നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 17

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 17

സൂര്യകാന്തി

“പത്മാ തനിക്ക് എന്നെ വിശ്വാസക്കുറവുണ്ടോ…?” പൊടുന്നനെയുള്ള ചോദ്യം കേട്ട് സീറ്റിൽ തല ചായ്ച്ചു പുറത്തേക്ക് നോക്കിയിരിക്കുന്ന പത്മ ഒന്ന് ഞെട്ടി.. അനന്തനെ നോക്കി… “അമല….അമാലികയും ഞാനും..” അനന്തൻ പൂർത്തിയാക്കാതെ അവളെ നോക്കി…പത്മ മറുപടി പറയാതെ പുറത്തേക്ക് നോക്കിയിരുന്നു.. ഒട്ടുനേരം കഴിഞ്ഞു പുറത്തേക്ക് തന്നെ നോക്കിക്കൊണ്ടാണ് പറഞ്ഞത്.. “അനന്തേട്ടന് എന്ത് തോന്നുന്നു…?” അനന്തൻ അവളെ ഒന്ന് നോക്കി പിന്നെ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു..തെല്ലു കഴിഞ്ഞാണ് മറുപടി പറഞ്ഞത്.. “ആദ്യം ചോദിച്ചത് ഞാനല്ലേ…?” പത്മ ഒന്ന് ചിരിച്ചു..

പിന്നെ നേർത്ത ശബ്ദത്തിൽ പറഞ്ഞു… “ആ കാര്യത്തിൽ അനന്തേട്ടനെ എനിക്ക് വിശ്വാസമാണ്.. എന്നെക്കാളും.. ഒരിക്കലും ആ മനസ്സിൽ ഞാനല്ലാതെ വേറൊരു പെണ്ണിനെ പറ്റിയുള്ള ചിന്ത പോലും ഉണ്ടാവില്ലെന്ന് എനിക്കറിയാം…” അനന്തൻ അവളെ ഒന്ന് നോക്കി.. നിമിനേരം മിഴികൾ കൊരുത്തു.. അടുത്ത നിമിഷം പത്മ നോട്ടം മാറ്റി.. “പക്ഷെ അമാലിക.. അവൾക്ക് അനന്തേട്ടൻ വെറുമൊരു സുഹൃത്ത് മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടില്ല്യാ…മുൻപ് പലതവണ ഞാനത് പറഞ്ഞപ്പോഴും അനന്തേട്ടൻ എന്റെ വാക്കുകൾ ചിരിയോടെ തള്ളിക്കളഞ്ഞു.. പക്ഷെ നിങ്ങൾക്ക് മാത്രം അറിയാവുന്നതെന്ന് പറഞ്ഞു അവൾ എന്നോട് പറഞ്ഞ ആ രഹസ്യം.. എനിക്കറിയാം അതവൾ മനപ്പൂർവം പറഞ്ഞതാണെന്ന്..

പക്ഷെ അതെനിക്ക് ഉൾക്കൊള്ളാനായില്ല്യാ .. ഒരു പക്ഷെ ഒരിക്കലും..” “പത്മാ തന്നെ കൂടുതൽ വേദനിപ്പിക്കേണ്ടന്നെ കരുതിയുള്ളൂ.. പിന്നെ നന്ദന.. അവളും നമ്മുടെ അമ്മൂട്ടിയുടെ പ്രായം തന്നെ ആയിരുന്നില്ലേ.. കളികൾക്കിടെ അറിവില്ലാതെ ചെയ്തു പോയൊരു കാര്യത്തിന് ആ കുട്ടിയെക്കൂടി ശിക്ഷിക്കേണ്ടെന്ന് കരുതിപ്പോയി..” “അനന്തേട്ടൻ എന്നെ ഒട്ടും മനസ്സിലാക്കിയില്ല്യാന്ന് എനിക്ക് തോന്നണത് ഇപ്പോഴാണ്.. അന്ന് നന്ദനയാണ് അമ്മൂട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടതെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ ആ കുട്ടിയെ ഞാൻ അപകടപ്പെടുത്തുമോയെന്ന് അനന്തേട്ടൻ കരുതി..”

