മഴമുകിൽ: ഭാഗം 6

മഴമുകിൽ:  ഭാഗം 6

എഴുത്തുകാരി: അമ്മു അമ്മൂസ്

ചിലങ്കയും മാറോടു ചേർത്ത് പൊട്ടികരയുന്ന അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കണം എന്ന് തോന്നി അവന്…. അവളുടേ വിഷമങ്ങളുടെ ഭാരമെല്ലാം അവളിൽ നിന്നും എടുത്തുമാറ്റി അവളെ സ്വതന്ത്ര്യ ആക്കണം എന്ന് തോന്നി…..ആ കണ്ണുകളിലെ ഭയം മാറ്റി അവളുടേ മുഖത്ത് വീണ്ടും ഒരു പുഞ്ചിരി വിരിയിക്കണം എന്ന് തോന്നി…. “”ഇതാണോ പ്രണയം….. അറിയില്ല…. പക്ഷേ ഒന്ന് മാത്രം അറിയാം അവളിലേക്ക് ആഴ്ന്നിറങ്ങുന്ന ഓരോ വേദനയും മുറിവേൽപ്പിക്കുന്നത് തന്റെ ഹൃദയത്തെ കൂടി ആണെന്ന്… “” നെഞ്ച് വല്ലാതെ വിങ്ങുന്നത് പോലെ തോന്നി ദേവക്ക്…

ജീവിതത്തിലെ നഷ്ടങ്ങളുടെ തുടക്കം… അന്ന് ദീപുവേട്ടൻ വലിച്ചെറിഞ്ഞ ചിലങ്കയിലെ മണികളോടൊപ്പം ചിതറിത്തെറിച്ചത് തന്റെ സ്വപ്‌നങ്ങൾ കൂടി ആയിരുന്നു….. അവനുമൊന്നിച്ചു മനസ്സിൽ പടുത്തുയർത്തിയ ഭാവിയുടെ സ്വപ്‌നങ്ങൾ… കാരണം പോലും പറയാതെ തകർത്തെറിഞ്ഞപ്പോൾ മരവിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു… അന്ന് ആദ്യമായി ചിലങ്ക വേണ്ട എന്ന് വച്ചപ്പോൾ അറിഞ്ഞില്ല വിട്ട്കൊടുക്കലുകൾ മാത്രമാകും ഇനിയുള്ള ജീവിതം എന്ന്…. തുറന്നിട്ട ജനലിൽ കൂടി വീശിയടിച്ച തണുത്ത കാറ്റിൽ ഒന്ന് വിറച്ചപ്പോൾ ആയിരുന്നു സമയമേറെ വൈകി എന്ന് തിരിച്ചറിഞ്ഞത്..

അല്ലു മോളെ നോക്കിയപ്പോൾ സുഖമായി പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി കിടക്കുന്നത് കണ്ടു…. തണുപ്പ് നല്ലോണം തോന്നുന്നുണ്ടായിരുന്നു… കണ്ണുകൾക്കൊക്കെ വല്ലാത്ത ഭാരം തോന്നിയിരുന്നു… ഒരു വിധത്തിൽ ചിലങ്ക അലമാരയുടെ ഉള്ളിലേക്ക് വച്ചിട്ട് ജനലിന്റെ അടുത്തേക്ക് നടന്നു…. കൊളുത്തിൽ പിടിച്ചു അടക്കാൻ തുടങ്ങുമ്പോഴായിരുന്നു ഋഷി വീടിന്റെ ബാൽക്കണിയിൽ നിന്ന് ഇങ്ങോട്ടേക്കു നോക്കി നിൽക്കുന്നത് കണ്ടത്.. ഒരു നിമിഷം അവൾക്ക് ഭയം തോന്നി.. താൻ ചെയ്തതൊക്കെ കണ്ടിട്ടുണ്ടാകുമോ… അച്ഛന്റെയും അമ്മയുടെയും മുന്നിൽ അണിഞ്ഞുകൊണ്ടിരിക്കുന്ന ഈ മുഖം മൂടി അഴിഞ്ഞു വീഴുമോ എന്ന തോന്നലിൽ നെഞ്ചിടിപ്പ് വല്ലാതെ കൂടും പോലെ തോന്നി അവൾക്ക്…

