മൈഥിലി : ഭാഗം 10

മൈഥിലി : ഭാഗം 10

എഴുത്തുകാരി: ആഷ ബിനിൽ

“തന്റെ മമ്മ വിളിച്ചില്ലേ വിഷ് ചെയ്യാൻ?” ദേവന്റെ ചോദ്യം കേട്ടതും മാളുവിന്റെ മുഖത്തെ ചിരി മാഞ്ഞു. കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവൻ വേഗം ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് അവൾക്ക് അരികിൽ വന്നിരുന്നു. “എന്താടോ? എന്തു പറ്റി?” “ഹേയ്.. ഒന്നുല സർ” അവൾ കണ്ണു തുടച്ച് എണീക്കാൻ തുടങ്ങിയപ്പോൾ അവൻ അവളെ കയ്യിൽ പിടിച്ച് അവിടെ തന്നെ ഇരുത്തി. പെട്ടന്ന് ചെയ്ത ആ പ്രവർത്തി അവൾക് നീരസം ഉണ്ടാക്കുമോ എന്നവൻ ഭയന്നു. പക്ഷെ അവൾ അവനെ അത്ഭുതപ്പെടുത്തികൊണ്ട് അവന്റെ കയ്യിൽ മുഖം ചേർത്തു വച്ച് കരയാൻ തുടങ്ങി. അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ഉള്ളം വെമ്പിയെങ്കിലും അവൻ ആഗ്രഹത്തെ അടക്കി.

കുറച്ചു നേരം കഴിഞ്ഞു അവൾ ഒന്നടങ്ങി. കണ്ണു തുടച്ച് നേരെ ഇരുന്നു. “എന്താടോ.. പെട്ടന്ന് എന്തു പറ്റി തനിക്ക്?” “സർ ഞാൻ അവിടെ നിന്നിറങ്ങി കഴിഞ്ഞു എന്നെ വിളിച്ചിട്ട് കിട്ടാതെ ഇരുന്നപ്പോൾ മമ്മ ലേഖ ആന്റിയെ വിളിച്ചിരുന്നു. ഞാൻ ആരുടെയോ കൂടെ ഇറങ്ങി പോയെന്നു ആന്റി പറഞ്ഞു. മമ്മ അതു വിശ്വസിച്ച മട്ടാണ്. ഇന്നലെ രാവിലെ ഞാൻ വിളിച്ചപ്പോൾ കുറെ ചീത്ത പറഞ്ഞു. പിന്നെ വിളിച്ചിട്ടും ഇല്ല. ” ദേവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “ആ താടകയെ ഞാനിന്ന്…” അവൻ മുഷ്ടി ചുരുട്ടുന്നത് കണ്ടു മാളു അവന്റെ കയ്യിൽ കയറി പിടിച്ചു. അരുതെന്ന് തലയാട്ടി. ദേവൻ കൈ വിടീക്കാതെ തന്നെ അവൾക്ക് അരികിലിരുന്നു.

“ഞാൻ ആഗ്രഹിച്ച സമയത്തൊന്നും ഒരു അമ്മയുടെ സ്നേഹവും കരുതലും എനിക്ക് കിട്ടീട്ടില്ല. മമ്മ എന്നെ ഒരിക്കലും മനസിലാക്കിയിട്ടും ഇല്ല. അതുകൊണ്ടാണല്ലോ അവർ അങ്ങനൊരു കാര്യം പറഞ്ഞപ്പോൾ അതു വെള്ളം തൊടാതെ വിഴുങ്ങിയത്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. എന്നെങ്കിലും സത്യം മനസിലാക്കുന്നെങ്കിൽ മനസിലാക്കട്ടെ..” രണ്ടുപേരും പിന്നൊന്നും മിണ്ടിയില്ല. ദേവന്റെ സാന്നിധ്യം തനിക്ക് വല്ലാത്തൊരു ആശ്വാസം നൽകുന്നത് മാളു അറിഞ്ഞു. പക്ഷെ അവന്റെ കണ്ണുകളിലെ പ്രണയം അവൾ കണ്ടില്ല.

