിണ്ടാതെ വേഗം മുകളിലേക്ക് കയറി പോയതല്ലാതെ ഒന്നും പറഞ്ഞില്ല. നയനക്ക് പലതും ചോദിക്കണമെന്ന് തോന്നിയിരുന്നെങ്കിലും നന്ദൻ ശാന്തനാകാൻ കാത്തിരുന്നു. “”” നന്ദേട്ടാ….!!!””” മുറിയിലേക്ക് കയറി ചെന്നതും കണ്ടത് ദേഷ്യത്താൽ പലതും വലിച്ച് വാരിയിടുന്ന നന്ദനെ ആയിരുന്നു. അവനെ അത്രയും ദേഷ്യത്തിൽ ഇതിന് മുമ്പവൾ കണ്ടിട്ടില്ലാത്തതിനാൽ വല്ലാത്ത ഭയം അവളിൽ ഉടലെടുത്തിരുന്നു. “”” നന്ദേട്ടാ….!!!””” രംഗം ശാന്തമായെന്ന് തോന്നിയതും അവൾ ഒന്നും കൂടി വിളിച്ചു. “”” അവൻ പറഞ്ഞത് കേട്ടില്ലേ? അവന് ഞാനൊന്നും ആരുമല്ലെന്ന്..

അവനെന്താ ഞങ്ങളുടെ ദുഃഖം മനസിലാക്കാത്തത്. ഓരോ പ്രാവശ്യവും അവൻ ഈ അനാഥൻ എന്ന് പറയുമ്പോൾ തകരുന്നത് എന്റെ മനസാ.. അതെന്താ രക്തബന്ധം ഉള്ളവർക്ക് മാത്രമേ അനിയനാകാൻ പറ്റൂ.. എനിക്ക് ഒരു സ്ഥാനവും ഇല്ലേ അവന്റെ മനസിൽ. അച്ഛനും അമ്മയും പോലും അവന് ആരും അല്ലേ?””” കണ്ണ് നിറച്ച് കൊണ്ട് പുലമ്പുന്ന നന്ദനെ കണ്ടവൾക്ക് വിഷമം തോന്നി. “”” എന്താ നന്ദേട്ടാ ഇത്? അവൻ പെട്ടെന്ന് എന്തോ ബോധമില്ലാതെ വിളിച്ച് കൂവിയതാ. അവന്റെ ഉള്ളിൽ അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നു എന്ന് നമുക്ക് ഇപ്പോഴല്ലേ മനസിലായത്. അപ്പോൾ അത് മാറ്റാൻ ശ്രമിക്കല്ലെ വേണ്ടത്. അല്ലാതെ ഇങ്ങനെ സ്വയം പഴിക്കാണോ?””” “”” നന്ദേട്ടാ… ഞാൻ ചോദിച്ചാൽ വിഷമമാവുമോ എന്നറിയില്ല. ശരിക്കും അച്ചേട്ടന്റെ അച്ഛനും അമ്മയും എവിടെയാ?”””

മൗനത്തോടെ കുറച്ച് നേരം നിന്നതല്ലാതെ നന്ദൻ മറുപടി പറഞ്ഞിരുന്നില്ല. “”” എനിക്കറിയില്ല നയു.. അച്ഛൻ ഒരിക്കൽ നാട്ടിൽ നിന്ന് വരുമ്പോൾ കൂടെ ഇവനും ഉണ്ടായിരുന്നു. ആരാണെന്നോ എന്താണെന്നോ ഒന്നും അറിയാത്ത ചോരകുഞ്ഞ്.. അനാഥാലയത്തിലാക്കാൻ ശ്രമിച്ചതാ..പക്ഷേ അമ്മ കരഞ്ഞ് അച്ഛന്റെ കാല് പിടിച്ചു. ഞാൻ വളർത്തിക്കോളാം എന്ന് പറഞ്ഞു. അന്ന് തൊട്ട് അവൻ എന്റെ അനിയനാ..എന്നിട്ടും അവനെന്താ ഇങ്ങനെ?””” “”” നന്ദേട്ടാ… വിഷമിക്കാതെ.. ആദ്യം അവന്റെ ഈ മനോഭാവം മാറ്റണം. അതിന് ഒരു മാർഗമാ ഞാൻ കാണുന്നത്. നമുക്കൊന്ന് വർഷയുടെ വീട്ടിൽ പോയി സംസാരിച്ചാലോ?””” “”” എന്ത് സംസാരിക്കാനാ.. അവർ എല്ലാം ഉറപ്പിച്ചതല്ലേ.. അവൾ മറുത്തൊന്നും പറയാതെ നമ്മൾ എന്ത് ചെയ്യാനാ…!!””” “”” നമുക്ക് ഒന്ന് സംസാരിച്ച് നോക്കാമെന്നേ..”

