മഴമുകിൽ: ഭാഗം 8

മഴമുകിൽ:  ഭാഗം 8

എഴുത്തുകാരി: അമ്മു അമ്മൂസ്

അകത്തേക്ക് ഓടിക്കയറി പോകുന്ന ദേവയെ കണ്ടപ്പോൾ ഋഷിയുടെ നെഞ്ചും ഒന്ന് പിടഞ്ഞു…. ആരോടും പറയാത്ത കുന്നോളം പരിഭവങ്ങൾ അവളാ മനസ്സിൽ താഴിട്ട് പൂട്ടി വച്ചിട്ടുണ്ട് എന്ന് അറിയാമായിരുന്നു… അപ്പോഴും അല്ലു മോള് അവനെ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു… ആ കുഞ്ഞികണ്ണുകളിലെ തിളക്കം നെഞ്ചിൽ ഒരു വിങ്ങലുണർത്തും പോലെ തോന്നി… ഒരു നിമിഷം കൊണ്ട് അവനാ കുഞ്ഞിനെ വാരി എടുത്തു…. ബൈക്കിന്റെ മുൻപിൽ ഇരുത്തിയപ്പോളേക്കും കൈ കൊട്ടി സന്തോഷത്തോടെ ചിരിക്കുന്ന അല്ലു മോളെ കാൺകെ അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു….

രണ്ടു കണ്ണും ഷർട്ട്‌ ന്റെ കൈയിൽ തുടച്ചു.. അല്ലു മോള് അപ്പോഴും ബൈക്കിലുള്ള ഓരോ സാധനങ്ങളും കൗതുകത്തോടെ തൊട്ട് നോക്കുന്നുണ്ടായിരുന്നു… “”നമുക്ക് ടാറ്റാ പോവാം…. “”മോളുടെ നെറുകയിൽ ഉമ്മ വച്ചു പതുക്കെ ചോദിച്ചു.. “”നല്ല… പോലീഷാനേ…… അല്ലു മോൾക്ക് ഒത്തിരി ഇഷ്ടാ…. “”പെട്ടെന്ന് തിരിഞ്ഞു അവന്റെ കവിളിൽ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തിരുന്നു അപ്പോഴേക്കും അവൾ… “”പോലീഷിനും അല്ലൂസിനെ ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടാണല്ലോ… “”ആ കുറുമ്പി പെണ്ണിന്റെ വയറ്റിൽ ചെറുതായി ഒന്ന് ഇക്കിളിലിട്ടുകൊണ്ട് ഋഷി ചിരിച്ചു.. കുഞ്ഞിനെ നേരെ ശ്രദ്ധിച്ചു ഇരുത്തി…

കൗതുകമോ പേടിയോ എല്ലാം കൂടി കലർന്ന ഭാവത്തിലായിരുന്നു അല്ലു മോൾ.. ഋഷി നേരെ ഇരുത്താൻ വേണ്ടി പൊക്കി എടുത്തപ്പോഴേക്കും ടാറ്റാ കൊണ്ട് പോകാതെ നിലത്ത് നിർത്തുമോ എന്നുള്ള പേടിയിൽ അവളുടേ കൈകൾ ബൈക്കിൽ ആള്ളിപ്പിടിച്ചിരുന്നിരുന്നു.. അണ്ണാൻ കുഞ്ഞ് ഇരിക്കും പോലെ ടാങ്കിലേക്ക് തല വെച്ച് കൈ രണ്ടും ബൈക്കിൽ ആള്ളിപ്പിടിച്ചു കിടക്കുന്ന അല്ലുമോളെ കാൺകെ അവന് വല്ലാത്ത വാത്സല്യം തോന്നി.. “”ഇല്ലെടാ കണ്ണാ…. താഴെ ഇറക്കാനല്ല.. പോലീഷ് അല്ലു മോള് വീഴാതെ നേരെ ഇരുത്തിയതല്ലേ… എന്നാലല്ല നമുക്ക് ടാറ്റാ പോകാൻ പറ്റൂ… ഹ്മ്മ്… “”