“അങ്ങനെയല്ലെടോ.. ഞാൻ..” പത്മ പുറത്തേക്കുള്ള നോട്ടം മാറ്റാതെ തന്നെ ഒന്ന് ചിരിച്ചു… “ഭർത്താവിൽ നിന്നും അറിയേണ്ടുന്ന കാര്യങ്ങൾ മൂന്നാമതൊരാളിൽ നിന്നും അറിയുന്നത് ഭർത്താവിനെ കണക്കറ്റ് സ്നേഹിക്കുന്ന ഒരു ഭാര്യയും സഹിക്കില്ല്യാ അനന്തേട്ടാ.. അനന്തേട്ടന്റെ സ്ഥാനത്തു ഞാനായിരുന്നു ഇങ്ങനെയൊരു കാര്യം മറച്ചു വെച്ചതെങ്കിൽ അനന്തേട്ടൻ സഹിക്കുമോ..?” ഒരു നിമിഷം അനന്തൻ ഒന്നും മിണ്ടിയില്ല.. പിന്നെ നേർത്ത സ്വരത്തിൽ പറഞ്ഞു.. “ഇല്ല…” “അത്രയേയുള്ളൂ.. നമുക്കിടയിൽ പരസ്പരം പങ്കു വെയ്ക്കാത്തതായി ഒന്നുമില്ലെന്ന് എനിക്കൊരു അഹങ്കാരം ഉണ്ടായിരുന്നു..

അതിനേറ്റ അടിയായിരുന്നു അമാലികയുടെ വെളിപ്പെടുത്തൽ.. എല്ലാറ്റിനുമുപരി അവൾ.. എന്റെ അമ്മൂട്ടീ…” പത്മയുടെ സ്വരം ഒന്നിടറിയതും അനന്തൻ അവളുടെ കൈയിൽ പിടിച്ചു.. “പത്മാ പ്ലീസ്…” അവളൊന്നും മിണ്ടിയില്ല.. അയാളെ നോക്കിയതുമില്ല.. “തന്റെ കണ്ണുകൾ നിറയുന്നത് എന്നെ എത്ര മാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് തനിക്കറിയാം..ഒരായിരം വട്ടം തന്നോട് മാപ്പ് പറഞ്ഞതാണ് ഞാൻ..” “എനിക്കറിയാം അനന്തേട്ടാ.. അനന്തേട്ടനോട് എനിക്ക് ദേഷ്യമൊന്നുമില്ല്യാ .. പക്ഷെ..” “പത്മാ മുൻപും ഞാൻ പറഞ്ഞതാണ്.. നവീൻ എനിക്ക് വെറുമൊരു കൂട്ടുകാരൻ മാത്രമായിരുന്നില്ല.. അവന് ഞാൻ സ്വന്തം സഹോദരൻ തന്നെയായിരുന്നു..

അനാഥനായ അവന്റൊപ്പം പോയതോടെ അമലയെയും വീട്ടുകാർ ഉപേക്ഷിച്ചു..പലപ്പോഴും അവൻ പറയുമായിരുന്നു.. എനിക്കെന്തെങ്കിലും പറ്റിയാലും എന്റെ കുടുംബത്തിന് തണലായി നീയുണ്ടാവുമല്ലോയെന്ന്..” അനന്തൻ ഒന്ന് നിർത്തി പത്മയെ നോക്കി.. “ഒരിക്കൽ പോലും അമലയിൽ നിന്നും താൻ പറഞ്ഞത് പോലൊരു പെരുമാറ്റം എനിക്ക് ഉണ്ടായിട്ടില്ല.. തന്റെ പോസ്സസ്സീവ്നെസ്സ് ആണെന്നെ കരുതിയുള്ളൂ..എന്റെ നവീനിന്റെ ഭാര്യ എനിക്കെന്റെ അനിയത്തിയാണ്.. ഒരു പ്രതിസന്ധി ഘട്ടത്തിൽ അവരെ ഉപേക്ഷിക്കാൻ മനസ്സ് വന്നില്ല…” “അനന്തേട്ടൻ അമാലികയോട് അവൾ എന്നോട് പറഞ്ഞ കാര്യത്തെ പറ്റി ചോദിച്ചില്ലേ..?” “ചോദിച്ചു..

