മഴമുകിൽ: ഭാഗം 16

മഴമുകിൽ: ഭാഗം 16

എഴുത്തുകാരി: അമ്മു അമ്മൂസ്

“”എന്നേക്കുറിച്ച് എന്തറിയാം ഋഷിയേട്ടന്…. ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ എന്റെ ഉള്ളിൽ ഉണ്ട്… നിങ്ങളീ പറയുന്ന ഒരമൃതിനും ഉണക്കാൻ കഴിയാത്തത്ര ആഴത്തിൽ വേരുറച്ച മുറിവുകൾ….. “” ഒരു നിമിഷത്തേക്ക് അവളൊന്ന് നിർത്തി.. “”അതുകൊണ്ട് ഈ കല്യാണത്തിൽ നിന്ന് പിന്മാറണം…. “” അവനെ നോക്കി അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോളേക്ക് അവനാ കൈകളിൽ അവന്റെ വിരലുകൾ കോർത്തിരുന്നു…. അവൾക്കായിപ്പോലും അവളിൽ നിന്നൊരകൽച്ച ഇല്ലെന്ന് പറയാതെ പറഞ്ഞു കൊണ്ട്.. കൈകൾ തട്ടി മാറ്റാൻ ദേവ ശ്രമിക്കും തോറും അവന്റെ കൈകൾ ഒന്നുകൂടി ബലത്തിൽ കോർത്തു പിടിച്ചിരുന്നു….

ഒടുവിൽ തോൽവി സമ്മതിച്ചെന്ന പോലെ അവൾ കണ്ണുകളടച്ചു ദേഷ്യം നിയന്ത്രിച്ചു നിന്നു.. “”സംസാരിക്കാനുണ്ട് എന്ന് പറഞ്ഞിട്ട് ഒരാൾക്ക് പറയാനുള്ളത് മാത്രം പറഞ്ഞു തീർത്തിട്ട് പോയാൽ എങ്ങനാ… എനിക്ക് പറയാനുള്ളതും കൂടി കേൾക്കണ്ടേ..””. അവളുടേ വീർത്തു കെട്ടിയ മുഖം കണ്ടില്ല എന്ന് നടിച്ചുകൊണ്ട് തന്നെ ചോദിച്ചു.. അവൾ മിണ്ടാതെ നിന്നതേയുള്ളു… അത് കണ്ടപ്പോൾ വീണ്ടും അവൻ തന്നെ സംസാരിച്ചു തുടങ്ങി.. “”നീയിപ്പോൾ ഈ പറഞ്ഞ കാരണങ്ങൾ ഒന്നും തന്നെ എന്റെ ഇഷ്ടത്തെ നശിപ്പിച്ചുകളയാൻ കരുതുള്ളതാണ് എന്നെനിക്ക് തോന്നുന്നില്ല… പിന്നെ നട്ടെല്ലില്ലാത്ത ഒരുത്തൻ താലി കെട്ടിയ പെണ്ണിനെ സംശയിച്ചു എന്ന് പറഞ്ഞു ലോകത്തിലുള്ള എല്ലാവരും അങ്ങനെയാണെന്നുള്ള നിന്റെ വിശ്വാസം അങ്ങ് മാറ്റിയാൽ മതി…””

അവളെ നോക്കി കുസൃതി നിറഞ്ഞ ചിരിയോടെ പറഞ്ഞു.. ദേവ ഒന്ന് നെടുവീർപ്പിട്ടു… അവന്റെ കരങ്ങൾ ബലമായി മോചിപ്പിച്ചു…. എത്രയൊക്കെ മറച്ചു പിടിക്കാൻ ശ്രമിച്ചിട്ടും അവളുടേ കൺകോണുകളിൽ കണ്ട നനവ് ഋഷി ശ്രദ്ധിച്ചിരുന്നു… “”ഋഷിയേട്ടന് ഒന്നും അറിയില്ല….. ഒന്നും…”” പറയുമ്പോൾ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു അവളുടേ… അവനവളോട് വല്ലാത്ത ഒരലിവ് തോന്നി… പാവം… പാവം ഒരു പെണ്ണ്.. “”കുറെയൊക്കെ മഹിയങ്കിൾ പറഞ്ഞെനിക്കറിയാം… അതിൽ കൂടുതലായി എന്തെങ്കിലും പറയണമെങ്കിൽ ഇപ്പോൾ ഈ നിമിഷം വേണമെങ്കിലും പറഞ്ഞോളൂ… കേൾക്കാൻ ഞാൻ തയ്യാറാണ്… പക്ഷേ അതൊരിക്കലും എന്നേ ബോധ്യപ്പെടുത്താൻ അല്ല…

