ഗോപികാ വസന്തം : ഭാഗം 2

ഗോപികാ വസന്തം : ഭാഗം 2

എഴുത്തുകാരി: മീര സരസ്വതി

ഡ്രെസ്സ് മാറി വന്ന് കോളേജിലേക്ക് ഇറങ്ങും മുന്നേ ഒരുവട്ടം കൂടി ഹരിയെ വിളിച്ചു. നിരാശയായിരുന്നു ഫലം. ബൈക്ക് രണ്ടു മൂന്ന് വീടുകൾക്കപ്പുറമുള്ള മണിമംഗലത്തെ ഗേറ്റ് കടന്നതും എന്നെയും കാത്തെന്നപോൽ ഗോപു ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്. “ഹാ.. വസുമോൻ വൈകിയോ..??” “ഇല്ലാ.. ശങ്കരച്ചാ. കറക്റ്റ് ടൈം ആണല്ലോ..” “ഒരാളിവിടെ നഖം കടിച്ചു പറിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായേ. ഞാൻ കരുതി വസു വൈകിക്കാണുമെന്ന്..” കളിയാക്കിയുള്ള ശങ്കരച്ഛന്റെ സംസാരം കേട്ടതേ രണ്ടാളുടേം മുഖം വിവർണ്ണമായി. ഗോപു ബൈക്കിനു പിന്നിൽ കയറി ഇരുന്നതും എന്റെ കണ്ണുകൾ വീടിനു ചുറ്റും സഞ്ചരിച്ചു.

ഒരു നോക്കെങ്കിലും ദേവൂനെ കാണണമെന്ന് അത്രമേൽ ആഗ്രഹിച്ചിരുന്നു. ഒരു വട്ടം കൂടിയെങ്കിലും ഒന്ന് കാണാൻ പറ്റിയെങ്കിൽ… ഇപ്പോഴും ഈ ഹൃദയത്തിൽ ദേവു മാത്രമാണെന്ന് പറയാൻ കഴിഞ്ഞെങ്കിൽ… നിരാശയോടെ വണ്ടി തിരിച്ചു. “വസന്തേട്ടാ..” പിറകിൽ അവളിരിക്കുന്ന കാര്യമേ മറന്നു പോയിരുന്നു. രാവിലെ അച്ഛൻ വിളിച്ചു പറഞ്ഞ ടെന്ഷനിലാകും അവളിപ്പോൾ. ” ഹരിയെ ഞാൻ വിളിച്ചപ്പോഴൊക്കെ സ്വിച് ഓഫാ ഗോപു.. അവന്റെ ഓഫീസ്‌ നമ്പർ ഉണ്ടോ കൈയ്യിൽ??” “അപ്പോ വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞതോ..” വണ്ടി ഒരരികിലായി നിർത്തി അവളോടിറങ്ങാൻ പറഞ്ഞു.

ബൈക്കിൽ ചാഞ്ഞ്‌ കൈകെട്ടി അവളെ നോക്കി ചുണ്ടുകോട്ടി ചിരിച്ചു.. “അതെന്താ അപ്പോ ഈ നിൽക്കുന്ന ഗോപിക ശങ്കറിന് ഈ വസന്ത്‌ ഭാസ്കറിനെ വിവാഹം ചെയ്യാൻ സമ്മതമാണോ..?” “ദേ.. വസന്തേട്ടാ.. ഒറ്റ വീക്ക് വെച്ച് തരുമേ. മനുഷ്യനിവിടെ ടെന്ഷനടിച്ച് ഒരു വഴിക്കായി. അപ്പോഴാ.. കാര്യം പറ വസന്തേട്ടാ..” “ഹരിയെ കാര്യം അറിയിക്കുന്നത് വരെ എല്ലാവരുടെ മുന്നിലും അഭിനയിച്ചെ പറ്റുള്ളൂ ഗോപു. ഞാനിപ്പോൾ സമ്മതമല്ലെന്ന് പറഞ്ഞാൽ ഉറപ്പായിട്ടും എത്രയും പെട്ടെന്ന് നിനക്ക് വേറെ ചെക്കനെ നോക്കും. അപ്പൊ പിന്നെ എപ്പോ നമ്മുടെ കയ്യീന്ന് പോയെന്ന് ചോദിച്ചാൽ മതി.. ” ” പക്ഷെ വസന്തേട്ടാ.. നിശ്ചയം വേഗം വേണമെന്നാ പറയുന്നത്. നിക്കാകെ പേടിയായിട്ട് വയ്യ..” “നിശ്ചയം നടന്നോട്ടെ ഗോപു..

