മഴയേ : ഭാഗം 18

മഴയേ : ഭാഗം 18

എഴുത്തുകാരി: ശക്തി കല ജി

കഴുത്തിലെ താലിയുടെ രക്ഷ പതുക്കെ വലത് കൈയ്യിൽ ഉയർത്തി ചൂണ്ടോടടുപ്പിച്ചു…. പതിയെ കണ്ണടച്ചു.. കുഞ്ഞു ദേവി ചൈതന്യo പ്രത്യക്ഷപ്പെട്ടു…. അവൾ മയങ്ങി തുടങ്ങിയതും കുഞ്ഞുദേവി അവളെ തൻ്റെ മടിയിൽ കിടത്തി….. നെറ്റിയിലെ മുറിവിൽ പതിയെ തലോടി…. മുറിവ് അപ്രത്യക്ഷമായി….. കുഞ്ഞു ദേവിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…. അന്തരീക്ഷത്തിൽ മാഞ്ഞു പോയി…. താമരപ്പൊയ്കയിലെ താമര പൂവിൽ പ്രത്യക്ഷപ്പെട്ടു….. നാളത്തെ നല്ല ദിവസത്തിനായ് കാത്തിരുന്നു… കുഞ്ഞു ദേവി സന്തോഷം കൊണ്ട് പൊട്ടി ചിരിച്ചു…

താമരപ്പൊയ്കയിലേക്ക് ദൃഷ്ടി പായിച്ചു… മഴതുള്ളികൾ താമരപ്പൊയ്കയിലേക്ക് പതിച്ചു തുടങ്ങി… കാറ്റിൻ്റെ വേഗതയ്ക്കനുസരിച്ച് പൊയ്കയിലെ ജലനിരപ്പിൽ കുഞ്ഞു തിരമാലകൾ രൂപം കൊണ്ടു….. കുഞ്ഞു ദേവിയുടെ മിഴികളിൽ നിന്നും ഒരു പ്രകാശം പൊയ്കയിലേക്ക് പതിച്ചു… പ്രകാശം പതിച്ച പൊയ്കയിലെ ജലനിരപ്പിൽ നിന്നും ഉത്തരയുടെ കൈയ്യിൽ നിവേദ ഏൽപ്പിച്ച പുഷ്പങ്ങൾ ഉയർന്നുപൊങ്ങി അന്തരീക്ഷത്തിൽ വട്ടത്തിൽ കറങ്ങി കൊണ്ടിരുന്നു…. കുഞ്ഞു ദേവി വലത് കൈയ്യിലെ ശൂലം അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന പുഷ്പങ്ങളുടെ നേർക്ക് വീശിയെറിഞ്ഞു…. ശൂലം പാഞ്ഞ് ചെന്ന് ആ പുഷ്പങ്ങളിൽ സ്പർശിച്ചതും അതൊരു പുക ചുരുളായി മാറി അന്തരീക്ഷത്തിൽ അലിഞ്ഞ് ചേർന്നു…

