മൈഥിലി : ഭാഗം 16

മൈഥിലി : ഭാഗം 16

എഴുത്തുകാരി: ആഷ ബിനിൽ

“പോകാം?” ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ടീന ഒരു പുഞ്ചിരിയോടെ ചോദിച്ചു. മാളു സമ്മത ഭാവത്തിൽ തലയാട്ടി. എവിടേക്കാണെന്ന് അറിയാത്തൊരു യാത്ര. ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഒളിച്ചോട്ടം ആണ് ഇത്. എല്ലാത്തിൽ നിന്നും, എല്ലാവരിൽ നിന്നും. റീജിയണൽ കാൻസർ സെന്ററിൽ വച്ചുള്ള പരിചയം ആണ് അവളോട്.. പരിചയം എന്ന് പറയാൻ പറ്റുമോ എന്നറിയില്ല. ഒന്നു രണ്ടു തവണ കണ്ടിട്ടുണ്ട്, അത്ര മാത്രം. ജീസസ് യൂത്ത് എന്ന സംഘടനയിലെ പ്രവർത്തകയാണ് അവൾ.

അവരുടെയായി അബോർഷനും ആത്മഹത്യയും ഒക്കെ എതിർക്കുന്ന പ്രോ ലൈഫ് എന്നൊരു മൂവമെന്റ് ഉണ്ട്. അതിലെ പ്രവർത്തകയാണ് ടീന. പരിചയപ്പെടുന്ന സമയത്തു കാർഡ് വാങ്ങി വെച്ചതാണ്. എന്തു ചെയ്യണമെന്നറിയാതെ നിന്ന അവസരത്തിൽ പെട്ടന്ന് അവളുടെ മുഖമാണ് മനസിലേക്ക് വന്നത്. കാര്യങ്ങളെല്ലാം കേട്ടു കഴിഞ്ഞ് സഹായിക്കാം എന്നു പറയുമ്പോൾ അവൾ രണ്ടാമത് ഒന്നു ആലോചിക്കുകകൂടി ചെയ്തില്ല എന്നു മാളു ഓർത്തു. ഇങ്ങനെയും മനുഷ്യർ..! ആര്യാനടുള്ള ചെറിയൊരു ക്ലിനിക്കിലേക്കാണ് ആദ്യം പോയത്. ഡോ. സിസ്റ്റർ ആഗ്നസ് എന്നെഴുതിയ ബോർഡിന് മുന്നിൽ ഇരിക്കുമ്പോൾ മാളുവിന്റെ ഹൃദയം തീർത്തും ആശാന്തമായിരുന്നു. തങ്ങളുടെ ഊഴം ആയപ്പോൾ ടീനയോടൊപ്പം അവൾ അകത്തേക്ക് കയറി.

ടീന മുന്നേ തന്നെ എല്ലാം പറഞ്ഞിരുന്നത് കൊണ്ട് പ്രത്യേകിച്ചു ചോദ്യങ്ങളും മറ്റും ഉണ്ടായില്ല. എങ്കിലും സിസ്റ്റർ ആഗ്‌നസിന്റെ മുഖഭാവം അവളെ കുറ്റബോധത്തിൽ ആഴ്ത്തി. അപരാധിയോടെന്നപോലെയുള്ള അവരുടെ നോട്ടം നേരിടാനാകാതെ അവൾ മുഖം കുനിച്ചു. ഒരു ഡോക്ടറും കർത്താവിന്റെ മണവാട്ടിയും ആയിട്ടും അവർക്കുപോലും തന്നെ ഉൾകൊള്ളാൻ ആകുന്നില്ല എന്നു വേദനയോടെ മാളു തിരിച്ചറിഞ്ഞു. രണ്ടാം മാസത്തെ സ്കാനിംഗും കഴിഞ്ഞാണ് അവർ അവിടെനിന്ന് ഇറങ്ങിയത്. മറ്റു കുഴപ്പങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് ഫോളിക് ആസിഡും വിറ്റാമിൻ ടാബ്‌ലറ്റ്സും മാത്രമേ കഴിക്കാനുള്ളു.

