ഗോപികാ വസന്തം : ഭാഗം 3

ഗോപികാ വസന്തം : ഭാഗം 3

എഴുത്തുകാരി: മീര സരസ്വതി

ഞങ്ങളെ കണ്ട് ആദ്യം അമ്പരപ്പായിരുന്നു ഹരിക്ക് തോന്നിയതെങ്കിലും പെട്ടെന്നാ മുഖത്ത് സന്തോഷം നിറയുന്നത് കണ്ടു. പെട്ടെന്ന് തന്നെ എന്നെയൊന്ന് ആലിംഗനം ചെയ്ത്‌ അകത്തേക്ക് ക്ഷണിച്ചു.. ഇപ്പോൾ അമ്പരപ്പ് എന്നിലേക്ക് മാറി വന്നു. സ്വീകരണ മുറിയിലെ സെറ്റിയിലിരുന്ന് ഹരിയെ തന്നെ വീക്ഷിക്കുകയായിരുന്നു. പണ്ട് കണ്ടതിലും ഒത്തിരി മാറിയിട്ടുണ്ട് ആള്. ഷോർട്സും ഒരു ടൈറ്റ്‌ ടീഷർട്ടും ആണ് വേഷം. പെരുപ്പിച്ച് വെച്ച മസിലുകൾ ആ ടീഷർട്ടിൽ എടുത്തു കാണിക്കുന്നുണ്ട്. ക്ലീൻഷേവിൽ ആളെ ഏതോ ഹിന്ദി സീരിയൽ താരത്തെ പോലെ തോന്നിച്ചു. “എത്ര കാലമായി വസൂ കണ്ടിട്ട്..

നാട്ടിൽ എല്ലാർക്കും സുഖല്ലേ..?” ഹരി തന്നെ സംസാരത്തിനു തുടക്കമിട്ടു. അവന്റെയൊരു സുഖാന്വേഷണം. ഒരു പെണ്ണിനെ വഞ്ചിച്ചിട്ട് എങ്ങനെ ഒന്നും അറിയാത്തത് പോലെ നിൽക്കാൻ പറ്റുന്നു. മറുപടിയൊന്നും പറയാൻ തോന്നിയില്ല. ഒരു നിമിഷം കനത്ത നിശബ്ദത അവിടെ കടന്നു വന്നു. “അവി.. മീറ്റ് മൈ ചൈൽഡ്ഹുഡ് ഫ്രണ്ട് വസന്ത്‌ ഭാസ്കർ ഫ്രം കേരള..” അപ്പോഴാണ് തങ്ങളുടെ മുന്നിൽ പുഞ്ചിരിയോടെ നില്ക്കുന്ന വെളുത്തു തുടുത്ത പെങ്കൊച്ചിനെ ശ്രദ്ധിക്കുന്നത്. മുട്ടിനു മുകളിൽ കേറി നിൽക്കുന്ന ഷോർട്സും അലസമായി ധരിച്ച ടിഷർട്ടും ആണ് വേഷം..

നിറഞ്ഞ പുഞ്ചിരിയോടെ കൈ നീട്ടിയപ്പോൾ അറിയാതെ തിരികെ കൈ നീണ്ടു പോയി. അല്ലെങ്കിലും ആദ്യമായി ഒരു ഷോർട്സും ബനിയനും ധരിച്ച് മുന്നിൽ ഒരു പെണ്ണ് നിൽക്കുന്നത് കാണുമ്പോൾ ഏതൊരു ടിപ്പിക്കൽ മലയാളിക്കും ഒരു കൗതുകം തോന്നില്ലേ.. പിന്നെയാണ് ഈ ബ്ലെഡ്ഡീ ഗ്രാമവാസിയായ ഞാൻ. എന്നെ നോക്കി പുച്ഛത്തോടെ ചിരികോട്ടിയ മനുവിനെ നോക്കി ഞാൻ ആത്മഗതിച്ചു. “ക്യാൻ ഐ ഗെറ്റ് യു സംതിങ് ടു ഡ്രിങ്ക്??” “നോ താങ്ക്സ്..” “ഓക്കേ ദെൻ യൂ ഗയ്‌സ് ക്യാരി ഓൺ.. ” അതും പറഞ്ഞ് അവള് മുറിയിലേക്ക് കയറിപ്പോയി ഡോർ അടച്ചു. ഒരു കണക്കിന് ഡോർ അടച്ചത് നന്നായി.

