ഗോപികാ വസന്തം : ഭാഗം 1

ഗോപികാ വസന്തം : ഭാഗം 1

എഴുത്തുകാരി: മീര സരസ്വതി

“ന്തിനാ.. ന്തിനാ എന്നോടീ ചതി ചെയ്തേ.. മറ്റാരേക്കാളും നിങ്ങളെ.. വിശ്വസിച്ചതല്ലേ.. ന്റെ ഹരിയേട്ടനെ കണ്ടെത്തി തരാമെന്ന് വാക്കു പറഞ്ഞതല്ലേ.. ഒക്കെ.. ഒക്കെയും ചതിയായിരുന്നല്ലേ.. ന്തിനാ.. എന്നോട്.. നിക്ക്.. നിക്ക് അവളുടെ അവളുടെ മുഖമായത് കൊണ്ടാണോ.. എങ്കിലെനിക്കീ മുഖമിനി വേണ്ടാ..” കരച്ചിലിനോടൊപ്പം കവിളിൽ സ്വയം തല്ലി തല്ലി താഴേക്ക് ഊർന്ന് വീഴുന്ന ഗോപികയെ നിർവികാരതയോടെ കണ്ടു നിൽക്കാനേ വസന്തിനു കഴിഞ്ഞുള്ളു.. എഴുനേൽപ്പിക്കാൻ നോക്കിയതും കോളറയിൽ പിടിച്ച് പതം പറഞ്ഞു പിന്നെയും നിലത്തൂർന്നു വീണു. പിന്നെ ഒന്നും ചിന്തിക്കാതെ വാരിയെടുത്ത് കട്ടിൽ ലക്ഷ്യമാക്കി നടന്നു.

കുതറി മാറാനവൾ ഒരു പാഴ്ശ്രമം നടത്തിയെങ്കിലും പറ്റില്ലെന്ന് കണ്ടതും ഒന്ന് അടങ്ങി. കട്ടിലിനു ഒരറ്റത്ത് കിടത്തിയതും ചുരുണ്ടു കിടന്നൂ പെണ്ണ്.. ഏങ്ങിയേങ്ങി കരയുന്ന അവളെ കണ്ടതും വസന്തിന്റെ ഉള്ളം വിങ്ങിയിരുന്നു. “ചതിച്ചതല്ലാ ഒരിക്കലും.. എല്ലാം അറിയുമ്പോൾ നീ ജീവനൊടുക്കുമോ എന്ന ഭയമാ എന്നെ ഇതിനു പ്രേരിപ്പിച്ചത് ഗോപു.. നിന്നെ എനിക്കറിയും പോലെ. ആർക്കാടി അറിയാവുന്നത്. ദേവൂന്റെ പ്രണയം നഷ്ടപ്പെട്ടതിനേക്കാൾ വേദനയുണ്ട് ഇന്ന് നിന്റെ സൗഹൃദം നഷ്ടപ്പെടുമല്ലോ എന്നോർക്കുമ്പോൾ.. നീ എന്നെ വെറുക്കുമല്ലോ എന്നോർക്കുമ്പോൾ.. ഒരുനാൾ എല്ലാം നീ മനസ്സിലാക്കുന്ന കാലം വരും. അന്നീ താലിയുടെ ബന്ധനം എന്നെന്നേക്കുമായി ഞാൻ ഇല്ലാതാക്കും..

