മഴമുകിൽ: ഭാഗം 13

മഴമുകിൽ:  ഭാഗം 13

എഴുത്തുകാരി: അമ്മു അമ്മൂസ്

ഒന്നുമറിയാതെ ഉറങ്ങുന്ന മോളെ കണ്ടപ്പോൾ ഉള്ളിലെ ഭാരം ഇരട്ടി ആയത് പോലെ…. സ്വന്തം അച്ഛനായവൻ തന്നെ ഇന്ന് മറ്റൊരാളുടെ മേൽ പിതൃത്വം ആരോപിക്കുന്നു… ഇടക്കെപ്പോഴോ ചിന്തകൾ വഴി തെറ്റി ഋഷിയിലേക്കെത്തി…. ആരുമല്ലാതെ ഇരുന്നിട്ടും ഇന്ന് അയാൾ തനിക്ക് വേണ്ടി ശബ്ദമുയർത്തിയതിലേക്കെത്തി… അല്ലു മോളും ഋഷിയും കൂടി കളിക്കുന്ന ഓരോ സന്ദർഭങ്ങളും മനസ്സിലേക്ക് ആർത്തിരച്ചെത്തി… ഉള്ളിലാകെ ഒരു തണുപ്പ് പൊതിയും പോലെ…. ആദ്യമായി അവനെക്കുറിച്ചുള്ള ഓർമ്മകൾ അവളിൽ ഒരു പുഞ്ചിരി വിരിയിച്ചു… മറുവശത്തു ഋഷിയും ഉറക്കമില്ലാതെ കിടക്കുകയായിരുന്നു….

ഇനിയൊരിക്കൽ പോലും ഒരാളുടെയും ചോദ്യശരങ്ങൾ ദേവക്കും അല്ലു മോൾക്കും നേരെ വരില്ല എന്ന് ഉറപ്പിച്ചുകൊണ്ട്… അവനുറക്കം വന്നിരുന്നില്ല…കണ്ണടക്കുമ്പോൾ ഇന്നുണ്ടായ സംഭവങ്ങൾ ഒക്കെ കണ്മുന്നിൽ തന്നെ വീണ്ടും തെളിയുന്നു. ദേവ തടഞ്ഞില്ലായിരുന്നു എങ്കിൽ….. അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു… കഴുത്തിൽ ഇറ്റ് വീണ അല്ലു മോളുടെ കണ്ണീരിന്റെ ചൂട് ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ട് എന്ന് തോന്നി അവന്. മഹിയങ്കിൾ പറഞ്ഞു ദേവയുടെ ജീവിതത്തെപ്പറ്റി ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നു.

പക്ഷേ സ്വന്തം കുഞ്ഞിനെപ്പോലും തള്ളിപ്പറയുന്ന നീചനാണെന്ന് അറിഞ്ഞിരുന്നില്ല. ദേവ ആ വീട്ടിൽ അനുഭവിച്ചുകാണുമായിരുന്ന വേദനകൾ ഓർത്തപ്പോൾ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചത് പോലെയുള്ള ഭാരം തോന്നി ഋഷിക്ക്.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ബൈക്ക് നിർത്തിയപ്പോൾ പതിവ് പോലെ ശ്രീയുടെ കണ്ണുകൾ ആദ്യം ചെന്നത് അടുത്ത വീട്ടിലെ ഉമ്മറപ്പടിയിലേക്കാണ്… ഇന്നലത്തെത്തിന് വിപരീതമായി ഇന്ന് അവൾ ഉണ്ടായിരുന്നു അവിടെ. പക്ഷേ അവനെ കണ്ട ഭാവം കാണിച്ചില്ല.. കുളിച്ചിട്ട് വന്നതേ ഉള്ളെന്ന് തോന്നുന്നു… പൊതുവെ എണ്ണ തേച്ചു കൂടിക്കിടക്കുന്ന മുടി ഒന്ന് കൂടി ഒട്ടിച്ചേർന്നു കിടക്കുകയായിരുന്നു.

