മഞ്ജീരധ്വനിപോലെ… : ഭാഗം 32

മഞ്ജീരധ്വനിപോലെ… : ഭാഗം 32

എഴുത്തുകാരി: ജീന ജാനകി

രാത്രി മാധവിന്റെ നെഞ്ചിൽ കിടക്കുമ്പോഴും ഭാമയുടെ മനസ്സ് അസ്വസ്ഥമായിരുന്നു…. മാധവ് പതിയെ അവളുടെ തലയിൽ തലോടി…. “എന്റെ പെണ്ണിന്റെ മനസ്സിൽ ഇപ്പോ എന്താടാ….” “അറിയില്ല കണ്ണേട്ടാ…. വരാൻ പോകുന്ന ആപത്തിന്റെ സൂചന പോലെ തോന്നുവാ ഇന്നത്തെ ഈ സംഭവം….” “ഏയ്…. ഒന്നും ഉണ്ടാകില്ല പെണ്ണേ…. നിനക്ക് കാവലായി ഞാനുള്ളപ്പോൾ ആരും നിന്നെ തൊടില്ല….” “ഇന്നാ ചെട്ടിയാർ പറയുന്നത് കേട്ടു… ആരോ ഒരു മാഡം ആണ് എന്നെ അയാൾക്ക് വിറ്റതെന്ന്…. എന്നെ അവിടെ എത്തിയ്കുകയായിരുന്നു അവളുടെ ഉദ്ദേശം… പക്ഷേ അവളും ചതിയ്കപ്പെട്ടു…

ഒരു പക്ഷെ മനീഷയ്ക് അറിയാമായിരിക്കില്ലേ മറഞ്ഞിരിക്കുന്ന ശത്രു ആരാണെന്ന്….” “ഏത് മാഡം… നിനക്ക് ഉറപ്പാണോ…” “ഉറപ്പ് കണ്ണേട്ടാ… ഞാൻ വ്യക്തമായി കേട്ടതാണ്…” “കുട്ടനും ഇതേ സംശയം ഉണ്ട്….” “ഏട്ടൻ വിളിച്ചിരുന്നോ….” “മ്…. നീ നല്ല ഉറക്കമായിരുന്നു…. അവന് അനിരുദ്ധനെയാണ് സംശയം…. അവൻ ആശുപത്രി വാസം കഴിഞ്ഞ് ഇറങ്ങിയെന്ന് പറഞ്ഞു…. നമ്മളോട് ശ്രദ്ധിക്കാനും പറഞ്ഞു….” “അയാളല്ല…. ഒരിക്കലും… അയാളെന്നെ മറ്റൊരാൾക്ക് വിൽക്കില്ല…. മാത്രവുമല്ല അവരുടെ ആദ്യത്തെ ഡീൽ എന്നെ കൊന്നിട്ട് പഴി മനീഷയുടെ മേലേ ഇടുക എന്നതായിരുന്നു…. അപ്പോ ലക്ഷ്യം നിങ്ങളാണ് കണ്ണേട്ടാ… ഞാൻ നിങ്ങളുടെ ഭാര്യയാണ്…. മനീഷ നിങ്ങളെ നേടാൻ നടക്കുന്നവളും….

അപ്പോ ഞങ്ങളെ മാറ്റണം എന്ന് ചിന്തിക്കുന്നു എന്നാൽ അതിനർത്ഥം നിങ്ങളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്…. എനിക്ക് ഉറപ്പുണ്ട്…. ഒളിഞ്ഞിരിക്കുന്ന ശത്രു ഒരു പെണ്ണാണ്….” മാധവിന്റെ കണ്ണുകൾ കുറുകി… മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി…. ഭാമ അവന്റെ മുഖഭാവം കണ്ട് അവന് മുകളിലേക്ക് കയറിക്കിടന്നു… പതിയെ മാധവിന്റെ നെഞ്ചിൽ ചുംബിച്ച ശേഷം അവന്റെ കഴുത്തിന് താഴെ മുഖമൊളിപ്പിച്ച് ഭാമ കിടന്നു… അവനവളെ ഇറുകെ പുണർന്നു… കൈകൾ അവളെ തലോടുന്നുവെങ്കിലും കണ്ണുകളിൽ ആരെയും എരിക്കുന്ന അഗ്നി ആളുന്നുണ്ടായിരുന്നു….

