മഞ്ജീരധ്വനിപോലെ… : ഭാഗം 23

മഞ്ജീരധ്വനിപോലെ… : ഭാഗം 23

എഴുത്തുകാരി: ജീന ജാനകി

രാത്രി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഭാമ…. ആകാശത്തിലെ നക്ഷത്രങ്ങൾ വല്ലാത്തൊരു ശോഭ പോലെ…. നിലാവൊളി പരത്തുന്ന ചന്ദ്രൻ… പാരിജാതപ്പൂക്കളുടെ ഇതളുകളിൽ തട്ടിച്ചിതറുന്ന ചന്ദ്രശോഭ…. അവയോടെ മത്ത് പിടിപ്പിക്കുന്ന ഗന്ധത്തെ ആവാഹിച്ചെത്തുന്ന കാറ്റ്…. ദൂരെയേതോ മരക്കൊമ്പിലിരുന്ന് രാപ്പാടി പാടുന്നു…

“സൂര്യൻ സാഗരത്തിന്നാഴങ്ങളിലേ- ക്കാണ്ടു പോയിരിക്കുന്നു…. അവശേഷിച്ച വെളിച്ചവും കെട്ടുപോയിരുന്നു…..നിശയിൽ നിദ്രാദേവിയുടെ മടിത്തട്ടിൽ തല ചായ്ച്ചു മയങ്ങവേ കൺപീലികളിൽ കുരുങ്ങിക്കിടന്ന നൂറു നൂറു സ്വപ്നങ്ങളുണർന്നു…. എൻ നെറ്റിയിൽ ചന്ദനത്തിൻ കുളിർമ… ചുറ്റും പാരിജാതമുണരുന്നു… നിശാഗന്ധിപ്പൂക്കൾ സൗരഭ്യം പൊഴിക്കുന്നു.. നിന്നിലേക്കരിച്ചിറങ്ങും തണുപ്പിനെ വകഞ്ഞുമാറ്റി എനിക്കിന്നൊരു യാത്ര പോകണം…. നിന്റെ വേരു പൂക്കുന്നിടത്തേക്ക്…”

ഭാമ പതിയെ മന്ത്രിച്ചു…. പെട്ടെന്ന് മാധവ് പുറകേ ചെന്നവളെ പുണർന്നു… അവന്റെ ഹൃദയമിടിപ്പ് പോലും അവളിലേക്ക് അലിഞ്ഞുചേർന്ന പോലെ തോന്നി…. “എന്താണ് ഭാര്യേ….  കവിതയൊക്കെ….” “ഏയ്…. ഈ സീനറി കണ്ടപ്പോൾ പറഞ്ഞതാ….” “നീ എഴുതില്ലായിരുന്നോ….” “കുറേശ്ശെ….” “ഇപ്പോ എന്താ നിർത്തിയത്….” “ടൈം ഇല്ലല്ലോ…. ഇനി കൈ ശരിയാവട്ടെ തുടങ്ങിയേക്കാം….” “അതേ ഇങ്ങനെ നിന്നാൽ മതിയോ…. ഉറങ്ങണ്ടെ….” “മ്…. വേണം… കണ്ണേട്ടാ…. ഈ ഊഞ്ഞാലിൽ ഇരുന്ന് ഉറങ്ങിക്കോട്ടേ ഞാൻ….” “ഊഞ്ഞാലിൽ ഇരിക്കാൻ അത്ര ഇഷ്ടാണോ….” “മ്… പണ്ട് അമ്മേട വീട്ടിൽ വെക്കേഷന് പോകുമ്പോൾ അവിടെ അച്ഛൻ കെട്ടിത്തരുമായിരുന്നു…. ഏട്ടനാണ് ആട്ടുന്നത്…. നല്ല രസായിരുന്നു….”