സ്ഥിരം ദാവണി തന്നെയാണ് വേഷം. അവൻ വന്നതറിഞ്ഞിട്ടും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി ചിരിച്ചോണ്ട് ഇരിപ്പുണ്ട്… ആരോടോ സംസാരിക്കുവാണെന്ന് തോന്നുന്നു. ഒരു ഹെഡ്സെറ്റ് ചെവിയിൽ വച്ചിട്ടുണ്ട്.. “”ങ്ങുഹും….. ങ്ങുഹും…..””. അവൾ നോക്കുന്നില്ല എന്ന് കണ്ടു ശക്തിയായി ഒന്ന് ചുമച്ചു.. “”ആഹ് രാഹുൽ… ഒരു മിനിറ്റെ….. ഇവിടെ അടുത്ത വീട്ടിലെ ആരോ കിടന്നു ചുമക്കുന്നത് കൊണ്ട് ഒന്നും കേൾക്കുന്നില്ല….”” ശ്രീയെ ഒന്ന് ഒളികണ്ണിട്ട് നോക്കി അതും പറഞ്ഞിട്ട് ഫോൺ എടുത്തു അകത്തേക്ക് നടന്നു. അവളുടെ അഹങ്കാരം കണ്ടു ശ്രീക്ക് പെരുവിരലിൽ നിന്നും ദേഷ്യം അരിച്ചു കേറും പോലെ തോന്നി.

കൈയിലെ താക്കോൽ ഒന്ന് കൂടി ഞെരിച്ചു പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു. “”അമ്മേ…… അമ്മേ….. “”കതകിൽ ശക്തിയായി മുട്ടിക്കൊണ്ട് വിളിച്ചു. “”ഓഹ്…. ഈ ചെക്കൻ….. കതക്കെല്ലാം കൂടി തല്ലിപ്പൊളിക്കുമോടാ നീ…. “”സുശീല കതക് തുറന്നു കൊണ്ട് അവനെ രൂക്ഷമായി നോക്കി… “”ആഹ്…. ചിലപ്പോൾ പൊളിച്ചെന്നു വരും…. അമ്മക്കെന്താ….. “” “”ശെടാ….. നീ എന്തിനാടാ ഇങ്ങനെ കിടന്നു ബഹളം വെക്കുന്നെ… പോയി കുളിച്ചു വാ.. ഞാൻ കഴിക്കാൻ എടുത്തു വെക്കാം.. “” അവൻ ദേഷ്യപ്പെട്ടിട്ടും കൂസലില്ലാതെ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ദേഷ്യം ഒന്നൂടെ കൂടും പോലെ തോന്നി അവന്.

“”എനിക്കൊന്നും വേണ്ട….അപ്പുറത്തു ഒരു ജന്തു ഇരിപ്പില്ലേ… അതിന് കൊണ്ട് കൊടുക്ക്…. വേണേൽ ദാ എന്റെ കൈയും കാലും ഒക്കെ മുറിച്ചു തരാം….. അതും കൂടി കൊണ്ട് കൊടുക്ക്….. ഇരുന്ന് തിന്നട്ടെ യക്ഷി… “” അമ്മയോട് ഉറഞ്ഞുതുള്ളിക്കൊണ്ട് ശ്രീ മുറിയിലേക്ക് നടന്നു… ഇതെന്താ കഥ എന്ന് മനസ്സിലാകാത്തെ സുശീലാമ്മ പുറത്തേക്ക് നോക്കിയപ്പോളാണ് അവളുടെ വീടിന്റെ ഉമ്മറത്തു ചിരി അടക്കി നിൽക്കുന്ന അഭിയെ കാണുന്നത്. അവളുടേ ഭാവത്തിൽ നിന്നും അവളെന്തോ പണി ഒപ്പിച്ചു എന്ന് മനസ്സിലായി… അമ്മ നോക്കുന്നത് കണ്ടതും അവൾ ഒരു ചമ്മിയ ചിരിയും ചിരിച്ചു അകത്തേക്ക് വലിഞ്ഞു.. “”ന്റെ കൃഷ്ണ….. പോത്ത് പോലെ വളർന്നിട്ടും ഇപ്പോഴും കുട്ടിക്കളി മാറാത്ത ഇതുപോലെ രണ്ടെണ്ണം….”” സുശീലാമ്മ നെഞ്ചത്ത് കൈ വച്ചു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദേവ രാവിലെ കുളിച്ചിട്ട് ഇറങ്ങിയപ്പോൾ വൈദുവിന്റെ അടുത്ത് ഇരുന്ന് കഥ പറയുന്ന അല്ലു മോളെയാണ് കണ്ടത്… “”എന്റെ പോലീഷേ നല്ല ഇടി ഇടിച്ചൂലോ…. “”മുഷ്ടി ചുരുട്ടി ഇന്നലേ ഋഷി ഇടിച്ചതു പോലെയുള്ള ആക്ഷൻ കാണിച്ചോണ്ട് അല്ലുമോള് പറഞ്ഞു… “”അല്ലൂനേം പഠിപ്പിച്ചാം എന്ന് പറഞ്ഞല്ലോ ഇടിച്ചാൻ….. “”എന്തോ വലിയ കാര്യം പോലെ അവനോട് കഥ പറയുകയാണ്. അടുത്ത് തന്നെ അച്ഛനും അമ്മയും ഏട്ടത്തിയും എല്ലാം ഉണ്ട്. ഇന്നലേ നടന്നതൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല….അതുകൊണ്ട് അവൾക്ക് പെട്ടെന്ന് ഒരു പരിഭ്രമം തോന്നി.. മുറിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോളേക്കും ലച്ചു കണ്ടിരുന്നു..