ശൂലം തിരികെ കുഞ്ഞു ദേവിയുടെ വലത് കൈയ്യിൽ തിരികെയെത്തി…. കുഞ്ഞു ദേവി രുപം താമര പൂവിൽ നിന്നും അന്തരീക്ഷത്തിൽ ഉയർന്നു….. തറവാട്ടിലെ നിലവറയിലെ വിഗ്രഹത്തിൽ അലിഞ്ഞു ചേർന്നു…. നിലവറയിലെ ദേവി വിഗ്രഹത്തിലെ പദത്തിൽ താമര പൂവിതളുകൾ പ്രത്യക്ഷപ്പെട്ടു….. രാത്രിയിൽ ഇത്രയും നാഴിക സംഭവിച്ചതൊക്കെയും ഉത്തരയുടെയും ഗൗതമിൻ്റെയും സ്വപ്നത്തിൽ തെളിഞ്ഞു കണ്ടു.. ഒരേ സമയം അവരുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു… ഈ സമയം മറ്റൊരിടത്ത് രുദ്രൻ്റെ ഹോമകുണ്ഡത്തിൽ അഗ്നി ആളി കത്തി… രുദ്രൻ ഭയത്തോടെ പുറകിലേക്ക് വീണു… തൻ്റെ സഹായിയായ ദീക്ഷയുടെ അന്ത്യം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നയാൾക്ക് മനസ്സിലായി…… അയാളുടെ മിഴികളിൽ പകയെരിഞ്ഞു… xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അതിരാവിലെ മൂന്ന് മണിക്ക് ഫോണിൽ അലാറം മുഴങ്ങി… ഉത്തരയുടെ മുറിയിൽ നിന്നും അലാറത്തിൻ്റെ ശബ്ദം കേട്ട് ഗൗതമും ഉണർന്നു… അവൻ കണ്ണ് തുറന്നു… കഴുത്തിലെ രുദ്രാക്ഷമാല തൊട്ടു തൊഴുതു കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു… മുറിയിൽ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്… ഉത്തരയും എഴുന്നേറ്റിട്ടുണ്ടാവും എന്ന് തോന്നി… അവൻ എഴുന്നേറ്റു അവൻ്റെ മുറിയിലേക്ക് പോയി…. ഉത്തര കുളിച്ച് ഒരുങ്ങുന്നതിന് മുന്നേ തനിക്ക് ഒരുങ്ങണം… അവൻ കുളിച്ച് മാറാനുള്ള വസ്ത്രം എടുത്ത് കുളത്തിലേക്ക് നടന്നു… അടുക്കയിൽ കയറി കുളത്തിലേക്ക് പോകാനുള്ള വാതിൽ തുറന്നു….

കുളത്തിലേക്ക് പോകുന്ന ഇടുങ്ങിയ വഴിയിൽ കുടി നടന്നു…. അവൻ നടക്കുന്നതിനൊപ്പം തന്നെ പാദസരങ്ങൾ കിലുങ്ങുന്ന ശബ്ദവും ഉയർന്നു കേട്ടു… ദേവി തറവാട്ടിലെ നിലവറയ്ക്കുള്ളിൽ എത്തിയതിൻ്റെ സൂചനയാണ് ഈ പാദസരങ്ങൾ കിലുങ്ങുന്ന ശബ്ദം… അവൻ്റെ മനസ്സിൽ ആത്മവിശ്വാസം തോന്നി… തറവാടിനകത്തെ കുളത്തിൽ എത്തി ലൈറ്റിട്ടു… കുളത്തിന് നാലു വശവും പ്രകാശം തെളിഞ്ഞു.. ചുവന്ന മുണ്ടും തോർത്തു പടവിനരുകിൽ വച്ചു… കുളത്തിലെ ജലത്തിൽ അവൻ്റെ പാദങ്ങൾ നനച്ചു… തണുപ്പു കൊണ്ട് മരവിച്ച് പോകുമെന്ന് തോന്നി…. ദേവിയെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് കുളത്തിലേക്ക് ചാടി മുങ്ങി കുളിച്ചു…. കുളിച്ച് കയറിയപ്പോഴേക്ക് മനസ്സിനും ശരീരത്തിനും ഉന്മേഷം തോന്നി…

നനഞ്ഞ വസ്ത്രം മാറിയുടുത്തു… തിരികെ മുറിയിൽ എത്തി…. കണ്ണാടിയിൽ നോക്കി… കുങ്കുമ കുറി നെറ്റിയിൽ വരച്ചു… ചുവന്ന തോർത്തു ശരീരത്തിന് കുറുകെ ചുറ്റി കെട്ടി… ഉത്തരയുടെ മുറിയിലേക്ക് നടന്നു… ഉത്തരയെ നിലവറയിൽ എത്തിച്ചതിന് ശേഷം മുത്തശ്ശനെ വിളിക്കാൻ കുടുംബത്തെ തറവാട്ടിലേക്ക് പോകണം എന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്… അവൻ ഉത്തരയുടെ വാതിലിൽ മുട്ടി…ഉത്തര വാതിൽ തുറന്നു… അവൻ അവളുടെ മുഖത്തേക്ക് നോക്കി… അവൻ്റെ മിഴികൾ അത്ഭുതം കൊണ്ട് വിടർന്നു… ” നെറ്റിയിലെ മുറിവ് എവിടെ “ഗൗതമിൻ്റെ വാക്കുകളിൽ അത്ഭുതം നിറഞ്ഞിരുന്നു… അപ്പോഴാണ് ഞാൻ നെറ്റിയിൽ തൊട്ട് നോക്കിയത്… നെറ്റിയിലെ മുറിവ് ഇപ്പോൾ ഇല്ല… ”

