നാഗചൈതന്യം: ഭാഗം 9

നാഗചൈതന്യം:  ഭാഗം 9

എഴുത്തുകാരി: ശിവ എസ് നായർ

“എനിക്കിപ്പോ കല്യാണം വേണ്ട…” അത്രമാത്രം പറഞ്ഞു കൊണ്ട് പൊട്ടിക്കരച്ചിലോടെ ഗൗരി മുറിയിലേക്ക് ഓടി. മുഖത്തടിയേറ്റത് പോലെ ജയന്തൻ നിന്നു. ബ്രഹ്മദത്തൻ നമ്പൂതിരിക്കും ആകെ വല്ലായ്മ തോന്നി. “മോൻ ഒന്നും വിചാരിക്കരുത്. എന്റെ വാക്കിനപ്പുറം ഗൗരി പോകില്ല. ഇത്തിരി പിടിവാശി ഉണ്ടെന്നേയുള്ളു. എന്റെ മോളാ അവൾ. ഇപ്പോ കല്യാണം വേണ്ടെന്നല്ലേ അവള് പറഞ്ഞുള്ളൂ . അല്ലാതെ ജയന്തനെ ഇഷ്ടമായില്ല എന്നൊന്നുമല്ലല്ലോ പറഞ്ഞത്. സാവധാനം ഞാനവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം.. ” ബ്രഹ്മദത്തൻ നമ്പൂതിരി ചാരുകസേരയിൽ നിന്നെഴുന്നേറ്റു തന്റെ മുറിയിലേക്ക് നടന്നു.

സഹദേവനെ താങ്ങിപ്പിടിച്ചു കൊണ്ട് ജയന്തൻ അവർക്ക് നൽകിയ മുറിയിലേക്ക് നടന്നു. അയാളെ അവൻ കട്ടിലിൽ തലയിണയിൽ ചാരി ഇരുത്തിച്ചു. “മോനെ നീയാ വാതിലങ്ങ് അടച്ചേക്ക്, എനിക്ക് നിന്നോടൽപം സംസാരിക്കാനുണ്ട്…” ശബ്ദം താഴ്ത്തി സഹദേവൻ മകനോട് പറഞ്ഞു. ജയന്തൻ വാതിലടച്ചു വന്നു അച്ഛന്റെയരികിലിരുന്നു. “അയാളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ പറയാൻ അച്ഛനെങ്ങനെ തോന്നി… ആവശ്യം നമ്മുടേതായിപ്പോയത് കൊണ്ട് വേറെ നിവർത്തിയില്ലല്ലോ… ” ജയന്തൻ തെല്ല് ഈർഷ്യയോടെ പറഞ്ഞു. “മോനെ ഗൗരിയെ വിവാഹം കഴിക്കുന്നത് വരെ നീ തൽക്കാലം ഇതൊക്കെ സഹിച്ചേ പറ്റു.

ഇപ്പൊ ഇങ്ങനെ അങ്ങ് പോട്ടെ. ഞാൻ പറഞ്ഞത് പോലെയൊക്കെ നീ അയാളുടെ മുന്നിൽ അഭിനയിച്ചത് കൊണ്ടല്ലേ നമ്മളെ ഇവിടെ പിടിച്ചു നിർത്താൻ ദത്തൻ മുൻകൈ എടുത്തതും നിന്നെക്കൊണ്ട് അവന്റെ മോളെ വിവാഹം ചെയ്യിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതും. അവന്റെ മോളെ നീ സ്വന്തമാക്കി കഴിഞ്ഞാൽ പിന്നെ ഈ കോവിലകത്തിന്റെ അധികാരം നിനക്കാണ്…” “പക്ഷേ അച്ഛാ അവൾ സമ്മതിക്കോ ഈ വിവാഹത്തിന്..?? നേരത്തെ അവൾ പറഞ്ഞത് അച്ഛനും കേട്ടതല്ലേ..” ” അവൾക്കിനി മറ്റാരെങ്കിലുമായും ബന്ധമുണ്ടോ എന്നാണ് എന്റെ സംശയം…?