ക്ലിനിക്കിനടുത്തെ മതിൽ കടന്നെത്തുന്ന വീട്ടിലേക്കാണ് ടീന മാളുവിനെ കൊണ്ടുപോയത്. “സ്നേഹസദൻ” എന്നു വലിയ അക്ഷരത്തിൽ എഴുതിയ ഗേറ്റ് കണ്ടപ്പോഴേ മാളുവിന്റെ കണ്ണു നിറഞ്ഞു. മാളു പ്രതീക്ഷിച്ചതുപോലെ തന്നെ സിസ്റ്റേഴ്‌സ് നടത്തുന്ന ഒരു അനാഥാലയം ആണ് സ്നേഹസദൻ. ഒൻപതിനും ഇരുപതിനും ഇടയിൽ പ്രായമുള്ള പന്ത്രണ്ടു കുട്ടികളും പതിനഞ്ചോളം വൃദ്ധരും ആണ് അന്തേവാസികൾ. ഇനിമുതൽ താനും. അവിടത്തെ ഇൻ ചാർജ് ആയ സിസ്റ്റർ ട്രീസയുടെ കയ്യിൽ മാളുവിന്റെ ഏൽപിച്ച ശേഷം ടീന യാത്രപറഞ്ഞു പോയി. സിസ്റ്റർ ട്രീസ അവൾക് മുറി കാണിച്ചുകൊടുത്തു. ചെറിയൊരു ബെഡും ഒരു മേശയും കസേരയും അലമാരയും അറ്റാച്ച്ഡ് ബാത്റൂമും. അത്രേയുള്ളൂ മുറി.

“ഇവിടെ എല്ലാം ഡോർമിട്ടറി ആണ്. മൈഥിലി പ്രെഗ്നൻറ് ആയതുകൊണ്ട് മാത്രമാണ് റൂം തന്നത്. പോയി ഫ്രഷ് ആയി വന്നോളൂ. ചായ കുടിക്കാം.” മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു മാളു. എങ്കിലും ഒറ്ററാക്കിരുന്നു പ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോൾ ഫ്രഷ് ആയി മെസ് ഹാളിലേക്ക് ചെന്നു. അവിടെ എല്ലാവരും അവളെയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. സിസ്റ്റർ ട്രീസ ആയയോട് പറഞ് അവൾക് ചായയും ഉഴുന്നുവടയും എടുത്ത് കൊടുത്തു. അതും പിടിച്ചു വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ് മാളു. “ചായ കുടിക്കടോ” മാളു അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു.

ചായ കുടിക്കാൻ എടുത്തെങ്കിലും മുഖത്തോട് അടുപ്പിച്ചപ്പോൾ മനംപുരട്ടി. ഓടി സിങ്കിനടുത്തേക്ക് പോയി കുറെ നേരം ശർദ്ധിച്ചു. മഞ്ഞ വെള്ളം അല്ലാതെ മറ്റൊന്നും പുറത്തേക്ക് വന്നില്ല. സിസ്റ്റർ ട്രീസ അവളുടെ പുറം തടവിക്കൊടുത്തു. തിരികെ കസേരയിൽ കൊണ്ടിരുത്തി. “ശർദ്ധി എപ്പോഴും ഉണ്ടോ?” “ഇല്ല.. ആദ്യമായി ആണ്..” “വയറ്റിൽ ഒന്നും ഇല്ലാത്തത് കൊണ്ടായൊരിക്കും. ഈ സമയത്തു ഇതൊക്കെ സദാരണം ആണ്. പേടിക്കാനൊന്നും ഇല്ലാട്ടോ” മാളു പുഞ്ചിരിച്ചു. ശരിയാണ്. താൻ ഇപ്പോൾ ഒരാളല്ല, രണ്ടുപേരാണ്. അവൾ മെല്ലെ ചായ കുടിച്ചു. വടയും കുറച്ചു കഴിച്ചു സിസ്റ്ററോട് പറഞ്ഞു മുറിയിലേക്ക് പോയി.

മാളുവിനെ പരിചയപ്പെടാൻ കാത്തുനിന്ന മാറ്റ് അന്തേവാസികളെ അവളുടെ പ്രവർത്തി നിരാശരാക്കി. എങ്കിലും അവളുടെ അവസ്ഥ മനസിലായതിനാൽ അവർ സ്വന്തം ജോലികൾ തുടർന്നു. രാത്രി ഭക്ഷണം കഴിക്കാൻ ഒരു കുട്ടി വന്നു വിളിച്ചു. പത്തുപതിനെട്ട് വയസ് പ്രായം കാണും. എങ്കിലും പക്വതയുള്ള പെരുമാറ്റം. കഴിക്കാൻ തോന്നുന്നില്ലെങ്കിലും കുഞ്ഞിനെ ഓർത്തു അവൾ അല്പം ചപ്പാത്തിയും കറിയും എടുത്ത് കഴിച്ചു. ഒന്നുരണ്ട് ആഴ്ചകൊണ്ടു തന്നെ സ്നേഹസദനും ആയി മാളു പൊരുത്തപ്പെട്ടു.

