മൗനം : ഭാഗം 3

മൗനം : ഭാഗം 3

എഴുത്തുകാരി: ഷെർന സാറ

ദിവസങ്ങൾ വളരെ പെട്ടെന്ന് കടന്നുപോയി…കല്യാണത്തിനുള്ള തീയതി കുറിച്ച് കിട്ടി… വളരെ കുറച്ച് ദിവസം മാത്രം ബാക്കി നിൽക്കേ ജോലിയിൽ നിന്നും ലീവ് എടുത്തു…ഉള്ളത് കൂട്ടി പെറുക്കി എടുത്തു സ്വർണ്ണമെടുപ്പും തുണിയെടുപ്പും തകൃതിയായി നടന്നു… അതികം ആളുകളെ വിളിച്ചു കൂട്ടാതെ ലളിതമായൊരു ചടങ്ങ് മാത്രമായിരുന്നു കല്യാണം …. അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ ചന്തുവേട്ടൻ എന്നെ താലി കെട്ടുമ്പോൾ കണ്ണുകൾ അടച്ചു നിന്നു എന്നല്ലാതെ നാളെയെ കുറിച് യാതൊരു പ്രാർത്ഥനയും ആ നേരം മനസ്സിൽ വന്നില്ല… അപ്പോഴും അവിടെയും ഇവിടെയും ആയി ബന്ധുക്കളുടെ ഇടയിൽ ചെറിയൊരു മുറുമുറുപ്പ് ഉയർന്നു കേൾക്കാമായിരുന്നു…. 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

നീരൂർ എന്നൊരു നാട്…. പച്ചപ്പും തണുപ്പും നിറഞ്ഞ ആ നാടിന്റെ ഐശ്വര്യം കൃഷി ആണ്…. അവിടുത്തെ ജനങ്ങളുടെ മുഖ്യ തൊഴിൽ കൃഷി ആണ്…നെല്ലും ഇടവിളകളും സുഗന്ധ വ്യഞ്ജനങ്ങളും ഒക്കെ അവിടുത്തെ വിഭവങ്ങളിൽ പെടുന്നവയാണ്…പിന്നെ ചെറുകിട വ്യവസായ വസ്തുക്കളുടെ ഉൽപ്പാദനവും, കച്ചവടവും ഒക്കെയാണ് നീരൂറുകാരുടെ വരുമാന മാർഗങ്ങൾ…ഒപ്പം തന്നെ ആയുർവേദ വൈദ്യത്തിന് ഉപയോഗിക്കുന്ന നാട്ടു ചെടികളും അവിടെ കൃഷി ചെയ്യപ്പെടുന്നുണ്ട്… ഇലവുങ്കൽ തറവാടുകാരാണ് ഇതിനൊക്കെ മേൽനോട്ടം വഹിക്കുന്നത്…

വളരെ പഴക്കം ചെന്ന, ആ നാടിന്റെ സംസ്കാരവുമായി ഇഴുകി ചേർന്ന തറവാടിന്റെ തീരുമാനങ്ങൾക്കൊത്താണ് അവിടുത്തുകാർ വിധി കല്പ്പിക്കുന്നത്… നൂറ്റിയെൻപത് വർഷങ്ങളോളം പഴക്കമുള്ള ഒരു നാല് കെട്ടാണ് ഇലവുങ്കൽ ഇല്ലം….പൂർണമായും തടിയിൽ തീർത്ത ഇല്ലത്തിന്റെ കൊത്തുപണികൾ ഒക്കെയും ചെയ്ത് തീർത്തത് മധ്യ തിരുവിതാംകൂറിൽ നിന്നും എത്തിയ ആചാരിമാരാണ്… പരമ്പരാഗതമായിട്ട് നാട്ടു വൈദ്യത്തിൽ പേര് കേട്ട ഇല്ലത്തിന്റെ തന്നെ ഏക്കറു കണക്കിന് വരുന്ന സ്ഥലങ്ങളിൽ നിറയെ ഔഷധ സസ്യങ്ങൾ ആണ് … ഒപ്പം വർഷങ്ങളോളം പഴക്കം ചെന്ന തേക്കും ചന്ദനവും ഈട്ടിയും ഒക്കെ…

