മൈഥിലി : ഭാഗം 22

മൈഥിലി : ഭാഗം 22

എഴുത്തുകാരി: ആഷ ബിനിൽ

“മമ്മ…!” മാളുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു. ഓടി ചെന്ന് കെട്ടിപിടിക്കണം എന്നു തോന്നി. ആ നെഞ്ചിൽ തന്റെ സങ്കടങ്ങൾ ഇറക്കി വയ്ക്കണം എന്നുണ്ട്. പക്ഷെ കഴിയുന്നില്ല. കൈകാലുകളിൽ ആരോ കെട്ടിട്ട് മുറുക്കിയപോലെ. ബന്ധനം ശരീരത്തിനല്ല, മനസിനാണ് എന്നുമാത്രം. മീര മാളുവിനടുത്തേക്ക് വന്നു. അവളുടെ കവിളിൽ തഴുകി. മാളു പൊട്ടിക്കരണഞ്ഞുകൊണ്ട് അവരെ ചേർത്തുപിടിച്ചു. മീരയും കരയുകയായിരുന്നു. ഏറെ നേരമെടുത്തു രണ്ടുപേരും നോർമൽ അകാൻ. മാളു മമ്മയെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു.

നിലത്തു പായയിൽ ഇരുന്നു കളിക്കുന്ന നിസമോളിലേക്ക് മീരയുടെ നോട്ടം ചെന്നു. “മോളാണ്.. എന്റെ മോൾ…!” മാളു മടിച്ചു മടിച്ചു പറഞ്ഞു. മീര ഓടി ചെന്ന് മോളെ എടുത്തു തുരുതുരെ ഉമ്മവച്ചു. അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും, പിന്നെ മോള് അമ്മമ്മയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു. “കണ്ടോ.. അമ്മമ്മയെ കിട്ടിയപ്പോ നിസമോൾക് നമ്മളെ വേണ്ടാതെയായി” ഗ്രേസമ്മ തമാശയായി പറഞ്ഞു. പക്ഷെ അവരുടെ ശബ്ദം ഇടറിപ്പോയി. കണ്ണുകൾ നിറഞ്ഞിരുന്നു. സിസ്റ്റർ ട്രീസ അവരുടെ ചുമലിൽ കൈ വച്ചു. അവർ മെല്ലെ തിരിഞ്ഞുനടന്നു. ഡോർമിറ്ററിയിലെത്തി തന്റെ കട്ടിലിലേക്ക് കിടന്നു കണ്ണടച്ചു.

മക്കൾ ഉപേക്ഷിച്ച തനിക്ക് ജീവിക്കണം എന്ന് തോന്നി തുടങ്ങിയത് നിസമോൾ വന്നതിൽ പിന്നെ ആണ്. മോളുടെ കളിയും ചിരിയും കാണുമ്പോഴാണ് താൻ ഇനിയും ചങ്കുപൊട്ടി മരിച്ചിട്ടില്ല എന്ന് തോന്നിയിരുന്നത്. അതും അവസാനിക്കുകയാണ്. അല്ലെങ്കിലും സ്വന്തം അല്ലാത്തത് ഒന്നും ആഗ്രഹിക്കരുത്.. അവർ നെടുവീർപ്പെട്ടു. നെറ്റിയിൽ ഒരു തണുപ്പ് തോന്നിയപ്പോൾ അവർ കണ്ണ് തുറന്നു. മാളു..! അവർ എഴുന്നേറ്റ് ഇരുന്നു. “നിസമോളെ പിരിയുന്നത് ഗ്രേസമ്മക്ക് ഒത്തിരി വിഷമം ആകും എന്നറിയാം. എന്നെക്കാളും കൂടുതൽ എന്റെ മോളെ നോക്കിയത് അമ്മയാണ്. മറക്കില്ല.. ഒരിക്കലും.

