അർച്ചന-ആരാധന – ഭാഗം 11

അർച്ചന-ആരാധന – ഭാഗം 11

എഴുത്തുകാരി: വാസുകി വസു

ഞാനാ അമ്മേ…അമലേഷ്” ആരാധനയൊന്ന് ഞെട്ടി.അക്ഷയ് എന്നല്ലേ പറയേണ്ടതെന്ന് ചോദിക്കാന്‍ ഒരുങ്ങും മുമ്പ് മിണ്ടെരുതെന്ന് ആംഗ്യം കാണിച്ചു. കതക് തുറക്കപ്പെട്ടു.മുമ്പിൽ യവ്വനം വിട്ടു മാറിയട്ടില്ലാത്ത സുന്ദരിയായൊരു സ്ത്രീ..അവളുടെ തലച്ചോറിൽ ഒരായിരം വിസ്ഫോടനങ്ങൾ നടന്നു. “അമ്മ…. തന്റെ മരിച്ചു പോയ അമ്മയെ പോലെ തന്നെ.ഒരുമാറ്റവും ഇല്ല. ” അമ്മേ..എന്റെ അമ്മേ…” ആരാധന നിയന്ത്രണം വിട്ട് അലറിക്കരഞ്ഞു കൊണ്ട് ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു..അവരുടെ ഇരുകവിളിലും മാറിമാറി അവൾ സ്നേഹ ചുംബനം അർപ്പിച്ചു.

കാര്യം ഒന്നും അറിയാത്തതിനാൽ അർച്ചനയുടെ അമ്മയും അക്ഷയും അമ്പരന്നു പോയി…. “എന്ത് പറ്റിയെടീ നിനക്ക്..സാധാരണ നീ ഇങ്ങനെയല്ലല്ലോ” അപ്പോഴാണ് ആരാധനക്ക് അബദ്ധം മനസ്സിലായത്. “ഛെ..ആകെ കുളമായി.വേണ്ടീരുന്നില്ല.അവൾ നഖം കടിച്ചു.” “അമ്മേ അത് പിന്നെ ഇത്രയും ദിവസം കാണാതിരുന്നപ്പോൾ സ്നേഹം കൂടിയതാണ്” ആരാധന ഒരുവിധം പറഞ്ഞൊപ്പിച്ചു. അർച്ചനയുടെ അമ്മക്ക് സംശയം മാറിയോ എന്ന് അറിയില്ല.ആരാധന അവരെ കൗതുകത്തോടെ അതിലുപരി സ്നേഹത്തോടെ നോക്കി. തന്റെ അമ്മയുടെ അതേ രൂപം. ഒരുമാറ്റവുമില്ല.അത്രക്ക് സാദൃശ്യമുണ്ട്.

ഈ അമ്മ മദ്ധ്യവയസ്ക്കയാണെന്നേയുള്ളൂ.പ്രായത്തിന്റെ വ്യത്യാസം മുഖത്ത് ഉണ്ടെങ്കിലും സുന്ദരിയാണ്. പൊടുന്നനെ ആരാധനക്കൊരു സംശയം ഉണ്ടായി.അർച്ചന വീട്ടിൽ വന്നപ്പോൾ അമ്മയുടെ ഫോട്ടോ കണ്ടതാണ്.പിന്നെയെന്തുകൊണ്ട് അവൾ തന്നോടൊന്നും പറഞ്ഞില്ല.കുറച്ചു കൂടി കഴിയട്ടെ..വിളിച്ചു ചോദിക്കാമെന്ന് ആരാധന കരുതി. “ശരി അമ്മേ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ.. അമ്മ വിഷമിച്ചു ഇരിക്കുകയാകും” അർച്ചനയുടെ അമ്മയോട് യാത്ര ചോദിച്ചിട്ട് അക്ഷയ് ആരാധനയെ നോക്കി.പോകുവാണെന്ന് ആംഗ്യം കാണിച്ചു. “ഇങ്ങോട്ട് വാടീ” അമ്മ ആരാധനയെ വിളിച്ചിട്ട് അകത്തേക്ക് കയറി.