എന്ത് കൊണ്ടും പൊന്ന് കായിക്കുന്ന ഭൂമി…. എങ്കിലും പഴക്കം ചെന്നതിന്റെതായ അറ്റകുറ്റപണികൾ ഇടയ്ക്ക് ചെയ്യേണ്ടി വരും എന്നല്ലാതെ തറവാട് ഇന്നും അതിന്റെ പഴയ പ്രൗഡി നിലനിർത്തുന്നുണ്ട്… നീരൂറിലെ കുലദേവതയെ പ്രതിഷ്ടിച്ചിരിക്കുന്നത് ഇല്ലാത്തിന്റെ പരിധിയിൽ വരുന്ന മണ്ണിൽ ആയതിനാൽ,, അവിടുത്തെ പൂജയും കർമങ്ങളും ഒക്കെ ഇല്ലത്തിന്റെ മേൽ നോട്ടത്തിലാണ് നടപ്പിലാക്കുന്നത്…. പുതിയ തലമുറയ്ക്ക് മെച്ചപ്പെട്ട രീതിയിൽ വിദ്യാഭ്യാസം ലഭ്യമാക്കാൻ നീരൂറുകാര് പ്രത്യേകം ശ്രെദ്ധിക്കുന്നുമുണ്ട്… ഇളവുങ്കൽ ഇല്ലത്തെ കാരണവൻ ആണ് ഇലവുങ്കൽ പാർത്ഥസാരഥി… ഭാര്യ യശോദ…

നാലു മക്കൾ… മൂത്തവൻ ജയ്റാം പാർത്ഥസാരഥി…ഭാര്യ കാവേരി … മൂന്ന് മക്കൾ, ആദിപൗർണമി, ആദിശങ്കരൻ, ആദി ലക്ഷ്മി… രണ്ടാമൻ രഘു റാം പാർത്ഥസാരഥി… ഭാര്യ മോഹിനി…മക്കൾ ആദികിരൺ, ആദിദുർഗ മൂന്നാമൻ ശ്രീറാം പാർത്ഥസാരഥി…ഭാര്യ മാധുരി….മക്കൾ ആദി കേശവൻ… ആദിദർഷൻ, ആദി സ്വരൂപ… നാലാമത്തേത് ജാനകി പാർത്ഥസാരഥി… ഭർത്താവ് രവി…. ഒരേ ഒരു മകൾ.. ഗായത്രി നർമ്മദ…. ( ബാക്കി വഴിയേ പറയാം… ഇപ്പോഴേ പറഞ്ഞാൽ സസ്പെൻസ് പൊളിയും… 😜😜😜) 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

എട്ടു വർഷങ്ങൾക്ക് മുൻപ് ആദിപൗർണമിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ എട്ടു വർഷം ശിക്ഷ വിധിക്കപ്പെട്ട ചന്തു എന്ന ആദിശങ്കരൻ ജയിലിൽ നിന്നും ഇറങ്ങിയിട്ട് ഏകദേശം അഞ്ചു മാസം ആയതേ ഉള്ളൂ…. ചന്തു കുറ്റവാളി ആണെന്ന് തെളിയിക്കപ്പെട്ട അന്ന് ഇലവുങ്കൽ ഇല്ലവുമായിട്ടുള്ള ബന്ധം അവന്റെ ബന്ധം അറുത്തു മുറിച്ചു കളഞ്ഞതാണ് പാർത്ഥസാരഥി… വർഷങ്ങൾക്ക് മുൻപ്,,, ഈ നാട്ടിലേക്ക് കുടിയേറി പാർത്ത രവിയെ വിവാഹം കഴിച്ച ജാനകിയെയും ഇല്ലത്ത് നിന്നും പുറത്താക്കി, ഭ്രഷ്ട് കല്പ്പിച്ചിരുന്നു…. പിന്നീട് ഇല്ലവുമായിട്ടുള്ള ബന്ധം ജാനകി പുനർസ്ഥാപിച്ച ശേഷം ഇരു കുടുംബങ്ങളും തമ്മിൽ നല്ലൊരു ഐക്യം ആയിരുന്നു … അത് കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിയുമ്പോൾ ആണ് രവിയും ജയ്റാമും യാത്ര ചെയ്ത കാർ അപകടത്തിൽ പെട്ട് ഇരുവരും മരിക്കുന്നത്…. 🌟🌟🌟🌟🌟🌟🌟🌟