അവളും നന്ദനയും തമ്മിൽ സംസാരിക്കുന്നത് താൻ കേട്ടന്നും പിന്നെ അത് തന്നോട് പറയാതിരിക്കാൻ കഴിഞ്ഞില്ലെന്നുമാണ് അവൾ പറഞ്ഞത്..” പത്മയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി തെളിഞ്ഞു.. “താനെന്തിനാ ചിരിച്ചത്..?” “അവളായിട്ട് തന്നെ അതിനവസരം ഉണ്ടാക്കിയതാണെന്ന് പറഞ്ഞാൽ അനന്തേട്ടൻ വിശ്വസിക്കുമോ.. എന്റെ വാക്കുകളെക്കാൾ വിശ്വാസം അവളെയാണല്ലോ.. എന്റെ സ്നേഹക്കൂടുതൽ കൊണ്ട് തോന്നിയതാണെന്നല്ലേ പറയൂ..” “പത്മാ തനിക്ക് വ്യക്തമായി തന്നെ അറിയാം താൻ കഴിഞ്ഞിട്ടേ എനിക്ക് മറ്റാരുമുള്ളെന്ന്..നമ്മുടെ മക്കൾ പോലും…”

അനന്തന്റെ സ്വരം മുറുകി.. “ഇത്രയൊക്കെ പ്രശ്നങ്ങൾ നമുക്കിടയിൽ ഉണ്ടായിട്ടും അനന്തേട്ടൻ എപ്പോഴെങ്കിലും അവളുമായി ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്യാൻ ശ്രെമിച്ചോ..ഇല്ലെല്ലോ..” “ഇല്ലെടി ഞാൻ അവളെയങ്ങ് കല്യാണം കഴിക്കാൻ തീരുമാനിച്ചു… നിനക്കേതായാലും എന്നെ വേണ്ടല്ലോ..” അനന്തൻ വലത് കൈ കൊണ്ട് സ്റ്റിയറിങ്ങിൽ ഇടിച്ചു.. പത്മയുടെ മുഖം മാറി.. അനന്തൻ ദേഷ്യം നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു.. പത്മയുടെ വാക്കുകളെ ഗൗരവത്തിൽ എടുക്കാൻ തുടങ്ങിയതിനു ശേഷമാണ് അമലയുടെ തന്നോടുള്ള പെരുമാറ്റം ശ്രെദ്ധിച്ച് തുടങ്ങിയത്.. സംശയം തോന്നി തുടങ്ങിയതോടെ പരമാവധി അകന്നു നിൽക്കുകയും ചെയ്തു..

പക്ഷെ അതൊന്നും പറഞ്ഞാൽ ഈ ഭദ്രകാളിയ്ക്ക് മനസ്സിലാവില്ലല്ലോ .. ചിലപ്പോഴൊക്കെ ഈ കടുംപിടുത്തം കാണുമ്പോൾ ഒന്ന് പൊട്ടിയ്ക്കാൻ തോന്നും.. പക്ഷെ ഈ തവണ തെറ്റ് തന്റെ ഭാഗത്തായത് കൊണ്ട് ഒന്ന് കൊടുത്താൽ അവള് നാലെണ്ണം തിരിച്ചു തരും.. അതാണ് മൊതല്.. അനന്തൻ തല ചെരിച്ചു പത്മയെ നോക്കി.. നോട്ടം പുറത്തേക്കായിരുന്നെങ്കിലും മുഖം വീർത്തിരുന്നു.. അനന്തന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു..ഉള്ളിൽ പ്രണയം നിറഞ്ഞു.. പാവമാണ്.. ആ മനസ്സ് നിറയെ സ്നേഹം മാത്രമാണ്.. അവളുടെ ഭാഗത്തു നിന്ന് ആലോചിക്കുമ്പോൾ താൻ ചെയ്തത് വലിയ തെറ്റാണ്.. പക്ഷെ പറ്റിപ്പോയി… പക്ഷെ ആ പഴയ പത്മയെ തനിക്ക് തിരിച്ചു കിട്ടിയേ മതിയാവൂ….ഇനിയും വയ്യ…