അവന്റെ കള്ളത്തരം ആ പെണ്ണിന് അറിയില്ലെങ്കിലോ. അവന്റെ കൂസലില്ലായ്മ കാണും തോറും ദേഷ്യം അരിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. അവനൊന്ന് പൊട്ടിക്കാൻ കൈ തരിച്ചതും മനു കൈ മുറുകെ പിടിച്ചിരുന്നു. “എനിക്കിട്ടൊന്ന് പൊട്ടിക്കണമെന്ന് തോന്നുന്നില്ലേ വസൂ.. നീ ഇപ്പോ വന്നതും അതിനല്ലേ. ആത്മാർത്ഥ സുഹൃത്തിനെ വഞ്ചിച്ചത് എന്തിനാണെന്ന് ചോദിക്കാൻ..?” ഫ്രിഡ്ജിൽ നിന്നും ജ്യൂസ് എടുത്ത് ടേബിളിൽ ഇരുന്ന ഗ്ലാസ്സുകളിലേക്ക് പകർന്ന് കൊണ്ട് ചോദിച്ചു. കൈയിലേക്ക് ജ്യൂസ് ഗ്ലാസ് നീട്ടിയപ്പോൾ വാങ്ങാൻ മടിച്ചതും അരികിലിരുന്ന ടീപോയുടെ മുകളിൽ വെച്ച് തിരികെ സോഫയിൽ പോയി ഇരുന്നു.

“ഉം.. എങ്ങനെ തോന്നി ആ പാവത്തിനെ… ??കണ്ണിലെണ്ണയൊഴിച്ച് കാത്തു നില്പുണ്ട് അവിടെ..” “അറിയാം വസു.. പൊറുക്കാനാവാത്ത ചെറ്റത്തരമാ ചെയ്തതെന്ന്.. പക്ഷെ ഒന്നും അറിഞ്ഞോണ്ടായിരുന്നില്ല. ചെറുപ്പത്തിൽ ഇഷ്ടം തോന്നിയെന്നത് ശെരി തന്നെയാ. പക്ഷെ അതൊരിക്കലും തീവ്രമായ ഇഷ്ടമായിരുന്നില്ല. എല്ലാവരും എന്റെയാണെന്ന് പറഞ്ഞപ്പോൾ തോന്നിയ ഒരു കൗതുകം. ശങ്കരമ്മാമയോട് പിണങ്ങിയിട്ടും ഗോപുവിനോടുള്ള പ്രണയത്തിനു അച്ഛൻ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. അതാ പിന്നെയും അവളോട് അടുത്തത്. ഗോപുവിന് എന്നെ അത്രയേറെ ജീവനാണെന്ന് അറിഞ്ഞിരുന്നില്ല.

ഞാൻ വിളിക്കാതിരുന്നിട്ടും കാണാതിരുന്നിട്ടും ആ ഇഷ്ടം കൂടി വരുവാണെന്ന് അറിഞ്ഞില്ല. അല്ലെങ്കിൽ അതിനെ കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. ഒരു ദിവസം അവളോട് മിണ്ടിയില്ലലോ മെസേജ് അയച്ചില്ലേലോ എനിക്ക് അത്ര വലിയ പ്രശ്നങ്ങൾ തോന്നിയിരുന്നില്ല. അവളെ ഓർക്കുമ്പോഴൊന്നും ഒരു തരത്തിലുള്ള ഫീലിങ്ങ്സും ഉണ്ടായിരുന്നില്ല. പ്രതേകിച്ച് ഒരിഷ്ടവും എനിക്കവളോട് തോന്നിയിരുന്നില്ല. എനിക്കവളെ കാണണമെന്ന് ഒരിക്കൽ പോലും തോന്നിയിരുന്നില്ല. പക്ഷെ അങ്ങനെ ഒരിഷ്ടം തോന്നിയത് അവന്തികയോടായിരുന്നു. ബാംഗ്ളൂരിൽ വന്ന കാലം തൊട്ടുള്ള ബെസ്റ്റ്‌ ഫ്രന്റ്‌. എന്തിനും ഏതിനും കൂടെയുള്ളവർ. ഒരു ദിവസം പോലും കാണാതെയോ മിണ്ടാതെയോ നിൽക്കാൻ പറ്റില്ലായിരുന്നു..

