സഹനായകന്റെ പ്രണയം💘 : ഭാഗം 4

സഹനായകന്റെ പ്രണയം💘 : ഭാഗം 4

എഴുത്തുകാരി: ആഷ ബിനിൽ

“ചെറിയച്ഛന്റെയോ അമ്മാവന്റെയോ ബലത്തിൽ അല്ല, പഠിച്ചു മാർക്ക് വാങ്ങിയാണ് ഞാനിവിടെ വന്നത്. അഞ്ചു വർഷം പടിച്ചിട്ടെ ഞാനീ പടിയിറങ്ങൂ.” അഖിലേഷിന് മറുപടി കൊടുക്കാൻ അമ്പുവിന് ഒന്ന് ആലോചിക്കേണ്ടി പോലും വന്നില്ല. അവളുടെ ശബ്ദത്തിലെ പുച്ഛവും വാക്കുകളിലെ പരിഹാസവും അവനു കൃത്യമായി മനസിലായി. കണ്ണുകളിൽ പകയെരിഞ്ഞു. ചുറ്റിലും കൂടി നിൽക്കുന്നവരെ വെറുതെ നോക്കിയ അമ്പുവിന്റെ കണ്ണുകളിൽ പെട്ടന്നൊരു തിളക്കം ഉണ്ടായി. തേടിയതെന്തോ കണ്ടുകിട്ടിയ പോലൊരു തിളക്കം. അടുത്ത നിമിഷം തല തിരിച്ച അവൾ കാണുന്നത് തനിക്കു നേരെ മുഖം അടുപ്പിക്കുന്ന അഖിലേഷിനെയാണ്.

അപ്പോഴത്തെ വെപ്രാളത്തിൽ അവൾ അവന്റെ മൂക്കിന് പഞ്ച് ചെയ്തു. അതവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. മൂക്കും പൊത്തി വീഴാൻ പോയ അവനെ കൂട്ടുകാർ താങ്ങി. കൂടി നിന്നവരിൽ നിന്ന് “ഓ…” എന്നൊരു ആരവം ഉണ്ടായി. പ്രശ്നം കൂടുതൽ വഷളാകുന്നതിന് മുൻപ് പ്രിൻസിപ്പൽ രണ്ടുപേരെയും വിളിപ്പിച്ചു. അമ്പുവിനെ നന്നായൊന്ന് നോക്കി ദഹിപ്പിച്ച ശേഷം അക്കിയും ടീമും പോയി. പുറകെ അമ്പു ഒറ്റക്കും. താൻ ചെയ്യുന്ന കാര്യങ്ങളിൽ മറ്റാരും, വീട്ടുകാർ പോലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവൾ അനുവദിക്കാറില്ല.

“അംബാലിക. താൻ വന്നു കയറിയിട്ട് ദിവസം ഒന്നല്ലേ ആയുള്ളൂ. അപ്പോഴേക്കും സീനിയേഴ്സിനെ കയറി അടിക്കുക എന്നൊക്കെ പറഞ്ഞാൽ? ചേട്ടൻ SI ആണെന്നതിന്റെ അഹങ്കാരത്തിൽ ആണോ താൻ ഇങ്ങനൊക്കെ ചെയ്യുന്നത്?” “അല്ല സർ” അമ്പു ഉറപ്പോടെ പറഞ്ഞു. “എന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ മാത്രമേ ഞാൻ പ്രതികരിച്ചുള്ളൂ. ആരോടും അനാവശ്യമായി മെക്കിട്ടു കയറിയിട്ടില്ല.” അക്കിയുടെ സ്വഭാവം നന്നായി അറിയുന്നത്കൊണ്ട് അവൾ പറഞ്ഞത് സത്യമാണെന്ന് അയാൾക്ക് ഊഹിക്കാവുന്നതെയുള്ളൂ.

എങ്കിലും വാങ്ങുന്ന സാലറിക്ക് നന്ദി കാണിക്കണമല്ലോ. അമ്പുവിനെ നന്നായൊന്ന് ഉപദേശിച്ചു ഒരു വാണിങ്ങും കൊടുത്താണ് പറഞ്ഞുവിട്ടത്. പ്രിൻസിപ്പലിന്റെ റൂമിൽ നിന്നിറങ്ങി ക്ലാസിലേക്ക് പോകുന്ന വഴി അമ്പുവിന്റെ കണ്ണുകൾ വീണ്ടും ഗ്രൗണ്ട് ഫ്ലോറിലെ വാകച്ചുവട്ടിലേക്ക് നീണ്ടു. അതല്ലെങ്കിലും അങ്ങനെയാണ്. അവൻ ഉണ്ടെന്ന് തോന്നുന്ന ഇടങ്ങളിലേക്ക് അവയെ പറഞ്ഞുവിടാൻ അമ്പുവിന് മനസു വയ്ക്കുക പോലും വേണ്ട. ക്ലാസിൽ എല്ലാവരും, മരിയയും നന്ദുവും അടക്കം തന്നെ ആരാധനയോടും ബഹുമാനത്തോടും കൂടി നോക്കുന്നത് കണ്ട അമ്പുവിന് ചിരിവന്നു.

