മൊഴിചൊല്ലിയവൾ : ഭാഗം 2- അവസാനിച്ചു

മൊഴിചൊല്ലിയവൾ : ഭാഗം 2- അവസാനിച്ചു

എഴുത്തുകാരി: ആഷ ബിനിൽ

അവിടെനിന്ന് നേരെ കോളേജിലേക്കാണ് പോയത്. ഡ്രൈവറോട് ഞാൻ അരുണയെ കാണാൻ പോയ കാര്യം വീട്ടിൽ പറയരുതെന്ന് ചട്ടം കെട്ടി. വൈകിട്ട് വിളിക്കാം എന്നുപറഞ്ഞു അയാളെ വിട്ടു. പ്രോജക്റ്റിന്റെ വർക്ക് ഒരുപാട് ബാക്കി ഉണ്ടായിരുന്നു. ചുരിദാറിനും മുകളിൽ അണിഞ്ഞിരുന്ന പർദ്ധയും മുഖം മുക്കാലും മറയ്ക്കുന്ന ഹിജാബും ശരീരത്തെ ചൂടുപിടിപ്പിച്ചപ്പോൾ, അതിലും ചൂടായിരുന്നു മനസിന്. ഏറെനേരത്തെ ആലോചനകൾക്ക് ഒടുവിലാണ് കോളേജ് ലൈബ്രറിയിൽ ആണ് ഞാനിരിക്കുന്നത് എന്നുപോലും ഓർമ വന്നത്. എഴുന്നേറ്റപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി.

വീഴും എന്നുറപ്പായപ്പോൾ വയറിൽ കൈകൊണ്ട് താങ്ങി സ്വയം ഒരു മൂലയിലേക്ക് ചേർന്നിരുന്നു. കണ്ണിൽ ഇരുട്ട് കയറി. പിന്നീടെപ്പോഴോ മുഖത്ത് വെള്ളം വീണപ്പോഴാണ് കണ്ണ് തുറന്നത്. മുന്നിൽ വിഷ്ണു..! നാളുകൾക്ക് ശേഷമാണ് അവനെ കാണുന്നത്. ധൃതിയിൽ പിടഞ്ഞെണീക്കാൻ നോക്കിയെങ്കിലും വീണുപോയി. അവൻ കൈനീട്ടിയെങ്കിലും വാശിയോടെ അത് വേണ്ടെന്ന് വച്ചു സ്വയം ശ്രമിച്ചുകൊണ്ടിരുന്നു. പതിവൃതയായ പെണ്ണിനെ അന്യപുരുഷൻ സ്പർശിക്കാൻ പാടില്ലല്ലോ. പുരുഷന് പതിവൃത്യം ഇല്ലാത്തതുകൊണ്ട് അവനെ ഇത്തരം കാര്യങ്ങൾ ബാധിക്കില്ല. എന്നൊടുത്തന്നെ പുച്ഛം തോന്നി തുടങ്ങിയിരുന്നു. ഏറെനേരത്തെ പരിശ്രമത്തിന്റെ ശേഷമാണ് എഴുന്നേൽക്കാൻ കഴിഞ്ഞത്.

പുറത്തേക്ക് നടക്കുമ്പോൾ അവൻ പുറകിൽ ഉള്ളത് അറിയുന്നുണ്ടായിരുന്നു. എങ്കിലും തിരിഞ്ഞു നോക്കിയില്ല. റാഷിക്കയെ വിവാഹം കഴിച്ചതിൽ പിന്നെ അവനെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല. ക്രൂരമായ വിശ്വാസവഞ്ചന പകരം കിട്ടിയിട്ടും, അവനെ ഓർത്തിട്ടില്ല. ഇത്രയുമേയുള്ളൂ അവനോടുണ്ടായിരുന്ന പ്രണയം എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ഇപ്പോൾ അവന്റെ കണ്ണിൽ കണ്ട കരുതൽ, അതെന്നെ അസ്വസ്ഥയാക്കി. ഒരുപക്ഷേ കഴിഞ്ഞ നാല് വർഷവും അവനിൽ ഈ കരുതലും സ്നേഹവും ഉണ്ടായിരുന്നിരിക്കണം. അത് കാണാൻ എനിക്ക് കണ്ണില്ലായിരുന്നല്ലോ..!

