ഋതുസംക്രമം : ഭാഗം 7

ഋതുസംക്രമം : ഭാഗം 7

എഴുത്തുകാരി: അമൃത അജയൻ

” ഫോൺ തന്നത് ഫുൾ ടൈം അവനോട് സംസാരിക്കാനല്ല . ഡെയ്ലി പതിനഞ്ച് മിനിറ്റ് . അതിൽ കൂടുതൽ ഞാനനുവദിക്കില്ല . വെറുതെ പറയുന്നതല്ല , ഫോൺ ഞാൻ ചെക്ക് ചെയ്യും ..” മൈത്രി പുറം കൈ കൊണ്ട് കവിൾ തുടച്ചു . ഒരു ഫോൺ വേണമെന്ന് അവളാരോടും പറഞ്ഞിട്ടില്ല . ഫ്രണ്ട്സിൻ്റെ കൈയ്യിൽ പല തരം ഫോൺ കണ്ടിട്ടുണ്ടെങ്കിലും അത് വേണമെന്നൊന്നും അവൾക്ക് തോന്നിയിട്ടില്ല . തല്ലിച്ചതച്ച ശേഷം ഒരു ഫോൺ കൈയിലേക്ക് വച്ച് തരണമെങ്കിൽ ജിതിൻ എന്ത് കുതന്ത്രമാകും അമ്മയോട് പറഞ്ഞിട്ടുണ്ടാവുക . ” ആ ഒരു കാര്യം കൂടി . വാട്സപ്പ് , ഫെസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിലൊന്നും അക്കൗണ്ട് എടുത്തേക്കരുത് .

നീ എടുത്താൽ ഞാനറിയും .ഓർമിപ്പിച്ചന്നേയുള്ളു .” ഇല്ലമ്മേ . മൈത്രിക്കാ ഫോൺ പോലും വേണ്ട . പിന്നല്ലെ ഫേസ്ബുക്കും വാട്സപ്പും. അഞ്ജന പോയ്ക്കഴിഞ്ഞപ്പോൾ , പൊട്ടിക്കരഞ്ഞുകൊണ്ട് മൈത്രി ബെഡിലേക്ക് വീണു . അവൾ തനിച്ചാണ് . കാഞ്ചനക്കൂട്ടിലകപ്പെട്ട പക്ഷിക്കുഞ്ഞിനെപ്പോലെ . കനകം കൊണ്ടു തീർത്ത കൊട്ടാരത്തിലവൾ സൗഭാഗ്യത്തിൻ്റെ പൂമെത്തയിലാണെന്ന് മാലോകർ ധരിച്ചു . അവിടുത്തെ മനുഷ്യരും സ്വർണത്തിൽ തീർത്തതായിരുന്നെന്ന് ആരറിയുന്നു . സ്വർണം പൂശിയ ഉള്ള് പൊള്ളയായ മനുഷ്യപ്രതിമകൾ , അവളുടെ ചിറകുകളരിഞ്ഞ് സ്വർണ നൂലിനാൽ ബന്ധിച്ചിരുന്നു .