നിന്റെ ഉള്ളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നീ അടക്കിവച്ച ഭാരമില്ലേ…. അതിൽ നിന്ന് നിനക്കൊരു മോചനത്തിന് വേണ്ടി മാത്രം…. ഇനിയും ഭൂതകാലത്തിന്റെ വിഴുപ്പ് ഭാണ്ഡം നിന്റെ സ്വപ്നങ്ങളെ ഞെരിച്ചൊടുക്കാതിരിക്കാൻ വേണ്ടി മാത്രം… “” താൻ പറഞ്ഞത് അവൾ കേട്ടോ എന്ന് പോലും സംശയം തോന്നി ഋഷിക്ക്…. വല്ലാത്തൊരു ഭാവത്തോടെ അകലങ്ങളിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ… ഇടയ്ക്കിടെ വിറയ്ക്കുന്ന ആ ചുണ്ടുകളും ചുവപ്പ് രാശി പടർന്നു തുടങ്ങിയ കണ്ണുകളും ഓർക്കാനിഷ്ടപ്പെടാത്ത കഴിഞ്ഞകാല ഓർമ്മകളിലേക്ക് അവളെ വീണ്ടും കൂട്ടിക്കൊണ്ട് പോയി എന്ന് തോന്നി…. “”പ്രണയ വിവാഹമായിരുന്നു എന്റെയും ദീപുവേട്ടന്റെയും…..

എന്റെ ചിലങ്കയെ എന്നോളം പ്രണയിച്ചവൻ….”” മറ്റേതോ ലോകത്തിൽ എന്ന പോലെ അവൾ പറഞ്ഞു തുടങ്ങി… ഒരു നോട്ടം പോലും അവന് നേരെ വീണിരുന്നില്ല… “”എന്നേ ഇത്രയും ഒരു മനുഷ്യന് സ്നേഹിക്കാൻ കഴിയുമോ എന്നെനിക്കറിയില്ലായിരുന്നു… എന്റെ ഓരോ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളും സാധിച്ചു തരാൻ ഒരു തരം വാശി പോലെയായിരുന്നു ദീപുവേട്ടന്… “” പറയുമ്പോൾ അവളുടേ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു എന്നവന് തോന്നി… വേദന മാത്രം നിറഞ്ഞ ഒരു പുഞ്ചിരി… “”അതിനിടയിൽ ദീപുവേട്ടൻ പുതിയ ബിസ്സിനെസ്സ് തുടങ്ങി…. പിന്നീടൊരിക്കലും എനിക്കെന്റെ പഴയ ദീപുവേട്ടനെ കാണാൻ സാധിച്ചിട്ടില്ല…. ആദ്യം ലഹരി മദ്യമായിരുന്നു…

നേരെ നിൽക്കാൻ പോലും ശക്തി ഇല്ലാതെ ആരെങ്കിലും കൊണ്ട് വിടും…. എന്റെ പിടിപ്പ്കേട് കൊണ്ടാണ് മോൻ നശിക്കുന്നത് എന്നായിരുന്നു ദീപുവേട്ടന്റെ അമ്മ പറഞ്ഞത്…””” ആ ഓർമ്മയിൽ അവളുടേ ചുണ്ടുകളിൽ വിരിഞ്ഞത് പുച്ഛം മാത്രമായിരുന്നു.. ഋഷി ഒന്നും പറഞ്ഞില്ല…അവളെ ഇപ്പോൾ ശല്യപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നി…. “”പിന്നെ പിന്നെ സംശയമായി…. ഒരിക്കൽ എന്നോളം പ്രിയപ്പെട്ടതെന്ന് പറഞ്ഞ ചിലങ്കയുടെ താളം പോലും ദീപുവേട്ടനിൽ വെറുപ്പ് നിറച്ചു… ഒടുവിൽ ആ വാശിക്ക് വഴങ്ങുമ്പോൾ അറിഞ്ഞില്ല നഷ്ടങ്ങളുടെ തുടക്കം മാത്രമായിരുന്നു എന്ന്…. “”ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് അവൾ ഋഷിക്ക് നേരെ തിരിഞ്ഞു… “”എന്റെ മോളെ ഗർഭിണി ആയെന്നു അറിയിച്ചപ്പോൾ എന്നോട് ചോദിച്ച ചോദ്യം എന്താന്ന് അറിയ്വോ…..