ഒരു ജ്യൂസ് എങ്കിലും കുടിച്ചിട്ട് പോകാൻ അവൻ ഏറെ നിർബന്ധിച്ചെങ്കിലും ഞാൻ വിസമ്മതിച്ചു. “സൽമാ.. ആരോടാ ഈ വാശി? എന്നോടൊ? അതോ നിന്റെ ഉള്ളിൽ കിടക്കുന്ന കുഞ്ഞിനോടൊ? വണ്ടി വരാൻ സമയം ആകുന്നല്ലേയുള്ളൂ..? ഇന്ന് നീയൊന്നും കഴിച്ചില്ലല്ലോ? കുഞ്ഞിനെ ഓർക്കേണ്ടേ നീ” അവന്റെ വാക്കുകൾ എന്നിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്. എന്റെ കാര്യങ്ങളെല്ലാം അവൻ എത്ര നന്നായി ആണ് മനസിലാക്കിയിരിക്കുന്നത്..! എന്നിട്ടും അവന്റെ സ്നേഹം എനിക്ക് വേദനയാണെന്ന് മാത്രം അവനു മനസിലാകുന്നില്ലല്ലോ? ഒരു മരച്ചുവട്ടിൽ കെട്ടിയിട്ട തറയിൽ ഞാനിരുന്നു.

ആലോചിച്ചു തുടങ്ങുമ്പോഴേക്ക് കയ്യിൽ രണ്ടു ലൈമുമായി വിഷ്ണു അടുത്തു വന്നിരുന്നു കഴിഞ്ഞിരുന്നു. “എനിക്ക് ഇഷ്ടമായിരുന്നു നിന്നെ.. ഒരുപാട്… പറയാൻ പറ്റിയില്ല. പറഞ്ഞാലും, കുന്നത്ത് വീട്ടിലെ അഹമ്മദ് ഹാജിയുടെ മോളെ എനിക്ക് കിട്ടില്ല എന്നറിയാമായിരുന്നു. പക്ഷെ മറക്കാൻ കഴിഞ്ഞില്ല. നിന്റെ വിവാഹം കഴിഞ്ഞിട്ടുകൂടി… ഇപ്പോഴും ഞാൻ നീ വേറൊരാളുടെ ആണെന്ന് ഞാനെന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കുകയാണ്. മറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.

ആദ്യമായി കാണുന്നവനെപ്പോലെ. ഇങ്ങനെ ഒരു തുറന്നുപറച്ചിൽ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. “നീ ആദ്യമായിട്ടാണ് എന്റെ മുഖത്തേക്ക് നോക്കുന്നത്, അല്ലെ സല്മാ?” എനിക്ക് ഉത്തരം കിട്ടിയില്ല. കുറേനേരത്തേക്ക് മൗനം ഞങ്ങൾക്കിടയിൽ തളംകെട്ടി. “വിഷ്ണൂ.. നിന്റെയുള്ളിൽ ഇപ്പോഴും ഞാനുണ്ട് എന്നെനിക്കറിയാം. എപ്പഴൊക്കെയോ ഞാനും നിന്നെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ വിധി നമ്മളെ പിരിച്ചു. എല്ലാ ലവ് സ്റ്റോറികളും ഹാപ്പിലി എവർ ആഫ്റ്റർ ആകില്ലല്ലോ. നീ സന്തോഷമായി ഇരിക്കണം. അടുത്ത ജന്മത്തിൽ നിന്റേതായി ജനിക്കാൻ ഞാൻ ഇപ്പോ ആഗ്രഹിക്കുന്നുണ്ട്. പോട്ടെ…” ഞാൻ എഴുന്നേറ്റ് തിരിഞ്ഞു നോക്കാതെ നടന്നു.

ഉള്ളിലെ വിശ്വാസവഞ്ചനയുടെ വേദനയാണോ അവനിൽ ഞാനിപ്പോഴും തെളിഞ്ഞു കണ്ട സ്നേഹവും കരുതലും ആണോ എന്നെക്കൊണ്ട് അങ്ങനെ പറയിച്ചത് എന്നറിയില്ല. അതായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായ ആദ്യത്തെയും അവസാനത്തെയും സംഭാഷണം. വിടാതെ പിന്തുടരുന്ന ദുരന്തം പോലെ അഞ്ചാം മാസത്തെ സ്കാനിംഗിൽ പ്ലാസന്റ താഴെയാണ് എന്നും ബെഡ് റെസ്റ്റ് വേണം എന്നും ഡോക്ടർ പറഞ്ഞു. “ഡോക്യർമാർ അങ്ങനെ പലതും പറയും. നന്നായി മേലനങ്ങി പണി എടുത്താലേ സുഖപ്രസവം നടക്കൂ” റാഷിക്കായുടെ ഉമ്മാ പറഞ്ഞു. കൂടെ നെല്ല് കുത്തികൊണ്ടിരിക്കെ വന്നു പെറ്റ ശേഷം പോയി ബാക്കി നെല്ല് കുത്തിയ വല്യ ഉമ്മായുടെ കഥയും. അവരുടെ ആരോഗ്യം അല്ല എനിക്കെന്ന് പറയണം എന്നുണ്ടായിരുന്നു, പക്ഷെ മിണ്ടിയില്ല.

