മൊഴിചൊല്ലിയവൾ : ഭാഗം 1

മൊഴിചൊല്ലിയവൾ : ഭാഗം 1

എഴുത്തുകാരി: ആഷ ബിനിൽ

“സൽമാ.. ഹേയ്” പരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ ഒരു നിമിഷം ആ മുഖം കണ്ടു സ്തബ്ധയായി നിന്നു. പിന്നെ ഒന്നും നോക്കാതെ ആ ഹാളിൽ നിന്ന് ഇറങ്ങിയോടി. ലിഫ്റ്റ് വരുന്നത് വരെ കാത്തുനിൽക്കാൻ മിനക്കേടാതെ സ്റ്റെയർ ഇറങ്ങി പാർക്ക് ചെയ്തിരുന്ന കാറിൽ കയറി അതിവേഗം പുറത്തേക്ക് പാഞ്ഞു. പുറകെ ഓടിയെത്തിയ വിഷ്ണുവിന് ആകെ കാണാൻ കഴിഞ്ഞത് പാർക്കിങ്ങിൽ നിന്ന് പുറത്തേയ്ക്ക് പായുന്ന ഒരു ഓറഞ്ച് കളർ ഫോർഡ് എക്കോസ്പോർട്ട് കാറും അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരു മിന്നായം പോലെ ഷാൾ കൊണ്ട് മറച്ച അവളുടെ മുഖത്തിന്റെ ദൃശ്യവും മാത്രമാണ്.

“എന്നാലും.. അവൾ എന്തിനാ എന്നെ കണ്ടു കടന്നു കളഞ്ഞത്..???” മരിച്ചെന്ന് കരുതി കബറടക്കിയ പ്രണയം, ഒരിക്കൽ കൂടി ഉയർത്തെഴുന്നേൽക്കുന്നത് അവനറിഞ്ഞു. ഈ സമയം, കൈവിട്ട മനസുപോലെ വണ്ടിയും പാളുന്നത് മനസിലാക്കി ഞാൻ കാർ വഴിയുടെ ഓരം ചേർന്നു നിർത്തി സ്റ്റിയറിങ്ങിൽ തല വച്ചു കിടന്നു. കുറച്ചുനേരം കഴിഞ്ഞു മുഖം ഒന്നമർത്തി തുടച്ച ശേഷം, അടുത്തു കണ്ട കോഫി ഷോപ്പിലേക്ക് കയറി. വിഷ്ണു.. അവൻ ഇവിടെ..??? എങ്ങനെ വന്നു എന്നു മനസിലാകുന്നില്ല. തന്നെ കണ്ടു എന്നുറപ്പാണ്. തേടി വന്നതാകുമോ..? ഒരിക്കലുമില്ല. അതിനു മാത്രം ഒരു ബന്ധവും തങ്ങൾ തമ്മിലില്ല.

ഒരു പുഞ്ചിരിയുടെ കടം പോലും ബാക്കിയില്ല. എന്നായിരുന്നു അവനെ ആദ്യമായി കണ്ടത്..? ഒൻപതാം ക്ലാസിലെ ആദ്യത്തെ ദിവസം, സ്ഥലംമാറി വന്ന പുതിയ ഹെഡ്മാസ്റ്ററുടെ മകൻ തങ്ങളുടെ ക്ലാസിൽ ആണെന്നറിഞ്ഞു. ചെക്കൻ മൊഞ്ചനാണ് എന്നു മറ്റു കുട്ടികൾ പറഞ്ഞിട്ടും ഒന്നു മുഖമുയർത്തി നോക്കിയില്ല. പരിചയപ്പെടാൻ വന്നപ്പോഴും, ആ കണ്ണുകളിൽ താൻ മാത്രമേയുള്ളൂ എന്ന് എല്ലാവരും കളിയാക്കിയപ്പോഴും, ചാമ്പയ്ക്കയും പേരയ്ക്കയും അരിനെല്ലിക്കയും ഒക്കെ അവന്റെ സമ്മാനങ്ങളായി കൂട്ടുകാർ വശം എത്തിയപ്പോഴും, ഒരു നോട്ടം പോലും അവനിലേക്ക് വീഴാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.

