മഴമുകിൽ: ഭാഗം 12

മഴമുകിൽ:  ഭാഗം 12

എഴുത്തുകാരി: അമ്മു അമ്മൂസ്

“”അല്ലൂന്റെ അമ്മ പോയി എനിക്കും അല്ലൂസിനും മുട്ടായി വാങ്ങി വായോ…. അതുവരെ ഞങ്ങൾ ഇവിടിരുന്നു കളിച്ചട്ടെ….. “”മോളുടെ അതേ കൊഞ്ചലോടെ ദേവയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് ഋഷി പറഞ്ഞു… അവന്റെ സംസാരം കേട്ട് വാ പൊത്തിപ്പിടിച്ചു ചിരിക്കുന്ന അല്ലു മോളെയും കൊണ്ട് ഋഷി അവിടെയുള്ള വെയ്റ്റിംഗ് ഏരിയയിലേക്ക് നടന്നു… കാര്യമെന്താ എന്ന് മനസ്സിലാകാതെ ദേവ അപ്പോഴും അതേ നിൽപ്പ് നിൽക്കുന്നുണ്ടായിരുന്നു… അവളെ ഒന്ന് മൈൻഡ് ആക്കാതെ വെയ്റ്റിംഗ് ഏരിയയിലേക്ക് പോകുന്ന രണ്ടാളെയും നോക്കി ഒരു നിമിഷം പല്ല് കടിച്ചു നിന്നു ദേവ.

പക്ഷെ അല്ലു മോളുടെ ചിരിയിൽ ആ ദേഷ്യം അലിയാൻ തുടങ്ങിയിരുന്നു. ഋഷിയുടെ കൈയിൽ ചിരിച്ചോണ്ട് ഇരിക്കുന്ന മോളെ കണ്ട് സമാധാനത്തോടെ അകത്തേക്ക് നടന്നു.. “”പോലീഷ് ഇടിച്ചുവോ എല്ലാരേം….””. ഋഷിയുടെ മടിയിൽ ചാരി ഇരുന്ന് അവന്റെ മുഖത്തേക്ക് നോക്കി അല്ലു മോൾ ചോദിച്ചു. ആ കുഞ്ഞു മനസ്സിൽ അപ്പോൾ ഇന്ന് ടീവിയിൽ കണ്ട സിനിമയിലെ രംഗങ്ങൾ ആയിരുന്നു. ഋഷിയും അങ്ങനെ ആളുകളെ ഇടിക്കുമോ എന്നൊരു കുഞ്ഞ് കൗതുകം ആ മുഖത്ത് ഉണ്ടായിരുന്നു. അവളുടേ ചോദ്യം കേട്ട് ഋഷി ചിരിയോടെ മീശ ഒന്നൂടെ പിരിച്ചു വച്ചു. “”പിന്നെ….. അല്ലുമോള് പറഞ്ഞാൽ പോലീഷ് ഇടിക്കും….. “”

അതും പറഞ്ഞു ആ കുഞ്ഞു വയറ്റിൽ പതുക്കെ ഇക്കിളാക്കി…. പൊട്ടി ചിരിച്ചോണ്ട് ഇരുന്ന അല്ലുമോളുടെ മുഖത്ത് പെട്ടെന്ന് സങ്കടം വന്നു നിറയുന്നത് കണ്ടു. ഋഷി അവളുടെ നോട്ടം പോയ വഴിയേ നോക്കിയപ്പോൾ ഒരച്ഛനും മോളും ഓടിക്കളിക്കുന്നതാണ് കണ്ടത്. ഒരു കുഞ്ഞിപ്പെണ് ചിരിച്ചോണ്ട് മുൻപിൽ ഓടുന്നു. അവളുടേ പിന്നാലെ അവളെ പിടിക്കാൻ ഓടുന്ന അച്ഛനിലാണ് അല്ലു മോളുടെ കണ്ണ് എന്ന് കണ്ടപ്പോൾ ഋഷിയുടെ ഉള്ളിൽ ഒരു നോവ് തോന്നി.. “”പോലീഷേ അല്ലൂസിന് ഒരു സമ്മാനം തരാല്ലോ….”” അവൻ പെട്ടെന്ന് മോളെയും എടുത്തു എഴുന്നേറ്റു.

