മഞ്ജീരധ്വനിപോലെ… : ഭാഗം 17

മഞ്ജീരധ്വനിപോലെ… : ഭാഗം 17

എഴുത്തുകാരി: ജീന ജാനകി

“കണ്ണേട്ടാ….. എണീക്ക്…..” “പ്ലീസ് ഒരഞ്ച് മിനുട്ട് കൂടി…..” “പറ്റില്ല…. സമയം ആറര ആയി….” “ഒന്ന് വെറുതെ ഇരിക്ക് ചക്കി…… ഞാൻ അഞ്ച് മിനുട്ട് കൂടി കഴിഞ്ഞ് എണീറ്റോളാം…..” ഭാമയുടെ നെഞ്ചിൽ കൊള്ളിയാൻ മിന്നും പോലെ തോന്നി…. അവളുടെ തലയിൽ അവ്യക്തമായ ചിത്രങ്ങൾ മിന്നി മാഞ്ഞു… നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടി…. അവളുടെ നൃത്തം ആസ്വദിക്കുന്ന ഒരു ചെറുപ്പക്കാരൻ…. അവൾ പെട്ടെന്ന് മയങ്ങി വീഴുന്നതും അവനവളെ വാരി എടുത്തു കൊണ്ട് ഓടുന്നതും അവൾ മിന്നായം പോലെ കണ്ടു… ഭാമയ്ക് തന്റെ ദേഹം തളരുന്ന പോലെ തോന്നി…. അവളുടെ കാലുകൾക്ക് ബലം നഷ്ടപ്പെട്ടു…

കണ്ണുകളിൽ ഇരുട്ടു കയറി…. ഭാമ കുഴഞ്ഞ് താഴെ വീണു…. കയ്യിലിരുന്ന ചൂട് ചായ മാധവിന്റെ പുറത്തും…. പ്ധും…… “അയ്യോ…… എന്നെ ഈ മൂദേവി കൊന്നേ…. എടീ……” മാധവ് തിരിഞ്ഞു നോക്കിയതും ആരെയും കണ്ടില്ല…. “ഓഹ് എന്റെ മേലേ തിളച്ച ചായ ഒഴിച്ചിട്ട് നീ ഓടിക്കളഞ്ഞോ…. ഇന്നത്തോട് കൂടി നിന്റെ ഈ പരിപാടി ഞാൻ നിർത്തിത്തരാം….” അവൻ ബെഡിൽ നിന്നും താഴേക്ക് ഇറങ്ങിയതും താഴെ കിടന്ന ഭാമയുടെ ശരീരത്തിൽ തട്ടി താഴെ വീണു…. “എടീ നിനക്ക് എന്തിന്റെ സൂക്കേടാ…. രാവിലെ ചായ എന്റെ പുറത്തു അഭിഷേകം ചെയ്തത് പോരാഞ്ഞിട്ടാണോ വട്ടം കിടന്നു തള്ളിയിടുന്നത്….

 

ടീ…. ഭാമേ….ടീ…. കണ്ണു തുറക്കെടീ….” മാധവ് അവളെ താങ്ങി എടുത്ത് കട്ടിലിൽ കിടത്തി…. “ഭാമേ…. കണ്ണ് തുറക്കെടീ….” അവൻ ജഗ്ഗിലിരുന്ന വെള്ളം അവളുടെ മുഖത്ത് തളിച്ചു…. “മ്…മ്…” അവൾ പതിയെ കണ്ണുകൾ തുറന്നു മാധവിനെ നോക്കി… എന്നിട്ട് ചാടി എണീറ്റു… “ആർ യൂ ഓകെ….” “ആം…” “എന്തുപറ്റി പെട്ടെന്ന്….” “എന്തോ തലയ്കുള്ളിൽ അവ്യക്തമായ ചില ചിത്രങ്ങളും ശബ്ദങ്ങളും…. തല പെരുക്കും പോലെ തോന്നി…. എന്തോ ഞാൻ കേട്ടു…. പിന്നെ എന്തൊക്കെയോ ഓർമ്മകൾ പോലെ…. ആകെ ഒരു പുകമറ…. ഇരുട്ട് കയറുന്ന പോലെ തോന്നി…..” “മ്….. ഇപ്പോ കുഴപ്പം വല്ലതും ഉണ്ടോ… “ഏയ് ഇല്ല…. അയ്യോ ഞാനെവിടാ…. ങേ എന്നെ എന്തിനാ ഇവിടെ കിടത്തിയെ….” “തേങ്ങയിടാൻ….”

