മഴയേ : ഭാഗം 15

മഴയേ : ഭാഗം 15

എഴുത്തുകാരി: ശക്തി കല ജി

മനസ്സ് തളരാൻ പാടില്ല… ഞങ്ങൾ എല്ലാരും ഒപ്പമുണ്ട്” ഗൗതമേട്ടൻ വാതിലിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു…. ഗൗതമേട്ടൻ്റെ വാക്കുകൾ മനസ്സിന് ആശ്വസമേകി…. “ഗൗതമേട്ടൻ ഒപ്പമുണ്ടായാൽ മതി… ഈ വാക്ക് മതി എനിക്ക് ധൈര്യം പകരാൻ “ഞാൻ ചിരിയോടെ പറഞ്ഞു ആ നെഞ്ചിൽ ചാരി നിന്നു… . പിന്നെയും എന്തൊക്കെയോ ആശ്വാസവാക്കുകൾ പറയുന്നുണ്ടായിരുന്നു.. എല്ലാം കേൾക്കുന്നുണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയത് കൊണ്ട് മറുപടി വെറുo മുളലിൽ ഒതുക്കി… ..

എൻ്റെ മനസ്സും കാതുകളും ആ നെഞ്ചിലെ ഹൃദയസ്പന്ദനത്തിൻ താളത്തിൽ ലയിച്ചു നിന്നു…. “പേടിക്കണ്ട ഉത്തരയ്ക്ക് എല്ലാം ഭംഗിയായി ചെയ്തു തീർക്കാൻ കഴിയും”.. ഞാനുണ്ട് കൂടെ… നാളെ ഞാൻ പോയിട്ട് വേഗം തിരികെ വരാം… പിന്നെ അമ്മയും വിഷ്ണുവും നാളെ രാവിലെ ഇവിടെ വരും.. . പിന്നെ നിവേദയെ സൂക്ഷിക്കണം… ഞാൻ പറയാതെ തന്നെയറിയാമല്ലോ….. പക്ഷേ അവളെ ഇവിടെ നിന്നും ഇപ്പോഴേ പറഞ്ഞു വിടാനും പറ്റില്ല…. കാരണം അവളിലൂടെ വേണം ശത്രുവിൽ എത്താൻ…. ശത്രുവിനെ ഇല്ലാതാക്കുന്നതു വരെ കരുതിയിരിക്കണം… അല്ലെങ്കിൽ നമ്മുടെ മരണം സംഭവിക്കാം.. ”

..ഗൗതമിൻ്റെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞിരുന്നു… ഞാൻ മുഖമുയർത്തി നോക്കി.. മുഖത്തും പരിഭ്രമം തെളിഞ്ഞ് കാണാം.. ” അങ്ങനെയൊന്നും സംഭവിക്കില്ല… ” ഞാൻ മറുപടി പറഞ്ഞതും ചെറുപുഞ്ചിരിയോടെ കട്ടിലിൽ പിടിച്ചിരുത്തി… എൻ്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു… ” നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞാനും വരും കൂടെ…. മരണത്തിലേക്കായാലും ഞാൻ തനിച്ചാക്കില്ല…” ഗൗതമേട്ടൻ്റെ വാക്കുകളിൽ പതർച്ച എടുത്തറിയാം… “എനിക്ക് ധൈര്യം തരാനുള്ള ആള് തന്നെ എന്നെ പേടിപ്പിക്കാൻ നോക്കുവാ അല്ലെ… ഞാൻ അങ്ങനെയൊന്നും പേടിക്കില്ല… എനിക്ക് ഒന്നും സംഭവിക്കില്ല..