##### ######### ############ ഭദ്ര പ്രാതൽ കഴിക്കുമ്പോഴും ആദിത്യനെ കണ്ടിരുന്നില്ല.. നേരത്തേ കഴിച്ചു കാണണം.. ഇന്നലെ രാവിലെ വരാന്തയിലൂടെ ഫോണിൽ സംസാരിച്ചു കൊണ്ട് നടക്കുമ്പോഴാണ് ദേവിയമ്മ ഗ്ലാസ്സിൽ ചായയുമായി എത്തിയത്.. ആദിത്യനെ തിരഞ്ഞു വന്നതായിരുന്നു.. ഫോണിൽ സംസാരിച്ചു കഴിഞ്ഞതും അകത്തേക്ക് നടക്കുന്ന ദേവിയമ്മയെ പിറകിൽ നിന്നും വിളിച്ചു.. “ദേവിയമ്മേ.. അച്ഛനും അമ്മയും എന്നെ കൊണ്ടുപോവാനാണ് വരുന്നത്..എന്റെ വിവാഹം തീരുമാനിച്ചു…” ദേവിയമ്മയുടെ മുഖം മങ്ങി… “സന്തോഷവാർത്തയാണല്ലോ കുട്ട്യേ .. ആട്ടെ ആരാ ആള്..?” പൂമുഖവാതിൽ കടന്നു വന്ന ആളുടെ മുഖം മുറുകുന്നത് ഭദ്ര കണ്ടിരുന്നു..

“അത് അച്ഛന്റെ ഫ്രണ്ടിന്റെ മോനാണ്.. പ്രയാഗ്.. ആള് ലണ്ടനിൽ ആണ്‌.. ചെറുപ്പം മുതലേ എനിക്കറിയാവുന്നതാണ്..” “അതെയോ.. നന്നായി മോളെ.. അച്ഛനും അമയ്ക്കുമൊക്കെ സന്തോഷം ആയിട്ടിട്ടുണ്ടാവും ല്ല്യെ ..” ആദിത്യന്റെ മുഖം ചുവന്നു തുടുത്തതും കണ്ടിട്ടും മൈൻഡ് ചെയ്യാതെ ഭദ്ര അവനരികിലൂടെ അകത്തേക്ക് കയറി പോയി.. ദേവിയമ്മ ചായ ആദിത്യന് നേരെ നീട്ടി.. ഒറ്റ അലർച്ചയായിരുന്നു.. “ഞാനിപ്പോൾ അമ്മയോട് ചായ ചോദിച്ചോ..?”. “ഇത് നല്ല കൂത്ത്.. നീയല്ലേ നേരത്തെ കട്ടൻ വേണമെന്ന് പറഞ്ഞത്…?” ദേവിയമ്മയുടെ മറുപടി കേട്ടതും ആദിത്യൻ ഒന്നും മിണ്ടാതെ ചായ വാങ്ങി.. ദേവിയമ്മ അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പിറകിൽ നിന്നും അടുത്തത്..

“ഇത് എന്ത് ചായയാണിത്.. നല്ലൊരു ചായ പോലും ഇവിടെ കിട്ടില്ല.. കടുപ്പോമില്ല മധുരവുമില്ല.. ” ചായഗ്ലാസ് ശക്തിയിൽ ചാരുപടിയിൽ വെച്ചിട്ട് ആദിത്യൻ ചവിട്ടി തുള്ളി അകത്തേക്ക് പോവുന്നത് കണ്ടു ദേവിയമ്മ അന്തം വിട്ടു നിന്നു.. പിന്നെ ആദിത്യൻ വെച്ചിട്ട് പോയ ഗ്ലാസ്സെടുത്ത് ഒരിറക്ക് കുടിച്ചു.. “കടുപ്പോം മധുരോമൊക്കെ പാകമാണല്ലോ.. ഈ ചെറുക്കനിതെന്തു പറ്റി..” ദേവിയമ്മ ആരോടൊന്നില്ലാതെ പറഞ്ഞു.. “ഓരോന്ന് കേറി വന്നോളും മനുഷ്യന്റെ ഉള്ള സ്വസ്ഥതയും കൂടെ കളയാൻ..” ഗോവണിപ്പടികൾ കയറുന്നതിനിടെ ആദിത്യൻ പിറുപിറുക്കുന്നത് മുറിയ്ക്ക് പുറത്തേക്കിറങ്ങിയ ഭദ്ര കേട്ടിരുന്നു.. കുറച്ചു കഴിഞ്ഞു വണ്ടിയെടുത്ത് പുറത്തേക്ക് പോവുന്നതും കണ്ടു..