“എങ്കിൽ ഇന്ന് നമുക്ക് ഊഞ്ഞാലിൽ ഉറങ്ങാട്ടോ….” മാധവ് ഊഞ്ഞാലിലേക്ക് ഇരുന്ന ശേഷം അവളെ സാവധാനം മടിയിലേക്ക് ഇരുത്തി…. ഭാമ അവന്റെ നെഞ്ചോട് തല ചേർത്ത് ആകാശം നോക്കി കിടന്നു… “ഞാൻ നീ വരും മുമ്പ് വരെ മിക്ക രാത്രികളിലും ഇതിലിരുന്നാണ് ഉറങ്ങുന്നത്… മരിച്ചവരൊക്കെ നക്ഷത്രങ്ങളാകും എന്ന് അമ്മേട അമ്മ പറയുമായിരുന്നു…. അങ്ങനെ ഫോട്ടോയിൽ മാത്രം കണ്ട എന്റെ അച്ഛനേയും അമ്മയേയും ഞാൻ ആകാശത്തെ നക്ഷത്രങ്ങളായി സങ്കൽപ്പിച്ചു…

അവരോട് സങ്കടം പറഞ്ഞു… ദേഷ്യപ്പെട്ടു…. എന്നെ കൊണ്ട് പോകാത്തതെന്താണെന്ന് ചോദിച്ചു… പക്ഷേ ഇപ്പോ എനിക്കതിന്റെ ഉത്തരം അറിയാം….” “എന്താ കൊണ്ട് പോകാത്തത്…” “നീ…. നീ കാരണം… എനിക്ക് കൂട്ടിനായി ദൈവം അയച്ചതാ നിന്നെ….” അവളവനെ മുറുകെ പിടിച്ചു… മാധവിന്റെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുകി…. ഭാമയൊന്ന് പിടഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി…. മാധവിന്റെ നോട്ടം അവളുടെ അധരങ്ങളിൽ തങ്ങി നിന്നു… അവനവയിലേക്ക് ആഴ്ന്നിറങ്ങാനായ് മുഖം കുനിച്ചു….

പെട്ടെന്ന് ഭാമ അവന്റെ ചുണ്ടുകളെ കൈ വച്ച് തടഞ്ഞ ശേഷം അവന്റെ കവിളുകളിൽ ചുംബിച്ചു…. മാധവിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു… “നെറ്റിയിൽ നിന്നും ഇങ്ങോട്ട് പെർമിഷൻ കിട്ടിയല്ലോ…. ഇനി ബാക്കി എന്ന് കിട്ടും…” “ആം…. എന്റെ ഭർത്താവിന്റെ സ്നേഹം ഒന്നറിയട്ടെ… എന്നിട്ട് പറയാം…” “ഓഹ്….. അതേ ഡോക്ടർ പറഞ്ഞു നാളെ മുതൽ ബാൻഡേജ് അഴിച്ചിട്ട് ഫിസിയോതെറാപ്പി ചെയ്യണമെന്ന് പറഞ്ഞു…..” “എന്നെ എണ്ണത്തോണിയിലിട്ട് ഏഴിമലപ്പൂഞ്ചോല പാടാനാണോ ഉദ്ദേശം…” “എന്നെ കണ്ടിട്ട് നിനക്ക് സിൽക്ക് സ്മിതയായി തോന്നണുണ്ടോ….”

“ഏയ് ഓരോരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോൾ…..” “അയ്യടീ…. ദേ കണ്ണടച്ച് കിടക്ക്…. ഇല്ലേൽ മേടിക്കും നീ….” അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്ന് കണ്ണുകളടച്ചു…. മാധവ് അവളെ പുണർന്ന് ആകാശത്തേക്ക് മിഴി നട്ടു…. ഒരു നിമിഷം നിഷ്കളങ്കമായി ഉറങ്ങുന്ന ഭാമയെ അവൻ നോക്കി… നിശബ്ദമായി അവന്റെ മനസ്സ് മന്ത്രിച്ചു… “നിനക്ക് മാത്രമായ് എന്നുള്ളിൽ ഞാനൊരു വസന്തം തീർത്തു… ഒരു നിശബ്ദ വസന്തം.. നിന്നോടുള്ള പ്രണയത്തിനാഴ്ന്നിറങ്ങാ- നെന്റെ നെഞ്ചിനേക്കാൾ മികച്ചൊരു സ്ഥാനവുമെനിക്ക് കാണാൻ കഴിഞ്ഞില്ല…