സമ്മാനം എന്ന് കേട്ടതും അതുവരെ ഉണ്ടായിരുന്ന സങ്കടം ഒക്കെ മാറി ആകാംഷയോടെ നോക്കുന്നുണ്ട്.. അടുത്തുള്ള ടോയ് ഷോപ്പിലേക്ക് മോളെയും എടുത്തോണ്ട് നടന്നു. “”അല്ലൂസിന് ഏറ്റവും ഇഷ്ടം ഇതിൽ ആരെയാ..””. മുൻപിൽ ഇരിക്കുന്ന വലിയ വലിയ പാവകൾ കാണിച്ചു ചോദിച്ചു.. ഒറ്റ നിമിഷം കൊണ്ട് ആ മുഖം പൂനിലാവ് പോലെ തെളിയുന്നത് കണ്ടു. ആവേശത്തോടെ ആ പാവകളിലാകെ ആ കുഞ്ഞിക്കണ്ണുകൾ പരതി നടന്നു… ‘””അല്ലൂന് ഇതും…… ഇതും…… ഇതും….. ഇതും….. എല്ലാം ഇഷ്ടമാണല്ലോ….””

മുന്നിൽ ഉള്ള ആനയുടെയും ആമയുടെയും ഡോറയുടെയും ചോട്ടാ ഭീമിന്റെയും ഒക്കെ പാവകളിൽ ആവേശത്തോടെ തൊട്ട് കൊണ്ട് അല്ലു മോള് ഋഷിയെ നോക്കി ചിരിച്ചു കാണിച്ചു… ആ കുഞ്ഞു മുഖത്തെ ആവേശം കണ്ടപ്പോൾ ഋഷിക്ക് ഉള്ളിൽ വല്ലാത്ത സന്തോഷം നിറയുന്നുണ്ടായിരുന്നു…. “”ങ്കിലെ നമുക്ക് ഇതെല്ലാം വാങ്ങാലോ…..”” മോളെ ഒന്നൂടെ എടുത്തു പൊക്കി ചിരിയോടെ ഋഷി പറഞ്ഞു. “”ശെരിക്കും വാങ്ങിച്ചു തര്വോ…. “”എന്നിട്ടും വിശ്വാസം വരാത്തത് പോലെ അവളവനെ കണ്ണ് കൂർപ്പിച്ചു നോക്കി. “”ശെരിക്കും വാങ്ങിച്ചു തരും… “”അതേ താളത്തിൽ തന്നെ മറുപടി കൊടുത്തു.

പെട്ടെന്നായിരുന്നു സന്തോഷം കൊണ്ട് കൈയിൽ നിന്നൊന്ന് കുതിച്ചു ചാടി കഴുത്തിൽ ചുറ്റിപ്പിടിച്ചത്…. സന്തോഷം സഹിക്കാൻ വയ്യാതെ ആ കുഞ്ഞിക്കൈകൾ കഴുത്തിനു ചുറ്റും അള്ളിപ്പിടിച്ചുകൊണ്ടിരുന്നു… “”നല്ല പോലീഷ….. അമ്മ അല്ലുമോൾക്ക് വാങ്ങിച്ചു തരൂല്ലല്ലോ….. മോളെ വയക്ക് പയും…. പൈശ ഇല്ല പറഞ്ഞു….. “”ചുണ്ട് പിളർത്തി സങ്കടത്തോടെ അവൾ ഋഷിയെ നോക്കി… “””ആന്നോ….. പോലീഷ് അമ്മേ വയക്ക് പറയാമെ…. അപ്പൊ മോൾക്ക് നിറയെ വാങ്ങി തരൂല്ലോ…. “”” വാങ്ങിയ പാവകൾ എല്ലാം പാക്ക് ചെയ്തു വാങ്ങി വീണ്ടും തിരിച്ചു വെയ്റ്റിംഗ് ഏരിയയിൽ തന്നെ വന്നിരുന്നു….

ദേവ ഷോപ്പിംഗ് കഴിഞ്ഞു വന്നിട്ടുണ്ടായിരുന്നില്ല… കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ കണ്ടു വേഗത്തിൽ നടന്നു വരുന്ന ദേവയെ. അവളുടെ മുഖത്ത് വല്ലാത്ത ടെൻഷൻ നിറഞ്ഞിരുന്നു… “”അമ്മേ…. പോലീഷ് പാവ വാങ്ങി തന്നല്ലോ മോൾക്ക്….”” അല്ലുമോൾ ഋഷിയുടെ കൈയിൽ ഇരുന്ന കവറിലേക്ക് വിരൽ ചൂണ്ടി ആവേശത്തോടെ പറഞ്ഞു… എന്നാൽ അതൊന്നും കേട്ടതായി പോലും ഭവിക്കാതെ ദേവ വേഗം തന്നെ മോളെ ഋഷിയുടെ കൈയിൽ നിന്നും എടുത്തു… അവളാകെ വിയർത്തു കുളിച്ചിരുന്നു….