വിവാഹത്തിന് താലികെട്ടാൻ എവിടെയാണേലും നിന്റെ ഹരിയെ ഞാൻ കൊണ്ട് വരും.. നോക്കിക്കോ..” “ഓഫീസിലേക്ക് വിളിച്ചതാ.. ആളിപ്പോ ലീവിലാണെന്ന്. പേർസണൽ നമ്പർ നിക്കറിയുന്ന നമ്പർ തന്നെയാണെന്ന് പറഞ്ഞു. ഇനീപ്പോ ന്താ ചെയ്യാ..” “നിശ്ചയം ഒന്ന് കഴിഞ്ഞോട്ടെ ഗോപൂട്ടാ.. ഞാൻ ബംഗ്‌ളുർക്ക് പോണിണ്ട്. പോരുമ്പോ കൂടെ ഹരിയും കാണും.. ആളൊന്നും അറിഞ്ഞു കാണില്ല. അറിഞ്ഞാൽ പറന്നിങ്‌ പോരൂലെ.. അവന്റെ പെണ്ണിനേം പൊക്കി കൊണ്ടോകാൻ..” പറഞ്ഞു കഴിഞ്ഞതും നാണം കൊണ്ട് ചുവന്ന ആ പെണ്ണിന്റെ കവിളിനെ അമർത്തി വലിച്ച് ഒന്നൂടെ ചുമപ്പിച്ചു അവൻ.

കോളേജിൽ വസന്ത്‌ സാറും ഗോപിക ശങ്കറും പ്രണയിതാക്കളാണ്. ഞങ്ങളുടെ ഒരുമിച്ചുള്ള വരവും സൗഹൃദവും കണ്ട തെറ്റിദ്ധരിക്കപ്പെട്ടതാകണം. എന്തോ തിരുത്താൻ പോയില്ല രണ്ടാളും. അവളുടെ കുറച്ച് സുഹൃത്തുക്കൾക്ക് മാത്രമാണ് എന്റെ ആള് ദേവുവാണെന്ന് അറിയുന്നത്. കഥകളിലൊക്കെ കാണും പോലെ ദേവൂനെ പ്രണയിച്ച് ഈ ക്യാമ്പസ് മുഴുവൻ ചുറ്റിനടക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചതാ. ബാംഗ്ളൂർ എൻ ഐ ടി യിൽ അവൾക്ക് അഡ്മിഷൻ ലഭിച്ചപ്പോൾ ഒത്തിരി സന്തോഷിച്ചെങ്കിലും ചെറിയൊരു നിരാശയും തോന്നിയിരുന്നു. പോയ നാളുകളിൽ ആദ്യമൊക്കെ ഒഴിവു കിട്ടുമ്പോഴൊക്കെ അവള് വിളിച്ചിരുന്നു. മിക്കപ്പോഴും ഞാൻ ക്ലാസ്സെടുക്കുമ്പോൾ പോലും ആളുടെ വിളിയെത്തും.