എല്ലാം ഒന്നു കലങ്ങി തെളിഞ്ഞാൽ ഞാൻ വരും, എന്റെ മോൾടെ മുത്തശ്ശിയെ കൊണ്ടുപോകാൻ..” ആ വൃദ്ധ പ്രതീക്ഷയോടെ അവളെ നോക്കി. അവരുടെ കണ്ണുകൾ തിളങ്ങി. “എനിക്ക് വിഷമം ഉണ്ട് മോളെ. പക്ഷെ അതിലും എനിക്ക് വലുത് നിസമോളുടെ ജീവിതം ആണ്. അവൾ അവളുടെ അച്ഛനും അമ്മക്കും ഒപ്പം സന്തോഷമായി ഇരിക്കുന്നു എന്ന് കേട്ടാൽ മതി എനിക്ക്.” അവർ പുഞ്ചിരിച്ചു “എന്നാൽ പിന്നെ വന്നേ. എനിക്ക് ആഹാരം വിളമ്പി താ. കാപ്പി കുടിച്ചിട്ട് ഞാനങ്ങു പോകും മോളേം കൊണ്ട്.. പറഞ്ഞേക്കാം” അവർ കണ്ണീരിന്റെ ഇടയിലും ചിരിച്ചുകൊണ്ട് മാളുവിന് പിന്നാലെ പോയി.

സ്നേഹസദനോട് യാത്ര പറയുമ്പോൾ മാളു കരയുകയായിരുന്നു. ഒന്നും മനസിലായില്ലങ്കിലും നിസമോളും കരഞ്ഞു. ഗ്രേസമ്മയുടെ കയ്യിൽ നിന്ന് മോളെ എടുത്തപ്പോൾ മാളു വിങ്ങിപൊട്ടി. അന്യരായ ഇവർക്കൊക്കെ തന്റെ മകളോടും പേരക്കുട്ടിയോടും തോന്നുന്ന അടുപ്പവും സ്നേഹവും കണ്ട മീര ആശ്ചര്യപ്പെട്ടു. അവർ തറവാട്ടിലേക്കാണ് പോയത്. നിസമോൾ മീരയുമായി വേഗം കൂട്ടായി. അമ്മയുടെ പ്രസൻസ് ആഗ്രഹിച്ചിരുന്നെങ്കിലും എന്തോ ഒരു തടസം ഇപ്പോഴും തങ്ങൾക്കിടയിൽ ഉണ്ടെന്ന് മാളുവിന് തോന്നി. അപ്പോഴും മീര അവളോട് അടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. രാത്രി. തറവാട്ടിലെ മുറ്റത്തു നടന്നുകൊണ്ടു നിസമോളെ ഉറക്കുകയാണ് മാളു. മോളുറങ്ങി എന്നു മനസിലായപ്പോൾ അവൾ ഉമ്മറത്തേക്കു കയറിയിരുന്നു.

മീര അവൾക്കരികിൽ വന്നിരുന്നു. “മാളു..” അവർ വിളിച്ചു. മാളു അവരുടെ അടുത്തേക്ക് നീങ്ങിയിരുന്നു. തോളിൽ തല ചായ്ച്ചു. സ്വയം ഒരമ്മ ആയിക്കഴിഞ്ഞപ്പോൾ തനിക്ക് തന്റെ അമ്മയെ കൂടുതൽ മനസിലാക്കാൻ കഴിയുന്നത് അവൾ അറിഞ്ഞു. “നിനക്ക് ഞാൻ ഒരു നല്ല അമ്മ ആയിരുന്നില്ല, ഒരിക്കലും. പക്ഷെ ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു മാളു. പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. സാഹചര്യം ആണ് എന്നെ ഇങ്ങനൊക്കെ ആക്കിയത്.” മാളു അവരെ നോക്കി. അവർ പറഞ്ഞുതുടങ്ങി: “നിന്നോട് ഇടപെട്ടതുപോലെ ഒന്നും അല്ല.. ഭയങ്കര കർക്കശക്കാർ ആയിരുന്നു നിന്റെ മുത്തശ്ശനും മുത്തശ്ശിയും.