“നിങ്ങളോട് ആരാ മനുഷ്യാ എന്നെ ഇവിടെ കിടത്താൻ പറഞ്ഞത്…. ഇന്നലേം ഇങ്ങനാർന്നല്ലോ…..” “ദേ രാവിലെ വന്ന് ചൊറിയുന്ന വർത്താനം പറയരുത് കേട്ടോ…. എടുത്ത് കിടത്തിയതും പോര, എന്റെ നെഞ്ചിലോട്ട് കേറുന്നോ….. അല്ല എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ…. ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ പോകാനും മാത്രം ബോധം ഒക്കെ നിനക്കുണ്ടോ….” “നിങ്ങൾക്ക് ചായ കൊണ്ട് വന്ന എന്നെ അടിക്കണം ആദ്യം….” “അന്തപ്പുരത്തിലെ അമ്മച്ചിയോട് ഞാൻ പറഞ്ഞോ ചായേം കൊണ്ട് എഴുന്നള്ളാൻ…. അതിന് നീ ചായ എന്റെ മേലേ കമഴ്ത്തുവല്ലേ ചെയ്തത്….” “വിളിച്ചാൽ എണീക്കണം….

ഇല്ലേൽ അങ്ങനൊക്കെ വീഴും…” “കഴുത്തിൽ ഒരു താലി കെട്ടി എന്നുകരുതി എന്നെ കേറി ഭരിക്കാൻ വരരുത്… അതിന് നീ ആയിട്ടില്ല… ഒന്നുപോടി ഏപ്പരാച്ചി….” അവൻ അവളെ ഒന്ന് പുച്ഛിച്ചിട്ട് ബാത്ത്റൂമിലേക്ക് പോയി…. “ഇങ്ങേർക്ക് വല്ല വിമ്മും കലക്കിക്കൊടുത്താലൊ…. വേണ്ട അതെനിക്ക് പണിയാകും….. കാലമാടൻ… ഹും…” ഭാമ ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി…. ************ “ശ്രീയേട്ടാ…..” “എന്താ ദേവൂ…..” “അമ്മ വിളിച്ചിരുന്നു… രാവിലെ തറവാട്ടിൽ എത്തിയെന്ന്…..” “ആഹാ…. നാട്ടിലെത്തിയോ…. യാത്ര കഴിഞ്ഞാൽ ഇങ്ങോട്ടാണല്ലോ വരുന്നത്… എന്താ ഇത്തവണ ആ വരവ് മുടങ്ങിയത്…. ഇപ്പോഴാണെങ്കിൽ മോളുടെ കല്യാണവും കഴിഞ്ഞതല്ലേ…..” “അറിയില്ല….

എന്തെങ്കിലും വയ്യായ്ക കാണും… എന്തുണ്ടേലും പറയില്ലല്ലോ…. കാര്യസ്ഥൻ രാമേട്ടന്റെ കയ്യിൽ പ്രസാദം കൊടുത്തയക്കാം എന്ന് പറഞ്ഞിട്ടുണ്ട്… അമ്മേ വൈദീശ്വരൻ കോവിലിൽ പോയിരുന്നെന്ന്…. കുടുംബസമേതം ഒരു തവണ അവിടെ പോകണം എന്ന് പ്രത്യേകം പറഞ്ഞു…. പിന്നെ അടുത്ത മാസം മ്മടെ തറവാട് ക്ഷേത്രത്തിൽ ഉത്സവമാണ്…. ഇത്തവണ പൂജയ്ക്ക് ഭാമയും മാധവും ഇരിക്കണം എന്ന് നിർബന്ധാണ്…. അമ്മേട മനസ്സിൽ എന്തോ ആശങ്കയുള്ളത് പോലെ….” “എന്ത് ആശങ്ക…” “അറിയില്ല…. അമ്മയ്ക്ക് മാത്രല്ല ശ്രീയേട്ടാ….. എനിക്കും എന്തോ ഒരു പേടി പോലെ…..” “നീ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിക്കാതെ….. എല്ലാം ശരിയാകും…. നമുക്ക് നാളെ ആ സിദ്ധനെ പോയൊന്ന് കാണാം….” “മ്…. എന്റെ കുഞ്ഞുങ്ങളെ നീ കാത്തുരക്ഷിക്കണേ ഭഗവതി….”