കൊച്ചിന്റെ തന്തയോട് പോയി പറയെടി…. എന്നോടെന്തിനാ പറയുന്നേ എന്ന്…. “”വാക്കുകൾ ഇടറി പോകാതിരിക്കാൻ അവൾ പ്രയാസപ്പെടും പോലെ തോന്നി…. “”എന്റെ ഒരാഗ്രഹവും പറയാൻ… പേ… പേടി ആയിരുന്നു എനിക്ക്…. എന്റെ കുഞ്ഞ് ആദ്യമായി ചവിട്ടിയ ദിവസം മറ്റേതൊരു കുഞ്ഞിനെ പോലെ ഒരച്ഛന്റെ സാമീപ്യം അവളും കൊതിച്ചു കാണും…. പക്ഷേ ന്റെ മോള് ഒരിക്കൽ പോലും അതറിഞ്ഞിട്ടില്ല…… ശാപ വാക്കുകളും ആക്ഷേപങ്ങളും മാത്രമായിരുന്നു ന്റെ കുഞ്ഞിന്റെ അച്ഛൻ അവൾക്ക് പറഞ്ഞു കൊടുത്ത കഥകൾ… “”” “”ഋഷിയേട്ടനറിയുമോ അല്ലു മോളെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ ഒരു ചെക്കപ്പ് നു പോലും ദീപുവേട്ടൻ വന്നിട്ടില്ല….

എന്റെ അടുത്തിരിക്കുന്ന ഭാര്യമാരെയും അവളെക്കാൾ പേടിയോടെ ഇരിക്കുന്ന ഭർത്താക്കന്മാരെയും കാണുമ്പോൾ ഞാനെത്ര കൊതിച്ചിട്ടുണ്ട് എന്നറിയുമോ…. കുഞ്ഞിന്റെ മുഖത്തേക്ക് ഇതുവരെ ഒന്ന് നോക്കിയിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല ദീപുവേട്ടൻ…… ന്റെ…. ന്റെ മോള്‌ രാത്രി ഉണർന്നു കരയുമ്പോൾ ഒരു ഭ്രാന്തനെപ്പോലെ അയാൾ ബഹളം വെക്കുമായിരുന്നു….. “” അറിയാതെ ഒരേങ്ങൽ അവളിൽ നിന്നും പുറത്തേക്ക് വന്നു…. “”പിന്നെ പിന്നെ എന്റെ കുഞ്ഞ് കരയാതായി….. പേടിച്ചിട്ടാണെന്ന് തോന്നുന്നു….. സഹിച്ചു നിന്നിട്ടെ ഉള്ളു….. അച്ഛനും അമ്മയ്ക്കും ഒരു ബാധ്യത ആകരുത് എന്ന് കരുതി…. പക്ഷേ അന്ന്…. അന്ന് രാത്രി…””

ബാക്കി പറയാൻ കഴിയാതെ നിലത്തേക്ക് ഊർന്നിരുന്നു മുഖം പൊത്തി ഏങ്ങി ഏങ്ങി കരയുന്നവളെ നോക്കേ അവന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഒരു നിമിഷം കൊണ്ട് അവനരികിലിരുന്നു അവളെ വാരി എടുത്തു നെഞ്ചോട് ചേർത്ത് പിടിച്ചു…. ഇട്ടിരുന്ന ഷർട്ട്‌ നെ നനച്ചു നെഞ്ചിലേക്ക് ഇറങ്ങിയ കണ്ണുനീർത്തുള്ളികൾ ഹൃദയത്തെ പൊള്ളിക്കുന്നു എന്ന് തോന്നി അവന്.. പെട്ടെന്ന് പരിസര ബോധം വന്നെന്ന പോലെ അവളവനെ പിന്നിലേക്ക് തള്ളി മാറ്റി…. തിരിഞ്ഞു നിന്ന് സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ചു അവന് നേരെ തിരിയുമ്പോൾ വീണ്ടും ആ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു….. “”എനിക്കൊരിക്കലും ഇതെല്ലാം മറന്നു ജീവിക്കാൻ പറ്റില്ല ഋഷിയേട്ട….