മോചനം ചിറകുകൾക്കൊപ്പം വിലപേശി വിൽക്കപ്പെട്ടു . പത്മരാജൻ്റെ കണ്ണുകൾ വാതിൽക്കലേക്കായിരുന്നു . കൺകോണിലൂടെ നീർമുത്തുകൾ ഒലിച്ചിറങ്ങി . മകൾ വീണ്ടും നോവിക്കപ്പെട്ടു എന്നവിടെയറിഞ്ഞിരിക്കുന്നു . പക്ഷെ താതൻ്റെ സംരക്ഷണം നൽകാൻ അയാൾക്കായില്ല . മകൾ നോവിക്കപ്പെടുന്നതിലൂടെ മുറിപ്പെടുന്നത് അയാളായിരുന്നു .വൃണപ്പെടുന്നത് അയാളുടെ അഭിമാനമായിരുന്നു . നോവുകൾ നിമിഷങ്ങളായി കൊഴിഞ്ഞു വീണു . വാതിൽക്കൽ മൈത്രിയുടെ കാലൊച്ച കേട്ടപ്പോൾ അയാളൊന്നിളകി കിടന്നു . സാവധാനം വന്ന് അച്ഛൻ്റെയരികിലിരുന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല . ഒന്ന് വിതുമ്പിയത് പോലുമില്ല . ചിലപ്പോഴൊക്കെ അങ്ങനെയാണ് . ദുഃഖങ്ങളെ പെരുമഴയായി പെയ്തൊഴുക്കി കളയാതെ മൂടിക്കെട്ടിയ കാർമേഘമായി നിർത്തും . പിന്നെയെപ്പോഴോ അച്ഛനെ ചുറ്റിപ്പിടിച്ചുറങ്ങുന്ന അവൾ തണ്ടൊടിഞ്ഞ താമരപ്പൂവിനെ ഓർമിപ്പിച്ചു . ഒന്നു തലോടാൻ പോലുമാകാതെ അയാളുടെ കൈകൾ മരവിച്ചിരുന്നു . ********

ഭാസ്കരേട്ടൻ തട്ടി വിളിച്ചപ്പോൾ മൈത്രി കണ്ണു തുറന്നു . നേരം പുലർന്നോ . അവൾ മിഴിച്ചു നോക്കി . ചുണ്ടിൽ അടിഞ്ഞുകൂടിയിരുന്ന കണ്ണുനീരിൻ്റെ ഉപ്പുരസം നാവിൽ കിട്ടി . നെഞ്ചിൽ തൂങ്ങിയ കനത്തിന് അയവ് വന്നിരിക്കുന്നു . അതൊരേങ്ങലായി പരിണമിച്ചു പുറത്തേക്ക് പോയി . ഞെട്ടിയെഴുന്നേറ്റിരുന്ന് അച്ഛനെ നോക്കിയപ്പോൾ അയാളും അവളെ നോക്കി കിടപ്പായിരുന്നു . അച്ഛൻ്റെ നോട്ടത്തിന് പോലും ഒരു തലോടലിനോളം ശക്തിയുണ്ട് . രാത്രിയോ പകലോ എന്നറിയാൻ ചുമരിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം എട്ടായിരുന്നു . അച്ഛനോട് പറഞ്ഞിട്ട് അവളെഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് പോന്നു .

പഠനമേശയിൽ തുറന്നു വച്ച പുസ്തകം അതേപടിയിരിപ്പുണ്ട് . തൊട്ടടുത്ത് പുത്തൻ ഫോണിൻ്റെ ബോക്സും . അവൾ ചെന്ന് ചെയറിലിരുന്നു പുസ്തകത്തിലേക്ക് മിഴിനട്ടു . പുസ്തകത്താളിൽ അക്ഷരങ്ങൾ മുഴച്ചു നിന്നതല്ലാതെ ഒന്നും മനസിലേക്ക് കയറിയില്ല . കഴിഞ്ഞ തവണയും ഇത് തന്നെയല്ലേ സംഭവിച്ചത് . ഫിസിക്സ് പരീക്ഷ തോറ്റത് താൻ മനപ്പൂർവ്വം പഠിക്കാഞ്ഞിട്ടാണോ . അന്നങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ എങ്ങനെ പോയാലും ജയിക്കാനുള്ള മാർക്ക് താൻ തരപ്പെടുത്തുമായിരുന്നു . മൂന്നാല് മാസം മുൻപുള്ള രാത്രി . ബോട്ടണി എക്സാം കഴിഞ്ഞ് രണ്ട് ദിവസത്തെ ഗ്യാപ്പുണ്ടായിരുന്നു ഫിസിക്സ് പരീക്ഷയ്ക്ക് .