അതുവരെ.. അതുവരെ മാത്രം എന്റെയീ താലി ഈ കഴുത്തിൽ കിടന്നോട്ടെ.” കരഞ്ഞു തളർന്ന് ഉറങ്ങുന്ന പെണ്ണിന്റെ തലമുടിയിൽ അരുമയായി തലോടിക്കൊണ്ട് വസന്ത് ചിന്തിച്ചു. അവളുടെ അരികിൽ നിന്നും എഴുന്നേറ്റു ഫോണുമെടുത്ത് ബാൽകണിയിലേക്ക് ‌ നടന്നു. “ഇല്ല മനൂ. അതേകുറിച്ച് ഒന്നും പറഞ്ഞില്ല. ഇനിയിപ്പോ പറഞ്ഞാലും ഞാൻ കള്ളം മെനയുകയാണെന്നേ അവള് ചിന്തിക്കൂ. അവളെന്ന് ഈ ജീവിതവുമായി പൊരുത്തപ്പെടുന്നുവോ അന്ന് പറയാം എല്ലാം. എനിവേയ്സ്‌ താങ്ക്സ് ടാ..” ഫോൺ കട്ട്‌ ചെയ്ത്‌ ആലോചനയോടെ ചാരുകസേരയിൽ ചാഞ്ഞു കിടന്നു. അവന്റെ ഓർമ്മകൾ മൂന്നാഴ്ച മുന്നേയുള്ള ദിവസങ്ങളിലേക്ക് സഞ്ചരിച്ചു. 🌺🌺🌺🌺🌺🌺🌺🌺

“അതെങ്ങനെ ശെരിയാകും അമ്മാ.. അമ്മയ്ക്കറിയാവുന്നതല്ലേ.. ഞാൻ സ്നേഹിച്ചതും ഇഷ്ടപെട്ടതും ദേവൂനെയാ.. പിന്നെയെങ്ങനെയാ ഗോപൂനെ.. നിങ്ങള് തന്നെയല്ലേ ദേവികയാണ് ഈ വസന്ത് ഭാസ്കറിന്റെ പെണ്ണെന്ന് പറഞ്ഞു പഠിപ്പിച്ചത്..” “ഒക്കെ നേരാ വസൂ.. ഞങ്ങളാ ആവശ്യമില്ലാത്ത ചിന്തകളെല്ലാം കുത്തിനിറച്ചത്. പക്ഷെ ദേവൂ അവനെ മതിയെന്ന് പറഞ്ഞ് വാശി പിടിക്കുമ്പോൾ.. “ശെരി.. അവൾക്കെന്നെ വേണ്ടെങ്കിൽ വേണ്ട.. പക്ഷെ ഗോപുനെ എന്തിനാ ഇതിലേക്കു വലിച്ചിഴക്കുന്നെ..” ദേഷ്യം തോന്നിപോകുന്നു രണ്ടാളോടും . മക്കൾ കുഞ്ഞായിരിക്കുമ്പോൾ പരസ്പരം വാക്കുകൾ കൈമാറുക.

മനസ്സ് വ്യതി ചലിക്കാതിരിക്കാൻ ദേവു നിന്റെയാ എന്ന് പറഞ്ഞു പഠിപ്പിക്കുക. എന്നിട്ടൊടുക്കം അവളല്ല ഗോപുവിനെയാണ് വിവാഹം കഴിക്കേണ്ടതെന്ന് പറയുക. ഇതെന്താ ഞങ്ങളുടെ ഭാവികാര്യത്തിൽ ഞങ്ങൾക്ക് ഒരു അഭിപ്രായവും പാടില്ലേ. ഇനി എതിർത്ത്‌ എന്തേലും പറഞ്ഞാൽ പിന്നെ മൂക്ക് പിഴിഞ്ഞ് സങ്കടം പറച്ചിൽ തുടരും രണ്ടാളും. കൂട്ടത്തിൽ മാതാപിതാക്കളുടെ കടമകളെ കുറിച്ച് നീണ്ട പ്രസംഗവും. “പെൺമക്കളിൽ ഒരാൾക്ക് നിന്നെ നൽകാമെന്ന് ഞാനല്ലേ വസൂ ശങ്കരന് വാക്കു കൊടുത്തത്. നിനക്ക് ചെറുതിലേ ദേവുമോളോടായിരുന്നു ഇഷ്ടം കൂടുതൽ.

