മൈഥിലി : ഭാഗം 13

മൈഥിലി : ഭാഗം 13

എഴുത്തുകാരി: ആഷ ബിനിൽ

കല്യാണ ദിവസം രാവിലെ മുതൽ എല്ലാവരും തിരക്കിൽ ആയിരുന്നു. പത്തുമണിക്കാണ് പള്ളിയിൽ കുർബാന. ഒന്പതര കഴിഞ്ഞപ്പോഴേക്കും അവർ പള്ളിയിലെത്തി. പെണ്ണും കൂട്ടരും നേരത്തെ തന്നെ വന്നിരുന്നു. ജോബിൻ ഒരു ബ്ലൂ കളർ സ്യൂട് ആണ് ധരിച്ചത്. ജിൻസി ഓഫ് വൈറ്റ് കളർ സാരിയിൽ അതീവ സുന്ദരിയായിരുന്നു. ചെറുക്കൻ കൂട്ടരും അലങ്കാരം ഒട്ടും കുറച്ചില്ല. ആന്റിമാരെല്ലാം ചുവപ്പ് സാരിയും ഗോൾഡൻ കളർ ബ്ലൗസും. ചാച്ചന്മാർ റെഡ് കളർ സിൽക്ക് ഷർട്ടും മാച്ചിങ് കരയുള്ള മുണ്ടും.

പെണ്കുട്ടികൾ മൂന്നുപേരും മയിൽപ്പീലി കളർ ഗൗണ്. തുമ്പിമോളും അതേ കളറിലും ഡിസൈനിലും ഉള്ള ഫ്രോക്ക് അണിഞ്ഞു സുന്ദരിയായിരുന്നു. ആങ്ങളമാരെല്ലാം ബ്ലൂ കളർ ജംപ്സ്യൂട് ടൈപ്പ് പാന്റും വൈറ്റ് ഷർട്ടും ബ്ലൂ കളർ ബോ ടൈപ്പ് ടൈയും ആണ് വേഷം. മനസമ്മത്തിന്റെ ദിവസം ഒരേ കളർ ഡ്രസ് ഒക്കെ ഇട്ടു വന്നെങ്കിലും മാളുവിനൊപ്പം ഒറ്റക്കൊരു ഫോട്ടോ എടുക്കാൻ പറ്റിയില്ല ദേവന്. ഇന്ന് ആ കുറവ് നികത്താൻ അവൻ തീരുമാനിച്ചു. രണ്ടു മണിക്കൂറിലധികം ചടങ്ങുകൾ ഉണ്ടായിരുന്നു പള്ളിയിൽ. ഐറിനും അപ്പുവും ഇടക്ക് പുറത്തിറങ്ങി എങ്കിലും മാളു മുഴുവൻ സമയവും ചടങ്ങുകൾ കണ്ടുകൊണ്ട് പള്ളിയിലിരുന്നു,

അവളെ നോക്കിക്കൊണ്ട് ദേവനും. ഒടുവിൽ കുർബാനയും കെട്ടും എല്ലാം കഴിഞ്ഞു പുറത്തിറങ്ങി നോക്കുമ്പോൾ ഐറിനും അപ്പുവും മാളുവും കൂടി സെൽഫി എടുക്കുകയാണ്. ദേവനും അവർക്കൊപ്പം കൂടി. പിന്നെ ഐറിനൊപ്പവും അപ്പുവിനൊപ്പവും സിംഗിൾ സെൽഫി എടുത്തു, ശേഷം വളരെ സ്വാഭാവികം എന്നു തോന്നിക്കുന്ന രീതിയിൽ മാളുവിനൊപ്പവും. പിന്നെ അപ്പുവിനെ കൊണ്ട് മാളുവിനൊപ്പം നാലഞ്ചു ഫോട്ടോസ് എടുപ്പിച്ചു. മാളുവിനാണെങ്കിൽ അവന്റെ പ്രവർത്തികളിൽ സംശയം തോന്നിയതും ഇല്ല. “എക്‌സ്ക്യൂസ് മീ” ഒരു വിളി കേട്ട് മാളു തിരിഞ്ഞു നോക്കി.