നീ അവളെയൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാ. ഗൗരി കൈവിട്ട് പോകരുത്. കോവിലകത്തിന്റെ ഏക അവകാശിയാണവൾ. ഇനിയിവിടം ഭരിക്കേണ്ടത് നീയായിരിക്കണം…. അത് കൺകുളിർക്കേ കണ്ടിട്ട് വേണം അച്ഛന് മരിക്കാൻ… ” “അച്ഛന്റെ ആഗ്രഹം ഞാൻ നിറവേറ്റിയിരിക്കും… ഗൗരിയെ ഞാനെന്റെ ചൊൽപ്പടിക്ക് കൊണ്ട് വരും… ” ജയന്തന്റെ കണ്ണുകളിൽ ഒരു പ്രത്യേക ഭാവം മിന്നി മറഞ്ഞു. അവന്റെ മനസിൽ ഗൗരിയുടെ വടിവൊത്ത രൂപം തെളിഞ്ഞു വന്നു. ഏത് വിധേനയും അവളെ സ്വന്തമാക്കണമെന്നവൻ അതിയായി മോഹിച്ചു. അവളുടെ അകമഴിഞ്ഞ സൗന്ദര്യം അവന്റെ സിരകളിൽ ചൂട് പകർന്നു.

ഓരോന്നോർത്തു കൊണ്ടവൻ മയക്കത്തിലേക്ക് വഴുതി വീണു. അതേസമയം കട്ടിലിൽ വീണു കിടന്നു കരയുകയായിരുന്നു ഗൗരി. അച്ഛനും അമ്മയും വന്നു ഭക്ഷണം കഴിക്കാൻ ഏറെ നിർബന്ധിച്ചു വിളിച്ചിട്ടും അവൾ എഴുന്നേറ്റു പോയില്ല. വൈകുന്നേരം വരെ അവളാ കിടപ്പ് തുടർന്നു. സന്ധ്യ മയങ്ങിയപ്പോൾ കുളിച്ചു ഈറൻ മാറി ആരോടും പറയാതെ അവൾ സർപ്പക്കാവിലേക്ക് പോയി.. അതേസമയം സർപ്പക്കാവിൽ സന്ധ്യാ നേരത്തെ പൂജാദികർമ്മങ്ങൾ ചെയ്യുകയായിരുന്നു നാരായണൻ. ദൂരെ വച്ചേ ഗൗരി അവനെ കണ്ടിരുന്നു. മനസ്സിൽ ചില പദ്ധതികൾ ആലോചിച്ചുറപ്പിച്ചു കൊണ്ട് അവൾ അവന്റെയടുത്തേക്ക് ധൃതിയിൽ നടന്നു.

പിന്നിൽ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടവൻ പിന്തിരിഞ്ഞു നോക്കി. അവളുടെ മുഖഭാവം കണ്ടപ്പോൾ നാരായണന് എന്തോ പന്തികേട് അനുഭവപ്പെട്ടു. എന്നും പ്രസന്നവതിയായി കാണപ്പെടുന്ന ഗൗരിയുടെ മുഖം ഇപ്പോൾ കാർമേഘം പോലെ ഇരുണ്ടിരുന്നു. കൺപോളകൾ കരഞ്ഞു കരഞ്ഞു തടിച്ചു വീർത്തിരുന്നു. “ഗൗരി തമ്പുരാട്ടിക്കിന്നെന്തു പറ്റി. ആകെ ഒരു സങ്കടം കാണുന്നുണ്ടല്ലോ മുഖത്തു…??” അടുത്തേക്ക് വന്ന ഗൗരിയെ നോക്കി അവൻ ചോദിച്ചു. നാരായണന്റെ ചോദ്യം കേട്ടതും ഉള്ളിൽ അടക്കി പിടിച്ചിരുന്ന സങ്കടം കണ്ണുനീരായി ഒഴുകിയിറങ്ങി. പൊട്ടികരച്ചിലോടെ ഗൗരി ഓടിവന്ന് നാരായണനെ മുറുകെ കെട്ടിപ്പിടിച്ചു.

“എന്നെ മറ്റാർക്കും വിട്ടു കൊടുക്കരുത് തിരുമേനി. എവിടെക്കാന്ന് വച്ചാൽ എന്നെ കൊണ്ട് പൊയ്ക്കോളൂ. ഗൗരി അങ്ങയുടെ മാത്രം സ്വന്തമാണ്. ഈ ജന്മം മറ്റൊരാളെ എനിക്ക് ഭർത്താവായി സ്വീകരിക്കാൻ സാധിക്കില്ല…” അവനെ മുറുകെ പുണർന്നവൾ പുലമ്പി കൊണ്ടിരുന്നു. “ഗൗരി എന്തൊക്കെയാ ഈ പറയുന്നത്…” ഞെട്ടലോടെ നാരായണൻ അവളോട്‌ ചോദിച്ചു. ഗൗരിയെ തന്റെ ശരീരത്തിൽ നിന്നടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും അവൾ അവനെ കൂടുതൽ വരിഞ്ഞു മുറുക്കി നെഞ്ചിലേക്ക് മുഖം പൂഴ്ത്തി തേങ്ങിക്കരഞ്ഞു. “ഗൗരി എന്തായീ കാട്ടണെ..? ആരെങ്കിലും കണ്ടാൽ സംഗതി വഷളാകും. എന്ത് പ്രശ്നമാണെങ്കിലും നമുക്ക് പരിഹരിക്കാം. ആദ്യമീ കരച്ചിലൊന്ന് നിർത്തു…”

അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പതിയെ അവനവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി. അവളുടെ മുഖം കൈകുമ്പിളിലാക്കി മുഖം തെല്ലുയർത്തി തന്റെ മുഖത്തിനു നേരെ അടുപ്പിച്ചു. “എന്ത് പറ്റി ഗൗരി..?? എന്താ പ്രശ്നം.?? കാര്യം വ്യക്തമായി പറയു. എനിക്കൊന്നും മനസിലാകുന്നില്ല…” “എന്നോടൊരു വാക്ക് പോലും ചോദിക്കാതെ അച്ഛൻ എനിക്ക് വേറെ വിവാഹം തീരുമാനിച്ചുറപ്പിച്ചു. അച്ഛന്റെ പഴയൊരു സുഹൃത്തായ സഹദേവന്റെ മകൻ ജയന്തനുമായിട്ടാണ്. എനിക്ക് അയാളെ വിവാഹം കഴിക്കാൻ തീരെ താല്പര്യമില്ല. അച്ഛനെ എതിർക്കാനെനിക്കാവില്ല. ഇനിയും കോവിലകത്തു നിന്നാൽ ആ വിവാഹത്തിന് സമ്മതിക്കേണ്ടി വരും. നാരായണേട്ടനെ എനിക്കിഷ്ടമാണ്.

പണ്ട് മുതലേ മനസ്സിൽ കൊണ്ട് നടക്കുകയാണ് ഞാൻ. ഇഷ്ടം പറയാനുള്ള ധൈര്യമില്ലായിരുന്നു എനിക്ക്. അതുകൊണ്ടാണ് ഇത്ര നാളും പറയാൻ കഴിയാതെ പോയത്. എനിക്കറിയാം ഏട്ടന് എന്നെ ഇഷ്ടമാണെന്ന്. ഇവിടെ നിന്ന് നമുക്ക് മറ്റെവിടെയെങ്കിലും പോയി ജീവിക്കാം. എന്നെ കൈവെടിയരുത്…” എങ്ങലോടെ അവൾ കാര്യങ്ങൾ ഒരുവിധം പറഞ്ഞൊപ്പിച്ചു. ഗൗരിയുടെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു നാരായണൻ. അവളെ മനസ്സ് കൊണ്ട് മറ്റാർക്കും വിട്ട് കൊടുക്കാൻ അവനും താല്പര്യമില്ലായിരുന്നു. എങ്കിലും ഒരു തീരുമാനമെടുക്കാനാവാതെ നാരായണൻ കുഴഞ്ഞു.

“ഗൗരി അച്ഛൻ ആലോചിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതിക്കുന്നതാണ് നിനക്ക് നല്ലത്. കോവിലത്തിന് നാണക്കേട് ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും നിന്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ല. ഇത്രയും വർഷം കൊണ്ട് കെട്ടിപ്പടുത്ത അഭിമാനവും യശസ്സും ഒരു നിമിഷം കൊണ്ട് തച്ചുടയ്ക്കരുത്. നമുക്ക് ഒന്ന് ചേരാനല്ല വിധി എന്ന് കരുതി സമാധാനിക്കുന്നതാണ് നല്ലത്. പെട്ടന്ന് തോന്നുന്നൊരു ആവേശത്തിൽ നാടും വീടും ഉപേക്ഷിച്ചു ഒളിച്ചോടാൻ തോന്നും പക്ഷേ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. നിന്നെയെനിക്ക് ഇഷ്ടമാണ് ഗൗരി. പക്ഷേ വൈകിപ്പോയി. അരുതാത്തതൊന്നും മനസ്സിൽ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്…” അവൾ നിഷേധാർത്ഥത്തിൽ തല കുലുക്കി.