ഗൗതമേട്ടന് നാളെ എന്നെ തനിച്ചാക്കി പോകാൻ വിഷമമായത് കൊണ്ട് മനസ്സിൽ ഓരോന്ന് തോന്നുന്നതാണ്… .. ഇങ്ങനെയിരുന്നാൽ പറ്റില്ല… വേഗം എഴുന്നേറ്റെ… നാളെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യണ്ടേ… മുത്തശ്ശിയോടും അച്ഛനോടും ചോദിച്ച് എന്താ ഒരുക്കങ്ങൾ ചെയ്യേണ്ടത് എന്ന് ചോദിച്ച് ചെയ്യാം… ” ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു ഗൗതമേട്ടൻ്റെ കൈപ്പിടിച്ച് മുറിയിൽ നിന്ന് ഇറങ്ങി… മുത്തശ്ശിയെ മുറിയിൽ കാണാഞ്ഞിട്ട് ഹാളിലേക്ക് നടന്നു…ഹാളിൽ ചെന്നപ്പോൾ ഗൗതമിൻ്റെ അച്ഛനും മുത്തശ്ശിയും അവരെ പ്രതീക്ഷിച്ച് അവിടെ ഉണ്ടായിരുന്നു അവർക്ക് അരികിൽ എത്തും മുന്നേ ഞാൻ ഗൗതമേട്ടൻ്റെ കയ്യിൽ പിടിവെട്ട് നടന്നു ..

ഗൗതമേട്ടൻ തിരിഞ്ഞു നോക്കാതെ മുൻപോട്ട് നടക്കുകയാണ്… ഞാൻ പുറകേ പതിയെ നടന്നു അദ്ദേഹത്തിൻറെ മുമ്പിൽ ചെന്നു നിന്നപ്പോൾ ഞങ്ങളോട് ഇരിക്കാനായി അദ്ദേഹം പറഞ്ഞു “ഇന്ന് നിങ്ങൾ രണ്ടുപേരും വൈകുന്നേരം കുളിച്ച് ദേഹശുദ്ധി വരുത്തിയിട്ട് നിലവറയിലേക്ക് വന്നോളൂ ….അവിടെവെച്ച് ബാക്കി ഉള്ള കാര്യങ്ങൾ പറഞ്ഞുതരാം .. ഇപ്പോൾ ഇവിടെ പുറത്തിരുന്ന് പൂജയുടെയോ വ്രതത്തിൻ്റെയോ കാര്യം ഒന്നും പറയാൻ കഴിയില്ല.. ചുറ്റുo ശത്രുക്കൾ ഉണ്ടാവും.. നമ്മൾ ഇപ്പോൾ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം.. ശത്രുക്കൾ ഏതു രൂപത്തിലും ഇവിടെ കടന്നുകൂടാൻ സാധ്യതയുണ്ട്…. /

നിലവറയിലെ വിളക്കിനു മുന്നിൽ മാത്രമേ ശത്രുക്കൾക്ക് വരാൻ കഴിയാൻ പറ്റാത്തത് ഉള്ളു.. അതുകൊണ്ട് അവിടെ ഇരുന്ന് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് നല്ലത് സന്ധ്യ വിളക്ക് കത്തിക്കുന്നതിന് ഒരു മണിക്കൂർ മുന്നേ നിലവറയിലേക്ക് ദേഹശുദ്ധി വരുത്തി വന്നോളു അവിടെവച്ച് നമുക്ക് കാര്യങ്ങൾ സംസാരിക്കാം … പിന്നെ പൂജയ്ക്ക് ആവശ്യമുള്ള പൂക്കളും കൊണ്ടുവരണം…”ഹരിനാരായണൻ അദ്ദേഹം പറയുന്നത് രണ്ട് പേരും ശ്രദ്ധയോടെ കേട്ടു.. “ശരി ഞങ്ങൾ വരാം”….ഗൗതം പറഞ്ഞു.. “എനിക്കും വരണം… നിങ്ങൾ അനുവാദം തന്നാൽ എനിക്ക് നിലവറയ്ക്കുള്ളിൽ കയറാൻ സാധിക്കും…

കാരണം ഞാൻ ഇവിടെ ബന്ധു ആകാൻ പോകുന്ന പെണ്ണാണ്.. .ഗൗതമേട്ടനെ എനിക്ക് ഇഷ്ടമാണ്.. ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു… ആ കാര്യം കഴിഞ്ഞ തവണ എൻ്റെ അച്ഛനുമമ്മയും വന്നപ്പോൾ ഇവിടുന്ന് ആലോചിക്കാമെന്ന് വാക്ക് നൽകിയതാണ്…. വാക്ക് മാറില്ലെന്ന് വിചാരിക്കുന്നു…” എന്ന് നിവേദ പറഞ്ഞു.. ഹരിനാരായനദ്ദേഹം ഒന്ന് ഞെട്ടി… ” അത് അപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കാമെന്ന് പറഞ്ഞതേയുള്ളു… അല്ലാതെ വിവാഹം നടത്താമെന്ന് ഞാൻ ആർക്കും വാക്ക് നൽകിയിട്ടില്ല… ഇപ്പോൾ ഉടനെ ഗൗതമിൻ്റെ വിവാഹത്തെ കുറിച്ച് ആലോചനയില്ല…