എന്തോ കണ്ടു പേടിച്ച പോലെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു… ഋഷി ഒരു നിമിഷം അവളെ സംശയത്തോടെ നോക്കി…. മോളെ ദേഹത്തോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു നിൽക്കുകയായിരുന്നു ദേവ. എന്താ കാര്യം എന്ന് ചോദിക്കാൻ വരുമ്പോഴേക്കും ഉച്ചത്തിൽ ഒരു ശബ്ദം പിറകിൽ മുഴങ്ങി കേട്ടു… “”ഓഹോ….. അപ്പൊ നീ ഇപ്പൊ ഇവന്റെ കൂടെയ അല്ലേ….. “” ഋഷി നോക്കിയപ്പോൾ മുപ്പതു വയസ്സ് തോന്നിക്കുന്ന ഒരുത്തൻ ദേഷ്യത്തോടെ ദേവയെ നോക്കി പുലമ്പിക്കൊണ്ട് വരുന്നതാണ് കണ്ടത്… താടിയും മീശയും ഒക്കെ കാട് പോലെ വളർന്നിരിക്കുന്നു. അവന്റെ ചുവന്ന കണ്ണുകൾ അപ്പോഴും ദേവയിൽ തന്നെ തറഞ്ഞിരുന്നു…

“”അന്ന് ഞാനൊന്ന് പറഞ്ഞപ്പോൾ നീയും നിന്റെ വീട്ട്കാരും കൂടി കേസ് കൊടുത്തു എന്നേ ഒരു സംശയരോഗി ആക്കി. ഇപ്പോൾ നിനക്ക് ഇവന്റെ കൂടെ അഴിഞ്ഞാടി നടക്കാൻ കുഴപ്പം ഒന്നുമില്ല അല്ലേടി…. “” ദേവയുടെ നേരെ കൈയോങ്ങിക്കൊണ്ട് അയാൾ പറഞ്ഞതും ഋഷി ഒരു കൈ കൊണ്ട് അവന്റെ കൈ തടഞ്ഞു അന്തരീക്ഷത്തിൽ തന്നെ നിർത്തി മറുകൈ കൊണ്ട് അവന്റെ കോളറിൽ കുത്തിപ്പിടിച്ചു… “”ഡാ….”” ഋഷി ദേഷ്യത്തോടെ അലറുന്നത് കണ്ടിട്ട് ദേവ വേഗം അവന്റെ കൈയിൽ പിടിച്ചു….

“”വേണ്ട ഋഷിയേട്ട…. പോകാം…… “” ദേവ കരയുന്നതും ദീപുവിന്റെ ബഹളവും ഒക്കെ കേട്ട് അല്ലുമോള് പേടിച്ചു കരയാൻ തുടങ്ങിയിരുന്നു… കുഞ്ഞ് കരയുന്നത് കണ്ടു ഋഷി ദീപുവിന്റെ കോളറിൽ നിന്ന് കൈ എടുത്തു അവനെ ശക്തിയായി പിന്നിലേക്ക് തള്ളി… കരയുന്ന മോളെ ദേവയുടെ കൈയിൽ നിന്ന് വാരി എടുത്തു. മോള്‌ അപ്പോഴേക്കും ഋഷിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു… “””ഓഹ്… പറ്റിച്ചേർന്നു കിടക്കുന്നത് നോക്ക്…. അവന്റെ ആണോടി ഇനി ഇത്. അതോ നീ വേറെയും പായ വിരിക്കാൻ പോയിട്ടുണ്ടോ…. “”” ചോദിച്ചു നാവ് അകത്തേക്ക് ഇട്ടതും ചെവിക്കല്ല് ഇളകി പോകും പോലെ ഒരു വേദന തോന്നി ദീപുവിന്.