ഓഫീസിൽ വച്ചുള്ള ഒരു പരിചയം പ്രണയം ആയെന്നും, അയാളെ കുറിച്ച് ഇപ്പോൾ ഒരു വിവരവും ഇല്ലെന്നും താനിപ്പോഴും അയാളെയും കാത്തിരിക്കുന്നു എന്നും മാത്രമാണ് ടീന അടക്കം എല്ലാവരോടും പറഞ്ഞത്. തന്റെ വായിൽ നിന്ന് സത്യം പുറത്തറിഞ്ഞാൽ അത് അച്ചുവേട്ടനെ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ടിച്ചാലോ എന്നവൾ കണക്കുകൂട്ടി. ആരും അവനെ മോശക്കാരനായി കാണാൻ അവൾ ഇഷ്ടപ്പെട്ടില്ല എന്നതാണ് സത്യം. സ്നേഹസദാനിലെ അന്തേവാസികളുമായും അവിടുത്തെ ചിട്ടകളുമായും അവൾ യോജിച്ചുപോയി. എങ്കിലും ചില കാര്യങ്ങളിലെ തന്റെ അനിഷ്ടം അവൾ തുറന്നുപറഞ്ഞു. അതിലൊന്നായിരുന്നു പല മതസ്ഥരായ അന്തേവാസികളെ വൈകുന്നേരത്തെ ജപമാല പ്രാർത്ഥനക്ക് നിർബന്ധപൂർവം പങ്കെടുപ്പിക്കുന്നത്. ക്രിസ്ത്യൻ ആചാര അനുഷ്ടാനങ്ങളോടൊക്കെ ഇഷ്ടം ഉണ്ടെങ്കിലും നിർബന്ധിച് ചെയ്യിക്കുന്ന ഒന്നിലും അവൾക്ക് താല്പര്യം ഉണ്ടായില്ല.

അതുപോലെ സ്നേഹത്തോടെ അവർ നൽകിയ ജപമാല ധരിക്കാനും അവൾ വിസമ്മതിച്ചു. ഇതിലെല്ലാം ഉള്ള രോക്ഷം സിസ്റ്റർ ആഗ്നസ് പലപ്പോഴും മാളുവിനോട് പരസ്യമായി തന്നെ പ്രകടിപ്പിച്ചു. എങ്കിലും അവൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോൾ ഓർമകൾ വീർപ്പുമുട്ടിച്ചു തുടങ്ങിയതിനാൽ സ്നേഹസദന്റെ അഡ്മിനിസ്ട്രേഷൻ കാര്യങ്ങളിൽ സിസ്റ്റർ ട്രീസയോടപ്പം മാളുവും ചേർന്നു. കണക്കുകൾ നോക്കാനും ഫണ്ട് കാര്യങ്ങൾ കൃത്യമായി ചെയ്യാനും അന്തേവാസികളുടെ ഭക്ഷണം മുതൽ വസ്ത്രം വരെയുള്ള കാര്യങ്ങൾ നോക്കിക്കണ്ടു ചെയ്യാനും അവൾ പഠിച്ചു. എങ്കിലും ചെറിയ കുറ്റങ്ങൾക്ക് പോലും സിസ്റ്റർ ആഗ്നസ് പരസ്യമായി ശകാരിക്കുന്നത് തുടർന്നു പൊന്നു.

മാളുവിന് ഗർഭകാലം ദുരിതപൂർണമായിരുന്നു. പകൽ സമയങ്ങളിൽ സ്നേഹസദന്റെ കാര്യങ്ങളും അന്തേവാസികളുടെ കാര്യങ്ങളും നോക്കി നേരം കളഞ്ഞു. നാലു മാസം കഴിഞ്ഞതോടെ ശർദ്ധിയും മറ്റും അവസാനിച്ചെങ്കിലും നടുവേദനയും കാൽ കടച്ചിലും കാലിലെ നീരും ഉറക്കം കെടുത്തി. മണങ്ങളൊന്നും ഇഷ്ടപ്പെടാതെയായി. വയർ വലുതാകുന്നതോടെ ചെറുതായി ശ്വാസം മുട്ടലും തുടങ്ങി. എങ്കിലും താങ്ങാൻ ആളില്ലാത്തത് കൊണ്ടു തന്നെ തന്റെ തളർച്ചകൾ അവൾ ആരെയും അറിയിക്കാതെ കൊണ്ടുനടന്നു. ഈ സമയങ്ങളിൽ മമ്മയുടെ ശബ്ദം എങ്കിലും ഒന്നു കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നവൾ കൊതിച്ചു.

