മൗനം : ഭാഗം 2

മൗനം : ഭാഗം 2

എഴുത്തുകാരി: ഷെർന സാറ

മനഃപൂർവം മനസിനെ ജോലി തിരക്കുകളിലേക്ക് പറഞ്ഞയക്കുമ്പോൾ ചിലതിനെ തെല്ലു നേരത്തേക്ക് എങ്കിലും മറക്കാൻ വേണ്ടി ഒരു പാഴ്ശ്രമം നടത്തുകയായിരുന്നു…. രാവിലെ ഇറങ്ങാൻ നേരം അമ്മ കർക്കശ്ശമായി പറഞ്ഞ് വിട്ട ഒന്നിനെ തെല്ലിട ആലോചിക്കാതെ തള്ളികളയാൻ രാവിലെ ബസിൽ കണ്ട കാഴ്ച മാത്രം മതിയായിരുന്നു… തിരികെ വീട്ടിലേക്കും അതേ ബസിൽ തന്നെയാണ് പോകുന്നത്…പക്ഷെ പ്രതീക്ഷിച്ച ആളെ കാണാതെ വന്നപ്പോൾ തെല്ലോരു ആശ്വാസം തോന്നി… മനസ്സിൽ എന്തോ തണുപ് വന്നു നിറയുന്നത് പോലെ… പക്ഷെ,, അവിടെയും എന്നെ തോൽപിച്ചു കൊണ്ട് വീടിന്റെ ഉമ്മറത്തിനോട്‌ചേർന്നുള്ള കൊച്ചു തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു ചന്തുവേട്ടൻ….കയ്യിലെ കട്ടൻ ഊതി കുടിക്കുന്നത് കമ്പ് വേലിക്കിടയിൽ കൂടി കാണാമായിരുന്നു… “ആഹ്… നീ വന്നോ…. എങ്ങനുണ്ടായിരുന്നു ഇന്ന് .. ” എന്നെ കണ്ടതെ പതിവ് വിശേഷം തിരക്കലിലേക്ക് കടന്നിരുന്നു അമ്മ…

ചന്തുവേട്ടന്റെ നോട്ടം എന്നിലേക്ക് പാറി വീഴുന്നത് അറിഞ്ഞപ്പോൾ മുതൽ ഒരു കുഞ്ഞു ഭയം എന്നിൽ മുളപൊട്ടുന്നുണ്ടായിരുന്നു…. “കുഴപ്പമില്ലായിരുന്നു അമ്മേ …. ” എങ്കിലും അത് കാര്യമാക്കാതിരിക്കാൻ ശ്രെമിച്ചു കൊണ്ട് അമ്മായോട് മറുപടി പറഞ്ഞു… അടുത്ത ചോദ്യം പിറകെ വരുമെന്ന പ്രതീക്ഷ തെറ്റാതെ അമ്മ ചോദിച്ചിരുന്നു.. ” എന്തായി…. ഞാൻ പറഞ്ഞ കാര്യം സൂചിപ്പിചോ നീയ്… ” “ഇല്ല ….സമയം കിട്ടിയില്ല… ” അലസമായി മറുപടി പറഞ്ഞ് ഉമ്മറത്തേക്ക് കയറാൻ ശ്രെമിക്കുമ്പോൾ അയാൾ അവിടെ ഇരിക്കുന്നതിന്റെ അമർഷവും ഉള്ളിൽ പുകയുന്നുണ്ടായിരുന്നു…. “അല്ലെങ്കിലും എനിക്ക് അറിയായിരുന്നു… ഇത് ഇങ്ങനെയെ വരൂ എന്ന്… എന്റെ വാക്കിനു ഒരിക്കൽ എങ്കിലും നീ വില കല്പിച്ചിട്ടുണ്ടോ…. എല്ലാം നിന്റെ ഇഷ്ടങ്ങളും നിന്റെ തീരുമാനങ്ങളും .. ” അമ്മ പറയുന്നത് കേട്ടപ്പോൾ ദേഷ്യത്തോടെ ആ മുഖത്തേക്ക് ഒന്ന് നോക്കി… ”

അമ്മ കഴിഞ്ഞതോന്നും അത്ര പെട്ടെന്ന് മറക്കാൻ പാടില്ല… ” അത്രമാത്രം അമ്മയെ നോക്കി ദേഷ്യത്തോടെ ഓർമ്മപ്പെടുത്തി കൊണ്ട് അകത്തേക്ക് കടക്കാൻ തുടക്കുമ്പോൾ ഇപ്പോഴൊന്നും നിർത്താൻ താല്പര്യമില്ല എന്ന പോലെ അമ്മ അടുത്തത് പറഞ്ഞു തുടങ്ങിയിരുന്നു… ” നീ ജോലിക് പോയി അന്വേഷിച്ചു കൊണ്ട് വന്നിട്ട് വേണ്ട ഇലവുങ്കലെ അടുപ്പ് പുകയാൻ….” ” വേണ്ടായിരിക്കും… പക്ഷെ ഈ കൂരയ്ക്കകത്ത് അടുപ്പ് പുകയാൻ തുടങ്ങിയത് ഈ ജോലി കിട്ടിയതിന് ശേഷം മാത്രമാണെന്ന് അമ്മ ഓർക്കണം… ”