“” നന്ദനെ സമ്മതിപ്പിച്ച് കൊണ്ട് പിറ്റേദിവസം തന്നെ അവളുടെ വീട്ടിലേക്ക് തിരിച്ചതാണ് എല്ലാരും പെണ്ണ് ചോദിക്കാൻ.. “””” ചേട്ടാ…”””” “””നീയെന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്? പേടിക്കാതെ വാടാ…!!””” അർഥവി ന്റെ തോളിൽ കൈ ചേർത്ത് കൊണ്ട് നന്ദൻ ആദ്യം ആ തറവാട്ടിലേക്ക് കയറി. “””” ആരാ… മനസിലായില്ല…!!!””” അകത്ത് നിന്ന് ഒരു പ്രായമായ സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു. “”” വർഷയുടെ മുത്തശ്ശിയല്ലേ. ഞാൻ നട രാഷ്, ഇത് അർഥവ്. ഞങ്ങളുടെ കമ്പനിയിലാ വർഷ വർക്ക് ചെയ്യുന്നത്””” നന്ദൻ പറഞ്ഞ് നിർത്തിയതും അവർ സന്തോഷത്തോടെ രണ്ട് പേരെയും നോക്കി. “”” വർഷ പറഞ്ഞിട്ടുണ്ട്. എന്താ അവിടെ തന്നെ നിൽക്കുന്നത്.. ഇരിക്കൂ.. മോളെ വർഷേ…

ഇതാരാ വന്നത് എന്ന് നോക്കിയേ…””” ചുളിവുകൾ വീണ മുഖത്ത് കണ്ണുനീർ സന്തോഷത്താൽ തൂവി തുടങ്ങിയിരുന്നു. “”” ഒരുപാട് നന്ദിയുണ്ട്. ഞങ്ങളുടെ അവസ്ഥ കണ്ട് സഹായിക്കാൻ തോന്നിയ മനസിന് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നറിയാം. എന്റെ ചികിത്സക്ക് വേണ്ടി തന്ന എല്ലാ പണവും ഞങ്ങൾ തിരിച്ച് നൽകും.””” “”” അതൊന്നും വേണ്ട മുത്തശ്ശി. വർഷ ഞങ്ങൾക്ക് സ്വന്തം പോലെ തന്നെയാ..!!””” വർഷ ഒളികണ്ണാലെ നോക്കി കൊണ്ട് നയന പറഞ്ഞു. എന്നാലെ അവളുടെ മുഖത്ത് തെളിച്ചമില്ലാത്തത് അർഥവ് ശ്രദ്ധിച്ചിരുന്നു. എല്ലാവർക്കും ചായ കൊടുക്കുമ്പോഴും അവളുടെ കണ്ണുകൾ അവനിലേക്ക് പതിയാത്തത് അവനിൽ വേദന നിറച്ചു. “”” മുത്തശ്ശി… ഞങ്ങൾ ഇപ്പോൾ വന്നത് ഒരു കാര്യം ചോദിക്കാനാ…!”””