അവൻ അപ്പോഴും കണ്ണുകൾ പിൻവലിച്ചിട്ടില്ലായിരുന്നു…. വേഗം ജനലടച്ചു അല്ലു മോളുടെ അടുത്തേക്ക് ചെല്ലുമ്പോളും ഹൃദയം അതേ വേഗതയിൽ മിടിച്ചുകൊണ്ടിരുന്നു… ഒന്നും അറിയാതെ നെഞ്ചിന്റെ ചൂട് പറ്റി ഉറങ്ങുന്ന അല്ലു മോളെ കാൺകെ മൂന്നാമതൊരാൾ കൂടി ഇടയിലേക്ക് വരുന്ന സന്തോഷം ദീപുവേട്ടനെ അറിയിച്ച ദിവസമാണ് ഓർമ്മയിലേക്ക് വന്നത്… ദിവസങ്ങൾക്കു ശേഷം ആ മുഖത്ത് തനിക്കായി ഒരു പുഞ്ചിരി വിടർന്നിരുന്നു…. ചേർത്ത് പിടിച്ചു ചുംബനങ്ങൾ കൊണ്ട് മൂടിയിരുന്നു…. ദീപുവേട്ടന്റെ അമ്മയുടെ അടുത്ത് എത്തും വരെയും തന്റെ കൈകൾ ആ കൈക്കുള്ളിൽ സുരക്ഷിതമായിരുന്നു…..

പേരക്കുട്ടിയുടെ വരവ് ആ മുഖത്ത് പുഞ്ചിരി വിരിയിച്ചില്ല…””. പ്രോഗ്രാം കഴിഞ്ഞു പല ദിവസങ്ങളിലും രാത്രി വീടെത്തുന്ന ആട്ടക്കാരിയുടെ കൊച്ചിന്റെ അച്ഛനാരാ”” എന്നുള്ള ചോദ്യമായിരുന്നു തിരിച്ചു കിട്ടിയത്… വിറങ്ങലിച്ചു നിന്ന് പോയപ്പോൾ കൂടുതൽ ഉറപ്പോടെ ചേർത്ത് പിടിക്കേണ്ട കൈകൾ അകന്നു മാറുന്നത് കണ്ടു…. ആ മുഖത്ത് ആദ്യമായി സംശയത്തിന്റെ കനലുകൾ വീഴുന്നത് ശ്വാസമെടുക്കാതെ തറഞ്ഞു നിന്ന് നോക്കാനേ കഴിഞ്ഞുള്ളു… അറിയാതെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… ഇന്നും വേദനിപ്പിക്കുന്ന ഓർമ്മകൾ…. ഇനിയൊരിക്കലും അവയിൽ നിന്നും ഒരു മുക്തി ഇല്ലെന്ന് തോന്നി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ വൈകി ഉണരുമ്പോൾ തലക്ക് വല്ലാത്ത ഭാരം തോന്നിയിരുന്നു…. രാത്രി അത്രയും കരഞ്ഞതിന്റെ ആകും….. അല്ലു മോൾ അപ്പോഴും നല്ല ഉറക്കമായിരുന്നു… കുറച്ചു നേരം വെറുതെ ആ കുഞ്ഞ് മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു…. ഇനിയുള്ള ജീവിതം അവൾക്ക് വേണ്ടി മാത്രമായിരുന്നു… നന്നായി ഒന്ന് കൂടി പുതപ്പിച്ചു കൊടുത്തു പുറത്തേക്ക് ഇറങ്ങി… ഞായറാഴ്ച ആയതിനാൽ ജോലിക്ക് പോകണ്ടായിരുന്നു… അതൊരു സമാധാനമായി തോന്നി… തിരക്ക് പിടിച്ചു ഒന്നും ചെയ്യേണ്ടതില്ല… ഓഫീസിൽ പോകേണ്ട എന്നുള്ളത് അതിലും വലിയ ഒരാശ്വാസമായിരുന്നു..

അടുക്കളയിലേക്ക് ചെന്നപ്പോളേക്കും അമ്മ രാവിലത്തേക്കുള്ളതൊക്കെ ഉണ്ടാക്കിയിരുന്നു… അതുകൊണ്ട് അല്ലു മോൾക്കുള്ള പാൽ ചൂടാക്കി… അത് ആറ്റിത്തണുപ്പിച്ചു ഒരു ഗ്ലാസ്സിലേക്കൊഴിച്ചു മുറിയിലേക്ക് നടന്നു… കട്ടിലിൽ പക്ഷേ ആളുണ്ടായിരുന്നില്ല…. മുറിയാകെ നോക്കി എങ്കിലും കണ്ടില്ല…. അച്ഛന്റെ അടുത്തേക്ക് പോയിട്ടുണ്ടാകും എന്ന് വിചാരിച്ചു ഉമ്മറത്തേക്ക് നടന്നു… പക്ഷേ രണ്ടാളെയും കാണാനുണ്ടായിരുന്നില്ല…. ഒരു നിമിഷം ദേവ ഒന്ന് നെറ്റി ചുളിച്ചു ചുറ്റും നോക്കി…. ഋഷിയുടെ വീടിന്റെ പരിസരത്ത് നിന്ന് അല്ലുമോളുടെയും അച്ഛന്റെയും ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് നടന്നു…