ആയിരം പോറ്റമ്മമാർ അണിഞ്ഞൊരുങ്ങി വന്നാലും പെറ്റമ്മയ്ക്കു പകരമാവില്ല അവരൊന്നും. മമ്മയെ പോലും മറന്നു താൻ സ്നേഹിച്ച ദേവൻ സാറും സാറിന്റെ ഫാമിലിയൊക്കെ ഇപ്പോൾ എവിടെ.. ഓർക്കുന്നുണ്ടാകുമോ എന്നെ? അറിയില്ല. സിസ്റ്റർ ആഗ്നസ് തന്നെയാണ് ഇപ്പോഴും മാളുവിനെ നോക്കുന്നത്. സ്വഭാവം മോശമാണെങ്കിലും പ്രൊഫെഷനിൽ അവർ പെർഫെക്ട് ആയിരുന്നു. ഏഴാം മാസം ആയപ്പോഴേക്കും കുഞ്ഞിന് തൂക്കക്കുറവുണ്ടായിരുന്നു. മാളുവിന് കടുത്ത വിളർച്ചയും. സ്നേഹസദനിൽ എല്ലാവരും അവളെ ഭക്ഷണം കഴിപ്പിയ്ക്കാനും പരിചരിക്കാനും മത്സരിച്ചു.

ചുറ്റിലുമുള്ളവരുടെ സ്നേഹം ആവോളം അനുഭവിക്കുമ്പോഴും സ്നേഹിക്കുന്നവരുടെ അസാന്നിധ്യം അവളുടെ ഉള്ളിലെ മുറിവുകൾ നീറിച്ചുകൊണ്ടിരുന്നു. പറഞ്ഞിരുന്ന ഡേറ്റിലും ഇരുപത്തിരണ്ട് ദിവസം മുന്നേ മാളുവിന് പെയിൻ വന്ന് ആശുപത്രിയിൽ അഡ്മിറ് ചെയ്തു. ഡെലിവറി അറ്റൻഡ് ചെയ്തത് സിസ്റ്റർ ആഗ്നസ് തന്നെ ആയിരുന്നു. അവളെ അത്ഭുതപ്പെടുത്തികൊണ്ട് ആ സമയമത്രയും അവളുടെ കൈ പിടിച്ച് അവർ കൂടിയിരുന്നു. വേദന കൂടിയും കുറഞ്ഞും വന്നപ്പോഴൊക്കെ അവൾ അവരുടെ കൈ ഞെരിച്ചുകൊണ്ടിരുന്നു. എന്നിട്ടും അതൊന്നും കാര്യമാക്കാതെ അവർ അവളെ ആശ്വസിപ്പിച്ചു. ഒരുവേള നോർമൽ ഡെലിവറി നടക്കുമോ എന്നുപോലും എല്ലാവരും ഭയപ്പെട്ടു.

നാല്പത് മണിക്കൂറിലേറെ നീണ്ടു നിന്ന ദുരന്തപർവം അവസാനിപ്പിച്ചു മാളു പെണ്കുഞ്ഞിന്‌ ജന്മം നൽകി. ആദ്യ ദിവസങ്ങളിൽ കുഞ്ഞിന് കുടിക്കാൻ പോലും പാലില്ലാതെ ഒരുപാട് സങ്കടപ്പെട്ടെങ്കിലും പതിയെ അതും ശരിയായി വന്നു. ദേവന്റെ ആഗ്രഹം പോലെ നിസർഗ്ഗ എന്നുതന്നെയാണ് മകൾക് പേരിട്ടത്. ഡെലിവറി കഴിഞ്ഞു വന്നപ്പോൾ ആദ്യമൊക്കെ ശാന്തയായിരുന്ന സിസ്റ്റർ ആഗ്നസ് പതിയെ പഴയ സ്വഭാവം വീണ്ടും തുടങ്ങി. അവർക്ക് തന്നോടെന്താണ് ഇത്ര വിരോധം എന്ന് എത്ര ആലോചിച്ചിട്ടും മാളുവിന് മനസിലായില്ല. മോളോട് ഇഷ്ടവും ഇഷ്ടക്കേടും ഒന്നും കാണിക്കാറില്ല.

