മഴമുകിൽ: ഭാഗം 11

മഴമുകിൽ:  ഭാഗം 11

എഴുത്തുകാരി: അമ്മു അമ്മൂസ്

“”എന്താ നിന്റെ തീരുമാനം…. “”ഗൗരവം വിടാതെ ലച്ചു ചോദിച്ചു…. “”ഏട്ടത്തി…. ഞാൻ….. “”വാക്കുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല…. വീണ്ടും ആ മുഖത്തെ ഗൗരവം ഒന്ന് കൂടി കൂടുന്നത് കണ്ടു. …. “”ശെരി….നിന്റെ ഇഷ്ടം നടക്കട്ടെ…. ഞാനും എന്റെ കുഞ്ഞും ഇന്ന് ഈ പടി ഇറങ്ങും….. “”അത്രയും മാത്രം പറഞ്ഞിട്ട് ലച്ചു തിരികെ നടന്നു… “”ഏട്ടത്തി….. “”തിരികെ വിളിക്കുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു…. ഒരു നിമിഷം കണ്ണുകൾ അടച്ചു പിടിച്ചു….. ഇല്ലാത്ത ധൈര്യം സംഭരിക്കാൻ… അവൾ വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കിയെങ്കിലും ലച്ചുവിന്റെ മുഖം കനത്തിൽ തന്നെ ആയിരുന്നു … “”ഞാൻ….. ഞാൻ വേറെ എങ്ങോട്ടെങ്കിലും മാറിക്കോളാം ഏട്ടത്തി…

ഒരിക്കലും ആർക്കും ഒരു ബാധ്യത ആകാൻ ഇവിടെ നിൽക്കില്ല….”” അനുസരണ കാട്ടാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തിത്തുടച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു… “”ന്നിട്ട്…… പെങ്ങളെയും മോളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടു എന്ന പേര് കൂടി കേൾക്കണമായിരിക്കും അല്ലേ…. എത്ര കാലം…. ഇനി എത്ര കാലം എന്ന് വച്ച ദേവ നീ ഇങ്ങനെ…. അല്ലുമോള് വളർന്നു വരുന്ന പ്രായമാ… പല കാര്യങ്ങളും നിന്നെക്കൊണ്ട് ഒറ്റക്ക് പറ്റിയില്ല എന്ന് വരും…. നാളെ ഒരു പ്രശ്നം ഉണ്ടായാൽ… ഇപ്പോൾ അല്ലെങ്കിലും നിന്റെ ഏട്ടനു അച്ഛന്റെയും അമ്മയുടെയും കാലശേഷം നീ ഒരു ബാധ്യത ആയി തോന്നിയാൽ…. എങ്ങോട്ട് പോകും നീ…. സ്ഥിരവരുമാനമുള്ള ഒരു ജോലി പോലും നിനക്കില്ല….

എത്ര നാൾ നീ ആ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യും….. “”ലച്ചു അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു.. ആ ചോദ്യങ്ങൾക്കൊന്നും മറുപടി ഉണ്ടായിരുന്നില്ല… ശെരിയാണ് ഈ വീട് വിട്ട് ഇറങ്ങാൻ പറഞ്ഞാൽ പോകാൻ മറ്റൊരു ഇടമില്ല…. മോളെയും കൊണ്ട് ഒറ്റക്ക് ഒരിടത്തു താമസിക്കാനുള്ള ധൈര്യവും ഇല്ല….. ഒന്നും പറയാതെ തല താഴ്ത്തി നിന്നു… “”നീ മുഖം കുനിച്ചു നിന്നിട്ടോ ഒഴിഞ്ഞു മാറിയിട്ടോ ഒന്നും കാര്യമില്ല ദേവ… നിന്റെയും മോളുടെയും നല്ലതിന് വേണ്ടിയാ പറയുന്നേ. നീ നന്നായി ആലോചിച്ചു ഒരു തീരുമാനം എടുത്തേ പറ്റു… എത്രനാൾ നീ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കും… അമ്മയ്ക്കും അച്ഛനും വിഷമമില്ല എന്നാണോ നിന്റെ വിചാരം.. “” തല താഴ്ത്തി നിൽക്കുന്ന ദേവയുടെ തോളിൽ ഒന്ന് തട്ടി ലച്ചു പറഞ്ഞു… ഏട്ടത്തി പോകുവോളം അതേ നിൽപ്പ് തന്നെ നിന്നു…