അതാ അവള് നിനക്കുള്ളതാണെന്ന് പറഞ്ഞത്. അവര് കാണാൻ ഒരുപോലാണല്ലോ പോരാത്തതിന് ഇരട്ടകളും. അപ്പൊ പിന്നെ ഗോപു ആയാലും ദേവു ആയാലും ഒരുപോലല്ലേ. ഗോപൂന് സമ്മതമാ..നിന്റെ അഭിപ്രായം അറിഞ്ഞിട്ട് പറയാമെന്നാ ശങ്കരനോട് പറഞ്ഞത്.” അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ആശ്ചര്യം തോന്നിപോയി. അവള് സമ്മതിച്ചെന്നോ.. അപ്പോൾ ഹരിയോ. അവര് തമ്മിലുള്ള ഇഷ്ടമോ. മറുപടിയൊന്നും പറയാതെ മുകളിലേക്ക് നടന്നു. മുറിയിലെ ബാൽക്കണിയിലാ നടത്തം അവസാനിച്ചത്. മദനപ്പൂവിന്റെ മണമാകെ അവിടം പരക്കുന്നുണ്ട്. കുഞ്ഞായിരിക്കുമ്പോൾ ഞാനും ഗോപുവും കൂടിയാണ് മദനപ്പൂ തൈകൾ നട്ടുപിടിപ്പിച്ചത്.

ഒന്നവളുടെ വീട്ടുമുറ്റത്തും ഉണ്ട്. ഇന്നിപ്പോൾ അവ വലിയ മരങ്ങളായി വളർന്നിരിക്കുന്നു. എന്നെ പോലെ തന്നെയാണ് ഗോപുവും. മരങ്ങളും ചെടികളുമൊക്കെ ഒത്തിരിയിഷ്ടം. അതുകൊണ്ട് തന്നെ എവിടെ നിന്നെങ്കിലും പുതിയൊരു ചെടി കണ്ടാൽ അവൾക്കും കൂടെ ഒരു കമ്പ് മറക്കാതെ പൊട്ടിക്കും. അവളും അങ്ങനെതന്നെ. പക്ഷെ ദേവു നേരെ തിരിച്ചും. നാട്ടിൻപുറം ഒട്ടും ഇഷ്ടമല്ല അവൾക്ക്. പുറത്ത് പോയി പഠിക്കണമെന്ന് വാശിപിടിച്ചതും സിറ്റി ലൈഫിനോടുള്ള അവളുടെ ഭ്രമം കൊണ്ടുതന്നെയാ. ഫോൺ കീശയിൽ നിന്നും പുറത്തെടുത്ത് ചാരുകസേരയിൽ ചാഞ്ഞു കിടന്നു. ദേവുവിന്റെ നമ്പറിലേക്ക് വിളിച്ചു.

ലോങ്ങ് ബെല്ലടിഞ്ഞുവെങ്കിലും പതിവുപോലെ എടുത്തില്ല. നിരാശയോടെ ഫോൺ കട്ട് ചെയ്ത്‌ തലയ്ക്കുമീതെ കൈവെച്ച് കണ്ണടച്ച് കിടന്നു. കുറച്ചു കഴിഞ്ഞതും ഉറങ്ങിപ്പോയിരുന്നു. ഫോണിലേക്ക് വന്ന കോളാണ് ഉറക്കമുണർത്തിയത്. “ദേവു കോളിങ്..” അറിയാതെ ചാടി എഴുന്നേറ്റു പോയിരുന്നു. കുറച്ച് നാളായി ഈ പതിവില്ലാത്തത്. മുമ്പ് വിളക്കാത്തതിരുന്നാൽ പരാതി പറഞ്ഞിരുന്ന ആളായിരുന്നു. ഇപ്പോൾ വിളിച്ചാൽ എടുക്കാതെയായി. പിന്നെ എന്താണാവോ തിരിച്ചു വിളിക്കുന്നത്. ചിന്തയോടെ അറ്റൻഡ് ചെയ്തു. “ദെവൂട്ടാ…” വളരെ ആർദ്രമായി വിളിച്ചപ്പോൾ മറുപുറം നിശ്ശബ്ദമായിരുന്നു.

