മഞ്ജീരധ്വനിപോലെ… : ഭാഗം 27

മഞ്ജീരധ്വനിപോലെ… : ഭാഗം 27

എഴുത്തുകാരി: ജീന ജാനകി

കണ്ണ് ഞാൻ ഇറുകെ അടച്ചു…. കുറേ നേരം ആയിട്ടും താഴെ എത്തിയില്ല… ഭൂമീ ദേവിയിൽ ആസനസ്ഥയാകും മുന്നേ എന്നെ രണ്ട് കൈകൾ താങ്ങി…. ഇടുപ്പിൽ പതിഞ്ഞ ചൂടും ആ സാമിപ്യവും എനിക്ക് മനസിലാക്കിത്തന്നിരുന്നു ഞാൻ ആരുടെ കൈകളിലാണെന്ന്…. പാവം കെട്ട്യോൻ…. ഞാൻ കണ്ണ് തുറന്നു… കണ്ണേട്ടൻ എന്നെത്തന്നെ നോക്കി നിൽക്കുന്നു… ഇങ്ങനെ നോക്കല്ലേ മനുഷ്യാ…. ഇല്ലാത്ത കൺട്രോൾ അഭിനയിച്ച് നിൽക്കുന്ന എന്നെ ഇങ്ങേര് ഉമ്മറി ആക്കോ… കണ്ണേട്ടൻ എന്നെ നേരേ പിടിച്ച് നിർത്തി… ദേവ്യേ…. റൊമാന്റിക് ലൈൻ ആണല്ലോ…. ഈ കതക് എപ്പോൾ അടച്ചു… ഓഹ്… പമ്മി വന്നതാ അല്ലേ….

ഇങ്ങേരുടെ നോട്ടം കാരണം നാവ് പുറത്തോട്ട് വരണില്ലല്ലോ…. വാ നാവേ… വാ…. ഞാൻ ചുമരിനോട് ചേർന്ന് നിന്നു…. കണ്ണേട്ടൻ എന്റെ ദേഹത്തേക്ക് ചേർന്ന് നിന്നു… ഇതുവരെ ഇല്ലാത്ത പരവേശം…. ഇന്നലെ കൂടി അങ്ങേരുടെ തലയ്ക്കു മുകളിലും പുറത്തും നെഞ്ചിലും ഒക്കെ കിടന്നതാ… മുഖം അടുപ്പിക്കുവാണല്ലോ…. ചക്കീ…. എടപെടടീ…. എടപെടടീ…. ശ്ശൊ അവസരം കിട്ടീട്ടും ഒന്ന് റൊമാൻസാൻ പറ്റില്ലല്ലോ… “കണ്…. മ്….മ്…” കണ്ണേട്ടാ എന്ന് മുഴുവിക്കും മുന്നേ ചൂണ്ട് വിരലെന്റെ ചുണ്ടുകളിൽ ചേർത്ത ശേഷം മിണ്ടരുതെന്ന് തലയാട്ടിക്കാണിച്ചു…. ആ വിരലുകൾ കൊണ്ട് എന്റെ അധരങ്ങളെ തഴുകി….

പതിയെ കണ്ണേട്ടന്റെ ചുണ്ടുകൾ എന്റെ കഴുത്തിലെ കുഞ്ഞ് മറുകിലമർന്നു…. ഞാനൊന്ന് പൊള്ളിപ്പിടഞ്ഞു…. പതിയെ കണ്ണേട്ടൻ മുഖമുയർത്തി എന്റെ അധരങ്ങളെ കവരാനായ് വന്നതും… ടക്…ടക്… ഭാമേ…. അച്ചുവാണ്…. കതകിൽ മുട്ടുന്നത് കേട്ട് കണ്ണേട്ടന്റെ ശ്രദ്ധ മാറിയതും ഞാൻ വേഗം വാതിലിനടുത്തേക്ക് ചെന്ന് തുറന്നു…. “ടീ നീ ഇതുവരെ ഡ്രസ്സൊന്നും എടുത്തില്ലേ… ” “ആം…. തീർന്നു…. നീ പൊയ്ക്കോ… ഒരഞ്ചു മിനിറ്റ്… ഞാൻ വരാം…” “മ്…ശരി…. വേഗം വാ….” അവൾ താഴേക്ക് പോയി…. ഞാൻ ഡോർ അടച്ച ശേഷം കണ്ണേട്ടനെ നോക്കി… ബെഡിൽ ഇരിക്കുവാ…. ചെറിയൊരു പിണക്കം മുഖത്ത് ഉണ്ട്….