പറഞ്ഞു തന്നതൊക്കെ മനസ്സിലായിരുന്നു… പക്ഷേ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല….. അലമാരയിൽ നിന്ന് തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു കുഞ്ഞു പൊതി കയ്യിലെക്കെടുത്തു… ദീപുവേട്ടൻ അണിയിച്ച താലിയാണ്… അന്ന് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആകെ കഴുത്തിൽ ഉണ്ടായിരുന്നത് ഇത് മാത്രമാണ്.. പിന്നീടൊരിക്കൽ പോലും അണിഞ്ഞില്ല എങ്കിലും വലിച്ചെറിഞ്ഞു കളയാൻ തോന്നിയിരുന്നില്ല… ഒരിക്കൽ പ്രാണന്റെ വിലയുണ്ടായിരുന്ന മിന്നിന് ഇന്നൊരു പഴന്തുണിയുടെ വില പോലും ഇല്ല എന്നോർത്തപ്പോൾ പുച്ഛം കലർന്ന ഒരു ചിരി മാത്രമായിരുന്നു അവളിൽ അവശേഷിച്ചത്… “”സ്വന്തം അച്ഛൻ വരെ തന്റേതല്ല എന്ന് അപഹസിച്ച മോളെ ഇനി ആരാണ് അതുപോലെ ചേർത്ത് നിർത്തുക….

വേണ്ട… ഒന്നും വേണ്ട…””.. മനസ്സ് പറഞ്ഞുകൊണ്ടേ ഇരുന്നു.. ഭയമായിരുന്നു അവളിൽ നിറഞ്ഞു നിന്നത്… ഇനിയുമൊരിക്കൽ കൂടി വേദനകൾ ഏറ്റ് വാങ്ങാനുള്ള ഭയം….. അങ്ങനെ എങ്കിൽ വീണ്ടും ഒരു ഉയിർത്തെഴുന്നേൽപ്പിന് കഴിയാതെ വരും…ഒരിക്കലും ഒരു തിരിച്ചു വരവില്ലാത്ത വിധം ആഴങ്ങളിലേക്ക് വീണു പോകും… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കണ്ണുകൾ തുറന്നപ്പോൾ പതിവ് പോലെ ആദ്യം നോട്ടം പോയത് മേശയുടെ മേലേക്കാണ്… ഇന്നലത്തെ പോലെ ഇന്നും ആവി പറക്കുന്ന കോഫി അവിടെ ഉണ്ടായിരുന്നില്ല… ശ്രീ ഈർഷ്യയോടെ എഴുന്നേറ്റു…. “”രണ്ടു ദിവസമായി പെണ്ണ് ഒളിച്ചു കളി തുടങ്ങിയിട്ട്… മുൻപിൽ ഒന്ന് വന്നു എന്ന് വിചാരിച്ചു അവളുടെ കൈയിലെ വള ഊരിപോകുമോ…

“” അവൻ പിറുപിറുത്തുകൊണ്ട് എഴുന്നേറ്റു… “”അല്ലെങ്കിൽ തന്നെ അതിനേ ഇപ്പോൾ കണ്ടിട്ടെന്തിനാ… മുൻപിൽ വരുന്നില്ലല്ലോ… ശല്യം… എവിടേലും പോകട്ടെ….. “” . അതേ ദേഷ്യത്തോടെ തന്നെയാണ് മുറിക്ക് പുറത്തേക്ക് ഇറങ്ങിയത്…. ഹാളിൽ ടീവിയുടെ മുൻപിൽ ഇരിക്കുന്ന ആളെ കണ്ടതും ഒരു വേള കാലുകൾ നിശ്ചലമായി… അവിടെ വലിയ കാര്യത്തിൽ പാട്ടും കണ്ട് ഇരിപ്പുണ്ട്… വേറെ എങ്ങോട്ടും ശ്രദ്ധിക്കുന്നില്ല… പതിവ് ദാവണി മാറ്റി ഒരു ചുരിദാർ എടുത്തു ഇട്ടിട്ടുണ്ട്… ടീപ്പോയുടെ മുകളിൽ ഇരിക്കുന്ന പത്രം കണ്ടപ്പോൾ അതും എടുത്തു അവൾക്ക് എതിർവശത്തായി ഇരുന്നു…. മൈൻഡ് ആക്കുന്നു പോലും ഇല്ലായിരുന്നു… രണ്ടു കണ്ണുകളും ടീവിയിലേക്ക് മാത്രം നോക്കി ചിരിച്ചോണ്ട് ഇരിപ്പുണ്ട്…. “”പോയി ഒരു കാപ്പി ഇട്ടോണ്ട് വാ…”” പത്രത്തിൽ നോക്കി ഗൗരവത്തിൽ പറഞ്ഞു…