സംതൃപ്തമായ കുടുംബജീവിതത്തിന് അനുസരണാ ശീലം വളരെ അത്യാവശ്യമാണെന്ന് പണ്ടേതോ സിനിമയിൽ ഇന്നസെന്റ് ചേട്ടൻ പറഞ്ഞതോർത്തു. ഞാനത് അനുഭവിച്ചതും ആണല്ലോ. റെസ്റ്റ് ഒന്നും ഉണ്ടായില്ല. പണ്ടത്തെത്തിലും കൂടുതൽ ഞാൻ വീട്ടുജോലികൾ ചെയ്ത് തുടങ്ങി. ചെയ്യിച്ചു എന്നുവേണമെങ്കിൽ പറയാം. അതിന്റെ ഫലം ആണോ അരുണയുടെയും റാഷിക്കായുടെയും പ്രാർത്ഥന ആണോ എന്നറിയില്ല, ആറാം മാസം എത്തുന്നതിന് മുൻപ് എന്റെ കുഞ്ഞിങ്ങ് പോന്നു. ജനിച്ചു നിമിഷങ്ങൾക്കകം അവൻ ഇഹലോകവാസം വെടിഞ്ഞു. “ബെഡ് റെസ്റ്റ് വേണം എന്ന് ഞാൻ പ്രത്യേകം പറഞ്ഞതല്ലേ സൽമാ..?” ഡോക്ടർ ചോദിച്ചു. ഞാൻ നിറകണ്ണുകളോടെ ഉമ്മയെ നോക്കി. അവർ തല താഴ്ത്തി. ജീവിക്കാനുള്ള ഏക പ്രതീക്ഷയായിരുന്നു ഈ കുഞ്ഞ്.

ഇത് വന്നുകഴിഞ്ഞാൽ ഇക്കാ എന്നെ സ്നേഹിക്കുമെന്ന് വെറുതെയെങ്കിലും ഞാൻ ആഗ്രഹിച്ചിരുന്നുവോ? കൊല്ലാൻ നോക്കിയ കുഞ്ഞിനെ ജനിച്ചു കഴിഞ്ഞു ആൾ സ്നേഹിക്കും എന്നു സ്വപ്നം കണ്ട ഞാൻ അല്ലെ വിഡ്ഢി..? എന്നെ ഇനിയും കോമാളിയാക്കാൻ വയ്യാതെ പടച്ചോൻ തിരികെ വിളിച്ചതായിരിക്കും എന്റെ മോനെ. ഇക്കയോടും കുടുംബത്തോടും ഞാൻ അകൽച്ചയൊന്നും കാണിച്ചില്ല. മനസ് മരിച്ചവൾക്ക് എന്ത് പരാതി, എന്ത് പരിഭവം? റെസ്റ്റും മറ്റും കഴിഞ്ഞു ഞാൻ സാധാരണപോലെ ജോലികൾ ചെയ്യാനും കോളേജിൽ പോകാനും തുടങ്ങി. ബെഡ്റൂമിൽ അടക്കം ഞാൻ പഴയ അനുസരണയുള്ള ഭാര്യയായി. എന്നിട്ടും ഇടയ്ക്കെപ്പോഴോ എന്റെ മനസ് ഇവിടെയില്ല എന്നു തിരിച്ചറിഞ്ഞ റാഷിക്കാ ശാരീരികമായി എന്നോട് അകന്നുനിന്നു. അതെനിക്ക് ആശ്വാസം മാത്രമാണ് തന്നത്.

ശവം പോലെ കിടക്കുന്നതിലും എത്രയോ ഭേദമാണ് സ്വസ്ഥമായി ഉറങ്ങുന്നത്. കോഴ്‌സ് കഴിഞ്ഞു അധികം വൈകാതെ ഞാൻ ഹൈദരാബാദിൽ ഒരു ജോലി നേടിയെടുത്തു. ബന്ധങ്ങളിൽ നിന്ന് മോചനം നേടാൻ സ്വയം പറഞ്ഞു പഠിപ്പിച്ചു. റാഷിക്കാ എന്റെയല്ല എന്നു ബുദ്ധി നൂറുവട്ടം പറയുമ്പോൾ, ആയിരം വട്ടം മനസ് എന്നോട് എതിർത്തുകൊണ്ടേയിരുന്നു. ഞങ്ങളുടെ നാലാം വിവാഹ വാർഷിക ദിവസം, രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിലേക്ക് പോകാനുള്ള തീരുമാനം ഞാൻ പ്രഖ്യാപിച്ചു. “പെണ്ണുങ്ങൾ ജോലിക്ക് പോയി ജീവിക്കേണ്ട ഗതികേടൊന്നും ഇവിടെയില്ല.