“അവർക്ക് ഒന്നും വരില്ലെടോ…..” “അതേ…. അവരോട് പൂജയുടെ കാര്യം ഒന്ന് വിളിച്ചു പറഞ്ഞേക്കണം…. ഒരാഴ്ച എന്തായാലും തറവാട്ടിൽ നിക്കണ്ടേ….” “മ്…. ഞാൻ ഹരിയെ വിളിച്ചു സംസാരിക്കണുണ്ട്….. അവസാനം പറയാനിരുന്നാൽ രണ്ടാൾക്കും തിരക്കായാലോ…..” “അതാ നല്ലത്…. ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ…. ഒന്നും ഉണ്ടാക്കിയില്ല… കുട്ടന് നേരത്തെ പോണം….” ************ പതിവുപോലെ മാധവ് നേരത്തെ പോയി… ഭാമ ബസിൽ പോയി….. അവൾ ചെന്നതും എന്തോ ആലോചിച്ച് ഇരിക്കുന്ന അമ്പുവിനെയും അച്ചുവിനെയും ആണ് കണ്ടത്…. ഭാമ – എന്താടീ നീ ഇങ്ങനെ ആലോചിച്ച് തള്ളുന്നത്…. അച്ചു – നീ അവനോട് ചോദിക്ക്…. ഭാമ – ടാ എന്താ കാര്യം….. അമ്പു – അല്ല ഭാമേ ഞാൻ കുറുനരിയെ കുറിച്ച് ആലോചിക്കുവായിരുന്നു…. ഭാമ – ഏത് കുറുനരി…. അമ്പു – ഡോറയിലെ കുറുനരി….

എന്ത് പാവമാ അല്ലേ…. കുറുനരി മോഷ്ടിക്കരുതെന്ന് പറഞ്ഞാൽ പാവം ചിരിച്ചോണ്ട് ഓടിപ്പോകും…. ഞാനായിരുന്നെങ്കിൽ പറഞ്ഞാലും ആ ബാഗും അടിച്ചു മാറ്റി ആ പെണ്ണിനും കുരങ്ങനും ചന്തി പൊളിയെ നാലടിയും പറ്റിച്ചിട്ടേ പോവുള്ളായിരുന്നു…. അച്ചു – അതെന്തിനാ ബാഗടിച്ച് മാറ്റുന്നേ….. അമ്പു – എന്റെ ബാഗിൽ ചോറ് കൊള്ളാത്തത് കൊണ്ടാ നിന്റേന്നൊക്കെ ഞാൻ കയ്യിട്ട് വാരുന്നത്…. ഡോറേട ബാഗിൽ വണ്ടി വരെ കൊള്ളൂലേ…. അപ്പോ ലാഭമല്ലേ…. ഭാമ – എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…. നിന്നെ പോലെ നീയേ ചിന്തിക്കുള്ളൂ അമ്പൂ…. അച്ചു – ഒരു പ്രത്യേക തരം സൈക്കോ…. ഇവന്റെ മണ്ടത്തരം കുറയ്ക്കുന്നതും ആകാശത്തിന് പെയിന്റ് അടിക്കുന്നതും ഒരുപോലെയാ… നോട്ട് വാക്കിംഗ്…. നടക്കൂല….. ചിരിയും കളിയുമായി ആ ദിവസം അങ്ങനെ പോയി…. മാധവ് ബിസി ആയതിനാൽ ഭാമയ്ക് പതിവ് കിട്ടുന്ന വഴക്ക് കിട്ടിയില്ല… ************