അപ്പോൾ ഇന്നലെ സ്വപ്നം കണ്ടത് ശരിക്കും സംഭവിച്ചതായിരുന്നോ “രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു… “എന്ത് ഞാൻ കണ്ട സ്വപ്നം ഗൗതമേട്ടനും കണ്ടുവോ ” അവളുടെ മിഴികൾ തിളങ്ങി.. ” എല്ലാം കുഞ്ഞു ദേവിയുടെ അനുഗ്രഹം… വേഗം വസ്ത്രം എടുത്ത് കുളത്തിൽ പോയി കുളിച്ചിട്ട് വരു… ഞാനിവിടെ കാത്തിരുന്നോളാം…. നിലവറയിലെ മുറിയിൽ താമസിക്കാനുള്ളതെല്ലാം എടുത്ത് വച്ചോ ” ഗൗതം ചോദിച്ചു… ” ഞാൻ രാവിലെയാണ് എടുത്ത് വച്ചത്… എന്തോ വാതിൽ തുറന്ന് പുറത്തേക്കിറങ്ങാൻ ഒരു ഭയം… അതു കൊണ്ടാണ് ഗൗതമേട്ടൻ വരുന്നത് വരെ കാത്തിരുന്നത്…”… ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം…” എന്ന് പറഞ്ഞ് ഞാൻ കുളിച്ച് മാറാനുള്ള വസ്ത്രമെടുത്ത് കുളത്തിലേക്ക് പോകാനായി മുറിയിൽ നിന്നിറങ്ങി… ”

കുളിക്കുമ്പോൾ ശ്രദ്ധിച്ചോണം കഴുത്തിലെ താലി… എൻ്റെ ജീവൻ്റെ കാര്യമാണേ” എന്ന് ഗൗതം കുസൃതിയോടെ പറഞ്ഞു.. ” അതോർത്ത് പേടിക്കണ്ട… എൻ്റെ ശരീരത്തിൻ അവസാന ശ്വസം ഉള്ളവരെ ഞാനീ താലി സംരക്ഷിച്ചിരിക്കും വാക്ക് ” മറുപടി കാക്കാതെ ഞാൻ മുൻപോട്ട് നടന്നു… കുടുതൽ സമയം ഗൗതമേട്ടൻ്റെ മുൻപിൽ നിന്നാൽ എൻ്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു പോകുമെന്ന് തോന്നി.. . ഹൃദയമിടിപ്പിൻ്റെ വേഗതയോടൊപ്പം കാലുകളുടെ വേഗത കൂടി… കുളത്തിലെ പടവിനരുകിൽ എത്തിയപ്പോഴേക്കും അവൾ കിതച്ചു പോയി… തളർച്ചയോടെ കൈ കുത്തി പടവിൽ ഇരുന്നു…