നിലത്തേക്ക് വീണ് കൈ കവിളിൽ വച്ചു നോക്കിയപ്പോൾ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി നിൽക്കുന്ന ഋഷിയെയാണ് കാണുന്നത്… തലയിലാകെ ഒരു മൂളൽ പോലെ തോന്നി ദീപുവിന്.. “”ഇനി ഒരിക്കൽ കൂടി ഇവളെക്കുറിച്ച് പറയാൻ നിന്റെ നാവ് പൊങ്ങിയാൽ…. എ.സി.പി. ഋഷികേശ് ഭദ്രന്റെ മറ്റൊരു മുഖം കൂടി നീ അറിയും…. “”” ഋഷി അവന് നേരെ വിരൽ ചൂണ്ടി പറഞ്ഞു. ഋഷിയുടെ ആരാണ് എന്നറിഞ്ഞതും ദീപുവിന് വല്ലാത്ത പേടി തോന്നി. അവൻ ഒരു കൈ കവിളിൽ തന്നെ വച്ചുകൊണ്ട് ദേവയെ ഒന്ന് കൂടി രൂക്ഷമായി നോക്കിയിട്ട് വേഗത്തിൽ നടന്നു പോയി…

ചുറ്റും ഉള്ള ആളുകൾ ഒക്കെ കാഴ്ച കാണാൻ എന്ന പോലെ ഇങ്ങോട്ട് നോക്കി നിൽക്കുന്നത് കണ്ടു ദേവക്ക് ആകെ നാണക്കേട് തോന്നി… ദീപു പറഞ്ഞ വാക്കുകൾ അത്രയും അവർ കേട്ടിട്ടുണ്ട് എന്ന് അവൾക്ക് നിശ്ചയമായിരുന്നു.. അല്ലുമോള് അപ്പോഴും ഋഷിയുടെ തോളിലേക്ക് മുഖം പൂഴ്ത്തി വിതുമ്പിക്കൊണ്ടിരുന്നു.. “”അയ്യേ… എന്റെ അല്ലൂസ്‌ പേടിച്ചോ…. പോലീഷ് അല്ലൂസിന് എങ്ങനെയാ ഇടിക്കുക എന്ന് പഠിപ്പിച്ചു തന്നതല്ലേ….. എന്റെ അല്ലുക്കുട്ടൻ അതിന് കരയ്യാ…. ഷെയിം ഷെയിം….. “”അവൻ കുഞ്ഞിനെ നോക്കി മൂക്കത്തു വിരൽ വച്ചിട്ട് പറഞ്ഞു…

മുഖത്തുണ്ടായിരുന്ന കണ്ണീർ ഒക്കെ തുടച്ചു ഋഷി അങ്ങനെ പറഞ്ഞപ്പോൾ അല്ലു മോളുടെ മുഖത്ത് വീണ്ടും ഒരു ചിരി വിടരാൻ തുടങ്ങി… നടന്നതൊന്നും ഉൾക്കൊള്ളാൻ കഴിയാതെ നിൽക്കുകയായിരുന്നു ദേവ. മറക്കാൻ ശ്രമിച്ചു മണ്ണിട്ട് മൂടിയതൊക്കെ വീണ്ടും മറ നീക്കി പുറത്തേക്ക് വരുന്നു… അവളുടെ മുഖം കണ്ടപ്പോൾ ഇപ്പോൾ തന്നെ അവൾ കടന്നു പോകുന്ന മാനസികാവസ്ഥ അവന് മനസ്സിലായിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. അല്ലുമോളെയും എടുത്ത് പുറത്തേക്ക് നടന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അഭി ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടിട്ടാണ് ശ്രീ ബൈക്ക് നിർത്തിയത്. അവനെ കണ്ടതും അവൻ ഇല്ല എന്നുള്ള ഭാവത്തിൽ അവൾ എതിർവശത്തേക്ക് ബസ് നോക്കി നിന്നു. കുറച്ചു നേരം ബൈക്ക് ഇട്ട് ഇരപ്പിച്ചിട്ടും അവൾ നോക്കാതെ ആയപ്പോൾ പെരുവിരലിൽ നിന്ന് ദേഷ്യം ഇരച്ചു കയറും പോലെ തോന്നി അവന്.. “”ഡീ…. നീ വീട്ടിലോട്ടാണോ….. “” ചോദിച്ചിട്ടും കേൾക്കാത്ത ഭാവത്തിൽ നഖം നോക്കി നിൽക്കുന്ന അവളെ നോക്കി അലറി.. “”അഭി….. “” ബസ് സ്റ്റോപ്പിൽ ഉള്ളവർ ഒക്കെ രണ്ടാളെയും നോക്കുന്നുണ്ടായിരുന്നു. “”ഹോ… ഒന്ന് പതുക്കെ അലറ് സർ….. എന്റെ ചെവി ഇപ്പൊ അടിച്ചു പോയെനെയല്ലോ..””.. ചെവി രണ്ടും പൊത്തി അവൾ അവനെ കൂർപ്പിച്ചു നോക്കി. “”നിന്നോട് ചോദിച്ചത് കേട്ടില്ലേ…..