ചില ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുണ്ട്…. ലക്ഷ്യങ്ങൾ പൂർത്തിയായിട്ടേ മുൻപോട്ടുള്ള ജീവിതത്തെക്കുറിച്ച് തീരുമാനം എടുക്കാൻ കഴിയു….” അദ്ദേഹം നിവേദയോട് പറഞ്ഞു… ” അപ്പോൾ ഇദ്ദേഹം അന്ന് എൻ്റെ അച്ഛനോട് പറഞ്ഞത് വെറുo വാക്കായിരുന്നോ… താങ്കൾ പറഞ്ഞത് വിശ്വസിച്ച് എൻ്റെ വീട്ടിൽ എല്ലാവരും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു.. ഞങ്ങളുടെ ബന്ധുക്കൾ നാട്ടുകാർ എല്ലാരും അറിഞ്ഞു… ഇപ്പോൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ…. ” നിവേദ ദേഷ്യത്തോടെ പറഞ്ഞു… “കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ സ്വയം തൻ്റെ വിവാഹം ആലോചിക്കാറില്ല ..

എനിക്ക് എന്തുതന്നെ പറയാൻ ഉണ്ടെങ്കിലും അത് നിവേദയുടെ മാതാപിതാക്കളോട് നേരിട്ട് സംസാരിച്ചു കൊള്ളാം .. വീട്ടിൽ വിവാഹ പ്രായമെത്തിയ പെണ്ണുo ചെക്കനുമുണ്ടെങ്കിൽ കുടുംബത്തിലുള്ള മുതിർന്നവർ തമ്മിൽ ആലോചിക്കാറുണ്ട്… അത് എനിക്ക് നിവേദയോട് വിവരിക്കേണ്ട ആവശ്യവുമില്ല പിന്നെ ഒരു കാര്യം മനസ്സിൽ വച്ചു കൊള്ളു എൻ്റെ മകൻ പോലും ജീവിതത്തിൽ ഒരിക്കൽ പോലും നേർക്ക് നേർ ഇങ്ങനെ മുൻപിൽ നിന്ന് അധികാരത്തോടെ എന്നോട് കയർത്ത് സംസാരിച്ചിട്ടില്ല ..

പെൺകുട്ടികൾ ആയാൽ കുറച്ചു അടക്കവും ഒതുക്കവും വേണം.. ഇങ്ങനെ പ്രായത്തിൽ മൂത്തവരോട് കയർത്ത് സംസാരിക്കുകയും അല്ല വേണ്ടത് ഇങ്ങനെ ഒരു പെൺകുട്ടിയെ അല്ലല്ലാ ഇവിടത്തെ തറവാട്ടിലേക്ക് മരുമകളായി വേണ്ടത് … അതുകൊണ്ട് സ്വയം എന്തെങ്കിലും തോന്നലുകൾ മനസ്സിൽ എൻ്റെ മകനെ കുറിച്ച് ഉണ്ടായിട്ടുണ്ടെങ്കിൽ അത് മുളയിലെ നുള്ളി കളഞ്ഞേക്ക്…. അതൊരു നടക്കാത്ത ആഗ്രഹം ആണ് .. അത് ഒരിക്കലും നടക്കാൻ പോകുന്നില്ല.. അതുകൊണ്ട് ഇങ്ങനെ ഒരു വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യവുമില്ല …

ഗൗതം നിവേദയെ ഒരു അനിയത്തിക്കുട്ടി ആയിട്ടാണ് കണ്ടിട്ടുള്ളത് ആ ഒരു സ്വാതന്ത്ര്യം താൻ മുതലാക്കിയാണ് എന്നും എനിക്കറിയാം അതുകൊണ്ട് എല്ലാവരോടും ആദ്യം മര്യാദയായി സംസാരിക്കാൻ പഠിക്കൂ… നല്ലൊരു ഭാവി ഉണ്ടാകും “എന്ന് ഹരിനാരായണ അദ്ദേഹം ഒരു താക്കീതെന്ന പോലെ നിവേദ യോട് പറഞ്ഞു… നിവേദ എന്തോ മറുപടി പറയാൻ തുടങ്ങിയതും അദ്ദേഹം വേണ്ടാ എന്നർത്ഥത്തിൽ കൈ ഉയർത്തി കാണിച്ചു കൊണ്ട് എഴുന്നേറ്റു “വൈകിട്ടത്തെ കാര്യം രണ്ടു പേരും മറക്കണ്ട… കൃത്യസമയത്ത് നിലവറയിൽ ഉണ്ടാവണം… ” എന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു മുറിയിലേക്ക് നടന്നു …

