മഴമുകിൽ: ഭാഗം 9

മഴമുകിൽ:  ഭാഗം 9

എഴുത്തുകാരി: അമ്മു അമ്മൂസ്

“”അറിയില്ല എന്തിനാണ് അല്ലു മോളുടെ ഒരു ചെറിയ വിഷമത്തിന് പോലും തന്റെ നെഞ്ച് ഇത്ര പിടക്കുന്നത് എന്ന്….. ദേവയുടെ ഓരോ കണ്ണുനീർ തുള്ളിയും തന്റെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നതെന്തുകൊണ്ടെന്ന്… “” “”ഒന്ന് മാത്രമാണ് മനസ്സിലാകുന്നത് അത്രമേൽ പ്രാണനിൽ ചേർന്നലിഞ്ഞിരിക്കുന്നു രണ്ടാളും… ഇനിയൊരു മടങ്ങിപ്പോക്ക് സാധ്യമല്ലാത്ത വിധം… “” പുറത്ത് ചെറുതായി മഴ പെയ്യുന്നത് കണ്ടു അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു. കണ്ണുകൾ സമ്മതം കൂടാതെ തന്നെ ദേവയുടെ മുറിയുടെ നേരെ നീണ്ടിരുന്നു.. ലൈറ്റ് ഓഫ് ചെയ്തിരുന്നില്ല.. അതിനാൽ തന്നെ മുറിക്കുള്ളിലെ കാഴ്ചകൾ എല്ലാം കാണാമായിരുന്നു..

അല്ലുമോളെ മടിയിൽ കിടത്തി മോളോട് എന്തൊക്കെയോ പറയുന്നുണ്ട്…. ഇത്തിരി കഴിഞ്ഞു രണ്ടാളും കൂടി പൊട്ടിച്ചിരിക്കുന്നത് കാണാം…. വെറുതെ രണ്ടാളെയും നോക്കി നിന്നു…. കുറച്ചേറെ സമയമെടുത്തു എന്ന് തോന്നുന്നു മോള് ഉറങ്ങാൻ… ഉറങ്ങിയ മോളെ കട്ടിലിലേക്ക് കിടത്തി നെറ്റിയിൽ ഉമ്മ വെക്കുന്നത് കണ്ടു.. അത് കണ്ടപ്പോൾ അറിയാതെ തന്നെ ഒരു തണുപ്പ് ഉള്ളിലേക്ക് കടന്നു വന്നത് പോലെ… മോളെ കിടത്തി ജനൽ അടക്കാൻ വേണ്ടി വന്നപ്പോഴാണ് ബാൽക്കണിയിൽ നിന്ന് ഇങ്ങോട്ട് നോക്കി നിൽക്കുന്ന ഋഷിയെ ദേവ കാണുന്നത്… അവൾക്ക് വല്ലാത്ത പരിഭ്രമം തോന്നി….