ഫോർമൽ ഡ്രസ് ചെയ്ത സുമുഖനായ ഒരു ചെറുപ്പക്കാരൻ. “തന്റെ പേര് മൈഥിലി എന്നല്ലേ..?” “അതേ” “ഞാൻ അഭിനവ്. ജിൻസിയുടെ ക്ലോസ് ഫ്രണ്ട് ആണ്. വിപ്രോയിൽ അസോസിയേറ്റ് ആയി വർക് ചെയ്യുന്നു. മൈഥിലി ട്രിവാൻഡ്രം ബേസ്ഡ് ആണല്ലേ” “അതേ..” “എന്തു ചെയ്യുന്നു?” “ഞാൻ ശ്രീ മാധവം ഗ്രൂപ്പിൽ ബിസിനസ് അനലിസ്റ്റ് ആണ്. കഴക്കൂട്ടത്ത് കോർപറേറ് ഓഫീസിൽ.” “ഓ. നൈസ്.. പിന്നെ മൈഥിലിക്കു കല്യാണം നോക്കുന്നുണ്ടല്ലോ അല്ലെ?” “ചേച്ചീടെ കല്യാണം ഉറപ്പിച്ചതാ ചേട്ടാ” അവിടേക്ക് വന്ന അപ്പു പറഞ്ഞു. മാളു ഇതെപ്പോ എന്ന രീതിയിൽ അവളെ നോക്കി. അപ്പു അവളെ ഒരു കണ്ണടച്ച് കാണിച്ചു. മാളു പുഞ്ചിരിച്ചു.

“ഈ കുട്ടി?” “ഞാൻ അഷ്ടലക്ഷ്മി. എന്റെ ചേട്ടൻ അഗ്നിദേവ് വർമ്മ ആണ് ചേച്ചിയെ കെട്ടാൻ പോകുന്നത്. ശ്രീ മാധവം ഗ്രൂപ് ഞങ്ങളുടെ ആണ്. അല്ലെ ചേച്ചീ?” “ആഹ്.. അതേ” മാളു മറുപടി പറഞ്ഞു. അഭിനവിന്റെ മുഖത്തെ ചിരി മാഞ്ഞു. ഇനി എന്തു ചെയ്യണം എന്നറിയാതെ അവൻ പരുങ്ങി. “എങ്കിൽ പിന്നെ യൂ ക്യാരി ഓണ്. എനിക്ക് അല്പം ജോലിയുണ്ട്. ചെല്ലട്ടെ” അഭിനവ് വന്ന വഴിക്ക് തിരിച്ചു പോയി. അപ്പുവും മാളുവും ഓഡിറ്റോറിയത്തിലേക്കും. “അപ്പു നീ എതിനാ അയാളോട് അങ്ങനെ ഒക്കെ പറയാൻ പോയത്?” “പറയാതെ പിന്നെ? ചേച്ചിക്ക് ആ കാട്ടുകോഴിയെ കെട്ടണോ?”

“അയ്യേ.. എനിക്കെങ്ങും വേണ്ട” “ആ.. അതാ ഞാനങ്ങനെ പറഞ്ഞേ” “എന്നാലും.. ദേവൻ സാറെങ്ങാനും കേട്ടിരുന്നെകിൽ എന്തു വിചാരിച്ചേനെ?” “കേട്ടില്ലല്ലോ.. കേട്ടാലും ചേട്ടായിക്കൊന്നും തോന്നില്ല” മാളു പിന്നെ തർക്കിക്കാൻ നിന്നില്ല. പള്ളിയിലെ ചടങ്ങും ഓഡിറ്റോറിയത്തിൽ വച്ചു നടന്ന റിസപ്ഷനും കഴിഞ്ഞ് മാളിയേക്കൽ വീട്ടിലെ മരുമകളായി, മകളായി, ജോബിന്റെ നല്ല പാതിയായി ജിൻസി വലതുകാൽ വച്ചു കയറി. അവൾക് എല്ലാ സന്തോഷവും നൽകാൻ മാളുവും പ്രാർത്ഥിച്ചു.

കുരിശുമാല അണിയിച്ചു ആനി അവളെ അകത്തേക്ക് സ്വീകരിച്ചു. ചെക്കനും പെണ്ണിനും പാലും പഴവും നൽകി മധുരം കൊടുത്തു. കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം ജിൻസിയുടെ വീട്ടുകാർ തിരികെ പോയി. പോകുന്നതിന് മുൻപ് അമ്മച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞ ജിൻസിയെ ജോബിൻ പൊക്കിയെടുത്തുകൊണ്ട് പോയി അകത്തെ സോഫയിൽ ഇരുത്തി. കരച്ചിലിനിടയിലും അവളുടെ മുഖത്ത് നാണത്തിൽ പൊതിഞ്ഞ ചിരി വിരിഞ്ഞു. മാളു ബാത്‌റൂമിൽ കയറി കുറെ നേരം കരഞ്ഞു.