അവൾ ഓടിച്ചെന്ന് നടന്നു പോകുന്ന അക്ഷയിനു മുമ്പിൽ തടസ്സമായി നിന്നു. “നീ അങ്ങനെയങ്ങ് പോയാലോ” ഇടുപ്പിൽ കൈകൾ വെച്ചു കൊണ്ട് ചോദിച്ചു. “പിന്നെന്താ നിനക്ക് വേണ്ടത്” അവനൊന്നും മനസ്സിലായില്ല. “എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയെങ്കിലും തന്നൂടെ പിശാചേ.എത്രയൊക്കെ ആണെങ്കിലും നാണമില്ലാതെ ഞാൻ നിന്റെ പിറകെ നടക്കുന്നതല്ലേ” “ഒന്ന് പോയേടീ” അവളെ തട്ടി മാറ്റിയട്ട് അക്ഷയ് നടന്നകന്നു. “സാരമില്ലെടാ മോനേ..സ്നേഹം ഉള്ളിലുണ്ടെന്ന് അറിയാം.ഞാൻ വെയ്റ്റ് ചെയ്തോളാം” ആരാധന വിളിച്ചു പറഞ്ഞു. “പോടീ മരമാക്രി” അക്ഷയിന്റെ മറുപടിയെത്തി.

അവൻ പോയതോടെ ആരാധന മുറിക്കകത്തേക്ക് കയറി. അക്ഷയിനേയും ആരാധനയേയും ജനലരികിൽ നിന്ന് അർച്ചനയുടെ അമ്മ ശ്രദ്ധിച്ചിത അവരറിഞ്ഞില്ല. രണ്ടു മുറിയും അടുക്കളയും അടങ്ങിയതാണ് അർച്ചനയുടെ വീട്.ചെറുതെങ്കിലും നല്ല ഭംഗിയോടും വൃത്തിയായും സൂക്ഷിച്ചിരിക്കുന്നത് ആരാധന കണ്ടു.അവൾ രണ്ടു മുറിയിലും കയറി. അർച്ചനയുടെ മുറി കണ്ടുപിടിക്കാൻ പ്രയാസപ്പെടേണ്ടി വന്നില്ല.അവളുടെ ചിത്രങ്ങൾ ഓരോ കാലഘട്ടത്തിലുളളത് ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്നു.കൗതുകത്തോടെ എല്ലാം നോക്കി നിന്നു. “ഡീ തുണിയൊന്നും മാറ്റുന്നില്ലേ” പെട്ടന്നാണ് അമ്മ മുറിയിലേക്ക് കയറി വന്നത്.

“എനിക്കൊന്ന് കുളിക്കണം അമ്മേ” അവരൊന്ന് ഞെട്ടി.രാത്രി ആയാൽ വെള്ളം തൊടാൻ മടിക്കുന്നവളാണ് ഇപ്പോൾ കുളിക്കണം പോലും.അവർ ആരാധനയെ സൂക്ഷിച്ചു നോക്കി. അപ്പോഴാണ് മകൾ ഇട്ടിരിക്കുന്ന വിലകൂടിയ തുണികളും സ്വർണ്ണാഭരണങ്ങളും ശ്രദ്ധയിൽ പെട്ടത്.അവരുടെ നെറ്റിയൊന്ന് ചുളിഞ്ഞു. “എവിടുന്നാടീ നിനക്ക് ഇത്രയും വില കൂടിയ തുണികളും സ്വർണ്ണവും വാങ്ങാനായി പണം കിട്ടിയത്” ആരാധനക്ക് അപ്പോഴാണ് അമളി മനസ്സിലായത്.പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല.പെട്ടന്നാണ് ഇവിടേക്ക് വരാനൊരു തീരുമാനം എടുത്തത്.തെല്ലൊന്ന് ആലോചിച്ചു മറുപടി നൽകി. “അമ്മേ ഇത് സ്വർണ്ണമൊന്നും അല്ല ഗ്യാരന്റി ആഭരണങ്ങളാണ്.