പഠിക്കുന്നതിനിടയിൽ ബോട്ടിലിലെടുത്തു വച്ച വെള്ളം തീർന്നിട്ടാണ് അവൾ താഴേക്ക് പോയത് . അന്നിവിടെ ജയനങ്കിളുണ്ടായിരുന്നു . ബിസിനസ് കാര്യങ്ങൾ ഡിസ്കഷനുണ്ടെങ്കിൽ താഴേക്കിറങ്ങി ചെല്ലരുതെന്ന് അഞ്ജനയുടെ കർശന നിർദ്ദേശമുള്ളതാണ് . അന്ന് പക്ഷെ തനിക്കും അത്യാവശ്യമായിരുന്നല്ലോ . താഴെ അമ്മയും ജയനങ്കിളും എന്തോ വലിയ ഡിസ്കഷനിലായിരുന്നു . ടീപ്പോയിൽ നിറയെ ഫയലുകൾ , ചെക്ക് ബുക്കുകളോ പാസ് ബുക്കോ ഒക്കെ കണ്ണിൽ പെട്ടു . വെള്ളമെടുത്തു കൊണ്ട് തിരിച്ച് പടി കയറുമ്പോഴാണ് പിന്നിൽ നിന്ന് അടി വീണത് . ”

നിന്നോട് പറഞ്ഞിട്ടില്ലേടി അസത്തേ ബിസിനസ് ഡിസ്കഷൻ നടക്കുമ്പോൾ താഴേക്കിറങ്ങരുതെന്ന് …” അമ്മ കലി തുള്ളിക്കൊണ്ട് പിടിച്ചു തള്ളിയതും കാല് തെന്നി സ്റ്റെയറിലൂടെ അവൾ താഴേക്ക് വീണു . അവിടെയിട്ട് അമ്മ പൊതിരെ തല്ലി . കയ്യിലും കാലിലും വയറിലും മുതുകിലും ഒരു ദയയുമില്ലാതെ ചൂരൽ പതിച്ചു . സാധാരണ ജയനങ്കിളെങ്കിലും തടസം പിടിക്കാറുള്ളതാണ് . അന്നതുമുണ്ടായില്ല . ഭാസ്കരേട്ടനാണ് അന്ന് പിടിച്ചെഴുന്നേൽപ്പിച്ച് മുറിയിൽ കൊണ്ടുവന്ന് കിടത്തിയത് . ഒന്ന് നിവർന്നു നിൽക്കാൻ പോലും അവൾ അശക്തയായിരുന്നു . രാത്രിയോടെ പനി തുടങ്ങി .

ദേഹത്താകെ അടിയുടെ പാടുകളുള്ളത് കൊണ്ട് ആശുപത്രിയിൽ കൊണ്ടു പോയില്ല . പാരസിറ്റമോൾ തന്നു . പരീക്ഷയുടെ തലേന്നും അന്നും പനി വിട്ടുമാറിയില്ല . ഒന്നും പഠിക്കാൻ കഴിഞ്ഞില്ല . കണ്ണു തുറക്കാൻ കഴിഞ്ഞിട്ടു വേണ്ടേ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ . പരീക്ഷ കഴിഞ്ഞിറങ്ങിയതും തല ചുറ്റി വീണു . പുറത്ത് കാർ വെയിറ്റിംഗായിരുന്ന കൊണ്ട് മിസ്മാർ അതിൽ കയറ്റി വിട്ടു . അമ്മയെ വിളിച്ചപ്പോൾ അതായിരുന്നു നിർദ്ദേശം . പത്മതീർത്ഥത്തിൽ എത്തിയപ്പോൾ ജിതേന്ദ്രനങ്കിളുണ്ടായിരുന്നു . അങ്കിളാണ് പരിശോധിച്ച് മെഡിസിൻ എഴുതിയത് . അന്നങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കിൽ താൻ തോൽക്കില്ലായിരുന്നു . പഴയ ഓർമകൾ അവളെ പിന്നെയും പിന്നെയും നടുക്കിക്കൊണ്ടിരുന്നു .

