അർച്ചന-ആരാധന – ഭാഗം 9

അർച്ചന-ആരാധന – ഭാഗം 9

എഴുത്തുകാരി: വാസുകി വസു

ആരാധന പപ്പയോട് കോളേജിലെ സംഭവങ്ങൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അയാൾ അങ്ങനെയൊരു തീരുമാനം എടുത്തതും.അതോടെ അർച്ചനക്ക് എതിർക്കുവാനുളള വഴിയും അടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അവർക്കു മുമ്പിൽ വില കൂടിയൊരു വാഹനമായ ടൊയോട്ട ലാൻഡ് ക്രൂയിസർ വന്നു നിന്നു.അതിൽ നിന്ന് രുദ്രദേവ് ഇറങ്ങി. അർച്ചന വിളറിയ മുഖവുമായി ആരാധനയുടെ പിന്നിലൊളിച്ചു. “രുദ്രാ അവിടെ റൂം ബുക്ക് ചെയ്തിട്ടുണ്ട്.കോളേജിൽ നിന്ന് കുറച്ചു അകലമുണ്ട്.ഏകദേശം ഒരു കിലോമീറ്റർ” അരവിന്ദ് നമ്പ്യാരുടെ അരികിലേക്ക് എത്തിയ രുദ്രദേവിനോട് പപ്പ പറയുന്നത് ആരാധനയുടെ പിന്നിൽ നിന്ന അർച്ചന കേട്ടു.അവളിൽ ഒരു ദീർഘനിശ്വാസം ഉയർന്നു.

“ഭാഗ്യം എന്തായാലും തൊട്ടടുത്തല്ല.അങ്ങനെയൊരു ആശ്വാസം” രുദ്രദേവിന്റെ കണ്ണുകൾ ആരാധനയുടെ പിന്നിൽ നിന്ന അർച്ചനയെ തേടുന്നുണ്ടായിരുന്നു.അവൾ ഇടക്കിടെ ചാഞ്ഞും ചരിഞ്ഞും അവനെ ഭയത്തോടെ നോക്കി.സ്വപ്നമാണ് അവളെ അലട്ടിയത്.ഇടക്കിടെ അവരുടെ മിഴികൾ തമ്മിൽ കോർത്തു.അപ്പോൾ അവൾ കണ്ണുകൾ പിൻ വലിക്കും. “ശരി പപ്പാ..ഞങ്ങൾ ഇറങ്ങുവാ” പപ്പയോട് യാത്ര ചോദിച്ചിട്ട് ആരാധന മുന്നോട്ടു നടന്നു.രുദ്രദേവ് അതിനു മുമ്പ് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. അർച്ചനക്ക് യാത്ര ചോദിക്കാന്‍ കഴിഞ്ഞില്ല.കണ്ണുകൾ നിറഞ്ഞൊഴുകി ശബ്ദം തൊണ്ടയിൽ ഉടക്കി നിൽക്കുകയാണ്.അവൾക്ക് അവിടെ നിന്ന് പോകണമെന്നില്ല.

കുറച്ചു ദിവസങ്ങൾ കൊണ്ട് അർച്ചന അയാളെ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു.കൂടുതൽ അടുത്ത് ഇടപെഴുകി.ഒരുപിതാവിന്റെ സ്നേഹവും വാത്സല്യവും അറിഞ്ഞു.സ്വന്തം അച്ഛൻ ആയിരുന്നെങ്കിലെന്ന് അവൾ കൊതിച്ചു. അല്ല സ്വന്തമാണ്.ജന്മാന്തര ബന്ധങ്ങളുടെ അടുപ്പം പോലെയാണ് തോന്നിയത്. അരവിന്ദ് നമ്പ്യാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.അർച്ചന സ്വന്തം മകളാണെന്ന ഫീൽ ആണ് ഉണ്ടായത്.ഒരേ ഞെട്ടിൽ വിടർന്ന രണ്ടു പനിനീർ പുഷ്പങ്ങൾ. വളരെ കുറഞ്ഞ ദിവസത്താൽ അർച്ചന അയാൾക്കൊരുപാട് പ്രിയപ്പെട്ട മകളായി.കൂടെ ആരാധനയും കൂടി ആയപ്പോഴേക്കും ജീവിതം ആസ്വദിച്ചു.

