മൈഥിലി : ഭാഗം 19

മൈഥിലി : ഭാഗം 19

എഴുത്തുകാരി: ആഷ ബിനിൽ

പ്രതേകിച്ചു ഒന്നും സംഭവിക്കാതെ ഒരാഴ്ച കടന്നുപോയി. അപ്പോഴേക്കും മാളു ജോലിക്കു പോകുന്നതുമായി നിസമോൾ ഒത്തുപോയി തുടങ്ങിയിരുന്നു. ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ദേവനും മാളുവും തങ്ങളുടെ ശീതസമരം തുടർന്ന് പോന്നു. ഒരു ദിവസം ദേവൻ ഓഫീസിൽ ചെല്ലുമ്പോൾ മാളു സഹപ്രവർത്തകനായ കാർത്തിക്കിനെ തോളിൽ കൈവച്ച് നിന്നു സംസാരിക്കുന്നതാണ് കാണുന്നത്. അവൻ ആണെങ്കിൽ അവിടുത്തെ ഏറ്റവും വഷളൻ ആണ്. മാളുവിനും അറിയാം അവന്റെ സ്വഭാവം. എന്നിട്ടാണ്.. ദേവൻ ദേഷ്യം കൊണ്ട് വിറച്ചു. “മൈഥിലി.. കം ടു മൈ കാബിൻ” അവൻ ചവിട്ടി തുള്ളി പോകുന്നത് കണ്ട മാളു പോലും ഒരു നിമിഷം ഭയന്നുപോയി. ബ്രെയ്ക് ടൈമിൽ അല്ലെ സംസാരിച്ചത്.

പിന്നെന്താ.. പുച്ഛത്തോടെ അവൾ അകത്തേക്ക് കയറി. ചെന്നപാടെ ദേവൻ ഒരു ഫയൽ അവളെ ഏൽപ്പിച്ചു. കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുമ്പോൾ ദേവന്റെ നോട്ടം മുഴുവനും മാളുവിൽ ആയിരുന്നു. അതു മസിലാക്കിയ മാളു ശബ്ദത്തോടെ ഫയൽ മേശയിൽ വച്ചശേഷം തന്റെ സീറ്റിലേക്ക് പോകാനൊരുങ്ങി. “നീ എന്തിനാ മിത്തു എന്നും ഇങ്ങനെ പഴഞ്ചൻ സാരി ഉടുത്തു വരുന്നത്? നല്ലത്തൊന്നും ഇല്ലാഞ്ഞിട്ടാണോ? അതോ മേടിക്കാൻ പൈസ ഇല്ലാഞ്ഞിട്ടോ?” “സർ ഞാൻ മുന്നേ പറഞ്ഞുകഴിഞ്ഞു, എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെരുതെന്ന്” “നിനക്ക് ഞാൻ അത്രക്ക് അന്യനാണോ മിത്തു? എന്നെ മറന്നോ നീ?” “ഓർത്താൽ അല്ലെ മറക്കൂ?” ദേവന് ഒന്നും മസിലായില്ല. “എന്നെ മറന്ന വ്യക്തിയെ ഓർക്കേണ്ട ഒരാവശ്യവും ഇപ്പോ എനിക്കില്ല.” മാളു സീറ്റിൽ ഇരുന്നു. ദേവൻ എഴുന്നേറ്റ് ചെന്ന് അവളുടെ മുന്നിൽ നിന്നു.

“എന്നിട്ട് ഇപ്പോഴും ഞാൻ തന്ന മൂക്കുത്തി നീ ഉപേക്ഷിച്ചില്ലല്ലോ?” മാളു തന്റെ മൂക്കിലേക്ക് തൊട്ടു നോക്കി. ശരിയാണ്. ലേബർ റൂമിൽ കയറുമ്പോൾ പോലും ഇതൊഴിവാക്കാൻ മനസ് വന്നില്ല. “സർ പ്ലീസ്. എന്റെ വസ്ത്രം, ആഭരണം.. ഇതൊക്കെ എന്റെ സ്വകാര്യതയാണ്. ദയവു ചെയ്ത് അതിൽ ഇടപെടരുത്.” മാളു കൈകൂപ്പിക്കൊണ്ട പറഞ്ഞു. ദേവൻ തന്റെ മേശയിലിരുന്ന ഫയൽ മാളുവിന് മുന്നിലേക്ക് വച്ച ശേഷം പുറത്തേക്ക് പോയി. ഓരോ തവണയും അവനെ വാക്കുകൾ കൊണ്ട് മുറിവേല്പിക്കുമ്പോൾ ക്രൂരമായ ഒരു ആനന്ദം തന്നിൽ നിറയുന്നത് അവൾ അറിഞ്ഞു. ഉച്ചക്ക് ശേഷം മാളുവിനും ദേവനും ഒരു ബിസിനസ് മീറ്റ് ഉണ്ടായിരുന്നു. മൂന്നു മണിയോടെ അതു കഴിഞ്ഞു.