പതിയെ പറഞ്ഞു കൊടുത്തപ്പോൾ മനസ്സിലായത് പോലെ അവൾ തലയാട്ടി.. കുഞ്ഞിനെ നേരെ ഇരുത്തി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. പതുക്കെയായിരുന്നു പോയത്.. അല്ലു മോള് ആദ്യമായി കാണും പോലെ ചുറ്റും നോക്കുന്നുണ്ട്… അപ്പോൾ ആ കുഞ്ഞിക്കണ്ണുകളിൽ നിറയെ കൗതുകമായിരുന്നു.. കാറ്റ് ഇത്തിരി കൂടുമ്പോൾ ആ കുഞ്ഞിക്കണ്ണുകൾ പതുക്കെ അടച്ചു പിടിക്കും.. അപ്പോൾ ഋഷി ബൈക്കിന്റെ വേഗത ഒന്നൂടെ കുറയ്ക്കും.. കുറച്ചു കൂടി മുന്നോട്ട് പോയപ്പോളേക്കും ആള് പതിയെ ദേഹത്തേക്ക് ചാഞ്ഞു ഇരുന്നു കാഴ്ച കാണുന്നത് കണ്ടു… ഇടയ്ക്കിടെ തല ഒന്ന് പൊക്കി ഋഷിയുടെ മുഖത്തേക്ക് നോക്കും. അവനും നോക്കി എന്ന് കാണുമ്പോൾ ഒരു കള്ളചിരി ചിരിച്ചു നോട്ടം മാറ്റും.. ബീച്ചിലേക്കാണ് പോയത്….

ആദ്യമായി കാണുന്ന പോലെ അല്ലുമോൾ കടലിനെ പേടിയോടെ നോക്കുന്നുണ്ടായിരുന്നു… ഋഷിയുടെ കാലിൽ തന്നെ ചുറ്റിപ്പിടിച്ചു നിന്നു.. പൊക്കി എടുത്തപ്പോൾ രണ്ടു കൈയും അവന്റെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു തോളിലേക്ക് തല ചായ്ച്ചു കിടന്നു.. “”അച്ചോടാ…. എന്റെ അല്ലൂസിന് പേടി ആയോ….”” ഋഷി ചിരിയോടെ അവളുടേ പുറത്ത് തട്ടി ചോദിച്ചു.. “”നമുക്കെ… ഈ വെള്ളം കണ്ടോ… അതിൽ കളിച്ചാലോ…. “” “”അല്ലൂന് പേടിയാ പോലീഷേ…. “”വീണ്ടും അവൾ മുഖമൊളിപ്പിച്ചു “”ദേ നോക്കിയേ അല്ലൂസിനെ പോലെ പീക്കിരി പിള്ളേര് കളിക്കുന്നത് കണ്ടോ… “” എന്തൊക്കെ പറഞ്ഞിട്ടും അല്ലു മോള് മുഖം ഉയർത്താതെ തോളിൽ പറ്റിപ്പിടിച്ചു കിടന്നപ്പോൾ അവൾക്ക് നന്നായി പേടി ആയെന്നു തോന്നി ഋഷിക്ക്..

പിന്നെ നിർബന്ധിക്കാൻ പോയില്ല… “”നമുക്ക് വീട്ടിൽ പോവാം…. ഹ്മ്മ്…. “”പുറത്ത് കൈ കൊണ്ട് തട്ടിക്കോടുത്തു കൊണ്ട് പതുക്കെ ചോദിച്ചു… അപ്പോൾ ആ കുഞ്ഞിത്തല പൊക്കി നോക്കുന്നത് കണ്ടു…. ഋഷിയുടെ മുഖത്തേക്ക് നോക്കിയിട്ട് കണ്ണുകൾ നേരെ ചെന്നത് തൊട്ട് മുൻപിൽ നിർത്തിയിട്ടിരുന്ന ഐസ്ക്രീം വണ്ടിയിലാണ്.. “”അല്ലൂന് ഐക്കീം വാങ്ങിച്ചു തര്വോ പോലീഷേ..””.. കൊഞ്ചലോടെ അവനോടു ചോദിച്ചു… മോളെയും കൂട്ടി ഐസ്ക്രീം വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ അവൾക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുക്കാൻ വേണ്ടി മത്സരിക്കുകയായിരുന്നു മനസ്സ്.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മുറിക്കുള്ളിലേക്ക് കയറി കതകടച്ചപ്പോളേക്കും നിലത്തേക്ക് ഊർന്നിരുന്നു പോയി ദേവ.. അല്ലുമോളുടെ ആ ചോദ്യം ഇപ്പോഴും മനസ്സിനെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്നു… ഒരച്ഛന്റെ കുറവ് മോൾക്കുണ്ടാകും എന്നറിഞ്ഞു തന്നെയാണ് അന്നാ വീട് വിട്ട് ഇറങ്ങിയത്.. അതിൽ കൂടുതൽ സഹിക്കാൻ കഴിയുമായിരുന്നില്ല… താൻ പ്രണയിച്ച വ്യക്തിയുടെ ശരീരത്തിനും മനസ്സിനും പുതിയ ഒരു അവകാശി കടന്നു വന്നിരിക്കുന്നു.. എത്ര ലാഘവത്തോടെയാണ് അയാൾ പറഞ്ഞത് മടുപ്പ് തോന്നുന്നു എന്ന്… മറ്റൊരുവളോട് പ്രണയം തോന്നുന്നുവത്രെ… മൂന്ന് വർഷങ്ങൾ….