ഡ്രസിനു പകിട്ടേയുള്ളൂ വില കുറവാണ്. അമലേഷ് വാങ്ങി തന്നതാണ്” ഉടനെയവൾ എല്ലാം അക്ഷയിന്റെ മേൽ കെട്ടിവെച്ചു കൊടുത്തു. നെയിം തെറ്റാതിരിക്കാനും ശ്രദ്ധിച്ചു. ഇല്ലെങ്കിൽ പണി പാളും. “മം.. എന്നാൽ ചെന്ന് കുളിച്ചിട്ട് വാ..കഴിച്ചിട്ട് എനിക്ക് കിടക്കണം” അർച്ചനയുടെ അമ്മ മുറിവിട്ടിറങ്ങിയതോടെ ആരാധനക്ക് ശ്വാസം നേരെ വീണത്.തൽക്കാലം രക്ഷപ്പെട്ടു. അവൾ ആശ്വസിച്ചു. മാറിയുടുക്കാനുളള ഡ്രസും എടുത്തു ആരാധന മുറിയിൽ നിന്നും ഇറങ്ങി അവിടെമാകെ വട്ടം കറങ്ങി.കുളിമുറി എവിടാണെന്ന് അറിയില്ല.അതായത് അവളെ കുഴപ്പിച്ചത്. വീണ്ടും തിരിച്ച് മുറിയിൽ കയറി അർച്ചനക്ക് ഫോൺ ചെയ്തു.

വളരെ അടക്കിയ ശബ്ദത്തിലാണു സംസാരിച്ചത്. “ഡീ എനിക്കൊന്ന് കുളിക്കണം. എവിടെയാ കുളിമുറി.അമ്മയോട് ചോദിച്ചാൽ സംശയമാകും” “ഹായ് ചേച്ചി എന്റെ അമ്മയെ കണ്ടിട്ട് എങ്ങനെയുണ്ട്. ഞാൻ ഒന്നും പറയാഞ്ഞത് ചേച്ചിക്കൊരു സർപ്രൈസ് ആകട്ടെയെന്ന് കരുതി” അർച്ചനയുടെ ചിരി ഫോണിലൂടെ മുഴങ്ങി. “എല്ലാം കൂടെ ചേർത്തു നിനക്ക് ഞാൻ തരാം.ഇപ്പോൾ നീയിത് പറയ്” “അടുക്കളയിൽ കൂടി വെളിയിൽ ഇറങ്ങിയാൽ മതി.കിണറ് മുൻ ഭാഗത്ത് ആണ്.ബാത്ത് റൂമിന്റെ ഫ്രണ്ടിലെ ലൈറ്റ് രാത്രിയിൽ കത്തി കിടക്കും.അമ്മക്കത് നിർബന്ധമാണ്” “ശരിയെടീ ഞാൻ നാളെ വിളിക്കാം.”

“ശരി ചേച്ചി” ഫോൺ വെച്ചിട്ട് ആരാധന വേഗം അടുക്കളയിലേക്ക് ചെന്നു.അമ്മ പാചകത്തിലാണ്.അവൾ വേഗം കുളിമുറിയിലേക്ക് നടന്നു.വീടിനോട് കുറച്ചു മാറിയാണ് ബാത്ത് റൂം. ലൈറ്റ് തെളിഞ്ഞ് കിടപ്പുണ്ട്. ബാത്ത് റൂമിൽ രണ്ടു ബക്കറ്റിൽ വെള്ളം ഇരിക്കുന്നത് അവൾ കണ്ടു.ഭാഗ്യം കിണറ്റിൽ നിന്ന് വെള്ളം കോരണ്ടല്ലോ… അധികം സമയം കളയാതെ കുളിയും കഴിഞ്ഞു അവൾ തിരികെയിറങ്ങി.മുറിയിൽ ചെന്ന് മുടി നന്നായി തോർത്തിയട്ട് മുടി വിതറിയിട്ടു.അതിനു ശേഷം മുടി ചീകിയട്ട് നെറ്റിയിലൊരു വട്ടപ്പൊട്ട് മാത്രം തൊട്ടു.പിന്നെ അടുക്കളയിൽ അമ്മയുടെ അടുത്ത് ചെന്നു.