“”ദേവ ഒന്ന് നിന്നെ….. മോളിതെന്താ പറയുന്നേ… ഋഷി ആരോട് തല്ലുണ്ടാക്കി എന്നാ… “” “”ഒന്നുമില്ല ഏട്ടത്തി…. വഴിയിൽ ആരോടോ….”” എന്തെങ്കിലും പറഞ്ഞു ഒഴിയാൻ വേണ്ടി വേഗം പറഞ്ഞു.. “”അമ്മ നൊണ പയയുവാ….. മോള്‌ കണ്ടല്ലോ അമ്മ കയയുന്നെ…. ആ മാമനെ അമ്മേനെ കോയെ വയക്ക് പഞ്ഞു….. അപ്പൊ അമ്മ മോളെ കെട്ടിപ്പിടിച്ചു കയഞ്ഞല്ലോ….. അപ്പൊ പോലീഷ് ആ മാമനെ ഇടിച്ചു ഷേപ്പ് മാറ്റിയല്ലോ….”” വലിയ കാര്യം പോലെ പറഞ്ഞിട്ട് അല്ലു മോള്‌ എല്ലാവരെയും നോക്കി…. എല്ലാരുടെയും മുഖം മാറി വരുന്നത് കണ്ടു..

“”എന്താ ദേവ മോള്‌ പറയുന്നേ…. ആരാ അയാള്…. നിന്നെ എന്ത് പറഞ്ഞു എന്നാ….”” ഇത്തവണ ലച്ചു ഗൗരവത്തോടെ ചോദിച്ചു… “”അത് ഏട്ടത്തി…. ദീപുവേട്ടൻ….”” കൂടുതൽ ഒന്നും പറയാൻ ഇല്ലാത്തത് പോലെ ദേവ തല താഴ്ത്തി നിന്നു.. അച്ഛന്റെയും അമ്മേടെയും മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു…. അവൾ വേഗം മുറിയിലേക്ക് നടന്നു.. പക്ഷേ അതിനിടയിൽ ലച്ചുവിന്റെ മുഖത്ത് വിരിഞ്ഞ ചിരി ശ്രദ്ധിക്കാൻ വിട്ട് പോയിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “”സർ ഇന്നലെ പറഞ്ഞ ഡീറ്റെയിൽസ് എല്ലാം കിട്ടിയിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും അവസാന മാസം ഏറ്റവും കൂടുതൽ സംസാരിച്ചവരുടെ ലിസ്റ്റ് ആണ്…

അവരുടെ അഡ്രസ് കളക്ട് ചെയ്തു. “” ശ്രീരാജ് കൈയിൽ ഇരുന്ന ഫയൽ ഋഷിക്ക് നേരെ നീട്ടി. ഋഷി പേപ്പറുകൾ ഓരോന്നായി നോക്കാൻ തുടങ്ങി. “”ഓക്കേ. ഇവരെ കോൺടാക്ട് ചെയ്തോ നേരിട്ട്. “”ഫയലിൽ നിന്ന് കണ്ണെടുക്കാതെ ശ്രീരാജിനോട് ചോദിച്ചു. “”യെസ് സർ. പക്ഷേ ഒരു കാര്യം എന്താന്ന് വച്ചാൽ ഈ കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും ഏറ്റവും കൂടുതൽ സംസാരിച്ച ഒരു ഐഡി വീതം ഇപ്പോൾ നിലവിൽ ഇല്ല. എപ്പോഴോ മരിച്ച സ്ത്രീകളുടെ പേരിൽ ഉണ്ടായിരുന്ന സിം കാർഡ് ആയിരുന്നു അത്. അവർ മരിച്ച ശേഷം ആ നമ്പർ ഉപയോഗിച്ചിട്ടില്ല എന്നാണ് അവരുടെ മക്കളുടെ വീട്ടിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞത്… “” ശ്രീരാജിന്റെ മറുപടി കേട്ട് ഋഷിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