ഇജ്ജ് എവിടേക്കും പോകുന്നില്ല” റാഷിക്കായുടെ ഉപ്പ തീരുമാനം പോലെ പറഞ്ഞു. “ഈ ജോലിക്ക് വേണ്ടിയാണ് ഞാനിത്ര കാലം കാത്തിരുന്നത്, പഠിച്ചത്.. എനിക്ക് പോയേ പറ്റൂ..” “ഇജ്ജ് എന്റെ മോന്റെ ബീവി ആണെങ്കി ഈ പടി കടക്കില്ല” ഉമ്മാ പ്രസ്താവിച്ചു. “എനിക്ക് ജോലിക്ക് പോകാൻ തടസം ഈ വിവാഹം ആണെങ്കിൽ തലാക്ക് ചൊല്ലി ഇത് വേർപെടുത്തിയിട്ടായാലും ഞാൻ പോകും” പറഞ്ഞു തീരും മുൻപ് ചെവിയിൽ മൂളൽ കേട്ടു. മൂത്ത ഇക്കാക്ക ആയിരുന്നു. “അനക്ക് പഠിക്കണം എന്നു പറഞ്ഞപ്പോ ഒരു കുഞ്ഞു പോലും വേണ്ടന്ന് വച്ചു കൂടെ നിന്നതാ ഓൻ. എന്നിട്ട് ഇപ്പോ വല്യ ജോലിക്കാരി അയപ്പോ ഓനെ നിനക്ക് വേണ്ടല്ലേ.. ഓൻ ഇല്ലെങ്കി ഇപ്പോ ഇജ്ജ് എവിടേം എത്തില്ലായിരുന്നെടി ഹറാംപിറന്നോളെ” റാഷിക്കായുടെ മുഖത്ത് ആദ്യം അമ്പരപ്പും പിന്നെ ആശ്വാസവും ആയിരുന്നു.

നികൃഷ്ടജീവിയെപ്പോലെ എല്ലാവരും എന്നെ നോക്കുമ്പോഴും എന്റെ ഉപ്പാ മാത്രം മൗനം ആചരിച്ചു. സത്യങ്ങൾ അറിയാവുന്ന ഒരെയൊരാൾ ഉപ്പ മാത്രമാണ്. ഈ ബന്ധം ഒഴിഞ്ഞു പോകാൻ തീരുമാനിക്കും മുന്പ് ഞാനെല്ലാം പറഞ്ഞിരുന്നു. തിരഞ്ഞെടുത്തു തന്ന ജീവിതം മോശമായി പോയതിന്റെ വേദന കൊണ്ടാണോ എന്തോ, ഉപ്പാ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. അനുനയശ്രമങ്ങളൊന്നും ഞാൻ ചെവിക്കൊണ്ടില്ല. റാഷിക്കാ ഒന്നിനും വരാതിരുന്നപ്പോഴേ, അദ്ദേഹം ഇത് ആഗ്രഹിക്കുന്നുണ്ട് എന്നു മനസിലായി. ഇക്കാ മൂന്ന് തലാക്കും ചൊല്ലി ഞാനുമായുള്ള ബന്ധനത്തിൽ നിന്ന് സ്വതന്ത്രനായി.

ഉമ്മമാരും ഇത്താത്തമാരും കണ്ണീർ വർത്തു. ഇക്കാക്കമാരും റാഷിക്കായുടെ ഉപ്പയും എന്നെ അറപ്പോടും വെറുപ്പോടും കൂടെ നോക്കി. എന്റെ ഉപ്പാ മാത്രം തല താഴ്ത്തി ഇരുന്നു. റൂമിൽ നിന്ന് എന്റേതായ സാധനങ്ങളുമെടുത്തു ആ വീടിന്റെ പടിയിറങ്ങി. “അരുണയോട് പറയണം, ഞാനെന്റെ വാക്ക് പാലിച്ചുവെന്ന്” ഇറങ്ങും മുൻപ് ഞാൻ റാഷിക്കായ്ക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു. ആ മുഖത്ത് അവിശ്വാസനീയതയായിരുന്നു. ഒരു പിൻവിളി, ഒരു മാപ്പ് പറച്ചിൽ, ചേർത്തു നിർത്തൽ ആ നിമിഷത്തിലും ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നിർദയം എന്റെ സ്നേഹം നിരാകരിക്കപ്പെട്ടു. എന്റെ ദാമ്പത്യം അവസാനിക്കപ്പെട്ടു. അന്ന് പോന്നതാണ് നാട്ടിൽ നിന്ന്. വർഷം രണ്ടു കഴിഞ്ഞു.