എന്താണെന്ന രീതിയിൽ മുത്തശ്ശിയുടെ കണ്ണുകൾ വർഷയിലേക്ക് ചെന്നു. “”” അത്… എന്റെ അനിയന് വേണ്ടി വർഷയെ പെണ്ണാലോചിക്കാനാ ഞങ്ങൾ വന്നത്…!””” പറഞ്ഞ് തീർന്നതും ആ മുഖം താഴുകയും വർഷയിലേക്ക് മിഴികൾ പായുകയും ചെയ്തു. “””മോനെ… പറയുന്നതിൽ വിഷമം തോന്നരുത്. ഇവളുടെ കല്യാണം മുമ്പേ പറഞ്ഞ് വച്ചതാ…! അവളുടെ അച്ഛന്റെ കൂട്ടുകാരന്റെ മകനുമായി..!””” “”” അത് എനിക്കറിയാം മുത്തശ്ശി.. എനിക്ക് വർഷയെ അത്രയ്ക്കും ഇഷ്ടായിട്ടാ ചോദിക്കുന്നത്. എനിക്ക് തന്നൂടെ….?””” അവർക്കരികിലായി മുട്ട് കുത്തിയിരുന്ന് കൊണ്ട് അർഥവ് യാചനയോടെ ചോദിച്ചു. “”” അല്ല ഇതെന്താ എല്ലാരും ഇവിടെ?””” പിറകിലായി ആരുടെയോ ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്.

“”” ശരത്തേട്ടൻ…..!!!!”””” മുന്നിൽ നിൽക്കുന്ന ശരത്തേട്ടനെയും വീട്ടുകാരെയും കണ്ട് അന്തം വിട്ട് നിൽക്കുവായിരുന്നു നയന. “””നയു, നന്ദാ… എല്ലാരും ഉണ്ടല്ലോ? നീയെന്താ നയു ഇവിടെ?””” ശരത്തവളെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു. “”” സോറി… വർഷേ, മുത്തശ്ശി ഇതാണ് എന്റെ പെങ്ങൾ.. ഞാൻ പറയാറില്ലേ ഒരു നയൂട്ടിയെ പറ്റി…!!””” എന്ത് പറയണമെന്നറിയാതെ തറഞ്ഞ് നിൽക്കുകയായിരുന്നു വർഷ. “””നിനക്കൊരു സർപ്രൈസ് തരാൻ കരുതിയതായിരുന്നു. ഇതിപ്പോൾ എനിക്കാ സർപ്രൈസ്..എന്തായാലും പരിചയപ്പെട്ടോ.. ഇതാണ് വർഷ..നിന്റെ ഭാവി നാത്തൂൻ.. അഥവാ എന്റെ ഭാര്യ””” വർഷയെ നോക്കി കൊണ്ട് സന്തോഷത്തോടെ നിൽക്കുന്ന ശരത്തിനെ കാൺകെ ആകെ തളർന്നു പോയിരുന്നു നയന.

അർഥവിനെ നോക്കാൻ സാധിക്കാതെ തല കുനിച്ചു നിന്നു. അവന്റെ കണ്ണീർ കാണാനുള്ള ത്രാണി ആർക്കും ഉണ്ടായിരുന്നില്ല. “””മോളെ കാണണം എന്ന് കരുതിയിരിക്കായിരുന്നു. അത് നടന്നല്ലോ. കല്യാണം കഴിഞ്ഞിട്ട് കാണാനെ പറ്റിയില്ല. ഇതാണോ നന്ദൻ?””” അർഥവിനെ മുറുകെ പിടിച്ചിരിക്കുന്ന നന്ദനെ ചൂണ്ടി കൊണ്ട് ശരത്തിന്റെ അമ്മ ചോദിച്ചു. ഒന്ന് തലയാട്ടിയതല്ലാതെ ഒന്നും പറയാൻ ആരുടെയും ശബ്ദം ഉയർന്നില്ല. ശരത്തിന്റെ അച്ഛൻ മാത്രം നയനയെ തുറിച്ച് നോക്കി. നയനക്ക് അയാളുടെ ഗൗരവവും തന്നോടുള്ള ഇഷ്ടക്കേടും അറിയുന്നതിനാൽ തന്നെ വല്ലതും പറഞ്ഞാൽ അത് പ്രശ്നമാവും എന്ന് മനസിലായിരുന്നു. “”” അല്ല നിങ്ങളെന്താ ഇവിടെ?””” “”” ആ… അത്… വർഷ ഞങ്ങളുടെ കമ്പനിയിലാ വർക്ക് ചെയ്യുന്നത്..””” നയന തപ്പി പിടിച്ച് പറഞ്ഞു. “”” അതെയോ..ഞാനതറിഞ്ഞിലല്ലോ..? അത് നന്നായി..