ഓഫീസിൽ നിന്നും വൈകിട്ട് അമ്പുവായിരുന്നു ഭാമയെ വീട്ടിൽ കൊണ്ട് വന്നത്….. അവനോട് യാത്ര പറഞ്ഞ് അവൾ വീട്ടിലേക്ക് വന്നു…. മുൻവശത്തെ വാതിൽ മലർക്കെ തുറന്നു കിടന്നിരുന്നു… ആരെയും പുറത്തേക്ക് കണ്ടില്ല…. “ശ്ശെടാ ഇതെന്താ ഇങ്ങനെ ആളുമനക്കവുമില്ലാതെ വാതിൽ മാത്രം തുറന്നിരിക്കുന്നത്…. അമ്മേ….. മഞ്ജീ…..” പക്ഷേ ആരുടെയും അനക്കം കേട്ടില്ല…. പെട്ടെന്ന്….. “ഠോ……!!!!” “അമ്മേ…..!!!!” “അയ്യോ പേടിച്ചു പോയോ….” “ആ…ആരാ…..” “എന്റെ പേര് ഋതു….. അറിയോ….” “എന്റെ പൊന്നു കൊച്ചേ…. നീ എനിക്ക് അറ്റാക്ക് ഉണ്ടാക്കുമല്ലോ…. കണ്ടിട്ടില്ലെന്നേയുള്ളൂ…. കേട്ടിട്ടുണ്ട്…. എപ്പോ വന്നു….” “ഉച്ചയ്ക്ക് എത്തി…. കിച്ചേട്ടനെവിടെ….”

“കണ്ണേട്ടൻ രാത്രിയാകും വരാൻ….” “കണ്ണേട്ടനോ…” “നിന്റെ കിച്ചേട്ടൻ തന്നെ…” “ഓഹോ…. മ്… നടക്കട്ടെ…. അതേ പുള്ളിക്കാരൻ മെരുങ്ങിയോ….” “അങ്ങേർക്ക് എന്നെ കാണുന്നതേ ചതുർത്ഥിയാ…. അത് വിട്… അമ്മേം മഞ്ജിയും എവിടെ….” “അവര് അമ്പലത്തിൽ പോയി….” “നീ പോയില്ലാർന്നോ….” “ഏയ്…. ഞാൻ കിടന്നു ഉറങ്ങിപ്പോയി… ഇനിയിവിടെ ഉണ്ടല്ലോ…. എപ്പോ വേണമെങ്കിലും പോകാല്ലോ…. “ഒരാൾ കൂടി ഇന്നെത്തും എന്ന് പറഞ്ഞിരുന്നു….” “ആരാ ദച്ചുവാണോ…. അവളെത്തി…. ദേ വരണു…..” ഭാമ അവളെ നോക്കി…. ഇരുനിറത്തിൽ മെലിഞ്ഞ രൂപം… പാറിപ്പറന്ന മുടിയിഴകൾ… കറുത്ത സ്പെക്സ് വച്ചിട്ടുണ്ട്… കണ്ണുകളിൽ ഒരുതരം നിർവികാരയും നിഗൂഢതയും….

ഒരു പാവാടയും ടോപ്പുമാണ് വേഷം…. ഋതു പക്ഷേ നല്ല വെളുത്തിട്ടാണ്…. മുടി ലൂസ് ഹെയറായി ഇട്ടിരിക്കുന്നു…. കറുത്തുരുണ്ട കണ്ണുകൾ… അത്യാവശ്യത്തിന് തടിയൊക്കെ ഉണ്ട്… ആരും കണ്ടാൽ ഒന്ന് നോക്കിപ്പോകും… അത്ര നല്ല ഭംഗിയാണ്…. ഭാമ ദച്ചുവിന്റെ അടുത്തേക്ക് ചെന്നു…. “ഞാൻ ഭാമിക….” “ദച്ചു…” “യാത്രയൊക്കെ സുഖമായിരുന്നോ…” “മ്….” “താൻ അധികം സംസാരിക്കില്ലേ….” “ആവശ്യത്തിനേ സംസാരിക്കുള്ളൂ….” അവൾ ഭാമയെ ഒന്ന് നോക്കിയ ശേഷം മുകളിലേക്ക് കയറിപ്പോയി…. കണ്ണ് മറയും മുൻപ് അവൾ ഒന്ന് കൂടി ഭാമയെ തിരിഞ്ഞു നോക്കിയ ശേഷം നടന്നുപോയി… ഭാമയത് കണ്ടില്ലെങ്കിലും ഋതു നന്നായി കണ്ടു… അവളുടെ നെറ്റി ചുളിഞ്ഞു….

