ഗോപികാ വസന്തം : ഭാഗം 4

ഗോപികാ വസന്തം : ഭാഗം 4

എഴുത്തുകാരി: മീര സരസ്വതി

“നമ്മുടെ.. കല്ല്യാണം.. കല്യാണം കഴിഞ്ഞോ ഹരിയേട്ടാ.. നിക്കൊന്നും ഓർമയില്ല..” നിരാശയോടെ പറയുന്ന ആ പെണ്ണിന്റെ മുഖത്തേക്ക് വേദനയോടെ നോക്കി വസന്ത്‌.. കണ്ണാടി നോക്കിക്കൊണ്ട് നെറ്റിയിൽ പരന്നു കിടക്കുന്ന സിന്ദൂരത്തിലേക്ക് പിന്നെയുമവൾ തൊട്ടു നോക്കുന്നുണ്ട്. വിശ്വാസമാകാത്തപോൽ പിന്നെയും താലിയിലേക്ക് വിരലോടിച്ചു. കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തിലേക്ക് കണ്ണും നട്ട് നോക്കി നിൽക്കുന്ന പെണ്ണെ കാണുംതോറും നെഞ്ചിനുള്ളിൽ നോവ് ഉരുണ്ടുകയറി…ആർത്താർത്തു കരയാൻ തോന്നിയെങ്കിലും പിടിച്ചു നിർത്താൻ ഒരു ശ്രമം നടത്തി.

എങ്കിലും അറിയാതെ തന്നെ കരച്ചിൽ ചീളുകൾ പുറത്തെക്ക് പൊട്ടി വീണു.. പിന്നിലൂടെ അവളെ കോർത്ത് പിടിച്ച് കരഞ്ഞതും പെണ്ണൊന്ന് പിടഞ്ഞു പോയി. കുതറി മാറി മുന്നിലേക്ക് തിരിഞ്ഞു നിന്ന് എത്തി വലിഞ്ഞ് കണ്ണീർ തുടച്ചു തന്നു.. “കരയല്ലേ ഹരിയേട്ടാ.. സത്യായിട്ടും മറന്നു പോയിട്ടാ.. ഞാൻ ഓർത്തു നോക്കുവല്ലോ.. അപ്പൊ ഓർമ്മ വന്നോളും..ന്റെ ഹരിയേട്ടനല്ലേ.. കരയേണ്ടാട്ടോ… കണ്ണുതുടച്ചേ..” ചുണ്ടു പിളർത്തിയവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞതും കണ്ണ് തുടച്ചോന്ന് അവളെ നോക്കി ചിരിച്ചു. അത് കണ്ടതും വിടർന്നു ചിരിച്ചൂ പെണ്ണ്. ഞങ്ങളുടെ അനക്കമൊന്നും കാണാതെ അച്ഛനുമമ്മയും തിരികെ പോയിക്കാണണം. പുറത്ത് പിന്നെയവരുടെ ശബ്ദമൊന്നും കേട്ടില്ല.

“ഹരിയേട്ടാ.. നിക്ക് ഉറക്കം വരുന്നു..വാ കെടക്കാം..” കൈയ്യിൽ പിടിച്ച് മുന്നോട്ട് നടന്നപ്പോൾ എതിർത്തൊന്നും പറയാതെ കൂടെ നടന്നു. എന്റെ നെഞ്ചിലായ് മുഖം പൂഴ്ത്തി കിടക്കുന്ന പെണ്ണിന്റെ തലമുടിയിൽ വാത്സല്യത്തോടെ തലോടി. ശ്വാസഗതി ഉയർന്നതും ആളുറക്കമായെന്ന് മനസ്സിലായി. പതിയെ അകറ്റി കിടത്താൻ ശ്രമിച്ചതും കുറുകി കൊണ്ട് പിന്നെയും ചേർന്ന് കിടന്നു. പിന്നെ അവളെ കൈകൾക്ക്കുള്ളിൽ ആക്കിക്കൊണ്ട് അങ്ങനെതന്നെ കിടന്നു. ഹരിയുടെ കൈകൾക്കുള്ളിലാണ് എന്നുള്ള വിശ്വാസത്തിൽ ചെറിയൊരു കുഞ്ഞിനെ പോലെ ശാന്തമായി ഉറങ്ങുന്നുണ്ട് ഗോപു.