മക്കളെ സ്നേഹത്താൽ മൂടി. “പോയിട്ട് വാ മോളേ.അവിടെ ചെന്നിട്ട് വിളിക്കണം” “പപ്പാ…” പൊട്ടിക്കരഞ്ഞു പോയി അർച്ചന. അരവിന്ദിന്റെ കണ്ണുകളിലും നനവ് പടർന്നു. “കരഞ്ഞുകൊണ്ട് ഇറങ്ങരുത് മോളേ..നിനക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാം. നിന്റെ സ്വന്തം വീട് തന്നെയാണ്. പിന്നെ പപ്പാ നിനക്കും അമ്മക്കും കൂടിയൊരു വീട് ഉടനെ വാങ്ങുന്നുണ്ട്.എന്നിട്ട് അമ്മയേയും കൂട്ടിയിങ്ങോട്ട് പോന്നേക്കണം” അർച്ചനക്ക് ഗദ്ഗദത്താൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.വാങ്ങി തന്നില്ലെങ്കിലും അങ്ങനെ പറയാനൊരു മനസ് കാണിച്ചല്ലോ.അരവിന്ദ് നമ്പ്യാരുടെ കാൽ തൊട്ട് വന്ദിച്ചിട്ട് അവളും കാറിലേക്ക് കയറി.

ഡ്രൈവിംഗ് സീറ്റിൽ രുദ്രദേവും അർച്ചനയും ആരാധനയും പിൻ സീറ്റിലും കയറി. ടൊയോട്ട ലാൻഡ് ക്രൂയിസർ മുന്നോട്ട് നീങ്ങി.അവർ കൈ ഉയർത്തി വീശി കാണിച്ചു. വാഹനം അകലേക്ക് മറയുന്തോറും കണ്ണുനീർ അയാളുടെ കാഴ്ചയെ മറച്ചു. ലാൻഡ് ക്രൂയിസർ ഹൈവേ റോഡിലൂടെ കോയമ്പത്തൂർ ലക്ഷ്യമാക്കി നീങ്ങി.പതിയെയാണ് രുദ്രദേവ് ഡ്രൈവ് ചെയ്തത്.നേരം വെളുക്കുമ്പോൾ അങ്ങ് എത്തിയാൽ മതി.ഒരുപാട് സമയം ഉണ്ട്. ഇടക്കിടെ റിയർവ്യൂ മിററിലൂടെ അവൻ അർച്ചനയെ ശ്രദ്ധിച്ചു.പുറത്തെ കാഴ്ചകളിലാണ് അവളുടെ കണ്ണുകൾ. ആരാധന മൊബൈലിലും. 💃💃💃💃💃💃💃💃💃🏼💃💃💃💃💃

അക്ഷയ് വൈകുന്നേരം കോളേജിൽ നിന്ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.അവൻ നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞതും അർച്ചനയുടെ അമ്മ അവനെ വിളിച്ചിരുന്നു.വരുമ്പോൾ അർച്ചനയെ കൂടി കൊണ്ടു വരാനായിട്ട്.അവൾ ഇവിടില്ല ആരാധനയുടെ കൂടെ നാട്ടിലാണെന്നും പറയാനും പറ്റില്ല. ക്ലാസ് കഴിഞ്ഞ സമയത്താണ് അക്ഷയിനെ അമ്മ വിളിച്ചത്.അത്യാവശ്യമാണ്. അത്രയും മാത്രമേ അവർ പറഞ്ഞുള്ളൂ.അതിനു മുമ്പ് ഫോൺ കട്ടായി.വീണ്ടും വിളിച്ചാൽ അമ്മ എടുക്കില്ലെന്ന് അറിയാം‌.അതിനാൽ എത്രയും പെട്ടെന്ന് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

ആ സമയത്താണ്‌ അർച്ചനയുടെ അമ്മ വിളിച്ചതും.അമ്മ അവരെ അറിയിച്ചു കാണും.അല്ലെങ്കിൽ ഈ വിളി വരില്ല. എന്തു ചെയ്യണമെന്ന് അറിയാതെ അക്ഷയ് കുഴങ്ങി.അവൻ മൊബൈലിൽ അർച്ചനയെ ട്രൈ ചെയ്തു.out of coverage area എന്നുള്ള റിപ്ലൈ.വീണ്ടും വീണ്ടും ട്രൈ ചെയ്തു. പഴയതുപോലെ. ആരാധനയെ വിളിക്കാമെന്ന് കരുതിയപ്പോൾ അവളുടെ നമ്പരില്ലെന്ന് നിരാശയോടെ അവനോർത്തു.പലപ്പോഴും അവൾ വിളിക്കാറുണ്ട്. അറ്റൻഡ് ചെയ്യാറില്ല.കാരണം അവൾക്ക് പറയാനുള്ളത് ഒന്നേയുള്ളൂ. “I love u” അതിനാൽ നമ്പരും സേവ് ചെയ്തട്ടില്ല.അവനൊരു ശീലമുണ്ട്..അതാത് ദിവസത്തെ കോൾ ഹിസ്റ്ററി ക്ലിയർ ചെയ്യുന്നത്.