ഇയാളെന്തിനാണ് ഇങ്ങോട്ടേക്കു നോക്കി നിൽക്കുന്നത്… അല്ലു മോളോടുള്ള അയാളുടെ അടുപ്പം കാണുമ്പോഴൊക്കെ ഉള്ളിൽ നിർവചിക്കാൻ കഴിയാത്ത ഒരു നോവാണ്.. വേഗം തന്നെ ജനൽ പാളികൾ വലിച്ചടക്കാൻ ശ്രമിച്ചു… കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു… അവളുടെ ബദ്ധപ്പാട് കണ്ടിട്ട് അവന് ചിരിയാണ് വന്നത്.. കാരണമെന്ത് എന്നറിയില്ലെങ്കിലും ഓരോ തവണയും ഭയത്തോടെ പിടഞ്ഞു മാറുന്ന ആ മിഴികൾ ഉള്ളിൽ ഒരായിരം കനവുകൾ നെയ്യാൻ തുടങ്ങിയിരുന്നു… പ്രണയത്തിന്റെ മഴവിൽ നിറമുള്ള ആയിരം കനവുകൾ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ബൈക്ക് നിർത്തി ഉമ്മറത്തേക്ക് നടക്കുമ്പോൾ ശ്രീയുടെ കണ്ണുകൾ ഒരു നിമിഷത്തേക്ക് തൊട്ടടുത്ത വീടിന്റെ ഉമ്മറത്തേക്ക് ഒന്ന് പാളി നോക്കി.. എന്നും തനിക്കായി കാത്തിരുന്ന മുഖം ഇന്ന് അവിടെ ഉണ്ടായിരുന്നില്ല… ഒരു നിമിഷത്തേക്ക് പതിവുകളെന്തോ തെറ്റിയ പോലെ നെറ്റി ഒന്ന് ചുളിഞ്ഞു… സാധാരണ എല്ലാ ദിവസവും തന്നെയും പ്രതീക്ഷിച്ചു താടിക്ക് കൈയും കൊടുത്ത് ഉമ്മറത്ത് ഇരിക്കുന്നത് കാണാം… ബൈക്ക് വരുന്ന ശബ്ദം കേൾക്കുമ്പോഴേ ചിരിയോടെ വേഗം എഴുന്നേൽക്കും… ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കാതെ അകത്തേക്ക് കയറുമ്പോൾ കുറച്ചു നേരം കൂടി അതേ നിൽപ്പ് നിൽക്കുന്നത് കാണാം..

പിന്നെ ആ കൊലുസിട്ട കാലുകൾ ഉച്ചത്തിൽ ചവിട്ടി അകത്തേക്ക് പോകുന്നത് കാണാം… വാതിലിന്റെ മുൻപിൽ എത്തും വരെയും ആലോചനയിൽ തന്നെ ആയിരുന്നു…. കതക് തുറന്നു അമ്മയുടെ മുഖം കണ്ടപ്പോൾ മനസ്സിലായി അവൾ എല്ലാം വന്നു പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന്… ശ്രദ്ധിക്കാതെ അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോളേക്കും കൈയിൽ പിടിച്ചു നിർത്തിയിരുന്നു.. “”നിനക്കിത്തിരി കൂടണുണ്ട് കേട്ടോ ശ്രീ…. എന്തൊക്കെയാ നീ അഭി മോളോട് പറഞ്ഞത്..”” “”പാവം എന്റെ കുട്ടി…. എത്ര സങ്കടപ്പെട്ടു എന്നറിയ്വോ നിനക്ക്… സന്ധ്യ വരെയും ഇവിടെ ഇരുന്നു കരച്ചിൽ തന്നെ ആയിരുന്നു… “” അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ വീണ്ടും അവളോട്‌ ദേഷ്യം തോന്നി..

വന്നപ്പോഴേക്കും അമ്മയുടെ അടുത്ത് പരാതിയുമായി എത്തിയിരിക്കുന്നു…. എത്ര തവണ അവളോട് പറഞ്ഞതാ തനിക്കൊരിക്കലും സ്നേഹിക്കാൻ കഴിയില്ല അവളെ എന്ന്… വീണ്ടും വീണ്ടും നാണമില്ലാതെ പിന്നാലെ വരും…. “”എനിക്കവളെ ഇഷ്ടമല്ല അത്ര തന്നെ…. അവളുടെ വക്കാലത്തും കൊണ്ട് അമ്മ വെറുതെ സമയം കളയണ്ട…”” ദേഷ്യത്തോടെ പറഞ്ഞിട്ട് മുറിയിലേക്ക് നടക്കുമ്പോൾ അമ്മയുടെ മുഖം വീണ്ടും ദേഷ്യം കൊണ്ട് ചുവക്കുന്നത് കാണാമായിരുന്നു… മുറിക്കുള്ളിലേക്ക് ചെന്നപ്പോൾ ആകെ അലങ്കോലമായി കിടക്കുന്നതാണ് കണ്ടത്…