കുറച്ച് മുന്നേ നടന്ന കാര്യങ്ങളോരോന്നും ഓർക്കും തോറും കണ്ണ്നീർ ചാലിട്ടൊഴുകി.. ഞാനെന്തു പാപിയാണീശ്വരാ.. ഒരു പെണ്ണിന്റെ ജീവിതം തന്നെ തകർത്താവൻ. രക്ഷിക്കാൻ നോക്കിയിട്ട് ഒടുക്കം ശിക്ഷിക്കുകയാണല്ലോ ചെയ്തേ. എല്ലാത്തിനുമുപരി അവൾക്കീ വസന്തിനെ ഭയം. പോരാത്തതിന് ഹരിയായി അവളുടെ മുന്നിൽ അഭിനയിക്കേണ്ടി വരിക. ഞാൻ കെട്ടിയ താലി പോലും ഹരിയുടേതാണെന്ന് പറയേണ്ടി വരിക.. ഈശ്വരാ.. വല്ലാത്ത പരീക്ഷണം തന്നെ.. അവളെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട എല്ലാവരോടും ദേഷ്യം തോന്നുന്നു ഇപ്പോൾ. ചെറുപ്പത്തിലേ മനസ്സിൽ ആഗ്രഹങ്ങൾ കുത്തി നിറച്ച മാതാപിതാക്കളോട്..

പ്രാണനെ പോലെ സ്നേഹിച്ചൊടുക്കം വഞ്ചിച്ച ദേവൂനോട്. അവളോട് ഇഷ്ടം നടിച്ച ഹരിയോട്. ഹരിയെ കൊണ്ട് വരാമെന്നും പറഞ്ഞ്‌ പറ്റിച്ച് ആ കഴുത്തിൽ താലി കെട്ടിയ എന്നോട് തന്നെ പുച്ഛം തോന്നുന്നു ഇപ്പോൾ. അവളെയും ചേർത്ത് പിടിച്ച് ആ ശ്വാസഗതിയും ശ്രവിച്ച് കണ്ണടച്ച് കിടന്നു. എത്ര നെരം അങ്ങനെ കിടന്നെന്ന് അറിയില്ല. എന്റെ ദേഹത്ത് നിന്നും അടർന്നു മാറി അവൾ പിടഞ്ഞെണീറ്റപ്പോഴാണ് പിന്നെ കണ്ണ് തുറന്നത്. പകപ്പോടെ അതിലധികം ഭയത്തോടെ എന്നെ നോക്കുന്നുണ്ട്. നീങ്ങിപ്പോയി ഭിത്തിയോട് ചേർന്നിരുന്ന് കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തിയാപ്പെണ്ണ്. പഴയ ഓർമയിലേക്ക് തിരികെ വന്നു കാണണം.

“ഗോപൂ….” അനക്കമില്ലാതെ അതുപോലെ ഇരിക്കുന്ന അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു. ഒരു ഞെട്ടലോടെ തല ഉയർത്തിയെങ്കിലും എന്നിലേക്ക് നോട്ടം വീണില്ല. ഭിത്തിയിലേക്ക് തല ചാഞ്ഞു വെച്ച് ഇരിക്കുന്നുണ്ട്. അവളുടെ കാൽ പാദങ്ങളിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു. കണ്ണുനീർ പാദങ്ങളെ നനച്ചിട്ടും ആ പെണ്ണൊന്ന് ചലിച്ചത് പോലുമില്ല. “എന്നോട് പൊറുക്കെടി മോളെ.. നിന്നെ വേദനിപ്പിക്കാൻ ചെയ്തതല്ല ഒന്നും..എങ്ങനേലും നിന്റെ ജീവൻ രക്ഷിക്കണമെന്നേ ഉണ്ടായുള്ളൂ.. ഒന്ന് മിണ്ടടി.. എന്നെയൊന്ന് വഴക്കെങ്കിലും പറയ്.. അല്ലെങ്കിൽ കലി തീരുവോളം ന്നെ തല്ലിക്കോ..”