(കുഞ്ഞിനെ പോലെ ആണ് ചക്കി…. എന്റെ കൈകളാണ് അവളുടെ ലോകം…. എന്റെ നെഞ്ചിലെ താളമാണ് അവൾക്ക് താരാട്ട്… ചിലപ്പോൾ തോന്നാറുണ്ട് എന്റെ ഓർമ്മകളിൽ അല്ലെങ്കിൽ എന്നെ കാണുമ്പോൾ ആണവൾ ശ്വസിക്കുന്നതെന്ന്…. എന്നിലുള്ള ജീവനെ ആശ്രയിച്ചാണ് അവളുടെ ഹൃദയം തുടിക്കുന്നതെന്ന്…. അവളുടെ സ്നേഹത്തിനും വാശിയ്കും പ്രതീക്ഷകൾക്കും മോഹങ്ങൾക്കും എല്ലാം അടിസ്ഥാനം ഞാനാണ്…. എനിക്ക് ചുറ്റും ജീവിക്കാൻ മാത്രമാണ് അവളാഗ്രഹിക്കുന്നത്…. പ്രാണൻ കൊണ്ടുള്ള പ്രണയം…. വിശ്വാസം കൊണ്ടുള്ള പ്രണയം…. ഇനി ഞാൻ നന്നായി ശ്രദ്ധിക്കണം…. എനിക്കറിയാം പെണ്ണേ…. നിനക്ക് പുറകിൽ അപകടമുണ്ടെന്ന്…. പക്ഷേ ആ അപകടത്തിനും നിനക്കും ഇടയിലുള്ള മതിൽ ഞാനാണ്….

കണ്ണന്റെ ചങ്കിലെ ജീവനാളം എരിയുന്ന കാലം വരെ തൊടില്ല നിന്നെ…. നിനക്ക് ഭീഷണിയായി വരുന്നതാരായാലും അറുത്തെടുക്കും ഞാനാ തല…. – മാധവ് ആത്മ) ഭാമ ചിണുങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നു… മാധവ് നേർത്ത പുഞ്ചിരിയോടെ അവളെ പുറകിലൂടെ ചേർത്ത് പിടിച്ച് ഉറങ്ങി…. ************ “ഛേ…. നല്ലൊരു അവസരമാണ് നഷ്ടമായത്…. മാധവിനെ എന്റെ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ആയിരുന്നു…. ആ ചെട്ടിയാരെ ഏൽപ്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ…. ഇനി അവൻ ഭാമയെ കൂടുതൽ ശ്രദ്ധിക്കും…. പെട്ടെന്ന് ഒരു നീക്കം അതെന്തായാലും ദോഷം ചെയ്യും… ഒരു ചെറിയ പിഴവ് പറ്റിയാൽ മതി…. മാധവ് എന്നെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കും…. എന്തുകൊണ്ടാ അവനവളെ ഇങ്ങനെ സ്നേഹിക്കുന്നത്….