“ഞാൻ ഗോപുവാ വസന്തേട്ടാ..” “നീയെന്തിനാ ഗോപു വിവാഹത്തിന് സമ്മതിച്ചേ..” “വേറെ വഴിയില്ലായിരുന്നു വസന്തേട്ടാ.. ഹരിയേട്ടന്റെ കാര്യം എന്ത് വന്നാലും അച്ഛൻ അംഗീകരിക്കില്ലെന്ന് പറഞ്ഞു. എല്ലാം ഒന്ന് പറയാൻ ആളെ കുറെ വിളിച്ചു. സ്വിച്ച് ഓഫ് ആണ്.. വസന്തേട്ടൻ എന്തായാലും നോ പറയുമെന്ന് ഉറപ്പായിരുന്നു. അതാ.. നിക്കറിയില്ല ഇനി എന്ത് വേണമെന്ന്..” പറയുമ്പോൾ ശബ്ദമിടറിയിരുന്നു. പാവം തോന്നിപോയി. ഹരിയോടുള്ള അവളുടെ ഇഷ്ടം മറ്റാരേക്കാളും കൂടുതൽ അറിയാവുന്നതാ. അവൾക്ക് ദേവൂനെക്കാൾ കൂട്ട്‌ എന്നോടായിരുന്നു. അതുകൊണ്ട് തന്നെ എന്നോട് പറയാത്തതായി അവളുടെ ലൈഫിൽ എന്തേലും ഉണ്ടോ എന്ന് തന്നെ സംശയമാ.

“ടെൻഷൻ ആകല്ലേ ഗോപു. ഞാനേതായാലും ഹരിയെ വിളിച്ചു നോക്കട്ടെ… ദേവു എവിടെ?” “താഴെ ഉണ്ട്. വസന്തേട്ടനോട് എന്തേലും പറഞ്ഞായിരുന്നോ അവള്.. അവർക്ക് പെട്ടെന്ന് വേണമെന്ന്. രണ്ടു ദിവസം കഴിഞ്ഞാൽ പ്രണവിന്റെ വീട്ടുകാർ പെണ്ണുകാണാൻ വരുന്നുണ്ടെന്ന്. ഞാൻ ഫോൺ കൊണ്ടുപോയി കൊടുക്കണോ..?” “വേണ്ട ഗോപു. അവളിപ്പോ വിളിച്ചാലും എടുക്കാറില്ല. എന്നെ അവളു തേച്ചെന്ന് അംഗീകരിക്കാൻ ഇപ്പോഴും പറ്റിയിട്ടില്ല. ഇടയ്ക്ക് ശബ്ദമെങ്കിലും കേൾക്കണമെന്ന് തോന്നുമ്പോഴാ ഇങ്ങനെ വിളിച്ചു നോക്കുന്നെ. എടുക്കില്ലെന്ന ഉറപ്പാ.. എന്നാലും.. വെക്കുവാടി.

ഞാനൊന്ന് ഹരിയെ വിളിച്ചു നോക്കട്ടെ..” ഹരിയെ വിളിച്ചു നോക്കിയെങ്കിലും സ്വിച് ഓഫ് ആയിരുന്നു. പിന്നെയും പോയി ചാരുകസേരയിൽ കണ്ണടച്ച് കിടന്നു. തലമുടിയിൽ ആരോ തലോടും പോലെ തോന്നിയതും കണ്ണുതുറന്നു നോക്കി. അമ്മയാണ്. മക്കളുടെ നോവുകൾ ഒപ്പിയെടുക്കാൻ അമ്മയോളം കഴിവ് ആർക്കാനുള്ളത്. “വസൂ.. ഞങ്ങളോട് ദേഷ്യം തോന്നണുണ്ടോ കുഞ്ഞേ.. നിക്കറിയാം ദേവൂനെ മോന് എത്രത്തോളം ഇഷ്ടമായിരുന്നുന്ന്. ആ സ്ഥാനത്ത് ഗോപുവിനെ കാണാനും പറ്റില്ലെന്നറിയാം. ശങ്കരേട്ടൻ വന്ന് ചോദിച്ചപ്പോൾ മറുത്തൊന്നും പറയാനും കഴിഞ്ഞില്ല.