പറയുന്നതോടൊപ്പം മരവിച്ച ജീവനില്ലാത്ത പഞ്ഞിക്കെട്ട് പോലുള്ള അവളുടെ കൈയെടുത്ത് മുഖത്ത് ആഞ്ഞു പ്രഹരിച്ചു. എന്നിട്ടും മരവിപ്പ് മാത്രമായിരുന്നു ആ പെണ്ണിൽ.. താലി കെട്ടുമ്പോൾ ഉണ്ടായിരുന്ന അതേ മരവിപ്പ്. ആ കണ്ണുകളിൽ വെറും നിസ്സംഗത മാത്രമായിരുന്നു. “ഗോപൂ… ന്റെ പൊന്നു ഗോപൂസല്ലേ.. ഒന്ന് നോക്കെടി.. എന്താ ഉണ്ടായതെന്ന് ഞാൻ പറയാടി.. ഇങ്ങനെ മിണ്ടാതിരിക്കല്ലേ.. സഹിക്കണില്ലാടി..” അനക്കമൊന്നും ഇല്ല.. നേരത്തെ പോലെ ഹരിയെട്ടായെന്ന് വിളിച്ചെങ്കിലും സംസാരിച്ചെങ്കിൽ.. അവളോട് ചേർന്നിരുന്ന് അവളുടെ തോളിൽ തലചായ്ച്ചു ഇരുന്നു.

കുഞ്ഞായിരിക്കുമ്പോൾ ഞാൻ പിണങ്ങി കുളപ്പടവിൽ വന്നിരിക്കുമ്പോൾ അവളും ഇതുപോലെ എന്റെ തോളിൽ ചാഞ്ഞിരിക്കാറുണ്ട്. എത്ര നേരം ആ ഇരുപ്പ് രണ്ടാളും തുടർന്നെന്നറിയില്ല. ആരോ കതകിൽ മുട്ടും പോലെ തോന്നിയതും തല ഉയർത്തി നോക്കി. അവളിപ്പോഴും പരിസരം മറന്ന പോൽ അതേ ഇരിപ്പാണ്. എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. മുന്നിൽ അമ്മയെ കണ്ടതും ആശ്വാസം തോന്നി. “സമയം പതിനൊന്നാകാറായി വസൂ.. രണ്ടുപേരെയും താഴേക്ക് കാണാഞ്ഞു വന്നതാ..” ജാള്യതയോടെ പറയുന്ന അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിപ്പൊട്ടി കരഞ്ഞു. “ഞാനാ അമ്മാ.. ഞാനാ.. അവളെ ഈ കോലത്തിലാക്കിയേ..

ദ്രോഹിയാ ഞാൻ.. പാപിയാ ഞാൻ..” പിച്ചും പേയും പറഞ്ഞു ഭ്രാന്തനെ പോലെ ആർത്തു കരയുന്ന തന്റെ കുഞ്ഞിനെ പിടച്ചിലോടെ ഒരു നിമിഷം നോക്കി നിന്നു ആ അമ്മ.. കാര്യം പന്തിയെല്ലെന്ന് തോന്നിക്കാണണം പെട്ടെന്ന് തന്നെ വെപ്രാളത്തോടെ മുറിയിലേക്ക് ഓടിച്ചെന്നു. അനക്കമില്ലാതെ ഭിത്തിയോട് ചാരിയിരിക്കുന്ന പെണ്ണിനെ നടുക്കത്തോടെ നോക്കിപ്പോയി. അലസമായി വീണുകിടക്കുന്ന സാരിത്തലപ്പും മുടിയെല്ലാം പിച്ചിപ്പറിച്ച് കണ്മഷിയും സിന്ദൂരവുമൊക്കെ അങ്ങിങ്ങായി പരന്ന് മുന്നിലുള്ള കാര്യങ്ങളൊന്നും അറിയാതെ ഒരേയിരിപ്പ് തുടരുന്ന ഗോപുവിനെ കാണും തോറും ആ അമ്മയിൽ ഒരു ഉൾക്കിടിലമുണ്ടായി.

പിന്നിൽ മകന്റെ പൊട്ടിക്കരച്ചിലും കൂടി കേട്ടപ്പോൾ അവനെന്തോ കൈയ്യബദ്ധം സംഭവിച്ചതാണെന്ന് ചിന്തിച്ചു പിടഞ്ഞു ആ അമ്മ മനസ്സ്. ഗോപുവിന്റെ അടുത്ത് ചെന്ന് നിന്ന് കുലുക്കി വിളിച്ചു നോക്കി. പെണ്ണ് മരവിച്ചിരിപ്പാണ്. തിടുക്കത്തിൽ മകന്റെയടുത്ത് ചെന്ന് അവന്റെ കൈ തണ്ടയിലും തോളിലും പുറത്തുമെല്ലാം ആഞ്ഞാഞ്ഞടിച്ചു.. “നീയെന്താ ന്റെ കുഞ്ഞിനെ ചെയ്തേ.. പറയ്..” വർദ്ധിച്ച കോപത്തോടെ പൊട്ടിത്തെറിച്ചു ആ അമ്മ.. ഏങ്ങലോടെ തന്റെ മകൻ പറയുന്ന കാര്യങ്ങൾ നടുക്കത്തോടെ മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളു. തങ്ങളുടെ ഓരോ തീരുമാനങ്ങൾ ഒരു പെൺകുട്ടിയുടെ മനസ്സ് തെറ്റിച്ചിരിക്കുന്നു.