ഇന്ന് മുതൽ ഞാൻ ദേവിയും ഗൗതമേട്ടൻ തന്നെ സംരക്ഷിക്കുന്ന സേവകനുമാണ്… കഴുത്തിലെ താലി വെറുo ഇരുപത്തിയൊന്നു ദിവസത്തേക്ക് മാത്രമുള്ളതാണ് എന്നത് മാത്രം മനസ്സിൽ ഉൾക്കൊള്ളാനാവുന്നില്ല… പെട്ടെന്നൊരു നിമിഷത്തിൽ കഴുത്തിൽ താലി അണിയിച്ചപ്പോൾ മനസ്സിൽ വല്ലാത്ത വിഷമവും ദേഷ്യവുമൊക്കെ തോന്നിയിരുന്നു…. പക്ഷേ ഇപ്പോൾ ഈ താലിയോട് വല്ലാത്ത പ്രണയം തോന്നുന്നു… താലിചാർത്തിയ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ അങ്ങനെ തെളിഞ്ഞു കാണാം…. തൻ്റെ അധരങ്ങളിൽ ചുംബിച്ച നിമിഷം…. ആ ചുംബനത്തിൽ നഷ്ട്ടപ്പെട്ടു പോകുമോ എന്ന വ്യാകുലതകൾ നിറഞ്ഞിരുന്നു… അവളുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു… താലി ചുണ്ടിൽ മുട്ടിച്ചു….

ജീവിതകാലം മുഴുവൻ ഈ താലിയുടെ അവകാശിയായി ജീവിക്കാൻ മനസ്സ് തീവ്രമായി ആഗ്രഹിക്കുന്നു… ഗൗതമേട്ടൻ്റെ മനസ്സിൻ എന്ത് മാത്രം വേദനയുണ്ടാവും… . അതോർത്തപ്പോൾ അവളുടെ കണ്ണു നിറഞ്ഞു…. മനസ്സിലും വേദന നിറഞ്ഞു… കുഞ്ഞു കാറ്റു അവളെ തഴുകി.. അവൾ കണ്ണടച്ച് തുറന്നു… വരുന്നതെന്തും നേരിട്ടെ പറ്റു…… തളർന്നിരുന്നു കൂടാ…. എന്നിലാണ് എല്ലാരും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്… ഞാൻ എന്നെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളു…. അച്ഛൻ്റെ ആത്മാവ് ഇപ്പോഴും എന്നെയോർത്ത് കണ്ണീർ വാർക്കുന്നുണ്ടാവും…. അച്ഛൻ്റെ ആത്മാവിന് ശാന്തി കിട്ടണം… അമ്മ., മുത്തശ്ശൻ.., ഉണ്ണിയുടെ ഭാവി എല്ലാർക്കും നല്ലത് നടക്കണമെങ്കിൽ ധൈര്യമായി മുൻപോട്ട് പോയെ പറ്റു….

അവൾ രണ്ടു കൈകൾ കൊണ്ടും മുഖം അമർത്തി തുടച്ചു…. കുളത്തിലെ പടവുകൾ ഇറങ്ങി… കുളിച്ച് വേഗം വസ്ത്രം മാറി…. തോർത്തുകൊണ്ട് കെട്ടിവച്ച നീണ്ട മുടി പുറകിലേക്ക് അഴിച്ചിട്ടു…. മുത്തശ്ശിയുടെ മുറിയിൽ ഗൗതം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു… ചുവന്ന ദാവണിയുടുത്ത് മുടിയഴിച്ചിട്ട് മിഴികളിൽ പ്രണയ ഭാവത്തോടെ അവൻ്റെ അടുത്തേക്ക് നടന്നു വരുന്ന ഉത്തരയെ കണ്ടതും അവൻ്റെ മനസ്സൊന്നു പതറി… “ൻ്റെ ദേവിയെ…. ന്നെ വഴിതെറ്റിക്കല്ലേ ” ഗൗതം കൂപ്പുകൈകളോടെ പറഞ്ഞു… ഞാൻ ഒന്നു മിണ്ടാതെ മുറിയിലേക്ക് കയറി… തലമുടി വെറുതെ ഒന്നു വിരലുകൾ കൊണ്ട് ഇരുവശത്തൂന്നും കുറച്ച് മുടികോതിയെടുത്ത് കുളിപ്പിന്നൽ പിന്നിയിട്ടു….