എന്തുകൊണ്ടാ ഒന്നിനും ശമിപ്പിക്കാൻ കഴിയാത്ത അവന്റെ ദേഷ്യം അവളുടെ കണ്ണുകൾക്ക് മുൻപിൽ അലിഞ്ഞു പോകുന്നത്…. അത്രയേറെ വിധേയനായോ അവൻ…. ഇല്ല…. അങ്ങനെ ആകാൻ പാടില്ല… അവന്റെ കണ്ണുകൾ എന്നെ കാണുമ്പോൾ വികസിച്ചാൽ മതി…. വെറുപ്പാണ് മാധവ്…. പ്രണയത്തിൽ കലർന്ന വെറുപ്പ്… ഭാമയെ കാണുമ്പോൾ വിടരുന്ന നിന്റെ കണ്ണുകളെ…. അവളെ കാണുമ്പോൾ ഉയരുന്ന നിന്റെ നെഞ്ചിടിപ്പുകളെ…. അവളെ പുണരുന്ന നിന്റെ കൈകളെ….. പക്ഷേ അതിനുമപ്പുറം എന്നിലെ ഭ്രാന്ത് നിന്നെ പ്രണയിക്കുന്നു…. എന്തേ എന്നെ കാണുമ്പോൾ നിനക്ക് പ്രണയം തോന്നുന്നില്ല… സുന്ദരിയല്ലേ ഞാൻ… അവളെക്കാളും…. വിദ്യാഭ്യാസമില്ലേ….

എന്നിട്ടും എന്തിന് നീ അവളെ തേടിപ്പോയി….” അവൾ ഫോണിൽ ഭാമയുടെ ഫോട്ടോ നോക്കി…. “പാവം…. ഇതിനെല്ലാം അനുഭവിക്കുന്നത് നീയാ…. എന്തുണ്ടായിട്ടാടി…. അറിവ് വെച്ച കാലം മുതൽ പ്രണയിച്ചവളാ ഞാൻ… പക്ഷേ നീയോ…. രണ്ട് മാസമായിക്കാണും തമ്മിൽ കണ്ടിട്ട്… എന്നിട്ടവളുടെ അനശ്വര പ്രേമം…. തൂഫ്…. നിന്റെ സന്തോഷങ്ങളെല്ലാം തല്ലിക്കെടുത്തും ഞാൻ…. നീ നീറും… നിന്നെ എന്റെ മാധവിന്റെ കൂടെ കാണുമ്പോൾ എനിക്ക് നീറിയതിന്റെ പതിന്മടങ്ങ്…. അതിന് വേണ്ടി നിനക്ക് നിന്റെ ജീവൻ ഭിക്ഷ തരുവാടീ…. നിന്നോടുള്ള സഹതാപം കൊണ്ടല്ല…. അനിരുദ്ധൻ എന്ന ചെന്നായയ്ക് വേണ്ടി…

നിന്നോടുള്ള ഭ്രാന്തിൽ അവൻ വെറിപൂണ്ട് അലയുകയല്ലേ…. അവന് വലിച്ചെറിഞ്ഞു കൊടുക്കും ഞാൻ നിന്നെ… അവൻ പിച്ചിച്ചീന്തിയ നിന്നെ മാധവിന്റെ മുന്നിലേക്ക് ഞാനിട്ടുകൊടുക്കും…. അപ്പോ അറപ്പ് കൊണ്ട് മുഖം തിരിച്ചു നടന്നുപോകുന്ന മാധവിനെ കണ്ട് നെഞ്ച് പൊട്ടി നീ മരിക്കണം….. ഹ….ഹ..ഹ….” ************ “അനി…. നീ വീണ്ടും ആ ഭാമയുടെ പുറകേ പോകുവാണോ….” “ഇതങ്ങനെ അല്ലെടാ രാജാ… ഇന്ന് വൈകിട്ട് എനിക്കൊരു കോൾ വന്നു… ഒരു പെണ്ണിന്റെ….” “ഏത് പെണ്ണ്….” “ആരാ ഏതാ എന്നൊന്നും എനിക്കറിയില്ല… പക്ഷേ അവളെ വിശ്വസിക്കാം….” “നീ എന്ത് ഭ്രാന്താടാ ഈ പറയുന്നത്…” “അവളെന്നെ വിളിച്ചത് ഭാമയെ എന്റെ കയ്യിൽ ഏൽപ്പിക്കാം എന്ന് പറയാനാ….”

