നാഗചൈതന്യം: ഭാഗം 10

നാഗചൈതന്യം:  ഭാഗം 10

എഴുത്തുകാരി: ശിവ എസ് നായർ

തന്നെ ഇറുക്കെ പുണർന്നു നിൽക്കുന്ന ഗൗരിയെ നാരായണൻ ചേർത്ത് പിടിച്ചു, പതിയെ ആ മുഖം കൈകുമ്പിളിൽ കോരിയെടുത്തു നെറുകയിൽ ചുണ്ടമർത്തി. അവരുടെ അധരങ്ങൾ തമ്മിൽ സ്പർശിച്ചപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത നാണം തോന്നി. ഗൗരിയുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ നീർതുള്ളി നാരായണൻ തന്റെ കൈകൾ കൊണ്ട് തുടച്ചു മാറ്റി. അവളെ തന്റെ നെഞ്ചോടു ചേർത്തവൻ നിലത്തേക്കിരുന്നു. നിതംബം മറഞ്ഞു കിടക്കുന്ന കേശഭാരം ഒരു വശത്തേക്ക് മാടിയൊതുക്കി നാരായണൻ അവളുടെ പിൻകഴുത്തിൽ ചുണ്ടമർത്തി. അവന്റെ അധരങ്ങൾ അവളുടെ മേനിയെ തൊട്ടുണർത്തി.

നാണത്താൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. കവിളിൽ ചുവപ്പു രാശി പടർന്നു. അവന്റെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനാവാതെ ഗൗരി മുഖം കുനിച്ചു. നാരായണന്റെ മാറിലേക്ക് ചാഞ്ഞു അവൾ തന്റെ വിരലുകൾ കൊണ്ടവന്റെ നെഞ്ചിൽ ചിത്രങ്ങൾ വരച്ചു. അതേസമയം സർപ്പക്കാവിലേക്ക് നടന്നടുക്കുന്ന ജയന്തനെ അവർ കണ്ടതേയില്ല. നേരം സന്ധ്യ മയങ്ങിയിട്ടും ഗൗരിയെ കോവിലകത്തേക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയതായിരുന്നു ജയന്തൻ. ഇരുളിനെ കീറിമുറിച്ചു കൊണ്ട് കയ്യിലൊരു തീപന്തവുമായി അവൻ സർപ്പക്കാവിനെ ലക്ഷ്യമാക്കി അതിവേഗം നടന്നു.

അവന്റെ കണ്ണുകൾ ഗൗരിയെ ചുറ്റുപാടും തിരഞ്ഞു കൊണ്ടിരുന്നു. നാനാവിധ ചിന്തകൾ ജയന്തന്റെ മനസിലൂടെ കടന്നു പോയി. ജയന്തൻ സർപ്പക്കാവിനോട് അടുക്കുംതോറും പ്രകൃതിയിൽ ഓരോ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി. ആകാശത്തു തെളിഞ്ഞു നിന്ന പൂർണ്ണചന്ദ്രനെ കാർമേഘം വന്നു മറച്ചു. നാഗത്തറയിൽ തെളിഞ്ഞു കത്തുന്ന ദീപത്തിനരികിൽ പത്തി വിടർത്തി നിന്ന സ്വർണ്ണനാഗത്തിന്റെ കണ്ണുകൾ രൗദ്രഭാവത്തിൽ ചുവന്നു തിളങ്ങി. പിന്നെ പതിയെ പതിയെ സ്വർണ്ണ നാഗം വളരാൻ തുടങ്ങി. നാഗത്തറയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരത്തിന്റെയത്ര പൊക്കത്തിൽ സ്വർണ്ണനാഗം വലുതായി.