മുന്നിൽ കാണുന്ന കാഴ്ച കണ്ടപ്പോൾ വിശ്വാസം വന്നിരുന്നില്ല… ഋഷി ചെടി നടുകയായിരുന്നു അതിന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട് അപ്പൂപ്പനും കൊച്ച് മോളും… അച്ഛൻ വെറുതെ അവിടെയൊരു കസേരയിൽ ഇരുന്നു ഋഷിയോട് എന്തൊക്കെയോ അഭിപ്രായങ്ങൾ പറയുന്നുണ്ട്… അല്ലു മോൾ അയാൾ ചെടി നടുന്നതിന്റെ അടുത്തായി കുത്തി ഇരിപ്പുണ്ട്… കൈയിലും കാലിലും ഒക്കെ മണ്ണോ ചെളിയോ ഒക്കെ പറ്റി ഇരിപ്പുണ്ട്… പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ഋഷി ചെയ്യുന്നത് സൂക്ഷിച്ചു നോക്കി ഇരിക്കുകയാണ്.. രാത്രി ഇട്ട് കൊടുത്ത കുഞ്ഞ് ബനിയനിലും നിക്കറിലും എല്ലാം മണ്ണ് പറ്റിച്ചു വച്ചിട്ടുണ്ട്… ഋഷി ചെടിയുടെ വേരിന്റെ താഴെ മണ്ണ് ഉറപ്പിക്കുമ്പോൾ അവന്റെ കൂടെ തന്നെ കൈ കൊണ്ട് ആ മണ്ണിൽ അമർത്തി പിടിക്കുന്നുണ്ട്…

എന്നിട്ട് ഒന്നും നോക്കാതെ ആ കൈ വീണ്ടും ദേഹത്തേക്ക് വച്ചു വീണ്ടും മണ്ണാക്കും… എവിടുന്നാണോ എന്തോ ഒരു ചെറിയ തൊപ്പിയും വച്ചിട്ടുണ്ട്….. “”അല്ലു….”” ഇത്തിരി ഗൗരവത്തിൽ തന്നെ വിളിച്ചു… പക്ഷേ തിരിഞ്ഞു നോക്കിയത് മൂന്ന് തലകളാണ്… അച്ഛൻ ചമ്മിയ മുഖത്തോടെ ചിരിച്ചു കാണിക്കുന്നുണ്ട്… അല്ലു മോളെകട്ടെ എന്തോ വലിയ കാര്യം ചെയ്യുന്നതിനിടയിൽ വിളിച്ച ഭാവമാണ് …. ഋഷിയുടെ മുഖത്തേക്ക് നോക്കിയില്ല… പക്ഷേ ആ മുഖത്ത് ചിരിയാണ് എന്ന് സൈഡിൽ കൂടി കണ്ടിരുന്നു.. കൈയിൽ പാൽ ഗ്ലാസ്‌ കണ്ടതും അല്ലു മോൾ ഓടി അടുത്തേക്ക് വന്നു…. കണ്ണുരുട്ടി നോക്കിയിട്ടും അവിടെ യാതൊരു കൂസലും കണ്ടില്ല….””

ഹും… അവളുടെ പോലീഷ് ഉണ്ടെന്നുള്ള ധൈര്യം ആകും…. “” പാലിന് വേണ്ടി കൈയും നീട്ടി നിൽക്കുന്നത് കണ്ടപ്പോൾ ഒന്നൂടെ നോക്കി പേടിപ്പിച്ചിട്ട് കൈയിലേക്ക് വച്ചു കൊടുത്തു… പക്ഷേ കുടിക്കുന്നതിന് പകരം ആ ഗ്ലാസും കൊണ്ട് നേരെ അയാളുടെ അടുത്തേക്ക് പോകുന്നത് കണ്ടു… “”പോലീഷിനു വേണോ പാല്…. ശക്തി കിട്ടൂലോ…”” കൈയിൽ ഇരുന്ന ഗ്ലാസ്‌ ഋഷിക്ക് നേരെ നീട്ടി കൊഞ്ചലോടെ പറയുന്ന അല്ലുമോളെ കണ്ടപ്പോൾ അന്തംവിട്ട് നിന്നു പോയി… “”പോലീഷിന് വേണ്ടല്ലോ….. പോലീഷ് ഇപ്പൊ വലിയ കുട്ടി ആയില്ലേ….. അല്ലൂസ്‌ കുടിച്ചോ….”” ഋഷി അതേ താളത്തിൽ പറഞ്ഞപ്പോൾ സങ്കടത്തോടെ തലയിട്ടുന്നത് കണ്ടു… പകുതി കുടിച്ചിട്ട് വീണ്ടും ഗ്ലാസ്‌ അവന് നേരെ നീട്ടി… “”അല്ലു കുടിച്ചല്ലോ… ബാക്കി ഇനി പോലീഷ് കുടിക്ക്…. “” “”അല്ലൂസ്‌ തന്നെ കുടിച്ചോ””…ളാൻ പറഞ്ഞു ഋഷി നിർബന്ധിക്കാൻ നോക്കിയിട്ടും നടന്നില്ല….