ഒരു നിമിഷത്തേക്ക് ഒന്ന് നോക്കിയിട്ട് വീണ്ടും കണ്ണുകൾ ടീവിയിലേക്ക് മാറ്റുന്നത് കണ്ടു… “”ഡീ…. നിന്നോടാ പറഞ്ഞേ… ഒരു കാപ്പി ഇട്ടോണ്ട് വരാൻ….”” അവന് ദേഷ്യം വന്നു തുടങ്ങുന്നുണ്ടായിരുന്നു അവളുടെ ഭാവങ്ങൾ കണ്ടിട്ട്.. ഇത്തവണ ചുറ്റും നോക്കുന്നത് കണ്ടു… എന്നിട്ടും ആരെയും കാണാത്തത് പോലെ സെറ്റിയുടെ താഴേക്കും വാതിലിലേക്കും ഒക്കെ എത്തി നോക്കുന്നുണ്ട്… അവൾ തന്നെ പരിഹസിക്കുകയാണ് എന്ന് തോന്നി അവന്…. ഉള്ളിലെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… “”അഭി…..”” അലറി വിളിച്ചു.. ഒരു നിമിഷത്തേക്ക് ചെവി പൊത്തി നിൽക്കുന്നത് കണ്ടു… പക്ഷേ യാതൊരു വിധ പേടിയും ആ മുഖത്ത് ഉണ്ടായിരുന്നില്ല…. “”ഹോ എന്നോടാണോ…. എനിക്ക് പറ്റില്ല… വേണമെങ്കിൽ പോയി ഇട്ട് കുടിച്ചോ…””

ചെവിയിൽ നിന്ന് കൈ എടുക്കാതെ അവനെ നോക്കി അത്രയും പറഞ്ഞിട്ട് വീണ്ടും കണ്ണുകൾ ടീവിയിലേക്ക് തന്നെ മാറ്റി…. അവളുടെ പുതിയ ഭാവം കണ്ട് ഒരു നിമിഷം ശ്രീ അന്തംവിട്ട് ഇരുന്ന് പോയി… ആദ്യമായിട്ടാണ് ഒരു കാര്യം ചെയ്യാൻ പറയുമ്പോൾ അവൾ പറ്റില്ല എന്ന് പറയുന്നത്…. ഇത്രയും വേഗം ഇവളുടെ പേടി ഒക്കെ മാറിയോ… അവന് വല്ലാത്ത അതിശയം തോന്നി… “”അപ്പോ നിനക്ക് പറ്റില്ല എന്ന് അർത്ഥം… “”പല്ലും ഞെരിച്ചു അവളെ നോക്കി… “”ആഹ് പറ്റില്ല…. പറയുമ്പോൾ ചെയ്തു തരാൻ ശ്രീയേട്ടൻ എന്റെ ഭർത്താവൊന്നും അല്ലല്ലോ… ഇനിയൊട്ട് ആകാനും പോകുന്നില്ല… “”അവനെ ഒന്ന് ഒളികണ്ണിട്ട് നോക്കി അലസമായി പറഞ്ഞു… അവളുടെ മറുപടി കേട്ട ഉടനെ കൈയിൽ ഇരുന്ന പത്രം നിലത്തേക്ക് വലിച്ചെറിഞ്ഞു ദേഷ്യത്തോടെ അകത്തു കയറി പോകുന്നതാണ് കണ്ടത്…