“അവളൊരു പ്രത്യേക സ്വഭാവമാണ് ഭാമേ…. നീ അത് നോക്കണ്ട….” “ഏയ്…. പലരും പല സ്വഭാവമായിരിക്കില്ലേ…..” “മ്…. താൻ പോയി ഫ്രഷാകൂ…. ഞാൻ ചായ എടുക്കാം….” “വേണ്ടെടാ…. നീ അവിടെ ഇരിക്ക്…. ഞാൻ ഒന്ന് ഫ്രഷായി വന്നിട്ട് ഇട്ട് തരാം…” “ആഹാ…. ആദ്യമായിട്ട് തന്റെ കൈകൊണ്ട് കിട്ടുന്ന ചായ അല്ലേ…. കുടിച്ചിട്ട് ഞാൻ മാർക്കിടാട്ടോ….” “ആയിക്കോട്ടെ…..” ഭാമ ചിരിച്ചുകൊണ്ട് മുകളിലേക്ക് പോയി…. പക്ഷേ അവളുടെ മനസിൽ എന്തോ ഒരു അരുതായ്ക സംഭവിക്കാൻ പോകും പോലെ തോന്നി…. ************ അർധരാത്രി പന്ത്രണ്ട് മണി കഴിഞ്ഞു… ഭൂമിയാകെ അന്ധകാരത്തിൽ മുങ്ങി… എല്ലാവരും നിദ്രയിലാണ്ട സമയം…. കറുത്ത മേലങ്കി ധരിച്ച ഒരു രൂപം മാധവിന്റെ റൂം ലക്ഷ്യമാക്കി നടന്നടുത്തു….

കൈയിൽ ഒരു ചെറിയ കുട്ടയും ഉണ്ടായിരുന്നു… മുറിയുടെ മുന്നിൽ നിന്ന് പതിയെ ചുറ്റും കണ്ണോടിച്ചു… ആരുമില്ലെന്ന് ഉറപ്പായ ശേഷം വാതിലിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു…. ലോക്ക് ചെയ്യാത്തതിനാൽ വാതിൽ തുറന്നുവന്നു…. ബാൽക്കണി തുറന്ന് കിടപ്പുണ്ടായിരുന്നു… പുറത്ത് നിന്നും നിലാവെളിച്ചം അകത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു… അന്തരീക്ഷമാകെ മുല്ലപ്പൂവിന്റെ ഗന്ധം….. കട്ടിലിലേക്ക് നോക്കിയ ആ രൂപം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്ന മാധവിനെ കണ്ടു….. ആ കണ്ണുകളിൽ പ്രണയം നിറഞ്ഞു… അവന്റെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും സ്വയം നിയന്ത്രിച്ചു… അടുത്ത് ഭാമയെ കാണാതെ ആ രൂപം മുറി ആകെയൊന്ന് നോക്കി… അപ്പോഴാണ് സോഫയിൽ പാദം മുതൽ കഴുത്ത് വരെ മൂടി പുതച്ച് കിടക്കുന്ന ഭാമയെ കണ്ടത്…