അപ്പോഴേക്കും നാഗത്തിന്റെ കണ്ണുകളിലെ ചുവപ്പ് നിറം മാറി കരിനീല നിറം വ്യാപിച്ചു. ജയന്തനോ നാരായണനോ ഗൗരിക്കോ അവിടെ നടക്കുന്നതൊന്നും കാണാൻ കഴിയുമായിരുന്നില്ല. മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക് ദർശിക്കാൻ കഴിയാത്ത അദൃശ്യ രൂപിയായിരുന്നു ആ സ്വർണ്ണനാഗം. ചെറുതായി പെയ്തു കൊണ്ടിരുന്ന ചാറ്റൽ മഴയ്ക്ക് ശക്തി കൂടി കൂടി വന്നു. മരച്ചില്ലകൾ ആടിയുലഞ്ഞു അതിശക്തമായി മഴ പെയ്യാൻ തുടങ്ങി. ജയന്തന്റെ കയ്യിൽ എരിഞ്ഞു കൊണ്ടിരുന്ന തീപന്തം ആർത്തലച്ചു പെയ്യുന്ന മഴയിൽ കെട്ടുപോയി. ചുറ്റും അന്ധകാരം മാത്രമായി.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ജയന്തൻ ശങ്കിച്ചു നിന്നു. മഴ തകർത്തു പെയ്തു കൊണ്ടിരുന്നു. കയ്യിലിരുന്ന തീപന്തം മഴയിൽ അണഞ്ഞു പോയതുകൊണ്ട് ജയന്തന് മുന്നോട്ടു നടക്കാൻ ഏറെ പ്രയാസമായിരുന്നു. പക്ഷെ അവന്റെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന ആശങ്കയും സംശയവും പരിഭ്രമവും കാരണം ജയന്തന്റെ മനസ്സ് കോവിലകത്തേക്ക് തിരികെ മടങ്ങി പോകാൻ അനുവദിച്ചില്ല. അവിടം വരെ വന്നത് കൊണ്ട് സർപ്പക്കാവിൽ കൂടി തിരച്ചിൽ നടത്തിയ ശേഷം മടങ്ങി പോകാമെന്നു കരുതി ജയന്തൻ രണ്ടും കൽപിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഇരുട്ടിൽ തപ്പിത്തടഞ്ഞവൻ കാവ് ലക്ഷ്യമാക്കി നടന്നു.

കാരമുള്ളുകൾ അവന്റെ കാലിനടിയിൽ തറഞ്ഞു കയറി. ഉരുളൻ കല്ലുകളിൽ തട്ടി ജയന്തൻ മുഖമടച്ചു നിലത്ത് വീണു. അവന്റെ ശരീരമാസകലം ചെളി പുരണ്ടു. എങ്കിലും അതൊന്നും വകവെയ്ക്കാതെ ജയന്തൻ ലക്ഷ്യത്തിലേക്കടുത്തുകൊണ്ടിരുന്നു. അതേസമയം നാഗത്തറയിലെ ആൽമരത്തിനു ചുവട്ടിൽ ഗൗരിയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു നാരായണൻ. കാവിനുള്ളിൽ മഴ നിലച്ചിരുന്നു. സർപ്പക്കാവിന് പുറത്തു മാത്രമേ മഴ പെയ്യുന്നുണ്ടായിരുന്നുള്ളു. അദൃശ്യമായ ഒരു വലയം കാവിന് ചുറ്റുമുണ്ടായിരുന്നു.

ആ വലയം സ്വർണ്ണനാഗത്തിന്റെ നീണ്ട വാൽ ഭാഗമായിരുന്നു. സ്വർണ്ണനാഗത്തിന്റെ വാൽ ഭാഗം സർപ്പക്കാവിനെ ഒരു മാന്ത്രിക വലയത്തിലെന്ന പോലെ വട്ടത്തിൽ ചുറ്റി ഉടൽ ഭാഗം നാഗത്തറയിലെ ദീപത്തിനരികിലുമായിരുന്നു. കാവിനും അവർക്കും സംരക്ഷണമേകി സ്വർണ്ണനാഗം നാഗത്തറയിൽ കാവലായി നിലകൊണ്ടു. കാവിനുള്ളിൽ തണുത്ത കാറ്റ് ആഞ്ഞുവീശികൊണ്ടിരുന്നു. ആൽമരത്തിനു ചുറ്റിലും നേർത്ത മൂടൽ മഞ്ഞു വ്യാപിച്ചു. തണുപ്പ് അധികരിക്കാൻ തുടങ്ങിയപ്പോൾ ഗൗരി ചെറുതായി വിറയ്ക്കാൻ തുടങ്ങി.