അത് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, ഉപ്പയെയും ഇക്കാക്കമാരെയും ഭയന്നിട്ടായിരുന്നു. എന്തെങ്കിലും ഒരു ചീത്തപ്പേര് വന്നാൽ നിക്കാഹ് നടത്തി പഠനം മുടക്കും എന്നുറപ്പുള്ളത് കൊണ്ടായിരുന്നു. അടുത്ത വീട്ടിലെ സരള ഏടത്തിയുടെ മകൾ മീൻകാരൻ പയ്യനോട് ഒന്നു ചിരിച്ചതിന് ഉപ്പാ അവളുടെ കരണം പുകച്ചത് ഇപ്പോഴും ഓർമയുണ്ട്. ന്റെ കുട്ടീനെ തച്ചത് എന്തിനാണ് എന്നു ചോദിക്കാൻ സരള ഏടത്തിയോ രാജേട്ടനോ ആരും ആ വീട്ടിൽ നിന്ന് പടികടന്നു വന്നില്ല. കുന്നത്തെ അഹമ്മദ് ഹാജിയുടെ വാക്കിന് നാട്ടിൽ മറുവാക്ക് ഇല്ലല്ലോ..! അങ്ങനെയുള്ള ഉപ്പായുടെ മകൾ ഒരു പയ്യനോട് സംസാരിച്ചാൽ…???

ആ ഭയം ഒന്നുകൊണ്ടു മാത്രം, അവനെയൊന്ന് നോക്കാൻ പോലും മനസ് അനുവദിച്ചില്ല. എന്നിട്ടും, ഇടയ്ക്ക് എല്ലാവരുടെയും കണ്ണുവെട്ടിച്ചു അവിടേക്ക് കണ്ണുകൾ പായുമ്പോൾ, ആ മുഴികളും തന്നിൽ ആണെന്ന് മനസിലാക്കി പരിഭ്രമത്തിൽ മുഖം കുനിച്ചിട്ടേയുള്ളൂ. പ്ലസ് ടൂ വരെ ഒരുമിച്ചു പഠിച്ചിട്ടും, വിരളമായ ചില നോട്ടങ്ങൾ അല്ലാതെ ഒരു വാക്ക് പോലും പരസ്പരം സംസാരിച്ചിട്ടില്ല. അവസാനത്തെ പരീക്ഷയും കടന്ന് പടിയിറങ്ങുമ്പോൾ, ഇനിയെന്നു കാണും എന്നാ മിഴികൾ തന്നോട് ചോദിച്ചപ്പോഴും, മൗനമായിരുന്നു മറുപടി. ഹൃദയം നിലവിളിച്ചപ്പോഴും മുഖമുയർത്താതെ, അവനെ കാണാത്ത മട്ടിൽ നടന്നു.

ചങ്ക് പറിഞ്ഞ വേദനയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. ആർക്കിടെക്ചർ അഡ്മിഷൻ കിട്ടി, കോളേജിലേക്ക് ചെന്നു കയറിയപ്പോൾ ആ മുഖം കണ്ടു ഹൃദയം പൊട്ടിപ്പോകും പോലെ തുടിച്ചത് ഇപ്പോഴും ഓർമയുണ്ട്. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞിരുന്നു. ഇതാണോ പ്രണയം? ക്ലാസ് തുടങ്ങി മാസങ്ങൾക്കകം, നിക്കാഹ് അറിയിക്കാൻ ഒരു കൂട്ടുകാരിയുടെ ഒപ്പം മുന്നിൽ ചെന്ന് നിന്നു. ചുണ്ടുകൾ പുഞ്ചിരിയോടെ ആശംസകൾ അറിയിച്ചപ്പോഴും ആ കണ്ണുകൾ മൗനമായി പോകാതിരുന്നൂടെ എന്നു തന്നോട് സംവദിച്ചുകൊണ്ടിരുന്നു. വീട്ടുകാരുടെ തീരുമാനമാണ്, വിവാഹ കമ്പോളത്തിൽ അഭിപ്രായം ഇല്ലാത്തവളായി പോയതാണ്, നീയെന്റെ പ്രാണൻ ആണെന്ന് പറയണം എന്നുണ്ടായിരുന്നു.