അവൾ ഇന്ന് ഈ മുറിയിലേക്ക് വന്നിട്ടില്ല എന്ന് തോന്നുന്നു… നടുവിന് വേദന കാരണം അമ്മക്ക് തൂക്കാൻ പറ്റാത്തത് കൊണ്ട് അവളാണ് എന്നും വന്നു തൂത്തു വാരുന്നത്… എന്റെ മുറിയിലേക്ക് കയറരുത് എന്ന് എത്ര ആവർത്തി പറഞ്ഞാലും എന്നും വന്നു വൃത്തിയാക്കും… ആദ്യമൊക്കെ കണ്ണ് പൊട്ടുന്ന ചീത്ത പറയുമായിരുന്നു എങ്കിലും പിന്നെ അത് ഒരു ശീലമായി മാറി… ഒരു നെടുവീർപ്പോടെ ഓരോന്നായി വൃത്തിയാക്കാൻ തുടങ്ങി… കട്ടിലിലും മറ്റും കിടന്ന മുഷിഞ്ഞ തുണികളും മറ്റ് സാധനങ്ങളും എല്ലാം എടുത്ത് മാറ്റി ഷീറ്റ് പുതിയത് വിരിച്ചു… കുളിച്ചു വന്നു കിടന്നപ്പോൾ തന്നെ നല്ല ക്ഷീണം തോന്നിയിരുന്നു….

കണ്ണുകൾ അടഞ്ഞു ഉറക്കം കൺപീലികളിൽ തഴുകുമ്പോഴും നിറയെ മഷി എഴുതിയ തുളുമ്പി നിൽക്കുന്ന രണ്ടു കണ്ണുകൾ സ്വപ്നത്തിലും വിരുന്നെത്തിയിരുന്നു… രാവിലെ ഉണർന്നപ്പോൾ എന്നത്തേയും പോലെ ആവി പറക്കുന്ന കാപ്പി അവൻ ഉണരുമ്പോളേക്കും മുറിയിൽ ഉണ്ടായിരുന്നില്ല.. പതിവ് ഇല്ലാഞ്ഞതിനാൽ ശ്രീയുടെ നെറ്റി ഒന്ന് ചുളിഞ്ഞു.. “”ഓഹോ അപ്പൊ രണ്ടും കല്പിച്ചാണ്… നന്നായി അങ്ങനെ എങ്കിലും ഒഴിഞ്ഞു പോട്ടെ ശല്യം… “”പിറുപിറുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി… പതിവിന് വിപരീതമായി അമ്മ ഒറ്റക്ക് ആയിരുന്നു അന്ന് അടുക്കളയിൽ….

എന്തെങ്കിലും ചോദിക്കാൻ പോയാൽ രാത്രി പറഞ്ഞതിന്റെ ബാക്കി ഉണ്ടാകും എന്ന് അറിയാമായിരുന്നതിനാൽ ഒന്നും മിണ്ടാതെ ഇട്ട് വച്ച കാപ്പി എടുത്തു കുടിച്ചു.. ജോലിക്കായി ഒരുങ്ങി ഇറങ്ങുമ്പോഴും കണ്ണുകൾ ഒരു വേള അടുത്ത വീട്ടിലേക്ക് ചലിച്ചു….അവിടെ അവൾ ഉണ്ടായിരുന്നില്ല… “”എന്തെങ്കിലും ചെയ്യട്ടെ….. പുല്ല്… എനിക്കെന്താ….””ഒരിക്കൽ കൂടി വീട്ടിലേക്ക് നോക്കി പിറുപിറുത്തുകൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഓഫീസിന്റെ പടികൾ കയറുമ്പോൾ വല്ലാത്ത ടെൻഷൻ തോന്നിയിരുന്നു ദേവക്ക്…. ഇന്നലെ ഋഷി അയാളോട് അങ്ങനെ പറഞ്ഞതിന് എന്തെങ്കിലും പകരമായി ചെയ്യാൻ വരുമോ എന്നൊരു ഭയം ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു… അതുകൊണ്ടാണ് അല്ലു മോളെ കുളിപ്പിക്കാൻ അമ്മയെ ഏൽപ്പിച്ചു വേഗം ഒരുങ്ങി വന്നത്…