അതു തന്നെ വലിയ ആശ്വാസം. ഡെലിവറി കഴിഞ്ഞ് ആദ്യത്തെ അറുപത് ദിവസം മാളുവിനെ ഇടം വലം തിരിയാൻ സമ്മതിക്കാതെ ചേർത്തുനിർത്തുകയായിരുന്നു സ്നേഹസദനിലെ അമ്മമാർ. നിസമോളെയും മാളുവിനെയും കുളിപ്പിക്കലും തുണികൾ അലക്കലും പ്രസവരക്ഷയും എല്ലാം അവർ സന്തോഷത്തോടെ തന്നെ ചെയ്തു. എങ്കിലും രക്തം പുരണ്ട തുണികൾ സ്വയം കാലുകൊണ്ട് തിരുമ്മി കറയെല്ലാം പോയെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രമേ മാളു അലക്കാൻ കൊടുത്തിരുന്നുള്ളൂ. തന്റെ വേദനകൾ അവൾ തനിക്കുള്ളിൽ തന്നെ ഒളിപ്പിച്ചു.

ഈ സമയങ്ങളിലൊക്കെ ഒരമ്മയുടെ അസാന്നിധ്യം അവൾ നന്നായി അനുഭവിച്ചു. മൂന്നു മാസം കഴിഞ്ഞപ്പോൾ മാളു വീണ്ടും സ്നേഹസദനിലെ കാര്യങ്ങളിൽ പഴയപോലെ ശ്രദ്ധിച്ചുതുടങ്ങി. മാസങ്ങൾ ശരവേഗത്തിൽ കോഴിഞ്ഞുനീങ്ങി. മാളുവിന്റെ സ്നേഹ സദനിലെ അജ്ഞാതവാസം ഒരു വർഷം പിന്നിട്ടു. നിസമോൾക്ക് ഇപ്പോൾ അഞ്ചുമാസം ആയി. സ്നേഹസദനിലെ എല്ലാവരുടെയും പൊന്നോമനയാണ് അവൾ. കുറച്ചു ദിവസങ്ങളായി സ്നേഹസദന്റെ പുറത്തു പലരും കറങ്ങി നടക്കുന്നത് സിസ്റ്റർ ആഗ്നസ് കണ്ടുപിടിച്ചു. അവർ മാളുവിനെ അന്വോഷിച്ചാണ് വരുന്നതെന്ന് പറഞ്ഞു സ്വൈരംകെടുത്തുകയാണ് കുറച്ചു ദിവസമായി അവർ.

ഇപ്പോൾ ഒക്കെ ശീലമായത് കൊണ്ട് മാളു ഒന്നിനും ചെവി കൊടുക്കാതെയായി. നിസമോളുമൊത്തുള്ള തന്റെ ജീവിതത്തിൽ അവൾ സന്തോഷം കണ്ടെത്തി. വീണ്ടും ഒരാഴ്ചകൂടി കഴിഞ്ഞു. മൈഥിലിക്കു ഒരു റെജിസ്റ്റേഡ് ഉണ്ടെന്ന് പോസ്റ്മാൻ പറഞ്ഞത് കേട്ടപ്പോൾ ആള് മാറിയതാകും എന്നാണ് ആദ്യം കരുതിയത്. അല്ല. ഇതു തനിക്കു തന്നെ ആണ്. താൻ എവിടെയാണെന്ന് ആർക്കും അറിയില്ല. പിന്നെങ്ങനെ ഇവിടുത്തെ അഡ്രസിൽ ഒരു എഴുത്ത്? സംശയത്തോടെ തുറന്ന് വായിച്ചപ്പോൾ മാളുവിന്റെ തല കറങ്ങുന്നപോലെ തോന്നി. കണ്ണിൽ ഇരുട്ടു കയറി.. ഒരാശ്രയത്തിന് അവൾ അടുത്തുള്ള തൂണിൽ പിടിച്ചുനിന്നു.

കണ്ണുകൾ നിറഞ്ഞു തൂവി. ഇത് കണ്ടുകൊണ്ട് വന്ന സിസ്റ്റർ ആഗ്നസിന്റെ കണ്ണുകൾ അവളുടെ കയ്യിലിരുന്ന കത്തിലേക്ക് പോയി. അവരത് വാങ്ങി വായിച്ചു. ശ്രീ മാധവം ഗ്രൂപ്പിന്റെ ലെറ്റർ ഹെഡിൽ എംഡി അഗ്നിദേവ് വർമയുടെ കയ്യൊപ്പോട് കൂടി വന്ന ആ കത്ത് അവരുടെ കയ്യിലിരുന്ന് വിറച്ചു. തുടരും…

മൈഥിലി : ഭാഗം 15

Share this story