പണ്ടെങ്ങോ പറഞ്ഞതാണേലും വാക്കു വാക്ക് തന്നെയല്ലേ. പിന്നെ അവൾക്ക് വേറെ ഇഷ്ടമുണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നും ചിന്തിച്ചില്ല. മാത്രല്ല അമ്മയ്ക്ക് ഗോപുമോളോടാ ഇഷ്ടക്കൂടുതലും. നിർബന്ധിക്കില്ല. നിങ്ങടെ ജീവിത കാര്യല്ലേ.. എന്താണെന്ന് വെച്ചാ മോൻ തീരുമാനിക്ക്..” അത്രയും പറഞ്ഞ് നെറ്റിത്തടത്തിൽ ഒന്ന് മുത്തി അമ്മ മുറിവിട്ടിറങ്ങി. എന്റെ അച്ഛൻ മുല്ലയ്ക്കലെ ഭാസ്കരനും ഗോപുന്റെയും ദേവൂന്റെയും അച്ഛൻ മണിമംഗലത്തെ ശങ്കരനും ചെറുപ്പം മുതലേയുള്ള കൂട്ടായിരുന്നു. ഇപ്പോഴും ഇരു കുടുംബവും തമ്മിൽ നല്ല അടുപ്പമാണ്.

ശങ്കരച്ഛന്റെ ഇരട്ട പെൺകുട്ടികൾ പിറന്നപ്പോൾ ഒരു പെണ്ണിന് ഈ വസന്ത് ഭാസ്കറിനെയും ഒരാൾക്ക് ശങ്കരച്ഛന്റെ പെങ്ങൾ ശാരദ ചിറ്റയുടെ മകൻ ഹരിനാരായണനെയും തരണമെന്ന് തമാശയെന്നോണം ശങ്കരനച്ഛൻ പറഞ്ഞതായിരുന്നു. ചെറുപ്പം തൊട്ടേ ഈ കാര്യം കേൾക്കുന്നതിനാൽ മുതിർന്നപ്പോൾ ഗോപിക ഹരിക്കും ദേവിക വസന്തിനുമെന്ന് ഞങ്ങൾ തന്നെ തീരുമാനിച്ചു. കൗമാരത്തിലെത്തിയപ്പോൾ ഞങ്ങളിൽ പ്രണയം മുളപൊട്ടി. അതിനിടയ്ക്കാണ് മണിമംഗലത്തെ മുത്തശ്ശൻ മരിക്കുന്നത്. മരണശേഷം സ്വത്ത് വകകളെല്ലാം രണ്ട് മക്കളുടെ പേരിലും എഴുതി വെച്ചെങ്കിലും ഹരിയുടെ അച്ഛൻ ദേവനാരായണൻ തങ്ങൾക്ക് കുറഞ്ഞു പോയെന്നും പറഞ്ഞു ബഹളം തുടങ്ങി.

