മൗനം : ഭാഗം 4

മൗനം : ഭാഗം 4

എഴുത്തുകാരി: ഷെർന സാറ

അവർ പോയി കഴിഞ്ഞതും ഞങ്ങൾ ഇരുവരും മാത്രമായി ആ വീട്ടിൽ… പരസ്പരം ഒന്നും സംസാരിക്കാൻ ഇല്ലാതെ നീണ്ടുപോയ കുറെയേറെ നിമിഷങ്ങൾ… മൗനം വല്ലാത്തൊരു വീർപ്പുമുട്ടലായപ്പോൾ താൻ മെല്ലെ പുഴയുടെ അരികിലേക്ക് നടന്നു…. ഒരു നിമിഷം ഒന്നാലോചിച്ചു.. ആ മൗനത്തിലൊരു സുഖം കണ്ടെത്താൻ തനിക് ശ്രെമിച്ചു കൂടായിരുന്നോ…? എന്ന്.. !! വേണ്ട… നാളെ ഒരു പക്ഷെ അതും നെഞ്ച് നീറുന്ന മറ്റൊരു ഒരോർമമ്മയായി മാറിയെങ്കിലോ… ഏറെ നേരം ആ പുഴയുടെ ഒഴുക്കിനെ നോക്കിയിരുന്നു… ആ ഇരുട്ടിൽ ഒരു നറു വെളിച്ചം പോലെ ഓളങ്ങളിൽ ചന്ദ്രബിംബം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…

പറയാൻ ആളില്ലാതെ ഉള്ളിൽ കുമിഞ്ഞ് കൂടി കിടക്കുന്ന ദുഃഖങ്ങൾ ഏറെയാണ്… !! പുറകിൽ ആളനക്കം പോലെ തോന്നിയപ്പോൾ തിരിഞ്ഞു നോക്കി… ഗായത്രിയാണ്… എന്തോ ചോദിക്കാൻ വേണ്ടിയുള്ള പരുങ്ങി നിൽപ്പാണ് ആളുടെ… കണ്ടപ്പോൾ ഒരേ സമയം തന്നെ എന്നിൽ ചിരിയും വേദനയും തോന്നി… ” ഞാൻ… നേരം… നേരം കുറെ ആയി… കിടക്കാൻ…. ” അല്പം പരുങ്ങി കൊണ്ടവൾ പറഞ്ഞപ്പോൾ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… “കിടന്നോ… ” സമർത്ഥമായി അവളിൽ നിന്നും അത് മറച്ചു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു… എന്നിട്ടും ആൾ അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ ചോദ്യഭാവത്തിൽ ആളെ ഒന്ന് നോക്കി… “അത്… കതക്… കതക് തുറന്നു കിടക്കുമ്പോൾ… ഒറ്റയ്ക്ക് പേടിയാ… ”

അല്പം മടിച്ചു കൊണ്ടാണ് ആളിത് പറഞ്ഞത്… ” നടന്നോ… ഞാൻ വരാം…. ” അവളോട് പറഞ്ഞു കൊണ്ട് വീണ്ടും ദൃഷ്ടി പുഴയിലേക്ക് പായിക്കുമ്പോൾ പിന്നെയും ആ സാന്നിധ്യം അവിടെ തുടരുന്നുണ്ടായിരുന്നു.. ” ഗായത്രി … ” തിരിഞ്ഞു നടക്കാൻ തുടങ്ങിയവളെ വിളിച്ചപ്പോൾ ആ മുഖത്ത് ആദ്യം അത്ഭുതവും പിന്നെ അനിഷ്ടവും നിറയുന്നത് കണ്ടു… ” ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ… ” അവളോട് ചോദിച്ചപ്പോൾ മറുപടി ഒന്നും വന്നില്ല… ആ മൗനത്തിൽ നിന്നും കാര്യം ഗ്രഹിച്ചു കൊണ്ട് ഞാൻ അവളോട് ചോദിക്കാൻ തുടങ്ങി… “നിനക്ക് എന്നോട് വെറുപ്പിനെക്കാൾ കൂടുതലും ഭയം ആണല്ലേ… ”