കണ്ടപ്പോൾ പാവം തോന്നി…. ഞാൻ പതിയെ അടുത്ത് ചെന്നു… മുഖത്ത് നോക്കുന്നില്ല…. പിന്നെ എന്താ ചെയ്യുക… മാസ്റ്റർ പീസ് ഐറ്റം… ചൊറിയുക…. “അതേ…. എന്റെ മോന്തയ്ക് ഈ തറയെക്കാളും ഭംഗി കാണും…. അപ്പോ തല പൊക്കി നോക്കാം…” “ഡ്രസ്സ് എടുത്ത് ചെല്ലണ്ടേ നിനക്ക്… അത് ചെയ്യാൻ നോക്ക്….” ഓഹോ…. സർ കലിപ്പിലാണല്ലോ…. എന്താ ഇപ്പോ ചെയ്യുക…. കുറച്ചു കൂടി ചേർന്ന് നിന്ന് തല പിടിച്ച് ഉയർത്തി… കണ്ണേട്ടൻ ഒന്നും മിണ്ടാതെ എന്റെ അരക്കെട്ടിൽ കൈ ചുറ്റി ദേഹത്തേക്ക് ചാരി ഇരുന്നു… ഞാൻ പതിയെ മുടിയിഴകളിൽ തലോടി…. കുറച്ചു നേരം അങ്ങനെ നിന്നു… “കണ്ണേട്ടാ….” “മ്…” “എന്തേ എന്റെ കൊച്ചിന് പറ്റിയത്…”

“ഊണും ഉറക്കവും തനിച്ചായിരുന്നു നീ വരുന്നത് വരെ… അന്ന് മുതൽ നീ എന്റെ നിഴലായി ഉണ്ട്… ഒന്നിനും ഞാൻ തനിച്ചായിട്ടില്ല…. പക്ഷേ ഇനി മൂന്ന് ദിവസം ഞാൻ തനിച്ചല്ലേ… നീ ഇല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല പെണ്ണേ…. പെട്ടെന്ന് ഒറ്റപ്പെട്ടതുപോലെ…” എനിക്കും നല്ല വിഷമം ഉണ്ട്… പക്ഷേ അത് ഞാൻ പറഞ്ഞാൽ കണ്ണേട്ടന്റെ സങ്കടം കൂടുകയേ ഉള്ളൂ…. “ദേ ഇങ്ങോട്ട് എന്റെ മുഖത്ത് നോക്ക്… കിടക്കുന്നത് വേറേ ആണെന്നല്ലേ ഉള്ളൂ… അതും മൂന്ന് ദിവസം… ഞാൻ കണ്ണേട്ടനെ തനിച്ചാക്കില്ല…. ഒരിക്കലും…. നല്ല കുട്ടി ആയിരിക്ക്….” നനുത്ത ഒരു ചുംബനം ആ നെറ്റിയിൽ അർപ്പിക്കുമ്പോൾ എന്നിൽ നിറഞ്ഞത് ഒരു അമ്മയുടെ വാത്സല്യം ആയിരുന്നു…