മുടിയുടെ അറ്റത്ത് വെള്ള തുള്ളികൾ ഇറ്റിറ്റ് വീഴുന്നുണ്ടായായിരുന്നു… മുടിയുടെ അറ്റം കെട്ടിയിട്ടു… കണ്ണാടിയിൽ നോക്കി കണ്ണെഴുതി … നെറ്റിയിൽ കുങ്കുമം കൊണ്ട് വല്യ വട്ടപ്പൊട്ട് തൊട്ടു… നിലവറയിലേക്ക് കൊണ്ടുപോകാൻ എടുത്തു വച്ച ബാഗുമായി മുറിയിൽ നിന്നിറങ്ങി… അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഗൗതമിനെ മിഴികൾ കൊണ്ട് നോട്ടമെറിഞ്ഞു കൊണ്ട് അവൾ മുൻപോട്ട് നടന്നു… അവളിലെ മാറ്റം അവനെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു…… അവൻ വേഗം അവളുടെ മുൻപിൽ കയറി … അവളുടെ കൈയ്യിലെ ബാഗു വാങ്ങി വേഗത്തിൽ നിലവറയിലേക്ക് നടന്നു… ചെറുപുഞ്ചിരിയോടെ അവളും അവനെ അനുഗമിച്ചു… നിലവറയുടെ വാതിൽ തുറന്നു…

മുൻപിൽ പൂജാമുറിയോട് ചേർന്ന മുറിയിൽ ഗൗതം ബാഗ് കൊണ്ടുവച്ചു….ഞാൻ ഗൗതമേട്ടനൊപ്പം മുറിയിൽ കയറി…. ചെറിയ വൃത്തിയുള്ള ഒറ്റമുറി…. ഒറ്റമുറിയിൽ ഒരു മൂലയ്ക്ക് രണ്ട് തലയണയും പായും വച്ചിരുന്നു…. ഒരു മൺകലവും കുറച്ച് പാത്രങ്ങളും അതിനടുത്ത് തന്നെയുണ്ടായിരുന്നു… ഗൗതം ഒറ്റ മുറിയുടെ അകത്തോട്ടുള്ള വാതിൽ തുറന്നു… രണ്ടു വശങ്ങളിലേക്ക് പോകാൻ വഴിയുണ്ട്…. “ദാ ഈ രണ്ടു ഇടവഴി കണ്ടില്ലേ…. വലത് വശത്തേക്ക് പോയാൽ തറവാടിനകത്തുള്ള കുളത്തിനരുകിൽ പോകാം… അവിടെ രാവിലെയും വൈകിട്ടും കുളിക്കാം…. പിന്നെ പതിവ് പോലെ ആഹാരം കഴിക്കാൻ അതു വഴി അടുക്കളയിലേക്കും വരാം… . പിന്നെ ഈ ഇടതുവശത്തെ ഇടവഴിയിൽ കൂടി പോയാൽ എൻ്റെ മുറിയിൽ എത്തും…

എന്താവശ്യമുണ്ടേലും വിളിച്ചാൽ മതി… ഞാനെത്തുo… ” ഗൗതം ഗൗരവത്തിൽ പറഞ്ഞു… “ഈ സ്നേഹവും കരുതലും ഈ ജന്മം മുഴുവൻ വേണമെന്ന് തോന്നുവാ” ഞാനത് പറയുമ്പോൾ ഗൗതമേട്ടൻ്റെ മിഴികളിലെ തിളക്കം കൂടുന്നത് പോലെ തോന്നി… “എനിക്കും… പക്ഷേ നമ്മൾ സാധാരണ മനുഷ്യരല്ലെ…. ആഗ്രഹിക്കുന്നതെല്ലാം നേടാൻ കഴിയില്ലല്ലോ…. നമ്മുക്ക് വിധിച്ചതേ കിട്ടു” അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു… ” അമ്മ വരട്ടെ… അമ്മ ഒരു പോംവഴി പറയും എന്ന് എൻ്റെ മനസ്സ് പറയുന്നു… കാത്തിരിക്കാം ” ഞാൻ പറയുന്നത് കേട്ടപ്പോൾ ഗൗതമേട്ടൻ മുഖമുയർത്തി നോക്കി… ” പരിഹാരമുണ്ട് ഉത്തരാ… പക്ഷേ അതിന് നീയെന്നല്ല ഒരു പെണ്ണും സമ്മതിക്കില്ല…