അവൻ മാളുവിനെയും കൊണ്ട് ഒരു ടെക്സ്റ്റ്ടൈൽ ഷോപ്പിന് മുന്നിലെത്തി. “എന്താ ഇവിടെ?” “അപ്പുവിന് കുറച്ചു ഡ്രസ്സ് എടുക്കണം. താൻ കൂടി വാ. അളവ് നോക്കാൻ ആണ്.” താല്പര്യം ഇല്ലായിരുന്നെങ്കിലും സമയം പോകാനും ഷോപ്പിങ് ഇഷ്ടമായതുകൊണ്ടും മാളു ഇറങ്ങി. ഒരു വർഷത്തിന് മേലെ ആയി, താൻ ഇതുപോലൊന്നു ഷോപ്പിംഗിന് പോയിട്ട്.. അവൾ ഓർത്തു. അവൻ വാങ്ങി കൂട്ടുന്നത് കണ്ടപ്പോൾ മാളുവിന് അതിശയമായി. അത്രയധികം വസ്ത്രങ്ങൾ ഉണ്ടായിരുന്നു. അപ്പു മറ്റെവിടെക്കെങ്കിലും പോവുകയാണോ? കല്യാണം ആയോ ഇനി? ചോദിക്കാൻ ആഗ്രഹം തോന്നിയെങ്കിലും അവൾ മിണ്ടിയില്ല.

ദേവൻ ആണെങ്കിൽ ഓരോ ടോപ്പും എടുത്തു മാളുവിന്റെ ദേഹത്തു വച്ച് പാകം നോക്കിയോക്കെ ആണ് വാങ്ങുന്നത്. കട മൊത്തത്തിൽ എടുക്കാനുള്ള പ്ലാൻ ആണോ എന്നുവരെ തോന്നി പോയി. “തന്റെ ക്യാബ് വരാറായി കാണും. പുറത്തേക്ക് നിന്നോളൂ. ഞാൻ ബില്ല് അടച്ചിട്ട് വരാം” മാളു ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. ക്യാബ് വന്നു നിന്നപ്പോഴേക്കും ദേവൻ കയ്യിൽ കരുതിയ കവറുകളും സെയിൽസ് ഗേൾ കൊണ്ടുവന്ന തന്നതും എല്ലാം കൂടി അതിന്റെ ബാക് സീറ്റിലേക്ക് വച്ചു. “എന്താ ഈ കാണിക്കുന്നത്? എനിക്കിതൊന്നും വേണ്ടാ. എടുത്തുകൊണ്ട് പോകുന്നുണ്ടോ?” ദേഷ്യത്തിൽ വിറക്കുന്ന മാളുവിന്റെ മൂക്കിൽ ആയിരുന്നു ദേവന്റെ നോട്ടം. അവൻ ചിരിച്ചു. “ഇന്നേഴ്സിന്റെ അളവ് അറിയാത്തതുകൊണ്ട് അതു മാത്രം വാങ്ങീട്ടില്ല ട്ടോ..

ബാക്കി എല്ലാം ഉണ്ട്. നാളെ മുതൽ ഓഫീസിൽ വരുമ്പോ സുന്ദരിയായി വേണം വരാൻ” അവൻ മാളുവിന്റെ കാതോരം വന്ന് അത്രയും പറഞ്ഞു. ആ ചെവിയിൽ ഒരു കടിയും കൊടുത്ത ശേഷം അവളെ കണ്ണുചിമ്മി കാണിച്ച് ഒരു മൂളിപ്പാട്ടും പാടി ദേവൻ നടന്നകന്നു. മാളുവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. സംഭവിച്ചത് എന്താണെന്ന് അവൾക്ക് മനസിയിലായപ്പോഴേക്കും അവൻ കടന്ന് പോയിരുന്നു. മാളു ദേഷ്യത്തിൽ നിലത് രണ്ടു ചവിട്ടും ചവിട്ടി വണ്ടിയിൽ കയറി ഡോർ വലിച്ചടച്ചു. സ്നേഹസദനിൽ എത്തിയപ്പോൾ ഡ്രൈവർ തന്നെ കവറുകൾ എടുത്തു വയ്ക്കാൻ മാളുവിനെ സഹായിച്ചു. ഇത്രയധികം സാധനങ്ങൾ കണ്ട് സിസ്റ്റർ ട്രീസയും അമ്പരന്നുപോയി.