എടുക്കാതിരിക്കുമ്പോൾ ചിണുങ്ങിയും വിതുമ്പിയും പരാതിപ്പെട്ടു. കാണാതിരിക്കാൻ പറ്റുന്നില്ല തിരികെ പോരുവാണെന്ന് പറഞ്ഞു കരയും. ആദ്യത്തെ വെക്കേഷന് അവൾ വന്നപ്പോൾ കുളപ്പടവിൽ കാത്തു നില്പുണ്ടെന്നറിഞ്ഞ് ഗോപുവിന്റെ കൈയും പിടിച്ച് ഓടി വന്നവളാ.. ഓടി വന്ന് കെട്ടിപ്പുണർന്ന് ചുണ്ടുകൾ കവർന്നെടുത്തപ്പോൾ അരികിലായി ഗോപുവുണ്ടെന്ന കാര്യം പോലും ആ പെണ്ണ് മറന്നിരുന്നു. പിന്നീട് എന്താ പറ്റിയതെന്നറിയില്ല. ഫോൺ വിളികളൊക്കെ കുറഞ്ഞ്‌ വന്നപ്പോൾ ഒത്തിരി പഠിക്കാൻ ഉള്ളത് കൊണ്ടാകുമെന്ന് കരുതി കാര്യമായി എടുത്തില്ലായിരുന്നു. “വസന്ത്‌.. എനിക്കിപ്പോ നിങ്ങളെ പഴയത് പോലെ കാണാൻ പറ്റുന്നില്ല.. പഴയ സ്നേഹം ഇപ്പോൾ തോന്നുന്നുമില്ല.

ഒക്കെയും ആ പ്രായത്തിൽ തോന്നിയ ഓരോ കുസൃതികളാണ്. മാത്രല്ല നമ്മൾ തമ്മിൽ ചേരത്തില്ല. തമ്മിൽ ഒത്തിരി അന്തരമുണ്ട്. സ്വഭാവത്തിലായാലും വേഷത്തിലായാലും. ഇനിക്കിനിയും പറ്റത്തില്ല. നമുക്കിതിവിടെ നിർത്താം..” ഒരിക്കൽ വിളിച്ചപ്പോൾ അറുത്തുമുറിച്ച് അവളതു പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. കളിപ്പിക്കുന്നതാണെന്ന് കരുതി പിന്നെയും പിന്നെയും വിളിച്ചു. ശല്യമായി തോന്നിക്കാണും നമ്പർ ബ്ലോക്ക് ചെയ്തു. ഒടുവിൽ പുതിയ നമ്പർ എടുത്തു വിളിച്ചു തുടങ്ങി. എടുക്കാതെയായി. പിന്നീട് ഗോപു അവൾക്ക് വേറൊരിഷ്ടമുണ്ടെന്ന് പറഞ്ഞപ്പോൾ ശ്വാസം വിലങ്ങി നിന്ന് പോയി.

കുളക്കടവിൽ പോയിരുന്ന് ആർത്തലച്ച് ഭ്രാന്തനെ പോലെ കരഞ്ഞു. എന്തോ അവളെ ഇപ്പോഴും വെറുക്കാൻ പറ്റുന്നില്ല.. ഒരുപാട് ഇഷ്ടവാ ഇപ്പോഴും. ഉരുണ്ട് വന്ന നീർത്തുള്ളികളെ ഒഴുക്കി വിടാതെ കൺകോണുകളിൽ തന്നെ ഒളിപ്പിച്ച് സ്റ്റാഫ്റൂമിലേക്ക് നടന്നു. 🌺🌺🌺🌺🌺🌺🌺🌺🌺 ദേവുവിന്റെ ഒഫിഷ്യൽ പെണ്ണുകാണൽ ചടങ്ങു കഴിഞ്ഞിരുന്നു. ലക്ഷ്മിയമ്മയും ശങ്കരച്ഛനും എന്നെ ക്ഷണിച്ചെങ്കിലും തിരക്കഭിനയിച്ച് ഒഴിഞ്ഞു മാറി. കുശുമ്പ് കുത്തി വന്നത് തന്നെ കാരണം.. എന്നെക്കാളും എന്ത് യോഗ്യതയാണ് കൂടുതലുള്ളതെന്ന് അറിയണമെന്ന് തോന്നിയിരുന്നു. എന്നാലും വേണ്ട.. ചിലപ്പോ എനിക്കത് താങ്ങാൻ പറ്റാതെ വന്നാലോ.. ഹും..അവളും അവളുടെ ഒരു പ്രണവും.