“നിവേദ നീ എൻ്റെ സ്വന്തം അനിയത്തിയെ പോലെയാണ് ഞാൻ ഇതുവരെ കരുതിയിട്ട് ഉള്ളത് …സുഹൃത്ത് എന്നതിലപ്പുറം അനിയത്തിയുടെ സ്ഥാനമാണ് നിനക്ക് എൻ്റെ മനസ്സിൽ … പക്ഷേ നിൻ്റെ മനസ്സിൽ ഇങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു .. അറിഞ്ഞിരുന്നെങ്കിൽ ഞാനത് നേരത്തെ തിരുത്തിയേനെ… എൻ്റെ ഭാഗത്തുനിന്ന് തെറ്റുകൾ സംഭവിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ് … നിവേദയോട് ഒരു അനിയത്തിയുടെ കരുതലോടെ സംസാരിച്ചത് താൻ തെറ്റിദ്ധരിക്കുo എന്നും ഞാൻ വിചാരിച്ചില്ല…

അച്ഛൻ പറയുന്നതാണ് ശരി മനസ്സിൽ എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ തള്ളിക്കളയുക… വെറുതെ ആഗ്രഹം വളർത്തിവലുതാക്കി കൊണ്ട് സ്വയം വിഡ്ഢിയാകേണ്ട “… ഇവിടെ അച്ഛൻ പറയുന്ന വാക്കിനപ്പുറം ആരും സഞ്ചരിക്കാറില്ല… ” എന്ന് പറഞ്ഞ് കൊണ്ട് മുറ്റത്തേക്കിറങ്ങി പോയി…. ഉത്തര എന്ത് ചെയ്യണമെന്നറിയാതെ മുത്തശ്ശിയെ നോക്കി… നിവേദയുടെ കണ്ണുനിറഞ്ഞു അവൾ അപമാനിതയായി മുഖം കുനിച്ചു .. അവൾക്ക് ഉത്തരയുടെ മുൻപിൽ വച്ച്.. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ഓരോ തവണ അപമാനിക്കപ്പെടുമ്പോഴും പകയുടെ ആഴം കൂടുകയാണ് …

അവൾ നിവേദ മുഖം കുനിച്ചു കൊണ്ട് ഉത്തരയുടെ അടുത്ത് വന്നു… നിവേദ ആരുമറിയാതെ സൂക്ഷിച്ചിരുന്ന കൈയ്യിലെ പൂക്കൾ ഉത്തരയുടെ വലത് കൈയ്യിൽ കൊടുത്തു…. എന്നിട്ട് അവളുടെ മുറിയിലേക്ക് പോയി കതകടച്ചു … രുദ്രൻ തന്ന പൂക്കൾ ഉത്തരയുടെ കൈയ്യിൽ ആരുമറിയാതെ ഏൽപ്പിച്ചു.. ഇനി അവളുടെ മരണത്തിന് ഏതാനം നിമിഷങ്ങൾ മാത്രം… അതിന് ശേഷം മാല കൈക്കലാക്കി വേഗം മടങ്ങണം…. നിവേദ ബാഗിൽ എല്ലാം നിറച്ചു വച്ചു.. കണ്ണാടിയിൽ പ്രതിബിംബമായി നിവേദയുടെ മുഖത്തിന് പകരം മറ്റൊരു സ്ത്രീരൂപം തെളിഞ്ഞു. രുദ്രൻ്റെ സഹായി ദീക്ഷ… അത് ആർത്തട്ടഹസിച്ചു…. അട്ടഹാസത്തിൻ്റെ ശബ്ദം സഹിക്കാനാവാതെ നിവേദ കട്ടിലിൽ മയങ്ങി വീണു… xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഉത്തര കൈയ്യിലെ പൂക്കളിലേക്ക് നോക്കി… എന്തിനാ നിവേദ ഈ പൂക്കൾ എൻ്റെ കൈയ്യിൽ തന്നത്… ഉടനെ ഗൗതമേട്ടനോട് ചോദിക്കണം. മുത്തശ്ശി എന്നെ അടുത്തേക്ക് വിളിച്ചു “എൻ്റെ കുട്ടി ഇതൊന്നും കണ്ടു വിഷമിക്കേണ്ട ഗൗതമിന് അവൾ ഒരു സുഹൃത്ത് മാത്രമാണ് ഒരു കളി കൂട്ടുകാരി .. അവൻ്റെ അമ്മയുടെ കൂട്ടുകാരിയുടെ മകളാണ് .. ചെറിയ കുട്ടിയല്ലേ മനസ്സിൽ ഒരു ആഗ്രഹങ്ങൾ വെറുതെ തോന്നിയിട്ടുണ്ടാവും .. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടല്ലോ അവളെ സ്വയം തിരുത്തി കൊള്ളും … എന്ന് മുത്തശ്ശി പറഞ്ഞു…. “ശരി മുത്തശ്ശി… നാളെ ഉണ്ണി വരും.. എല്ലാ കാര്യങ്ങളും ഞാൻ ഉണ്ണിയോട് പറഞ്ഞിട്ടുണ്ട്…