മൂന്ന് വർഷങ്ങൾ കഴുത്തിൽ അണിഞ്ഞ താലിക്ക് അന്ന് ഭാരം കൂടുതലായിരുന്നു… എത്ര വേഗമാണ് അയാൾക്ക് എല്ലാം വലിച്ചെറിയാൻ കഴിഞ്ഞത്….”” നിന്റെ ചിലങ്കയോടാണ് നിന്നിലും അധികം പ്രണയം പെണ്ണെ എനിക്ക്… “” എന്ന് പറഞ്ഞവൻ തന്നെ “”കണ്ടവന്മാരുടെ മുൻപിൽ അഴിഞ്ഞാടാൻ ചിലങ്ക അണിയുന്നവൾ “”എന്ന് വിളിച്ചത് എത്ര അനായാസമാണ്… ഒരു നീർക്കുമിളയുടെ ആയുസ്സേ ഉണ്ടായിരിന്നുള്ളു കണ്ട എല്ലാ സ്വപ്നങ്ങൾക്കും…. അല്ലു മോളെ ഗർഭിണിയായിരുന്നപ്പോഴും അയാൾക്ക് സംശയമായിരുന്നു….. ഒരിക്കൽ പോലും സാധിച്ചു തരാത്ത ആഗ്രഹങ്ങളും കൊതികളും എല്ലാം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ സാധിച്ചു തരുന്നതായി സങ്കൽപ്പിക്കുമായിരുന്നു….

അപ്പോൾ വീണ്ടും അയാളോട് പ്രണയം തോന്നും… പക്ഷേ അബദ്ധത്തിൽ പോലും അവളെ തൊടാതെ കട്ടിലിന്റെ മറുവശത്തായി നീങ്ങികിടന്നു ഉറങ്ങുന്ന അയാളെ കാൺകെ ആ സ്വപ്നങ്ങളൊക്കെയും താൻ തന്നെ അഗ്നിക്ക് ബലി കൊടുക്കും.. എപ്പോഴായിരുന്നു താൻ അയാൾക്ക് അധികപ്പറ്റായി തുടങ്ങിയത് കഴിക്കുന്ന ആഹാരത്തിനും ഉടുക്കുന്ന വസ്ത്രത്തിനും വരെ കണക്ക് പറഞ്ഞു തുടങ്ങിയപ്പോഴോ…. അതോ മോളുടെ കരച്ചിലിന്റ ശബ്ദം പോലും അയാളെ ഒരു ഭ്രാന്തൻ ആക്കാൻ തുടങ്ങിയപ്പോളോ.. അതോ തന്നോട് മടുപ്പ് മാത്രമാണ് തോന്നുന്നതെന്ന് പറഞ്ഞപ്പോഴോ…..

ഒരു ദിവസം രാത്രി മദ്യപിച്ചു ലക്കുകെട്ട് മോളെ എടുത്തെറിയാൻ തുടങ്ങിയപ്പോളായിരുന്നു ആദ്യമായി പ്രതികരിച്ചത്….. അയാളുടെ കൈകൾ ശക്തിയായി കാലിൽ അമർന്ന വേദനയിൽ വാവിട്ട് കരയുന്ന മോളെയും എടുത്തു ആ പടി ഇറങ്ങുമ്പോൾ അയാളോടുള്ള പ്രണയത്തിന്റെ അവസാന ശേഷിപ്പും ആ പടിക്കെട്ടിൽ ഉപേക്ഷിച്ചിരുന്നു.. ബൈക്ക് വരുന്ന ശബ്ദം കേട്ടപ്പോൾ വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് ഓടി ഇറങ്ങി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 തിരികെ വീട്ടിൽ എത്തിയപ്പോളേക്കും സന്ധ്യ മയങ്ങിയിരുന്നു…. മാഹിയങ്കിൾ രണ്ടാളെയും നോക്കി വാതിലിൽ തന്നെ നിൽപ്പുണ്ടായിരുന്നു.. എടുത്ത് നിലത്തേക്ക് നിർത്തിയപ്പോളേക്കും അല്ലു മോള് ഓടി മഹിയുടെ അടുത്ത് എത്തിയിരുന്നു…..