ആ ചോദ്യത്തിനുത്തരം പറയാതെ എന്നെ തന്നെ നോക്കി നിൽക്കുയാണവൾ ചെയ്തത്… ” പിന്നെന്തിനായിരുന്നു ഈ വിവാഹത്തിന് സമ്മതിച്ചത്… ” കാരണമറിയാമെങ്കിൽ കൂടി ഒരുത്തരം പ്രതീക്ഷിച്ചിരുന്നു… ” ഓരോ മാതാപിതാക്കളും തന്റെ മകളെ ഇതിന് മുൻപ് യാതൊരു പരിചയവും ഇല്ലാത്ത കുടുംബത്തിലേക്ക് കേവലം കുടുംബമഹിമയും,, അത് പോലെ തന്നെ ചെറുക്കനെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങളും ഒക്കെ മുഖവിലയ്ക്കെടുത്ത് വിവാഹം ചെയ്ത് നൽകുന്നത് വിശ്വാസം എന്ന ഒരു വാക്ക് കൊണ്ടാണ്… തന്റെ മകൾ അവിടെ സുരക്ഷിതയായിരിക്കും, സന്തോഷവതിയായിരിക്കും എന്ന വിശ്വാസം കൊണ്ട്… പക്ഷെ.. നിങ്ങളെകുറിച്ച് എല്ലാം അറിഞ്ഞിട്ട് കൂടി,,

എന്നെ നിങ്ങളുടെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് തക്കതായ എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് ചിന്തിച്ചെടുക്കാൻ എനിക്ക് കഴിയും…. ” എന്നെ നോക്കി അത്രയും പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു നടക്കുമ്പോൾ മറുചോദ്യമൊന്നുമില്ലാതെ ഞാനും അവളുടെ പിന്നാലെ നടന്നു… അല്ലെങ്കിലും അവൾ പറഞ്ഞതെല്ലാം ശെരിയല്ലേ… ഒരു കൊലപാതകിയായ എന്റെ കയ്യിൽ അവളെ ഏൽപ്പിച്ചതിന് പിന്നിലെ കാരണം എനിക്ക് അത്രമേൽ വ്യക്തമാണല്ലോ… അവൾക്കൊരു ബുന്ധിമുട്ടാകണ്ട എന്ന് കരുതി മുറിയിലേക്ക് കയറാതെ, ആ ചെറിയ ഹാളിൽ വെറും നിലത്ത് കിടക്കുമ്പോൾ ഉള്ളിലെല്ലാം അവളായിരുന്നു… ഗായത്രി… വെറും നിലത്ത്,, തണുപ്പ് പറ്റി കിടന്ന് തനിക്ക് ശീലമാണ്…

ജയിലിൽ,, കഴിഞ്ഞു പോയ എട്ടുവർഷങ്ങൾ തന്നിലൊരുപാട് മാറ്റങ്ങൾ വരുത്തി… പക്ഷെ.. ഗായത്രി… ചെറുതെങ്കിലും രവി മാമൻ ഉള്ളത് വരെ അതൊരു കൊച്ച് സ്വർഗമായിരുന്നു…. മാമന്റെ മരണശേഷം പിന്നീട് ഓരോ ദിവസവും തള്ളി നീക്കിയത് വളരെ പാട് പെട്ടാണ്… ഗായത്രിക്ക് ഒരു ജോലി കിട്ടിയതിനു ശേഷമാണ് അല്പം വിശ്രമം അപ്പയ്ക്ക് കിട്ടിയത് തന്നെ… അവളെ പഠിപ്പിക്കാനും മറ്റുമായി അപ്പ ഒരുപാട് പണിയെടുത്തിട്ടുണ്ട്… വെറുതെ ഓരോന്നോർത്ത് കണ്ണുകൾ അടച്ചു കിടക്കുമ്പോൾ മുറിയുടെ വാതിൽ വരെ എത്തിയ കാൽ പാദം തിരിച്ചറിഞ്ഞെങ്കിലും കണ്ണുകൾ തുറന്നില്ല… പതിയെ അത് അകന്നു പോകുന്നതിന് കാതോർത്തു കിടന്ന് എപ്പോഴോ മയങ്ങി…. ######################