വീട്ടിലോട്ടാണോ എന്ന്…. “” “”ആഹ് ആന്നു… “”അതും പറഞ്ഞു അവൾ വീണ്ടും ബസ്സിന്‌ വേണ്ടി നോക്കി. “”വാ… ഞാനും അങ്ങോട്ട….”” ശ്രീ അവളെ ഒന്ന് അലസമായി നോക്കി പറഞ്ഞു.. “”വേണ്ട സർ. എനിക്കുള്ള ബസ് ഇപ്പോൾ വരും… ഞാൻ വലവീശിപിടിക്കൽ ഒക്കെ നിർത്തിയായിരുന്നു… സർ പൊയ്ക്കോളൂ… “” പറഞ്ഞു നിർത്തിയപ്പോളേക്കും ബസ് വന്നിരുന്നു. അവനെ നോക്കി പുച്ഛത്തിൽ ഒന്ന് ചിരിച്ചു ബസ്സിലേക്ക് കയറുന്ന അഭിയെ ശ്രീ പല്ലുറുമ്മിക്കൊണ്ട് ദേഷ്യത്തോടെ നോക്കി നിന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഉറങ്ങി കിടക്കുന്ന അല്ലു മോളെ മാറോടു ചേർത്ത് പിടിച്ചു കിടക്കുകയുമായിരുന്നു ദേവ… ഋഷി വാങ്ങിക്കൊടുത്ത പാവക്കുട്ടിയെയും കെട്ടിപ്പിടിച്ചാണ് ഉറക്കം… വൈകുന്നേരം നടന്ന സംഭവങ്ങളിൽ തന്നെയായിരുന്നു മനസ്സ്… ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ദീപുവേട്ടനെ അവിടെ കണ്ടത്… സാധനങ്ങൾ എടുത്തുകൊണ്ടിരിക്കുമ്പോൾ കൌണ്ടർ ഇൽ ആരോടോ ബഹളം വെക്കുന്നത് കണ്ടു… എടുത്തുകൊണ്ടിരുന്നതൊക്കെ അവിടെ തന്നെ തിരിച്ചു വച്ചു വേഗം പുറത്തേക്ക് ഓടുകയായിരുന്നു… പിന്തുടർന്ന് വരുന്നത് അറിഞ്ഞിരുന്നില്ല….

അവൻ പറഞ്ഞ കേട്ടാൽ അറയ്ക്കുന്ന വാക്കുകളുടെ ഓർമ്മയിൽ അവളുടേ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി… അപമാന ഭാരം ഇപ്പോഴും ശിരസ്സ് കുനിപ്പിക്കുന്നുണ്ട് എന്ന് തോന്നി… ഒന്നുമറിയാതെ ഉറങ്ങുന്ന മോളെ കണ്ടപ്പോൾ ഉള്ളിലെ ഭാരം ഇരട്ടി ആയത് പോലെ…. സ്വന്തം അച്ഛനായവൻ തന്നെ ഇന്ന് മറ്റൊരാളുടെ മേൽ പിതൃത്വം ആരോപിക്കുന്നു… ഇടക്കെപ്പോഴോ ചിന്തകൾ വഴി തെറ്റി ഋഷിയിലേക്കെത്തി…. ആരുമല്ലാതെ ഇരുന്നിട്ടും ഇന്ന് അയാൾ തനിക്ക് വേണ്ടി ശബ്ദമുയർത്തിയതിലേക്കെത്തി…

അല്ലു മോളും ഋഷിയും കൂടി കളിക്കുന്ന ഓരോ സന്ദർഭങ്ങളും മനസ്സിലേക്ക് ആർത്തിരച്ചെത്തി… ഉള്ളിലാകെ ഒരു തണുപ്പ് പൊതിയും പോലെ…. ആദ്യമായി അവനെക്കുറിച്ചുള്ള ഓർമ്മകൾ അവളിൽ ഒരു പുഞ്ചിരി വിരിയിച്ചു… മറുവശത്തു ഋഷിയും ഉറക്കമില്ലാതെ കിടക്കുകയായിരുന്നു…. ഇനിയൊരിക്കൽ പോലും ഒരാളുടെയും ചോദ്യശരങ്ങൾ ദേവക്കും അല്ലു മോൾക്കും നേരെ വരില്ല എന്ന് ഉറപ്പിച്ചുകൊണ്ട്…… തുടരും

മഴമുകിൽ: ഭാഗം 11

Share this story