എന്റെ ചോരയേക്കാളതിന് ധാതുക്കൾ പകരുന്ന മറ്റൊരു ജലസ്രോതസ്സും ഞാൻ എങ്ങും കണ്ടിരുന്നില്ല… നിന്നോടുള്ള പ്രണയത്താൽ തിളങ്ങുമെൻ കൺകളേക്കാൾ ഒരു സൂര്യനും പ്രകാശം പരത്തിയിരുന്നില്ല… എന്നിലെ ജീവരക്തത്തെ കുടിച്ചെൻ മാറിൽ വേരാഴ്ത്തി നീ വളർന്നു.. നിന്നിലെ ശ്വേതപുഷ്പങ്ങൾ പോലും പ്രണയത്താൽ അനുനിമിഷവും ചുവന്നുകൊണ്ടിരുന്നു… എന്തിനേറെ ആഴ്ന്നിറങ്ങിയ വേരുകൾ പോലും ഇന്ന് പൂത്തുലഞ്ഞിരിക്കുന്നു.. മറ്റാരും കാണാതെ നിനക്കായ് മാത്രം ഞാൻ കാത്തുവെച്ച നിശബ്ദ വസന്തം..” മന്ദമാരുതൻ അവരെ തഴുകിക്കടന്നു പോയി… ആ കരലാളനങ്ങളാൽ അവനും നിദ്രയുടെ മടിത്തട്ടിലേക്ക് വീണു…. ************

ഹരിയും ലക്ഷ്മിയും മഞ്ജിയും നല്ല സന്തോഷത്തിലായിരുന്നു…. “ഹരിയേട്ടാ….. എല്ലാ നേർച്ചയും നമുക്ക് നടത്തണം കേട്ടോ….” “മ്… എന്റെ കുഞ്ഞുങ്ങളെ എന്നും സന്തോഷത്തോടെ കണ്ടാൽ മതി….” “അമ്മ രാവിലെ മുതൽ ഏട്ടനിഷ്ടപ്പെട്ട എല്ലാം ഉണ്ടാക്കുന്ന തിരക്കിലാണല്ലോ… എന്നെ കളഞ്ഞോ രണ്ട് പേരും….” “ഇങ്ങനൊരു കുശുമ്പിപ്പെണ്ണ്…. ആഹ് ഹരിയേട്ടാ ദേവകി വിളിച്ചിരുന്നു…” “എന്തേലും വിശേഷം….” “അവർക്ക് ഒരു നേർച്ചയുണ്ടെന്ന്…. മക്കൾ വൈത്തീശ്വരക്ഷേത്രത്തിൽ ഭജനയിരിക്കണം എന്ന്…” “ആം… ആദ്യം മോളുടെ കൈ ശരിയാവട്ടെ… ഒരാഴ്ച കഴിയുമ്പോൾ ഓകെ ആകും…”

“അപ്പോഴേക്കും മതി…. അമാവാസിയ്ക് ഒരു ദിവസം മുന്നേ അവിടെ എത്തണം… അമാവാസി നാളിൽ ഭജനം ഇരിക്കണം… പിറ്റേന്ന് മടങ്ങി നേരേ അവരുടെ തറവാട്ടിലേക്ക്… അവിടെ ഏഴ് ദിവസം ഉത്സവം…. രണ്ടാം നാൾ തൊട്ട് മൂന്ന് ദിവസം നവ ദമ്പതികൾ വൃതശുദ്ധിയോടെ പൂജയ്ക് ഇരിക്കണം….” “ആം… ഞാൻ കിച്ചൂനോട് പറയാം… ഈ കാര്യങ്ങളിൽ ഒരു മുടക്കവും പാടില്ല… കമ്പനി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം….” ഹരി നേരേ ഹാളിലേക്ക് പോയി… ലക്ഷ്മിയും മഞ്ജിയും പാചകത്തിലേക്ക് തിരിഞ്ഞു…. ************

ഒരാഴ്ച ഭാമയ്ക് റെസ്റ്റായിരുന്നു… ഇടയ്ക്ക് കുട്ടനും കൂട്ടുകാരും അവളെ കാണാൻ വരും… മഞ്ജിയും ഋതുവും അവളുടെ കാര്യങ്ങൾ ഏറ്റെടുത്തു… ദച്ചു മാത്രം റൂമിലേക്ക് നോക്കി നിൽക്കുന്നത് കാണാം… വല്ലപ്പോഴും മിണ്ടിയാലായി… അവൾ മിണ്ടാത്തതിൽ ഭാമയ്ക് ചെറിയ വിഷമം ഉണ്ടായിരുന്നു…. മാധവിനോട് മാത്രം നന്നായി സംസാരിക്കും…. ബാന്റേജ് ഒക്കെ മാറ്റി ഉഷാറായിട്ടും ഭാമയെ മാധവ് ഓഫീസിലേക്ക് അടുപ്പിച്ചില്ല…. ക്ഷേത്രദർശനമൊക്കെ കഴിഞ്ഞ് വന്നിട്ട് ഒരുമിച്ച് വന്നുതുടങ്ങാം എന്ന് പറഞ്ഞു…. ഒരു ദിവസം കൂട്ടുകാർ മൂന്നും കൂടി ഭാമയുടെ മുറിയിൽ ഇരിക്കുകയായിരുന്നു… അജു –