അതു കൊണ്ട് ആ കാര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്ക് താൽപര്യമില്ല… അതുമല്ല അതൊക്കെ വ്രതം തുടങ്ങും മുന്നേ ആലോചിച്ച് ചെയ്യേണ്ട കാര്യമായിരുന്നു… ഇപ്പോൾ വൈകി പോയി…. കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കാതെ വരാൻ പോകുന്ന നല്ല നിമിഷങ്ങളെ ഓർത്ത് മനസ്സിൽ സന്തോഷം നിറയ്ക്കു “… ഉത്തര ഞാൻ വരുന്നത് വരെ നിലവറയിൽ തന്നെയിരിക്കണം… ഞാൻ മുത്തശ്ശനെ വിളിച്ച് കൊണ്ട് വരാൻ കുടുംബ തറവാട്ടിലേക്ക് പോവാണ്… പോയിട്ട് വരാം ” എന്ന് പറഞ്ഞ് ഗൗതം മുറിയിൽ നിന്നിറങ്ങി…. നിലവറയിൽ നിന്ന് കൊണ്ട് ഉത്തര നിൽക്കുന്ന മുറി പുറത്ത് നിന്ന് പൂട്ടി താക്കോൽ ഇടുപ്പിൽ തിരുകി വച്ചു ഭദ്രമാക്കി…

അവൻ മുറിയിൽ പോയി കാറിൻ്റെ താക്കോൽ എടുത്തു നേരെ നിവേദയുടെ മുറിയിലേക്ക് പോയി.. നിവേദയുടെ മുറിയുടെ വാതിലിൽ കൈ കൊണ്ട് മുട്ടി ശബ്ദമുണ്ടാക്കി… കുറച്ച് നിമിഷങ്ങൾക്കകം മുത്തശ്ശി വാതിൽ തുറന്നു… ” നിവേദ എന്ത് ചെയ്യുന്നു മുത്തശ്ശി….” ഗൗതമിൻ്റെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു… ” അവൾ ഉറക്കമാണ്… രാത്രി വൈകിയാണ് ഉറങ്ങിയത്…. പാവം ആ കുട്ടി ഒന്നും അറിഞ്ഞതല്ല ” മുത്തശ്ശി വിഷമത്തോടെ പറഞ്ഞു… മുത്തശ്ശിയിങ്ങനെ പറയണമെങ്കിൽ അവൾ മുത്തശ്ശിയുടെ മുന്നിൽ തകർത്തഭിനയിച്ചിട്ടുണ്ടാവും എന്ന് ഗൗതം മനസ്സിൽ കരുതി… അവൻ ഒന്നു അമർത്തി മൂളി.. ” ഞാൻ ഉത്തരയെ നിലവറയിൽ എത്തിച്ചിട്ടുണ്ട്… ഇനി പ്രശ്നമൊന്നുമുണ്ടാവില്ല….