ഒരിക്കലും നിങ്ങൾക്ക് നല്ല ഒരു ഭാര്യ ആകാൻ എനിക്ക് കഴിയില്ല…. എനിക്കെന്റെ മോള്‌ മാത്രം മതി… അവൾക്ക് ഞാനും….. “” “”കഴിഞ്ഞോ….. “”അവളുടെ ഗൗരവം നിറഞ്ഞ മുഖത്തേക്ക് നോക്കി അതേ ഗൗരവത്തിൽ അവൻ തിരിച്ചു ചോദിച്ചു.. അവളൊന്നും പ്രതികരിച്ചില്ല… “”കഴിഞ്ഞെങ്കിൽ വാ… അല്ലു മോള് കാത്തിരിക്കുവാകും…. പുത്തനുടുപ്പ് വാങ്ങിത്തരണം കല്യാണത്തിന് എന്നെന്നോട് ഉച്ചക്കെ പറഞ്ഞിട്ടുണ്ട്….”” അവളെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു ഋഷി പറഞ്ഞു… “”എ…. എന്താ….”” വിശ്വാസം വരാതെ ഒന്ന് കൂടി ചോദിച്ചു… അവനിത്ര വേഗം മോളോട് പറയും എന്ന് വിചാരിച്ചില്ല… “”പിന്നല്ലാതെ അവളുടെ അച്ഛന്റേം അമ്മേടേം കല്യാണത്തിന് എന്റെ കുഞ്ഞിന് പുത്തൻ ഉടുപ്പിടണ്ടേ…. ഇങ്ങനെ ഒരു ബുദ്ധു അമ്മയെയാണല്ലോ എന്റെ മോൾക്ക് കിട്ടിയത്…””

അവളുടെ തലയിൽ ഒന്ന് കൊട്ടി ചിരിയോടെ ഋഷി പറഞ്ഞു.. എന്താ പറയണ്ടേ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ദേവ….. കണ്ണും മിഴിച്ചു നോക്കുന്ന അവളെ ഒന്ന് കണ്ണിറുക്കി കാട്ടി ഋഷി കാറിന്റെ അടുത്തേക്ക് നടന്നു.. വീട്ടിലേക്ക് ചെന്നു കയറിയതും അല്ലു മോള് ഓടി വാതിൽക്കൽ വന്നു നിൽക്കുന്നത് കണ്ടു…. ഡോർ തുറന്നു ആദ്യം ഇറങ്ങിയത് ഋഷിയാണ്… അവനെ കണ്ടപ്പോളേക്കും ഓടി ചെന്നു കാലിൽ ചുറ്റിപ്പിടിച്ചു നിന്നിരുന്നു.. ഋഷി വേഗം മോളെ വാരി എടുത്തു രണ്ടു കവിളിലും ഉമ്മ കൊടുത്തു…. “”ഐക്കീം വാങ്ങിച്ചോ പോലീഷേ… “”അവന്റെ ശൂന്യമായ രണ്ടു കൈയും വിരലുകൾ കൊണ്ട് പരതി നോക്കി അല്ലു മോള്‌ ചോദിച്ചു…. “”അയ്യോ…. പോലീഷ് മറന്നു പോയല്ലോ….”” പറഞ്ഞപ്പോഴേക്കും ആ കുഞ്ഞ് മുഖത്ത് സങ്കടം നിറയുന്നത് കണ്ടു…