ഭാമേ ഞാനൊരു കാര്യം ചോദിക്കട്ടെ…. ഭാമ – എന്താടാ ഒരു ഫോർമാലിറ്റി…. നീ ചോദിക്ക്…. അജു – നീ എങ്ങനെയാ വീണത്…. ഭാമയുടെ മുഖത്തെ ചിരി മാഞ്ഞു… അച്ചു – നീ തനിയേ വീണതാണോ അതോ ആരെങ്കിലും… ഭാമ – നിങ്ങടെ സംശയം ശരിയാണ്… ആരോ മനഃപൂർവം അപകടപ്പെടുത്തിയതാ…. അമ്പു – നീ ഒന്ന് തെളിച്ചു പറഞ്ഞേ…. ഭാമ – ഞാൻ കുട്ടേട്ടനെ വിളിച്ച ശേഷം കണ്ണേട്ടനെ വിളിച്ച് സംസാരിക്കുകയായിരുന്നു…. താഴോട്ട് ഇറങ്ങുന്ന സ്റ്റെപ്പിന് മുകളിൽ…. ഞാൻ എങ്ങും പിടിക്കാതെ ആയിരുന്നു നിന്നത്… പെട്ടെന്ന് ശക്തിയിൽ എന്തോ എന്റെ മുതുകിൽ പിടിച്ചു തള്ളിയതും ഞാൻ മുന്നോട്ടാഞ്ഞു….

പിന്നെ എവിടെയോ നെറ്റി ഇടിച്ചു…. പിന്നീട് ആകെ ഒരു മരവിപ്പായിരുന്നു… താഴെ വീണതും ഞാൻ കണ്ണ് തുറന്നു നോക്കാൻ ശ്രമിച്ചു… പക്ഷേ എല്ലാം മങ്ങൽ പോലെയായിരുന്നു… അജു – നിനക്ക് ആരെയെങ്കിലും സംശയം ഉണ്ടോ… ഭാമ – മനീഷ എന്നെയൊന്നു ഉഴപ്പിച്ച് നോക്കിയിട്ടാ പോയത്…. അത് മാത്രല്ല അവൾ സ്ഥിരമായി യൂസ് ചെയ്യുന്ന പെർഫ്യൂം സ്മെൽ ചെയ്തിരുന്നു… പക്ഷേ ആരും കാണാത്തത് കൊണ്ട് നമുക്ക് ഉറപ്പിക്കാൻ പറ്റില്ലല്ലോ…. അമ്പു – ആ നായിന്റെ മോൾക്ക് കുറച്ചു നാളായി ഓങ്ങി വെച്ചേക്കുവാ…. ഇതിനുള്ളത് കൊടുത്താലേ പറ്റുള്ളൂ… ഭാമ – നമ്മൾ ചെന്ന് ചോദിച്ചാൽ അവള് സത്യം പറയോ….

സീസീ ടിവി ഫൂട്ടേജ് പോലുമില്ല… അവളുടെ വായിൽ നിന്ന് തന്നെ പുറത്ത് വരണം…. അതൊക്കെ വരുത്താം… ഇപ്പോ എന്തായാലും നാളെ ഞങ്ങൾക്ക് ഒരു യാത്ര ഉണ്ട്… വൈത്തീശ്വരൻ കോവിലിൽ…. അച്ചു – നീ നാഡീജ്യോതിഷം നോക്കാൻ പോകുവാണോ…. ഭാമ – നാഡീജ്യോതിഷമോ…. അതെന്താ… അച്ചു – ആഹ് ബെസ്റ്റ്… ഒരു പുണ്ണാക്കും അറിയാതെയാണോ അങ്ങോട്ട് ചെന്ന് കേറുന്നത്…. എടീ പോത്തേ…. ഇതു വരെ ജനിച്ചവരുടേയും ജനിക്കാൻ പോകുന്നവരുടെയും ജാതകം വർഷങ്ങൾക്ക് മുമ്പേ അവിടെ എഴുതി സൂക്ഷിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്…. അജു – അതെങ്ങനെ… ഇന്ററസ്റ്റിംഗ്…. അച്ചു –