അകത്തേക്ക് ചെന്നപ്പോൾ ആളുകൾ വന്നു തുടങ്ങുന്നതേ ഉള്ളു… വേഗം തന്നെ ചെന്നിരുന്നു ജോലികൾ തീർക്കാൻ തുടങ്ങി. അയാൾ ക്യാബിനിലേക്ക് വിളിപ്പിക്കുമോ എന്നൊരു പേടി ഉള്ളിൽ നിറഞ്ഞിരുന്നു… ഇടയ്ക്കിടെ അയാളുടെ ക്യാബിനു നേരെ പേടിയോടെ നോക്കി ഇരുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ ഒന്നും ഉണ്ടായില്ല… സാധാരണയായി ഉണ്ടാകാറുള്ള ഒരു മണിക്കൂർ കൂടുമ്പോൾ ഉള്ള വിളിയും അന്ന് ഉണ്ടായിരുന്നില്ല… അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി… ഭയപ്പെട്ടത് പോലെ ഒന്നും ഉണ്ടായില്ല…. ഏറെ നാളുകൾക്ക് ശേഷം സമാധാനത്തോടെ ഫയലുകൾ ഓരോന്നായി മറിച്ചു നോക്കി…

സാധാരണ വെപ്രാളത്തോടെ എല്ലാം എങ്ങനെ എങ്കിലും നോക്കി തീർക്കാറാണ് പതിവ്… ഇന്നലെ ഋഷിയുടെ മുൻപിൽ പേടിച്ചു നിന്ന ആനന്ദ് ന്റെ രൂപം വീണ്ടും മനസ്സിൽ തെളിഞ്ഞു… അറിയാതെ ചുണ്ടിൽ ഒരു ചിരി വിടർന്നു… ആദ്യമായി അവളവനെ നന്ദിയോടെ ഓർത്തു.. “”നല്ല പോലീഷ അമ്മേ…. “”എന്നുള്ള അല്ലു മോളുടെ സ്ഥിരം പല്ലവിയാണ് മനസ്സിലേക്ക് വന്നത്… അവനും മോളും കൂടിയുള്ള കളിചിരികൾ ഓരോന്നായി മനസ്സിലേക്ക് വന്നു…. ചുണ്ടിലൂറിയ ചിരിയോടെ ബാക്കിയുള്ള ഫയലുകൾ കൂടി നോക്കാൻ തുടങ്ങി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

തന്റെ മുൻപിൽ ഇരിക്കുന്ന മനുഷ്യനോട് ഋഷിക്ക് വല്ലാത്ത അലിവ് തോന്നി. ആകെ ക്ഷീണിച്ചിരുന്നു അയാൾ…. ഭാര്യയുടെ വിയോഗം ഒറ്റ ആഴ്ച കൊണ്ട് അയാളെ വല്ലാതെ തളർത്തിയത് പോലെ… കണ്ണുകൾ കറുത്ത് കുഴിഞ്ഞിരിക്കുന്നു… താടി രോമങ്ങൾ മുഖമാകെ വളർന്നു നിൽപ്പുണ്ട്… ആ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു… അവനയാളോട് അലിവ് തോന്നി… പക്ഷേ ഈ ചോദ്യം ചെയ്യൽ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല…. ഇടയ്ക്കിടെ നനഞ്ഞു വരുന്ന കണ്ണുകൾ അയാൾ ഷർട്ടിന്റെ കൈയിൽ തുടച്ചുകൊണ്ടിരുന്നു.. “”അന്നെന്താ ഉണ്ടായത്… “”അവൻ സൗമ്യമായ സ്വരത്തിൽ ചോദിച്ചു….

അയാളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വരുന്നത് കണ്ടു.. “”ഞാൻ…. ഞാൻ രാവിലെ ജോലിക്ക് പോയിരുന്നു…. അവൾക്ക് അന്ന് നല്ല തലവേദന ആയിരുന്നു. അതുകൊണ്ട് ലീവ് എടുക്കാൻ ഞാനാ പറഞ്ഞത്… ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോഴും വയ്യാതെ കിടക്കുകയായിരുന്നു… ” “”അവളുടെ കാര്യം ഓർത്ത് ഉച്ചക്ക് ലീവിന് കൊടുത്തിരുന്നു എങ്കിലും ഇൻസ്‌പെക്ഷൻ ആയോണ്ട് കിട്ടിയിരുന്നില്ല… ഞാൻ ഇടക്കിടക്ക് വിളിച്ചു ചോദിച്ചിരുന്നു… അപ്പോഴൊക്കെ കുറവുണ്ട് എന്ന് തന്നെയാ പറഞ്ഞത്… വൈകിട്ട് ഇറങ്ങാൻ നേരം വിളിച്ചപ്പോഴും അങ്ങനെ തന്നെ… പക്ഷേ…. ഞ… “”

അയാൾ ഒരു നിമിഷം ഒന്ന് നിർത്തി… ഭയപ്പെടുത്തിയ ആ ഓർമ്മകൾ വീണ്ടും കണ്മുന്നിൽ കാണും പോലെ അയാളുടെ മുഖം വിവർണ്ണമായിരുന്നു.. വാക്കുകൾ കൂട്ടിച്ചേർക്കാൻ അയാൾ പ്രയാസപ്പെടും പോലെ ഋഷിക്ക് തോന്നി.. അവൻ ശ്രീയെ കണ്ണ് കാണിച്ചു. ശ്രീ വേഗം തന്നെ ഒരു ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ചു അയാൾക്ക് നേരെ നീട്ടി.. വിറയ്ക്കുന്ന കൈകളോടെ ആ ഗ്ലാസ് വാങ്ങി അയാൾ ആർത്തിയോടെ കുടിച്ചു….. “”ഞാൻ വീട്ടിൽ എത്തിയപ്പോൾ വഴിയിൽ എല്ലാം ആളായിരുന്നു സർ…. പലരും എന്റെ അടുത്തേക്ക് വരുന്നുണ്ട്… ചിലർ എന്റെ വീടിന്റെ അടുത്തേക്ക് ഓടുന്നുണ്ട്…. അവൾക് എന്തെങ്കിലും പറ്റിയോ എന്ന് പേടിച്ചു ഞാൻ……

ഞാൻ ഓടിച്ചെന്ന് നോക്കുമ്പോൾ… “” ബാക്കി പറയാൻ കഴിയാതെ അയാൾ മുഖം പൊത്തി ഏങ്ങി ഏങ്ങി കരഞ്ഞു…. അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിക്കുമ്പോഴും വർഷങ്ങൾക്ക് മുൻപ് താനും ഇതുപോലെ പകച്ചു നിൽക്കേണ്ടി വന്ന ഒരു ദിവസമായിരുന്നു ഋഷിയുടെ ഓർമ്മയിൽ തെളിഞ്ഞു നിന്നത്… “”അവർക്ക് എന്തെങ്കിലും പേടിയോ വിഷമമോ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നോ…. അതായത് എപ്പോഴും എന്തെങ്കിലും ആലോചിച്ചു ഇരിക്കുക… ടെൻഷൻ അങ്ങനെ എന്തെങ്കിലും… “” “”ഇല്ല സർ…. മക്കളില്ല എന്നൊരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ….. പക്ഷേ ഞങ്ങൾ ട്രീറ്റ്മെന്റ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു… എങ്കിലും കുഞ്ഞ് മക്കളെ ഒക്കെ കാണുമ്പോൾ അന്നത്തെ ദിവസം ഒരു സങ്കടം കാണും…