അപ്പോൾ വർഷയെ പരിചയം കാണുമല്ലോ..””” “”” ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ ശരത്ത്…!!!””” അർഥവി ന്റെ അവസ്ഥ മനസിലായിട്ടെന്നവണ്ണം നന്ദൻ പറഞ്ഞൊപ്പിച്ചു. “”” അതെന്താ പെട്ടെന്ന് പോവുന്നത് അളിയാ?””” “”” കുറച്ച് തിരക്കുണ്ട്..അതാ…!!!””” “”” എന്നാൽ അളിയൻ പോയിക്കോ.. നയന ഇവിടെ നിൽക്കട്ടെ… കുറേയായില്ലേ അവളെ കണ്ടിട്ട്.. വർഷയുമായി കുറച്ച് കൂടി കമ്പനിയാവട്ടെ””” എല്ലാം വേദനയോടെ കേട്ട് നിൽക്കുന്ന അർഥവ് പ്രതീക്ഷയോടെ വർഷയെ നോക്കി. അവൾ എന്തെങ്കിലും പറയും എന്നവൻ കരുതി. എന്നാൽ എല്ലാത്തിനും സമ്മതമായി തലയാട്ടിയതല്ലാതെ മറുത്തൊന്നും അവൾ പറഞ്ഞില്ല. കൂടുതൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് മനസിലായതും അവൻ ഒന്ന് പുഞ്ചിരി വരുത്തി കൊണ്ട് പുറത്തേക്ക് കടന്നു. കാറിൽ കയറുന്നത് വരെ അവൻ പ്രതീക്ഷയോടെ മറുവിളിക്കായി കാത്ത് നിന്നു. എന്നാൽ പകരമായി ലഭിച്ചത് അവളുടെ കല്യാണത്തിന്റെ ക്ഷണകത്തായിരുന്നു.

അന്നത്തെ യാത്രയിൽ അവന്റെ ശ്രദ്ധ കുറവ് മൂലം ഉണ്ടായ അപകടത്തിൽ അവന് നഷ്ടം ഏറിയതേയുള്ളൂ. എഴുന്നേറ്റ് നിൽക്കാൻ സാധിക്കാതെ തളർന്ന് പോയവൻ. ശരീരത്തിലും മനസിലും ഏറ്റ മുറിവുമായവൻ ഓരോ ദിനവും ഒരു മുറിയിൽ തള്ളിനീക്കി. വർഷയുടെ വിവാഹം നടന്നപ്പോഴും അവൻ നിർവികാരനായിരുന്നു. കാലിന് ശേഷി കുറവുള്ള ഒരുത്തനെ കെട്ടുന്നതിലും നല്ലത് ശരത്തിനെ കെട്ടുന്നതാണെന്ന് അപ്പോഴും അവൻ പറഞ്ഞ് കൊണ്ടിരുന്നു. യാതൊരു ചികിത്സക്കും വിധേയനാകാതെ ജീവിതം ഹോമിക്കാൻ ശ്രമിക്കുന്ന അവനെ കണ്ട് തളർന്ന് പോയിരുന്നു നന്ദനും വീട്ടുകാരും. പക്ഷേ വീണ്ടും പ്രതീക്ഷയുടെ പുൽനാമ്പ് വിതരികൊണ്ട് നന്ദൂട്ടി അവരിലേക്ക് വരുന്നെന്നറിഞ്ഞതോടെ ആ ദുഃഖവും സന്തോഷത്തിന് വഴിയൊരുക്കി.