അവൻ കണ്ണിന്റെ മുൻപിൽ നിന്ന് പോയി എന്ന് കണ്ടതും അവൾ നെഞ്ചിൽ കൈ വച്ചു ശ്വാസം വലിച്ചു വിട്ടു… “”ന്റെ കൃഷ്ണ…. ഇന്നെന്നെ കൊന്നു ബിരിയാണി വെക്കും എന്ന വിചാരിച്ചേ…. കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ… “”കണ്ണടച്ചു ഒരു നിമിഷം ഒന്ന് പ്രാർത്ഥിച്ചു.. “”അല്ല പിന്നെ… എനിക്കും സങ്കടം വരും എന്ന് ഒന്നറിയട്ടെ…. “” അവൻ പോയ വഴിയേ നോക്കി ചുണ്ട് കോട്ടി പറഞ്ഞു വീണ്ടും ടീവിയിലേക്ക് മിഴി ഉറപ്പിച്ചു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “”ദാ സർ…. സർ പറഞ്ഞ പോലെ കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും ഒരു മാസത്തെ കാൾ ലിസ്റ്റ് ആണ് ഇത്… “” ശ്രീരാജ് തന്റെ കൈയിൽ ഇരുന്ന ഫയൽ ഋഷിക്ക് നേരെ നീട്ടി… “”ഏറ്റവും കൂടുതൽ കോൺടാക്ട് ചെയ്തവരുടെ പ്രത്യേകം മാർക്ക്‌ ചെയ്തിട്ടുണ്ട് സർ… “” ഋഷി ഓരോ പേപ്പറും സൂക്ഷ്മതയോടെ നോക്കി….

ഏറ്റവും കൂടുതൽ സംസാരിച്ച പത്തു കോൺടാക്ട് ശ്രീ പ്രത്യേകം പ്രിന്റ് എടുത്തിട്ടുണ്ടായിരുന്നു… ഒരു നമ്പർ പോലും മാച്ചിങ് ഉണ്ടായിരുന്നില്ല… എല്ലാം തന്നെ സ്ത്രീകളുടെ പേരിൽ ഉള്ള നമ്പറുകൾ… ഋഷി കണ്ണുകൾ അടച്ചു തളർച്ചയോടെ സീറ്റിലേക്ക് ചാഞ്ഞു ഇരുന്നു…. മുൻപിൽ ഉള്ള വഴികൾ ഓരോന്നായി അടയുകയാണോ എന്നവന് തോന്നി… പെട്ടെന്നായിരുന്നു ഓഫീസ് ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്.. മറുവശത്തു നിന്നും കേട്ട വാർത്തയിൽ ഒരു നിമിഷം ഋഷി തറഞ്ഞിരുന്നു… ശ്രീയും ഋഷിയുടെ ആ ഭാവം കണ്ടു സംശയത്തോടെ നോക്കുന്നത് കണ്ടു… ശ്രീയോട് പിന്നാലെ വരാൻ കണ്ണ് കാണിച്ചു അവൻ വേഗത്തിൽ മുറിക്ക് പുറത്തേക്ക് നടന്നു… കാര്യമെന്താ എന്ന് മനസ്സിലായില്ല എങ്കിലും പിന്നാലെ ശ്രീയും… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഋഷി വരുന്നത് പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു പോലീസും മാധ്യമങ്ങളും… കാറിൽ നിന്ന് ഇറങ്ങുന്ന ഋഷിയെ കണ്ടതും അവന്റെ അടുത്തേക്ക് പോകാൻ വേണ്ടി മാധ്യമ പ്രവർത്തകർ തിക്കും തിരക്കും ഉണ്ടാക്കാൻ തുടങ്ങി… “”സർ…. ഇതിപ്പോൾ നാലാമത്തെ കൊലപാതകമാണ് നടക്കുന്നത്…. ഇതുവരെയും ആരാണ് ഇത് ചെയ്യുന്നത് എന്നോ…കൊലക്ക് പിന്നിലുള്ള ഉദ്ദേശം എന്താണ് എന്നോ സംബന്ധിച്ച യാതൊരു തെളിവും പോലീസിന് കിട്ടിയിട്ടില്ല…. ജനങ്ങൾ ഇനിയും പേടിക്കണം എന്നാണോ സർ…… “” ഋഷിക്ക് നേരെ ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരുന്നു… അവൻ പക്ഷേ മറുപടി ഒന്നും പറയാതെ പോലീസ് തനിക്കായി ഒരുക്കിയ വഴിയിലൂടെ അകത്തേക്ക് നടന്നു…. ഫോറെൻസിക് വിദഗ്ദ്ധരും… പോലീസും അകത്തു പരിശോധന നടത്തുന്നുണ്ടായിരുന്നു…. ഋഷി അകത്തേക്ക് ചെന്നപ്പോൾ എല്ലാവരും ഒരു നിമിഷം അവനെ ഒന്ന് സല്യൂട്ട് ചെയ്തു കാണിച്ചു…

വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.. “”കഴിഞ്ഞ കേസുകളിലെ പോലെ തന്നെയാണ് സർ… വീട്ടിൽ ഒറ്റക്കുള്ള സമയത്താണ് ഈ കൃത്യം നടന്നിരിക്കുന്നത്.. ഭർത്താവ് ജോലിക്ക് പോയിരിക്കുകയായിരുന്നു… മക്കൾ രണ്ടാളും ഹോസ്റ്റലിൽ ആണ്…. “” ഋഷിയെ കണ്ടപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന എസ്. ഐ വിവരങ്ങൾ അറിയിച്ചു… ഋഷിക്ക് അവരോട് വല്ലാത്ത സഹതാപം തോന്നി…. കൊലയാളിയോടുള്ള അടങ്ങാത്ത അമർഷം അവന്റെ ഉള്ളിൽ നിറഞ്ഞു… കരിഞ്ഞ മണം ഇപ്പോഴും ആ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതായി തോന്നി ഋഷിക്ക്…. നിലത്ത് ഒരു ഓരത്തായി ആ സ്ത്രീയുടെ മൃതദേഹം കിടപ്പുണ്ടായിരുന്നു…. കത്താൻ ഇനി ഒന്നും ബാക്കി ഇല്ല എന്ന് തോന്നി അതിൽ…. മുൻപുള്ള കേസുകളിലെ പോലെ ഫോണും അടുത്ത് കത്തി നശിച്ചു കിടപ്പുണ്ട്….

പെട്ടെന്ന് ഋഷിയുടെ മനസ്സിലേക്ക് ആ ഫോണും അതിലെ കോൺടാക്ട് ഉം കടന്നു വന്നു… “”ശ്രീ എത്രയും വേഗം ഇന്ന് തന്ന കോൺടാക്ട് ലിസ്റ്റിലെ ഏറ്റവും കൂടുതൽ സംസാരിച്ച ആ പത്തുപേരും എന്റെ മുൻപിൽ ഉണ്ടായിരിക്കണം…. “” ഋഷി ഗൗരവത്തോടെ പറഞ്ഞു… ഇറങ്ങും മുൻപ് വീണ്ടും ഒരിക്കൽ കൂടി പരിസരം ആകെ നോക്കി അവൻ…. പ്രത്യക്ഷത്തിൽ വേറെ ഒരു തെളിവും അവിടെ നിന്ന് എടുക്കാൻ ഉണ്ടായിരുന്നില്ല എങ്കിലും പലവിധ കണക്ക് കൂട്ടലുകളിൽ ആയിരുന്നു അവന്റെ മനസ്സ്… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 തിരിച്ചുള്ള യാത്രയിൽ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടക്കുകയായിരുന്നു ഋഷി… ഇടക്ക് വെറുതെ കണ്ണൊന്നു തുറന്നപ്പോളാണ് അല്ലു മോളെയും എടുത്തു ദേവ റോഡിന്റെ അരികിൽ നിൽക്കുന്നത് കാണുന്നത്…. ഒരു നിമിഷം കണ്ണൊന്നു ചുളിഞ്ഞു…. ഡ്രൈവറോട് കാർ സൈഡിലേക്ക് ഒതുക്കാൻ പറഞ്ഞു… പുറത്തേക്ക് ഇറങ്ങുമ്പോൾ അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് കയറാൻ പോകുന്ന ദേവയെയാണ് കണ്ടത്…