ചുണ്ട് പിളർത്തി ഏത് നിമിഷവും കരയും എന്ന ഭാവത്തിൽ ഋഷിയുടെ തോളിൽ കിടക്കുന്ന മോളെ എടുക്കാൻ വേണ്ടി ദേവ കൈ നീട്ടി… പക്ഷേ ആ കൈ തട്ടി വീണ്ടും ഋഷിയുടെ കഴുത്തിനിടയിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്ന മോളെ നോക്കി പല്ലിറുമ്മി അകത്തേക്ക് നടന്നു… “”കുറച്ചു കഴിയുമ്പോൾ വാ ഇനി അമ്മേ…. കമ്മേ എന്നും പറഞ്ഞിട്ട്… അവളും അവളുടെ ഒരു പോലീഷും…. “”ദേഷ്യത്തോടെ ചുണ്ട് കോട്ടി അകത്തേക്ക് കയറി.. “”പോലീഷേ അല്ലു മോൾക്ക് വേറെ ഒരു സമ്മാനം കൊണ്ട് വന്നല്ലോ…. “” പറഞ്ഞു തീർത്തതും ആവേശത്തോടെ തോളിൽ നിന്ന് മുഖം ഉയർത്തുന്നത് കണ്ടു… ആ കണ്ണുകളിൽ വീണ്ടും കൗതുകം നിറഞ്ഞു… കാറിന്റെ ഡിക്കി തുറന്നു സൈക്കിൾ പുറത്തേക്ക് എടുത്തപ്പോഴേക്കും സന്തോഷം കൊണ്ട് കൂവി വിളിച്ചവൾ നിലത്തേക്ക് ഇറങ്ങിയിരുന്നു…

ആവേശത്തോടെ സൈക്കിൾ ആകമാനം ഒന്ന് തൊട്ട് നോക്കുന്നത് കണ്ടു…. “”അല്ലൂനു കേയണം…. “”രണ്ടു കൈയും പൊക്കി ഋഷിയോട് സൈക്കിളിലേക്ക് നോക്കി പറഞ്ഞു… പൊക്കി എടുത്തു സൈക്കിളിൽ ഇരുത്തിയപ്പോഴേക്കും രണ്ടു കൈയും എത്തിച്ചു ഹാൻഡിലിൽ പിടിച്ചു കഴിഞ്ഞിരുന്നു…. എന്നിട്ടും സൈക്കിൾ സ്റ്റാർട്ട്‌ ആകുന്നില്ല എന്ന് കണ്ടു സങ്കടത്തോടെ ഋഷിയെ നോക്കി…. ബൈക്ക് പോലെ ഹാൻഡിലിൽ പിടിച്ചു വണ്ടി ഓടിക്കാന ആശാട്ടി ഇരിക്കുന്നതെന്ന് തോന്നി… പൊട്ടി വന്ന ചിരി അമർത്തി അവനാ കുഞ്ഞിക്കാലുകൾ രണ്ടും സൈക്കിളിന്റെ പെടലിലേക്ക് വച്ചു കൊടുത്തു…

എന്നിട്ടും ആള് വണ്ടി ഓടാത്തതിന്റെ കാരണം നോക്കുവാണെന്ന് തോന്നുന്നു ഹാൻഡിൽ പിടിച്ചു ഇടത്തോട്ടും വലത്തോട്ടും ഒക്കെ ചലിപ്പിക്കുന്നുണ്ട്… പതിയെ സൈഡിൽ നിന്ന് ഉരുട്ടിക്കൊടുത്തപ്പോൾ ആവേശം സഹിക്കാൻ പറ്റാതെ രണ്ടു കൈയും കൂട്ടി അടിച്ചു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു… ഋഷിയുടെയും മോളുടെയും ഈ കളികൾ എല്ലാം മുറിയുടെ ജനലിൽ കൂടി കാൺകെ ദേവയുടെ ചുണ്ടിൽ അവൾ പോലും അറിയാതെ ഒരു ചിരി വിടർന്നിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കുളിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇന്നത്തെ അലച്ചിലിന് അല്പം ആശ്വാസം കിട്ടിയത് പോലെ തോന്നി ഋഷിക്ക്…. ശരീരത്തെക്കാൾ ഭാരം മനസ്സിനായിരുന്നു… ദേവയുടെ മുൻപിൽ ചിരിയോടെ നിന്നെങ്കിലും അവളിൽ നിന്നറിഞ്ഞ ഓരോ അനുഭവങ്ങളും അത്രമേൽ ആഴത്തിൽ മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു… കാളിങ് ബെൽ അടിച്ച ശബ്ദം കേട്ടപ്പോഴേ തോന്നിയിരുന്നു ശ്രീ ആണെന്ന്…. അവന്റെ മുഖത്തെന്തോ ടെൻഷൻ ഉള്ളത് പോലെ… “”എന്താടോ ആകെ ഒരു ടെൻഷൻ…. വാ ഇരിക്ക്… “” “”സർ ആ കാർ ഉടമയുടെ ഡീറ്റെയിൽസ് കിട്ടി… രണ്ടാമത് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിന്റെ കാർ ന്റെ നമ്പറാണ് അത്… പക്ഷേ അവരുടെ കാർ ആ മോഡൽ അല്ല…. “” .. ശ്രീ തന്ന ഡീറ്റെയിൽസ് ഇൽ കൂടി അവന്റെ കണ്ണുകൾ ചെന്നു…