ഞാൻ പലപ്പോഴും കൺഫ്യൂസ്ഡ് ആയിരുന്നു. ഏതാണ് പ്രണയം എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. അവിയോട് എന്റെ ഫീലിംഗ്‌സിനെ പറ്റി പറഞ്ഞാലോ എന്ന് ഒരുപാട് ആലോചിച്ചതാ. അവൾക്കും എന്നോടിത് പോലെ ഒക്കെ ആണേൽ ഗോപുവെ പറഞ്ഞു മനസിലാക്കാം എന്നും കരുതി.. പക്ഷെ ഞങ്ങളുടെ ഫ്രണ്ട്ഷിപ് നഷ്ടപ്പെടുമോ എന്ന പേടി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. അതുകൊണ്ട് തന്നെ ഒന്നും പറയാതെ എന്റെ ഇഷ്ടം ഉള്ളിലടക്കി. പിന്നെ ഗോപുവാണ് എന്റെ പെണ്ണെന്ന് അച്ഛൻ ഇടക്ക് ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു. അത്കൊണ്ട് ഗോപുവിനെ ആ രീതിയിൽ ഇഷ്ടപ്പെടണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു. പോകെ പോകെ അവളോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

പക്ഷെ എത്ര ശ്രമിച്ചിട്ടും അവിയായിരുന്നു മനസ്സ് നിറയെ . ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് അമ്മയുടെ രോഗം മൂർഛിച്ചത്. പിന്നെ അതിന്റെ പുറകെ ആയതിനാൽ മറ്റൊന്നും ചിന്തിച്ചില്ല. മരണ സമയത്ത് അച്ഛന്റെ ചതിയെ പറ്റി അമ്മ പറഞ്ഞു. മുത്തച്ഛൻ തറവാടും സ്ഥലവും ഗോപുവിന്റെ പേരിലാണ് എഴുതി വെച്ചിരിക്കുന്നത്. അതിനു തൊട്ടടുത്ത സ്ഥലങ്ങൾ എനിക്കും ദേവുവിനും. അച്ഛന്റെ കണ്ണ് തറവാട്ടിലായിരുന്നു. ആൾ അതുവച്ച് ആയുർവേദ ഹെറിറ്റേജ് പണിയാൻ പ്ലാനിട്ടിരുന്നു.. സ്വത്തിൽ മാത്രമായിരുന്നു അച്ഛന്റെ കണ്ണ്. അച്ഛനൊപ്പം കൂട്ട് നിന്ന് ഗോപുവിനെ വേദനിപ്പിക്കരുത് എന്നാ അമ്മ കണ്ണടയ്ക്കും മുന്നേ പറഞ്ഞത്. പിന്നെ ഒത്തിരി വേദനിച്ചു.