ഇപ്പോൾ താൻ ചെയ്യുന്നത് മണ്ടത്തരമാണെന്ന് ഓർത്തു.ഇനി ലൈഫിൽ അങ്ങനെയൊരു തെറ്റ് ചെയ്യില്ലെന്ന് മനസിൽ ശപഥം ചെയ്തു. വീട്ടിലേക്ക് ചെല്ലാതിരിക്കാനും കഴിയാത്ത അവസ്ഥ. ചെന്നില്ലെങ്കിൽ താനല്ല അമലേഷ് എന്ന് തിരിച്ചറിയും.കാരണം അമ്മയെ അനുസരിക്കുന്ന മകനാണ് അമലേഷ്..താനാണെങ്കിൽ എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ വിളിച്ചു പറയും.അമലേഷിനെ കുറിച്ച് ഓർത്തതും അവന്റെ മനസ്സ് നീറിപ്പുകഞ്ഞു. അർച്ചനയുടെ ഫോണിൽ അവളുടെ അമ്മ വിളിച്ചു കാണുമോ?അവൾ എന്തായിരിക്കും മറുപടി കൊടുത്തിരിക്കുക? അക്ഷയ് ആശങ്കപ്പെട്ടു.അതറിഞ്ഞാലേ തനിക്കെന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാൻ കഴിയൂ…ശരിക്കും ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട അവസ്ഥ.. 💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

മക്കൾ രണ്ടു പേരും പോയി കഴിഞ്ഞാണ് അവരുടെ സാന്നിധ്യം തന്നെയെത്രമാത്രം സ്വാധീനിച്ചിരുന്നെന്ന് അരവിന്ദ് നമ്പ്യാർക്ക് മനസ്സിലായത്.ഇത്രയും ദിവസം അവരുളളതിനാൽ തിരക്കുകൾ മാറ്റിവെച്ച് മക്കളോടൊത്ത് കൂടി. അർച്ചനയുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല.മാനസികമായി വലിയ അടുപ്പം ഫീൽ ചെയ്യുന്നു.എത്ര ചിന്തിച്ചിട്ടും അതെന്താണെന്ന് മാത്രം അയാൾക്ക് മനസ്സിലായില്ല. ഓർമ്മയിൽ ഭാര്യയുടെ മുഖം ഓർമ്മ വന്നതും അയാളൊന്ന് നടുങ്ങി. “ഏട്ടാ ഞാൻ മരിച്ചു പോകും.പ്രസവിക്കാൻ എനിക്ക് പേടിയാണ്” സിസേറിയനായി കയറ്റുമ്പോഴും അവൾ നിലവിളി ആയിരുന്നു. “താനൊന്ന് സമാധാനപ്പെട്..എത്രയോ പേര് വിവാഹം കഴിക്കുന്നു.പ്രഗ്നന്റ് ആകുന്നു.

പ്രസവിക്കുന്നു.കുഞ്ഞുങ്ങളും ഭർത്താവുമായി സന്തോഷത്തോടെ ജീവിക്കുന്നു.എടോ ഇത് പ്രകൃതി നിയമമാണ്.. തനിക്കൊന്നും പറ്റില്ല” അറിയാവുന്ന രീതിയിലൊക്കെ അരവിന്ദ് നമ്പ്യാർ ഭാര്യക്ക് ധൈര്യം പകർന്നു നൽകി.അതൊന്നും അവരുടെ മനസ്സിലെ ഭീതിയെ തണുപ്പിക്കാൻ കഴിഞ്ഞില്ല. “താൻ മരിച്ചു പോകും. അല്ലെങ്കിൽ അവർ കൊല്ലും” അതായിരുന്നു അപ്പോഴും നിലവിളിക്കുമ്പോൾ അവൾ പറഞ്ഞത്. സാധാരണ കുടുംബത്തിൽ നിന്നാണ്‌ അരവിന്ദ് വിവാഹം കഴിക്കുന്നത്.ഭാര്യക്കൊരു ഇരട്ട സഹോദരി ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അല്ലാതെ അവരെ നേരിട്ട് ഇതുവരെ കണ്ടട്ടില്ല.ഏഴാമത്തെ വയസ്സിൽ വീടിനു സമീപം കളിച്ചു കൊണ്ട് ഇരിക്കുന്നതാണ് അവസാമായി കണ്ടത്.