എങ്കിലും അവരുടെ ആ മൗനത്തിന്റെയും ചുറ്റിലും അലയടിക്കുന്ന ചെറിയ കാറ്റിന്റെയും സൗന്ദര്യം ആസ്വദിച്ചുകൊണ്ടവൻ എല്ലാം മറന്നിരുന്നു, അവളും. ദേവന് വീട്ടിൽ നിന്നു ഫോൺ വന്നപ്പോഴാണ് രണ്ടുപേരും സ്വബോധത്തിലേക്ക് വന്നത്. “ഇപ്പൊ വരാം” എന്നു മാത്രം പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു. മനസ്സില്ലാ മനസോടെ അവർ എഴുന്നേറ്റു. തന്റെ കയ്യിൽ ചേർത്തുപിടിച്ചിരുന്ന മാളുവിന്റെ കൈകൾ വിട്ടകന്നപ്പോൾ വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ട് പോയപോലൊരു ദുഃഖം അവനുണ്ടായി. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ മാളു ദേവന്റെ തോളിൽ കൈ ചേർത്തുപിടിച്ചിരുന്നു.

ദേവന്റെ സന്തോഷം അവന്റെ മുഖത്തും തെളിഞ്ഞു നിന്നു. അവർ വീട്ടിലെത്തുമ്പോൾ വീട്ടുകാരെല്ലാം കഴിക്കാൻ ഇരുന്നു തുടങ്ങിയിരുന്നു. എവിടെ പോയതാണ് എന്നും മറ്റും ഉള്ള ചോദ്യങ്ങൾ മാളു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഫിഷ്, ചിക്കൻ, ബീഫ്, പോർക്, മട്ടൻ തുടങ്ങി സകലതും മേശമേൽ നിരന്നിട്ടുണ്ട്. എല്ലാവരും ഭക്ഷണത്തിൽ ശ്രദ്ധിച്ചപ്പോൾ അപ്പുവിന്റെ കണ്ണുകൾ മാളുവിന്റെ മുഖത്തെ തിളക്കത്തിലും ദേവന്റെ മുഖത്തെ സന്തോഷത്തിലും ചെന്നെത്തി. ഇടക്കവർ പരസ്പരം നോക്കുന്നതും കണ്ണുകൾ തമ്മിൽ കോർക്കുമ്പോൾ നോട്ടം പിൻവലിക്കുന്നതും അവൾ കണ്ടുപിടിച്ചു. ഭക്ഷണം കഴിഞ്ഞു എല്ലാവരും ഉച്ചമയക്കത്തിനായി മുറികളിലേക്ക് പോയി.

കൈ കഴുകി മുകളിലെക്ക് തൂക്കാൻ തുടങ്ങിയ ദേവനെ കയ്യിൽ പിടിച്ചു വലിച്ച് ആരുടെയും ശ്രദ്ധയിൽ പെടാതെ ഭിത്തിയിൽ ചേർത്തു നിർത്തി അപ്പു. “ചേട്ടായി മാളു ചേച്ചിയെ എന്നാ ചെയ്തെ?” അപ്പുവിന്റെ ചോദ്യം കേട്ട് ദേവനൊന്നു ഞെട്ടി. “നോക്കണ്ട. ഞാൻ കണ്ടു രണ്ടുപേരും കണ്ണിൽ കണ്ണിൽ നോക്കി കളിക്കുന്നത്. എന്നാ ചെയ്തെ സത്യം പറ.” “ഡീ ഞാൻ അവളെയൊന്നും ചെയ്തില്ല. സത്യമായും ഞങ്ങളൊന്ന് കറങ്ങാൻ പോയതാ.” “എന്നിട്ടാണോ ചേച്ചീടെ മുഖത്തിനിത്ര തിളക്കം?” “അതു അവൾ മൂക്കുത്തി ഇട്ടു നീ കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് തോന്നുന്നതാ. അവൾക് മാറ്റം ഒന്നുമില്ല”

