മഴമുകിൽ: ഭാഗം 14

മഴമുകിൽ: ഭാഗം 14

എഴുത്തുകാരി: അമ്മു അമ്മൂസ്

“”പോലീഷേ ഇന്നും ഇടിച്ചോ….. “”വല്ലാത്തൊരു ആകാംഷയോടെ ചോദിച്ചു… “”അയ്യോ ഇല്ലല്ലോ….. ഇന്ന് പോലീഷ് ഇടിച്ചാൻ മറന്നു പോയി…. “”ഋഷി മുഖത്ത് സങ്കടം വരുത്തി പറഞ്ഞു… ആ കുഞ്ഞു മുഖത്തും സങ്കടം നിറയുന്നത് കണ്ടു…. “”ആ മാമനെ ഇനീം ഇടിച്ചുമോ….. അമ്മ ഇന്നലെ രാത്രിയും അല്ലുമോളെ കെട്ടിപ്പിടിച്ചു കയഞ്ഞല്ലോ…..”” സങ്കടത്തോടെ ഋഷിയെ നോക്കി പറഞ്ഞു…. ഋഷിക്ക് ചോര തിളച്ചു വരുന്നതായി തോന്നി… പക്ഷേ അതൊക്കെ ഒരു ചിരി കൊണ്ട് മറച്ചു… “”ഇടിച്ചാലോ….. ഇനി ആ മാമനെ കാണുമ്പോഴേ പോലീഷിനും അല്ലൂസിനും കൂടി ഇടിച്ചു ഷേപ്പ് മാറ്റാലോ…..”” അവൻ വായുവിൽ പഞ്ച് ചെയ്യും പോലെ മുഷ്ടി ചുരുട്ടി ഇടിച്ചു കാണിച്ചു…

സന്തോഷം സഹിക്കാൻ വയ്യാതെ രണ്ടു കൈ കൊണ്ടും വാ പൊത്തിപ്പിടിച്ചു പൊട്ടിച്ചിരിക്കുന്ന അല്ലുമോളെ ഒന്ന് കൂടി നെഞ്ചോട് ചേർത്ത് പിടിച്ചു.. “”അല്ലൂസ്‌ പോലീഷിനെ കാത്തു നിന്നതാണോ….ഹ്മ്മ്… “”ആ കുഞ്ഞിത്തലയിൽ പതുക്കെ ഉമ്മ വച്ചു കൊണ്ട് ഋഷി ചോദിച്ചു.. അതിന് മറുപടി പറയാതെ ആ കുഞ്ഞിക്കൈകൾ ബൈക്കിന്റെ താക്കോൽ ഇൽ പിടിച്ചു കളിക്കുകയായിരുന്നു.. “അല്ലൂസിന് ടാറ്റാ പോണോ…. ഹ്മ്മ്… “” ചോദിച്ചതും ആവേശത്തോടെ തലയാട്ടിക്കാണിച്ചു…. പൊക്കി എടുത്തു മുൻപിലേക്ക് ഇരുത്തി. അപ്പോഴേക്കും കഴിഞ്ഞ തവണത്തെ പോലെ ടാങ്കിലേക്ക് അള്ളിപ്പിടിച്ചു ഇരുന്ന് കഴിഞ്ഞിരുന്നു… ഭയങ്കര ആവേശത്തിൽ ആണെന്ന് തോന്നി…

സ്വയം ആർപ്പ് വിളിക്കുകയും പൊട്ടിച്ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് …. പതുക്കെ വണ്ടി മുൻപോട്ടു എടുത്തു. കുറച്ചു ദൂരം മുൻപോട്ട് പോയപ്പോളേക്കും ആള് ടാങ്കിൽ നിന്നും മാറി പതിവ് പോലെ ദേഹത്തേക്ക് ചാഞ്ഞിരുന്നു… ഇടവഴിയിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനു തൊട്ട് മുൻപാണ് ദേവ നടന്നു വരുന്നത് കാണുന്നത്.. ജോലിയുടെ ആണെന്ന് തോന്നുന്നു ആ മുഖം ആകെ വിയർത്തു കുളിച്ചു ക്ഷീണിച്ചിരുന്നു… ഋഷിയെയും അല്ലു മോളെയും കണ്ടു ഒരു നിമിഷത്തേക്ക് അവളൊന്ന് അന്തിച്ചു നിന്നു. പിന്നെ അവനെ നോക്കാതെ മോളെ മാത്രം നോക്കി പതുക്കെ അവന്റെ അരികിലേക്ക് നടന്നു… “”അമ്മേം…. ബാ അമ്മേ…. നമുക്ക് ടാറ്റാ പോവാം…… പോലീഷും അല്ലു മോളും പോവാണല്ലോ…. “”