അല്ലെങ്കിലും ഒരു ഭാര്യയുടെ ആദ്യത്തെ കുഞ്ഞ് അവളുടെ ഭർത്താവ് ആയിരിക്കും…. റൂമിന് പുറത്തേക്ക് ഞാൻ പോകുമ്പോൾ നെഞ്ച് പിടയുന്നുണ്ടായിരുന്നു…. ആ സാമിപ്യം എന്നിൽ ഇത്രയും സ്വാധീനം ചെലുത്തിയോ..? ആ നെഞ്ചിലെ വിങ്ങലല്ലേ എന്നിലും അനുഭവപ്പെടുന്നത്… ഉറങ്ങാൻ കഴിയുമോ…. ഇല്ല… കാരണം ഇത്രയും ദിവസം ആ നെഞ്ചിലെ ചൂടിൽ ആ ഗന്ധത്തെ ആത്മാവിലേക്ക് ആവാഹിച്ചാണ് ഞാൻ നിദ്ര പൂകിയത്…. ആ ഹൃദയതാളമായിരുന്നു എന്റെ താരാട്ട്… ‘നിനക്ക് മാത്രമായ് എന്നുള്ളിൽ ഞാനൊരു വസന്തം തീർത്തു… ഒരു നിശബ്ദ വസന്തം….

നിന്നോടുള്ള പ്രണയത്തിനാഴ്ന്നിറങ്ങാ- നെന്റെ നെഞ്ചിനേക്കാൾ മികച്ചൊരു സ്ഥാനവുമെനിക്ക് കാണാൻ കഴിഞ്ഞില്ല… എന്റെ ചോരയേക്കാളതിന് ധാതുക്കൾ പകരുന്ന മറ്റൊരു ജലസ്രോതസ്സും ഞാൻ എങ്ങും കണ്ടിരുന്നില്ല… നിന്നോടുള്ള പ്രണയത്താൽ തിളങ്ങു- മെൻ കൺകളേക്കാൾ ഒരു സൂര്യനും പ്രകാശം പരത്തിയിരുന്നില്ല…. എന്നിലെ ജീവരക്തത്തെ കുടിച്ചെൻ മാറിൽ വേരാഴ്ത്തി നീ വളർന്നു…. എന്നിലെ ശ്വേതപുഷ്പങ്ങൾ പോലും പ്രണയത്താൽ അനുനിമിഷവും ചുവന്നുകൊണ്ടിരുന്നു…. എന്തിനേറെ ആഴ്ന്നിറങ്ങിയ വേരുകൾ പോലും ഇന്ന് പൂത്തുലഞ്ഞിരിക്കുന്നു…

മറ്റാരും കാണാതെ നിനക്കായ് മാത്രം ഞാൻ കാത്തുവെച്ച നിശബ്ദ വസന്തം…’ എല്ലാവരും പ്രണയത്തിന് വർഷങ്ങളുടെ ദൈർഘ്യം പറയുമ്പോൾ ഞങ്ങൾ വ്യത്യസ്തരാണ്…. ഒരു ജന്മത്തിൽ പ്രണയിച്ചു മതി വരാതെ വീണ്ടും അതിനായി ഒരു ജന്മമെടുത്തവർ… കേൾക്കുന്നവർ വിശ്വസിക്കണം എന്നില്ല…. പക്ഷേ അത് സത്യമാണെന്ന് ഞങ്ങളോളം ഉറപ്പ് ആർക്കും ഉണ്ടാകണമെന്നില്ല…. പ്രണയിച്ചതും ജീവിച്ചതും ഞങ്ങളായിരുന്നു…. അറിയാതെ അകലാൻ നോക്കിയിട്ടും വീണ്ടും വീണ്ടും അരികിലേക്ക് വന്നത് ആത്മാവുകൾ തമ്മിൽ തിരിച്ചറിഞ്ഞതിനാലായിരുന്നില്ലേ…

ഒരു മറയുണ്ടായിരുന്നു ഞങ്ങൾക്കിടയിൽ… താലി കഴുത്തിൽ വീണപ്പോൾ അവ്യക്തമായ ഓർമ്മകളുണ്ടായി…. അത് വ്യക്തമാകാൻ ദൈവം കാട്ടിത്തന്ന വഴിയാകും നാഡീജ്യോതിഷം… അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം…. ഓരോന്ന് ഓർത്ത് നടന്നപ്പോഴാണ് കുട്ടേട്ടൻ എന്നെ വന്ന് തലയ്ക്ക് തട്ടിയത്… “ടീ നിനക്കെന്താ ചെവി കേട്ടൂടേ….” “ങേ…. ഏട്ടൻ എന്നെ വിളിച്ചോ….” “എന്താടീ പെണ്ണേ…. എന്ത് ഓർത്ത് നടക്കുവാ….” “ഏട്ടാ എനിക്കൊരു ഹെൽപ്പ് ചെയ്യോ…” “എന്താടീ ഒരു ഫോർമാലിറ്റി… നീ പറയ്….”