പക്ഷേ പെട്ടെന്ന് തന്നെ അതൊക്കെ മാറി അവള് വീണ്ടും പഴയത് പോലെ ആകും.. അല്ലാതെ അവൾ അങ്ങനെ വിഷമിച്ചു ഇരിക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ല.. “”വിറയ്ക്കുന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു നിർത്തി… “”ഹ്മ്മ്…”” ഋഷി ഒന്ന് മൂളി. അയാൾ പറഞ്ഞതത്രയും സത്യമാണെന്നു മനസ്സിലായിരുന്നു…. “”അപ്പൊ ശെരി.. ഞങ്ങൾ ഇറങ്ങുവാ… ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ വരാം… “” യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും ആ മനുഷ്യൻ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.. ഋഷിയുടെ മനസ്സിൽ അയാൾ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും കടന്നു പോയി… ഒരുത്തരം കണ്ടെത്താനായി അവന്റെ മനസ്സിൽ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദേവ വീട്ടിലേക്ക് വന്നു കയറിയപ്പോൾ പതിവ് പോലെ വാതിലിന്റെ മറവിൽ കുരുത്തക്കേട് കാട്ടി ആളുണ്ടായിരുന്നില്ല.. നെറ്റി ഒന്ന് ചുളിഞ്ഞു.. അകത്തേക്ക് ചെന്നപ്പോൾ സോഫയിൽ അമ്മയുടെ മടിയിൽ കിടക്കുന്നത് കണ്ടു… ഈ സമയത്ത് ഒരു ഉറക്കം പതിവില്ലാത്തതാണല്ലോ.. അവൾക്ക് പെട്ടെന്ന് ഒരു ആധി തോന്നി… വേഗം അടുത്തേക്ക് ചെന്ന് മോളുടെ ദേഹമാകെ തൊട്ട് നോക്കി… “”പേടിക്കുവൊന്നും വേണ്ട… ഇന്നലെ ആ ഐസ് ക്രീം എല്ലാം കൂടി കഴിച്ചതിന്റെ ആണെന്ന് തോന്നുന്നു നല്ല ചുമ ഉണ്ടായിരുന്നു… ഞാൻ cough സിറപ്പ് കൊടുത്തു… അതിന്റെ ഒരു ചെറിയ മയക്കത്തിലാ… “”അവളുടേ പരിഭ്രമം കണ്ടു അമ്മ ചിരിയോടെ പറഞ്ഞു..

അത് കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്… എങ്കിലും ഒരു ഉറപ്പിന് വേണ്ടി കഴുത്തിലും നെറ്റിയിലും ഒക്കെ തൊട്ട് നോക്കി… ചൂടൊന്നുമില്ല എന്ന് ഉറപ്പിച്ചു.. “”ഹും… ഇന്ന് അയാൾ ഇനി ഇങ്ങോട്ട് വരട്ടെ…. ഇന്നലെ കൊച്ചിനെ തണുപ്പത്തു കൊണ്ട് പോയി ഐസ് ക്രീമും വാങ്ങി കൊടുത്തു പനി പിടിപ്പിച്ചിട്ട്….. ന്നിട്ട് അവളുടെ ഒരു പോലീഷ്…. ഒരു കുത്തു വച്ചു കൊടുക്കണം… “”മോളെ എടുത്തു തോളിൽ ഇട്ടുകൊണ്ട് അമ്മയോട് പറഞ്ഞു…. അവളുടെ പരാതി പറച്ചിൽ കേട്ട് അമ്മ ചിരിച്ചതേ ഉള്ളു…അല്ലു മോള് ഋഷിയോട് അടുത്തതിന്റെ കുശുമ്പാണ് അതെന്ന് നന്നായി മനസ്സിലായിരുന്നു… “”അല്ലു ന്റെ പോലീഷമ്മേ…”” ഉറക്കത്തിലും അല്ലു മോള് തോളിൽ കിടന്നു പറയുന്നത് കേട്ട് കണ്ണ് തള്ളി നിൽക്കാനേ പറ്റിയുള്ളൂ… തുടരും

മഴമുകിൽ: ഭാഗം 8

Share this story