ദേവയെ കണ്ടതും അല്ലു മോള്‌ ആവേശത്തോടെ പറഞ്ഞു…. “”അമ്മക്ക് തലവേദനിക്കുന്നെടാ കണ്ണാ….. അമ്മേടെ കുഞ്ഞൻ പോയിട്ട് വാ….”” മോളുടെ തലയിൽ ആകെ ഒന്നുഴിഞ്ഞു പറഞ്ഞു… അപ്പോഴും ഋഷിയെ നോക്കിയിരുന്നില്ല… ആ കുഞ്ഞ് മുഖത്ത് സങ്കടം നിറയുന്നത് കണ്ടു.. തല കുനിച്ചു ഇരിക്കുന്ന അല്ലുമോളെ ഋഷി പൊക്കി എടുത്തു തോളിലേക്ക് ഇട്ടു.. “”അയ്യേ….. എന്റെ പൊന്നൂസിന് സങ്കടമായോ…. അമ്മക്കൊന്നും ഇല്ലെടാ കണ്ണാ…. നമുക്കെ ഇപ്പൊ വീട്ടിൽ പോകാമെ… ന്നിട്ട് നാളെ ടാറ്റാ പോവാം…. “” പതിയെ ആ പുറത്തൊന്നു തട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു… സമ്മതം പോലെ മൂളുന്നത് കേട്ടു… “”എന്നാലേ അമ്മയോട് പോലീഷിന്റെ ബൈക്കിൽ കേറാൻ പറ….

നമുക്ക് മൂന്നാൾക്കും കൂടി പോവാല്ലോ വീട്ടിൽ…””. ദേവയെ നോക്കി ഒന്ന് മീശ പിരിച്ചു കണ്ണിറുക്കി കാണിച്ചുകൊണ്ട് അല്ലു മോളോട് പറഞ്ഞു.. . അത് കേട്ടതും സന്തോഷത്തോടെ തോളിൽ നിന്ന് എണീക്കുന്നത് കണ്ടു… “”ബാ അമ്മേ….. “” ദേവ ഋഷിയെ നോക്കി പല്ലും കടിച്ചു നിൽക്കുകയായിരുന്നു…. ഇനിയിപ്പോൾ കേറില്ല എന്ന് പറഞ്ഞാൽ പിന്നെ അല്ലു മോൾക്ക് പിണക്കത്തിന് അത് മതി.. വേറെ വഴി ഇല്ലാതെ അവനെ ഒന്ന് കൂടി തറപ്പിച്ചു നോക്കി പിന്നിലേക്ക് കയറി. പരമാവധി അകലം ഇട്ട് മറുവശത്തേക്ക് നീങ്ങിയാണ് ഇരുന്നത്…. കുറച്ചു കൂടി നീങ്ങാൻ നോക്കിയാൽ താഴെ പോകും എന്ന് ഉറപ്പായിരുന്നു.. “”അല്ലൂസേ അമ്മയോട് പറ ഇത്രേം ദൂരെ പോയി ഇരുന്ന വണ്ടി എടുക്കുമ്പോഴേ ചക്കരെടെ അമ്മ ടപ്പോ ന്ന് താഴെ വീഴും എന്ന്….