“മുന്നും പിന്നും അറിയാത്ത ഒരു പെണ്ണ് എന്തോ വിളിച്ചു പറഞ്ഞു എന്ന് കരുതി നീ അതൊക്കെ വിശ്വസിച്ചോ… അവൾക്ക് എന്ത് ലാഭമാണ് അതിൽ…” “മാധവ്… അവനാണ് അവളുടെ ലാഭം…. അവളുടെ സംസാരത്തിൽ നിന്നും അവന് വേണ്ടി അവളെന്തും ചെയ്യുമെന്ന് മനസ്സിലായി….” “നിന്റെ പ്ലാൻ എന്താ….” “ഇപ്പോ എന്തായാലും വേണ്ട… കുറച്ചു നാൾ അടങ്ങിയിരുന്നിട്ട് ആരും പ്രതീക്ഷിക്കാത്ത നേരത്ത് ആക്രമിക്കണം… പാളിയാൽ നമ്മുടെ കയ്യിൽ നിൽക്കില്ല ഒന്നും…” “എടാ…. കുട്ടൻ…” “അവനറിയാതെ നടത്തണം…. കൂർമ്മബുദ്ധിയാ അവന്…. അവരുടെ ശ്രദ്ധ തിരയുന്ന ഏതേലും സാഹചര്യം വരുന്നോ എന്ന് നോക്കണം ആദ്യം….” “നീ എന്താച്ചാൽ ചെയ്യ്….” ************

ഓഫീസിൽ…. കൈയിൽ തലയും താങ്ങി അമ്പു ഇരിക്കുന്നുണ്ട്…. തൊട്ടടുത്ത് അച്ചുവും…. “എന്താടാ നീ ഇങ്ങനെ വസന്ത വന്ന കോഴിയെ പോലെ ഇരിക്കുന്നത്…” “ഞാനിവിടെ നിത്യ കന്യകൻ ആയി നിൽക്കുന്നത് കണ്ടിട്ട് നിനക്ക് സങ്കടം ഒന്നൂല്ലേ….” “ഞാനെന്തിന് സങ്കടപ്പെടണം….” “അതും ശരിയാ…. ദൈവമേ നീയെനിക്ക് ആവശ്യത്തിന് സൗന്ദര്യം തന്നു, ഹൈറ്റും വെയ്റ്റും തന്നു….” “പക്ഷേ വകതിരിവ് തരാൻ മറന്ന് പോയി…” “ദേ എനിക്ക് ചൊറിഞ്ഞ് വരണുണ്ട്….” “അത് കുളിക്കാഞ്ഞിട്ടാ….” “എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ… നിനക്ക് വീട്ടുകാരെന്നും രാവിലെ ചൊറിയൻ ചേമ്പാണോ പുഴുങ്ങിത്തരുന്നത്…. ഇജ്ജാതി ഐറ്റം… അടയ്ക ആയാൽ മടിയിൽ വയ്ക്കാം….

അടയ്കാമരം ആയാലോ….” “വെട്ടിവീഴ്ത്താം….” “നീ ഒന്ന് വായടയ്കോ….. ഞാനൊന്ന് ആലോചിക്കട്ടെ….” “എന്ത്…” “എടീ നമ്മുടെ സ്റ്റെല്ല… അവളെ ഞാൻ സെറ്റാക്കിയാലോ….” “ആ കാപ്പിരി മുടിച്ചിയോ…” “പ്രീതയോ….” “അവൾക്ക് ഒരു ലുക്കില്ല….” “എങ്കിൽ രൂപ….” “അവൾ നടക്കുമ്പോൾ ഒരു കാല് മുൻപിലും മറ്റേ കാല് പുറകിലും വരും…” “ആഹ്…. ങേ…. പിന്നെ നടക്കുമ്പോൾ ഒരു കാല് മുന്നിലും പിന്നിലും അല്ലാതെ ചാടിച്ചാടി നടക്കോ….” “ആഹ്…. ചിലര് അങ്ങനേം നടക്കും….” “ആര് നിന്റെ കുഞ്ഞമ്മയോ….” “ആഹ്…. അതെ…” “അപ്പോ അവര് വല്ല പുൽച്ചാടിയും ആയിരിക്കും….” “തമാശിക്കല്ലേ….. ഇത്ര നാളായി കൂടെ നടന്നിട്ടും എന്റെ മനസ്സിൽ എന്താണെന്ന് നിനക്ക് മനസ്സിലായോ….”