അമ്മയുടെ വേർപാടിനൊപ്പം അറിയാതെ ആണേലും ഞാനും അച്ഛന്റെ കുതന്ത്രങ്ങളിൽ ഉൾപ്പെട്ട്‌ പോയല്ലോ എന്ന സങ്കടത്തിൽ നീറി. എന്ത് വന്നാലും ഗോപുവിനെയിനി കൈ വിടില്ലെന്ന് ഉറപ്പിച്ചു. പക്ഷെ എല്ലാം കീഴ്മേൽ മറിഞ്ഞു. അവി എന്നെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞു. ഞാനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിപ്പോയി. പക്ഷെ ഒരു നിമിഷം ഗോപുവിനെക്കുറിച്ച് ഓർത്തതും ആ സന്തോഷമെല്ലാം കെട്ടടങ്ങി. ആ പാവത്തിനെ വഞ്ചിക്കാൻ വയ്യെന്ന് ഉറപ്പിച്ചു. അവിയുടെ ഇഷ്ടം തിരസ്കരിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ നമ്മൾ ഇഷ്ടപ്പെടുന്ന ആൾ നമ്മളെയും തിരിച്ച് ഇഷ്ടപ്പെടുന്നു എന്ന കാര്യം അറിഞ്ഞാൽ എത്രകാലം കണ്ടില്ലെന്ന് നടിക്കാൻ കഴിയും.

അറിയില്ലെടോ പിന്നെ എന്ത് പറ്റിയെന്ന്.. ഞാനും സ്വാർത്ഥനായിപ്പോയി. എന്റെ പ്രണയത്തിനു മുന്നിൽ മറ്റുള്ളതൊക്കെയും കണ്ണടക്കേണ്ടി വന്നു. പിന്നീട് ചിന്തിച്ചപ്പോൾ ഇതാണ് ശെരിയെന്ന് തോന്നി. ഇനി തമ്മിൽ ഒന്നിച്ചാൽ തന്നെയും ഗോപുവിനെ ഒരിക്കലും എനിക്ക് സ്നേഹിക്കാൻ പറ്റില്ലായിരുന്നു.. അവിയ്ക്കുള്ള സ്ഥാനം വേറെ ആർക്കും നൽകാനും പറ്റില്ല. എനിക്കവളോടുള്ളത്‌ സഹതാപം മാത്രമായിരുന്നു. ഇഷ്ടമല്ലാതെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും. പിന്നെ അച്ഛന്റെ സ്വഭാവം വെച്ച് തറവാടിന്റെ കാര്യം പറഞ്ഞ് അവൾക്ക് സ്വസ്ഥത നൽകാനും പോണില്ല. ആകെ ഒരു പേടി ഒക്കെ അറിഞ്ഞാൽ അവൾ എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു.

തല്ക്കാലം ഒന്നും അറിയിക്കേണ്ടെന്ന് കരുതിയ ഫോൺ നമ്പർ മാറ്റിയത്. ഒരു വിവരവുമില്ലാതെ ആകുമ്പോൾ മറന്നോളും എന്ന് കരുതി. പാവം ഒരു പൊട്ടി പെണ്ണായതിനാൽ അന്വേഷിച്ചു വരില്ലെന്ന് വിശ്വസിച്ചു. പക്ഷെ അന്വേഷിക്കാൻ നിന്നെ വിടുമെന്ന് കരുതിയതേയില്ല വസൂ.. ഇനി ഞാനവളെ വിളിച്ച് സംസാരിക്കാം വസൂ. ഒന്നും ഒളിച്ചു വെച്ച് കാര്യമില്ലലോ.. അവൾ എന്നെ മനസ്സിലാക്കാതിരിക്കില്ലാ.” “വേണ്ട. ഇപ്പൊ ഒന്നും അവളറിയേണ്ട ഹരി. താങ്ങാൻ പറ്റിയെന്ന് വരില്ല. ഞാൻ കണ്ടില്ലെന്ന് അവളോട് പറഞ്ഞോളാം..” അത്രമാത്രം പറഞ്ഞ് ഞങ്ങളിറങ്ങി. ആ മനുഷ്യന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ മറിച്ചൊന്നും പറയാൻ പറ്റിയില്ല. അയാൾ പറഞ്ഞത് പോലെ ഇഷ്ടമല്ലാതെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരുന്നതിനേക്കാൾ നല്ലത് ഇത് തന്നെ ആയിരുന്നു.