അന്ന് ജോലി കിട്ടി കുറച്ചു കഴിഞ്ഞപ്പോൾ വാങ്ങിയിട്ട അല്പം സ്ഥലം ഉണ്ട്… നീരൂർ പുഴയോട് ചേർന്ന്… അതിൽ ഒരു ഒറ്റമുറി വീടും… ഓട് മേഞ്ഞതാണ്… പണ്ട് പതിവായി കൂട്ട് കൂടിയിരിക്കുന്ന സ്ഥലമായിരുന്നു.. കളിയും ചിരിയും എല്ലാമായി…പപ്പുവേട്ടന്റെ വീടാണ്…ആൾ ഒറ്റയ്ക്കാണ് താമസം… വെപ്പും കുടിയും ഒക്കെ ഒറ്റയ്ക്ക്… ഭാര്യ ഉണ്ടായിരുന്നത് വർഷങ്ങൾക് മുൻപ് വിഷം തീണ്ടി മരണപ്പെട്ടുപോയി… പിന്നെ ഒരു കൂട്ട് വേണം എന്ന് ആൾക്ക് തോന്നിയിട്ടില്ല…. ആർക്കും ഒരു ഉപകാരിയായിരുന്നു പപ്പേട്ടൻ.. . അങ്ങനെ ഒരു ഉപകാരം ചെയ്തത് തന്നെയാണ്,, വാസുചേട്ടന്റെ മകന്റെ ചികിത്സയ്ക്കായി പണം തികയാതെ വന്നപ്പോൾ സ്വന്തം പുരയിടം പണയം വെച്ച് ചികിത്സയ്ക്കുള്ള പണം കണ്ടെത്തി നൽകി..

പക്ഷെ കൃത്യമായി തവണ തിരിച്ചടയ്ക്കാതെ വന്നപ്പോൾ മുതലും പലിശയും ചേർത്ത് നല്ലൊരു തുക ആയി…കാലാവധി കഴിഞ്ഞതും ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചപ്പോൾ അമ്മ അറിയിച്ചിരുന്നു… അന്ന് താൻ ഡൽഹിയിൽ ആയിരുന്നു…നാട്ടിലെ ഓരോ സംഭവവും അമ്മ എന്നെ അറിയിക്കുമായിരുന്നു… പറഞ്ഞില്ലെങ്കിൽ അമ്മയ്ക്കും അറിഞ്ഞില്ലെങ്കിൽ എനിയ്കും ഒരു വീർപ്പുമുട്ടലാണ് … അമ്മ പറഞ്ഞപ്പോൾ എന്റെ സമ്പാദ്യത്തിൽ നിന്നും വീട് ലേലത്തിൽ പിടിച്ചു…പപ്പേട്ടൻ തന്നെയായിരുന്നു പിന്നെയും അവിടെ താമസം… എന്തോ,, അന്ന് കൂട്ടും കെട്ടി, ഓരോ രാവും ആഘോഷമാക്കിയ മണ്ണ് മറ്റൊരാൾക്ക്‌ കൊടുക്കാൻ തോന്നിയില്ല…