എന്റെ ജീവിതമാണ് അവരെ നീ കണ്ട മനുഷ്യരാക്കി മാറ്റിയത്. തകർന്നുപോയ എന്റെ ജീവിതം..! നിന്റെ പപ്പയെ വിവാഹം കഴിക്കുമ്പോൾ പതിനെട്ട് വയസ് തികഞ്ഞതെ ഉള്ളൂ എനിക്ക്. ജയപ്രകാശ് എന്നൊരു പേര്. സർക്കാർ ജോലി ഉണ്ടെന്നറിയാം. വീട്ടിൽ അദ്ദേഹവും അമ്മയും മാത്രം. ഒരേയൊരു തവണ പെണ്ണുകാണാൻ വന്നപ്പോൾ കണ്ടിട്ടുണ്ട്. ഒരിക്കൽ പോലും തമ്മിൽ സംസാരിച്ചിട്ടെ ഇല്ല.. അങ്ങനെ ആയിരുന്നു കല്യാണ ദിവസം വരെ ഞങ്ങൾ. എല്ലാവരുടെയും ചെല്ലപ്പുള്ള ആയി ഇവിടെ കഴിഞ്ഞ എനിക്ക് പുതിയ വീടൊരു അത്ഭുതം ആയിരുന്നു. അവിടുത്തെ അമ്മ സ്നേഹത്തോടെ എല്ലാം പറഞ്ഞുതന്നു. ആദ്യരാത്രി എന്തെങ്കിലും സംസാരിക്കണം എന്നുണ്ടായിരുന്നു.

എങ്കിലും പേടിയായിരുന്നു. കയ്യും കാലും ഒക്കെ വിറച്ചാണ് മുറിയിലേക്ക് ചെന്നത്. തീർത്തും അപരിചിതനായ ഒരു വ്യക്തിക്കൊപ്പം ഒരു മുറിയിൽ എന്ന ചിന്തപോലും എന്നെ ഭയപ്പെടുത്തി. മനസുകൊണ്ട് അടുക്കുന്നതിലും അദ്ദേഹത്തിന് താല്പര്യം ഫിസിക്കലി ഇന്റിമേറ്റ് ആകാൻ ആയിരുന്നു. സംഭവിക്കുന്നത് എന്തെന്ന് മനസ്സിലാക്കുന്നതിന് മുന്നേ ക്രൂരമായി എന്നെ അദ്ദേഹം കീഴ്പ്പെടുത്തി. പിന്നീടുള്ള എല്ലാ രാത്രികളിലും ഇതുതന്നെ സംഭവിച്ചു. മറ്റുള്ളവർക്ക് മുന്നിൽ അദ്ദേഹം ഒരു നല്ല ഭർത്താവായിരുന്നു. കുടിയില്ല, വലിയില്ല, അന്യസ്ത്രീകളെ നോക്കുക പോലും ഇല്ല, സമയത്തു വീട്ടിൽ വരും, അമ്മയെയും ഭാര്യയെയും ഒരുപോലെ പരിഗണിക്കും..