തിരികെ മനുവിന്റെ ഫ്ലാറ്റിൽ എത്തിയപ്പോഴും എങ്ങിനെ ഗോപുവിനെ പറഞ്ഞു മനസ്സിലാക്കും എന്നായിരുന്നു ചിന്ത. താലികെട്ടാൻ നേരത്ത് ആളെ മുന്നിലെത്തിക്കും എന്ന എന്റെ വാക്കിന്റെ പുറത്താകും അവളിപ്പോൾ ജീവിക്കുന്നത് തന്നെ . ഹരിയെ പ്രാണനേക്കാളേറെ അവൾ സ്നേഹിക്കുന്നുണ്ട്. കാര്യങ്ങൾ അറിഞ്ഞാൽ എങ്ങനെ സഹിക്കും.. വല്ലാത്ത നോവ് തോന്നുന്നു അവളെ ഓർക്കുമ്പോൾ. നെഞ്ചാകെ വിങ്ങിപ്പൊട്ടും പോലെ. പെട്ടെന്നാണ് അവളുടെ കാൾ ഫോണിലേക്ക് വന്നത്. ബാംഗ്ളൂരിലേക്ക് വന്നത് അറിഞ്ഞു കാണണം. ഫോൺ ഒരു റിങ് മുഴുവനും അടിഞ്ഞു കഴിഞ്ഞതും ഓഫ് ചെയ്തിട്ടു. നേരിട്ട് സംസാരിക്കുന്നതാ നല്ലതെന്ന് തോന്നി. തിരികെയുള്ള യാത്രയിൽ ഉടനീളം ഗോപുവിനോട് പറയണമോ വേണ്ടയോ എന്നുള്ള സംഘർഷം ത്തിലായിരുന്നു മനസ്. 🌺🌺🌺🌺🌺🌺🌺🌺

നാട്ടിൽ എത്തിയതും ഡേറ്റ് ഉറപ്പിച്ച കാര്യം അമ്മ സന്തോഷത്തോടെ പറയുന്നുണ്ട്. ഇനി അധിക നാളില്ല. കഷ്ടിച്ച് രണ്ടാഴ്ച. ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നല്ല ചേർച്ചയാണത്രെ. വസ്ത്രങ്ങൾ എടുക്കേണ്ടതിനെ കുറിച്ചും വീട് പെയിന്റ് ചെയ്യേണ്ടതിനെക്കുറിച്ചും ഒക്കെ ആള് ആവേശത്തോടെ സംസാരിക്കുന്നുണ്ട്. എന്തോ വിഷമം തോന്നിപോയി. ഈ ആവേശമൊക്കെ കെട്ടടങ്ങാൻ ഇനി അധിക നേരമില്ലല്ലോ. ഡ്രസ്സ് മാറ്റി കൈലിയുടുത്ത് ഫോണും തോർത്തുമെടുത്ത് കുളപ്പടവിലേക്ക് നടന്നു. “കുളപ്പടവിലേക്ക് വാ..” ഗോപുവിന് മെസേജ് അയച്ച് കുളത്തിലെ കുഞ്ഞ് കുഞ്ഞ്‌ ഓളങ്ങളിലേക്ക് കണ്ണ് നട്ടു. അവളോട് എങ്ങനെ പറഞ്ഞു തുടങ്ങും എന്നുള്ള സന്ദേഹത്തിലാണ്‌ മനസ്സ് മുഴുവനും.