ഉച്ചയ്ക്ക് കഴിക്കാനും വന്നില്ല.. സന്ധ്യ കഴിഞ്ഞു കോലായിൽ ഭദ്ര ഫോണിൽ സംസാരിച്ചു നില്കുന്നതിനിടെ ബുള്ളറ്റ് മുറ്റത്തു വന്നു നിന്നു.. അവളെ നോക്കാതെ ആദിത്യൻ പൂമുഖത്തേക്ക് കയറി.. “ഇല്ല പ്രയാഗ്.. ഞാൻ വിളിക്കാം.. ഓരോ തിരക്കുകളിൽ പെട്ടു പോയി.. എങ്കിലും ഞാൻ എന്നും ഓർക്കുമായിരുന്നു…” ഭദ്ര ചിരിയോടെ ഫോണിൽ പറഞ്ഞു.. അടുത്ത നിമിഷം അവളുടെ കൈയിലെ ഫോൺ ആദിത്യന്റെ കൈയിൽ എത്തി.. പ്രയാഗ് എന്ന പേര് കണ്ടതും അവളെയൊന്ന് രൂക്ഷമായി നോക്കി അവൻ കോൾ കട്ട് ചെയ്തു.. “കൊഞ്ചലും കുഴയലുമൊക്കെ അകത്ത്.. നിനക്കായി തന്നിട്ടുള്ള മുറിയിൽ.. അഴിഞ്ഞാട്ടം ഇവിടെ നടക്കില്ല…” “ഞാൻ വിളിച്ചത് എന്റെ വുഡ് ബീയെയാണ്.. പ്രയാഗ്..”

“നീ ഏതവനെ വേണേലും വിളിച്ചോ.. പക്ഷെ അത് നിന്റെ മുറിയിൽ വെച്ച് മതി.. മറ്റുള്ളവരെ കേൾപ്പിക്കണ്ട..” “നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ..?” ഭദ്ര കൈ രണ്ടും കെട്ടി തല ചെരിച്ചു അവനെ നോക്കി.. “അതേടി എനിക്ക് ഭ്രാന്താ.. നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ സന്ധ്യ കഴിഞ്ഞാൽ പിന്നെ തനിയെ പൂമുഖത്തേക്ക് വരരുതെന്ന്..?” “അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ഇപ്പോൾ എന്താ നിങ്ങളുടെ പ്രശ്നം ..മിണ്ടാൻ വന്നാൽ പ്രെശ്നം.. മിണ്ടാതിരുന്നാൽ ഇങ്ങോട്ട് വന്നു വഴക്കുണ്ടാക്കും..” “ആരേലും പറഞ്ഞോ ഇവിടെ കടിച്ചു തൂങ്ങി കിടക്കാൻ..?” ഭദ്രയുടെ മുഖം ചുവന്നു.. “ഓവറാക്കണ്ടാ..ഭദ്ര എവിടെയും കടിച്ചു തൂങ്ങി കിടക്കാറില്ല.. പോവാണ്.. എന്റെ അച്ഛനും അമ്മയും വന്നാൽ…”

“നീയെന്തിനാ ആദി ആ കുട്ട്യോട് വഴക്കിടുന്നെ..?” ആദിത്യൻ എന്തോ പറയാൻ തുടങ്ങിയതും ദേവിയമ്മ അവർക്കിടയിലേക്ക് വന്നു.. “അമ്മേടെ പൊന്നുമോളെ വിളിച്ചു അകത്തോട്ടു കയറ്റിക്കൊ..ഇല്ലേൽ ചിലപ്പോ ഞാൻ വലിച്ചു കീറി അടുപ്പിലിടും..” ഭദ്രയുടെ കൈ പിടിച്ചു അവളുടെ ഫോൺ കൈയിലേക്ക് വെച്ചു കൊടുത്തു ഭദ്രയെ രൂക്ഷമായോന്ന് നോക്കി, ദേവിയമ്മയോട് പറഞ്ഞിട്ട് ആദിത്യൻ അകത്തേക്ക് കയറി.. “ഈ ചെക്കനിതെന്ത് പറ്റി..? മോളവനോട് വല്ലതും പറഞ്ഞോ..?” “ഇല്ലമ്മേ ഞാൻ ഇവിടെ നിന്നു ഫോണിൽ സംസാരിക്കുകയായിരുന്നു.. പെട്ടെന്ന് കയറി വന്നു എന്റെ ഫോൺ പിടിച്ചു വാങ്ങി..” “ന്റെ ദേവി.. രാവിലെ തുടങ്ങിയതാണല്ലോ ഇവനിങ്ങനെ കലി തുള്ളാൻ..