“വളച്ച് കെട്ടാതെ കാര്യം പറയെടീ….” “മര്യാദയ്ക്ക് എന്റെ കെട്ട്യോനായി എന്റെ പിള്ളാരേം നോക്കി ഇരുന്നോളണം…” അമ്പു അന്ധാളിച്ചു പോയി… അവൻ അച്ചുവിന്റെ അടുത്തേക്ക് പോയി… അവളുടെ തല താഴ്ന്നിരുന്നു… അവനവളുടെ താടി പിടിച്ച് ഉയർത്തി… “മുഖത്ത് നോക്കി പറയെടീ….” അവൾ അവനെ ഇറുകെ പുണർന്നു…. “സത്യാടാ…. എപ്പോഴാണ് സൗഹൃദത്തിന് അപ്പുറം മറ്റൊരു ഇഷ്ടം തോന്നിത്തുടങ്ങിയത് എന്നെനിക്ക് അറിയില്ല…. ആദ്യമൊക്കെ നീ ഓരോ പെൺപിള്ളാരെ കുറിച്ച് പറയുമ്പോൾ എനിക്ക് ഒന്നും തോന്നിയില്ല… പക്ഷേ പിന്നെപ്പിന്നെ എനിക്കു വല്ലാതെ അത് ഇറിട്ടേഷൻ ആയി…. ഭാമയൊഴികെ വേറേത് പെണ്ണിനോട് നീ സംസാരിച്ചാലും എനിക്ക് ദേഷ്യം വരും… നിന്റെ ചിരി, വർത്താനം എല്ലാം ഞാൻ എത്ര തവണ നോക്കി നിന്നിട്ടുണ്ട് എന്നറിയോ….

എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ വേണ്ടിയാ വഴക്കിടുന്നത് പോലും… നീ എന്നെ ചേർത്ത് പിടിക്കുമ്പോളൊക്കെ വല്ലാത്ത ഫീലാണ്…. എനിക്ക് ഒരുപാട് ഇഷ്ടാടാ നിന്നെ…. തല്ലുകൂടാനും ചേർത്ത് പിടിക്കാനും ജീവിതകാലം മുഴുവൻ വേണം നിന്നെ…” “എനിക്ക് അറിയാമായിരുന്നു… പക്ഷേ നീ എപ്പോഴെങ്കിലും പറയും എന്ന് കരുതി… ഇനിയും പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ തന്നെ തൂക്കി എടുത്ത് കൊണ്ട് പോയി പറഞ്ഞേനേ… നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാ ഇങ്ങനൊക്കെ ചെയ്ത്…. കാലം കുറച്ചായില്ലേ…. നിന്റെ കണ്ണുകളിൽ എന്നോടത് പല തവണ പറഞ്ഞുകഴിഞ്ഞതാ….” “ഓഹോ അപ്പോ എല്ലാം പ്ലാനിംഗ് ആയിരുന്നു… അല്ലേ….” “അതേടീ…. പിന്നെ ആദ്യം ഒരു പേടി ഉണ്ടായിരുന്നു…