കഴിഞ്ഞ തവണ കല്യാണത്തിന് വരും എന്നൊരു ഉറപ്പുണ്ടായിരുന്നു. ഇനി എന്നാണ് ഇവിടേക്ക് എന്നറിയില്ല. വരാൻ കഴിയുമോ എന്നുപോലും അറിയില്ല. ഈ വീട്ടുകാർ തന്റെ ആരും അല്ലെങ്കിലും ബന്ധുക്കളോട് പോലും ഇല്ലാത്ത ആത്മബന്ധം അവരോടുണ്ട്. പിരിയുകയാണ് എന്നറിയുമ്പോൾ ഉള്ളം നോവുന്നു. വീണ്ടും ഒറ്റക്കാകുകയാണോ എന്നൊരു പേടി. കാരണം ഇല്ലാത്തൊരു സങ്കടം അവളെ പൊതിഞ്ഞു. അന്ന് വൈകുന്നേരം തന്നെ മാളുവും ദേവനും തിരുവനന്തപുരത്തേക്ക് മടങ്ങി. മാധവൻ ഒരു ബിസിനസ്സ് ട്രിപ്പ് ഉള്ളതുകൊണ്ട് ദുബായ്ലേക്ക് പോയി. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

പിറ്റേന്ന് ഓഫീസിലെ ബ്രെക് ടൈമിൽ കോഫീ ഷോപ്പിൽ ഇരുന്ന് കല്യാണ ഫോട്ടോകൾ മിക്കിയെ കാണിക്കുകയാണ് മാളു. ദേവനൊപ്പം നിൽക്കുന്ന ഫോട്ടോ കണ്ട അവളുടെ മുഖം വിടർന്നു. “നീയും ദേവൻ സാറും നല്ല മാച്ച് ആണല്ലൊടി.. സുന്ദരിയും സുന്ദരനും..” ആ വാക്കുകൾ ഒരുപാട് സന്തോഷം ഉണ്ടാക്കിയെങ്കിലും അതു മറച്ചുപിടിച്ചു മാളു ദേഷ്യത്തിൽ മുഖം മൂടി അണിഞ്ഞു “ഒന്നു പോയേ മിക്കി.. ഇതെങ്ങാനും സർ കേട്ടാൽ അതോടെ തീരും.” “ഞാൻ പറഞ്ഞു എന്നെ ഉള്ളു. നീ ചൂടാകാതെ” ആ സംഭാഷണം അവിടെ അവസാനിച്ചു. ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളായും കടന്നുപോയി.

ദേവനും ടീമും ആയി മിക്കിയും മാളുവും നന്നായി ക്ലോസ് ആയി. ഓഫീസിൽ വച്ച് പ്രകടിപ്പിച്ചില്ലെങ്കിലും ദേവൻ മാളുവിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി, അവന്റെ കുടുംബവും. അപ്പോഴും ദേവനോട് തോന്നുന്നതൊരു പ്രണയമോ അതോ വെറും ആകർഷണം മാത്രമാണോ എന്നറിയാതെ അവൾ കുഴങ്ങി. മമ്മ വിളിക്കാത്തതൊന്നും ഇപ്പോ തന്നെ ബാധിക്കുന്നെ ഇല്ല എന്നവൾ തിരിച്ചറിഞ്ഞു. മിക്കവാറും എല്ലാ ഞായറാഴ്ചകളിലും അവർ പുറത്തുപോകുന്നത് പതിവാക്കി.

ഷോപ്പിംഗും സിനിമയും എല്ലാം മുറക്ക് നടന്നെങ്കിലും റീജിയണൽ കാൻസർ സെന്ററിലെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ ആണ് അവർക്കേറെ ഇഷ്ടം. സാമ്പത്തികമായും അല്ലാതെയും കഴിയുന്ന സഹായങ്ങൾ എല്ലാം അവർ ആ കുരുന്നുകൾക് വേണ്ടി ചെയ്തുപോന്നു. എങ്കിലും സ്ഥിരമായുള്ള അവരുടെ സാനിധ്യം ആണ് മറ്റെന്തിനേക്കാളും അവർക്ക് ആശ്വാസം നൽകിയത്. ഇതിനിടയിൽ ഹരിക്ക് മിക്കിയോട് ഒരിഷ്ടം തോന്നി തുടങ്ങി. അവൾക്കും സമ്മതക്കുറവൊന്നും ഇല്ലായിരുന്നു. എങ്കിലും യെസ് പറഞ്ഞിട്ടില്ല. മാളു ചോദിച്ചപ്പോൾ പെട്ടന്ന് പറഞ്ഞാൽ വില പോകും എന്നു പറഞ്ഞു അവൾ.