ആ ചെറുക്കന് എന്റെ മനസ്സിൽ ഇപ്പോൾ ഒരു ചെകുത്താൻ പരിവേഷമാണ്. എന്റെ പെണ്ണിനെ എന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്ത ചെകുത്താൻ. എന്റെ മനസ്സിൽ കൊമ്പും വാലുമൊക്കെയുള്ള പഴയ ഒണിട ടിവിയുടെ പരസ്യത്തിലെ ചാത്തൻ രൂപമാണ്. അതിപ്പോൾ അങ്ങനെ തന്നെ മതി. ഹല്ലാ പിന്നെ.. കെറുവോടെ ഒത്തിരി കുശുമ്പോടെ കൈവിരലുകൾ കൊമ്പ് പോലെ വെച്ച് ചാത്തനെ പോലെ കണ്ണാടിയിൽ നോക്കി. എന്നാലും ഇപ്പോൾ ഹരിയെ വിളിച്ചു കിട്ടാത്ത സ്ഥിതിക്ക് നിശ്ചയത്തിന് നിന്ന് കൊടുക്കേണ്ടി വരും. അപ്പോൾ ചെകുത്താനെ എന്തായാലും കാണേണ്ടി വരില്ലേ.. സ്വന്തം മനസ്സാക്ഷിയാണെ.

അല്ലെങ്കിലും അതെങ്ങനെയാ.. എന്തെങ്കിലും ചിന്തിച്ച് ആശ്വസിച്ചിരിക്കുമ്പോഴാകും ഒരു മനസ്സാക്ഷിയുമില്ലാതെ ഈ മനസാക്ഷിയുടെ മനസാക്ഷിക്കുത്ത്.. അല്ലെങ്കിലും ദേവിക പ്രണവിന്റേതാകുന്നത് കാണേണ്ടത് അത്യാവശ്യമാണ്. എന്നാലെങ്കിലും ദേവു വസന്തിനു സ്വന്തമല്ലെന്ന് മനസ്സിലാക്കുമല്ലോ. പിന്നീടുള്ള ദിവസങ്ങളിൽ ഹരിയെ പലകുറി വിളിക്കാൻ ശ്രമിച്ചെങ്കിലും ആളെ കിട്ടിയില്ല. 🌺🌺🌺🌺🌺🌺🌺 എൻഗേജ്മെന്റിനു അണിഞ്ഞൊരുങ്ങി വന്ന ദേവുവിനെ കണ്ടതും നിരാശ വന്നു മൂടിയിരുന്നു. എന്നെ ഒട്ടും ഗൗനിക്കാതെ വിടർന്ന പുഞ്ചിരിയോടെ പ്രണവിന്റെ അടുത്ത് വന്ന് നിൽക്കുന്ന അവളെ ഒരുവേള ഇമവെട്ടാതെ നോക്കി നിന്നു. ഗ്രേപ്പ് വൈൻ കളർ ഗൗണിൽ സുന്ദരിയായിട്ടുണ്ട് ദേവു.

അടുത്ത് അതെ കളർ സ്യൂട്ട്‌ ഇട്ട് നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനിലേക്ക് കണ്ണ് പായിച്ചു. അവളെ തെറ്റു പറയാൻ പറ്റത്തില്ല. എന്നെ ഒഴിവാക്കി പോകാൻ മാത്രം ആള് സുമുഖനാണ്‌. വീണ്ടും കുശുമ്പ് തലപൊക്കാൻ തുടങ്ങിയിരുന്നു. ഞാൻ എന്നെതന്നെയൊന്ന് ഉഴിഞ്ഞ്‌ നോക്കി. വൃത്തിയായി വെട്ടാത്ത കോതാത്ത താടിയും മുടിയും. ഒരു വൈറ്റ് ഷർട്ടും മുണ്ടും. ഒരുമാതിരി രാഷ്ട്രീയക്കാരുടെ മാതിരി. അയ്യേ.. അയ്യയ്യേ.. വീണ്ടും ദേവൂന്റെ മുഖത്തേയ്ക്ക് നോക്കി. അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി വിരിയുന്നില്ലേ.. ഏയ്യ്‌.. തോന്നിയതാകും. “ഹലോ.. ആം പ്രണവ് കൃഷ്ണ..” “വസന്ത്‌ ഭാസ്കർ..” വിടർന്ന ചിരിയോടെ ഷേക്ക് ഹാൻഡ് ആൾ നൽകിയപ്പോൾ തെളിച്ചമില്ലാത്ത പുഞ്ചിരിയോടെ തിരികെ ഷേക്ക് ഹാൻഡ് നൽകി.