എല്ലാം കൊണ്ടും മാന്യൻ. പക്ഷെ എനിക്ക് അദ്ദേഹം ഒരു പേടി സ്വപ്നം ആയിരുന്നു. ഓരോ രാത്രിയും അദ്ദേഹം എന്നിൽ ഏൽപ്പിക്കുന്ന മുറിവുകൾ ഏറി വന്നു. രാത്രികളെ ഞാൻ ഭയപ്പെട്ട് തുടങ്ങി. അടുക്കളയിൽ തലകറങ്ങി വീഴുമ്പോഴാണ് നിന്നെ ഗർഭിണി ആയെന്ന് ഞാൻ അറിയുന്നത്. അന്ന് കല്യാണം കഴിഞ്ഞ് ഒന്നര മാസം ആയിട്ടെ ഉള്ളൂ.. അമ്മയെ അറിയിച്ചതിന് അദ്ദേഹം ദേഷ്യപ്പെട്ടു. ഇത്ര വേഗം ഗർഭിണിയായത് മറ്റുള്ളവർ അറിഞ്ഞാൽ എന്തു കരുതും എന്നായിരുന്നു ആളുടെ കൺസേണ്. എങ്കിലും നിന്നെ ഇല്ലാതെയാക്കാൻ ഒന്നും പറഞ്ഞില്ല. പ്രെഗ്നൻറ് ആയിട്ടും ബെഡ്റൂമിൽ അദ്ദേഹം പഴയപോലെ തന്നെ ആയിരുന്നു.

ഗർഭകാലത്തെ ബുദ്ധിമുട്ടുകൾക്കൊപ്പം ദിവസേനയുള്ള സെക്സും കൂടി ആയതോടെ ഞാൻ നന്നേ തളർന്നു. നിന്നെ ആരോഗ്യത്തോടെ കിട്ടുമോ എന്നു പോലും എനിക്ക് സംശയം ആയിരുന്നു. ഏഴാം മാസത്തിൽ ഇവിടേക്ക് വിളിച്ചുകൊണ്ട് വന്നെങ്കിലും ഡെലിവറി കഴിഞ്ഞു അദ്ദേഹം സ്വന്തം വീട്ടിലേക്ക് എന്നെ കൊണ്ടുപോകാൻ നിർബന്ധം പിടിച്ചു. ഇഷ്ടമില്ലായിരുന്നിട്ടും ഞാൻ സമ്മതിച്ചു. വേറെ നിവൃത്തി ഇല്ലല്ലോ. ഡെലിവറി കഴിഞ്ഞു മൂന്നാഴ്ച പോലും തികയുന്നതിന് മുൻപ് അദ്ദേഹം വീണ്ടും വന്നു, കഴിഞ്ഞ മൂന്നു മാസത്തെ കണക്കു തീർക്കാൻ. അന്ന് എന്റെ സ്റ്റിച് ഉണങ്ങിയിട്ടു കൂടി ഇല്ലായിരുന്നു.

എന്നിട്ടും ഞാൻ സഹിച്ചു. പക്ഷെ ഉറക്കത്തിനിടയിൽ വിശന്നു കരഞ്ഞ നിന്നെ ഫീഡ് ചെയ്യാൻ അനുവദിക്കാതെ എന്നെ ചേർത്തു പിടിക്കാൻ ശ്രമിച്ചപ്പോൾ എന്റെ നിയന്ത്രണം വിട്ടു. ഞാൻ കൈ നീട്ടി അടിച്ചു, എന്റെ ഭർത്താവിനെ. ഒന്നല്ല, പല വട്ടം. പിറ്റേന്ന് എന്നെ ഇവിടെ കൊണ്ടുവന്ന് വിട്ട് അദ്ദേഹം പോയി. ഇപ്പോൾ പോലും മാരിട്ടൽ റേപ്പ് നമ്മുടെ സമൂഹം ആഡ്ഡ്രസ് ചെയ്ത് തുടങ്ങുന്നെ ഉള്ളു. അപ്പോൾ 25 വർഷം മുന്നത്തെ എന്റെ അവസ്ഥ നിനക്ക് ഊഹിക്കാമല്ലോ.. ഡിവോഴ്സിന് അദ്ദേഹം പറഞ്ഞ കാരണം ഞാൻ കൈ നീട്ടി അടിച്ചു എന്നു മാത്രമല്ല, ഞാൻ ആളെ ബെഡ്റൂമിൽ സാറ്റിസ്ഫൈ ചെയ്യുന്നില്ല എന്നും കൂടിയായിരുന്നു. എനിക്കിപ്പോഴും അറിയില്ല മാളു, എങ്ങനെയാണ് ഒരു പുരുഷനെ ചേർത്തുനിർത്തേണ്ടത് എന്ന്.