പണ്ടത്തെ ഋഷിമാർ താളിയോലകളിൽ എഴുതിയതാത്രേ…. ഭാമ – എങ്കിൽ പോകുമ്പോൾ ഞങ്ങളും നോക്കും…. അങ്ങനെ കളിചിരികൾ അങ്ങനെ പോയി…. രാത്രി ഭാമ അവൾക്കും മാധവിനും ധരിക്കാനുള്ള വസ്ത്രങ്ങൾ എടുത്ത് വയ്കുന്ന തിരക്കിലായിരുന്നു…. “കണ്ണേട്ടാ…. ഇത്രയും സാധനങ്ങൾ പോരെ…. വേറേ വല്ലതും ഉണ്ടോ…” “ചാർജറും പവർബാങ്കും എടുത്ത് വച്ചോ….” “അയ്യോ മറന്നു….. ദേ എടുത്തു…” “ഇങ്ങോട്ട് മാറ്…. ഞാൻ നോക്കാം…. ഓകെ…. എല്ലാം ആയി…. ഇനി നീ ഇതിന്റെ മേലേ ഒന്ന് കേറി ഇരുന്നേ….” “പെട്ടീടെ മുകളിലോ…. എന്തിന്….” “ഹാ…. ഇരിക്ക് പെണ്ണേ… ഓഹ്…. ചാരി നിക്കാനല്ല….

ഇങ്ങോട്ട് വാ…. ഗുണ്ടുമുളക്…. ഉയരവുമില്ല വിവരവുമില്ല… ഉരുണ്ടുരുണ്ട് നടക്കുവാ….” ഭാമ അവനെ കൂർപ്പിച്ച് നോക്കി…. “എന്താടീ ഉണ്ടക്കണ്ണീ…. നോക്കുന്നേ….” അവൻ അനായാസം അവളെ എടുത്ത് പെട്ടിയുടെ മുകളിലിരുത്തി…. എന്നിട്ട് പെട്ടിയുടെ സിബ് പിടിച്ചിട്ടു… “ഓഹ്…. ഇതിനായിരുന്നോ….” “പിന്നെ നീ എന്ത് വിചാരിച്ചു….” മാധവ് സൈറ്റടിച്ച് കള്ളച്ചിരിയോടെ ചോദിച്ചു…. “ദേ കണ്ണേട്ടാ…. മാറങ്ങോട്ട്…. ഞാൻ താഴെ ഇറങ്ങട്ടെ….” “അടങ്ങി ഇരിക്കെടീ….” മാധവ് രണ്ട് കൈകളും അവളുടെ ചുമലിന് മുകളിൽ വച്ച ശേഷം മുഖം ഭാമയുടെ മുഖത്തിനടുത്തേക്ക് കൊണ്ടുവന്നു….

ഭാമയുടെ നിശ്വാസങ്ങൾ ഉയർന്ന് കേട്ടു… വിയർപ്പ് പൊടിഞ്ഞ അവളുടെ മേൽച്ചുണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു… മാധവ് അവന്റെ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചു… അവളുടെ കൈകൾ മാധവിന്റെ കൈകളിൽ മുറുകി…. മാധവ് ഒരു കുസൃതി തോന്നി അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു…. “സ്സ്….” ഭാമയുടെ നെറ്റി ചുളിഞ്ഞതും കടിച്ച സ്ഥലത്ത് അവൻ ചുംബിച്ചു… അവളുടെ കവിളിൽ ചുവപ്പ് രാശി പടർന്നു… നാണത്താൽ മിഴിയിണകൾ കൂമ്പിയടഞ്ഞു…. വിയർപ്പിന്റെ നനവിൽ മേൽച്ചുണ്ടിലെ മറുക് ജ്വലിച്ചു നിന്നു… അവൻ ആ മറുകിൽ അമർത്തി ചുംബിച്ചു…. ഭാമ നാണത്തോടെ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു….