“ഒന്നെല്ലാരും ഇങ്ങോട്ട് നോക്കിയേ..” ഫോട്ടോഗ്രാഫറുടെ വിളിയാണ് അടുത്ത് ഗോപു നില്ക്കുന്നുണ്ടെന്ന ചിന്തയിലേക്ക് കൂട്ടി കൊണ്ടുപൊയത്‌. സെയിം കളർ ഗൗണാണ് അവളും ധരിച്ചതെങ്കിലും പറയത്തക്ക ഒരു ചമയങ്ങളും ആ മുഖത്തില്ലായിരുന്നു. ആകെ വാടി തളർന്നിട്ടുണ്ട്. ഉറങ്ങിയിട്ട് തന്നെ ദിവസങ്ങൾ ആയെന്ന് കണ്ടാൽ തന്നെ അറിയാം. കൈപിടിച്ച് എല്ലാം ശെരിയാകും ഞാനല്ലേ പറയുന്നേ എന്നും പറഞ്ഞ്‌ അവളെ സമാധാനിപ്പിക്കുമ്പോൾ കണ്ണീരിനിടയിലും ആ മുഖത്തു ഒരാശ്വാസം തെളിഞ്ഞു നിന്നിരുന്നു. മോതിരം മാറൽ ചടങ്ങു കഴിഞ്ഞ് ആശംസ അർപ്പിക്കാൻ വന്ന ബന്ധുക്കളിൽ പലർക്കും ഗോപുവിനെയും ദേവുവിനെയും മാറിപ്പോകുന്നുണ്ടായിരുന്നു.

“ന്നാലും വസന്തേട്ടനെങ്ങനെയാ എന്നെയും ഗോപുവിനെയും മാറിപ്പോകാതെ കറക്റ്റ് ആയി കണ്ടുപിടിക്കാൻ കഴിയണേ..” ഒരിക്കൽ ഗോപുവാണെന്ന വ്യചേനെ എന്നെ കളിപ്പിക്കാൻ വന്നതായിരുന്നു ദേവു. “ന്റെ പെണ്ണേ.. നിന്റെയീ ഗന്ധവും സ്പർശനവും സ്വരവും എന്തിനേറെ ഈ സാമീപ്യം പോലും ഈ വസന്തിന് ഏതുറക്കത്തിലും അറിയാൻ പറ്റുമെടി പൊട്ടിക്കാളീ..” തലയ്ക്കൊരു കൊട്ട് കൊടുത്ത് പറഞ്ഞതും മിഴിച്ചു നോക്കിയ പെണ്ണിനെ വലിച്ച് നെഞ്ചിലേക്കിട്ടു. ” ഈ ഹൃദയമിടിപ്പും ഈ ശ്വാസഗതിയും ഒക്കെ ഈ നെഞ്ചിലിങ്ങനെ അലിഞ്ഞു ചേർന്നിരിക്കയല്ലേ..

പിന്നെങ്ങനെ ന്റെ പെണ്ണിനെ തിരിച്ചറിയാതിരിക്കും…” ചേർത്ത് പിടിച്ച് കുസൃതിയോടെ പറഞ്ഞതും പുറകിലേക്ക് ആഞ്ഞു തള്ളിയിരുന്നു. ” ഉവ്വുവ്വേ…കെമിസ്ട്രി വാദ്യാർക്ക്‌ ഈ കെമിസ്ട്രയുടെ കൂടെ ലേശം സാഹിത്യവും ഇപ്പോ കടന്നു വരുന്നുണ്ട് ട്ടോ.. ” ബന്ധുക്കളിലാരോ ആശംസകളോടെ കൈപിടിച്ചപ്പോഴാണ് ഓർമകളിൽ നിന്നുണർന്നത്. ദേവുവിനെ വെറുതെ പാളി നോക്കി. രണ്ടുപേരും നല്ല സന്തോഷത്തിൽ ചിരിച്ചു കളിച്ച് എല്ലാരോടും പെരുമാറുന്നുണ്ട്. ഇവിടെയാകട്ടെ രണ്ടാളും കമ്പ്ലീറ്റ് ശോകവും. 🌺🌺🌺🌺🌺🌺🌺🌺🌺