തളർന്ന് പോയ അർഥവിന് ഒരു അതിജീവനമായിരുന്നു നന്ദു. നന്ദനെക്കാളും നയനയെ ശ്രദ്ധിക്കാൻ പീന്നിടങ്ങോട്ട് അർഥവിനായിരുന്നു ആവേശം. നന്ദനെ ജോലിക്ക് പറഞ്ഞയച്ച് കഴിഞ്ഞാൽ ബാക്കി സമയങ്ങൾ നയനയും അർഥവും കളിച്ചിരിയാൽ ചെലവഴിച്ചു. അവളുടെ ഓരോ ചെറിയ ആവശ്യവും അവനാൽ കഴിയുന്ന വിധം അവൻ പരിഹരിച്ചു. ഒടുവിൽ വേദനയാൽ നയന അലറിവിളിച്ച രാത്രി അവളെയും എടുത്ത് കൊണ്ട് നന്ദൻ ഹോസ്പിറ്റലിലെത്തുമ്പോഴും എല്ല് പൊട്ടുന്ന വേദന സഹിച്ച് കുഞ്ഞിന് ജന്മം നൽകിയപ്പോഴും അവളെ കണ്ണീരാൽ വരവേൽക്കാൻ അർഥവും കൂടെയുണ്ടായിരുന്നു.. പീന്നിടങ്ങോട്ട് നന്ദുവിന്റെ പിറകെയായിരുന്നു വീട് മൊത്തം. അവളെ ഊട്ടാനും ഉറക്കാനും ആവേശത്തോടെ എല്ലാരും പാഞ്ഞ് നടന്നു. നന്ദന്റെ തോളിൽ ചാഞ്ഞുറങ്ങുന്ന അവളെ വിങ്ങലോടെ നോക്കുന്ന അർഥവിനെ കാൺകെ കണ്ണ് നിറയുമായിരുന്നു.

അവളെ എടുത്ത് കൊണ്ട് നടക്കാനുള്ള മോഹം അവന്റെ കണ്ണുകളിൽ പ്രതിഫലിക്കുമ്പോൾ പോലും ഒരു പുഞ്ചിരിയാൽ അവനത് മറയ്ക്കും.. അവൾ മുട്ടിലിഴഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ അവൾക്ക് പിറകെ അവനും വീൽ ചെയറിൽ നടന്നു. വെറുതെയെങ്കിലും വാശിപിടിച്ച് കരയുന്ന അവളെ ചേർത്ത് നിർത്താൻ അവനാഗ്രഹിച്ചിരുന്നു.. ഓടിനടക്കാൻ തുടങ്ങിയപ്പോൾ അവൾക്ക് പുറകേ ഓടിയെത്താൻ പറ്റാത്തതിന്റെ വിഷമത്താൽ സ്വയം തന്റെ അവസ്ഥയെ അവൻ പഴിച്ചു. അവളോടൊപ്പം ഓടികളിക്കുന്ന നയനയെയും അവൾക്ക് ഓരോന്നും കാണിച്ച് നൽകുന്ന അച്ഛച്ചനെയും വികൃതി കാണിക്കുമ്പോൾ അവളെ ഓടിച്ച് അടിക്കുന്ന നന്ദനെയും കാൺകെ അവനിൽ അപകർഷ ധാബോധം ഉടലെടുത്തു. ഒടുക്കം നന്ദുവിനായി അവൻ ഒരു പരീക്ഷണത്തിന് തയ്യാറാവാൻ സമ്മതിച്ചു. ആശുപത്രിയിലെ ചികിത്സയും മരുന്നും മടുത്തതോടെ ആയുർവേദവും ഉഴിച്ചിലിലേക്കും മാറി..   (തുടരും)

ക്ഷണപത്രം : ഭാഗം 17

Share this story