ഒടുവിൽ മോളുടെ വാശിക്ക് വഴങ്ങി ഗ്ലാസ് വാങ്ങുമ്പോൾ ദേഷ്യത്തിൽ വീട്ടിലേക്ക് പോകുന്ന ദേവയെയാണ് കണ്ടത്… “”ഹും…. ഒരു പോലീഷ് വന്നേക്കുന്നു…..”” ഏറെ നേരം കഴിഞ്ഞിട്ടും ദേഷ്യം മാറിയിരുന്നില്ല…. പാത്രങ്ങൾ കൂട്ടി ഒച്ച ഉണ്ടാക്കിക്കൊണ്ട് ഇരുന്നപ്പോൾ വാതിലിന്റെ മറവിൽ ഒരു കുഞ്ഞിത്തല എത്തി നോക്കുന്നത് കണ്ടു… തിരിഞ്ഞു നോക്കിയില്ല…. കുറച്ചു കഴിഞ്ഞപ്പോളേക്കും കാലിൽ വന്നു ചുറ്റിപ്പിടിച്ചിരുന്നു….. “”ഷോറി അമ്മേ….. നല്ല പോലീഷ…… “” പിണക്കം കാണിച്ചു നിന്നെങ്കിലും ഏറെ നേരം ആ കുഞ്ഞിചിരിക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല… ചിരിയോടെ വാരി എടുക്കുമ്പോളേക്കും അവൾ കൊഞ്ചലോടെ മുഖമാകെ ഉമ്മ തരാൻ തുടങ്ങിയിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”അപ്പോൾ നിങ്ങൾക്ക് അവരെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല ല്ലേ….”” മുൻപിൽ ഇരിക്കുന്ന ലേശം പ്രായമുള്ള ആളോട് ഋഷി ചോദിച്ചു… കൊല്ലപ്പെട്ട സ്ത്രീ ജോലി ചെയ്തിരുന്ന പഞ്ചായത്ത്‌ ഓഫീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ വന്നതായിരുന്നു ഋഷിയും ശ്രീരാജും… “”ഇല്ല.. സർ അവർ ഈയിടെയാണ് ഇവിടെ ട്രാൻസ്ഫർ ആയി വന്നത്… പിന്നെ ഐസക്ക് സർ നു അറിയാമായിരിക്കും…. സർ ഇതിനു മുൻപും അവരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്… പക്ഷേ ഇന്ന് ലീവിൽ ആണ്..””. അയാൾ വീണ്ടും പറഞ്ഞു.. “”ഹ്മ്മ്…. ശ്രീരാജ്… ഐസക്ക് ന്റെ ഡീറ്റെയിൽസ് കളക്ട് ചെയ്തേക്കൂ… “”ഋഷി നിരാശയോടെ എഴുന്നേറ്റു… ഇന്നിപ്പോൾ രണ്ടു ദിവസം ആയിരിക്കുന്നു…

ഇതുവരെ ഒരു ചെറിയ ക്ലൂ പോലും കിട്ടിയിരുന്നില്ല….. ഇതുവരെ ഹാൻഡിൽ ചെയ്തതിലും പ്രയാസമേറിയതാണ് എന്ന് തോന്നി അവന്…. കാറിലേക്ക് ചാരി കണ്ണുകൾ അടച്ചു നിൽക്കുമ്പോൾ മനസ്സിൽ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു.. “”പോകാം സർ…””. ശ്രീരാജ് വന്നു പറഞ്ഞപ്പോളാണ് കണ്ണുകൾ തുറക്കുന്നത്… കാറിലേക്ക് കയറും മുൻപ് “”ശ്രീയേട്ടാ….. “” എന്നൊരു വിളി കേട്ടു….. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി നടന്നു വരുന്നുണ്ടായിരുന്നു വേഗത്തിൽ.. ദാവണി ആയിരുന്നു വേഷം…. കറുപ്പിച്ചു എഴുതിയ കണ്ണുകളും കുറച്ചു വലിയൊരു വട്ട പൊട്ടും അല്ലാതെ യാതൊരു വിധ ചമയങ്ങളും ആ മുഖത്ത് ഇല്ല…..