പോലീഷിന്റെ തോളിൽ പിടിച്ചു അടുത്തിരിക്കാൻ പറ അമ്മയോട്…. “” ഋഷി പറയുന്നത് കേട്ട് ദേവ പല്ലും ഞെരിച്ചു അവനെ നോക്കി.. “”പോലീഷിനെ കെട്ടിപ്പിടിച്ചമ്മേ….. അല്ലു മോളെപ്പോലെ… അപ്പൊ തായേ വീയില്ലല്ലോ….”” അല്ലു മോള് പറഞ്ഞത് കേട്ട് ഋഷി പൊട്ടിച്ചിരിച്ചു പോയി… ദേവയെ നോക്കിയപ്പോൾ കണ്ണും തുറിച്ചു നിൽക്കുകയാണ്….. അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കാതെ ഇരിക്കുന്നത് കണ്ടിട്ട് അല്ലു മോൾക്ക് വീണ്ടും ദേഷ്യം വന്നു…..”” ബേം കെട്ടിപ്പിടിച്ചമ്മേ…. അല്ലു മോൾക്ക് ടാറ്റാ പോണം…. “” വാശിയോടെ മോള് പറയുന്നത് കേട്ടപ്പോൾ വേറെ വഴി ഇല്ലാതെ ഒരു കൈ എടുത്തു അവന്റെ തോളിലേക്ക് വച്ചു… അപ്പോഴും അകലം പാലിച്ചു തന്നെ ഇരുന്നു…

അവനെ നോക്കാൻ തോന്നിയില്ല വെറുതെ സൈഡിലേക്ക് നോക്കി ഇരുന്നു. അവിടെ ഒരു കാഴ്ചയും കാണാൻ ഇല്ലാതിരുന്നിട്ടും കൂടി. ഋഷി ചുണ്ടിലൂറിയ ചിരിയോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു… വീടിന്റെ മുൻപിൽ ബൈക്ക് നിർത്തിയതും ആദ്യം ഇറങ്ങിയത് ദേവായാണ്… “”ബാ മോളെ…. “”കൈ നീട്ടി എങ്കിലും അപ്പോഴും ഋഷിയുടെ ദേഹത്തു തന്നെ ചാഞ്ഞു കിടക്കുന്ന അല്ലു മോളെ നോക്കി പേടിപ്പിച്ചിട്ട് അകത്തേക്ക് നടന്നു.. ഗേറ്റ് കടന്നപ്പോൾ തന്നെ കണ്ടു ഉമ്മറപ്പടിയിൽ ഏട്ടത്തി നിൽക്കുന്നത്… മുഖത്തേക്ക് നോക്കാൻ എന്തോ ഒരു ചമ്മൽ തോന്നി ദേവക്ക്. തല കുനിച്ചു അകത്തേക്ക് നടന്നു..

ഒരുമിച്ചു വരുന്ന ഋഷിയെയും ദേവയെയും അല്ലു മോളെയും കാൺകെ ലച്ചുവിന്റെ മുഖം തെളിഞ്ഞു… അവളുടെ മനസ്സിൽ അപ്പോൾ ഒരു കുടുംബചിത്രമായിരുന്നു തെളിഞ്ഞു നിന്നത്. അച്ഛനും അമ്മയും മകളും കൂടി ഒരുമിച്ചു വരുന്ന കുടുംബ ചിത്രം.. പുതിയ പ്രതീക്ഷകൾ മുൻപിൽ തെളിഞ്ഞത് പോലെ ലച്ചുവിന്…. ഋഷിയിലൂടെ അല്ലു മോളുടെ മനസ്സിലെ അച്ഛന്റെ സങ്കൽപ്പങ്ങൾക്ക് പൂർണ്ണത വന്നത് പോലെ.. ഋഷി അല്ലു മോളെയും കൊണ്ട് ബൈക്കിൽ നിന്ന് ഇറങ്ങി ദേവയുടെ വീട്ടിലേക്ക് നടന്നു.. “”ബൂമ്മ്മ്മ് ….. ബ്‌റൂമ്മ്മ്മ്മ്മ് …….”” വെറുതെ കൈ രണ്ടും കൂടി ബൈക്ക് ഓടിക്കും പോലെ പിടിച്ചു വെറുതെ ശബ്ദമുണ്ടാക്കുകയായിരുന്നു അല്ലു മോൾ……