പിറ്റേന്ന് രാവിലെ അടുക്കളയിൽ പാത്രങ്ങളുടെ ഒച്ച കേട്ടപ്പോൾ ആണ് ഉറക്കം വിട്ടെണീക്കുന്നത്… ഒന്ന് മൂരി നിവർന്നെഴുന്നേറ്റു… അടുക്കള വാതിലിൽ ചാരി നിന്ന് അവളെ നോക്കി… ആകെയുള്ള ചെറിയ പാത്രങ്ങൾ ഒക്കെയും കഴുകി വൃത്തിയാക്കുകയാണ്… അതെല്ലാം ചെറിയ ചരുവവും ചായ പാത്രവും ഗ്ലാസും പ്ലേറ്റും ചെറിയൊരു കറിചട്ടിയും ഒക്കെയാണ്… അല്ലാതെ പാത്രങ്ങൾ ഒന്നും തന്നെയില്ല… ഞാൻ ഒരാൾക്ക് മാത്രമായി എന്തുണ്ടുക്കാൻ ആണ്… ഒന്നും ഉണ്ടാക്കാനും അറിയില്ല… വല്ലപ്പോഴും ഒരു കട്ടൻ ഇട്ടു കുടിക്കും… ചൂണ്ടയിടുമ്പോൾ വരാലോ കാരിയോ വല്ലതും കിട്ടിയാൽ അതിനെ വറക്കും… അല്ലാതെ കാര്യമായ ഭക്ഷണം വെപൊന്നും ഇല്ല…

കവലയിലെ ചായക്കടയിൽ നിന്നുമാണ് ഭക്ഷണം കഴിക്കുന്നത്… ” പാത്രം ഒന്നും ഇല്ല… സാധനങ്ങളും… ” പുറകിൽ എന്റെ നിഴലനക്കം കേട്ടിട്ടാകാം ഗായത്രി പറഞ്ഞു… ” ഇന്ന് വാങ്ങിക്കാം…. ആവശ്യമുള്ളത് പറഞ്ഞാൽ മതി… ” ഒരു മൂളലിൽ അവൾ മറുപടി ഒതുക്കിയപ്പോൾ അതിൽ കൂടുതലൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നുമില്ല… ” പ്രാതലിനുള്ളത് ഞാൻ വാങ്ങിയിട്ട് വരാം… എന്നിട്ട് വീട്ടിലേക്ക് ആവശ്യമുള്ളത് വാങ്ങാം.. താൻ എഴുതി വെച്ചാൽ മതി… എന്തൊക്കെ വേണംന്ന്… ” ക്ലോക്കിൽ സമയം ഒന്ന് നോക്കിയിട്ട് അവളോട് പറഞ്ഞു… ” ഇവിടെ കുറച്ച് ചേമ്പ് കിടപ്പുണ്ടായിരുന്നു… അത് പുഴുങ്ങിയിട്ടുണ്ട്…

മുളക് ചമ്മന്തിയും ഉണ്ടാക്കി… അത് കഴിക്കുമെങ്കിൽ പുറത്ത് നിന്നും വാങ്ങണ്ട… ” കയ്യിലേക്ക് കട്ടൻ വെച്ച് തന്നു കൊണ്ട് അവൾ പറഞ്ഞപ്പോൾ ഒന്ന് ചിരിച്ചു.. ” പാലുണ്ടായിരുന്നില്ല… ” കയ്യിലെ കട്ടനിലേക്ക് നോക്കി അവൾ പറയുമ്പോൾ മറുപടി ഒന്നും പറയാതെ തിരിഞ്ഞു നടന്നു… ‘താൻ മാത്രമല്ല ഇപ്പോൾ ഈ വീട്ടിൽ ‘ എന്ന് മനസിനെ ഓർമ്മപ്പെടുത്തുക കൂടി ആയിരുന്നു… അന്ന് വൈകിട്ടിനുള്ളിൽ വീട്ടിലേക്ക് ആവശ്യമായ സാധാനങ്ങൾ എല്ലാം വാങ്ങി നൽകി… ഞങ്ങൾക്കിടയിൽ മൗനം വല്ലാത്തൊരു വേലി കെട്ടിയിട്ടുണ്ട്… ഹൃദയങ്ങളെ പരസ്പരം മറച്ചുകൊണ്ടുള്ള ഒന്ന്… മൌനത്തിന്റെ മാത്രമൊരു മരുപച്ച…