പിന്നെ ക്ലാസും ബഹളവും ആയി ബിസിയായി. ഇതിനിടയിൽ ഒരിക്കൽ പോലും അക്കി എന്ന ഓർമ്മ അവളെ അസ്വസ്ഥയാക്കിയില്ല. മറുവശത്ത്, അക്കി പൂർണമായും അസ്വസ്ഥനായിരുന്നു. ഇന്നലെ വന്നൊരു പീറ പെണ്ണ് കോളേജിലെ സകല കുട്ടികളിടെയും മുന്നിൽ വച്ചു മൂക്കിനിടിച്ചിട്ടും താൻ പ്രതികരിച്ചില്ല എന്നത് അവന്റെ സമനില തെറ്റിച്ചു തുടങ്ങി. “അക്കി.. എന്താ നിന്റെ പ്ലാൻ? അവളെ നീയെന്തിനാ വെറുതെ വിട്ടത്?” “വെറുതെ വിടാനോ? ഞാനോ?” “പിന്നെ നീയെന്താ ചെയ്യാൻ പോകുന്നത്?” “അതു പറഞ്ഞു ഞാൻ രസം കളയുന്നില്ല.

കണ്ടറിയാത്തവൾ കൊണ്ടറിയും” ക്രൂരമായ ഒരു ചിരി ചുണ്ടിൽ ഒളിപ്പിച്ചു അവൻ ഇൻഡോർ സ്റ്റേഡിയത്തിലെ സീറ്റുകളിൽ നീണ്ടുനിവർന്നു കിടന്നു. കൂട്ടുകാർ വിഷ്ണുവും ജിത്തുവും പ്രവീണും അവന്റെ അടുത്ത നീക്കം എന്തെന്നറിയാതെ പരസ്പരം നോക്കി. അമ്പു ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആണ് പ്രിൻസിപ്പൽ വിളിക്കുന്നു എന്നൊരു കുട്ടി വന്നു പറയുന്നത്. “അതിനി എന്തിനാണാവോ..!” നന്ദുവിനോട് പൊയ്ക്കോളാൻ പറഞ്ഞിട്ട് അമ്പു തിരികെ നടന്നു. വെറുതെ അവളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്..

കുട്ടികളെല്ലാം ഏറെക്കുറെ പോയി കഴിഞ്ഞിരുന്നു. പ്രിൻസിപ്പലിന്റെ റൂം വരെ പോകേണ്ടി വന്നില്ല. അതിന് മുൻപ് തന്നെ ബാഗ് തോളിൽ നിന്ന് ഊരിയെടുത്തു ആരോ ഒരു ക്ലാസിലേക്ക് അവളെ തള്ളിയിട്ടു കതകടച്ചു. താഴെ വാകമരച്ചോട്ടിലേക്ക് നോക്കി നടന്നതുകൊണ്ട് അമ്പുവിന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലായില്ല. ഡോറിൽ കുറെ തവണ തട്ടിയെങ്കിലും ആരും വന്നില്ല. ജനലും വാതിലും അടഞ്ഞു കിടക്കുന്നതിനാൽ മുറിയിൽ ആകമാനം ഇരുട്ടാണ്. തനിക്കുള്ള ട്രാപ് ആണ് ഇതെന്ന് ബോധ്യമായി.

പക്ഷെ മുറിയിൽ മറ്റാരും ഇല്ലാത്ത സ്ഥിതിക്ക് എന്താണ് ശത്രുവിന്റെ ഉദ്ദേശം എന്നും മനസിലാകുന്നില്ല. സ്വിച്ച്‌ ബോർഡ് കണ്ടുപിടിച്ചു ലൈറ്റ് ഇടാൻ നോക്കിയെങ്കിലും അത് തെളിഞ്ഞില്ല. ജനലുകൾ തുറക്കാൻ ശ്രമിച്ചപ്പോഴും നിരാശയായിരുന്നു ഫലം. വീണ്ടും കുറെനേരം വാതിലിൽ മുട്ടി വിളിച്ചിട്ടും ആരും തുറന്നില്ല. ഒരൊറ്റ ബെഞ്ചോ ഡെസ്‌കോ ചെയറോ ഒന്നും ക്ലാസിൽ ഉണ്ടായിരുന്നില്ല. അമ്പു വെറും നിലത്തിരുന്ന് മുട്ടുകളിൽ തലവച്ചു. ഇരുട്ടിൽ ഒറ്റക്കിരിക്കുന്നത് അവളെ ഭയപ്പെടുത്തിയില്ല. അടുത്തതെന്ത് എന്ന് ആലോചിച്ചു വ്യാകുലപ്പെട്ടതുമില്ല.