ഇറങ്ങാൻ നേരത്ത് ഗോപുവിനോട് ഹരിയുടെ ഓഫീസിലെ നമ്പറും വാങ്ങി ആശ്വസിപ്പിച്ചു. എങ്ങനേലും ഒട്ടും വൈകാതെ ഹരിയോട് കാര്യങ്ങൾ അവതരിപ്പിക്കണം. അവളുടെ വിഷമം കണ്ടു നില്ക്കാൻ പറ്റുന്നില്ല. പിറ്റേന്ന് രാവിലെ തന്നെ ഓഫീസിൽ വിളിച്ചപ്പോൾ ആളിപ്പോഴും ലീവിലാണ്. പേർസണൽ നമ്പർ അനുവാദമില്ലാതെ തരാൻ പറ്റില്ലെന്ന് പറഞ്ഞതും ആ വഴിയും അടഞ്ഞു. അപ്പോഴാണ് കോളേജിൽ കൂടെ പഠിച്ച മനു ഇപ്പോൾ ബാംഗ്ളൂർ ആണ് ജോലി ചെയ്യുന്നതെന്ന ഓർമ്മ വന്നത്. അവനെ വിളിച്ച് എം.കെ ഗ്രൂപ്പിന്റെ സി.ഇ.ഒ ഹരിനാരായണനെ കുറിച്ച് അന്വേഷിക്കാൻ ഏൽപ്പിച്ചു.

ഒരു മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് തരാമെന്ന് മനു ഏറ്റു. പറഞ്ഞത് പോലെ അന്വേഷിച്ച് മനു വിളിച്ചു. മറുപുറത്ത് അവൻ പറയുന്ന കാര്യങ്ങൾ കേട്ട് തരിച്ചു നിൽക്കാനേ ആയുള്ളൂ. ഞാൻ നാളെ തന്നെ ബാംഗ്ലുർക്ക് വരാമെന്നേറ്റാണ് ഫോൺ വെച്ചത്. ഹരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. എംകെ ഗ്രൂപ്പിൻറെ സാരഥി സിദ്ധാർഥ് ഷെട്ടിയുടെ ഏക മകൾ അവന്തിക ഷെട്ടിയുമായി. മനുവിന്റെ വാക്കുകൾ ഓർക്കും തോറും ഗോപുവിന്റെ മുഖമാണ് ഓര്മ വന്നത്. പാവം എത്ര തകർന്നാണ് ഇന്നലെ അടുത്ത് നിന്നത്. അവനെ ഓർത്തു ടെന്ഷനടിച്ച് ആകെ കോലം കെട്ടു. ഏന്തൊ അടക്കാനാകാത്ത കോപം സിരകളിൽ ഇരച്ചു കയറും പോലെ.

ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞടിച്ചു. “നിങ്ങൾക്ക് എങ്ങിനെയാടി പെണ്ണെ ഇങ്ങനെ പ്രണയിക്കാൻ കഴിയണേ. അറ്റ്ലീസ്റ്റ് കാണണമെന്നെങ്കിലും തോന്നണില്ലേ.. നിനക്ക് അവനിപ്പോ ഏതു രൂപത്തിലാകും എന്നെങ്കിലും അറിയാൻ ആഗ്രഹമില്ലേ ഗൊപൂ..” “ഞങ്ങളുടേത് ആത്മാവിൽ തൊട്ടറിഞ്ഞ പ്രണയമാ വസന്തേട്ടാ. ഒന്ന് കണ്ടില്ലെന്നോ സംസാരിച്ചില്ലെന്നോ വെച്ച് ഞങ്ങളുടെ പ്രണയം ഇല്ലാതാകാൻ പോകുന്നില്ല. എല്ലാവരും കണക്കാ.. ഈ ലോകത്തിപ്പോൾ ആത്മാർത്ഥ പ്രണയത്തിനൊന്നും സ്ഥാനമില്ലാതായി. ചങ്കു പറിച്ചു സ്നേഹിച്ചാലും വിശ്വസിക്കാത്ത റ്റീംസാ എല്ലും.