നിമിഷങ്ങൾക്കകം അണച്ച് കൊണ്ട് ഓടി വരുന്നവളെ അല്ബുധതോടെയാ നോക്കിയത്. ആ കണ്ണുകളിപ്പോൾ ആകാംക്ഷ നിറഞ്ഞ് വിടർന്നിട്ടുണ്ട്. മുഖത്തു നേരിയ സന്തോഷം അലതല്ലുന്നുണ്ട്. എന്റെ മുഖം വിവർണ്ണമായതിനാലാകും പെട്ടെന്ന് ആ പെണ്ണിന്റെ മുഖത്തു ടെൻഷൻ കയറിവന്നത്. മുഖത്തു ഒരു പുഞ്ചിരി വരുത്തിയതും ആ ചിരി അവളുടെ ചുണ്ടുകളിലേക്കും പടർന്നു. എന്റെ അടുത്തായി ആള് വന്നിരുന്നു. “ഗോപൂ.. ഹരി വരാതെ അകന്നു പോയെങ്കിൽ നീ എന്ത് ചെയ്യും..?” “പ്രാണൻ അകന്നു പോയാൽ പിന്നെയീ ശരീരമെന്തിനാ.. അത് ഞാനങ്ങ് വെടിയും..” ഉറച്ച ശബ്ദത്തിൽ പറയുന്നവളെ ഇമ വെട്ടാതെ നോക്കിപോയി. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവളാണ്.

വരില്ലെന്ന് പറഞ്ഞാൽ പ്രശ്നമാകും ഉറപ്പാ. ഇനിയിപ്പോ എന്ത് പറയും ആലോചനയോടെ ഇരുന്നു. “വരില്ലല്ലേ…” “വരുമെടി പൊട്ടിക്കാളി.. കൊണ്ട് വരുമെന്ന് പറഞ്ഞല്ലേ പോയെ.. വരും..” അവളുടെ മുന്നിൽ അധിക നേരം കള്ളത്തരം പറഞ്ഞ് പിടിച്ചു നിൽക്കാൻ പറ്റില്ല. എന്റെ ഓരോ ചലനങ്ങളും പെട്ടെന്ന് മനസ്സിലാക്കുന്നവളാണ്. “ദേവുവിനെ ഓർത്താണോ ഈ ടെൻഷൻ.. ഇത്രേം സ്നേഹിച്ചിട്ടും വേണ്ടെന്ന് വെച്ചവളെ കുറിച്ച് ഒർത്ത്‌ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.. നന്നായി ജീവിച്ച് കാണിക്ക് വസന്തേട്ടാ..” ദേവുവിനെ ഓർത്തല്ല ഈ ഗോപുവിനെ ഓർത്താണിപ്പോൾ വേദനിക്കുന്നതെന്ന് പറയാൻ തോന്നി. “എന്റെ സ്ഥാനത്ത് നീ ആണെങ്കിലോ ഗോപൂ.. ” മറുപടി ഇല്ലാതെ കുളത്തിൽ കണ്ണും നട്ടിരിപ്പുണ്ട്.

പതിയെ കുളത്തിലേക്കിറങ്ങി ഞാൻ. ഒന്ന് മുങ്ങി നിവർന്നതും ശരീരത്തോടൊപ്പം മനസ്സിനും ഒരു കുളിർമ്മ വന്നിരുന്നു.. “ആണുങ്ങൾ കുളിക്കുന്നത് നോക്കി നിൽക്കാതെ കേറിപ്പൊടി..” “ഓഹ്.. പിന്നെ.. ഇയാള് കുളിക്കുന്നത് ആദ്യായിട്ടല്ലേ ഞാൻ കാണണേ..” കേറുവോടെ ചുണ്ടുകോട്ടി കയറിപ്പോകുന്നവളെ നോവോടെ നോക്കി നിന്നു. അറിയാം പെണ്ണേ.. ഹരി പറഞ്ഞ കാര്യങ്ങൾ അറിഞ്ഞാൽ പിന്നെ നിന്നെ ജീവനോടെ കാണില്ലെന്ന്. അവന്റെ താലി അണിയാൻ കഴിയുന്ന ആ ഒരു ദിവസതിനെക്കായി മാത്രമാണിപ്പോൾ നീ ജീവിച്ചിരിക്കുന്നത് എന്ന്… ഇല്ല ഗോപൂസെ.. ഈ വസന്തുള്ളിടത്തോളം ഒരു മരണത്തിനും വിട്ടു കൊടുക്കില്ല. നിന്റെ ആത്മാർത്ഥ സുഹൃത്തിന്റെ വാക്കാ.. ചിന്തയോടെ കുളത്തിൽ നീന്തിത്തുടിച്ചു. 🌺🌺🌺🌺🌺🌺🌺🌺🌺