“ഏട്ടൻ കണ്ണേട്ടന്റെ റൂമിൽ കിടക്കോ രാത്രി…..” “എന്തുപറ്റി മോളേ….” “കണ്ണേട്ടൻ തനിച്ചിരുന്നാൽ എനിക്ക് സമാധാനം കിട്ടില്ല… ഞാൻ ഇല്ലാത്തോണ്ട് നല്ല വിഷമം ഉണ്ട്…. ഏട്ടനെ പോലെ വേറെ ആർക്കും കണ്ണേട്ടനെ മനസ്സിലാകില്ലല്ലോ….” “അതിനായിട്ടെന്റെ പെങ്ങൾ മുഖം വീർപ്പിക്കണ്ട…. ഞാൻ നോക്കിക്കോളാം…” ഞാൻ ഏട്ടനേയും കെട്ടിപ്പിടിച്ചിട്ട് അച്ചുവിന്റെ റൂമിലേക്ക് പോയി…. ************

ഞാൻ കുളിക്കാൻ കേറിയപ്പോൾ തുടങ്ങിയതാ അച്ചു സാരി ഉടുക്കാൻ… ഞാൻ കുളിച്ച് ഇറങ്ങിയിട്ടും സാരി കയ്യിൽ പിടിച്ചു നിൽക്കുവാ…. ഇവളിത് ഉടുക്കുവാണോ ഊരുവാണോ…. “എന്താടീ…. പാവാടേം ബ്ലൗസും ഇട്ടാണോ അമ്പലത്തിൽ വരുന്നത്….” “ഈ പുല്ല് മേടിക്കണ്ടാർന്നു….” “ഉടുക്കാൻ അറിയാവുന്നത് എടുത്താൽ പോരെ…” “സാരി ഉടുത്ത് നാടൻപെണ്ണ് ലുക്കിൽ സെൽഫി എടുക്കാന്ന് വിചാരിച്ചതാ…. ഇതിന്റെ ഉമ്മറം എവിടെ….” മരത്തലച്ചി ബെഡിൽ വിരിച്ചിട്ടൊക്കെ ഉരുളുന്നു…. ഉരുണ്ടിട്ട് ബാക്കി മടക്കി തോളിലിട്ടു… ഇതെന്താ പേക്കോലമാണോ…. “ടീ ഇങ്ങനല്ലേ….” “ആഹ് ബെസ്റ്റ്…. നീയൊന്ന് നടന്നേ….” “അയ്യോ നടക്കാൻ പറ്റണില്ല….”

“ഞൊറി എടുക്കാതെയാണോടീ പന്നി ചേല ചുറ്റണത്….” “ചൊറി എങ്ങനെ എടുക്കും….” “ചൊറിയല്ല…. കുഷ്ഠം…. ഇങ്ങോട്ട് താ ഊളേ….” ഞാൻ അവൾക്ക് സാരി വൃത്തിയായി ഉടുത്തു കൊടുത്തു… “അറിയാരുന്നേൽ ആദ്യമേ ഉടുത്ത് തന്നൂടേടീ….” “നിന്റെ നിൽപ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോ മറിച്ചേനെന്ന്…. ദാരിദ്ര്യം…. മാറ് ഞാൻ റെഡിയാകട്ടെ…” അച്ചു സെൽഫി എടുത്ത് മറിയുന്നു… ചിരിക്കുന്നു, എക്സ്പ്രഷൻ ഇടുന്നു, ആകെയൊരു ബഹളം…. അവളുടെ ഭാവം കണ്ടിട്ട് പശു ചാണകം ഇടുന്നത് പോലെയാ എനിക്ക് തോന്നിയത്…. എങ്ങനെ സാധിക്കുന്നു ഹേ…. എന്നെ നോക്കി ഇളിച്ചതും ഞാൻ നന്നായൊന്നു പുച്ഛിച്ചു….