അവളുടേ കളി കണ്ടു ചിരിയോടെ ഋഷി ലച്ചുവിന്റെ കൂടെ അകത്തേക്ക് നടന്നു… പെട്ടെന്നെന്തോ ഓർത്തത് പോലെ അല്ലു മോള് നിലത്തേക്ക് ഇറങ്ങാൻ വേണ്ടി ഞെളിപിരി കൊള്ളുന്നത് കണ്ടു… നിലത്തേക്ക് നിർത്തിയ ഉടനേ അകത്തേക്ക് ഓടുന്നത് കണ്ടു… “”പോവല്ലേ പോലീഷേ….. അല്ലു ഇപ്പൊ വരാവേ….. “”കണ്ണിൽ നിന്ന് മറയും മുൻപ് ഉറക്കെ വിളിച്ചു പറഞ്ഞോണ്ട് അകത്തേക്ക് ഓടി… “”ഋഷിക്ക് അല്ലുമോളെ ഒത്തിരി ഇഷ്ടാല്ലേ ….”” മോള് പോയ വഴിയേ നോക്കി നിൽക്കുന്ന ഋഷിയെ നോക്കി ലച്ചു ചോദിച്ചു.. അവനൊന്നു ചിരിച്ചതേ ഉള്ളു. അപ്പോഴേക്കും തിരിച്ചു വരുന്നത് കണ്ടു….

ഒരു കൈ കൊണ്ട് ദേവയെ പിടിച്ചു വലിച്ചു കൊണ്ട് വരുന്നുണ്ട്…. മറ്റേ കൈയിൽ ഏതോ ഒരു പേനയും ഉണ്ട്…. “”അമ്മ കുളിച്ചിട്ട് വരട്ടെടാ…. “” ദേവ എത്ര പറഞ്ഞിട്ടും കേൾക്കാതെ ദേവയേം കൊണ്ട് അപ്പോഴേക്കും ഋഷിയുടെ അടുത്ത് എത്തിയിരുന്നു… വേഗം ദേവയുടെ കൈ വിട്ട് അടുത്തുള്ള സോഫയുടെ അടുത്തേക്ക് ഓടി… “”ഇവിടെ ഇരിച്ചു പോലീഷേ…… അല്ലു മോള്‌ പടം വരച്ചട്ടെ…. “” “”ഓഹ് രവിവർമ്മ എത്തിയല്ലോ…. ഇപ്പൊ രണ്ടു വട്ടം വരച്ചു തരും കേട്ടോ ഋഷി…. “”ലച്ചുവിന്റെ പറച്ചിൽ കേട്ട് ഋഷി ചിരിയോടെ നിന്ന്… “”ഇരിച്ചു പോലീഷേ…. “”അല്ലുമോള് വാശിയോടെ പറഞ്ഞപ്പോൾ അവിടെ ഇരുന്നു.. “”അമ്മേം ഇരിച്ച്…… “”ഋഷിയുടെ തൊട്ടടുത്തേക്ക് കൈ കൊണ്ട് തൊട്ട് കാണിച്ചു പറഞ്ഞു..

“”അമ്മക്ക്‌ തലവേദന ആടാ കണ്ണാ… അമ്മ ഉറങ്ങിക്കോട്ടെ…. “” പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ആ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടപ്പോൾ പിന്നെ വേറെ വഴി ഇല്ലാതെ അവന്റെ അടുത്ത് ഇരുന്നു.. രണ്ടു പേരെയും നോക്കി ചിരിച്ചോണ്ട് ആവേശത്തിൽ പേപ്പർ എടുത്തു വരുന്നത് കണ്ടു… വരച്ചു തീരുമ്പോൾ അതെങ്ങനെ ഉണ്ടാകും എന്ന് ധാരണ ഉണ്ടായിരുന്നതിനാൽ ലച്ചു ചിരിയടക്കി നിൽക്കുകയായിരുന്നു. ദേവയെ നോക്കിയപ്പോൾ ദയനീയ ഭാവത്തിൽ ഇരിക്കുന്നുണ്ട്.. വലിയ കാര്യ ഗൗരവത്തോടെ ആ പേപ്പറിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്…. ഇടക്കിടക്ക് ദേവയെയും ഋഷിയെയും നോക്കും… വീണ്ടും വരക്കും….