ആ രൂപത്തിന്റെ ചുണ്ടുകളിൽ ക്രൂരമായ ഒരു ചിരി വിരിഞ്ഞു…. കണ്ണുകളിൽ വെറുപ്പ് തിങ്ങി നിന്നു….. ഭാമയുടെ അടുത്തേക്ക് ചെന്ന ശേഷം അവളുടെ മുഖം നോക്കി ഒന്ന് പുച്ഛിച്ചു… പതിയെ കുട്ടയുടെ മൂടി തുറന്ന ശേഷം അവളുടെ പാദത്തിന്റെ ഭാഗത്തായി വച്ചു… പുറത്ത് വന്ന വിഷസർപ്പം പതിയെ അവളുടെ ബ്ലാങ്കറ്റ് പുതച്ച പാദത്തിലേക്ക് ഇഴഞ്ഞു കയറി…. “ഗുഡ് ബൈ ഭാമക്കുട്ടി…. ഇച്ചിരി വിഷം കൂടിയ ഐറ്റമാ…. കുറച്ചു ക്രൂരതയാണ്…. പക്ഷേ എന്ത് ചെയ്യാം… എനിക്ക് വേണം എന്റെ മാധവിനെ…. വേറേ വഴിയില്ല…” പതിയെ മന്ത്രിച്ച ശേഷം ആ രൂപം നിർവൃതിയോടെ വാതിലടച്ചു പുറത്തേക്ക് പോയി….. സർപ്പം പതിയെ ബ്ലാങ്കറ്റിന് മുകളിലൂടെ ഭാമയുടെ ദേഹത്തേക്ക് ഇഴഞ്ഞുകയറി…. ആകാശത്തിലെ ചന്ദ്രനെ കാർമേഘങ്ങൾ മറച്ചു…. ************

“ഭാമേ…….” “ങേ….. ദേവൂ…. എന്തുപറ്റിയെടോ…” ശ്രീനാഥ് ലൈറ്റിട്ടു… ദേവകി ആകെ വിയർത്ത് കുളിച്ചിരുന്നു…. ശ്രീനാഥ് ക്ലോക്കിൽ നോക്കി… സമയം പന്ത്രണ്ട് അഞ്ച് കഴിഞ്ഞു…. “ദേവൂ….. എന്താടോ….” “ശ്രീയേട്ടാ നമ്മുടെ മോള്…..” “മോൾക്കെന്താ….” “അവൾക്കെന്തോ പറ്റിയിട്ടുണ്ട്…” “താനെന്തൊക്കെയാ ഈ പറയുന്നത്… ഓരോന്ന് ആലോചിച്ചു കിടന്നിട്ടാ ദുസ്വപ്നം കാണുന്നത്…” “ഒന്ന് വിശ്വസിക്ക് ശ്രീയേട്ടാ…. ഞാൻ വ്യക്തമായി കണ്ടതാ…. ഒരു കരിനാഗം… അത് നമ്മുടെ മോളെ ദംശിക്കുന്നു…. അതിന്റെ സീൽക്കാരം ഇപ്പോഴും എന്റെ ചെവിയിൽ കേൾക്കുന്ന പോലെ…” “കുറേ ആയില്ലേ കാവിലേക്കൊക്കെ പോയിട്ട്…. താൻ അത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതല്ലേ….

ആ പേടിയും പിന്നെ ഇന്നത്തെ ചിന്തകളൊക്കെ കൂടി ആയപ്പോൾ ഇങ്ങനെ സ്വപ്നം കണ്ടതാവും…..” “ശ്രീയേട്ടാ ഒന്ന് വിളിക്ക് അവളെ…. അല്ലെങ്കിൽ മാധവ് മോനെ വിളിക്ക്…” “നീ എന്താ ദേവു പറയുന്നത്…. സമയം എത്രയായെന്നാ വിചാരം…. പന്ത്രണ്ട് കഴിഞ്ഞു… ഈ സമയത്താണോ വിളിക്കുന്നത്… അവളിപ്പോൾ നമ്മുടെ മകൾ മാത്രല്ല… ഒരു ഭാര്യ കൂടി ആണ്…” “പക്ഷേ ശ്രീയേട്ടാ…..” “നീ ഒന്നും പറയണ്ട…. നാളെ രാവിലെ വിളിക്കാം… ഇപ്പോ കിടക്കാൻ നോക്ക്….” അവർ അസ്വസ്ഥമായ മനസ്സോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു…. ദേവകിയുടെ കണ്ണുകളിൽ നിന്നും മിഴിനീർകണങ്ങൾ അടർന്നപ്പോൾ വിഷസർപ്പം ഭാമയുടെ തലഭാഗത്തേക്കുള്ള യാത്രയിലായിരുന്നു…. .. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 16

Share this story