ഞാൻ പരാജയപ്പെട്ടു എന്നെനിക്ക് ബോധ്യമായി. എല്ലാവരും എന്നെ കുറ്റപ്പെടുത്തി. അതും കൂടിയായപ്പോൾ എന്റെ തകർച്ച പൂർണമായി. പിന്നെ ഈ നാട്ടിൽ നിൽക്കാൻ എനിക്ക് മനസു വന്നില്ല. ഇപ്പോഴും ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ഞാൻ ഉരുകുകയാണ്. ഇതൊക്കെ നിന്നോട് പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ, എന്റെ മോള് മമ്മയെ വെറുക്കരുത്.. ഒരമ്മ എന്ന നിലയിൽ ഞാനൊരു തികഞ്ഞ പരാജയം ആയിരുന്നു. പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടമായിയുന്നു മോളെ നിന്നെ.. നീ ഒരാളോടൊപ്പം ഇറങ്ങി പോയെന്ന് കേട്ടപ്പോൾ ഞാൻ അത്ര വിഷമിച്ചതും അതുകൊണ്ടാണ്.

നിന്നോടുള്ള സ്നേഹക്കൂടുത്താൽ കൊണ്ട്… തെറ്റു പറ്റി പോയി നിന്റെ മമ്മക്കു. അല്ല.. തെറ്റുകൾ മാത്രമേ പറ്റിയിട്ടുള്ളൂ. ഞാൻ എന്നെ കുറിച്ചു മാത്രമേ ചിന്തിച്ചുള്ളൂ.. നിന്നെ ഓർത്തില്ല. എന്നിലെ സ്ത്രീയെ മാത്രമേ സ്നേഹിച്ചുള്ളൂ.. എന്നിലെ അമ്മയെ ഞാൻ സ്നേഹിച്ചില്ല.. ക്ഷമിക്കു മോളെ എന്നോട്.. ” മാളു ഒന്നും കൂടി മമ്മയോട് ചേർന്നിരുന്നു. കണ്ണുകൾ തുടച്ചുകൊടുത്തു. “ഞാൻ മമ്മയുടെ പ്രെസന്സും സ്നേഹവും ആഗ്രഹിച്ചിരുന്നു.. ഒരുപാട്. കിട്ടാതെ വന്നപ്പോൾ സഹിക്കാൻ കഴിയാത്ത വേദന തോന്നി. പക്ഷെ വെറുത്തിട്ടില്ല, ഒരിക്കലും.” അമ്മയും മകളും പരസ്പരം ആശ്വസിപ്പിച്ചു. ദുഖങ്ങളും പരിഭവങ്ങളും പറഞ്ഞു തീർത്തു. മമ്മയോട് ചേർന്നിരിക്കുമ്പോൾ മാളു വീണ്ടും പഴയ പത്തുവയസുകാരിയായി. അമ്മ കൊണ്ടുവരുന്ന സമ്മാനങ്ങൾ കൗതുകത്തോടെ നോക്കുന്ന പാവാടക്കാരി.

കുറച്ചുനേരത്തിന് ശേഷം അവിടെ മൗനം തളംകെട്ടി നിന്നു. “മമ്മക്കു ഇപ്പോഴും ദേഷ്യമുണ്ടോ എന്റെ പപ്പയോട്?” “ഇല്ല മോളെ. ഇപ്പോ എനിക്ക് അദ്ദേഹത്തെ മനസിലാക്കാൻ പറ്റുന്നുണ്ട്. അക്കാലത്തെ ഒരു ശരാശരി മല്ലു പുരുഷന്റെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ എനിക്കിപ്പോ മനസിലാക്കാൻ പറ്റുന്നുണ്ട്. അതിനുള്ള ഒരേയൊരു മാർഗം ആയിരുന്നു അന്നൊക്കെ വിവാഹം. ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്, ഞാൻ അന്ന് കുറച്ചുകൂടി പക്വമായി പെരുമാറിയിരുന്നെങ്കിൽ, അദ്ദേഹത്തോട് മനസു തുറന്ന് ഒന്നു സംസാരിച്ചിരുന്നെങ്കിൽ, കാര്യങ്ങൾ മാറി മറിഞ്ഞേനെ. പക്ഷെ കഴിഞ്ഞില്ല. പേടി ആയിരുന്നു മനസു നിറയെ. സംസാരിക്കാൻ, എതിർക്കാൻ, ഒന്നു ചിരിക്കാൻ പോലും പേടി.