ഉണ്ണിക്ക് എത്രയും വേഗം മുത്തശ്ശനേയും മുത്തശ്ശിയേയും കാണാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു ” എന്ന് ഞാൻ പറഞ്ഞപ്പോൾ മുത്തശ്ശിയുടെ മുഖത്ത് പ്രകാശo തെളിഞ്ഞു… “എനിക്കും ആഗ്രഹമുണ്ട് ൻ്റെ പേരക്കുട്ടിയെ കാണാൻ കാത്തിരിക്കുകയാണ്….” എന്ന് മുത്തശ്ശി നിറഞ്ഞ ചിരിയോടെ പറഞ്ഞു… “ഞാനൊന്ന് മുറ്റത്തെ ചെടികളും പൂക്കളും കാണട്ടെ.. വന്നിട്ട് ഇതൊന്നും ആസ്വദിച്ച് കാണാനുള്ള സമയം കിട്ടിയിട്ടില്ല” എന്ന് പറഞ്ഞ് ഞാൻ മുറ്റത്തേക്കിറങ്ങി… പോയിട്ട് വാ… അപ്പോഴേക്ക് ഞാൻ കുറച്ച് നേരം കിടക്കട്ടെ ” എന്ന് പറഞ്ഞ് മുത്തശ്ശി മുറിയിലേക്ക് പോയി… മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും ഗൗതമേട്ടനെ കാണുക എന്നതായിരുന്നു മനസ്സിലെ ചിന്ത..

നിവേദ തന്ന പൂക്കൾ വലത് കൈയ്യിൽ നിന്ന് ഇടത് കൈയ്യിലേക്ക് മാറ്റി പിടിച്ചു… കണ്ണടച്ച് കുഞ്ഞു ദേവിയെ മനസ്സിൽ ധ്യാനിച്ചു എത്രയും വേഗം താമര പൊയ്കയിൽ ഈ പൂക്കൾ ഉപേക്ഷിക്കണമെന്ന് മനസ്സിൽ തോന്നി.. അവൾ യാന്ത്രികമായി മുൻപോട്ട് നടന്നു.. പവിഴമല്ലി പൂക്കൾ മുറ്റത്ത് വീണ് കിടക്കുന്നുണ്ട്… എല്ലാം പിച്ചിയും മുല്ലയും നന്ത്യാർവട്ടവും തെച്ചിയും തുളസിയുമാണ് കൂടുതൽ… അവയുടെ വാസന അവളെ മറ്റൊരു ലോകത്തെത്തിച്ചു… താനും ഗൗതമും മാത്രമുള്ള ലോകം…. സ്വപ്നങ്ങളിലൂടെ മനസ്സ് സഞ്ചരിച്ച് കൊണ്ടിരുന്നു……. താമര പൊയ്കയ്ക്കരുകിൽ എത്തിയത് പോലുമറിയാതെ നിന്നു…