പറഞ്ഞില്ല. ഒരു പുഞ്ചിരി മറുപടി കൊടുത്തിറങ്ങി. അവസാന നിമിഷം പറഞ്ഞിട്ടെന്തിനാണ്? ആ സ്നേഹം താൻ തിരിച്ചറിഞ്ഞിട്ടില്ല എന്നു സമാധാനിക്കട്ടെ പാവം..! തുടർന്ന് പഠിക്കണം എന്നൊരു വാക്ക് മാത്രമാണ് പെണ്ണുകാണാൻ വന്നപ്പോൾ റാഷിക്കായോട് പറഞ്ഞത്. ആളത് സമ്മതിക്കുകയും ചെയ്തു. നിക്കാഹും കല്യാണവും ഒരാഴ്ച്ച വ്യത്യാസത്തിൽ കഴിഞ്ഞു. ആ മഹർ കഴുത്തിൽ വീണ നിമിഷം, വിഷ്ണുവിനെ ഹൃദയത്തിൽ ആർക്കും കടന്നുചെല്ലാൻ കഴിയാത്തൊരു കോണിലേക്ക് മാറ്റി നിർത്തി താൻ റാഷിക്കായെ സ്നേഹിക്കാൻ തുടങ്ങി. വന്നുചേർന്ന ജീവിതത്തോട് പൊരുത്തപ്പെടാനും.

വിഷ്ണുവിലേക്ക് ഒരു നോട്ടം പോലും ചെല്ലാതിരിക്കാൻ, ആ ഓർമകൾ മനസിന്റെ കോണിൽ പോലും വരാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ജീവിതത്തോട് പൊരുത്തപ്പെട്ടു. നാളുകൾ കഴിഞ്ഞുപോകവേ, ഒരു കുഞ്ഞുണ്ടാകാത്തിനെ ചൊല്ലിയുള്ള കൂരമ്പുകൾ ഒളിഞ്ഞും തെളിഞ്ഞും വന്നുതുടങ്ങി. “അവളുടെ പഠനം കഴിഞ്ഞു മതി എന്നാണ് ഞങ്ങളുടെ തീരുമാനം” ആ ഒറ്റവാക്കിൽ എല്ലാ വായകളും അടപ്പിച്ചു റാഷിക്ക. ആ മനുഷ്യനോടുള്ള സ്നേഹവും ബഹുമാനവും അതോടെ കൂടി. റാഷിക്കായുടെ ഇക്കമാരുടെ ഭാര്യമാർ ഞങ്ങളും പടിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു കല്യാണം,

കുട്ടി ആയതോടെ പഠനം നിർത്തിയതാണ്, കുടുംബവും കുട്ടികളും ആണ് എല്ലാത്തിലും വലുത് എന്നു പലതവണ പറഞ്ഞു. “പെണ്ണ് ജോലിക്ക് പോയി സമ്പാദിച്ചിട്ട് വേണ്ട ഇവിടെ കുടുംബം പുലരാൻ” എന്ന് ഉമ്മയും. ഒടുവിൽ ഒരു വർഷം കഴിഞ്ഞ നേരം, നമുക്ക് ഇനിയും വേണ്ടെന്ന് വയ്‌ക്കേണ്ട എന്നു ഇക്കയോട് പറയേണ്ടി വന്നു. “നീ പഠിക്കെടി..” എന്നുപറഞ്ഞു ചേർത്തുനിർത്തി നിറുകയിൽ ഒരു മുത്തവും തന്നു. അത് കണ്ടുകൊണ്ട് വന്ന രണ്ടാമത്തെ ഇക്കായുടെ ഭാര്യയുടെ മുഖത്തു വിരിഞ്ഞ ഭാവം അസൂയയാണോ വേദനയാണോ എന്നു മനസിലായതേയില്ല. ഇത്രയും മനസിലാക്കുന്ന ഒരു പങ്കാളിയെ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നോർത്തു കണ്ണുനിറഞ്ഞു.