“അങ്ങാനാണേൽ ചേട്ടായീം ഇട്ടോ മൂക്കുത്തി?” അപ്പു മുഖം കൂർപ്പിച്ചു ചോദിച്ചു. ദേവൻ ഒന്നു ചമ്മി. “ഡീ തിരിച്ചു പോരുന്ന വഴി അവളെന്റെ തോളിൽ കയ്യിട്ടാ വന്നേ. അതിന്റെയാ എനിക്കൊരു സന്തോഷം” ദേവൻ ലജ്ജ കൊണ്ടു തറയിൽ കളം വർക്കുന്നപോലെ കാണിച്ചുകൊണ്ട് പറഞ്ഞു. അപ്പു പൊട്ടിചിരിക്കാൻ തുടങ്ങി. “എന്താടി?” “ഇയ്യോ.. എനിക്ക് വയ്യേ.. ഈശ്വരാ ഇവിടെ അരുമില്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ” അപ്പു വീണ്ടും ചിരി തുടങ്ങി. ദേവന്റെ മുഖത്ത് ദേഷ്യം വരാൻ തുടങ്ങിയപ്പോൾ സ്വിച്ചിട്ട പോലെ അവളുടെ ചിരി നിന്നു. “പിന്നല്ലാതെ.. ഒന്നൊന്നര വർഷമായി ചേച്ചിയേം മനസിലിട്ടു നടക്കുന്നു. ആ മുഖത്തെ സന്തോഷം ഒക്കെ കണ്ടപ്പോ ചേട്ടായി ഫ്രഞ്ച് അടിച്ചുകാണും എന്നാ ഞാൻ വിചാരിച്ചേ..”

അവന്റെ പ്രതികരണം നന്നായി അറിയാവുന്നത് കൊണ്ടു അതും പറഞ് മറുപടിക്ക് കാത്തു നിൽക്കാതെ അപ്പു മുറിയിലേക്കോടി. മെല്ലെ മെല്ലെ ദേവന്റെ ദേഷ്യം മാറി ആ മുഖത്ത് ചിരി വിരിഞ്ഞു. ഉച്ചയയുറക്കവും ചായ കുടിയും കഴിഞ്ഞ് പുൽകൂടിന്റെ അവസാന മിനുക്കുപണിയിൽ ആണ് എല്ലാവരും. അതും കഴിഞ്ഞതോടെ ചാച്ചന്മാരെല്ലാം നോമ്പ് തുറന്ന സന്തോഷത്തില് ചെറുത് അടിക്കാനുള്ള വട്ടം കൂട്ടി. കഴിഞ്ഞ കുറെ വർഷങ്ങളായി മദ്യം കഴിക്കില്ലെങ്കിലും വല്ലപ്പോഴും എല്ലാവരും കൂടിചേരുമ്പോൾ ഉള്ള സന്തോഷത്തിന്റെ പേരിൽ ആ കലാപരിപാടി വല്യപ്പച്ചനും എതിർക്കാറില്ല.

പുൽകൂടിന്റെ പണി കഴിഞ്ഞു പെണ്പിള്ളേരെ പറഞ്ഞുവിട്ട് ബീർ ബോട്ടിലുകളുമായി ആങ്ങളമാർ ടെറസിലേക്ക് പോയി. സ്ത്രീകൾ വട്ടം കൂട്ടം കൂടിയിരുന്നു സംസാരമാണ്. മാളു ആണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. “മാളുവിനെ കിട്ടിയതിൽ പിന്നെ അപ്പൂസിന് നമ്മളെ ആരെയും വേണ്ടാതെ ആയി” എന്നു പറഞ് ആദ്യം പരിഭവപ്പെട്ടെങ്കിലും പിന്നെ അവൾ പറയുന്നത് കേൾക്കാനും അവളോട് കൂട്ടുകൂടാനും എല്ലാവരും താല്പര്യം കാണിച്ചു. സംസാരത്തിനിടയിലാണ് പറമ്പിലെ കുളത്തിന്റെ കാര്യം ഐറിൻ പറയുന്നത്. കേട്ട പാടെ മാളുവിന് അവിടെ പോകണം എന്നായി.