പെട്ടെന്നാണ് ദിവസങ്ങൾ കടന്നുപോയത്. പിന്നീടുള്ള ദിവസങ്ങളിലൊന്നും ദേവുവിനെ ഓർത്തല്ല ഗോപുവിനെ ഓർത്തായിരുന്നു ഉരുകിയത്. ഈ മനസ്സിലെ നോവ് മുഴുവൻ ഗോപുവായിരുന്നു. പിന്നീടുള്ള ദിവസം മണിമംഗലത്തേക്ക് പോയതേയില്ല. വരന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങുമ്പോൾ അവളെ ഇനി എങ്ങനെ അഭിമുഖീകരിക്കും എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. എന്നെ കണ്ടാൽ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപോകുമോ എന്നോർത്തു ഭയന്നു. എന്ത് തന്നെ ആയാലും അവളൊക്കെയും അംഗീകരിക്കുന്നത് വരെ ചേർത്ത് പിടിച്ചേ മതിയാവുള്ളൂ. മണ്ഡപത്തിൽ അരികിലായിരിക്കുമ്പോൾ അവസാന നിമിഷത്തിലെ പ്രതീക്ഷയെന്നോണം എന്നെ നോക്കുന്നുണ്ട്.

അത്രമേൽ അവൾക്കെന്നെ വിശ്വാസമുണ്ട്. ആ വിശ്വാസത്തിന്മേലാണ് ഞാൻ കനൽ കോരിയിടുന്നത്. സാരമില്ല.. ഒരുനാൾ ഒക്കെയും അവൾ മനസ്സിലാക്കും. താലികെട്ടുമ്പോഴും അവളുടെ മനസ്സിനൊപ്പം ആ ശരീരവും മരവിച്ചിട്ടുണ്ടെന്ന് തോന്നി. സിന്ദൂരമണിയിക്കുമ്പോഴും പാവ കണക്കെ ഇരുന്നതേയുള്ളൂ. ഒരിറ്റുപോലും കണ്ണീർ പൊഴിച്ചിരുന്നില്ല. ശങ്കരച്ഛൻ കൈപിടിച്ച് ഏല്പിച്ചപ്പോൾ ആ മരവിച്ച് തണുത്തുറഞ്ഞ കൈ വിടാതെ മുറുകെ പിടിച്ചിരുന്നു. 🌺🌺🌺🌺🌺🌺🌺🌺🌺 “ഹരിയെട്ടാാാ……” വെട്ടം വരുന്നതേയുള്ളൂ.രാത്രിയിൽ ഓരോന്ന് ഓർത്തു എപ്പോഴോ ചാരു കസേരയിൽ കിടന്ന് ഉറങ്ങിപ്പോയിരിന്നു. ഗോപുവിന്റെ അലർച്ചയാണ് പുലർച്ചെ ഉണർത്തിയത്. ചാടിപിടഞ്ഞെഴുന്നേറ് മുറിയിലേക്കോടി.

ബെഡിലിരിപ്പുണ്ട്..സ്വപ്നം കണ്ടതാകണം. മുടി പിച്ചി വലിക്കുന്നുണ്ട്.. സിന്ദൂരം നെറ്റിത്തടത്തിലേക്ക് പടർന്നിട്ടുണ്ട്.സാരിത്തലപ്പ് മാറിൽ നിന്നും വീണു കിടപ്പുണ്ട്. ഒരു ദിവസം കൊണ്ട് തന്നെ കോലം കെട്ടു പോയി. ആ ഇരുത്തം കണ്ടതും നെഞ്ച് നീറിപ്പുകഞ്ഞു. എന്റെ കാൽ പെരുമാറ്റം അറിഞ്ഞാകണം തല ഉയർത്തി നോക്കി. സന്തോഷം കൊണ്ട് ആ മുഖം വിടരുന്നത് അത്ഭുതത്തോടെ നോക്കി.. “ഹരിയേട്ടാ..” ഓടിവന്ന് എന്നെ കെട്ടിപ്പുണർന്നു. അവളുടെ കൈ എന്റെ മുഖത്താകെ പരത്തുന്നുണ്ട്. കൈ കുമ്പിളിൽ കോരിയെടുത്തു മുഖമാകെ ചുംബിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ തരിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു.. പകപ്പോടെ അടർത്തി മാറ്റാൻ ശ്രമിച്ചതും പെണ്ണ് കൂടുതൽ ചേർന്ന് നിന്നു.