അമ്മയെ നോക്കി അത്രയും കടുപ്പിച്ചു പറഞ്ഞ് കൊണ്ട് ഉള്ളിലേക്കു നടന്നു പോകുമ്പോൾ മാത്രമാണ് തങ്ങളെ കൂടാതെ മറ്റൊരാൾ കൂടി അവിടെ ഉണ്ടായിരുന്നു എന്ന ബോധം വന്നത്… “അവൾടെ ഇഷ്ടത്തിന് എതിര് നിക്കണ്ട അപ്പേ… ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടാന്ന് വെച്ചാൽ പാടാണ്… അപ്പൊ ഉള്ള ജോലി കളയാന്ന് വെച്ചാൽ ശുദ്ധ മണ്ടത്തരാ.. അവൾ ഉള്ളടുത്തോളം പോട്ടെ … ” മുറിയിലെത്തി ഷാളിൽ കുത്തിയിരുന്ന പിന്ന് ഊരി മാറ്റുമ്പോൾ ആയിരുന്നു അയാളുടെ ശബ്ദം ചെവിയിൽ എത്തിയത്…

പിറ്റേ ദിവസവും പതിവ് ബസിൽ ഡ്രൈവിങ് സീറ്റിൽ ആളെ കണ്ടപ്പോൾ ഒരുവേള മനസ്സിൽ എത്തിയത് ഇന്നലെ ആള് അമ്മയോട് പറഞ്ഞ വാക്കുകൾ ആണ്… എന്നെക്കാൾ വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള ജോലിയും ഒക്കെയുള്ള ആളായിരുന്നു ചന്തുവേട്ടൻ… ” ഇലവുങ്കലെ ആദിശങ്കരൻ…” എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നവൻ… ഒരുകാലത്ത് ഈ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിൽ, അവരുടെ പടത്തലവനായിരുന്നവൻ …. അതേ അവനെ തന്നെയാണ് ഇന്ന് അതേ നാട് തന്നെ വെറുപ്പോടെ നോക്കുന്നത്… കുട്ടികൾ ഭയത്തോടെ നോക്കുന്നത്… എന്തിനേറെ ഈ ഞാൻ പോലും…

ചന്തുവേട്ടനെ നോക്കുമ്പോൾ ഒരു വേള ചെറിയൊരു വേദന തോന്നി … എയർ ഫോഴ്സിൽ ആയിരുന്നു ജോലി… പക്ഷെ ഇപ്പോൾ… ഇത് അയാൾ അർഹിക്കുന്നത് തന്നെയാണെന്ന് മറ്റൊരു മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ തോന്നി …. എങ്കിലും,, സ്വന്തം സഹോദരിയുടെ ഭർത്താവിനെ യാതൊരു കാരണവും കൂടാതെ കൊന്നവനിൽ അമ്മ കാണുന്ന ശെരി എന്താണ് എന്ന് മാത്രമാണ് എനിക്ക് മനസ്സിലാവാത്തത്…. ” ഓഹ്… ഈ കാലൻ ജയിലീന്ന് ഇറങ്ങിയോ… കൂടപ്പിറപ്പിന്റെ കെട്ടു താലി അറുത്തിട്ട് ഒരുകാലത്തും അവൻ ഗുണം പിടിക്കാൻ പോകുന്നില്ല… ” അടുത്ത് വന്നിരുന്ന ഒരു സ്ത്രീയുടെ പ്രാക്ക് കേട്ടപ്പോൾ ഞെട്ടി തിരിഞ്ഞവരെ നോക്കി…

അപ്പോൾ മാത്രമാണ് അവർ എന്നെ കാണുന്നത് ….പറഞ്ഞ് പോയതിലെ പിഴവ് ഓർത്ത് അവരുടെ മുഖം വിളറി വെളുക്കുമ്പോൾ ഞാനും ഇലവുങ്കലുത്തേ ചോര തന്നെയാണല്ലോ എന്നായിരിക്കും അവരുടെ മനസ്സിൽ എന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉള്ളായിരുന്നു … ദിവസങ്ങൾ വളരെ പെട്ടെന്ന് കടന്നുപോയി…കല്യാണത്തിനുള്ള തീയതി കുറിച്ച് കിട്ടി… വളരെ കുറച്ച് ദിവസം മാത്രം ബാക്കി നിൽക്കേ ജോലിയിൽ നിന്നും ലീവ് എടുത്തു…ഉള്ളത് കൂട്ടി പെറുക്കി എടുത്തു സ്വർണ്ണമെടുപ്പും തുണിയെടുപ്പും തകൃതിയായി നടന്നു…

അതികം ആളുകളെ വിളിച്ചു കൂട്ടാതെ ലളിതമായൊരു ചടങ്ങ് മാത്രമായിരുന്നു കല്യാണം …. അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ ചന്തുവേട്ടൻ എന്നെ താലി കെട്ടുമ്പോൾ കണ്ണുകൾ അടച്ചു നിന്നു എന്നല്ലാതെ നാളെയെ കുറിച് യാതൊരു പ്രാർത്ഥനയും ആ നേരം മനസ്സിൽ വന്നില്ല… അപ്പോഴും അവിടെയും ഇവിടെയും ആയി ബന്ധുക്കളുടെ ഇടയിൽ ചെറിയൊരു മുറുമുറുപ്പ് ഉയർന്നു കേൾക്കാമായിരുന്നു….കാത്തിരിക്കുക.. ❤

മൗനം : ഭാഗം 2

Share this story