താളം തെറ്റിയ മനസ്സുമായിരിക്കുന്ന പെണ്ണിനെ കാണും തോറും ആ അമ്മ മനസ്സ് വേദനയാൽ പിടഞ്ഞു. തലയ്ക്ക് കൈ കൊടുത്ത് തളർന്ന് ബെഡിലിരുന്നു അവർ. മുകളിലെ ബഹളം കേട്ട് അച്ഛനും വൈഷുവും വന്നു. “എന്താ സീതേ.. എന്താ പറ്റ്യെ..??” വേവലാതിയോടെ അമ്മയുടെ അടുത്തിരുന്നു അച്ഛൻ ചോദിച്ചു. അമ്മയുടെ നോട്ടം ഗോപുവിലേക്ക് നീണ്ടപ്പോൾ മാത്രമാണ് അച്ഛൻ അവളെ ശ്രദ്ധിക്കുന്നത്. കാര്യങ്ങൾ കേട്ടതും ആ മുഖത്തും തളർച്ച ബാധിച്ചതറിഞ്ഞു. 🌺🌺🌺🌺🌺🌺🌺

“ഭഗവാനെ.. ന്റെ മോള്….” ലക്ഷ്മി അമ്മയുടെ ഏങ്ങലടികൾ മുറിയിൽ നിന്നും കേൾക്കാം.. ആ ഏങ്ങലുകൾ നെഞ്ചിൽ തുളച്ച് കയറും പോലെ. അച്ഛൻ വിളിച്ച് വന്നതാണ് ശങ്കരച്ഛനും ലക്ഷ്മിയമ്മയും. വേവലാതി പൂണ്ട് ഉമ്മറത്തെ ചാരുപാടിയിൽ ഇരിക്കുന്ന എന്റെ തോളിൽ ഒരാശ്വാസത്തിനായെന്ന പോൽ ശങ്കരച്ഛൻ സ്പർശിച്ചു. ഞങ്ങൾ രണ്ടുപേരും കരയുകയായിരുന്നു. ആ മുഖത്ത് നോക്കാൻ ഞാൻ അർഹനല്ലാത്ത പോലെ. ഒരു പാവം പെണ്ണിന്റെ ജീവിതം തകർത്ത മഹാപാപിയാണ് ഞാൻ.. ആ ചിന്തകളിൽ വെന്തു വെന്തു നീറി. “ഒന്ന് കരയുകയെങ്കിലും ചെയ്യ് കുഞ്ഞേ..” ഇടക്ക് അമ്മയും പറയുന്നുണ്ട്.

അവളുടെ ആ അവസ്ഥ കണ്ടു നിൽക്കാൻ അവളെ അറിയുന്ന ആർക്കും കഴിയില്ല..എപ്പോഴും കലപിലാ സംസാരിക്കുന്നയാൾ മൗനത്തെ കൂട്ടുപിടിച്ചാൽ അതിനോളം അസ്സഹനീയത വേറൊന്നിനുമില്ലെന്ന് തോന്നിപോയി. അതിനിടയ്ക്ക് വൈഷു ഫോൺ കൊണ്ടുവന്നു തന്നു. മനു വിളിക്കുന്നുണ്ട്. കോളെടുത്ത് തൊടിയിലേക്ക് നടന്നു. വേദനയോടെ അവനോട് കാര്യങ്ങളൊക്കെയും വിവരിച്ചു. മനുവാണ് അവന്റെ സുഹൃത്ത് ഡോക്ടർ പ്രാദീപിനെ കുറിച്ച് പറഞ്ഞത്. അഡ്രസ് വാട്സാപ്പ് ചെയ്യാം സമാധാനമായിരിക്ക് എന്നും പറഞ്ഞ് ഫോൺ വെച്ചു. അച്ഛനമ്മമാരോട് സംസാരിച്ച് ഡോക്ടറെ കാണാൻ തീരുമാനമെടുത്തു.