“ഞാനിനി കോവിലകത്തേക്ക് പോകില്ല… നാരായണേട്ടൻ എന്നെ കൈവെടിയരുത്… അത്രയ്ക്കിഷ്ടമാണ് എനിക്ക് ഏട്ടനെ. എന്നെയും അങ്ങയോടൊപ്പം കൂട്ടണം…” ഗൗരി നാരായണന്റെ കരം കവർന്നു. “എന്റെ തീരുമാനത്തിന് മാറ്റമില്ല ഗൗരി. അച്ഛൻ കണ്ടെത്തിയ ആളെ തന്നെ വിവാഹം കഴിച്ചു സുഖമായി ജീവിക്കു… ” അവളുടെ കൈ ബലമായി വിടുവിച്ചു കൊണ്ട് നാരായണൻ തിരിഞ്ഞു നടന്നു. “നാഗത്താന്മാരെ എന്നെ കൈവിടല്ലേ… നിത്യവും വിളക്ക് വച്ചു പ്രാർത്ഥിക്കുന്ന ഈ ഭക്തയെ ഇനിയും പരീക്ഷിക്കരുതേ. എന്റെ പ്രണയത്തെ എന്നോടൊപ്പം ചേർത്തു വയ്ക്കണേ നാഗത്താന്മാരെ…” തന്റെ ശിരസ്സ് നാഗത്തറയിൽ ആഞ്ഞിടിച്ചു ഗൗരി നാഗദൈവങ്ങളോട് കേണപേക്ഷിച്ചു. അവളുടെ തേങ്ങൽ ശബ്ദം സർപ്പക്കാവിനുള്ളിൽ മുഴങ്ങി കേട്ടു.

പിന്തിരിഞ്ഞു നോക്കാതെ കരിയിലകൾ ചവുട്ടി മെതിച്ചു കൊണ്ട് മുന്നോട്ടു നടക്കുകയായിരുന്ന നാരായണൻ ആരോ പിടിച്ചു കെട്ടിയത് പോലെ തറഞ്ഞു നിന്നു. സർപ്പക്കാവിൽ ആഞ്ഞു വീശിയ കാറ്റിൽ മരച്ചില്ലകൾ ആടിയുലഞ്ഞു. നാരായണൻ തിരിഞ്ഞു നോക്കി. നാഗത്തറയിൽ തളർന്നു കിടക്കുന്ന ഗൗരിയെ കണ്ട് അവന്റെ ഉള്ളുലഞ്ഞു. നാരായണൻ സർപ്പക്കാവിന് നേർക്ക് ചുവടുകൾ വച്ചു. “ഗൗരി…” ആർദ്രമായി അവൻ വിളിച്ചു. അവളുടെ നെറ്റിപൊട്ടി ചോര മുഖത്താകെ പടർന്നൊഴുകിയിരുന്നു. വസ്ത്രങ്ങളിൽ മഞ്ഞളും ചന്ദനവും പറ്റിപിടിച്ചിരുന്നു. “എന്നെ മറ്റാർക്കും വിട്ട് കൊടുക്കല്ലേ ഏട്ടാ…” “ഇങ്ങനെ വാശി പിടിക്കല്ലേ ഗൗരി…. വാ എഴുന്നേൽക്ക് ഞാൻ കോവിലകത്തു കൊണ്ട് വിടാം.

നെറ്റി നല്ലോണം മുറിഞ്ഞു ചോര പൊടിയുന്നുണ്ട്…” അതു പറഞ്ഞു കൊണ്ടവൻ ഒരു നുള്ള് മഞ്ഞൾ പൊടി കയ്യിലെടുത്തു അവളുടെ മുറിവിൽ അമർത്തി വച്ചു. അവനവളെ നിലത്ത് നിന്ന് എഴുന്നേൽപ്പിച്ചു. ഗൗരിക്ക് തലച്ചുറ്റുന്നത് പോലെ തോന്നി. നാരായണൻ അവളെ തന്റെ കരങ്ങളിൽ താങ്ങി പിടിച്ചു. “എന്നോട് ഇത്രയധികം സ്നേഹമുണ്ടായിട്ടും എങ്ങനെ മറ്റൊരാൾക്ക്‌ എന്നെ വിട്ട് കൊടുക്കാൻ തോന്നുന്നു. എനിക്ക് കോവിലകത്തെ സുഖ സൗകര്യങ്ങൾ ഒന്നും വേണ്ട. നമുക്കെവിടെയെങ്കിലും പോയി സ്വസ്ഥമായി ജീവിക്കാം. മരണം വരെ ഏട്ടനൊപ്പം ഉണ്ടായാൽ മാത്രം മതി എനിക്ക്…” ഗൗരി തേങ്ങലോടെ അവന്റെ തോളിലേക്ക് ചാരി. നാരായണന്റെ കണ്ണുകളിൽ നീർ വന്നു മൂടി.