ഇന്നത് നന്നായി എന്ന് തോന്നുന്നു… ചന്തുവിന് ആകെയുള്ള സമ്പാദ്യം ആ അഞ്ചു സെന്റ് മണ്ണും പിന്നെയാ കുഞ്ഞു വീടും ആണ്…. ജയിലിൽ നിന്നിറങ്ങിയതിൽ പിന്നെ ഇല്ലത്തേക്ക് പോയിട്ടില്ല…. അമ്മയെ കാണണം എന്ന് തോന്നുമ്പോൾ, രാവിലെ അമ്പലത്തിന് മുന്നിലെ ആൽമരചോട്ടിൽ പോയിരിക്കും….അമ്മ സ്ഥിരമായി അമ്പലത്തിൽ പോകും… ഒന്നും കാണും … അത്രമാത്രം.. . എട്ടു വർഷത്തിന് മേലെയായി അമ്മയോട് ഒന്ന് മിണ്ടിയിട്ട്.. ആ സ്വരം ഒന്ന് കേട്ടിട്ട്… അമ്മ ചൂടിൽ ഒന്നുറങ്ങിയിട്ട് … അമ്മ മടിയിലൊന്ന് തല ചായിചിട്ട്… ഊറി വന്ന കണ്ണുനീർ മറയ്ക്കാൻ പാട് പെട്ട് കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ നോട്ടം ഒരു വേള ഗായത്രിയിലേക്ക് പതിഞ്ഞു…

ഒരു കുട്ടി പാവാടയും ഇട്ട് തന്റെ മുന്നിലൂടെ പാറി കളിച്ച പെണ്ണായിരുന്നു…അന്നൊരിക്കൽ പോലും കരുതിയില്ല, ഇവളെന്റെ പാതിയാകുമെന്ന്.. പക്ഷെ…,, എന്തോ ഒന്ന് മനസ്സിൽ ഓർക്കാൻ നേരമാണ് മിഥുൻ അരികിലേക്ക് വന്നത്… “ഇറങ്ങാൻ സമയമായി ചന്തൂ…നീ വാ.. എല്ലാരും നിന്നെ കാത്ത് നിൽക്കുകയാണ്…” മിഥു പറഞ്ഞപ്പോൾ അവനെ നോക്കി തലയാട്ടി ഒപ്പം നടന്നു… അന്നും ഇന്നും നിഴലുപോലെ കൂടെയുള്ളവനാണ്… എല്ലാരും അകറ്റി നിർത്തിയപ്പോഴും, വെറുപ്പോടെ നോക്കിയപ്പോഴും, ഞാൻ തെറ്റ് ചെയ്തു എന്ന് ബോധ്യമുണ്ടായിട്ട് കൂടി “നിനക്ക് ഞാനുണ്ടെടാ ” എന്ന് പറഞ്ഞവൻ ആണ്… ആ ഓർമയിൽ അവന്റെ ഹൃദയം ഒന്ന് പുഞ്ചിരിച്ചു.. !!

കറകളഞ്ഞ സൗഹൃദത്തിന്റെ സമ്മാനം… ഇന്ന് കല്യാണം കൂടിയിരിക്കുന്നവരൊക്കെയും ഗായത്രിയുടെ അച്ഛന്റെ കൂട്ടരാണ്… അന്ന് കൊലപാതകത്തിന്റെ ഏക സാക്ഷി ആയിട്ട് കൂടി, തനിക് അനുകൂലമായി നിന്ന അപ്പയുമായുള്ള ബന്ധവും ഇല്ലത്തുകാർ അവസാനിപ്പിച്ചിരുന്നു….. ഒരു നെടുവീർപ്പോടെ അപ്പയുടെ അരികിലേക്ക് നടന്നു… ആ കൈകൾ എന്റെ തലയിൽ ചേർത്ത് വെച്ച് അനുഗ്രഹിക്കുമ്പോൾ കുറച്ചു ദിവസം മുൻപ് എന്നെ കാണാൻ വന്ന അപ്പയുടെ മുഖമായിരുന്നു മനസ്സിൽ… ആ ഓർമയിൽ അപ്പയെ ചേർത്ത് പിടിക്കുമ്പോൾ ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന ഗായത്രിയെ കണ്ടു…