എന്റെ വീട്ടുകാർ സത്യങ്ങൾ ഉപ്പയിൽ നിന്നറിഞ്ഞു. മാപ്പ് പറച്ചിലുകൾക്ക് ഒന്നും അവസരം കൊടുക്കാതെ ഞാൻ എല്ലാവരോടും പണ്ടേ ക്ഷമിച്ചിരുന്നു. ഇപ്പോഴും സമൂഹത്തിന് മുന്നിൽ ഞാൻ പഠിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്ത ഭർത്താവിനെ ജോലി കിട്ടിയപ്പോൾ തള്ളി കളഞ്ഞവളാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരിഹാസത്തിന് പാത്രമാകാൻ താല്പര്യം ഇല്ലാത്തത് കൊണ്ടു തന്നെ നാട്ടിലേക്ക് പോയിട്ടില്ല. കോടതി വഴിയുള്ള ഡിവോഴ്‌സും അധികം വൈകാതെ കിട്ടി. റാഷിക്കാ അരുണയെ മതം മാറ്റി വിവാഹം കഴിച്ചു. അതറിഞ്ഞ എന്റെ ഇക്കാക്കമാർ അന്ന് രാത്രി തന്നെ അവിടെ ചെന്നു സത്യങ്ങളെല്ലാം പറഞ്ഞു.

കഴിഞ്ഞുപോയ കാര്യങ്ങളിൽ ഞാൻ കൂടി പൊരുത്തപ്പെട്ട സ്ഥിതിക്ക് കൂടുതൽ വാദപ്രതിവാദങ്ങൾക്ക് സ്ഥാനമില്ലല്ലോ. മുന്പൊരിക്കലും ഇല്ലാത്തപോലെ, റാഷിക്കായെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ എന്റെ മനസ് വിഷ്ണുവിനെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ ജീവിതത്തിൽ ഒറ്റക്കായി പോയപ്പോൾ കുഴിച്ചുമൂടപ്പെട്ട പ്രണയം തലപൊക്കിയതാവാം. എന്റെ വിവാഹം അന്ന് കഴിഞ്ഞിരുന്നില്ലെങ്കിൽ, ജാതിയും മതവും ഒന്നും പ്രശ്നമല്ലാത്ത ഒരു ലോകത്താണ് ഞാൻ ജീവിക്കുന്നതെങ്കിൽ, അവനെന്നെ കൂടെ കൂട്ടിയേനെ. അങ്ങനെ ആണെങ്കിൽ ജീവിതം എത്ര വ്യത്യസ്തമായിരുന്നേനെ..! 💝🥀💝🥀💝🥀💝🥀💝🥀💝🥀💝🥀💝 “സൽമാ…” മുന്നിൽ നിന്ന് കേട്ട വിളിയാണ് എന്നെ ഓർമകളിൽ നിന്ന് മടക്കി കൊണ്ടുവന്നത്. വിഷ്ണു..!

എന്ത് പറയാൻ ആണ് ഞാൻ ഇവനോട്? ഭയവും പരിഭ്രമവും എന്നെ വന്നു മൂടി. “നീ എന്താ ഇവിടെ..? എന്താ എന്നെ കണ്ടപ്പോ മുങ്ങിയത്?” ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചു. എന്റെ പരിഭ്രമം ആ ചിരിയിൽ അലിഞ്ഞില്ലാതെയായി. “ഞാൻ ഇവിടെയാണ് ജോലി ചെയ്യുന്നത്. ജാവ പ്രൈവറ്റ് ലിമിറ്റഡിൽ ആർക്കിടെക്റ്റ് ആണ്. രണ്ടു വർഷമായി” ഞാൻ ശാന്തമായി പറഞ്ഞു. “അപ്പോൾ ഫാമിലി ഒക്കെ..?” വീണ്ടും ഞാനൊന്ന് പതറി. ഈ സംഭാഷണം അവസാനിക്കേണ്ടത് എന്റെ ആവശ്യം ആയി മാറിയിരുന്നു. “ജോലിക്ക് പോകാൻ ഇക്കായുടെ വീട്ടിൽ സമ്മതിച്ചില്ല. അതുകൊണ്ട് ഞാൻ വേണ്ടെന്ന് വച്ചു.” “ഹസ്ബൻഡിനെയോ?” അവന്റെ മുഖത്ത് വിശ്വാസക്കുറവ് തെളിഞ്ഞു കണ്ടിരുന്നു.