അവളുടെ ചോദ്യത്തിനവൻ മറുപടി പറഞ്ഞില്ല. അവളെയും കൊണ്ടവൻ തിരിഞ്ഞു നടക്കാൻ തുടങ്ങവേയാണ് പെട്ടന്നത് സംഭവിച്ചത്. നാഗത്തറയിലെ ശിലയിൽ നിന്നും ഒരു മഞ്ഞ വെളിച്ചം സർപ്പക്കാവിലാകെ പ്രസരിച്ചു. ഇരുവരും നോക്കി നിൽക്കേ നാഗരാജാവും നാഗയക്ഷിയും അവർക്ക് മുന്നിൽ പ്രത്യക്ഷമായി. മുന്നിലെ കാഴ്ച കണ്ട് വിശ്വസിക്കാനാകാതെ ഗൗരിയും നാരായണനും സ്തംഭിച്ചു നിന്നു. ഭയ ഭക്തിയോടെ അവർ കൈകൾ കൂപ്പി നാഗരാജാവിനെയും നാഗയക്ഷിയെയും വണങ്ങി. “ഗൗരീ നിന്റെ അകമഴിഞ്ഞ ഭക്തി ഞങ്ങളെ സംപ്രീതരാക്കിയിരിക്കുന്നു. പക്ഷേ മകളെ നിന്റെ ആഗ്രഹം അത് ഒരിക്കലും സാധ്യമാകില്ല…” നാഗയക്ഷി അവളോട്‌ പറഞ്ഞു.

നാഗയക്ഷിയുടെ വാക്കുകൾ കേട്ട് ഗൗരി ഞെട്ടിത്തരിച്ചു. ശേഷം ബാക്കി പറഞ്ഞത് നാഗരാജാവായിരുന്നു. “ഗാന്ധർവ്വ വിധി പ്രകാരം ഇന്ന് രാത്രി നിങ്ങൾ വിവാഹിതരായി പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി ഈ സർപ്പക്കാവിൽ ഒന്ന് ചേരണം. ഞങ്ങളുടെ ചൈതന്യത്തിൽ നിങ്ങൾക്കൊരു പെൺകുഞ്ഞു പിറക്കും. അവളുടെ ജനനത്തോടെ മേലാറ്റൂർ കോവിലകം നശിക്കും വർഷങ്ങൾക്കിപ്പുറം മേലാറ്റൂർ കോവിലകം നിങ്ങൾക്ക് ജനിക്കുന്ന മകളുടെ കുഞ്ഞിലൂടെ മാത്രമേ പഴയ പ്രൗഡിയിലേക്ക് മടക്കി കൊണ്ട് വരാൻ കഴിയു. അൻപതു വർഷങ്ങളോളം മേലാറ്റൂർ കോവിലകം അവകാശികളില്ലാതെ നാമാവശേഷമായി കിടക്കും. കോവിലകത്തിന്റെ നാശം വിദൂരമല്ല.

അത് തടയാൻ ആർക്കും കഴിയില്ല. ഈ ജന്മത്തിൽ നിങ്ങൾക്കൊരിക്കലും ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാനും സാധിക്കില്ല. അതിനു ശ്രമിച്ചാൽ രണ്ടു പേരിൽ ഒരാളുടെ മരണം സുനിശ്ചിതമാണ്. അതുകൊണ്ട് അതിനൊരിക്കലും ശ്രമിക്കരുത്. ഗൗരിക്ക് ജയന്തന്റെ ഭാര്യയായി കഴിയേണ്ടി വരുമെങ്കിലും നീ ജന്മം നൽകുന്നത് നാരായണന്റെ കുഞ്ഞിനെയായിരിക്കും. അവളെ ഒരു പോറൽ പോലുമേൽക്കാതെ നന്നായി വളർത്തണം. ഇരുപത്തി നാല് വയസ്സ് വരെ അവളെ മരണം എപ്പോ വേണമെങ്കിലും പിടികൂടാം. അത് കഴിഞ്ഞാൽ മരണക്കൂർ അവളിൽ നിന്ന് വിട്ടുമാറും.