മനു വിളിച്ച് സംസാരിച്ചതിനാൽ പെട്ടെന്ന് തന്നെ ഡോക്ടറുടെ അപ്പോയിന്മെന്റ് ലഭിച്ചു. അമ്മമാർ ചേർന്ന് ഡ്രെസ്സൊക്കെ മാറി അവളെ പുറത്തേക്ക് കൊണ്ട് വന്നു. ആരെയും നോക്കതെ ചുറ്റുമുള്ളതൊന്നും അറിയാതെ ഒരു മരപ്പാവ കണക്കെ വണ്ടിയിലിരിക്കുന്ന പെണ്ണിനെ വേദനയോടെ ഒരു നിമിഷം നോക്കി നിന്നു. ഒരിക്കലും ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചതല്ല പെണ്ണെ.. ഇനിയെന്ത് വന്നാലും എവിടെപ്പോയി വേണേലും ഞാൻ ചികിത്സിച്ചോളാം എന്റെ പഴയ ഗോപൂസായാൽ മതി.. മനസ്സാൽ അവളോട് മൊഴിഞ്ഞു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. 🌺🌺🌺🌺🌺🌺🌺

ആശുപത്രിയിൽ വെയ്റ്റിംഗ് ഏരിയയിൽ അവളുടെ കൈയ്യിൽ കൈകോർത്ത് പിടിച്ചിരുന്നു. ആ കൈകൾ പോലും തണുത്തുറഞ്ഞ പോലെ. ദേവു എന്നെ ഉപേക്ഷിച്ചപ്പോൾ അവളുടെ ഇരട്ട സഹോദരി ആയിട്ട് കൂടി ഒരു ആത്മാർത്ഥ സുഹൃത്തായി എന്റെ കൂടെ നിന്നവളായിരുന്നു. വേദനകൊളൊക്കെയും പറഞ്ഞു തീർക്ക് വസന്തേട്ടാ.. ആശ്വാസമാകട്ടെ എന്ന് പറഞ്ഞ് ഓരോന്ന് പറഞ്ഞു പിറകെ നടന്നവളാണ്. എന്റെ വേദനകളെല്ലാം ശ്രവിച്ചവളാണ്.. ഇന്നീ അവസ്ഥയിൽ.. താങ്ങാൻ പറ്റുന്നതിനും അപ്പുറമാണ് പെണ്ണേ നിന്റെ മൗനം.. ഇന്നെനിക്ക് ഒരു കാര്യം ഉറപ്പാ.. ദേവു ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റും..

പക്ഷെ ഈ ഗോപുവില്ലാതെ.. നിന്റെയീ കലപിലാ സംസാരം കേൾക്കാതെ.. പറ്റില്ലെടി.. നോവോടെ ആ കൈകളിൽ മുത്തി… ഡോക്ടർ മുറിയിലേക്ക് വിളിപ്പിച്ചപ്പോൾ കൈ പിടിച്ച് നടന്നു. ആളൊന്നും അറിയുന്നില്ലെന്ന് തോന്നി..എല്ലാം യാന്ത്രികമായി ചെയ്യുന്നു എന്നെ ഉള്ളൂ.. ഡോക്ടറോട് കാര്യങ്ങളൊക്കെ മനു സംസാരിച്ചിരുന്നു.ഞങ്ങളോടൊന്ന് പുറത്ത് നിൽക്കാൻ പറഞ്ഞ് ഡോക്ടർ അവളോട് സംസാരിക്കാൻ ശ്രമിച്ചു.. “സീ വസന്ത്‌.. ബ്രീഫ് സൈക്കോട്ടിക് ഡിസ്ഓർഡര്‍ ആണ് ഗോപികയ്ക്ക്.. എന്നുവെച്ചാൽ മിഥ്യാഭ്രമങ്ങള്‍, വിഭ്രാന്തി, ക്രമരഹിതമായ സംസാരം അല്ലെങ്കില്‍ പെരുമാറ്റം, നിശ്ചലമായിരിക്കുക,