“ആഹാ.. ഒരു വർഷത്തെ മുഴുവൻ ഷോപ്പിങ്ങും നടത്തിയല്ലോ മൈഥിലി.. എന്തൊക്കെയാ ഇത്?” ദേവനോടുള്ള ദേഷ്യം മുഴുവൻ അവരോട് തീർക്കാൻ മനസു വെമ്പിയെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു. “എനിക്കൊരാൾ നിർബന്ധിച്ചു വാങ്ങി തന്നതാണ് ഇതെല്ലാം. എനിക്ക് മാത്രമായി ഒന്നും ആവശ്യമില്ല. സിസ്റ്റർ തന്നെ എല്ലാവർക്കും പങ്കുവച്ചു കൊടുക്കണം. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം മതി എനിക്ക്.” മാളു മിസമോളേയും എടുത്ത് അകത്തേക്ക് പോയി. മുഖവും കയ്യും കഴുകി മോൾക്ക് പാല് കൊടുത്തു കളിക്കാൻ ഇരുത്തിയ ശേഷം പോയി ഫ്രഷ് ആയി വന്നു. സോളിഡ് ഫുഡ് കുറെയൊക്കെ അരച്ചു കൊടുത്തു തുടങ്ങിയതിനാൽ മോളുടെ ഭക്ഷണ കാര്യത്തിലെ ആശങ്ക കുറഞ്ഞിരുന്നു.

“ഈ കവറുകളിൽ ഡ്രസ് മുഴുവൻ നിസമോളുടെ പാകത്തിനാണ്.” സിസ്റ്റർ ട്രീസ മുറിയിലേക്ക് കയറിവന്നുകൊണ്ട പറഞ്ഞു. ഏഴോ എട്ടോ വലിയ കവറുകൾ ഉണ്ടായിരുന്നു അവരുടെ കയ്യിൽ. “പറ്റുന്ന സാധനങ്ങൾ എല്ലാം ഞാൻ വീതം വച്ചു. ബാക്കിയുള്ളത് കുറച്ചു റെഡിമേഡ് ഡ്രസ്സുകളും നല്ല രണ്ടു സാരിയും ആണ്. അതെങ്കിലും ഇവിടെ ഇരിക്കട്ടെ.” സിസ്റ്റർ മുറിവിട്ടു പോയി കഴിഞ്ഞപ്പോൾ ഒന്നു നോക്കുകപോലും ചെയ്യാതെ മാളു ആ കവറുകൾ അലമാരയിലെടുത്തു വച്ചു. രണ്ടാഴ്ച കൂടി കഴിഞ്ഞു. താൻ വാങ്ങിക്കൊടുത്ത ഏതെങ്കിലും ഡ്രസ് മാളു ഇട്ടു വരും എന്നു കരുതിയ ദേവൻ നിരാശനായി. കിട്ടുന്ന അവസരത്തിലെല്ലാം വാക്കുകൾ കൊണ്ട് അവനെ വേദനിപ്പിക്കുന്നത് മാളു തുടർന്ന് പോന്നു. ഒറ്റക്ക് കോഫീ ഷോപ്പിൽ ഇരിക്കുകയാണ് മാളു. നാളെയാണ് മിക്കിയുടെ കല്യാണം.