എന്ത് പറ്റിയോ എന്തോ..?” ഭദ്രയുമൊരുമിച്ച് അകത്തേക്ക് നടക്കുന്നതിനിടെ ദേവിയമ്മ പറഞ്ഞു.. പൂമുഖത്തിന് നേരെ ശിരസ്സുയർത്തി നാഗത്താൻ കാവിനരികെ താന്നി മരക്കൊമ്പിൽ ചുറ്റി പിണഞ്ഞു കിടന്നിരുന്ന ആ കറുത്ത നാഗം പതിയെ പുകച്ചുരുളുകളായി മാറി.. മട്ടുപ്പാവിനു നേരെ നീങ്ങി.. അവിടെ കൈപടം കണ്ണുകൾക്ക് മീതെ വെച്ച് ആട്ടുകട്ടിലിൽ കിടന്നിരുന്ന ആദിത്യനു തൊട്ടപ്പുറത്തെത്തി അത് തൂണിന്റെ മറവിലേക്ക് ഇഴഞ്ഞു നീങ്ങി.. അപ്പോൾ അതിന്റെ രൂപം നാഗഗരക്ഷസിന്റെതായിരുന്നു.. നാഗത്തിന്റെ ഉടലിലെ സുന്ദരമായ മുഖത്ത് പുഞ്ചിരി തെളിഞ്ഞു.. ആദിത്യനെ നോക്കിയ കണ്ണുകൾ തിളങ്ങിയത് പ്രണയം കൊണ്ടായിരുന്നു.. ############ ############ #########

ഉച്ചയ്ക്ക് കഴിക്കാനായി അരുന്ധതി വന്നു വിളിച്ചപ്പോഴാണ് രുദ്ര എഴുന്നേറ്റു ചെന്നത്.. ഹാളിൽ നിന്നും ഡൈനിങ് റൂമിലെ സംസാരം അവൾ കേട്ടിരുന്നു.. പെട്ടെന്ന് കേട്ട ആ പതിഞ്ഞ ചിരിയിൽ അവളുടെ കാലുകൾ ഒന്ന് നിന്നു.. സൂര്യനാരായണൻ.. അടുത്ത നിമിഷം തിരിഞ്ഞു നടക്കാൻ ആഞ്ഞപ്പോഴാണ് ശ്രീനാഥ്‌ വിളിച്ചത്.. “എത്ര നേരമായി രുദ്രക്കുട്ടീ ഞങ്ങൾ കാത്തിരിക്കുന്നു.. നിനക്ക് തലവേദനയാണെന്നും കിടക്കുകയാണെന്നും മുത്തശ്ശി പറഞ്ഞതോണ്ടാണ് ഞാൻ ശല്യപ്പെടുത്താതിരുന്നത്..” ശ്രീനാഥ്‌ പറഞ്ഞപ്പോൾ രുദ്ര അയാളെ നോക്കി ഒന്ന് ചിരിച്ചു.. തന്നിലെത്തുന്ന കണ്ണുകളെ നേരിടാതെ അവൾ ശ്രീനാഥനരികെ ഇരുന്നു.. “എന്ത് പറ്റി മാമന്റെ കുഞ്ഞിയ്ക്ക് പെട്ടെന്നൊരു തലവേദന.. ഉം? പനി ഉണ്ടോ..?”

അവളുടെ നെറ്റിയിൽ കൈ വെച്ച് കൊണ്ട് ശ്രീനാഥ് ചോദിച്ചു.. രുദ്ര ചിരിച്ചതേയുള്ളൂ.. സൂര്യനാരായണന്റെ കണ്ണുകൾ തന്നിലാണെന്ന് രുദ്ര അറിയുന്നുണ്ടായിരുന്നു.. അവൾ മെല്ലെ മുഖമുയർത്തിയതും നോട്ടമിടഞ്ഞു.. നിമിഷാർദ്ധം കൊണ്ട് ആ കണ്ണുകളിൽ മിന്നി മാഞ്ഞ കള്ളച്ചിരി രുദ്ര കണ്ടിരുന്നു.. നേർത്തൊരു പുഞ്ചിരി അയാൾക്കായി നൽകി കൊണ്ട് അവൾ കഴിക്കാൻ തുടങ്ങി.. സൂര്യന്റെ മിഴികളെ നേരിടാൻ തനിക്കാവില്ലെന്ന് അവൾക്കറിയാമായിരുന്നു..നിശബ്ദയായിരുന്നു അവരുടെ സംസാരം കേൾക്കുകയായിരുന്നു രുദ്ര.. “എത്രകാലം അവളിങ്ങനെ പ്രണയം മനസ്സിൽ ഒളിപ്പിച്ചു വെയ്ക്കും..? വെറുതെ ഇങ്ങനെ സ്വയമുരുകേണ്ട കാര്യമുണ്ടോ..?”