ഗൗരിയുടെ മടിത്തട്ടിൽ കിടന്നിരുന്ന നാരായണൻ പതിയെ എഴുന്നേറ്റു. അവൾ നാരായണന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി തണുപ്പിൽ നിന്നും രക്ഷനേടാൻ ശ്രമിച്ചു. നാരായണന്റെ സിരകളിൽ ചൂട് പടർന്നു കയറി. അവൻ അവളെ ഇറുക്കെ പുണർന്നു നിലത്തേക്ക് കിടത്തി. സർപ്പഗന്ധി പൂക്കളുടെയും ചന്ദനത്തിന്റെയും സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു. അവരുടെ ഒന്നുചേരലിനായി പ്രകൃതിയും കാവും കാത്തിരിക്കുന്ന പോലെ തോന്നി. നാരായണന്റെ ചുണ്ടുകൾ ഗൗരിയുടെ സീമന്തരേഖയിൽ പതിഞ്ഞു. പതിയെ അവന്റെ അധരങ്ങൾ താഴേക്ക് താഴേക്ക് സഞ്ചരിച്ചു.

അവളുടെ നഗ്നമായ പിൻകഴുത്തിൽ അവന്റെ ചുണ്ട് സ്പർശിക്കുമ്പോൾ ഗൗരിക്ക് എന്തെന്നില്ലാത്ത ഒരനുഭൂതി ഉളവായി. ഇഴചേരുന്ന നാഗങ്ങളെ പോലെ അവരിരുവരും പരസ്പരം കെട്ടിപ്പുണർന്നു ഒരു മെയ്യായി മാറിക്കൊണ്ടിരുന്നു. അതേസമയം സ്വർണ്ണനാഗത്തിന്റെ ശിരസ്സിൽ നിന്നും ഒരു മഞ്ഞ വെളിച്ചം കാവിലാകെ പരക്കാൻ തുടങ്ങി. നാഗത്തിന്റെ ശിരസ്സിൽ പതിഞ്ഞിരുന്ന നാഗമാണിക്യത്തിൽ നിന്നും പുറപ്പെട്ട ശോഭയായിരുന്നു ആ മഞ്ഞവെളിച്ചം. സർപ്പക്കാവിന് മുന്നിലെത്തിയ ജയന്തൻ കാവിലേക്ക് കാലെടുത്തു വയ്ക്കാൻ ആഞ്ഞതും ഏതോ അദൃശ്യ ശക്തി അവനെ അടിച്ചെറിഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാതെയുണ്ടായ ആഘാതത്തിൽ അവൻ അൽപ്പം അകലേക്ക്‌ തെറിച്ചു വീണു. കാര്യം മനസിലാകാതെ ജയന്തൻ ഒരു ഞെട്ടലോടെ നിലത്ത് നിന്നും ചാടിയെഴുന്നേറ്റു. വീണ്ടും കാവിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പഴയ പോലെ തന്നെ നാഗമാണിക്യത്തിന്റെ ശക്തി അവനെ എടുത്തെറിഞ്ഞു. ജയന്തന് ദേഷ്യം ഇരച്ചു കയറി. സർപ്പക്കാവിൽ നിറഞ്ഞു നിൽക്കുന്ന മഞ്ഞവെളിച്ചം അവനിൽ അനേകം സംശയങ്ങൾ ജനിപ്പിച്ചു. കാവിനുള്ളിൽ കടക്കാൻ കഴിയാത്തതിനാൽ തിരച്ചിൽ മതിയാക്കി നിരാശയോടെ ജയന്തൻ പിന്തിരിഞ്ഞു നടന്നു. അവന്റെ കൈകാലുകൾ മുറിഞ്ഞു ചോര ഒലിക്കുന്നുണ്ടായിരുന്നു.