ഇന്ന് ചെല്ലാൻ പറഞ്ഞിരുന്നു പക്ഷെ മോളെ ഒരുപാട് നേരം ഒറ്റക്ക് ആക്കാൻ പറ്റില്ലല്ലോ.. മിക്കിയെ വിളിച്ചു കാര്യം പറയാം എന്നു വിചാരിച്ചു. ഒറ്റ റിങ്ങിൽ തന്നെ അവൾ ഫോണെടുത്തു. “പറ മോളെ.. എപ്പോ എത്തും നീ?” “മിക്കി ഞാൻ ഇന്നില്ലടി.. മോള് ഒറ്റയ്ക്കല്ലേ അവിടെ. നാളെ കല്യാണത്തിന് കാണാം.” അവളുടെ അവസ്ഥ മനസിലാക്കിയ മിക്കിക്കും കൂടുതൽ നിർബന്ധിക്കാൻ തോന്നിയില്ല. “ശരി. നാളെയെങ്കിൽ നാളെ. പിന്നെ ഈ വിധവാ വേഷത്തിൽ ആണെങ്കിൽ നാളെ ഈ പടി ചവിട്ടിക്കില്ല ഞാൻ. പഴയ മാളുവായി വരാൻ പറ്റുമെങ്കിൽ മാത്രം വന്നാൽ മതി നീ” “ഇപ്പോ എനിക്കെന്താ കുഴപ്പം?” “മാളു.. വെറുതെ നല്ലൊരു ദിവസം ആയിട്ട് എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് നീ.. നീ സ്വയം ഒന്ന് നോക്ക്..

അവളുടെ ഒരു രൂപവും കൂടെ ഒരു പഴഞ്ചൻ കോട്ടൻ സാരിയും.. നിന്റെ പഴ ഡ്രെസ് സെൻസൊക്കെ ഇവിടെ പോയി? പോട്ടെ.. ഒരു പോട്ടെങ്കിലും തോട്ട് നടന്നൂടെ പെണ്ണേ?” മിക്കിയോട് നോക്കാം എന്നുപറഞ്ഞു അവൾ ഫോണ് വച്ചു. മാളു സ്വയം ഒന്നു നോക്കി. അവൾ പറഞ്ഞത് വെറുത്തയല്ല.. തനിക്കിപ്പോ സത്യത്തിൽ ഒരു ദുഃഖപുത്രി ലുക്ക് ആണ്. “എന്താടോ? സ്വപ്നം കാണുകയാണോ?” ചോദ്യം കേട്ട് മാളു ഞെട്ടി നോക്കി. ബാലു സർ ആണ്. “ഹേയ്. ഒന്നുമില്ല സർ. ഞാൻ വെറുതെ..” “മോള് എന്തുപറയുന്നു?” “ഓ.. അപ്പൊ സാറിനും എല്ലാം അറിയാമായിരുന്നു അല്ലെ” “അല്ലടോ. ഞാനും ഒന്നരമാസം മുൻപേ ആണ് അറിഞ്ഞത്.” മാളുവിന് അതു വിശ്വാസം ആയില്ല എന്നു തോന്നി.

വിഷയം മാറ്റാൻ അവൻ ചോദിച്ചു: “അല്ല.. തനെന്താ ബ്ലാക് കോഫി കുടിക്കുന്നത്? മിൽക്ക് കോഫി അല്ലെ തന്റെ ഫേവറിറ്റ്?” “മോൾക് പാൽ അലർജി ആണ് സർ” “അതിന് മോളല്ലല്ലോ താൻ അല്ലെ പാൽ കുടിക്കുന്നത്..?” മാളു തലയിൽ കൈ വച്ചു. പിന്നെ മെല്ലെ പറഞ്ഞു: “സർ ഞാൻ മോളെ ബ്രെസ്റ്ഫീഡ് ചെയ്യുന്നുണ്ടല്ലോ.. അതാണ്” കാര്യം പൂർണമായി മനസ്സിലായില്ലെങ്കിലും അവൻ പിന്നൊന്നും ചോദിച്ചില്ല. “മാളു ഞാൻ വന്നത്…..” “ദേവൻ സാറിന്റെ കാര്യം ഒഴികെ മറ്റെന്തും സാറിന് പറയാം” മാളു ഇടയിൽ കയറി പറഞ്ഞു. “ഒന്നൂടെ ആലോചിച്ചു കൂടെ തനിക്ക്?” “എന്നെ വേണ്ടന്ന് വച്ചു പോയവരെ കുറിച്ച് ആലോചിച്ചു കളയാൻ എനിക്ക് സമയമില്ല സർ” “മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ താൻ?”