പിന്നീട് ഇതുവരെ ആ കുട്ടിയെ ആരും കണ്ടട്ടില്ല.പോലീസ് തിരക്കിയട്ടും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞട്ടില്ല. ചെറുപ്പത്തിലേയുളള ആഗ്രഹമാണ് സാധാരണ കുടുംബത്തിൽ നിന്ന് വിവാഹം കഴിക്കണമെന്നത്.വിവാഹപ്രായം എത്തിയട്ടും ആ ആഗ്രഹം ഉപേക്ഷിച്ചില്ല.ഒടുവിൽ മകന്റെ ആഗ്രഹം തന്നെ വീട്ടുകാർ നടത്തി കൊടുത്തു. പക്ഷേ അരവിന്ദന്റെ മാതാപിതാക്കൾ അവളെ മരുമകളായി അംഗീകരിച്ചിരുന്നില്ലെന്നാണ് സത്യം. തങ്ങളുടെ സ്റ്റാറ്റസിനു പറ്റിയതല്ല എന്നതാണ് കാരണം. അവർ മകനെ കയ്യും കാലും കാണിച്ചു മയക്കിയതാണെന്ന് അയാളുടെ മാതാപിതാക്കൾ വിശ്വസിച്ചിരുന്നു.

എന്തിനേറെ മരുമകളെ കൊല്ലാൻ കൂടി അവർ ഒരുക്കമായിരുന്നു.അവസരങ്ങൾ പലതും ലഭിച്ചെങ്കിലും അതെല്ലാം പാളിപ്പോയി.ഈശ്വര കൃപ അല്ലാതെന്ത്… അരവിന്ദിനു ഭാര്യയെ ജീവനായിരുന്നു.മകന്റെ മുമ്പിലും മരുമകളുടെ മുമ്പിലും അച്ഛനും അമ്മയും സ്നേഹമുളളവർ..അതിനാൽ അവരെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. പ്രഗ്നന്റ് ആയതോടെ അരവിന്ദന്റെ ഭാര്യ കീർത്തി വളരെയേറെ ഭയപ്പെട്ടത്.കുഞ്ഞിനെ ഇല്ലാതാക്കാൻ ആരെക്കയോ ശ്രമിക്കുന്നു എന്നൊരു തോന്നൽ.ചില സ്വപ്നങ്ങളിൽ മുഖം മൂടി അണിഞ്ഞവർ ആരെക്കയോ തന്നെ കൊല്ലുന്നു.അതാണ് കീർത്തി പ്രസവിക്കാൻ ഭയപ്പെട്ടത്..

ഒന്നുകിൽ താൻ അല്ലെങ്കിൽ കുഞ്ഞ്.ചിലപ്പോൾ രണ്ടു പേരെയും.പക്ഷേ ആരെന്ന ചോദ്യത്തിനുളള ഉത്തരം കീർത്തിക്ക് അറിയില്ലായിരുന്നു. ഓർമ്മകൾ വേട്ടയാടിയതോടെ അരവിന്ദ് വീണ്ടും മദ്യത്തിൽ അഭയം തേടി. 💃💃💃💃💃💃💃💃💃💃💃💃💃💃💃 ഇടക്ക് ഭക്ഷണം കഴിക്കാനും മറ്റും റെസ്റ്റ് എടുത്തുമാണ് രുദ്രദേവ് ലാൻഡ് ക്രൂയിസർ ഓടിച്ചത്.ആറുമണിക്ക് അവിടെ എത്തണം അതിനു അനുസരിച്ച്… അർച്ചനയും ആരാധനയും നല്ല ഉറക്കത്തിൽ ആയിരുന്നു. വാളയാർ ചെക്ക് പോസ്റ്റ് കഴിഞ്ഞതും അയാൾ അവരെ വിളിച്ചു ഉണർത്തി. ഹോസ്റ്റൽ എവിടെ ആണെന്ന് അവർക്കേ അറിയൂ… ആരാധന പറഞ്ഞ സ്ഥലത്ത് അയാൾ വാഹനം നിർത്തി.നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ..

അർച്ചനയും ആരാധനയും ബാഗും എടുത്തു ഇറങ്ങി.അപ്പോഴാണ് ഗേറ്റിനു അരികിൽ നിന്നിരുന്ന അക്ഷയ് അവർക്ക് മുമ്പിലേക്ക് എത്തിയത്. അർച്ചനയെ കാണാതെ പോകാൻ പറ്റില്ലെന്ന കാരണത്താൽ അവൻ രാത്രി മുതൽ കാത്തിരുപ്പാണ്.കാരണം ഇന്ന് എത്തുമെന്നായിരുന്നു അന്ന് പറഞ്ഞത്.ആരാധന സാധാരണ രാവിലെയാണ് എത്താറുളളതെന്ന് അവനറിയാം… തങ്ങളുടെ അടുത്തേക്ക് എത്തിയ അക്ഷയിനെ കലിപ്പോടെയാണ് രുദ്രദേവ് നോക്കിയത്.അവനും അതേ കലിപ്പ് പുറത്തെടുത്തു.. ഇരുവരും പോര് കോഴിയെപ്പോലെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിന്നു…  സ്നേഹപൂർവ്വം ©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-8

Share this story