ദേവുവിനെ ഓർക്കുമ്പോഴേ നെഞ്ച് വിങ്ങിത്തുടങ്ങി. ആത്മാർത്ഥമായി പ്രണയിച്ച ആൾ വഞ്ചികുമ്പോൾ ഉള്ള വേദന മറ്റാരേക്കാളും കൂടുതൽ എനിക്കിപ്പോൾ അറിയാം. 🌺🌺🌺🌺🌺🌺🌺 പിറ്റേന്ന് മോർണിംഗ് ഫ്ലൈറ്റിനു തന്നെ ബാംഗ്‌ളുർക്ക് വിട്ടു. ഗോപുവിനെ അറിയിക്കാനെ നിന്നില്ല. എയർ പോർട്ടിൽ മനു കാത്ത് നിൽപ്പുണ്ടായിരുന്നു. കാര്യങ്ങളുടെ കിടപ്പു വശങ്ങൾ ഒന്നും തന്നെ അവനോടു പറഞ്ഞിരുന്നില്ല. കൈയ്യിലെ എങ്കെജുമന്റ്‌ റിങ് കണ്ടുപിടിച്ചതും ആളോട് എല്ലാം വിശദമാക്കേണ്ടി വന്നു. “ഹരിയും ആ പെണ്ണും ഇഷ്ടത്തിലായിട്ട് കുറച്ച് കാലമായി. ഈ സിഇഒ പോസ്റ്റ് പോലും അതിന്റെ ഫലമാണെന്നാ അറിഞ്ഞത്. അവരിപ്പോൾ ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിട്ട് ഒന്ന് രണ്ട് മാസങ്ങൾ ആയിക്കാണുമെന്നാ കേട്ടത്..”

“എന്തോ വിശ്വസിക്കാൻ പറ്റണില്ല മനു. മനസ്സിലാക്കിയടുത്തോളം അച്ഛനെ പോലെ അവൻ പണക്കൊതിയൻ ആയിരുന്നില്ല.” “വേറൊരു രീതിയിലും അവൻ അവളെ ഉപയോഗിച്ച് കാണില്ലെന്ന് ഉറപ്പല്ലേ വസൂ.” “ഉറപ്പാണെടാ. അകെ ഒന്നോ രണ്ടോ തവണയാ അവർ മീറ്റ് ചെയ്തത്. അപ്പോഴൊക്കെ കൂട്ടായി ഞാനും ഉണ്ടായിരുന്നു.” മനുവിന്റെ വണ്ടി ഒരു ഫ്ലാറ്റിനു മുന്നിലാണ് നിന്നത്. കുളിച്ച് ഫ്രഷായി എന്തേലും. കഴിച്ച് പോകാമെന്ന് അവൻ പറഞ്ഞപ്പോൾ അനുസരിക്കുകയെ നിവർത്തി ഉണ്ടായിരുന്നുള്ളു.

രാത്രി അവന്റെ ഫ്ലാറ്റിനു മുന്നിൽ എത്തിയതും നിർദ്ദേശങ്ങളുടെ നീണ്ട പട്ടിക തന്നെ ആയിരുന്നു. ഹരിക്ക് പറയാനുള്ളത് പറഞ്ഞു കഴിയുന്നത് വരെ അവനെ അടിക്കില്ലെന്ന് സത്യം ചെയ്യിച്ചപ്പോൾ അനുസരിക്കാതെ വേറെ നിവർത്തിയില്ലായിരുന്നു. അവന്റെ ഫ്ലാറ്റിനു മുന്നിൽ ബെല്ലടിച്ച് അക്ഷമനായി ഡോർ തുറക്കുന്നതും കാത്തു നിൽക്കുമ്പോൾ ഗോപുവായിരുന്നു മനസ്സ് നിറയെ….. (തുടരാം..)

ഗോപികാ വസന്തം : ഭാഗം 1

Share this story