പണ്ടും എന്റെ നിഴൽ വെട്ടം കണ്ടാൽ പേടിച്ചു വിറയ്ക്കുമായിരുന്നു അവൾ… എന്നെക്കാളും കൂട്ട് കിച്ചനുമായിട്ടും ലക്ഷ്മിയുമായിട്ടും ആയിരുന്നു അവൾക്… മിഥുവിന്റെ അമ്മയാണ് അവൾക് നിലവിളക്ക് നൽകിയതും ആരതി ഉഴിഞ്ഞതും… ചെറിയ ഹാളിന്റെ ഒരു മൂലയ്ക്ക് വെച്ചിരുന്ന ശിവ പാർവതി മാരുടെ ചിത്രത്തിന് മുന്നിൽ അവൾ നില വിളക്ക് വെച്ചു… അത് നോക്കി നിന്ന ശേഷം മുറിയിലേക്ക് നടക്കുമ്പോൾ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു… ഒരിക്കലും തന്നെ സ്നേഹിക്കില്ലെന്ന് അറിയാം…. അതിനുള്ള അർഹതയില്ലെന്നും…. പക്ഷെ,,, ഉള്ളിലെവിടെയോ ഒരു മോഹം… ഞാനുമൊരു മനുഷ്യനല്ലേ…

വികാരങ്ങളും വിചാരങ്ങളും ഉള്ള പച്ചയായ മനുഷ്യൻ… ഒറ്റയായി പോയ മനസ് അല്പം സ്നേഹം കൊതിക്കുന്നുണ്ട്…. പക്ഷെ വേണ്ട… താനൊരു കൊലപാതകിയാണ്… അപ്പയ്ക്ക് നൽകിയ വാക്കൊന്നുകൊണ്ട് മാത്രം താലികെട്ടിതാണവളെ… അതുപോലെ തന്നെ അവളുടെ ബലഹീനത മുതലാക്കി അപ്പ സമ്മതിപ്പിച്ചതാണി കല്യാണത്തിന്… നാളെയവൾക്ക് അത് ഒരു ബാധ്യതയാവാതിരിക്കാൻ താൻ ഇന്നേ ഒരു അകലം പാലിക്കണം…. മനസ്സിൽ ഉറച്ച തീരുമാനങ്ങൾ എടുത്ത് കൊണ്ട് മുറിവിട്ടിറങ്ങുമ്പോൾ മിഥുവും കുടുംബവും ഇറങ്ങാൻ നിൽക്കുകയാണ്…

അവളെ മാറ്റി നിർത്തി അവന്റ അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… അവർ പോയി കഴിഞ്ഞതും ഞങ്ങൾ ഇരുവരും മാത്രമായി ആ വീട്ടിൽ… പരസ്പരം ഒന്നും സംസാരിക്കാൻ ഇല്ലാതെ നീണ്ടുപോയ കുറെയേറെ നിമിഷങ്ങൾ… മൗനം വല്ലാത്തൊരു വീർപ്പുമുട്ടലായപ്പോൾ താൻ മെല്ലെ പുഴയുടെ അരികിലേക്ക് നടന്നു…. ഒരു നിമിഷം ഒന്നാലോചിച്ചു.. ആ മൗനത്തിലൊരു സുഖം കണ്ടെത്താൻ തനിക് ശ്രെമിച്ചു കൂടായിരുന്നോ…? എന്ന്.. !!…..കാത്തിരിക്കുക.. ❤

മൗനം : ഭാഗം 3

Share this story