മാളു ചോദ്യം മനസിലാകാത്ത ഭാവത്തിൽ അവനെ നോക്കി. “വളച്ചുകെട്ടാതെ കാര്യം പറയാം. എനിക്ക് മാളുവിനെ വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട്” “വാട്ട്..?” “മാളു പ്ലീസ്.. ശബ്ദം ഉണ്ടാക്കരുത്. ആളുകൾ ശ്രദ്ധിക്കുന്നു..” മാളു കത്തുന്ന കണ്ണുകളോടെ അവനെ നോക്കി. അതു കാര്യമാക്കാതെ ബാലു തുടർന്നു: “മാളുവിനെ ഞാൻ മനസിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് നാളുകളായി. പക്ഷെ അപ്പോഴേക്കും താൻ ദേവന് മനസുകൊടുത്തു കഴിഞ്ഞിരുന്നു. ഇനിയെന്തായാലും തനിക്ക് ദേവനെ അംഗീകരിക്കാൻ പറ്റില്ല എന്നെനിക്കറിയാം. അത്ര വലിയ ചതിയല്ലേ അവൻ തന്നോട് ചെയ്തത്.. പിന്നെ നിങ്ങൾ തമ്മിൽ അധികം ഒന്നും നടന്നിട്ടും ഇല്ലല്ലോ.. തന്റെ കൂടെ ജീവിക്കാൻ വേണ്ടി തന്റെ മകളെ സ്വന്തമായി കരുതി സ്നേഹിക്കാനും തയ്യാറാണ് ഞാൻ.

താനൊന്ന് മനസുവച്ചാൽ മതി” അതോടെ മാളുവിന്റെ സർവ നിയന്ത്രണങ്ങളും വിട്ടു. “ഇനിയൊരു വാക്ക് താൻ മിണ്ടിയാൽ ചൂടുകാപ്പി തന്റെ മുഖത്തൊഴിക്കും ഞാൻ” താൻ കണ്ടിട്ടിലാത്ത, തനിക്ക് പരിചയമില്ലാത്ത ഒരു മാളുവിനെയാണ് പിന്നെ അവൻ കണ്ടത്. “ഇപ്പോൾ അകന്നു കഴിയുകയാണെങ്കിലും അച്ചുവേട്ടനെ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്. ആ മനുഷ്യൻ എന്നെയും. പിന്നെ അന്ന് എന്നെ ഉപേക്ഷിച്ചത്.. അത് അത്രയും സ്‌ട്രോങ് ആയ എന്തെങ്കിലും കാരണം കൊണ്ടാണ് എന്നെനിക്ക് നല്ല ഉറപ്പുണ്ട്.. എന്തിന്റെ പേരിൽ ആയാലും, അതെന്നോട് തുറന്ന് പറയാതെ പോയതിന്റെ പരിഭവം മാത്രമേ എനിക്കുള്ളൂ. പിന്നെ ഒന്നു നഷ്ടപ്പെട്ടാൽ ഉടനെ മറ്റൊന്ന് തേടി പിടിക്കാൻ ഞങ്ങൾ കാമ്പസ് ലവേഴ്‌സ് അല്ല.. പക്വതയോടെ ആലോചിച്ച് എടുത്ത തീരുമാനം ആണ് പരസ്പരം സ്നേഹിക്കാൻ. ഇനിയെന്നും കൂടെ ഉണ്ടാകാൻ.

ഒന്നും കൂടി ഞാൻ പറയാം. ഇനി മേലാൽ ഈ തരത്തിലുള്ള സംസാരവും കൊണ്ട് എന്റെ മുന്നിൽ വന്നാൽ, തന്നെ ഒതുക്കാൻ എനിക്ക് ആരുടെയും ഒരു സഹായവും വേണ്ട. ഞാൻ മാത്രം മതി. ഓർത്തോ…!” അത്രയും പറഞ്ഞു മാളു എഴുന്നേറ്റു. ബാലു തല കുനിച്ചിരുന്നതെയുള്ളൂ. അവൾ അവനു നേരെ മുഖം താഴ്ത്തി: “ഇതിനാണല്ലേ.. ആത്മാർത്ഥ സ്നേഹിതൻ കളിച്ചു അച്ചുവേട്ടന്റെ കൂടെ നിഴൽ പോലെ നടന്നത്.. ” ബാലുവിന്‌ ഉത്തരമില്ലായിരുന്നു. മാളു പോയ വഴിയേ നോക്കി അവൻ ഇരുന്നു. പിന്നെ കയ്യിലിരുന്ന ഫോണെടുത്ത് ചെവിയോട് ചേർത്തു. മറുവശത്ത്, എല്ലാം കെട്ടുകൊണ്ടിരുന്നു ദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….. തുടരും…

മൈഥിലി : ഭാഗം 18

Share this story