ഞാനും ഒരുങ്ങി സുശീലയായി…. സുഭാഷിണി കൂടി ആകാൻ വയ്യ… പൊന്മാൻ കളർ സെറ്റ് സാരിയൊക്കെ ഉടുത്ത് പൂവൊക്കെ വച്ചു…. സിന്ദൂരം നല്ല നീട്ടി വരച്ചു…. അച്ചുവും ഞാനും ഉമ്മറത്തേക്ക് പോയി… കണ്ണേട്ടൻ പുറത്ത് അജുവിനോട് സംസാരിച്ചു നിൽക്കുവായിരുന്നു…. എന്നാ ഗ്ലാമറാ ഈ മനുഷ്യൻ…. എനിക്ക് മാച്ചിംഗായ ഷർട്ടാണ്…. മുണ്ടിന്റെ ഒരു തുമ്പ് കൈയിൽ പിടിച്ചിട്ടുണ്ട്… വലത് കൈയിൽ ഇടിവള… ഷർട്ടിന്റെ ഒരു ബട്ടൺ തുറന്നിരിക്കുന്നു… അതിലൂടെ കഴുത്തിലെ കൃഷ്ണന്റെ ലോക്കറ്റ് കാണാം…. ഉഫ്…. “ടീ സ്വന്തം മുതലിനെ നോക്കി വെള്ളമിറക്കാതെ….” അച്ചുവാണ്….

ഞാൻ അവളെ നോക്കി നന്നായി ഇളിച്ചു…. അമ്പു ക്യാമറയും കൊണ്ട് വന്നു… “വൗ… മലയാളി മങ്കികളായല്ലോ…. ടീ ഭാമേ അവിടെ നല്ല കിളികളെ ഒക്കെ കാണാൻ പറ്റൂലേ…” “നീ തല്ല് മേടിച്ച് തരോ….” “ഒരു പ്രോത്സാഹനവുമില്ലല്ലോ…. പിന്നെങ്ങനെ ഞാനൊന്നു പുഷ്പിക്കും…” “നീ കുരുടിച്ച് നിന്നപ്പോളേ ഇങ്ങനെ… ഇനി പുഷ്പിച്ചാലോ… ആദ്യം പോയി അടിച്ചു നനച്ച് കുളിയെടാ….” – അച്ചു…. അമ്പു ഞങ്ങളെ നോക്കി പുച്ഛിച്ചിട്ട് നടന്ന് പോയി…. കണ്ണേട്ടന്റെ കണ്ണുകൾ എന്റെ മുഖത്തായിരുന്നു… കൈ കൊണ്ട് സൂപ്പർ എന്ന് ആംഗ്യവും കാണിച്ചു….

ഞാൻ തിരിച്ചും… അപ്പോ സൈറ്റ് അടിച്ച് കള്ളച്ചിരിയോടെ ക്ഷേത്രത്തിലേക്ക് നടന്നു… പുറകെ ഞങ്ങളും…. അങ്ങേരുടെ കയ്യിൽ തൂങ്ങി ഡുവറ്റ് പാടി നടക്കേണ്ട ഞാനാ…. എന്റെ കയ്യിൽ തൂങ്ങി അച്ചു നടക്കുന്നു… കലികാലം അല്ലാണ്ടെന്താ… തൂങ്ങി തൂങ്ങി എന്റെ കൈ തൂക്കുപാലം ആക്കുന്ന ലക്ഷണം ഉണ്ട്…. ************ ക്ഷേത്രത്തിൽ പ്രത്യേക പൂജകളൊക്കെ ഉണ്ടായിരുന്നു…. ഞാനും കണ്ണേട്ടനും ഒരുമിച്ചായിരുന്നു തുടങ്ങിയത്… ഭക്തി സാന്ദ്രമായ അന്തരീക്ഷം…. ചൊല്ലിത്തന്ന മന്ത്രങ്ങൾ ഞങ്ങളും ഏറ്റ് പറഞ്ഞ് പൂവ് നിലവിളക്കിന്റെ ചുവട്ടിൽ സമർപ്പിച്ച് വൃതം ആരംഭിച്ചു…