സ്വത്തിനായുള്ള തർക്കം മുറുകിയതും ഹരിയുടെ അച്ഛൻ പിണങ്ങി ബംഗ്ലുർക്ക്‌ പോയി. എങ്കിലും ഫോൺ കോളുകളിലൂടെയും മെസേജുകളിലൂടെയും ഗോപുവിന്റെയും ഹരിയുടെയും പ്രണയം പൂത്തു വിടർന്നിരുന്നു. കൂട്ടത്തിൽ എന്റെയും ദേവുവിന്റെയും. ഞങ്ങളുടെ പ്രണയം അമ്പല വഴിയിലും കുളപ്പടവിലുമൊക്കെ പൂത്തു തളിർത്തു. എല്ലാത്തിനും സാക്ഷിയായി ഗോപുവും കാണും. അത്രയേറെ സ്നേഹിച്ചിട്ടും എന്നെ വേണ്ടെന്ന് വെക്കാൻ ദേവൂന് എങ്ങനെ കഴിഞ്ഞു. ഇന്നും വിശ്വസിക്കാൻ പ്രയാസമാണ്. എന്നിട്ടും ഒരു തരിമ്പ് പോലും ദേഷ്യം അവളോട് തോന്നുന്നുമില്ല. എന്നാൽ ഹരിയോടുള്ള ഗോപുവിന്റെ ഇഷ്ടം ഒട്ടും കുറഞ്ഞിരുന്നില്ല.

ഹരിയെ പിന്നീട് ഒന്ന് രണ്ടു തവണ ഗോപുവിനെ കാണാൻ വന്നപ്പോൾ കണ്ടിരുന്നു. ഓരോന്നും ആലോചിച്ച് എപ്പോഴോ ഉറങ്ങിപോയി. രാവിലെ എണീറ്റ് ഫ്രഷായി താഴേക്കിറങ്ങിയപ്പോഴേ കണ്ടു ഡൈനിങ്ങ് ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അച്ഛനെ. രണ്ടുപേരുടെയും അടക്കിപ്പിടിച്ച സംസാരം കേട്ടപ്പോഴേ കാര്യം മനസ്സിലായി. തൊട്ടടുത്തിരിക്കുന്ന വൈഷ്ണവിയോട് എന്താ കാര്യമെന്ന് കണ്ണുകൊണ്ട് ചോദിച്ചു. കഴുത്തിലേക്ക് താലി കെട്ടണത് പോലെയവൾ കാണിച്ചപ്പോൾ ഒന്നും മിണ്ടാതെ പ്ളേറ്റിലേക്ക് കാസറോളിൽ നിന്നും രണ്ട് ദോശയെടുത്തിട്ട് അതിനു മേലെ ചട്ണി ഒഴിച്ചു.

മുന്നിലിരുന്ന കസേര വലിച്ചെടുത്ത്‌ അതിലിരിന്ന് ഒന്നും അറിയാത്ത പോലെ കഴിച്ചു തുടങ്ങി. “എന്താ നിന്റെ തീരുമാനം..? ശങ്കരനോട് ഞാനെന്താ പറയേണ്ടേ..?” ശബ്ദം താഴ്ത്തി ആണ് അച്ഛനത് ചോദിച്ചതെങ്കിലും ആ ശബ്ദം വളരെ ദൃഢമായിരുന്നു. “എനിക്ക് സമ്മദക്കുറവൊന്നുമില്ല. നിങ്ങളെന്താച്ചാ ചെയ്തോളു..” എന്തോ അത്ഭുതം സംഭവിച്ചത് പോലെ ആശ്ചര്യപ്പെട്ടു നിൽപ്പുണ്ട് മൂന്നാളും. പെട്ടെന്ന് തന്നെ മൂന്നാളിലേക്കും സന്തോഷം വ്യാപിക്കുന്നത് കണ്ടു. അച്ഛൻ ഫോണുമായി പുറത്തേക്ക് നടന്നപ്പോൾ കഴിച്ചു മതിയാക്കി ഞാനും എഴുന്നേറ്റു. തിരിച്ചു മുകളിലേക്ക് കയറിപ്പോകുമ്പോൾ ചിലതെല്ലാം മനസ്സിലുറപ്പിച്ചിരുന്നു. (തുടരാം..)

Share this story