എണ്ണ തേച്ച മുടി രണ്ടു സൈഡിലായി പിന്നി ഇട്ടിരിക്കുന്നു… ശ്രീരാജിനെ നോക്കി ചിരിച്ചുകൊണ്ടാണ് വരവ്… പക്ഷേ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ദേഷ്യം കടിച്ചമർത്തി നിൽക്കുന്നത് കണ്ടു.. “”ശ്രീയേട്ടനെന്താ ഇവിടെ..””. ഓടി അവൾ അടുത്തേക്ക് വന്നു…. അപ്പോഴായിരുന്നു അവൾ അടുത്തു നിന്ന ഋഷിയെ ശ്രദ്ധിക്കുന്നത്… പെട്ടെന്ന് മുഖത്ത് ചമ്മൽ നിറഞ്ഞു… ശ്രീയെ നോക്കിയപ്പോൾ ഇന്നത്തെ കാര്യം തീരുമാനമായി എന്ന് മനസ്സിലായി… അവൾ ഋഷിയെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു… അവളുടെ ഭാവങ്ങൾ ഒക്കെ കണ്ടപ്പോൾ ഋഷി അറിയാതെ ചിരിച്ചു പോയി.. “”എന്താ തന്റെ പേര്… “” “”അഭിരാമി…. അഭി എന്ന് വിളിക്കും.””.. അതേ ചമ്മലോടെ അവൾ മറുപടി പറഞ്ഞു…

“”ശ്രീരാജ് താനൊരു കാര്യം ചെയ്യ് അഭിയോട് ഒന്ന് സംസാരിച്ചിട്ട് വന്നോളൂ അപ്പോഴേക്കും ഞാൻ ഐസക്ക് നെ കുറിച്ച് ഒന്നൂടെ തിരക്കട്ടെ..””. ശ്രീയുടെ തോളിൽ തട്ടി ചിരിയോടെ പറഞ്ഞിട്ട് ഋഷി അകത്തേക് നടന്നു… അവൻ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു അഭി .. പെട്ടെന്നായിരുന്നു ശ്രീ കൈ പിടിച്ചു തിരിച്ചത്….. “”വീട്ടിലും നാട്ടിലും ശല്യം ചെയ്തു മതിയാകാഞ്ഞിട്ടാണോടി ഇപ്പൊ പോകുന്ന സ്ഥലത്തും കൂടി വരുന്നത്…. “” “”ആഹ്….. ശ്രീയേട്ടാ നോവുന്നു….. ഞാനിവിടെ ഒരു ഫോം കൊടുക്കാൻ വന്നതാ…. അപ്പോഴാ ശ്രീയേട്ടനെ കണ്ടത്….. “”അവൾ വേദന കൊണ്ട് കൈ എങ്ങനെ എങ്കിലും വിടുവിക്കാൻ നോക്കി… ദേഷ്യത്തോടെ ശ്രീ കൈ തട്ടി എറിഞ്ഞു…..

രണ്ടു തോളിലും പിടിച്ചു അവളെ ചേർത്ത് നിർത്തുമ്പോൾ അവന്റെ കൈകൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു… “”എത്ര പറഞ്ഞാലും നിനക്കെന്താ മനസ്സിലാകാത്തെ അഭി…. നിന്റെ മുഖം കാണുന്നത് പോലും എനിക്ക് വെറുപ്പാണ്….. ഇനിയും ഇങ്ങനെ എന്നേ പിന്നാലെ നടന്നു ഉപദ്രവിക്കരുത്….. പണ്ടെങ്ങോ ചെറിയ പ്രായത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ഉറപ്പിച്ചു എന്ന് വിചാരിച്ചു… എന്റെ ഭാര്യയെക്കുറിച്ച് എനിക്ക് ചില സങ്കൽപ്പങ്ങൾ ഉണ്ട്…. അതിൽ ഒന്ന് പോലും നിനക്കില്ല…..സോ.. പ്ലീസ്….. “” അതും പറഞ്ഞു അവളെ ശക്തിയിൽ പിന്നിലേക്ക് തള്ളി മാറ്റി ഋഷി പോയ വഴിയേ അകത്തേക്ക് നടന്നു പോകുന്ന അവനെ കാൺകെ എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ….. തുടരും

മഴമുകിൽ: ഭാഗം 5

Share this story