കുറച്ചു കഴിഞ്ഞപ്പോൾ ചിത്രം പൂർത്തിയായത് പോലെ ഒന്ന് നേരെ ഇരുന്ന് നോക്കുന്നത് കണ്ടു. പിന്നെ ആ പേപ്പർ പിന്നിലേക്ക് ഒളിപ്പിച്ചു അടിവച്ചടിവെച്ചു ഋഷിയുടെ മുൻപിലേക്ക് ചെന്നു… അവന്റെ കൈയിലേക്ക് പേപ്പർ വച്ചു കൊടുത്തിട്ട് ആകാംഷയോടെ നിൽക്കുന്നുണ്ട്.. ഒന്നേ നോക്കിയുള്ളൂ ചിരി വന്നിരുന്നു. മൂന്ന് വട്ടം വരച്ചു വച്ചിട്ടുണ്ട്. പിന്നെ ആ വട്ടത്തിൽ നിന്നും താഴോട്ടും സൈഡിലോട്ടും മൂന്ന് വരകൾ കൂടി. കൈയും ദേഹവും വരച്ചതാണെന്ന് തോന്നുന്നു.. മുടി ആണെന്ന് തോന്നുന്നു മുകളിലേക്കും നാല് വര വരച്ചിട്ടുണ്ട്…. “”ഇത് പോലീഷ് ആണോ… “” ചോദിച്ച ഉടനേ ആവേശത്തോടെ തലയിട്ടുന്നത് കണ്ടു.. “”ഇതാണെ പോലീഷ് ….””.

ആ വലിയ വട്ടത്തിൽ തൊട്ടു….. “”ഇതമ്മ….. “”തൊട്ടടുത്തുള്ള വട്ടത്തിൽ തൊട്ട് പറഞ്ഞു… “”ഇത് അല്ലു മോള്…. “”അതിന്റെ രണ്ടിന്റെയും താഴെയുള്ള വട്ടത്തിലേക്ക് വിരൽ ചൂണ്ടി.. എങ്ങോട്ടെങ്കിലും എഴുന്നേറ്റു പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന അവസ്ഥയിൽ ആയിരുന്നു ദേവ… “”ഒത്തിരി ഇഷ്ടായില്ലോ….. ഇത് പോലീഷിന് തരുവോ…. “”ഋഷിയുടെ ചോദ്യം കേട്ട് സന്തോഷത്തോടെ തുള്ളിച്ചാടുന്നത് കണ്ടു…. പിന്നെ സമ്മതം എന്ന പോലെ അവന്റെ കഴുത്തിൽ കൂടി ചുറ്റിപ്പിടിച്ചു രണ്ടു കവിളിലുമുമ്മ കൊടുക്കുന്നുണ്ടായിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

സന്ധ്യ കഴിഞ്ഞിരുന്നു ശ്രീ വീട്ടിൽ എത്തിയപ്പോൾ.ഇന്നിത്തിരി നേരത്തെ ആയിരുന്നു.. പതിവ് പോലെ അവളെ നോക്കി എങ്കിലും കണ്ടിരുന്നില്ല…. അകത്തേക്ക് കയറിയപ്പോൾ അടുക്കളപ്പുറത്തു ചിരിയും കളിയും ഒക്കെ കേട്ട് അങ്ങോട്ട് നടന്നു.. സ്ലാബിന്റെ പുറത്തേക്ക് കയറി ഇരുന്ന് അമ്മയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്… അമ്മ ഉപ്പേരി വറുത്തു കോരുകയായിരുന്നു. പ്ളേറ്റിൽ വെക്കുന്നത് പകുതിയും അവളാണെന്ന് തോന്നുന്നു കഴിക്കുന്നത്… അതങ്ങനെ നോക്കി നിന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഇങ്ങനെ അടുത്തു കാണുന്നത്.. ശ്രീ വന്നു നിൽക്കുന്നത് കൺകോണുകൾക്കിടയിലൂടെ അഭി കണ്ടിരുന്നു… പെട്ടെന്നവൾക്കൊരു കുസൃതി തോന്നി.. “”എന്നിട്ടുണ്ടല്ലോ അമ്മേ….. വിനുവേട്ടൻ എനിക്ക് കൈ നിറയെ ചോക്ലേറ്റ് വാങ്ങി വന്നു…..