തിരിച്ചറിവ് വന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയി..” അവർ നേടുവീർപ്പെട്ടു. മാളുവിന് തന്റെ മമ്മയോട് വല്ലാത്ത കാരുണ്യവും സ്നേഹവും തോന്നി. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വിധിയില്ലാത്തൊരു പാവം. ജീവിതം കൈവെള്ളയിലെ മണൽത്തരി പോലെ ഊർന്നുപോകുന്നത് കണ്ടുനിന്ന ഒരു നിസ്സഹായ. അന്ന് രാത്രി അമ്മയും മോളും കൊച്ചുമോളും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. മാളുവിന്റെ ഓർമയിൽ ആദ്യമായാണ് മമ്മ തന്നെ ചേർത്തുപിടിച്ചുറക്കുന്നത്. സന്തോഷം കൊണ്ട് അവളുടെ കണ്ണു നിറഞ്ഞു. പിറ്റേന്ന് മാളു എഴുന്നേറ്റ് വന്നപ്പോഴേക്കും സമയം ഒൻപത് മണിയായി. അല്ലെങ്കിലും അതങ്ങനെ ആണ്. മനസിന് സമാധാനം തോന്നുന്ന ദിവസങ്ങളിൽ ശരീരം സമയത്തു ഉണരാറില്ല.

നിസമോളേയും കളിപ്പിച്ചുകൊണ്ട് മാളുവും മീരയും ഉമ്മറത്തിരിക്കുമ്പോൾ മുറ്റത്തൊരു കാർ വന്നു നിന്നു. അതിൽ നിന്ന് അൻപതുവയസിനു മേലെ പ്രായം തോന്നുന്നൊരു പുരുഷനും ഭാര്യ എന്നു തോന്നുന്നൊരു സ്ത്രീയും രണ്ടു പെണ്കുട്ടികളും ഇറങ്ങിവന്നു. മീര ചിരിച്ചുകൊണ്ട് അവരെ സ്വാഗതം ചെയ്‌തു. ഒന്നും മനസിലാകാതെ നിന്ന മാളുവിന് മുന്നിലേക്ക് അയാൾ വന്നു നിന്നു. സ്വന്തം മകൾക്ക് മുന്നിൽ അച്ഛൻ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്താൻ കാരണമായി വന്ന തന്റെ പ്രവർത്തിദോഷത്തെ ജയപ്രകാശ് ശപിച്ചു.

തുടരും. (കഥ നിങ്ങൾ ഉദ്ദേശിച്ച ക്ലൈമാക്സിലേക്ക് തന്നെ ആണ് പോകുന്നത്. ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും നമ്മുടേതായ ന്യായങ്ങൾ ഉണ്ടല്ലോ. മാളുവിന്റെ അച്ഛന്റെയും അമ്മയുടെയും കൂടി ഭാഗം കേൾക്കാതെ ഈ കഥ ഞാൻ ആഗ്രഹിച്ച രീതിയിൽ പൂര്ണമാക്കില്ല. അതുകൊണ്ടാണ്, മനപൂർവം വലിച്ചു നീട്ടുന്നതല്ല. ദയവായി ക്ഷമിക്കുക.)

മൈഥിലി : ഭാഗം 21

Share this story