ആരതിയുഴിയുമ്പോൾ കണ്ണേട്ടന്റെ കൈ മുട്ടിൽ ഞാനും പിടിച്ചു… വൃതമായോണ്ട് ഐസ്ക്രീം ഒന്നും തിന്നണ്ടെന്ന് അച്ചമ്മ പറഞ്ഞു…. ഓഹ് എന്തോരം ഫ്ളേവേർസാ… ചോക്കോബാർ, മാംഗോ ബാർ, കോല് ഐസ്, കപ്പ് ഐസ്ക്രീം…. ഐവാ…. യോഗമില്ലമ്മിണിയേ…. ആ ദേഷ്യത്തിന് അച്ചൂനെ രണ്ട് ചവിട്ടും ചവിട്ടി… പകരമായിട്ട് തെണ്ടി എന്റെ കയ്യിൽ കടിച്ചു…. അമ്പു അങ്ങോട്ടും ഇങ്ങോട്ടും എന്റെ മുന്നിലൂടെ ഐസ്ക്രീമും നുണഞ്ഞോണ്ട് ഉലാത്തണുണ്ട്…. “ക്രീം ക്രീം ഐസ്ക്രീം… എന്റെ മാത്രം ഐസ്ക്രീം… എന്ത് ടേസ്റ്റാ ഐസ്ക്രീം…” അവന്റെ ഒരു പാട്ട്… നിന്റെ മാത്രം ഐസ്ക്രീം അല്ലേ….

ശരിയാക്കിത്തരാടാ…. നിന്നെ ഞാനിത് കുടിപ്പിക്കാം കേട്ടോ…. ഞാൻ അറിയാത്ത പോലെ അവൻ നടന്നപ്പോൾ കാലെടുത്ത് കുറുകേ വച്ചു… ദേ പോണ്…. അവൻ അജുവിനെ ചെന്നിടിച്ചു നിന്നു…. കയ്യിലെ ഐസ്ക്രീം പറന്ന് അവിടിരുന്ന ഏതോ മൊട്ടത്തലയന്റെ തലയിൽ വീണു…. തലയൊന്ന് മൊട്ടയടിച്ചപ്പോൾ ഐസ്ക്രീം മഴ പെയ്യുവാണോ എന്ന ലെവലിൽ അങ്ങേര് എണീറ്റ് തലങ്ങും വിലങ്ങും നോക്കി… അമ്പു നൈസായിട്ട് മുങ്ങി എന്റടുത്ത് വന്നു…. “ടീ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…” “ദേ എന്നെ തല്ലിയാലുണ്ടല്ലോ… ലങ്ങോട്ട് നോക്കിയേ… മുറ്റത്തൊരു മൊട്ട…. എന്നെ തല്ലിയാൽ ഞാനങ്ങേരെ ഇപ്പോ വിളിക്കും…”

അമ്പു നോക്കുമ്പോൾ മൊട്ടത്തലയൻ കയ്യിലൊരു കരിമ്പും കൊണ്ട് നോക്കണുണ്ട്….. “ദേ നിന്നെ അതിട്ട് തല്ലിക്കൊലാനാ പ്ലാൻ…” “അയ്യോ എന്റെ ഭാര്യ, മക്കൾ…” “നിനക്ക് ഏത് ഭാര്യയും മക്കളും…” “അതായത് ഭാവി ഭാര്യയും മക്കളുടെയും കാര്യമാ പറഞ്ഞത്… എന്റെ ചങ്കല്ലേ…. വിളിക്കല്ലേടീ… അങ്ങേരെന്നെ ആ പാട്ടയിൽ മുക്കും…” “ഓകെ… പക്ഷേ ഞാനെന്ത് പറഞ്ഞാലും കേൾക്കണം…” “അതൊന്നും പറ്റൂല്ല…” “ഓഹോ… മൊട്ടമാമാ…. മൊട്ടമാമാ….” “ടീ ചീവീടേ… കേൾക്കാം…” “വൃതം കഴിഞ്ഞിട്ട് ഒരു പാക്കറ്റ് ഡയറിമിൽക്കും ഐസ്ക്രീമും….” “ഏറ്റു….” “പിന്നെ രാത്രി പതിനൊന്ന് മണിക്ക് കണ്ണേട്ടനെ നൈസായിട്ട് കുളക്കടവിൽ എത്തിക്കണം… ഏട്ടനറിയരുത്….” “അയ്യെടീ…. എന്നെക്കൊണ്ടൊന്നും പറ്റില്ല…” “മൊട്ടമാ…..” “അയ്യോ ഞാനെത്തിക്കാം….” “നല്ല കുട്ടി…” എന്താ ഒരാശ്വാസം….