കൈ ചുരുട്ടിപിടിച്ച് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലായി വേദനിപ്പിക്കാതെ ഇടിച്ചു. “എവിടാരുന്നു ഇത്രയും നാൾ.. വാരാന്ന് പറഞ്ഞ് ന്നെ പറ്റിച്ചില്ലേ.. ഗോപു ഒത്തിരി പേടിച്ചു. അവൻ.. അവൻ വരും.. ന്നെ കല്ല്യാണം കഴിക്കാൻ.. ദുഷ്ടനാ.. ചതിയനാ.. നിക്ക് പേടിയാ ഹരിയേട്ടാ.. ന്നെ വിട്ടുകൊടുക്കല്ലേ…” എന്റെ ഗോപു.. ഞാൻ കാരണം.. നെഞ്ചിലാരോ ആഴത്തിൽ കത്തി കുത്തിയിറക്കും പോലെ. കണ്ണിൽ ഉരുണ്ട്‌ വന്ന നീർതുള്ളികൾ മുന്നിലെ കാഴ്ചയെ മറച്ചു. “ന്നെ.. ന്നെ.. വിട്ടുകൊടുക്കല്ലേ ഹരിയേട്ടാ..” പതം പറഞ്ഞ് കരയുന്ന പെണ്ണിനെ ആഞ്ഞു പുണർന്ന് പൊട്ടിക്കരഞ്ഞു.. “കൊടുക്കില്ല.. ആർക്കും കൊടുക്കില്ല.. ന്റെ ഗോപുവല്ല.. ന്റെ പെണ്ണല്ലേ…” കതക് ശക്തിയായി മുട്ടണത് കേട്ടാണ് അവളിൽ നിന്നും അകന്നു മാറിയത്.

ബഹളം കേട്ട് അച്ചനുമമ്മയും വന്നതാകണം. ഭീതിയോടെ എന്റെ ഷർട്ടിൽ പിടിച്ച് വലിക്കുന്ന പെണ്ണിനെ ചേർത്ത് പിടിച്ചു.. “മോനെ വസൂ .. എന്താ പറ്റ്യേ..വാതിൽ തുറക്ക്..” “അവനാ.. ആ വസന്ത്.. ന്നെ കല്യാണം കഴിക്കും.. നിക്ക് പേടിയാ ഹരിയേട്ടാ..” പതം പറഞ്ഞ് വിതുമ്പി കരയുന്ന ഗോപുവിനെ കൈപിടിച്ചു നടത്തിച്ച് കണ്ണാടിയുടെ മുന്നിൽ നിർത്തി. നെറ്റിയിൽ പരന്നു കിടക്കുന്ന സിന്ദൂരം തൊട്ടു നോക്കുന്നുണ്ട്. പെട്ടെന്ന് തന്നെ കൈ താലിയിലേക്ക് നീണ്ടു.. “നമ്മുടെ.. കല്ല്യാണം.. കല്യാണം കഴിഞ്ഞോ ഹരിയേട്ടാ.. നിക്കൊന്നും ഓർമയില്ല..” നിരാശയോടെ പറയുന്ന ആ പെണ്ണിന്റെ മുഖത്തേക്ക് വേദനയോടെ നോക്കി വസന്ത്‌… (തുടരാം..)

ഗോപികാ വസന്തം : ഭാഗം 2

Share this story