വീട്ടിൽ ഉമ്മായുടെയും ഇക്കമാരുടെ ഭാര്യമാരുടെയും ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള സപോർട്ടും കിട്ടാഞ്ഞിട്ടും, പോര് കൂടി വന്നിട്ടും, പഠനം മുന്നോട്ട് കൊണ്ടുപോയി. ആരോടും പരാതിയും പരിഭവവും പറഞ്ഞില്ല. എതിർക്കാനും നിന്നില്ല. പഠനം അഞ്ചാം വർഷത്തിലേക്ക് കടന്നു. വിവാഹം കഴിഞ്ഞു നാലാം വര്ഷത്തിലേക്കും. കോഴ്‌സ് കഴിയാൻ ഇനി ഏതാനും മാസങ്ങൾ മാത്രം. അതുകൊണ്ട് ഇനിയൊരു കുഞ്ഞു വേണം എന്നു ഇക്കയോട് നിർബന്ധം പറയേണ്ടി വന്നു. അന്ന് വൈകിട്ട് ഒരു ബോക്‌സിൽ കുറച്ചു ഗുളികകളും ആയിട്ടാണ് വന്നത്. അത്രനാളും കുടിച്ചിരുന്ന മരുന്നല്ല ഇത്തവണ.

“ഫോളിക് ആസിഡ് ആണ്. ഗര്ഭിണിയാകുന്നത് മുൻപ് തന്നെ കഴിച്ചു തുടങ്ങണം. ഇന്നുമുതൽ രാത്രി ഓരോന്ന് കുടിക്കാൻ മറക്കരുത്” സ്നേഹത്തോടെ പറഞ്ഞു പോകുന്ന ആ മനുഷ്യനെ നോക്കി വീണ്ടും കണ്ണു നിറഞ്ഞു. ഒന്നുരണ്ടു മാസം കഴിഞ്ഞു. വിശേഷം ആയില്ലേ എന്നുള്ള ചോദ്യങ്ങൾ എല്ലാ ഭാഗത്തു നിന്നും വന്നുതുടങ്ങി. ഒരു കുഞ്ഞിന് വേണ്ടി ഞാനും വല്ലാതെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു. ഒരുദിവസം അലമാര അടുക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു കവറിൽ കുറെയധികം ഗുളികയുടെ സ്ട്രിപ്പുകൾ കാണുന്നത്. കാഴ്ചയ്ക്ക് താൻ ഇപ്പോൾ കുടിക്കുന്നത് പോലെ തന്നെ.

വെറുതെ ആ പേരൊന് ഗൂഗിൾ ചെയ്തപ്പോൾ ഞെട്ടിപ്പോയി..! യൂട്രസിലെ എൻഡോമെട്രിയത്തിന്റെ കനം കുറയാൻ ഉള്ള മരുന്നാണ് അത്…! ആകെ സ്തംഭിച്ച അവസ്ഥയിൽ കുറേനേരം ഇരുന്നുപോയി. റാഷിക്കാ എനിക്ക് തന്നത് ഈ മരുന്നാണ് എന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇക്കാ എന്നോട് എന്തിന് ഇത് ചെയ്യണം എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. സംശയം തീർക്കാൻ മെഡിസിന് പഠിക്കുന്ന ഒരു കൂട്ടുകാരിക്ക് മരുന്നിന്റെ ഫോട്ടോ അയച്ചു കൊടുത്തു. അവളും എന്റെ സംശയം ഉറപ്പിക്കുകയായിരുന്നു. ഞാൻ അറിയാതിരിക്കാൻ ആകണം ഗുളിക പൊട്ടിച്ചു കുപ്പിയിലാക്കി തന്നത്.

എന്റെയുള്ളിൽ എന്തൊക്കെയോ പുകഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ അത് പുറത്തേക്ക് വരുന്നതിന് മുൻപ് തന്നെ ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞു. കോളേജിൽ പോകാനും മറ്റും സൗകര്യത്തിന് എന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഗർഭിണിയാണ് എന്നറിഞ്ഞപ്പോഴും, വീട്ടിലേക്ക് പോകുകയാണ് എന്നു പറഞ്ഞപ്പോഴും റാഷിക്കായുടെ മുഖത്ത് നിർവികാരത മാത്രം ആയിരുന്നു. അഞ്ചാം മാസത്തിലാണ് മടങ്ങി വന്നത്. അപ്പോഴേക്കും റാഷിക്കായുടെ പെരുമാറ്റത്തിലെ പൊരുത്തക്കേടുകൾ ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പലതവണ പടച്ചോന്റെ കൃപകൊണ്ട് മാത്രം എന്റെ കുഞ്ഞ് അപകടത്തിൽ പെടാതെ രക്ഷപെട്ടു.