“മ്മം” അവൻ വീണ്ടും എന്നെ നോക്കി. ഞാൻ മറ്റെവിടേക്കോ മിഴികൾ പായിച്ചു. ഇത്ര സമാധാനമായി ഞാനവനോട് സംസാരിക്കുന്നത് ആദ്യമാണ്. ജോലി കിട്ടിയപ്പോൾ ഭർത്താവിനെ വേണ്ടെന്ന് വച്ച പെണ്ണിനെ ആര് സ്നേഹിക്കാനാണ്..! ഇതോടെ അവന്റെ ഉള്ളിൽ എവിടെയെങ്കിലും ഞാൻ ഉണ്ടെങ്കിൽ അവിടെനിന്നും കുടിയിറക്കപ്പെടും. അതാണ് എനിക്കും വേണ്ടത്. “അല്ലാതെ അരുണയും റാഷിദും ആയുള്ള പ്രണയത്തിന് തടസം ആകാതിരിക്കാൻ നീ സ്വയം ഒഴിവായതല്ല..???” അവനെന്റെ കണ്ണുകളിലേക്ക് നോക്കി. ഞാൻ പതറി ഇല്ലാതാകുന്നത് അവൻ കണ്ടുനിന്നു. “നിനക്ക്.. നിനക്കെങ്ങനെ..???”

“ഞാനെങ്ങനെ അറിഞ്ഞു എന്നല്ലേ..? നിന്നെ സംബന്ധിക്കുന്ന എല്ലാം ഞാൻ അന്വേഷിക്കുന്നും അറിയുന്നും ഉണ്ടായിരുന്നു സൽമാ…” അവൻ ചിരിച്ചു. ആ ചിരി എന്നെ കൂടുതൽ വേദനിപ്പിച്ചു. “വിഷ്ണു.. എന്തിനാ നീ..???” “ഞാൻ നിന്നെ സ്നേഹിക്കുന്നു സൽമ… ഇങ്ങനൊക്കെ സംഭവിച്ചത് നിന്നെ എനിക്ക് കിട്ടാൻ വേണ്ടി ആയിരിക്കാം..” ഞാനവനെ തടഞ്ഞു ബില്ലടച്ചു വണ്ടിയിലേക്ക് ഓടി. പിൻവിളികൾക്ക് കാതോർത്തില്ല. പിന്നീടുള്ള ദിവസങ്ങളിൽ അവനെ പലയിടത്തും വച്ചു കണ്ടുകൊണ്ടിരുന്നു. ഞാൻ കടന്നുപോകുന്ന വഴികളിൽ, കടകളിൽ… ഒടുവിൽ ഓഫീസിൽ ഒരു സഹപ്രവർത്തകനായി.

അവസാനം അവനോട് സംസാരിക്കാൻ തീരുമാനിച്ചു. “വിഷ്ണു.. നീ എന്തിനാ എന്നെ ഇപ്പോഴും സ്നേഹിക്കുന്നത്? ജാതിയും മതവും ഒന്നും നോക്കിയില്ലെങ്കിൽ കൂടി, നാല് വർഷം എല്ലാ അർത്ഥത്തിലും ഒരു പുരുഷന്റെ ഭാര്യയായി ജീവിച്ചവൾ ആണ് ഞാൻ. അയാളുടെ കുഞ്ഞിനെ വയറ്റിൽ ചുമന്നവൾ. ജീവിതത്തിന്റെ കുത്തൊഴുക്കിൽ, നിന്നെ കുറിച്ചു ചിന്തിക്കുകപോലും ചെയ്യാതെ ഞാൻ തള്ളി കളഞ്ഞു. നിന്റെ സ്നേഹം സ്വീകരിക്കാനുള്ള യാതൊരു യോഗ്യതയും എനിക്കില്ല” ഞാൻ പൊട്ടിത്തെറിച്ചു. “വിവാഹശേഷം നീ എന്നെക്കുറിച്ച് ഓർക്കാതിരുന്നത് നിന്റെ പ്രണയം സത്യമായത് കൊണ്ടാണ് സല്മാ. നീ ഒരിക്കലും എന്നെ മനസിൽ കൊണ്ടുനടന്നു റാഷിദിനെ വഞ്ചിച്ചിട്ടില്ല. അവനെ സ്നേഹിച്ചിട്ടേയുള്ളൂ.