കൈയിലെ ഐസ്ക്രീം പാക്കറ്റ് ഇൽ നിന്ന് ഒരെണ്ണം നീട്ടി…. “”ഇന്നാ അപ്പൂപ്പ പോലീഷ് വാങ്ങിച്ചു തന്നല്ലോ….അമ്മയ്ക്കും ഉണ്ട്…”” കൈയിൽ ഇരുന്ന ഐസ് ക്രീമിന്റെ പല കവറുകൾ മഹിക്ക് നേരെ നീട്ടി.. “”അപ്പൂപ്പന് വേണ്ടെടാ… നമുക്ക് ഫ്രിഡ്ജിൽ വെക്കാലോ… അപ്പൊ അല്ലുകുട്ടന് നാളേം കഴിക്കാലോ..””. താടിയിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞപ്പോൾ കൈയിലെ കവറൊക്കെ നെഞ്ചോട് ചേർത്ത് പിടിച്ചു അകത്തേക്ക് ഓടി.. മഹി അങ്കിളിന്റെ കൂടെ അകത്തേക്ക് കയറുമ്പോൾ ഋഷി കണ്ടിരുന്നു ഓടി വരുന്ന ദേവയെ… കണ്ണൊക്കെ ചുവന്നു കലങ്ങി ഇരിപ്പുണ്ട്… ഇതുവരെ ആയിട്ടും അവൾ വേഷം മാറിയിരുന്നില്ല… മുടിയാകെ പാറിപ്പറന്നു കണ്ണും നിറച്ചു അല്ലുമോളെ നോക്കുന്ന അവളെ കാൺകെ അവന് നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചത് പോലെ തോന്നി..

മറ്റാരെയും ശ്രദ്ധിക്കാതെ അല്ലു മോളെ എടുത്തു മാറോടു ചേർത്ത് പിടിച്ചു…. കണ്ണുകൾ രണ്ടും അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു … “”അമ്മ കയയുവാനോ .. കയണ്ടമ്മേ…. പോലീഷ് ഐക്കീം വാങ്ങി തന്നല്ലോ…. “”ചുണ്ട് പിളർത്തി സങ്കടത്തോടെ ഇപ്പോൾ കരയും എന്ന ഭാവത്തിലായിരുന്നു അല്ലു മോൾ….. “അയ്യേ…. അമ്മ കരയുവാന്ന് ആരാ മോളോട് പറഞ്ഞേ….. അമ്മ ചുമ്മാ മോളെ പറ്റിച്ചതല്ലേ…. അമ്മേടെ പൊടിയേ ഇത്രേം നേരം കാണാതെ ഇരുന്നപ്പോഴേ അമ്മക് ശങ്കടം വന്നു…. അതോണ്ടല്ലേ….. അല്ലാതെ അമ്മ കരയുവോ….”” അല്ലു മോള്‌ കരയാൻ തുടങ്ങുന്നത് കണ്ടു ദേവ പെട്ടെന്ന് കണ്ണൊക്കെ തുടച്ചുകൊണ്ട് മോളെ നോക്കി ചിരിച്ചു…

ദേവയുടെ ചിരിച്ച മുഖം കണ്ടു ആ കുഞ്ഞ് മുഖത്ത് വീണ്ടും സന്തോഷം നിറയുന്നത് കണ്ടു… ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്ന ഋഷിയെ അതിന് ശേഷമാണ് കണ്ടത്… അവൾക്കെന്തോ അവന് നേരെ നോക്കാൻ വല്ലാത്ത വിഷമം തോന്നി…. മുഖം കൊടുക്കാതെ മോളെയും എടുത്തു അകത്തേക്ക് നടന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കേസ് ഫയൽ നോക്കാൻ ശ്രമിക്കുകയായിരുന്നു ഋഷി…. പക്ഷേ മുൻപിൽ അപ്പോഴും അല്ലു മോളും ദേവയും മാത്രം നിറഞ്ഞു നിന്ന്… അറിയില്ല എന്തിനാണ് അല്ലു മോളുടെ ഒരു ചെറിയ വിഷമത്തിന് പോലും തന്റെ നെഞ്ച് ഇത്ര പിടക്കുന്നത് എന്ന്….. ദേവയുടെ ഓരോ കണ്ണുനീർ തുള്ളിയും തന്റെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നതെന്തുകൊണ്ടെന്ന്… ഒന്ന് മാത്രമാണ് മനസ്സിലാകുന്നത് അത്രമേൽ പ്രാണനിൽ ചേർന്നലിഞ്ഞിരിക്കുന്നു രണ്ടാളും… ഇനിയൊരു മടങ്ങിപ്പോക്ക് സാധ്യമല്ലാത്ത വിധം… … തുടരും

മഴമുകിൽ: ഭാഗം 7

Share this story