അപ്പോഴും ഞാൻ ഒന്നും അറിയാത്തത് പോലെ മൗനത്തെ കൂട്ടുപിടിച്ചു ജീവിച്ചു. പക്ഷെ ഉള്ളം പുകഞ്ഞുകൊണ്ടേയിരുന്നു. ഞാൻ പ്രസവിക്കാതിരിക്കാൻ, കുഞ്ഞിനെ ഇല്ലാതെയാക്കാൻ ഇക്കാ എന്തിനാണ് ശ്രമിക്കുന്നത് എന്നു മനസിലായില്ല. എങ്ങനെയും സത്യം കണ്ടു പിടിക്കണം എന്നു ഉറപ്പിച്ചു ഞാൻ ഇക്കായുടെ ഫോണിന്റെ ചാർജർ കേടാക്കി വച്ചു. രാവിലെ എഴുന്നേറ്റ് ഫോൺ ചാർജ് ചെയ്യാൻ വച്ചിട്ട് ജോഗിംഗിന് പോകുന്നതാണ് ആളുടെ പതിവ്. തിരികെ വന്നു കഴിഞ്ഞാൽ ഫോണും എടുത്തു ബാത്റൂമിലേക്കു പോകും. പിന്നെ അര മണിക്കൂർ അതിലാണ്. ഇക്കാ പതിവ് പോലെ ജോഗിംഗ് കഴിഞ്ഞു വന്നു നോക്കുമ്പോഴാണ് ഫോണിൽ ചാർജ് ഇല്ല എന്നു കണ്ടത്.

എന്റെ ചാർജർ വാങ്ങി ഫോൺ കുത്തിയിട്ട ശേഷം ആൾ എന്റെ ഫോണുമായി ബാത്‌റൂമിൽ കയറി. ഞാൻ ഇക്കായുടെ ഫോൺ സ്വിച്ച് ഓണ് ചെയ്തു മുഴവൻ തിരഞ്ഞെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. നിരാശയോടെ ഫോണെടുത്തു വയ്ക്കാൻ പോകുമ്പോഴാണ് അരുൺ എന്ന കോണ്ടാക്റ്റിൽ നിന്ന് ഒരു ഫോട്ടോയും ഗുഡ് മോണിങ്ങും വന്നത്. എന്തോ ഒരു ഉൾപ്രേരണയിൽ നെറ്റ് ഓഫ് ചെയ്ത് ഞാനത് തുറക്കാൻ തീരുമാനിച്ചു. നോക്കിയപ്പോൾ അതീവ സുന്ദരിയായ ഒരു പെണ്കുട്ടിയുടെ സെൽഫി ആണ് ഗുഡ് മോണിങ്ങിനൊപ്പം വന്നിരിക്കുന്നത്. അപ്പോൾ എടുത്തതാണ് എന്നു വ്യക്തം.

ആ ചാറ്റിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. മനസ്സാകെ കലങ്ങി മറിഞ്ഞു. ഒരുവിധം ഞാൻ അത് അൺറെഡ് ആക്കി നെറ്റ് ഓണ് ചെയ്തു. ഇക്കായുടെ വാട്സ്ആപ്പ് എന്റെ ലാപ്പിൽ കൂടി ഓപ്പണ് ആക്കി. എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇരുന്നിടത്തു വച്ചു താഴേക്ക് പോയി. പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ ഞാൻ അവരുടെ പിന്നാലെ ആയിരുന്നു. അരുൺ എന്ന കോണ്ടാക്റ്റ് അരുണ എന്ന പെണ്കുട്ടി ആണെന്നും, ഇക്കായ്ക്ക് അവളോട് അടുപ്പമുണ്ടെന്നും എനിക്ക് ബോധ്യമായി. അടുപ്പം എന്നുപറഞ്ഞാൽ, കരള് പറിച്ചു കൊടുക്കുന്ന അടുപ്പം. എല്ലാ ദിവസവും ഇക്കാ എഴുന്നേറ്റ ഉടനെ അവൾക്ക് ഫോട്ടോയും ഗുഡ് മോണിങ്ങും അയക്കാറുണ്ട്. അവൾ തിരിച്ചും. ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും അവർ പരസ്പരം കാണാറുണ്ട്.