ചുട്ട പപ്പടവും അച്ചാറും ചമ്മന്തിയും ചോറിന്റെ കൂടെ.മൂക്ക് വിടർത്തിയതിന്റെ മണം ആസ്വദിച്ചു. അതോടെ വയറ്റിൽ വിശപ്പും തുടങ്ങി. “അമ്മേ ചോറ് താ വിശക്കുന്നു… ആരാധന അമ്മയോട് കൊഞ്ചി.അമ്മയുടെ വാത്സല്യവും സ്നേഹവും അവൾ അറിഞ്ഞട്ടില്ല.അത് നുകരനായിട്ടുളള കൊതിയാണ്. ” ങേ… അർച്ചനയുടെ അമ്മ അമ്പരന്നു. സാധാരണ വിളമ്പി കഴിക്കാറുളള ഇവൾക്ക് ഇതെന്ത് പറ്റി. അവർ അതാണ് ആലോചിച്ചത്.ഒന്നും പറഞ്ഞില്ലെങ്കിലും അവർ ആരധനക്ക് കൂടി ചോറ് വിളമ്പി.അടുക്കളയിൽ ഇരുന്ന് രണ്ടു പേരും കൂടി കഴിക്കാനൊരുങ്ങി. ആരാധന ആദ്യത്തെ ഉരുള അമ്മയുടെ നേർക്ക് നീട്ടി.അവർക്ക് ശരിക്കും വട്ടായിപ്പോയി.ഇന്നെല്ലാം മോള് നേരെ വിപരീതമാണ്.

പതിവില്ലാത്തതൊക്കെ കാണേണ്ടി വരുന്നു.അവർക്ക് അറിയില്ലല്ലോ കൂടെയുള്ളത് അർച്ചനയല്ലെന്നും അമ്മ നഷ്ടമായ ആരാധനയാണെന്നും. അമ്മ വാ തുറന്നതും ആരാധന ഉരുള അമ്മയുടെ വായിൽ വെച്ചു കൊടുത്തു. നല്ല രുചിയുണ്ടെന്ന് അവർക്ക് തോന്നി.മകളുടെ സ്നേഹം മുഴുവനും അതിൽ ഉണ്ട്. “ഇനി എനിക്ക് വാരി താ” ആരാധന പ്രതീക്ഷയോടെ പറഞ്ഞു. ഒട്ടും മടിക്കാതെ അവർ ആരാധനക്ക് കൂടി ഉരുള ഉരുട്ടി കൊടുത്തു. അത് നുണഞ്ഞ് ഇറക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.അമ്മയുടെ സ്നേഹവും വാത്സല്യവും ചാലിച്ച് നൽകിയ ഉരുളക്ക് വല്ലാത്ത രുചി. “എനിക്ക് ഇനിയും വാരി തരണം” പിന്നെയും കൊഞ്ചലോടെ അവൾ പറഞ്ഞു. അമ്മയെ കൊണ്ട് മുഴുവൻ ചോറും ഉരുളകളാക്കി കഴിച്ചു.

അതിനു ശേഷമാണ് ആരാധന അടുക്കളയിൽ നിന്ന് മടങ്ങിയത്. അർച്ചനയും അമ്മയും രണ്ടു മുറികളിലാണ് ഉറങ്ങുന്നത്.മകൾ പ്രായപൂർത്തിയായ ശേഷം അമ്മ തന്നെയാണ് അങ്ങനെ ശീലിപ്പിച്ചത്. മുറിയിൽ അമ്മയെ പ്രതീക്ഷിച്ച് കുറെ സമയം ഇരുന്നിട്ടും കാണാതെ അവൾ അടുത്ത മുറിയിലേക്ക് ചെന്നു.അമ്മ താഴെ പായ് വിരിച്ചു കിടക്കുന്നത് കണ്ടു.അവളും മടിക്കാതെ അമ്മയോട് ചേർന്ന് കിടന്നു. “നിനക്ക് നിന്റെ മുറിയിൽ ചെന്ന് കട്ടിലിൽ കിടന്നു കൂടേ മോളേ” “എങ്കിൽ അമ്മ കൂടി വാ” അവൾ നിർബന്ധിച്ചു. “സത്യത്തിൽ നിനക്കിത് എന്ത് പറ്റി.. ഇത് പതിവില്ലാത്തതാണല്ലോ” “ഇനി പതിവൊക്കെ തെറ്റും” ആരാധന പറഞ്ഞതിന്റെ പൊരുൾ അവർക്ക് മനസ്സിലായില്ല.