അപ്പോൾ കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് നടക്കുന്നത്….. “”ഇതെല്ലാം ഒരെ പ്രദേശത്തു മരിച്ച സ്ത്രീകളുടെ പേരിൽ ഉള്ള സിം കാർഡുകൾ ആണോ. “” “”അല്ല സർ. പലരും പല ജില്ലകളിലാണ്. മാത്രവുമല്ല അടുത്തിടെ മരിച്ച സ്ത്രീകൾ ഒന്നും ഇല്ല ആ ലിസ്റ്റിൽ. വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട സ്ത്രീകളുടെ പേരിൽ ഉള്ള സിം കാർഡ് ആണ്… “” “”ഹ്മ്മ്മ്…””. ഋഷി കണ്ണുകൾ അടച്ചു ഒരു നിമിഷം കസേരയിലേക്ക് ചാഞ്ഞിരുന്നു… “”ആ ഫോൺ കാൾസ് ടേപ്പ് ചെയ്യാൻ കൊടുത്തോ… “” “”യെസ് സർ. ഇത് അറിഞ്ഞപ്പോൾ തന്നെ കൊടുത്തിരുന്നു. ഒരു കാൾ ന്റെ കിട്ടിയിട്ടുണ്ട്..”” ശ്രീരാജ് കൈയിൽ ഇരുന്ന പെൻഡ്രൈവ് ഋഷിക്ക് നേരെ നീട്ടി.. പെട്ടെന്ന് വല്ലാത്ത ഒരു ഊർജ്ജം നിറഞ്ഞത് പോലെ തോന്നി ഋഷിക്ക്.

ആവേശത്തോടെ പെൻഡ്രൈവ് ലാപ്ടോപ്പിൽ കണക്ട് ചെയ്തു. “”ഹെലോ…”” ഒരു സ്ത്രീശബ്ദം അവിടെ മുഴങ്ങി കേട്ടു. “”ആഹ് നല്ല ആളാ… കാത്തു നിൽക്കാം എന്ന് പറഞ്ഞിട്ട്. ഞാൻ ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ കണ്ടില്ല.. “” മറുവശത്തും സ്ത്രീ ശബ്ദം തന്നെ ആയിരുന്നു. ഋഷി ഒന്ന് നെറ്റി ചുളിച്ചു. “”ഞാൻ നിന്നതാ… അപ്പോഴാ ചേട്ടൻ വിളിച്ചത്. ഇവിടെ എവിടെയോ വന്നിട്ടുണ്ട് എന്ന്. അപ്പോൾ പിന്നെ ഒന്നിച്ചു പോകാമല്ലോ എന്ന് വിചാരിച്ചു. നിനക്ക് ഞാൻ മെസേജ് ഇട്ടിരുന്നു കൊച്ചേ…. “” ഋഷി റെക്കോർഡ് ഓഫ് ആക്കി കണ്ണുകൾ അടച്ചു ഇരുന്നു. “”സർ… ആ കൊലയാളിയുടെ കൂടെ ഉള്ള ഏതെങ്കിലും പെണ്ണ് ആകുമോ..””

ശ്രീരാജ് സംശയത്തോടെ ചോദിച്ചു.. ഋഷി ചിരിച്ചതേ ഉള്ളു. “”ആകാം… ഒരുപക്ഷേ ആ കൊലയാളിയും ആകാം…. “” ശ്രീരാജ് ഞെട്ടി നിന്ന് പോയി… “”സർ ഈ സ്ത്രീയോ…. അവർ എങ്ങനെ കൊല്ലാന… അതും ഇത്രയും പേരെ….”” അവന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… “”അവരാണ് കൊന്നത് എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞില്ലല്ലോ. ആകാം എന്നാണ് പറഞ്ഞത്….”” ഋഷി പറഞ്ഞത് കേട്ടിട്ടും ശ്രീ സംശയത്തോടെ നോക്കി നിൽക്കുകയായിരുന്നു. “”പുരുഷനെക്കാൾ കൂടുതൽ നീണ്ടു നിൽക്കുന്ന പക ആർക്കാണ് എന്നറിയാമോ ശ്രീരാജിന്… അത് സ്ത്രീക്കാണ്… ഇന്നും ഇന്നലെയും ഒരു ആവേശത്തിന്റെ പുറത്ത് കാട്ടിക്കൂട്ടുന്ന കൊലപാതകങ്ങൾ അല്ല ഇത്.