നേരത്തെ മുഖമടച്ചു വീണതിനാൽ മുഖത്താകെ നീര് വന്നു വീർത്തിരുന്നു. ഇരുട്ടിൽ തപ്പിതടഞ്ഞവൻ ഒരുവിധം കോവിലകത്തേക്ക് നടന്നു. മഴ തുള്ളികൾ ശക്തിയായി അവന്റെ ശരീരത്തിൽ പതിച്ചു കൊണ്ടിരുന്നു. അതവനെ നന്നായി നോവിച്ചു. കോവിലകത്തു ചെന്നു കയറിയതും ജയന്തൻ നേരെ പോയത് കുളകടവിലേക്കാണ്. കൈയും കാലും മുഖവുമൊക്കെ നന്നായി കഴുകി അവൻ പടവിലേക്കിരുന്നു. ക്ഷീണം കാരണം അവന്റെ കണ്ണുകൾ അടഞ്ഞുപോയി. സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. കാറ്റും മഴയും ശമിച്ചു. മാനം തെളിഞ്ഞു. കാർമേഘത്തിന്റെ മറവിൽ നിന്നും പൂർണ്ണചന്ദ്രൻ പുറത്തേക്ക് വന്നു.

കാവും പരിസരവുമാകെ നിലാവ് പരന്നു. ചുറ്റും നടക്കുന്നതൊന്നുമറിയാതെ നാരായണനും ഗൗരിയും അവരുടേത് മാത്രമായ ലോകത്തേക്ക് ഇഴുകിചേർന്നു കഴിഞ്ഞിരുന്നു. നിതാന്ത നിശബ്ദതയിലായിരുന്നു കാവും പരിസരവും. രാവിന്റെ ഏഴാം യാമം കഴിയാറായിരുന്നു. പഞ്ചഭൂതങ്ങളെയും കാവിനെയും സാക്ഷിയാക്കി നാരായണനും ഗൗരിയും ഒന്നു ചേർന്നതും വേദനയിൽ കലർന്നൊരു നിലവിളി ഗൗരിയുടെ തൊണ്ടയിൽ കുരുങ്ങി നിന്നു. ആ നിമിഷത്തിനായി കാത്തിരുന്നത് പോലെ സർപ്പക്കാവിൽ വിരിയാൻ വെമ്പി നിന്ന സർപ്പഗന്ധി പൂക്കൾ ഇതളുകൾ വിരിഞ്ഞു വിടർന്നു വന്നു.

രാത്രിയിൽ പൂക്കുന്ന നിശാഗന്ധി വിടർന്നു അവിടെയാകെ സുഗന്ധം പരത്തി. പാലമരം പൂക്കൾ പൊഴിച്ചു. കാവിലെ പുറ്റിൽ നിന്നും പുറത്തേക്ക് വന്ന മറ്റു നാഗങ്ങൾ പരസ്പരം ഇഴച്ചേർന്നു. നാരായണനും ഗൗരിയും തളർന്നു നിദ്രയിൽ ലയിച്ചു ചേർന്നു. അതേസമയം സ്വർണ്ണനാഗം ഗൗരിയുടെ അടുത്തേക്ക് ഇഴഞ്ഞു വന്ന് കാലിലൂടെ ചുറ്റിപ്പിണഞ്ഞു അവളുടെ നഗ്നമായ അടിവയറ്റിൽ പല്ലുകൾ താഴ്ത്തി. നീല നിറം അവളുടെ ശരീരമാകെ വ്യാപിച്ചു. ശേഷം നാഗം അവളുടെ ശരീരത്തിൽ നിന്നും ഇഴഞ്ഞിറങ്ങി അവരുടെ തലയ്ക്കു മുകളിലായി പത്തി വിരിച്ചു നിന്നു. പതിയെ അവളുടെ ശരീരത്തിൽ വ്യാപിച്ച നീലനിറം അപ്രത്യക്ഷമായി.