നിന്റെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം അവനില്ല എന്നുമാത്രം.” “വിഷ്ണു.. ഞാൻ…” “സൽമാ… ഞാനെന്നും നിന്നെ സ്നേഹിച്ചിരുന്നു. ഇപ്പോഴും സ്നേഹിക്കുന്നു. എനിക്ക് നീ മാത്രം മതി. മറ്റൊന്നും ഞാൻ കാര്യമാക്കുന്നില്ല.” എന്റെ വാദങ്ങളെയെല്ലാം ഖണ്ഡിക്കാൻ പോന്നതായിരുന്നു അവന്റെ വാക്കുകൾ. വീണ്ടും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോകവേ, എൻറെയുള്ളിലും അവനോടുള്ള പ്രണയം തിരിച്ചുവന്നുതുടങ്ങി. ഒരിക്കൽ വേദനിച്ചു മരിച്ച ഹൃദയം വീണ്ടും ഉയർത്തെഴുന്നേൽക്കാൻ തുടങ്ങി. ഒരു പരീക്ഷണം കൂടി താങ്ങാൻ കഴിയില്ല എന്നെന്റെ മനസ് പറയുമ്പോൾ തന്നെ വിഷ്ണുവിന്റെ സ്നേഹം എന്നെ പിന്തിരിപ്പിക്കും. ഒടുവിൽ ഞാൻ ആ ബന്ധത്തിന് എന്നെത്തന്നെ ഒരുക്കി.

നല്ലതായാലും ചീത്തയായാലും അനുഭവിക്കാൻ നിശ്ചയിച്ചു. വിഷ്ണുവിന്റെ വീട്ടിൽ അച്ഛനില്ല. അമ്മയ്ക്കും അനിയത്തിക്കും ഞങ്ങളുടെ ബന്ധം സന്തോഷം ആയിരുന്നു. ഒരിക്കൽ അവരായി തന്ന ബന്ധം തകർന്നത് കൊണ്ടാണോ എന്തോ, എന്റെ വീട്ടിൽ ഉപ്പയും ഇക്കാക്കമാരും എതിർത്തില്ല. ഉമ്മായ്ക്ക് പിന്നെ അഭിപ്രായങ്ങൾ ഇല്ലാത്തത് കൊണ്ട് പ്രശ്നം ഉണ്ടായില്ല. ഞങ്ങളുടെ ബന്ധം അവന്റെ അനിയത്തിയുടെ ജീവിതത്തിന് തടസം ആകാതിരിക്കാൻ, എല്ലാം അറിയുന്ന ഒരാളുമായി അവളുടെ വിവാഹം നല്ല രീതിയിൽ നടത്തി. ഒടുവിൽ അമ്പലത്തിന്റെയോ പള്ളിയുടെയോ മുന്നിലല്ലാതെ, മഹറിന്റെയോ താലിയുടെയോ പിൻബലമില്ലാതെ, രണ്ടുവീട്ടുകാരുടെയും സാന്നിധ്യത്തിൽ രജിസ്റ്റർ ഓഫീസിലെ രണ്ട് ഒപ്പിൽ ഞങ്ങൾ ഒന്നായി. ഒരേ കോളേജിൽ പഠിച്ചത് കൊണ്ടുതന്നെ,

ഭർത്താവിനെ ഉപേക്ഷിച്ചു നാടുവിട്ട ഞാൻ പഴയ കാമുകനെ വിവാഹം കഴിച്ചു എന്നായി നാട്ടിലെ സംസാരം. റാഷിക്കായുടെ ഭാര്യ ആയിരുന്നപ്പോഴും ഞങ്ങൾ തമ്മിൽ ബന്ധം ഉണ്ടായിരുന്നത്രെ. റാഷിക്കാ ഇപ്പോഴും ഭാര്യ ഉപേക്ഷിച്ച നിഷ്‌കളങ്കനായി സമൂഹത്തിൽ ജീവിക്കുന്നുണ്ട്. എന്നെ എനിക്കറിയാം. മറ്റുള്ളവർ പലതും പറയും, ജീവിക്കേണ്ടത് ഞാൻ ആണല്ലോ. അതുകൊണ്ട് തന്നെ, മറ്റുള്ളവർക്ക് വേണ്ടി അല്ലാതെ, എന്റെ സന്തോഷത്തിന് വേണ്ടി ജീവിക്കാൻ ആയിരുന്നു തീരുമാനം. 💝🥀💝🥀💝🥀💝🥀💝🥀💝🥀💝🥀💝 നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ വർഷങ്ങൾ പത്ത് കഴിഞ്ഞു.