“നാണമൊക്കെ വരോ ഝാൻസീ റാണിക്ക്…..” “നിങ്ങടെ കാര്യത്തിൽ മാത്രേ എന്റെ ധൈര്യം ചോർന്നു പോകാറുള്ളൂ… കേട്ടോ രാവണാ…..” “കിടക്കണ്ടേ….. യാത്ര പോകാനുള്ളതല്ലേ….” “മ്…..” മാധവ് അവളെ തന്റെ നെഞ്ചോട് ചേർത്ത് ഉറങ്ങി…. ഭാമ അവന്റെ ഹൃദയത്തുടിപ്പുകളെ തന്നെ താരാട്ടായി ആവാഹിച്ച് നിദ്ര പൂകി….. ************ ഒരു ദിവസം മുൻപ് അവർ പുറപ്പെട്ടു…. തഞ്ചാവൂർ നല്ല ദൂരമുള്ളത് കൊണ്ട് തന്നെ വെളുപ്പിന് തിരിച്ചാലേ രാത്രി ഒൻപത് മണിയോടെയെങ്കിലും എത്തുള്ളൂ…. ഭാമയും മാധവും കാറിൽ യാത്ര തിരിച്ചു… ഇടയ്ക്ക് നിർത്തി ഹോട്ടലിൽ നിന്നും ഭക്ഷണം ഒക്കെ കഴിച്ചാണ് യാത്ര… തമിഴ്നാട്, തഞ്ചാവൂർ മൈലാടുതുറയ്ക് അടുത്താണ് വൈത്തീശ്വരൻ കോവിൽ…

സാധനങ്ങൾ വയ്ക്കാനും ഫ്രഷാകാനും ഒരു മുറി അവിടെ തരപ്പെടുത്തിയിരുന്നു… ചെന്നിട്ട് പിറ്റേന്ന് ക്ഷേത്രത്തിൽ ഒന്ന് ചുറ്റിക്കണ്ട് നാഡീജ്യോതിഷം നോക്കാൻ പോകണം…. പിന്നെ കുറച്ചു പൂജകളും ചെയ്യണം, പിറ്റേന്ന് ക്ഷേത്രത്തിൽ ഭജനയിരിക്കണം…. അടുത്ത ദിവസം രാവിലെ അവിടെ നിന്നും നേരെ ഭാമയുടെ തറവാട്ടിലേക്ക്…. അതാണ് പ്ലാൻ….. ഇരുവരുടെയും മനസ്സ് കലുഷിതമായിരുന്നു…. എന്തിലേക്കോ വലിച്ചടുപ്പിക്കുന്ന ആകർഷണീയത…. യാത്രയിലുടനീളം അവർ മൗനത്തെ കൂട്ടുപിടിച്ചു…. ഒൻപത് മണിയോടടുത്തപ്പോൾ അവർ വൈത്തീശ്വരം ഗ്രാമത്തിലേക്ക് എത്തി…

രാത്രിയിൽ പോലും അഭൗമസൗന്ദര്യം പൊഴിച്ചു നിൽക്കുന്ന ഗ്രാമം… അവിടുത്തെ കാറ്റിൽ പോലും കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഭസ്മത്തിന്റെയുമെല്ലാം ഗന്ധം കലർന്നിരിക്കുന്നു…. മനസ്സിനെ ശാന്തിയിലേക്ക് നയിക്കും പോലെ…. കാറ്റിലാടിയുലഞ്ഞ മണിനാദങ്ങൾക്ക് ജന്മജന്മാന്തരങ്ങളുടെ കഥകൾ പറയാനുള്ളത് പോലെ…. വായുവിലൂടെ മൂലമന്ത്രങ്ങൾ കാതുകളിലേക്ക് അലയടിക്കുന്നു…. ദീപങ്ങളുടെ പ്രഭയിൽ ക്ഷേത്രത്തിലെ ചിത്രപ്പണികൾ ജ്വലിക്കുന്ന പോലെ… അനന്തമായ ജന്മരഹസ്യങ്ങളും പേറി ആ ഗ്രാമം ഭക്തിയുടെ പാരമ്യതയിൽ നിന്നു….”. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 22

Share this story