കാവിൽ നിറഞ്ഞു നിന്ന നാഗമാണിക്യത്തിന്റെ പ്രഭ പതിയെ പതിയെ കുറഞ്ഞില്ലാതായി. സ്വർണ്ണനാഗം വായ തുറന്നു ചീറ്റിയതും അവിടമാകെ മൂടൽമഞ്ഞു വ്യാപിച്ചു. കാവിലെ കാഴ്ച മറഞ്ഞു. ശേഷം ആ നാഗം മൺപുറ്റിലേക്ക് ഇഴഞ്ഞിറങ്ങി മറഞ്ഞു. മൂടൽ മഞ്ഞു മാറിയപ്പോൾ ആൽമരത്തിനു ചുവട്ടിൽ ശയിച്ചിരുന്ന നാരായണനും ഗൗരിയും അവിടെ ഉണ്ടായിരുന്നില്ല. ഗൗരി കോവിലകത്തു അവളുടെ മുറിയിലെ കട്ടിലിലും നാരായണൻ അവന്റെ തറവാട്ടിലും എത്തിയിരുന്നു. ഇരുവരും ഒന്നും അറിഞ്ഞതേയില്ല. **************

പിറ്റേന്ന് നേരം ഒത്തിരി വൈകിയാണ് ഗൗരി ഉറക്കമുണർന്നത്. തലയ്ക്കു ഭയങ്കര ഭാരം അവൾക്കനുഭവപ്പെട്ടു. സർപ്പക്കാവിൽ നിന്നും താനെങ്ങനെ കോവിലകത്തെത്തിയെന്നോർത്തവൾ അത്ഭുതം കൂറി. കണ്ണുകൾ അടച്ചവൾ നാഗദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചു. തലേ ദിവസം രാത്രിയിൽ നടന്ന കാര്യങ്ങളൊക്കെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. നാണം കലർന്നൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞുവെങ്കിലും പെട്ടന്നാ പുഞ്ചിരി മാറി. ദുഃഖ ഭാവം അവളുടെ മുഖത്തു ഘനീഭവിച്ചു വന്നു. ജയന്തന്റെ കാര്യം ഓർത്തപ്പോൾ തന്നെ അവളറിയാതൊരു ഭയം അവളുടെ ഉള്ളിൽ നുരഞ്ഞുപൊന്തി.

വരാൻ പോകുന്ന വിപത്തുകൾ എങ്ങനെ നേരിടണമെന്നറിയാതെ ഗൗരിയുടെ ഉള്ളം നീറിപുകഞ്ഞു. കുളിച്ചു ഈറൻ മാറാനുള്ള വസ്ത്രങ്ങളും എടുത്തു കൊണ്ട് ഗൗരി കുളക്കടവിലേക്ക് നടന്നു. പടിക്കെട്ടിൽ തുണികൾ വച്ചിട്ടവൾ മുടിയിലേക്ക് കാച്ചെണ്ണ തേയ്‌ക്കുമ്പോൾ തൊട്ടു പിന്നിൽ ജയന്തൻ വന്നതവൾ അറിഞ്ഞിരുന്നില്ല. മുടിയിൽ എണ്ണ തേച്ചു വാരിക്കെട്ടി തിരിഞ്ഞതും പിന്നിൽ അവളെത്തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ജയന്തനെ കണ്ടവൾ ഞെട്ടി. ഗൗരിയെ അടിമുടി നോക്കികൊണ്ടവൻ വല്ലാത്തൊരു ഭാവത്തിൽ ഗൗരിയുടെ നേർക്കടുത്തു. “നിങ്ങൾക്കെന്താ വേണ്ടത്..?”