എങ്കിൽ കൂടി വാക്കിലും നോക്കിലും ഹരിയോടുള്ള അവളുടെ പ്രണയം പ്രകടമായിരുന്നു. ഹരി മറ്റു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ മിക്കിയുടെ കുശുമ്പ് കാണാൻ നല്ല രസമാണ്. അവളിലൂടെ പ്രണയം ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ മാറ്റി എടുക്കുന്നു എന്നു നോക്കി കാണുകയായിരുന്നു മാളു. ഫെബ്രുവരിയിലെ വാലന്റൈൻസ് ഡേയിൽ മാളുവിനും ധാരാളം പ്രൊപ്പോസൽ വന്നിരുന്നു. എല്ലാം അവൾ സ്നേഹത്തോടെ തന്നെ നിരസിച്ചു. വീണ്ടും ദിവസങ്ങൾ കോഴിഞ്ഞുപോയി. മാർച്ച് ആദ്യവാരം ഒരു ബിസിനസ്സ് ആവശ്യത്തിനായി ദുബായിലേക്ക് പോയതാണ് ദേവൻ.

ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു. ഈ ദിവസങ്ങളത്രയും മാളു ഉരുകുകയായിരുന്നു. എന്നും മെസ്സേജ് ചെയ്യുമെങ്കിലും ദേവന്റെ അസാന്നിധ്യം അവളെ സാരമായി ബാധിച്ചു. ഒന്നിനും ഉന്മേഷം തോന്നുന്നില്ല. മനസിന്റെ തിളക്കം ഇല്ലായ്മ മുഖത്തും പ്രകടമായി. ചോദിച്ചവരോടെല്ലാം ഓരോ കാരണങ്ങൾ പറഞ് ഒഴിഞ്ഞുമാറി. ഒന്നും മിണ്ടിയില്ലെങ്കിൽ കൂടി അവൻ അടുത്തുള്ളപ്പോൾ വല്ലാത്തൊരു സുരക്ഷിതത്വം ഫീൽ ചെയ്തിരുന്നു. താൻ ഒറ്റയ്ക്കല്ല എന്ന് തോന്നിയിരുന്നു. പക്ഷെ ഇപ്പോ പെട്ടന്ന് ജീവിതം ശൂന്യമായ പോലെ. ദേവൻ ഒന്നു വന്നിരുന്നെങ്കിൽ എന്ന് വല്ലാത്ത ആഗ്രഹം തോന്നി. ഒന്നു കണ്ടാൽ മതി, ഉള്ളിലെ തീ അണയാൻ.

മാളു ദിവസങ്ങളെണ്ണി കാത്തിരുന്നു. മറുഭാഗത്ത് ദേവനും മാളുവിനെ കാണാതെ വീർപ്പുമുട്ടുകയായിരുന്നു. എങ്കിലും ഈ മാറിനിക്കൽ അനിവാര്യമാണ്. മാളുവിന് എന്തെങ്കിലും ഫീലിംഗ്‌സ് തന്നോടുണ്ടെങ്കിൽ തിരിച്ചു ചെല്ലുമ്പോൾ അവൾ തുറന്ന് പറഞ്ഞില്ലെങ്കിൽ കൂടി തനിക്കത് അറിയാൻ കഴിയും. ഇല്ലെങ്കിൽ..? അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. കാത്തിരുന്ന് കാത്തിരുന്ന് ദേവൻ നാട്ടിലെത്തി. അവൻ ഇല്ലാതിരുന്ന പതിനൊന്ന് ദിവസം യുഗങ്ങളായി ആണ് മാളുവിന് തോന്നിയത്. നാളെ അവനെ കാണാൻ അവളുടെ ഉള്ളം തുടിച്ചു.. തുടരും…

മൈഥിലി : ഭാഗം 12

Share this story