രുദ്ര ഞെട്ടലോടെ സൂര്യനെ നോക്കി.. അയാളുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.. ശ്രീനാഥ് എന്തോ പറഞ്ഞതിനുള്ള മറുപടിയായിട്ടാണ് സൂര്യൻ അങ്ങനെ പറഞ്ഞതെങ്കിലും അത് തന്നോട് പറഞ്ഞതായിട്ടാണ് അവൾക്ക് തോന്നിയത്.. പക്ഷെ.. എന്നെങ്കിലും താനാണ് നിശാഗന്ധിയെന്ന് മനസ്സിലാക്കിയാൽ എങ്ങനെയാവും സൂര്യനാരായണൻ പ്രതികരിക്കുക എന്ന ഭയം ഓരോ നിമിഷവും ഉള്ളിലുണ്ട്.. എല്ലാവരും അറിഞ്ഞാൽ.. രുദ്രയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.. പെട്ടെന്നാണ് അവൾ എഴുന്നേറ്റത്.. “എന്ത് പറ്റി മോളെ..?” അരുന്ധതിയും ശ്രീനാഥുമെല്ലാം ആശങ്കയോടെ ചോദിച്ചു.. “ഒന്നുമില്ല.. എനിക്കെന്തോ വയ്യാത്തത് പോലെ.. കഴിക്കാനൊന്നും വേണ്ട..” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു..

“നമുക്ക് ഡോക്ടറെ കാണാൻ പോയാലോ..?” “ഹേയ് അത്രയ്ക്കൊന്നും ഇല്ല്യാ മുത്തശ്ശി.. ഒന്ന് കിടന്നാൽ മാറും..” അവരുടെ മറുപടിയ്ക്ക് കാക്കാതെ കൈ കഴുകി അകത്തേക്ക് നടക്കുമ്പോഴും തന്നിലെത്തുന്ന മിഴികളെ രുദ്ര നോക്കിയതേയില്ലാ… സന്ധ്യയ്ക്ക് കാവിൽ വിളക്ക് വെയ്ക്കാൻ പോവുമ്പോൾ അരുന്ധതിയും ഒപ്പമുണ്ടായിരുന്നു.. സുധർമ്മയുടെയും മാധവന്റെയും അസ്ഥിത്തറയിൽ തിരി വെയ്ക്കാനായി നടക്കുമ്പോൾ രുദ്രയുടെ ഉള്ളം പിടഞ്ഞു.. ഒരു നോട്ടം മതി ഏതോ മാന്ത്രിക ശക്തിയാലെന്നോണം സൂര്യനാരായണനിലേക്ക് മനസ്സ് വീണ്ടും നിയന്ത്രണം വിട്ടൊഴുകാനെന്ന് അവൾക്കറിയാമായിരുന്നു.. ഉമ്മറത്തു നിന്ന് മുത്തശ്ശിയും ശ്രീനാഥും സൂര്യനും സംസാരിക്കുമ്പോഴും രുദ്ര മൗനമായിരുന്നു..

“ഇവന് നിശാഗന്ധിയെന്ന് പറഞ്ഞാൽ പ്രാന്താണ്.. പൂവ് വിരിയുന്നതും നോക്കി അവിടെ കമിഴ്ന്നു കിടക്കും..” മുറ്റത്തു ജനലരികെ വെച്ചിരുന്ന വലിയ ചട്ടിയിലെ ചെടിയെ നോക്കി അരുന്ധതി എന്തോ പറഞ്ഞപ്പോഴാണ് ശ്രീനാഥ് പറഞ്ഞത്.. “ആരും അറിയാതെ, കാണാതെ, പൂക്കുന്ന ആ നിശാഗന്ധിയെ ആണെനിക്കിഷ്ടം..” സൂര്യൻ പതിയെ പറഞ്ഞു..എത്ര പറഞ്ഞിട്ടും അനുസരിക്കാതെ രുദ്രയുടെ കണ്ണുകൾ അയാളിൽ പാറി വീണപ്പോൾ സൂര്യനാരായണൻ ഒന്ന് പുഞ്ചിരിച്ചു.. മനോഹരമായ ആ പുഞ്ചിരി.. (തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 16

Share this story