ധൈര്യം സംഭരിച്ചു കൊണ്ടവൾ ചോദിച്ചു. “ഇന്നലെ രാത്രി നീ എവിടെയായിരുന്നു…?” അപ്രതീക്ഷിതമായിട്ടുള്ള അവന്റെ ചോദ്യത്തിന് മുന്നിൽ ആദ്യമൊന്നു പകച്ചുവെങ്കിലും ഗൗരി മനോധൈര്യം വീണ്ടെടുത്തു. “രാത്രി ഞാനെന്റെ മുറിയിലല്ലാതെ എവിടെ പോവാനാ.? അല്ലെങ്കിൽ തന്നെ രാത്രി എന്നെ അന്വേഷിക്കേണ്ട എന്ത് കാര്യമാണ് നിങ്ങൾക്കുള്ളത്..? ” അവളുടെ ആ മറുപടിയിൽ ജയന്തന് പെട്ടന്ന് പറയാൻ ഒരു ഉത്തരമുണ്ടായില്ല. അവളെ തറപ്പിച്ചൊന്നു നോക്കി അവൻ പിന്തിരിഞ്ഞു പടവുകൾ കയറിപ്പോയി. താൻ പേടിച്ച പോലെ ഒന്നും ഗൗരിക്ക് സംഭവിച്ചിട്ടില്ല എന്ന് ജയന്തൻ വിശ്വസിച്ചു.

എന്നിരുന്നാലും നേരിയ ഒരു സംശയം അവന്റെ ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്നു. അച്ഛന്റെ ആഗ്രഹത്തിനു യാതൊരു എതിർപ്പും കൂടാതെ ഗൗരി ജയന്തനെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു. അതല്ലാതെ അവൾക്കു മുന്നിൽ മറ്റൊരു വഴിയില്ലായിരുന്നു. ഇനിയും വൈകിപ്പിക്കാതെ വരുന്ന വെള്ളിയാഴ്ച ഗൗരിയുടെയും ജയന്തന്റെയും വിവാഹം നടത്താൻ ബ്രഹ്മദത്തൻ തീരുമാനിച്ചു. വിവാഹകാര്യം തീരുമാനിച്ചത് നാരായണനെ അറിയിക്കാനായി വൈകുന്നേരം ഗൗരി കാവിലേക്ക് പോയി. സന്ധ്യാ സമയത്തെ പൂജാദികർമ്മങ്ങൾ കഴിഞ്ഞു പതിവ് പോലെ ഇരുവരും ആൽമരത്തിന്റെ ചുവട്ടിലേക്കിരുന്നു.

ഗൗരിക്ക് സങ്കടം നിയന്ത്രിക്കാനായില്ല. പൊട്ടികരഞ്ഞുകൊണ്ടവൾ അവന്റെ തോളിലേക്ക് മുഖം ചാരി. അവനും നല്ല സങ്കടമുണ്ടായിരുന്നു. എങ്കിലും ഗൗരിയെ പരമാവധി സമാധാനിപ്പിക്കാൻ അവൻ ശ്രമിച്ചു. “അച്ഛൻ എന്റെ വിവാഹം ജയന്തനുമായി ഉറപ്പിച്ചു. വരുന്ന വെള്ളിയാഴ്ചയാണ്. ഇനി നമ്മൾക്ക് ഇതുപോലെ കാണാനോ അടുത്തിരുന്നു സംസാരിക്കാനോ കഴിയില്ലല്ലോ…” ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു. “സാരമില്ല ഇതു നമ്മുടെ വിധിയാണ് ഗൗരി… അധികനേരം ഇവിടെ നിന്ന് സമയം കളയാതെ വേഗം കോവിലകത്തേക്ക് പൊയ്ക്കോളൂ.

വെറുതെ ആർക്കും സംശയം ഉണ്ടാക്കണ്ട ഗൗരി..” “എന്നും ഈ കാവിൽ പ്രാർത്ഥിക്കാൻ വരും ഞാൻ… മറക്കില്ല ഒരിക്കലും. എന്നും കാണുകയെങ്കിലും ചെയ്യാലോ എനിക്ക്…അത്ര മാത്രം മതി എനിക്ക്…” അവനെ കെട്ടിപിടിച്ചു നെറുകയിൽ ഒരു ചുംബനം സമ്മാനിച്ചവൾ തിരികെ പോകാനൊരുങ്ങി. രണ്ടു കണ്ണുകൾ അതെല്ലാം വീക്ഷിച്ചു കൊണ്ട് നിൽക്കുന്നത് ഇരുവരും അറിഞ്ഞില്ല. … തുടരും

നാഗചൈതന്യം: ഭാഗം 8

Share this story