ആവശ്യത്തിന് മാത്രമാണ് സംസാരം… പക്ഷെ മുറപോലെ എന്റെ കാര്യങ്ങൾ എല്ലാം അന്നൊരു ദിവസം കൊണ്ട് തന്നെ ചെയുന്നവളെ ഹൃദയം വല്ലാത്തൊരു നോവോടെ നോക്കുന്നുണ്ടായിരുന്നു… എന്തിനെന്നറിയാതെ… അവളുടെ ആവശ്യങ്ങളെല്ലാം തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാതെ അവൾ നിന്നപ്പോൾ എനിക്കും അതൊരു ആശ്വാസം തന്നെയായിരുന്നു… അല്ലെങ്കിൽ പിന്നെ അവളുടെ ഇഷ്ടത്തിനൊത്ത് എങ്ങനെ ചെയ്യാൻ കഴിയും… അവളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് എങ്ങനെ മനസിലാക്കും… പിന്നെയും രണ്ടുദിവസം കഴിഞ്ഞിട്ടാണ് അവളുടെ വീട്ടിൽ പോയത്…

കൂടെ വരാൻ രണ്ടുപേരും ആവുന്നത്ര നിർബന്ധം പിടിച്ചെങ്കിലും മാമൻ ഉറങ്ങുന്ന മണ്ണ് വിട്ട് എങ്ങോട്ടും ഇല്ലെന്ന് അപ്പ വാശി പിടിച്ചു… അത് എന്ത് കൊണ്ടാണെന്ന് അറിയാവുന്നത് കൊണ്ട് പിന്നെ നിർബന്ധിക്കാനും പോയില്ല… പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ അമ്മയെ കാണാൻ ഒരു മോഹം… കല്യാണത്തിന്റെ കാര്യം അമ്മയെ അറിയിച്ചിരുന്നു…മിഥു വഴി… “അനുഗ്രഹിക്കാൻ കഴിയില്ലെന്നും, പറ്റുമെങ്കിൽ ഗായത്രിയുടെ കണ്ണീർ വീഴ്ത്താൻ ഇട വരുത്തരുതെന്നും ” മിഥുന്റെ അടുത്ത പറഞ്ഞു വിട്ടു….. ” അന്നത് കേട്ടപ്പോൾ ഹൃദയം നിലവിളിച്ചു കരഞ്ഞിരുന്നു… പക്ഷെ മനസ് നീയൊരു കൊലപാതകിയാണെന്നും ഇത് നീ അർഹിക്കുന്നതാണെന്നും ഓർമിപ്പിച്ചു കൊണ്ടിരുന്നു…

എങ്കിലും ഹൃദയവേദന അധികമായപ്പോൾ ഈ നാലുചുവരുകൾക്കുള്ളിൽ ഞാൻ പൊട്ടിക്കരഞ്ഞു… ഉറക്കെ ഉറക്കെ… ആരാണ് പറഞ്ഞത് ആണുങ്ങൾ കരയാറില്ലെന്ന്… ഹൃദയവേദന അതിന്റെ പാരമ്യത്തിൽ എത്തുമ്പോൾ ഏതൊരാണും കരഞ്ഞു പോകും… ആൽ ചുവട്ടിൽ ഇരിക്കുമ്പോൾ പതിവ് പോലെ അമ്മ അമ്പലത്തിൽ വരുന്നത് കണ്ടു… സ്വരയാണ് കൂടെയുള്ളത്… (ആദി സ്വരൂപ ) അമ്മ നോട്ടം നൽകാതെ പോയപ്പോൾ അവൾ അമ്മ കാണാതെ എന്നെ നോക്കി കണ്ണ് ചിമ്മിയിട്ടാണ് പോയത്. ഗായത്രിയും ഞാനും തമ്മിൽ പിന്നെയുള്ള ദിവസങ്ങളിലും മൗനം കൊണ്ട് ശീത യുദ്ധം നടത്തുകയായിരുന്നു…