അല്ലെങ്കില്‍ ഒരിടത്തു തന്നെ മണിക്കൂറുകളോളം അനങ്ങാതിരിക്കുക തുടങ്ങിയ മാനസിക രോഗ ലക്ഷണങ്ങള്‍ പെട്ട് ശക്തമായി ബാധിക്കുന്ന ഒരു ഹ്രസ്വകാല രോഗം.. ഏതെങ്കിലുമൊരു കുടുംബാംഗത്തിന്‍റെ മരണം, ഒരു അപകടം, വലിയൊരു സാമ്പത്തിക നഷ്ടം തുടങ്ങിയ ഗുരുതരവും മനോസംഘര്ഷം ഉണ്ടാക്കുന്നതുമായ സംഭവങ്ങളെത്തുടർന്ന് പലര്ക്കും ഒരുതരം മരവിപ്പോ അല്ലെങ്കില്‍ വിഭ്രാന്തിയോ അനുഭവപ്പെട്ടേക്കാം. അതായത് യാഥാര്ത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുന്ന അവസ്ഥ പക്ഷെ അത് കേവലം കുറച്ച് നാൾ മാത്രമേ നില നിൽക്കുള്ളൂ.. അതിനുശേഷം ഈ വ്യക്തി സാധാരണ ഇതില്‍ നിന്ന് പൂർണമായി മുക്തമാകുകയും ചെയ്യും.

തെറാപ്പി, കൗണ്സലിംഗ്, മരുന്ന് അല്ലെങ്കില്‍ ഇവയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സയാണ് ഈ തകരാറ് ചികിത്സിക്കാനായി ചെയ്യുന്നത്…. ഇവിടിപ്പോ ഹരിയെ പ്രതീക്ഷിച്ചു നിന്ന് വസന്തിന്റെ താലി ഏറ്റുവാങ്ങേണ്ടി വന്നതിനാലാകാം. അല്ലെങ്കിൽ അത്രമേൽ വിശ്വസിച്ച വസന്തത്തിൽ നിന്നും ഇങ്ങനെയൊരു അപ്രതീക്ഷിത നീക്കം ഉണ്ടായതിനാലാകാം.. കുറച്ച് നാൾ ഗോപിക ഇവിടെ നിലക്കാട്ടെടോ.. നമുക്ക് ശെരിയാക്കി എടുക്കാം.. ഡോണ്ട് വറി.. കൂടെ ഒരാൾക്ക് കൂടി നിൽക്കാം.. പക്ഷെ വസന്ത്‌ വേണ്ട.. ഒക്കെ അറിഞ്ഞു കഴിയുമ്പോൾ അവൾ വസന്തിനെ മനസ്സിലാക്കിക്കോളും.

” തോളിൽ തട്ടി ഡോക്ടർ അത് പറഞ്ഞപ്പോൾ നേരൊയൊരാശ്വാസം തോന്നി. ലക്ഷ്മിയമ്മ കൂടെ നിൽക്കാമെന്ന് പറഞ്ഞതും അവരെ മുറിയിൽ ചെന്നാക്കി ഞങ്ങളും തിരികെ പോകാനിറങ്ങി. പോകുന്നതിനു മുന്നേ ഒരിക്കൽ കൂടി അവളുടെ അരികിലായി നിലത്ത് മുട്ടിൽ ചെന്നിരുന്നു കൈകൾ കവർന്നു പിടിച്ചു.” “ഗോപൂ.. നിക്കറിയാം ഈ വസന്താ ന്റെ ഗോപുസിന്റെ ജീവിതം ഇല്ലാതാക്കിയത്. ഇനി അങ്ങോട്ട് വെറുപ്പ്‌ മാത്രമാകും എന്നോടെന്ന് നന്നായി ബോധ്യമുണ്ട്. പെട്ടെന്ന് ഒക്കെ ഭേദമായി തിരിച്ചു വരണം.. ഇനി ഒരിക്കലും ഈ ജീവിതത്തിൽ കരടായി വസന്ത് വരില്ല പെണ്ണേ …ആ ഒരു പേടി ഒരിക്കലും വേണ്ട..” കൈകളിൽ ഒന്ന് ചുംബിച്ച ശേഷം എഴുന്നേറ്റു. മുറിയിലെ ഭിത്തിയിലെ ചിത്രത്തിൽ കണ്ണും നട്ടിരിക്കുന്ന പെണ്ണിനെ വേദനയോടെ നോക്കികൊണ്ട് പിന്തിരിഞ്ഞു നടന്നു… (തുടരാം..)

ഗോപികാ വസന്തം : ഭാഗം 3

Share this story