മകളുടെ നിർബന്ധം കാരണം അമ്മ ആരാധനയുടെ കൂടെ കട്ടിലിൽ കിടന്നു.ഒരുകയ്യ് എടുത്തു അമ്മയെ ചുറ്റി.എന്നിട്ട് കവിളിലൊരുമ്മ കൊടുത്തു. “എനിക്കൊരു കഥ പറഞ്ഞു താ അമ്മേ” “ഈശ്വരാ ഇവൾക്ക് വട്ടാണോ” എന്ന് അമ്മക്ക് തോന്നാതിരുന്നില്ല. “ഞാനൊരു പാട്ട് പാടാം അത് മതിയോ” “ങാം..മതി.” അമ്മ നല്ലൊരു താരാട്ട് പാട്ട് പാടി.അതിലൂടെ ആരാധന തന്റെ അമ്മയെ കണ്ടു.തന്റെ ബാല്യകാലം ഓർത്തു… അമ്മയുടെ പാട്ടും തലോടലും ഏറ്റതും ആരാധന സുഖകരമായൊരു മയക്കത്തിലേക്ക് വഴുതി വീണു. സുന്ദരമായ ഒരുപാട് സ്വപ്നങ്ങൾ കണ്ടു.അച്ഛനും അമ്മയും താനുമെല്ലാം സന്തോഷത്തോടെ ജീവിക്കുന്നത്… കിടന്നിട്ട് അർച്ചനയുടെ അമ്മക്ക് ഉറക്കം വന്നില്ല..

കൂടെയുള്ളത് മകളാണോന്ന് പോലും ഒരുനിമിഷത്തേക്ക് സംശയിച്ചു. “ഈശ്വരാ ഞാനെന്റെ കുഞ്ഞിനെ കുറിച്ച് എന്തൊക്കെയാണ് കരുതുന്നത്” അവർക്ക് സങ്കടം വന്നു. ഉറങ്ങി കിടക്കുന്ന ആരാധന യുടെ കവിളിൽ ചുണ്ടുകൾ അമർത്തി. എന്നിട്ട് മോളെയും കെട്ടിപ്പിടിച്ചു കിടന്നു. രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ദുസ്വപ്നം കണ്ടിട്ട് അവൾ അലറിക്കരഞ്ഞു കൊണ്ട് ചാടിയെഴുന്നേറ്റു.മയങ്ങിപ്പോയ അമ്മയും കൂടെ ഞെട്ടിയുണർന്നു. “എന്ത് പറ്റി മോളേ” അമ്മ എഴുന്നേറ്റ് ആരാധനയെ കുലുക്കി വിളിച്ചു .അപ്പോഴാണ് അവൾക്ക് പരിസരബോധം വന്നത്. “അമ്മ മരിച്ചു പോയതായി ഞാനൊരു സ്വപ്നം കണ്ടു” കരച്ചിലോടെ അവൾ അമ്മയെ കെട്ടിപ്പിടിച്ചു. “അമ്മക്ക് കുഴപ്പമൊന്നും ഇല്ലെടീ..

അമ്മേടെ കണ്ണൻ ഉറങ്ങിക്കോ” ആരാധനയെ ആശ്വസിപ്പിച്ച് അവർ കിടത്തി.അമ്മയെ കെട്ടിപ്പിടിച്ചു അവൾ കിടന്നു..ഈ പ്രാവശ്യം കുറച്ചു മുറുക്കം കൂടുതൽ ഉണ്ടായിരുന്നു കെട്ടിപ്പിടുത്തത്തിനു… ഒരുമരണത്തിനും ഞാനെന്റെ അമ്മയെ വിട്ടു കൊടുക്കില്ലെന്ന ഉറപ്പു പോലെ… അർച്ചനയുടെ അമ്മക്ക് മുമ്പ് തോന്നിയ സംശയം എല്ലാം എവിടെയോ പോയി മറഞ്ഞു.തന്റെ മോൾ ഉറങ്ങി ഉണരുന്നത് വരെ ഉറങ്ങാതെ അവർ നേരം വെളുപ്പിച്ചു…©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-10

Share this story