“”സർ അപ്പോൾ ആ കൊലയാളി മനപ്പൂർവം നമ്മളെ കൺഫ്യൂസ് ആക്കാൻ ചെയ്യുന്നതാണോ ഇതൊക്കെ…. ഫോൺ ടേപ്പ് ചെയ്യും എന്നും cctv യൂസ് ചെയ്യും എന്നും എല്ലാം അറിഞ്ഞുകൊണ്ട്…. “”ശ്രീ പരിഭ്രമത്തോടെ ചോദിച്ചു.. പക്ഷേ ഋഷിയുടെ മുഖത്ത് ഒരു ചിരി വിടരുന്നത് കണ്ടു…. “”യു നോ വൺ തിങ് ശ്രീരാജ്…. ഇത്രയും ദിവസവും ഈ മരണങ്ങൾ തമ്മിലോ കൊലയുടെ ഉദ്ദേശം തമ്മിലോ ഒരു ലിങ്ക് എനിക്ക് കിട്ടിയില്ല…. പക്ഷേ ഇപ്പോൾ അയാൾ ആരായാലും ഉദ്ദേശം ഒന്നേ ഉള്ളു…. “”ഋഷി ഒന്ന് നിർത്തി… ശ്രീയുടെ മുഖത്ത് വല്ലാത്ത ഒരാകാംഷ നിറഞ്ഞു… “”Revenge…. അഥവാ പ്രതികാരം…

വെറുതേ random ആയിട്ട് നാല് പേരെ കൊല്ലുകയല്ല കില്ലർ ചെയ്തിരിക്കുന്നത്… ഓരോ മരണവും അടുത്തതിലേക്ക് ബന്ധിപ്പിക്കുന്നു…. അതിനുള്ള ഡീറ്റെയിൽസ് ഈ ഫയലിൽ തന്നെ ഉണ്ട്…. ഈ കൊല്ലപ്പെട്ട നാല് സ്ത്രീകളും ആ കൊലയാളിയുമായി connect ചെയ്യുന്ന എന്തോ ഒരു ബന്ധം ഉണ്ട്… ഒരുപക്ഷേ നമ്മൾ ശ്രദ്ധിക്കാതെ പോയ ഒന്ന്.. “” അവന്റെ മുഖത്തപ്പോൾ തെളിഞ്ഞു കണ്ടത് ആത്മവിശ്വാസം ആയിരുന്നു…. കൊലയാളിയിലേക്കുള്ള ദൂരം കുറഞ്ഞ ആത്മവിശ്വാസം… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഉറങ്ങി കിടക്കുന്ന അല്ലു മോളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു ദേവ…. എടുക്കുന്ന തീരുമാനത്തിലെ ശെരിയും തെറ്റും ഇപ്പോഴും അറിയില്ല… കൈകൾ പതിയെ നെഞ്ചിന്റെ മുകളിലായുള്ള ആ മുറിപ്പാടിലേക്ക് ചെന്നു…. ഇപ്പോഴും അതിൽ നിന്ന് രക്തം കിനിയുന്നുണ്ട് എന്ന് തോന്നി…. ആ വേദന ശരീരമാകെ വ്യാപിക്കും പോലെ…… തുടരും

മഴമുകിൽ: ഭാഗം 15

Share this story