അവളുടെ പിന്നാലെ വേഗം നടന്നു….. “”പോലീഷേ….””. ഋഷി പിന്നാലെ ഓടി വരുന്നത് കണ്ടു അല്ലു മോള് സന്തോഷം കൊണ്ട് കൈ കൊട്ടി വിളിച്ചു… “”അല്ലൂസേ…. “” അവന്റെ ശബ്ദം കേട്ട് ഞെട്ടി നോക്കിയ ദേവ കാണുന്നത് അവരുടെ അടുത്തേക്ക് വേഗം വരുന്ന ഋഷിയെയാണ്… ഇയാളെന്താ ഇവിടെ എന്ന ഭാവത്തിൽ ഒരു നിമിഷം നിന്നു. അപ്പോഴേക്കും അവൻ അടുത്ത് എത്തിയിരുന്നു.. “”എക്ക്…. പോലീഷേ….”” ഋഷിയെ കണ്ടപാടെ അല്ലു മോള് കൈ വിടർത്തി അവനോട് എടുക്കാൻ വേണ്ടി കാണിച്ചു… “”പോലീഷിന്റെ അല്ലൂസെന്താ ഇവിടെ….””.. അവൻ കൊച്ചിനെ പൊക്കി എടുത്ത് വയറ്റിൽ മൂക്ക് കൊണ്ട് ഇക്കിളി ആക്കി ചോദിച്ചു… അല്ലു മോള് പൊട്ടിചിരിച്ചുകൊണ്ട് അവന്റെ തലമുടിയിൽ മുറുക്കെ പിടിച്ചിരുന്നു… “അമ്മ… മുട്ടായി തരൂല്ലോ അല്ലൂന്…..

“”എന്തോ വലിയ കാര്യം പോലെ ഗൗരവത്തിൽ പറയുന്ന അവളെ കണ്ട് അവന് ചിരി പൊട്ടി… “”ആന്നോ…. പോലീഷിനും തര്വോ മുട്ടായി….. പോലീഷിനെ ഒത്തിരി ഒത്തിരി ഇഷ്ടാണല്ലോ…. “” ഒരു നിമിഷം താടിയിൽ വിരൽ വച്ചു ആലോചിക്കുന്നത് കണ്ടു…. “”തരാവേ….. അല്ലൂന്റെ പോലീഷ് അല്ലേ…. അല്ലൂന് നിറയെ ഇഷ്ടാ….. “”അവന്റെ മുഖം മുഴുവൻ ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു… “”അമ്മേ…. പോലീഷിനും മുട്ടായി വാങ്ങിച്ചണെ….””. കൊഞ്ചലോടെ ദേവയോട് പറയുന്ന അല്ലു മോളുടെ നോട്ടം പിന്തുടർന്നപ്പോഴാണ് ഇതൊക്കെ കണ്ടു കണ്ണ് തള്ളി നിൽക്കുന്ന ദേവയെ കാണുന്നത്…

തികട്ടി വന്ന ചിരി അടക്കിപ്പിടിച്ചു… “”അല്ലൂന്റെ അമ്മ പോയി എനിക്കും അല്ലൂസിനും മുട്ടായി വാങ്ങി വായോ…. അതുവരെ ഞങ്ങൾ ഇവിടിരുന്നു കളിച്ചട്ടെ….. “”മോളുടെ അതേ കൊഞ്ചലോടെ ദേവയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് ഋഷി പറഞ്ഞു… അവന്റെ സംസാരം കേട്ട് വാ പൊത്തിപ്പിടിച്ചു ചിരിക്കുന്ന അല്ലു മോളെയും കൊണ്ട് ഋഷി അവിടെയുള്ള വെയ്റ്റിംഗ് ഏരിയയിലേക്ക് നടന്നു… കാര്യമെന്താ എന്ന് മനസ്സിലാകാതെ ദേവ അപ്പോഴും അതേ നിൽപ്പ് നിൽക്കുന്നുണ്ടായിരുന്നു… … തുടരും

മഴമുകിൽ: ഭാഗം 10

Share this story