പക്ഷെ വീട്ടിൽ കാത്തിരിക്കുന്ന അമ്മയുടെ മുഖം മാത്രം മനസിൽ വന്നു. അത് അവളെ വേദനിപ്പിച്ചു. ഫോൺ കയ്യിലുണ്ടെങ്കിൽ ഒന്നു വിളിച്ചെങ്കിലും പറയാമായിരുന്നു…! ഒരു ആറുമണി വരെ കാക്കും. എന്നിട്ടും തന്നെ കാണാതെ വന്നാൽ അലീനയെ വിളിച്ചിട്ടുണ്ടാകും. താൻ ബസ് സ്റ്റോപ്പിലേക്ക് പോയെന്ന് മരിയ പറഞ്ഞുകാണും. അത് ചോദിക്കാൻ നന്ദുവിനെ വിളിക്കും. പ്രിൻസിപ്പൽ വിളിച്ച കാര്യം അവൾ പറയും. എല്ലാവരും കൂടി അന്വേഷിച്ചുവരും. പക്ഷെ ഇതെല്ലാം നടക്കണം എങ്കിൽ സമരം കുറച്ചെടുക്കും. രണ്ടോ മൂന്നോ മണിക്കൂർ അങ്ങനെ കടന്നുപോയി.

വീട്ടിൽ എല്ലാവരും തനിക്കുവേണ്ടി ഇപ്പോൾ തിരച്ചിൽ തുടങ്ങിക്കാണും എന്നവൾ ഓർത്തു. ദാഹിച്ചു തൊണ്ട വരണ്ടു… പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി. അപകടം മുന്നിൽ കണ്ടു ഡോറിന്റെ പിന്നിലേക്ക് മറഞ്ഞു നിന്നു. ഡോർ തുറന്നിട്ടും ആരും അകത്തേക്ക് വരാത്തത് കണ്ടു കുറച്ചുനേരം അവൾ അവിടെ ശങ്കിച്ചുനിന്നു. പിന്നെ ഓരോ ചുവടും ശ്രദ്ധയോടെ വച്ചുകൊണ്ട് പുറത്തേക്കിറങ്ങി. കൊറിഡോറിൽ ആരും ഉണ്ടായിരുന്നില്ല. വാതിൽ തുറന്നു വ്യക്തി അപ്രത്യക്ഷമായി പോയോ? ശ്രദ്ധയോടെ തന്നെ താഴത്തെ ഫ്ലോറിൽ എത്തി. അവിടെയും ആരുമില്ല. വീട്ടിലേക്ക് പോണം.

പക്ഷെ സമയം ഏഴുമണി കഴിഞ്ഞിട്ടുണ്ടാകും. കയ്യിൽ ഫോണില്ല, പണം ഇല്ല, സഹായം ചോദിക്കാനും ആരുമില്ല. എന്തായാലും മുന്നോട്ട് തന്നെ നടന്നു. ഗേറ്റിന്റെ അടുത്തെത്തിയപ്പോൾ കണ്ണിലേക്ക് ശക്തിയായി വെളിച്ചം വന്നടിക്കുന്നത് പോലെ തോന്നി. ആരൊക്കെയോ മുന്നിൽ വന്നു നിൽക്കുന്നത് അമ്പു അറിഞ്ഞു. രണ്ടുമൂന്നുതവണ കണ്ണു ചിമ്മി തുറന്നതോടെ കാഴ്ചകൾ വ്യക്തമായി. അഖിലേഷും അവന്റെ ടീമിലെ മൂന്ന് ആണുങ്ങളും ആണ് മുന്നിൽ. തുടക്കം മുതലേ അവന്റെ പണി ആണ് ഇതെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഒരു ഓപ്പൺ ഥാർ ജീപ്പിന്റെ ബോണറ്റിൽ ആണ് അക്കി ഇരിക്കുന്നത്.