നീ എന്ത് ചിന്തിക്കും എന്നൊക്കെ… ഇനിയും കാത്ത് നിൽക്കാൻ വയ്യ….” “എന്നാൽ ഇനി എന്നോട് അടി കൂടോ….” “അടി കൂടാത്ത ഒരാള്…. ഞാൻ അടികൂടും…” അച്ചു ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു…. പെട്ടെന്ന് കയ്യടി ശബ്ദം കേട്ടതും രണ്ട് പേരും പിടഞ്ഞു മാറി….. അജുവും ഭാമയും ആയിരുന്നു അത്… അജു -എന്താണ് ഒരു റൊമാൻറിക് ലൈൻ…. അച്ചു – അ…. അങ്ങനൊന്നൂല്ല…. ഭാമ – നീ വിക്കണ്ട…. ഞങ്ങൾ കേട്ടു… ടാ അമ്പു സന്തോഷം ആയോ…. പ്രാർത്ഥന വെറുതെ ആയില്ലല്ലോ… അവർ അങ്ങോട്ടും ഇങ്ങോട്ടും ഒത്തിരി സംസാരിച്ചു…. കുറച്ചു കഴിഞ്ഞു ഭാമ ഓഫീസിന് പുറത്തേക്ക് എന്തോ ആവശ്യത്തിന് ഇറങ്ങി… പെട്ടെന്നാണ് ഒരു വിളി കേട്ടത്…. “ഭാമേ….”

ആരാണെന്ന് അവൾ തിരിഞ്ഞു നോക്കി… “മനീഷ….” അവളാകെ മാറിയിരിക്കുന്നു…. മുഖത്ത് പുച്ഛമോ സൗന്ദര്യവർദ്ധന വസ്തുക്കളോ ഒന്നും തന്നെ ആ മുഖത്ത് ഇല്ല…. ഇതുവരെയും കാണാത്തൊരു ഭാവം.. “മാപ്പർഹിക്കാത്ത തെറ്റാണെന്ന് അറിയാം… ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിക്ക്…” “എന്താ ഒരു മാനസാന്തരം….” “പൈസ കൊടുത്ത് ബന്ധം നേടാൻ പറ്റില്ലെന്ന് മനസ്സിലായി… അത് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി… ഞാനിപ്പോൾ വന്നത് നിന്നോട് വേറൊരു കാര്യം പറയാനാണ്…. ഞാൻ എല്ലാം തനിയേ ചെയ്തതല്ല…. എന്നെക്കൊണ്ട് ചെയ്യിച്ചതാണ്…. എന്നിലുണ്ടായിരുന്ന ദുർവാശിയെ മുതലെടുത്തുകൊണ്ട്… അവരുടെ പേര് എനിക്കറിയില്ല…. പക്ഷേ ഒന്നറിയാം….

മറഞ്ഞിരിക്കുന്ന ശത്രു നിന്റെ കുടുംബത്തിലെ തന്നെ അംഗമാണ്….” “വാട്ട്!!!!…?” “അതെ… നിങ്ങടെ കുടുംബത്തിൽ നിന്നുള്ള ആളായിരുന്നു എല്ലാത്തിന്റെയും ചുക്കാൻ പിടിച്ചത്… ആ വീടിനുള്ളിൽ തന്നെയാണ് നിന്റെ ശത്രു… മറഞ്ഞിരിക്കുന്ന ശത്രു… സൂക്ഷിക്കണം…. അതേ പറയാൻ പറ്റുള്ളൂ….” അവൾ കാറിൽ കയറി പോയി…. ഭാമ അവിടെ തറഞ്ഞ് നിന്നു… കേട്ടത് സത്യമാണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥ… അവളുടെ മനസ്സിൽ കരട് വീണു…. ഓരോരോ സന്ദർഭങ്ങൾ ആയി ഓർത്തു നോക്കി…. ബാൽക്കണിയിൽ നിന്നും അകത്തേക്ക് വന്നു എന്ന് പറഞ്ഞ പാമ്പിന്റെ കാര്യവും ഓർമ്മയിലെത്തി… “അപ്പോൾ പാമ്പും….?”…തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 31

Share this story