നാഗചൈതന്യത്തിൽ ജനിച്ചു വീണ അവളെ ഇരുപത്തി നാലു വയസ്സ് കഴിഞ്ഞാൽ ഇവിടെ ദേവിയായി കുടിയിരുത്തണം. എന്നാലേ കോവിലകത്തിന്റെ ഐശ്വര്യം മടക്കികൊണ്ടുവരാൻ കഴിയു… ” എല്ലാം നിശബ്ദം കേട്ട് നിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളു. ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എങ്കിലും വിധിയെ നേരിടാൻ അവൾ മനസ്സ് കൊണ്ട് തയ്യാറെടുപ്പുകൾ നടത്തി. “അല്ലയോ നാഗരാജാവേ കോവിലകത്തിന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു ദുർവിധി..?” നാരായണൻ വിനീതനായി ചോദിച്ചു. “മകനേ കാര്യകാരണങ്ങൾ വഴിയേ നിങ്ങൾ മനസിലാക്കും… ആഭിചാര ക്രിയകൾ മേലാറ്റൂർ കോവിലകത്തു അരങ്ങേറും അത് കോവിലകത്തിന്റെ നാശത്തിലേക്കായിരിക്കും നയിക്കുക…”

അത്രയും പറഞ്ഞു കൊണ്ട് നാഗരാജാവും നാഗയക്ഷിയും അപ്രത്യക്ഷരായി. മഞ്ഞവെളിച്ചവും മാഞ്ഞുപോയി.മുന്നിൽ നടന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ തരിച്ചു നിൽക്കുകയാണ് ഗൗരിയും നാരായണനും. എന്ത് ചെയ്യണമെന്നറിയാതെ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. ഇരുവരുടെയും മനസ്സിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. നാഗരാജാവും നാഗയക്ഷിയും പറഞ്ഞതിൻ പ്രകാരം നാരായണൻ ഗാന്ധർവ്വ വിധിപ്രകാരം ഗൗരിയെ വരണമാല്യം അണിയിച്ചു. സർപ്പാക്കാവിനെ സാക്ഷിയാക്കി അവർ വിവാഹിതരായി. പാലപ്പൂക്കൾ അവരുടെ മേൽ പുഷ്പവൃഷ്ടി നടത്തി. സർപ്പക്കാവിലേക്ക് തണുത്ത കാറ്റ് ആഞ്ഞു വീശി.

മരച്ചില്ലകൾ കാറ്റിൽ ആടിയുലഞ്ഞു. ഇരുട്ടിനു കാഠിന്യമേറി വന്നു. ആകാശത്തു കാർമേഘങ്ങൾ ഇരുണ്ടു കൂടി. കണ്ണഞ്ചിപ്പിക്കുന്ന ഒരു മിന്നലും തൊട്ടു പിന്നാലെ ശക്തമായ ഇടിമുഴക്കവും ഉണ്ടായി. ഭയന്നു വിറച്ച ഗൗരി പെട്ടന്ന് നാരായണനെ ഇറുക്കെ പുണർന്നു. മഴ ചെറുതായി ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി. അതേസമയം സർപ്പക്കാവിലെ മൺപുറ്റിൽ നിന്നും പുറത്തേക്ക് ഇഴഞ്ഞിറങ്ങിയ ഒരു സ്വർണ്ണനാഗം നാഗത്തറയിൽ തെളിഞ്ഞു നിന്ന ദീപത്തിനടുത്തേക്ക് വന്ന് പത്തി വിടർത്തി നിന്നു.

മഴയിലും കാറ്റിലും പെട്ട് ദീപം അണയാതിരിക്കാനായി സ്വർണനാഗം പത്തി വിരിച്ചു നിന്നു സംരക്ഷണമേകി. തന്നെ ഇറുക്കെ പുണർന്നു നിൽക്കുന്ന ഗൗരിയെ നാരായണൻ ചേർത്ത് പിടിച്ചു നെറുകയിൽ ചുണ്ടമർത്തി. അവളുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ നീർതുള്ളി നാരായണൻ തന്റെ കൈകൾ കൊണ്ട് തുടച്ചു. അവളെ തന്റെ നെഞ്ചോടു ചേർത്തവൻ നിലത്തേക്കിരുന്നു. പഞ്ചഭൂതങ്ങളെയും കാവിനെയും സാക്ഷിയാക്കി നാരായണനും ഗൗരിയും ഒന്നു ചേരുകയായിരുന്നു. അതേസമയം സർപ്പക്കാവിലേക്ക് നടന്നടുക്കുന്ന ജയന്തനെ അവർ കണ്ടതേയില്ല. … തുടരും

നാഗചൈതന്യം: ഭാഗം 8

Share this story