ഈ രാത്രി പോയാൽ ചേട്ടയിമാർ കാല് തള്ളി ഓടിക്കുമെന്നും നാളെ രാവിലെ പോകാം എന്നും പറഞ്ഞു ഐറിൻ തന്നെ അവളെ ആശ്വസിപ്പിച്ചു. “നിനക്കിത്തിന്റെ വല്യ കാര്യവും ഉണ്ടായിരുന്നോ?” അപ്പു ചോദിച്ചു. “അതിന് ചേച്ചിക്ക് വെള്ളതിനോട് ഇത്ര ആക്രാന്തം ആണെന്ന് ഞാനറിഞ്ഞോ..!” ഐറിൻ കൈ മലർത്തി. രാത്രി പത്തുമണിയോടെ കരോൾ വന്നു. പാട്ടും ഡാൻസും ഒക്കെയായി വീട്ടുകാർക്കൊപ്പം മാളുവും എല്ലാം നന്നായി ആസ്വദിച്ചു. അവളുടെ മനസിന്റെ സന്തോഷം ആ കണ്ണുകളിൽ ഉണ്ടായിരുന്നു. ആരുടെയും കണ്ണിൽ പെടാതെ അവളുടെ കാട്ടികൂട്ടലുകൾ കാമറയിൽ പകർത്തുന്ന തിരക്കിൽ ആയിരുന്നു ദേവൻ.

രാവിലെ പതിവുപോലെ അഞ്ചരക്ക് തന്നെ മാളു എഴുന്നേറ്റു. തറവാട്ടിൽ നിന്നു പൊന്നതിൽ പിന്നെ ഇതുവരെ ഒന്നു കുളത്തിൽ മുങ്ങി കുളിക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ അവൾ വലിയ സന്തോഷത്തിൽ ആയിരുന്നു. ഫ്രഷ് ആയി വരുമ്പോഴും ഐറിനും അപ്പുവും ഉറക്കമാണ്. വിളിച്ചിട്ടൊന്നും വലിയ കുലുക്കം ഇല്ല രണ്ടിനും. “അപ്പൂ.. ഐറീ.. എഴുന്നേൽക്കാൻ.. കുളത്തിൽ പോകാം എന്നു പറഞ്ഞതല്ലേ.. സമയം എത്രയായി എന്നറിയോ?” “ഒന്നു പോ ചേച്ചീ.. കുറച്ചൂടെ ഉറങ്ങട്ടെ” അപ്പു കുറുകികൊണ്ടു തിരിഞ്ഞു കിടന്നു. ഒടുവിൽ അവൾ ഒറ്റക്ക് പോകാൻ തുടങ്ങിയപ്പോൾ സഹി കേട്ട് ഐറിൻ എഴുന്നേറ്റ് ചെന്നു.

മാളുവിനോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല, അവളെ ഒറ്റക്ക് വിട്ടതറിഞ്ഞാൽ വീട്ടുകാരെല്ലാം കൂടെ പഞ്ഞിക്കിടും എന്ന് ഉറപ്പുള്ളതുകൊണ്ട കൂടെയാണ്. കുളത്തിൽ ആദ്യം കാലൊന്നു മുക്കി നോക്കി. “ഹൈഈ..” തണുപ്പ് കാരണം അവൾ പെട്ടന്ന് തന്നെ കാൽ വലിച്ചു. പക്ഷെ പിന്മാറാൻ കൂട്ടാക്കിയില്ല. മുണ്ടും മറ്റും എടുക്കാതെ വന്നതുകൊണ്ട് ധരിച്ചിരുന്ന ചുരിദാർ തന്നെയിട്ട് അവൾ വെള്ളത്തിലേക്കിറങ്ങി. ആദ്യം തണുപ്പ് തോന്നിയെങ്കിലും നീന്തി തുടങ്ങിയപ്പോൾ വല്ലാത്തൊരു ഉന്മേഷം. തണുപ്പും കഴിഞ്ഞ ദിവസത്തിന്റെ ക്ഷീണവും കാരണം എല്ലാവരും ഉറക്കമാണ്. ദേവൻ രാവിലേ ജോഗിങ്ങിനു പോകാൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് കുളത്തിൽ അനക്കം തോന്നിയത്.

പോയി നോക്കിയപ്പോൾ കുളത്തിൽ ചാഞ്ഞും ചെരിഞ്ഞും കമഴ്ന്നും നീന്തി തുടിക്കുകയാണ് മാളു. ഐറീ പടവിൽ ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ട്. “ഡീ.. ” അവൻ അലറിവിളിച്ചു. ഐറിൻ പെട്ടന്ന് എഴുന്നേറ്റ് അറ്റാൻഷനിൽ നിന്നു. “പോടീ..” കേൾക്കേണ്ട താമസം ഐറിൻ വീട്ടിലേക്കോടി. എന്തു ചെയ്യണമെന്നറിയാതെ വെള്ളത്തിൽ തന്നെ നിൽക്കുകയാണ് മാളു. “കയറി വാടി ഇങ്ങോട്ട്.” അവൻ കലിതുള്ളി പറഞ്ഞു. ആദ്യമായാണ് ദേവൻ മാളുവിനെ എടീ എന്നു വിളിക്കുന്നത്. അവൾക് സങ്കടം വന്നു. മടിച്ചുകൊണ്ട് കുളത്തിൽ തന്നെ നിന്നു. ദേവൻ അവളുടെ കൈ പിടിച്ചു കയറ്റി പടവിൽ നിർത്തി തല തുവർത്തി കൊടുക്കാൻ തുടങ്ങി.

തന്റെ പെണ്ണിന്റെ നനഞ്ഞൊട്ടിയ ശരീരം കാണുമ്പോഴും ചേർന്നു നിക്കുമ്പോഴും വികാരങ്ങൾ ഉണരുന്നത് അറിഞ്ഞെങ്കിലും തന്റെ ഒരു നോട്ടം പോലും മാളുവിന്റെ അസ്വസ്ഥയാക്കും എന്നു ഉറപ്പുള്ളത് കൊണ്ട് അവൻ അതിനു മുതിർന്നില്ല. “നിനക്ക് വട്ടുണ്ടോ ഈ കൊടും തണുപ്പത് കുളത്തിൽ വന്നു കുളിക്കാൻ. അകത്തെന്താ ബാത്രൂം ഇല്ലായിരുന്നോ?” ദേവന്റെ ദേഷ്യം കണ്ട അവൾ വാക്കുകൾ കിട്ടാതെ ആ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. “നിന്റെ നാക്കിറങ്ങി പോയോ?” അവൻ വീണ്ടും ചോദിച്ചു. “അത്.. സർ… തറവാട്ടിൽ കുളത്തിൽ കുളിച്ചാ ശീലം. അതാ ഞാൻ…”