അമ്മയും വിഷ്ണുവുo ഉണ്ണിയും രാവിലെ വരും… മുത്തശ്ശി ഞാൻ വരുന്നത് വരെ ഹാളിലുണ്ടാവണം. ഞാൻ മുത്തശ്ശനെ വിളിക്കാൻ പോയിട്ട് വരാം” എന്ന് ഗൗതം പറഞ്ഞു.. ” പോയിട്ട് വരു…. ഞാനവിടേക്ക് വരുകയാണ്.. പക്ഷേ നിവേദ ഇത് വരെ ഉണർന്നില്ല.. ” മുത്തശ്ശി തിരിഞ്ഞ് ഉറങ്ങുന്ന നിവേദയെ നോക്കി പറഞ്ഞു… ” അത് സാരമില്ല മുത്തശ്ശി.. കതക് പൂട്ടിയിട്ട് പോയാൽ മതി… ഞാൻ വേഗം ചെല്ലട്ടേ…” എന്ന് പറഞ്ഞ് ഗൗതം തിരിഞ്ഞ് നടന്നു…. മുത്തശ്ശി ഒന്നുകൂടി നിവേദയെ തിരിഞ്ഞു നോക്കി… അവൾ നല്ല ഉറക്കമാണ് എന്ന് കണ്ടതും മുത്തശ്ശി കതക് പൂട്ടിയിറങ്ങി… പതിവ് ജോലികളിൽ മുഴുകി…. കുറച്ച് സമയം കഴിഞ്ഞ് കോളിംഗ് ബെൽ മുഴങ്ങി… അവർ കൈ കഴുകി തുടച്ച് കൊണ്ട് വാതിൽ തുറക്കാനായി ഹാളിലേക്ക് വന്നു.. ഹരിനാരായണദ്ദേഹം അപ്പോഴേക്ക് വാതിൽ തുറന്നു….

രാഗിണിയമ്മ നിറഞ്ഞ ചിരിയോടെ അകത്തേക്ക് വന്നു… മുത്തശ്ശിയെ കണ്ടതും ഓടി വന്ന് തോളിൽ മുഖം ചേർത്തു… ” അമ്മേ… വിഷ്ണുവിന് ചെറിയ പരിക്ക്… അമ്മ പേടിക്കും എന്ന് കരുതിയാണ് പറയാതിരുന്നത് ” രാഗിണിയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു… അവർ മകളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു… ” ഗൗതം പറഞ്ഞിരുന്നു… പിന്നെ വിഷ്ണുവും ഉണ്ണിയും എവിടെ… ” മുത്തശ്ശി ആകാംക്ഷയോടെ ചോദിച്ചു… രാഗിണിയമ്മ മുത്തശ്ശിയെ കൈ പിടിച്ച് ഉമ്മറത്തേക്ക് കൂട്ടിക്കൊണ്ട് പോയി… ഉണ്ണി അവർ വന്ന കാറിൻ്റെ മുകളിൽ നിന്നും ആദ്യം വിൽ ചെയർ എടുത്ത് ഉമ്മറത്തേക്ക് വച്ചിരുന്നു…. വിഷ്ണുവിനെ താങ്ങി പിടിച്ച് കാറിൽ നിന്നിറക്കി വീൽചെയറിൽ ഇരുത്തുമ്പോഴാണ് മുത്തശ്ശിയെയും കൂട്ടി രാഗിണിയമ്മ ഉമ്മറത്തേക്ക് വന്നത്…

മുത്തശ്ശിയുടെ മിഴികൾ വിഷ്ണുവിനെയും കടന്ന് ഉണ്ണിയിൽ എത്തി നിന്നു… ഉണ്ണിയെ കണ്ടതും മുത്തശ്ശിയുടെ മിഴികൾ ഒന്നൂടി വിടർന്നു… മരിച്ചു പോയ തൻ്റെ ഇളയ മകനാണ് മുൻപിൽ നിൽക്കുന്നതെന്ന് അവർക്ക് തോന്നി അവർ വല്ലാത്തൊരു ആവേശത്തോടെ ഉണ്ണിയുടെ അരികിലേക്ക് നടന്നു… മുത്തശ്ശി അരികിൽ എത്തിയതും അവൻ കുനിഞ്ഞു കാൽപാദo തൊട്ടു നമസ്കരിച്ചു… “ൻ്റെ കൃഷ്ണനെ പോലെ തന്നെയാണ് നിന്നെ കാണാൻ…..ഒരേ അച്ചിൽ വാർത്തെടുത്തത് പോലെ….. “മുത്തശ്ശി ഉണ്ണിയെ ഇരു കൈകൾ കൊണ്ട് തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു…. ” മുത്തശ്ശി ” എന്ന് പറയുമ്പോൾ ഉണ്ണിയുടെ ശബ്ദമിടറിയിരുന്നു.. ” എന്നെങ്കിലും ഒരിക്കൽ വരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു….