അവൾ ഭീതിയോടെ കണ്ണടച്ചു കിടന്നു . എപ്പോഴോ ആ അടഞ്ഞ കണ്ണുകളിൽ ഒരു മുഖം തെളിഞ്ഞു . ചുണ്ടുകളിൽ പുഞ്ചിരിയവശേഷിക്കുന്ന ആർദ്രമായ കണ്ണുകളുള്ള ഒരു മുഖം . എന്തുകൊണ്ടോ ഹൃദയത്തിൽ ഒരു കുളിരിറങ്ങി . നിരഞ്ജൻ . അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു . തനിക്കിപ്പോൾ ഒരു പനി വരുന്നതും ആശുപത്രിയിൽ പോകുമ്പോൾ ചികിത്സിക്കുന്നത് നിരഞ്ജൻ ഡോക്ടറായിരിക്കുന്നതും അവൾ മനസിൽ സങ്കൽപ്പിച്ചു നോക്കി . അവൾക്ക് പനിച്ചു വിറയ്ക്കുന്നു . നിവർത്തിയില്ലാതെ അമ്മയവളെ ആശുപത്രിയിൽ കൊണ്ടു പോകുന്നു . ഡോക്ടറുടെ സീറ്റിൽ നിരഞ്ജനെ കാണുന്നു .

സങ്കൽപ്പമായിട്ടു കൂടി അതോർത്തപ്പോൾ ദേഹമാസകലം ഒരു വൈദ്യുതി പാഞ്ഞു . ഒപി ടിക്കറ്റിൽ മൈത്രേയി എന്ന പേര് കണ്ട് മുഖമുയർത്തി നോക്കുന്ന നിരഞ്ജൻ അവളെ കണ്ട് അമ്പരന്നു . അമ്മയുള്ളത് കൊണ്ട് പരിചയം പുതുക്കാതെ തന്നോടിരിക്കാൻ ആവശ്യപ്പെട്ടു . അവളരികിലിരുന്നപ്പോൾ അവൾക്ക് മാത്രം മനസിലാകുന്ന രീതിയിൽ അയാൾ പുഞ്ചിരിച്ചു . ഡോ. നിരഞ്ജൻ അവളെ പരിശോധിക്കുമ്പോഴും അവരുടെ കണ്ണുകളിടഞ്ഞു . അവൻ അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി . മെഡിസിൻ എഴുതാൻ തുടങ്ങുമ്പോഴാണ് മൈത്രിയുടെ കൈയിൽ തിണർത്തു കിടക്കുന്ന അടയാളമവൻ കാണുന്നത് . എന്താണ് സംഭവിച്ചതെന്ന് അമ്മയോട് ചോദിച്ചു .

അമ്മ ഉത്തരമില്ലാതെ നിൽക്കുമ്പോൾ , അവൻ തൻ്റെ മിഴികളിലേക്ക് നോക്കി ആരാഞ്ഞു . അമ്മ തല്ലിയതാണെന്ന് അവൾ തുറന്നു പറഞ്ഞു . അവനോട് ആ സത്യം ഒളിച്ചു വയ്ക്കാൻ അവൾ തയ്യാറല്ല . ഡോ . നിരഞ്ജൻ്റെ മുന്നിൽ അമ്മ കുറ്റക്കാരിയായി നിന്നു . എന്തിനാണ് കുട്ടിയെ തല്ലിയതെന്ന് അവൻ രോഷത്തോടെ ചോദിച്ചു . അമ്മയ്ക്കുത്തരമില്ലായിരുന്നു . ഇനി മേലിൽ ഇതാവർത്തിക്കരുതെന്ന് നിരഞ്ജനമ്മയെ താക്കീത് ചെയ്തു . അവർക്ക് അനുസരണയോടെ തല കുലുക്കേണ്ടി വന്നു .