ചിലനേരങ്ങളിൽ ആ മൗനം വല്ലാത്ത വീർപ്പുമുട്ടലാകുമ്പോൾ,,, ചില നേരങ്ങളിൽ അതിൽ നിന്നും സുഖമുള്ളോരോർമ മിനഞ്ഞെടുക്കാനും ഞാൻ പഠിച്ചു… അല്ല,,ആ നേർത്ത ഇടവേളകൾ പഠിപ്പിച്ചു.. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോളെക്കും ഞാൻ വീണ്ടും ബസിൽ പോയി തുടങ്ങി… ആ നേരമൊക്കെയും ഗായത്രി അപ്പയുടെ അടുത്ത പോയിരിക്കും… ഇരുവർക്കും അതൊരാശ്വാസം തന്നെയാണ്… എന്തുകൊണ്ടും…. ഇടയ്ക്ക് ഇല്ലത്ത് നിന്നും ആരെയെങ്കിലും കാണും… പക്ഷെ അവിടെയും അവഗണനയാണ്… അത് എനിക്ക് മാത്രമല്ല… ഗായത്രിക്കും അങ്ങനെ തന്നെയാണ്… ചില നിമിഷങ്ങളിൽ തോന്നും ഒന്നും വേണ്ടിയിരുന്നില്ലെന്ന്…

തൊട്ടടുത്ത നിമിഷം അതിനെ ഇട്ടുമൂടുന്നൊരോർമ വന്നു നിറയുമ്പോൾ അവനെ ഒറ്റയടിക്ക് കൊല്ലാൻ പാടില്ലായിരുന്നു എന്ന് തോന്നും… അപ്പോഴും,, ഇപ്പോഴും ഉള്ളിലൊരു നോവായി ചേച്ചിയും മോളും നിറഞ്ഞു നില്കുന്നുണ്ട്… താൻ കാരണം എന്നൊരു ചിന്ത വന്നു മൂടാറുണ്ട്… കുറ്റബോധം തന്നെ പൊതിയാറുണ്ട്… അതിനുമുന്നിൽ തോറ്റുപോവുമെന്ന് തോന്നാറുണ്ട്… പക്ഷെ,, ഇത് ആദിശങ്കരൻ ആണ്… തോൽക്കില്ല… അടി പതറാതെ പിടിച്ചു നില്കും… കാത്തിരിക്കാം…. ഈ കഥ ചന്തുവിലൂടെ ആയിരിക്കും കൂടുതലും മുന്നോട്ട് പോകുന്നത്…

ഗായത്രിയെക്കാൾ പ്രാധാന്യം ചന്തുവിനാണ്… ചന്തു ചതിയനാണ്… ചതിയൻ ചന്തു.. 😀😀 കുറച്ച് പേര് സംശയം പ്രകടിപ്പിച്ചിരുന്നു… ചന്തുവിന്റെ past നെ present മായി കണക്ട് ചെയ്യാൻ ജസ്റ്റ്‌ ഒരു ഔട്ട്‌ ലൈൻ നീരൂർ എന്ന ഗ്രാമത്തെ കുറിച്ചും അത് പോലെ ഇലവുങ്കൽ ഇല്ലത്തെ കുറിച്ചും കൊടുത്തതാണ്… വിശദമായി ഇവ past ൽ പറയുന്നതാണ്… കഥയുടെ ഇടയിൽ ഇമോജി ആഡ് ചെയ്യുന്നത് സീൻ ചേഞ്ച്‌നു കൂടിയാണ് കേട്ടോ…. കഥയെ കുറിച്ചുള്ള അഭിപ്രായം പറയണേ… ഇമോജി വേണ്ടാട്ടോ…….കാത്തിരിക്കുക.. ❤

മൗനം : ഭാഗം 3

Share this story