ഞാൻ വേണ്ട വേണ്ട ന്ന് പറഞ്ഞതാ എവിടെ കേൾക്കാൻ… “” പുതിയ ഒരു പേര് അവളുടേ നാവിൽ നിന്ന് കേട്ടപ്പോൾ ശ്രീ സംശയത്തോടെ നെറ്റി ചുളിച്ചു…. സുശീലാമ്മയും അവളെ ഒന്ന് സംശയിച്ചു നോക്കി…. പിന്നെയാണ് വാതിലിന്റെ അടുത്ത് നിൽക്കുന്ന ശ്രീയെ കാണുന്നത്… “”ഏഹ്…. അതെന്താപ്പോ അങ്ങനെ ഒരു കഥ…. റോസാപ്പൂ തന്നിട്ടല്ലേ നിങ്ങളൊക്കെ സാധാരണ ഇഷ്ടം പറയുക…. “”അവളുടെ കൂടെ ചേർന്നുകൊണ്ട് തന്നെ പറഞ്ഞു.. “”ആന്നെ….. പക്ഷേ എനിക്കിഷ്ടം ചോക്ലേറ്റ് അല്ലേ…. അത് വിനുവേട്ടന് നല്ല ഓർമ്മയുണ്ടത്രേ….. കുറേ കുറേ വാങ്ങി വന്നു… കഴിച്ചു തീർന്നില്ല… ഫ്രിഡ്ജിൽ വച്ചിരിക്ക്യ…..

നാളെയും മറ്റെന്നാളും ഒക്കെ വാങ്ങിത്തരാം എന്ന് പറഞ്ഞു…. “” അത് കൂടി കേട്ടപ്പോഴേക്കും സമനില നഷ്ടപ്പെടും പോലെ തോന്നി ശ്രീക്ക്… “”അമ്മേ…””. അലറി വിളിച്ചോണ്ട് അങ്ങോട്ട് ചെന്നു… “”ഓഹ് ഈ ചെക്കൻ….. ഇരുപത്തിനാല് മണിക്കൂറും കിടന്നു അലറി മനുഷ്യന്റെ ചെവി കളയും… “” സുശീലാമ്മ ദേഷ്യത്തോടെ തിരിഞ്ഞു. ശ്രീ അകത്തേക്ക് വരുന്നത് കണ്ടപ്പോൾ അഭി സ്ലാബിന്റെ മുകളിൽ നിന്ന് താഴെ ഇറങ്ങി മുകളിലേക്ക് വെറുതെ നോക്കി നിൽപ്പുണ്ടായിരുന്നു… “”എന്താടാ ചെക്കാ…… “” അമ്മ അങ്ങനെ ചോദിച്ചതും എന്ത് മറുപടി പറയും എന്നറിയാതെ നിന്നു. നോക്കിയപ്പോൾ അവളും ചിരി സഹിച്ചു പിടിച്ചു നിൽക്കുകയാണ്…

“”അത്….. അത് പിന്നെ…. അമ്മയോടാരാ ഈ ഉപ്പേരി അവൾക്ക് കൊടുക്കാൻ പറഞ്ഞത്….. “” ഇതെന്ത് കൂത്തു എന്ന ഭാവത്തിൽ ആയിരുന്നു സുശീലാമ്മ…. അഭി അപ്പോഴും ചുണ്ട് കൂട്ടിപ്പിടിച്ചു ചിരി അടക്കുന്നത് കണ്ടു… “”നിനക്കെന്താടാ….. അവളിത്തിരി കഴിച്ചു എന്ന് വിചാരിച്ചെന്താ… “” “”അങ്ങനിപ്പോ കഴിക്കണ്ട…. ഇത് ഞാൻ എനിക്ക് വാങ്ങിയതാ…”” അതും പറഞ്ഞു ഉപ്പേരി വറുത്തു കോരി വച്ച പാത്രവും എടുത്തു അഭിയെ ഒന്ന് കൂടി തറപ്പിച്ചു നോക്കിയിട്ട് അവൻ മുറിയിലേക്ക് നടന്നു…. അവൻ കണ്ണിൽ നിന്ന് മറഞ്ഞതും അടക്കി വച്ച ചിരിയൊക്കെ പുറത്ത് വന്നിരുന്നു…. സന്തോഷം സഹിക്കാൻ വയ്യാതെ അവൾ സുശീലാമ്മയെ കെട്ടിപ്പിടിച്ചു നിന്നു… കണ്ണുകൾ രണ്ടും നിറയുന്നുണ്ടായിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രി പതിവ് പോലെ മുറ്റത്തു വെറുതെ നടക്കുകയായിരുന്നു മഹി. ഇത് പതിവാണ്.. അത്താഴം കഴിച്ചു കഴിഞ്ഞാൽ വെറുതെ കുറച്ചു നേരം ഒന്ന് നടക്കും.. അപ്പോഴാണ് ലച്ചു വരുന്നത് കണ്ടത്… അവൾക്കെന്തോ പറയാൻ ഉണ്ടെന്ന് തോന്നിയിരുന്നു മുഖം കണ്ടിട്ട്… “”എന്താ മോളെ…. “”നടത്തം നിർത്താതെ തന്നെ ചോദിച്ചു… “”അത് അച്ഛാ ഞാൻ വിചാരിക്കുവായിരുന്നു നമ്മുടെ ഋഷിയെ ദേവക്ക് ആലോചിച്ചാലോ….”” മഹി ഒന്ന് നിന്നു… “”അത് വേണ്ട മോളെ… ശെരിയാകില്ല….”” ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു… “”അതെന്താ അച്ഛാ….. ഋഷി നല്ല ചെക്കൻ അല്ലേ… നമ്മുടെ ദേവയെ നന്നായി നോക്കും…. “” “”പക്ഷേ…. എങ്ങനാ മോളെ…..