മൂക്കിലൊരു കുഞ്ഞു ബാൻഡ് എയ്ഡ് ഉണ്ട്. അവൻ തന്റെ ബാഗ് കയ്യിൽ പിടിച്ച് അലസമയി ചുഴറ്റിക്കൊണ്ടിരിക്കുന്നത് അവൾ കണ്ടു. അമ്പു ചുറ്റിലും ഒന്നു നോക്കി. താനും അവരും അല്ലാതെ മറ്റാരും ആ പരിസരത്തില്ല. നിയോൺ ബൾബുകളുടെ പ്രകാശത്തിലും കാമ്പസ് ഇരുട്ടിൽ നിന്ന് രക്ഷപെട്ടിരുന്നില്ല. നിഴലും വെളിച്ചവും കൂടി കലർന്ന ഒരു എണ്ണച്ചായ ചിത്രം പോലെയുണ്ട് മുന്നിൽ കാണുന്ന ഓരോന്നും. അവൾ ഭയക്കാതെ മുന്നോട്ട് നടന്നു. അക്കിയുടെ മുന്നിൽ പോയി നിന്ന് ബാഗിനായി കൈ നീട്ടി. അവൻ ഒരു വഷളൻ ചിരിയോടെ ബാഗ് തന്റെ ജീപ്പിലേക്കിട്ടു കൈ കെട്ടി ഇരുന്നു.

“ടാ.. ഇവള് ആള് കൊള്ളാമല്ലോ. മൂന്ന് മണിക്കൂർ ഇരുട്ടിൽ കിടന്നിട്ടും ഇപ്പോ ഇവിടെ ഒറ്റക്ക് നിന്നിട്ടും ഉശിര് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.” ഇന്നലെ അമ്പു ലോക്ക് ചെയ്ത വിഷ്ണു അക്കിയോട് പറഞ്ഞു. തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന അമ്പുവിൽ ആയിരുന്നു അവന്റെയും കണ്ണുകൾ. “ചേട്ടാ. എന്റെ ബാഗ് താ. എനിക്ക് പോണം” അതോടെ അക്കി വണ്ടിയുടെ ബോണറ്റിൽ നിന്നിറങ്ങി അപ്പുവിന്റെ തൊട്ടുമുന്നിൽ നിന്നു: “തരാലോ. അതിനു വേണ്ടിയല്ലേ വീട്ടിൽ പോലും പോകാതെ ഞങ്ങൾ നിന്നെയും കാത്തു നിന്നത്.

പക്ഷെ തരുന്നതിന് മുൻപ് എനിക്ക് നിന്നോടൊരു കണക്കു തീർക്കാനുണ്ട്. ഇന്ന് എന്നെ എല്ലാവരുടെയും മുന്നിൽ വച്ചു അപമാനിച്ച കണക്ക്. അതു ഞാൻ തീർത്തു കഴിയുമ്പോൾ മോള് ബാഗും എടുത്തു വീട്ടിൽ പോയി ചാച്ചിക്കോളൂട്ടോ…” അക്കി കണ്ണുകൊണ്ട് കൂടെയുള്ളവർക്ക് എന്തോ നോർദേശം കൊടുത്തു. അമ്പു നോക്കി നിൽക്കെ അവളുടെ രണ്ടു കൈകളിലും അവന്റെ ആളുകൾ ബലമായി പിടുത്തം ഉറപ്പിച്ചു. ക്ഷീണവും തളർച്ചയും എല്ലാം കൂടിയായി അവരുടെ മുന്നിൽ തന്റെ ശക്തി ചോർന്നുപോകുന്നത് അമ്പു അറിഞ്ഞു. മുന്നിൽ നിൽക്കുന്ന അഖിലേഷിനെ ഉദ്ദേശം അവൾക്ക് മനസിലായില്ല.

എങ്കിലും തോറ്റു കൊടുക്കാൻ മനസില്ലാത്തത് കൊണ്ട് അവൾ ഒന്നു നിശ്വസിച്ചു. തന്റെ ഭാവങ്ങൾ അസ്വദിച്ചുകൊണ്ട് നിൽക്കുന്ന അക്കിയുടെ നെഞ്ചിൻകൂടു നോക്കി ചവിട്ടി. കൈകളിൽ പിടി മുറുക്കിയ രണ്ടുപേരെയും ബലത്തിൽ വലിച്ചു. അവർ പരസ്പരം വന്നിടിച്ചു. അപ്പോഴേക്കും അമ്പു പുറകിലേക്ക് മാറി. മൂന്നാമൻ അവൾക്കടുത്തേക്കു വന്നിരുന്നു. അവനെയും ഒറ്റ ചവിട്ടിന് നിലംപരിശാക്കി ബാഗും എടുത്ത് ഓടാൻ നിന്നപ്പോഴേക്കും നാലു പേരും അമ്പുവിന്റെ ചുറ്റിലും നിരന്നു. ഇനിയെന്ത് എന്ന് ആലോചിച്ചു നിന്നപ്പോഴേക്കും തനിക്ക് ഏറെ പരിചിതമായ ശബ്ദം അവളുടെ കാതുകളെ പുൽകിയിരുന്നു….തുടരും

സഹനായകന്റെ പ്രണയം💘 : ഭാഗം 3

Share this story