അമ്മ പോലുമറിയാതെ നിരഞ്ജനവളുടെ അടിയുടെ പാടുകളിൽ തഴുകി . ആ കൈകൾ പിടിച്ചെടുത്ത് ആ പാടുകളിലൂടെ വിരലോടിച്ചു പതിയെ കുനിഞ്ഞ് അവയിൽ ചുംബിച്ചു . ജാള്യതയോടെ അവൾ കണ്ണു തുറന്നു . എന്തൊക്കെയാണ് താൻ ചിന്തിച്ചു കൂട്ടുന്നത് . നിരഞ്ജൻ തന്നെ ചുംബിക്കുകയോ . അയ്യേ . അതോർത്തപ്പോൾ അവളുടെ കവിളുകൾ ചുവന്നു . താനെന്തിനാണ് അങ്ങനെയൊക്കെ ചിന്തിച്ചത് . അതിനു മാത്രം അയാൾ തനിക്കാരായിരുന്നു . _” _ഒരിക്കലും മീട്ടാത്തയെൻ്റെ തന്ത്രികളിന്ന് നിന്നെ മോഹിക്കുന്നു ..

വെറുതെയൊന്നു ശ്രുതി ചേർക്കാൻ നിൻ്റെ ഹൃദയമിടിപ്പിൻ്റെ ആദിതാളത്തിൽ പ്രണയത്തിൻ്റെ യുഗ്മഗാനം പാടാൻ.._ ” ** വീണ്ടും കാണാം … അവൾ കണ്ണുകൾ ഇറുക്കിയടച്ചു . വരണം . എനിക്കു കാണണം . ഒന്നിനും കൊള്ളാത്ത കഴുതയാണെന്നറിയുമ്പോൾ നീയുമെന്നെ വിട്ടകന്നു പോകുമോ . ആരോടെന്നില്ലാതെ അവൾ ചോദിച്ചു കൊണ്ടിരുന്നു . ആ മുറിയിൽ അവൾ തനിച്ചായിരുന്നു . * * * * * * * * * * * * * * പതിനൊന്നു മണിക്കാണ് നിരഞ്ജൻ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയത് . ഉണ്ണി നാട്ടിലായതുകൊണ്ട് റൂമിൽ നിരഞ്ജൻ തനിച്ചായിരുന്നു . ഫ്രഷ് ആയി വന്നിരുന്ന് ഫോണെടുത്ത് അവൻ ഉണ്ണിയെ വിളിച്ചു . അച്ഛനെ റൂമിലേക്ക് മാറ്റിയെന്ന് അവൻ പറഞ്ഞു .

പീഡിയാട്രിക്‌സിലാണ് ഉണ്ണിക്ക് ഡ്യൂട്ടി . നിരഞ്ജന് ഓർത്തോയിലും . നാളെ തിരിച്ച് കോളേജിലെത്തുമെന്ന് ഉണ്ണിയറിയിച്ചു . വരാതെ നിവർത്തിയില്ലെന്ന് നിരഞ്ജനുമറിയാം .. ഹൗസ് സർജൻസിയാണ് . ലീവ് പോസിബിളല്ല . ” ഹോസ്പിറ്റലിൽ ആരുണ്ട് …? ” ” അമ്മയുടെ ബ്രദർ വന്നിട്ടുണ്ട് . ഇനിയിപ്പോ പേടിക്കാനില്ലെന്ന് ഡോക്ടറും ഉറപ്പ് തന്നിട്ടുണ്ട് .. ” ” നീയെങ്ങനെ വരും … ” ” വൈകിട്ട് ബസിന് വരാം … ” നിരഞ്ജൻ അലോചിച്ചു ..

നാളെ ഉച്ചവരെ ഓപ്പിയുണ്ട് . അത് കഴിഞ്ഞ് ആറ് മണിക്ക് നൈറ്റ് ഡ്യൂട്ടിക്ക് കയറിയാൽ മതി . ” ഞാനങ്ങോട്ട് വരാടാ .. എനിക്ക് അച്ഛനെ കാണുകയും വേണം . നീ റെഡിയായി നിന്നാൽ മതി .. ” ഉണ്ണി എതിർത്തില്ല . ഫോൺ വച്ചിട്ട് നിരഞ്ജൻ ബെഡിലേക്ക് ചാഞ്ഞു . അവൻ്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരിയുണ്ടായിരുന്നു . ആ യാത്രയ്ക്ക് അവൻ മറ്റൊരു ലക്ഷ്യം കണ്ടിരുന്നു ….( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 4

Share this story