കിളികളുടെ ശബ്ദം കേട്ടാണ് അവൾ താമര പൊയ്കയിലേക്ക് നോക്കിയത്… പല തരം കിളികൾ പൊയ്കയിലെ ജലത്തിൽ നീരാടുകയാണ്…. അവളുടെ പാദങ്ങൾ പൊയ്കയിലെ പടവുകൾ ഓരോന്നായി താഴേക്കിറങ്ങി… പൊയ്‌കയിലെ മദ്ധ്യത്തിൽ വിടർന്ന് നിൽക്കുന്ന താമര പൂവിനെ അവൾ കൗതുകത്തോടെ നോക്കി… അതിലേറെ അത്ഭുതവും…. ഈ സമയം വരെ വിടർന്നു നിൽക്കുന്ന താമരപ്പൂവ് കുഞ്ഞു ദേവി അതിൽ നിന്ന് പൊട്ടി ചിരിക്കുന്നതവൾ കണ്ടു…. വീണ്ടും പടവുകൾ ഇറങ്ങി.. പാദങ്ങളിൽ നിന്ന് മുകളിലേക്ക് തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് താഴേക്ക് നോക്കിയത്.. . ഇടുപ്പറ്റം വെള്ളത്തിലാണ് താൻ നിൽക്കുന്നത്…

മനസ്സിൽ ഭയം നിറഞ്ഞു… ഈ കുളത്തിൽ ആരും ഇറങ്ങാറില്ല എന്ന് ഗൗതം പറഞ്ഞത് ഓർമ്മ വന്നു… തിരികെ കയറണമെന്ന് പാദങ്ങൾ ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല… .അന്തരീക്ഷം ഇരുണ്ടുവന്നു…. കാറ്റു ശക്തിയായി വീശി തുടങ്ങി.. മഴത്തുള്ളികൾ വീണു തുടങ്ങി…. ….. കാറ്റിൻ്റെ ശക്തിയിൽ കുഞ്ഞു തിരമാലകൾ ഉണ്ടായി…മഴയുടെ ശക്തി കൂടിയതും പൊയ്കയിലെ ജലനിരപ്പ് ഉയർന്നു… അവൾ കണ്ണടച്ചു മനസ്സ് എകാഗ്രമാക്കി വലത് കൈയ്യിൽ കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റിൻ മുറുകെ പിടിച്ചു… ദേവി നാമം ഉച്ഛരിച്ച് കൊണ്ടിരുന്നു… കുഞ്ഞു ദേവിരൂപം താമര പൂവിൽ നിന്നുയർന്നു വന്നു…

കൈയ്യിലെ ശൂലം കൊണ്ട് അവളെ ജലത്തിലേക്ക് താഴ്ന്ന് പോകാതെ പാദത്തിൽ തടഞ്ഞു നിർത്തി.. ഗൗതം വന്ന് നോക്കുമ്പോൾ പൊയ്കയിൽ മുങ്ങി കൊണ്ടിരിക്കുന്ന ഉത്തരയെ… അവൻ പടവുകൾ ഓടിയിറങ്ങി… ജലത്തിലേക്ക് ചാടിയിറങ്ങും മുന്നേ ഉത്തരയ്ക്ക് ചുറ്റുo അന്ധകാരം പടരുന്നത് കണ്ടു… അവിടെ നിന്ന് കൊണ്ട് തന്നെ വലത് കൈയ്യിലെ രക്ഷ ഉയർത്തി പിടിച്ചു… ഉറക്കെ മന്ത്രം ഉരിവിട്ടു… ശൂലത്തിൻ്റെ രൂപം പാഞ്ഞ് ചെന്ന് അന്ധകാരത്തെ ഇല്ലാതാക്കി. .. ഉത്തര ജലത്തിൽ നിന്നും പടവിലേക്ക് തെറിച്ചു വീണു… ഗൗതം അവളുടെ ഇടത്കൈയ്യിൽ പിടിച്ചു…. കൈയ്യിലെ പൂക്കൾ താമര പൊയ്കയിൽ കളഞ്ഞു…. അവളുടെ ഹൃദയമിടിപ്പ് കുറയുകയാണ് എന്ന് മനസ്സിലാക്കി ഉത്തരയെ തോളിലെടുത്ത് വേഗം നിലവറ ലക്ഷ്യമാക്കി ഓടി…. തുടരും

മഴയേ : ഭാഗം 14

Share this story