ഞങ്ങൾ ഹൈദരാബാദിൽ തന്നെ സെറ്റിലായി. വിഷ്ണുവിന്റെ അമ്മ ഞങ്ങളുടെ കൂടെയാണ്. അനിയത്തി വേദികയും ഭർത്താവും ഇടയ്ക്ക് വരാറുണ്ട്. എന്റെ രണ്ടു പ്രസവത്തിനും വീട്ടിൽ നിന്നു എല്ലാവരും വന്നിരുന്നു. രണ്ടു പെണ്കുട്ടികളാണ് ഞങ്ങൾക്ക്, സ്മൃതിയും സൃഷ്ടിയും. രണ്ടു മതത്തിലെയും നന്മകൾ മാത്രം പറഞ്ഞുകൊടുത്തുകൊണ്ട്, ഒരു മതത്തിലും പെടാതെയാണ് അവരെ വളർത്തുന്നത്. നാട്ടിലേക്ക് ഞങ്ങൾ അപൂർവമായേ പോകാറുള്ളൂ. അന്നത്തെ സംഭവങ്ങൾക്ക് ശേഷം റാഷിക്കായെയോ വീട്ടുകാരെയോ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഇപ്പോ പോകുന്നത് ആ വീട്ടിലേക്കാണ്. ഇക്കയ്ക്ക് ബ്രെയിൻ ട്യൂമർ ആണ്. അവസാന സ്റ്റേജിൽ എത്തിയപ്പോൾ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്.

കുറെ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനമായി എന്നെ കണ്ടു മാപ്പ് പറയണം എന്ന് പറഞ്ഞിരുന്നു. അതിനാണ് ഈ യാത്ര. പെട്ടെന്ന് വിഷ്ണുവിന്റെ ഫോൺ റിങ് ചെയ്യുന്നതും സംസാരത്തിനിടെ അവന്റെ മുഖത്ത് ഗൗരവം നിറയുന്നതും ഞാൻ കണ്ടു. “റാഷിദ് പോയി..” ഫോൺ വച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു. എന്റെ ഉള്ളിലെവിടെയോ ഒരു വേദന തോന്നി. നാല് പെണ്കുട്ടികൾ ആണ് അവർക്ക്. ഏറ്റവും ഇളയ മോൾക്ക് ആറു മാസം പ്രായം. അച്ഛനില്ലാതെ അരുണ അവരെയും കൊണ്ട് ജീവിക്കുന്നത് ഞാനോർത്തു. ആ വീട്ടിൽ ജീവിക്കുന്നത് അത്ര എളുപ്പം അല്ലല്ലോ. “എന്നോട് ചെയ്തതിന് പടച്ചോൻ ആ കുഞ്ഞുങ്ങളെയാണല്ലോ വിഷ്ണു ശിക്ഷിച്ചത്…”

എന്റെ വേദന വാക്കുകളായി പുറത്തേക്ക് വന്നു. ജീവിതത്തിൽ ഒരിക്കലും ഞാൻ ഇക്കയെയോ അരുണയെയോ ശപിച്ചിട്ടില്ല. എല്ലാം ക്ഷമിച്ചിട്ടേയുള്ളൂ. നന്നായിരിക്കാൻ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. എന്നിട്ടും… “ശിക്ഷിക്കുന്നതും രക്ഷിക്കുന്നതും ഒക്കെ മുകളിൽ ഇരിക്കുന്നവന്റെ തീരുമാനം അല്ലേടി. നമുക്കെന്ത് ചെയ്യാൻ പറ്റും..???” അവൻ ചോദിച്ചു. ശരിയാണ്. വരുന്നതെല്ലാം അനുഭവിക്കുക എന്നതിനപ്പുറം സ്വന്തം വിധി മറ്റിയെഴുതാൻ ആർക്കാ കഴിയുക? ആ ആത്മാവിന് പടച്ചോൻ ശാന്തി കൊടുക്കട്ടെ. അരുണയ്ക്ക് എല്ലാം നേരിടാനുള്ള ശക്തിയും. ഞാൻ വിഷ്ണുവിന്റെ തോളിലേക്ക് ചാഞ്ഞു കണ്ണുകളടച്ചു. എന്റെ കൈകൾ അപ്പോഴും അവന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു….അവസാനിച്ചു

മൊഴിചൊല്ലിയവൾ : ഭാഗം 1

Share this story