അവന്റെ ജോലി… സ്റ്റാറ്റസ്…. ദേവേടെ രണ്ടാം വിവാഹമല്ലേ….”” ഒരച്ഛന്റെ ആധി ആയിരുന്നു മഹിയുടെ വാക്കുകളിൽ… ലച്ചു തലയിൽ കൈ വച്ചു…. “”എന്റെ പൊന്നച്ഛ…. ഋഷിക്ക് നമ്മുടെ ദേവയെ ഇഷ്ടമാണെന്നേ…. സംശയമുണ്ടെങ്കിൽ ദാ ഇപ്പൊ വരുമല്ലോ ആള്…. ഞാൻ പറഞ്ഞത് പോലെ അച്ഛനൊന്ന് ചെയ്യ്… “” ലച്ചു പറയുന്നതൊക്കെ കേട്ട് മഹി മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി… അപ്പോഴാണ് അല്ലു മോളോട് ടാറ്റാ പറഞ്ഞു ഋഷി അങ്ങോട്ട് വരുന്നത് കാണുന്നത്… അവനെ കണ്ടതും ലച്ചു മഹിക്ക് thumps up കാണിച്ചു വേഗം അവിടെ നിന്ന് പോയി… ഋഷി തിരിഞ്ഞു നോക്കിയപ്പോൾ വിഷമത്തോടെ എന്തോ ആലോചിച്ചു ഇരിക്കുന്ന മഹി അങ്കിളിനെ ആണ് കാണുന്നത്…. “”

എന്താ അങ്കിളേ…. “”അവൻ വേഗം തന്നെ മഹിയുടെ തോളിൽ കൈ വച്ചു ചോദിച്ചു… “”ഹേയ്…. ഒന്നുമില്ലെടോ… “”മഹി പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ഋഷി വിട്ടിരുന്നില്ല.. “”ദേവ മോളുടെ വിവാഹം നടത്തിയാലോ എന്നൊരു ആലോചന…. ലച്ചുവിന്റെ പരിചയത്തിൽ ഉള്ള ചെക്കനാ….. എത്ര നാളെന്ന് വിചാരിച്ച അവളും മോളും തനിയെ ഇങ്ങനെ….”” മഹി ഒരു നെടുവീർപ്പോടെ പറഞ്ഞു.. ഋഷിയുടെ കൈകൾ ഒരു നിമിഷം നിശ്ചലം ആകുന്നത് കണ്ടു… കവിളിലെ പേശികൾ ഒക്കെ കൂട്ടിപ്പിടിച്ചു അവൻ സങ്കടം അടക്കാൻ ശ്രമിക്കും പോലെ…. മുഖത്തൊരു ചിരി വരുത്താൻ അവൻ ശ്രമിക്കുന്നതും ദയനീയമായി പരാജയപ്പെടുന്നതും കാൺകെ മഹിയുടെ മനസ്സിൽ നിറഞ്ഞു നിന്നത് ലച്ചു പറഞ്ഞ വാക്കുകൾ ആയിരുന്നു… അയാളുടെ ഉള്ളിലെ ഇത്രയും നാൾ കത്തിഎരിഞ്ഞ കനൽ മങ്ങിതുടങ്ങിയത് പോലെ…. ആ പൊള്ളലിന്റെ മുറിപ്പാടുകൾക്ക് അവൻ മരുന്നായത് പോലെ….. തുടരും

മഴമുകിൽ: ഭാഗം 13

Share this story