വളരെ കൃത്യമായ ഒരു കാരണം അതിന് പിന്നിൽ ഉണ്ട്… അതാണ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടവരുടെ സിം കാർഡ് അടക്കം നമ്മൾ ഈ പറയുന്ന കുറ്റവാളിക്ക് കിട്ടിയത്…. “” “”പക്ഷേ സർ…. ഇവരാരും തമ്മിൽ ഒരു ബന്ധവും ഇല്ല. എല്ലാം പല പ്രായക്കാർ… ഒരുമിച്ചു പഠിച്ചിട്ടില്ല…. ജോലി ചെയ്തിട്ടില്ല…. അങ്ങനെ ഒന്നും ഇല്ല. ഇവരുടെ ഭർത്താക്കന്മാരും അങ്ങനെ തന്നെ… പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന പല പ്രായക്കാർ.. പിന്നെങ്ങനെ ഒരു ബന്ധം ഉണ്ടാകും… “” ശ്രീയുടെ സംശയം കേട്ട് ഋഷി ചിരിയോടെ എണീറ്റു.

“” ഈ കൊലകൾ ഒന്ന് പോലും ആനന്ദത്തിന് വേണ്ടിയോ ശ്രദ്ധ ആകർഷിക്കാനോ… പ്രശസ്തിക്ക്‌ വേണ്ടിയോ അല്ല… അങ്ങനെ ആയിരുന്നു എങ്കിൽ അയാളിലേക്ക് എത്തുന്ന എന്തെങ്കിലും ഒരു അടയാളം അയാൾ അവിടെ ഉപേക്ഷിച്ചേനെ… ഇത് കേവലം മാനസിക വിഭ്രാന്തിയുടെ പുറത്ത് നടത്തുന്നതല്ല… പിടിക്കപ്പെടരുത് എന്ന് തന്നെ വിചാരിച്ചുള്ള planned ആയിട്ടുള്ള പകവീട്ടലാണ്…. പക്ഷേ ഇവിടെ ഈ അതിബുദ്ധി കാട്ടി എടുത്ത സിം കാർഡ് തന്നെ അയാളിലേക്കെത്താനുള്ള നമ്മുടെ വഴി തുറക്കും… “”” 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വൈകിട്ട് ഋഷി വന്നിറങ്ങുമ്പോൾ വഴികണ്ണുമായി ഗേറ്റ് ന്റെ അടുത്ത് നിൽക്കുന്ന അല്ലു മോളെയാണ് കാണുന്നത്… അവൻ ബൈക്ക് നിർത്തി ഇറങ്ങിയപ്പോളേക്കും അവൾ ഓടി അടുത്ത് എത്തിയിരുന്നു… “”പോലീഷേ…..”” എന്ന് വിളിച്ചു എടുക്കാൻ വേണ്ടി കൈ രണ്ടും വിടർത്തി നിൽപ്പുണ്ട്… പൊക്കി എടുത്തപ്പോഴേക്കും ദേഹത്തു ചുറ്റിപ്പിടിച്ചു ഇരുന്ന് കഴിഞ്ഞിരുന്നു… “”പോലീഷേ ഇന്നും ഇടിച്ചോ….. “”വല്ലാത്തൊരു ആകാംഷയോടെ ചോദിച്ചു… “”അയ്യോ ഇല്ലല്ലോ….. ഇന്ന് പോലീഷ് ഇടിച്ചാൻ മറന്നു പോയി…. “”ഋഷി മുഖത്ത് സങ്കടം വരുത്തി പറഞ്ഞു…

ആ കുഞ്ഞു മുഖത്തും സങ്കടം നിറയുന്നത് കണ്ടു…. “”ആ മാമനെ ഇനീം ഇടിച്ചുമോ….. അമ്മ ഇന്നലെ രാത്രിയും അല്ലുമോളെ കെട്ടിപ്പിടിച്ചു കയഞ്ഞല്ലോ…..”” സങ്കടത്തോടെ ഋഷിയെ നോക്കി പറഞ്ഞു…. ഋഷിക്ക് ചോര തിളച്ചു വരുന്നതായി തോന്നി… പക്ഷേ അതൊക്കെ ഒരു ചിരി കൊണ്ട് മറച്ചു… “”ഇടിച്ചാലോ….. ഇനി ആ മാമനെ കാണുമ്പോഴേ പോലീഷിനും അല്ലൂസിനും കൂടി ഇടിച്ചു ഷേപ്പ് മാറ്റാലോ…..”” അവൻ വായുവിൽ പഞ്ച് ചെയ്യും പോലെ മുഷ്ടി ചുരുട്ടി ഇടിച്ചു കാണിച്ചു… സന്തോഷം സഹിക്കാൻ വയ്യാതെ രണ്ടു കൈ കൊണ്ടും വാ പൊത്തിപ്പിടിച്ചു പൊട്ടിച്ചിരിക്കുന്ന അല്ലുമോളെ ഒന്ന് കൂടി നെഞ്ചോട് ചേർത്ത് പിടിച്ചു…. തുടരും

മഴമുകിൽ: ഭാഗം 12

Share this story