കൂടുതലും അവളുടെ വീട്ടിൽ, അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ. ആ ദിവസങ്ങളിൽ ഇക്കാ വീട്ടിൽ വരാൻ വൈകാറുണ്ട്. ഇത്രയും ഒക്കെ മതിയായിരുന്നു, എന്നിലെ ഭാര്യയ്ക്ക്, ഗര്ഭിണിയ്ക്ക്, ഹൃദയം നുറങ്ങാൻ. ഒടുവിൽ ഇക്കാ അറിയാതെ അവളെ നേരിട്ട് കണ്ടു. അറിഞ്ഞു, വർഷങ്ങൾ പഴക്കമുള്ള വീഞ്ഞുപോലെയുള്ള അവരുടെ പ്രണയം. മതം മാറാൻ പോലും തയ്യാറായിട്ടും, അന്യ മതക്കാരിയെ വീട്ടിൽ കയറ്റാൻ റാഷിക്കായുടെ ഉപ്പാ സമ്മതിക്കാതിരുന്നത്, നാടുവിട്ട് പോകാൻ ശ്രമിക്കുമ്പോൾ ആക്സിഡന്റ് ആയി അരുണയുടെ അച്ഛൻ മരിക്കുകയും അമ്മ കിടപ്പിലാവുകയും ചെയ്തത്,

സമ്പാദ്യം എല്ലാം തീർന്ന അവസ്ഥയിൽ എന്നെ വിവാഹം കഴിക്കാൻ ഇക്കാ നിര്ബന്ധിതനായത്, പിന്നീട് എന്നെ ഒഴിവാക്കി അവർ ഒരുമിച്ചു ജീവിക്കാം എന്നു രണ്ടുപേരും കൂടി തീരുമാനിച്ചത്, അതിനുവേണ്ടി ഇക്കാ ഇപ്പോഴും സമ്പാദിക്കുന്നത്… എല്ലാമറിഞ്ഞു. എന്റെ ഗർഭപാത്രത്തിന് ഒരു കുഞ്ഞിനെ താങ്ങാൻ കഴിയില്ല എന്ന അവസ്ഥയിൽ എന്നെ ഒഴിവാക്കാൻ ആണ് ഇക്കാ എനിക്ക് ആ മരുന്നുകൾ തന്നത് എന്ന് മനസിലായി. ഇത്രനാളും എന്റെ പഠനത്തിന് വേണ്ടി ആണല്ലോ വേണ്ടെന്ന് വച്ചിരുന്നത്. ഇക്കാരണം കൂടി ആകുമ്പോൾ ആരും ഇക്കയെ പഴി പറയില്ല. എന്നെ ഒഴിവാക്കാനും കഴിയും. ഹൃദയം നുറുങ്ങി രക്തമൊഴുകി. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. “ഒരു വർഷത്തിനകം എന്റെ ബന്ധനത്തിൽ നിന്ന് ഒഴിവാക്കി ഞാൻ റാഷിക്കായെ നിനക്ക് തരും.

അതുവരെ നമ്മൾ തമ്മിൽ സംസാരിച്ചത് ഇക്കാ അറിയരുത്” അത് പറഞ്ഞപ്പോൾ അരുണയുടെ മുഖത്തെ പരിഭ്രമം ഞാൻ വ്യക്തമായി കണ്ടു. “ഇക്കാ നിന്നെ വേണ്ടെന്ന് വയ്ക്കുന്നത് നിനക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?” അവൾ ഞെട്ടി എന്നെ നോക്കി. “ഇല്ലെന്ന് അറിയാം. കഴിഞ്ഞ നാല് വർഷം ഞാൻ പ്രാണനായി കൊണ്ടുനടന്ന മനുഷ്യൻ ആണത്. കാണിക്കുന്ന സ്നേഹം കള്ളമാണ് എന്നു തോന്നിയിട്ടില്ല, ഒരിക്കലും. എനിക്ക് എന്നെ തന്നെ വിശ്വസിപ്പിക്കണം. എല്ലാം മറക്കാൻ സമയം വേണം” “പക്ഷെ ഈ കുഞ്ഞ്?” അവൾ പകുതിവച്ചു നിർത്തി. “എന്റെ കുഞ്ഞിന്റെ അവകാശം എനിക്ക് മാത്രം ആയിരിക്കും.” അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. (തുടരും )

Share this story