“അതിന് അവിടുത്തെ കാലാവസ്ഥ അല്ല ഇവിടെ. വല്ല പനിയും പിടിച്ചാൽ എന്തു ചെയ്യും..?” “അവന്റെ ശബ്ദത്തിൽ ആധി തിരിച്ചറിഞ്ഞ അവൾക്കു വീണ്ടും സങ്കടവും അതേ സമയത്ത് സന്തോഷവും തോന്നി. തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനും ആളുണ്ടല്ലോ. “സോറി സർ.” അവൾ തല താഴ്ത്തി പറഞ്ഞു. “ഹ്മ്മ.. പോയി വേഷം മാറി വാ.. ഞാൻ വൈറ്റ് ചെയ്യാം” അവൾ പോയി വസ്ത്രം മാറി വന്നു. തലമുടി തോർത്തുകൊണ്ട് കെട്ടിവച്ചു. വീട്ടിലേക്ക് നടക്കുമ്പോൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. അപ്പോഴും ദേവന്റെ പ്രണയത്തെ കരുതൽ മാത്രമായാണ് മാളു മനസിലാക്കിയത്. വീട്ടിലെത്തി മുറിയിൽ കയറിയപ്പോൾ അപ്പുവിനെയും കെട്ടിപ്പിച്ചു കിടന്നുറങ്ങുന്ന ഐറിനെ കണ്ട് അവൾക് ചിരി വന്നു. ഈ കുട്ടി ഇത്ര പെട്ടന്ന് ഉറക്കമായോ..!

മറ്റൊന്നും ചെയ്യാനില്ലാത്തത് അവൾ ഫോൺ എടുത്ത് നെറ്റ് ഓണ് ചെയ്തു. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും എല്ലാം ഒരുപാട് വിഷസ് വന്നു കിടന്നിരുന്നു. എല്ലാത്തിനും മറുപടി ഒരു നന്ദിവാക്കിൽ ഒതുക്കി. മമ്മയുടെ ഒരു മെസേജ് എങ്കിലും വന്നിരുന്നെകിൽ എന്നവളാഗ്രഹിച്ചു. ഒപ്പം മനസ് തന്റെ അച്ഛനിലേക്കും പോയി. ഇപ്പോൾ എവിടെ ആയിരിക്കും..? അറിയുന്നുണ്ടാകുമോ ഈ മകളിവിടെ ഓർക്കുന്നുണ്ടെന്ന്… ഇന്നലെ അവളുടെ പിറന്നാൾ ആയിരുന്നെന്ന്. അച്ഛനും അമ്മയും പൂർണ ആരോഗ്യത്തോടെയും സമ്പൽ സമൃദ്ധിയോടെയും ജീവിച്ചിരിക്കുമ്പോൾ ഒറ്റക്കായിപോയ ഈ മകളെ അവർ എന്നെങ്കിലും മനസിലാക്കുമോ..?

ഒരിക്കലെങ്കിലും മോളെ എന്നു വിളിച്ചു ചേർത്തു പിടിക്കാൻ, ആ മടിയിലൊന്നു കിടക്കാൻ, നെഞ്ചിൽ തല വച്ച് കരയാനെങ്കിലും തനിക്കാകുമോ..? കഴിഞ്ഞുപോയ നിമിഷങ്ങൾ ഓർക്കവേ അവൾക്ക് പെട്ടന്ന് മനസ് ശൂന്യമായ പോലെ തോന്നി. സമയം നോക്കിയപ്പോൾ എട്ടു മണി കഴിഞ്ഞിരിക്കുന്നു. അവൾ ജനലരികിൽ പോയി നിന്നു മുടി കോതാൻ തുടങ്ങി. താഴെ മാവിൻ ചുവട്ടിൽ വല്യപ്പച്ചനോട് സംസാരിച്ചുകൊണ്ട് ചായ കുടിക്കുന്ന ദേവനിലേക്ക് അരുതെന്ന് വിചാരിച്ചിട്ടും പല തവണ തന്റെ കണ്ണുകൾ പായുന്നത് അവളറിഞ്ഞു. അര്ഹതയില്ലാത്തത് ആഗ്രഹിക്കുന്ന കുഞ്ഞിന്റെ മനസാണ് തനിക്കെന്ന് അവൾക് തോന്നി. തുടരും…

മൈഥിലി : ഭാഗം 9

Share this story