അവൻ വന്നില്ല… പക്ഷേ അവന് പകരം അതേ രൂപത്തിലുള്ള ഉണ്ണിയെ നൽകിയിട്ടാണല്ലോ പോയത്…. ” ആരും പറഞ്ഞില്ല… അറിഞ്ഞില്ല അവൻ്റെ മരണം… അറിഞ്ഞിരുന്നെങ്കിൽ അവസാനമായി ഒരു നോക്ക് കാണാനെങ്കിലും ഓടി വന്നേനെ” എന്ന് പറയുമ്പോൾ മുത്തശ്ശി കരഞ്ഞ് തുടങ്ങിയിരുന്നു… ഉണ്ണി മുത്തശ്ശിയെ നെഞ്ചോടു ചേർത്തു പിടിച്ചു… ആശ്വസിപ്പിക്കാൻ വാക്കുകൾക്കായി പരതുകയായിരുന്നു.. “ആരും അകത്തേക്ക് പോകാൻ ഉദ്ദേശമില്ലേ… എന്നെ ഇവിടെ നിർത്താനാണോ… ഭാവം.. എനിക്ക് വിശന്നു തുടങ്ങി.. ” വിഷ്ണു പറഞ്ഞു.. ” ഉണ്ണിയെ കണ്ടതും ഞാൻ എല്ലാം മറന്നു… വേഗം വരു… ഭക്ഷണം എടുത്ത് വയ്ക്കാം…. ” എന്ന് മുത്തശ്ശി പറഞ്ഞു.. ” ൻ്റെ മുത്തശ്ശി ഇനി ഞാൻ എങ്ങോട്ടും പോകുന്നില്ല…

ഇവിടെ തന്നെ കാണും” എന്ന് പറഞ്ഞ് ഉണ്ണി മുത്തശ്ശിയെ രാഗിണിയമ്മയുടെ അരികിൽ നിർത്തി… വിഷ്ണുവിനെ വീൽചെയറിൽ അവൻ്റെ മുറിയിൽ എത്തിച്ചു തിരികെ ഹാളിലേക്ക് വന്നു…. ” ഉണ്ണി കുളിച്ച് വസ്ത്രം മാറി വന്നോളു.. ഇപ്പോൾ മുത്തശ്ശൻ എത്തും.. അതിന് മുൻപ് പൂജയ്ക്ക് തയ്യാറാകണം.. ” എന്ന് പറഞ്ഞ് ഹരിനാരായണനദ്ദേഹം പോയി… ” വരു കുളിച്ചു മാറാനുള്ള വസ്ത്രം ഗൗതമിൻ്റെ മുറിയിൽ ഉണ്ട്.. ” മുത്തശ്ശി ഗൗതമിൻ്റെ മുറി കാണിച്ചു കൊടുത്തു… ഉണ്ണി വേഗം മാറാനുള്ള വസ്ത്രമെടുത്തു കുളത്തിലേക്ക് പോയി കുളിച്ചു വന്നു… തറവാട്ടിലെ മുറ്റത്തേക്കിറങ്ങി… അവൻ ചുറ്റിനുമുള്ള പ്രകൃതി ഭംഗി ആസ്വദിച്ചു നിന്നു പോയി… അവൻ്റെ പാദങ്ങൾ യന്ത്രികമായി താമര പൊയ്കയിലേക്ക് നടന്നു…. ഉണ്ണിയെ സ്വീകരിക്കാൻ കുഞ്ഞു ദേവി അവൻ്റെ ശരീരത്തിലേക്ക് പൂക്കൾ വർഷിച്ചു… ആഹ്ളാദത്തോടെ താമര പൂവിൽ ആനന്ദനൃത്തമാടി…… തുടരും

മഴയേ : ഭാഗം 17

Share this story