ഞാൻ രാത്രി റൂമിന്ന് ചാടാനുള്ള പണിയും ആലോചിച്ച് നടന്നു…. കണ്ണേട്ടനും ഞാനും കൂടി ആയിരുന്നു കാവിൽ വിളക്ക് തെളിയിച്ചത്… ഇനി വരുന്ന മൂന്ന് ദിവസവും അത് ഞങ്ങൾ ചെയ്യണം… മൂന്നാം ദിവസം നാഗപൂജയുമുണ്ട്…. എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോയി… വൃതം കാരണം കണ്ണേട്ടനോട് ഒന്ന് വർത്താനം പറയാൻ പോലും പറ്റുന്നില്ല… ഒരു സ്ഥലത്ത് അമ്മമ്മ, പിന്നെ കുറച്ച് ബന്ധുക്കളും… അതിനൊക്കെ പൊടിക്കുപ്പി പോലുള്ള പിള്ളാരും…. കഴിക്കുന്ന സമയം വരെയും അമ്പുവിന് കണ്ണേട്ടനോട് സംസാരിക്കാൻ പറ്റിയില്ല… ആരെങ്കിലും എപ്പോഴും കൂടെ ഉണ്ടാകും… ഇനി രാത്രിയേ കാര്യം നടക്കുള്ളൂ… ************

പത്തര ആയപ്പോൾ ഞാൻ കണ്ണ് തുറന്നു… അച്ചു ഭയങ്കര ഉറക്കമാണ്…. അവളെ വിളിച്ചിട്ടും കാര്യമില്ല…. അമ്പുവിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫാണ്… സ്വന്തം തറവാടാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല…. ഈ ഇരുട്ടത്ത് എങ്ങോട്ടാ തിരിയുന്നത്…. ഇരുട്ട് പേടിയാണെങ്കിലും ഫോണിന്റെ ഫ്ലാഷ് ഓണാക്കി നടന്നു… ഹാളിൽ ആരൊക്കെയോ നിരന്ന് കിടപ്പുണ്ട്… ആരെയെങ്കിലും ചവിട്ടിയാൽ തീർന്നു…. കാലെവിടെ…. തലയെവിടെ…. ശ്ശെടാ പകൽ നോക്കുമ്പോൾ മുറി ഇവിടായിരുന്നല്ലോ….

ഇതെങ്ങനെ ബാത്ത്റൂമായി…. പുല്ല്…. കണ്ണേട്ടനെ ഫോൺ വിളിച്ച് പറയാമെന്ന് വച്ചാൽ അങ്ങേരുടെ ഫോൺ വൈകുന്നേരം ഒരു പൊടിക്കുപ്പി ഗെയിം കളിക്കാൻ മേടിച്ചിട്ട് പുളിശ്ശേരിയിൽ കൊണ്ടിട്ടു…. പണ്ട് കോഴിയെ വളർത്തുന്നതിന് പകരം വല്ല പ്രാവിനേയും മേടിച്ചാൽ മതിയായിരുന്നു…. പ്രാവിനെ ഞാനെന്റെ ഹംസം ആക്കിയേനേ…. ആയ കാലത്ത് ജോലി ചെയ്യാത്തതിന്റെ പാപമാ ഈ കണ്ണും മിഴിച്ച് നടക്കുന്നത്….തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 26

Share this story